സുഖിയൻ…..
Written by Shabna Shamsu
==============
പതിവ് പോലെ ഒരു ഓട്ടപ്പാച്ചിൽ ദിവസം..അന്നെനിക്ക് മോണിംഗ് ഡ്യൂട്ടിയാണ്..രാവിലെ എട്ട് മണിക്ക് ഫാർമസി തുറക്കണം…സെക്കൻ്റിനോടും മിനുറ്റിനോടും എന്നെ കൂട്ടാതെ ഒറ്റക്ക് ഓടല്ലേന്ന് പായാരം പറഞ്ഞ് ഏഴരക്ക് ഞാൻ പോവാനിറങ്ങി…ഏഴേമുക്കാലിന് പാലക്കാട്ടേക്ക് പോവുന്ന ഒരു കെ.എസ്.ആർ.ടി.സിയുണ്ട്..അതിലാണ് സ്ഥിരമായി പോവാറ്…പത്ത് മിനിറ്റോണ്ട് വൈത്തിരിയെത്തും…
ഇക്ക എന്നെ ബസ് സ്റ്റോപ്പിലെത്തിക്കാറാണ് പതിവ്…അന്നും സ്ക്കൂട്ടറിൻ്റെ പുറകിലിരുന്ന് ഞാൻ ചെവിയില് മൂട്ട കയറിയ പോലെ എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു…
ഉമ്മ ഒരു സർജറി കഴിഞ്ഞ് ഇക്കാൻ്റെ ഏട്ടൻ്റെ വീട്ടിലാണ്..വൈകിട്ട് ഉമ്മാൻ്റെടുത്ത് പോണം…
പോവുമ്പോ ഇച്ചിരി സുഖിയൻ ഉണ്ടാക്കി കൊണ്ടോവാം…ഉമ്മാക്ക് ഇഷ്ടപ്പെട്ട പലഹാരം ആണ്..
ബസ് സ്റ്റോപിൽ എന്നെ ഇറക്കി വിടുമ്പോ പോവുന്ന വഴി ചെറുപയർ വാങ്ങണമെന്നും അത് വെള്ളത്തിലിട്ട് വെക്കണമെന്നും ഇക്കാനെ ഒന്നൂടി ഓർമിപ്പിച്ചു…
അങ്ങനെ പാലക്കാട് ബസ് വന്നു..വലിയ തിരക്കില്ല..സ്ഥിരമായി ഉണ്ടാവാറുള്ള ഹോസ്പിറ്റൽ സ്റ്റാഫ് ആരും തന്നെയില്ല…നേരം വെളുക്കാൻ നേരത്തുള്ള മഴയെ കുറിച്ചും നട്ടുച്ചയിലെ പൊള്ളുന്ന വെയിലിനെ കുറിച്ചും ചൂടത്ത് വെച്ചിട്ടും പൊങ്ങാത്ത ദോശമാവിനെ കുറിച്ചും അജ്മി പുട്ട് പൊടിയുടെ മയത്തെ കുറിച്ചും ചർച്ച ചെയ്യാൻ ഒരാള് പോലും ഇല്ല…
കേറിയ ഉടനെ നേരെയുള്ള സീറ്റിൽ ഇന്ത്യൻ ക്ലോസറ്റ് പോലെ നടുഭാഗം ഒഴിച്ചിട്ട് രണ്ട് പേർ ഇരിക്കുന്നു…ഉറക്കത്തിലാണ്…ശല്യം ചെയ്യണ്ടാന്ന് വെച്ച് ഞാൻ ഏറ്റോം മുമ്പിലത്തെ സീറ്റിലിരുന്നു…
ഡ്രൈവറിൻ്റെ തൊട്ട് പുറകിൽ…
തലേ ദിവസം എൻ്റെ ഫോണിലെ നെറ്റ് ഓഫർ തീർന്നതാണ്…ഞാൻ പുറത്തെ കാഴ്ചകള് നോക്കി നിന്നു..ചന്നം പിന്നം പെയ്യുന്ന ചാറ്റൽ മഴ…സൂര്യൻ ഞാനിതാ വന്നോണ്ടിരിക്കാന്ന് പറഞ്ഞ് ഒരു പൊന്നിൻ പ്രഭ അങ്ങിങ്ങായി തെളിയിച്ചിട്ടുണ്ട്…നനഞ്ഞ ഇലകളിൽ ഒരു മിന്നായം കണക്കെ വെയിൽ എത്തി നോക്കുന്നുണ്ട്…കെ.എസ് ആർ ടി സി ,,,സൈഡ് സീറ്റ്…ഒരു കൊട്ട അന്തസ്സും കൂടെ കൂട്ടിയ നല്ലൊരു യാത്ര..
മഴ കൂടിയപ്പോ ഞാൻ ഷട്ടറ് താഴ്ത്തിയിട്ടു…പിന്നെ കാണുന്നത് ഡ്രൈവറിൻ്റെ തല മാത്രം..നല്ല ചികി മിനുക്കിയ മുടി. ഒറ്റ വരയിൽ ഇസ്തിരിയിട്ട ഷർട്ടിൻ്റെ കയ്യ്…പണ്ട് എൻ്റെ ചെറിയ മാമൻ്റെ ഷർട്ട് തേക്കുമ്പോ കയ്യിലെ ആ നെടു നീളൻ വര അങ്ങോട്ടോ ഇങ്ങോട്ടാ തെറ്റിച്ചാൽ നല്ല നുള്ള് കിട്ടാറുള്ളതോർത്തു…
ആ ഡ്രൈവറിൻ്റെ വീടും ആ ഷർട്ട് തേച്ച് കൊടുത്ത, വെളുപ്പാൻ കാലത്തിനും മുന്നേ എണീച്ച് ഭർത്താവിനെ പറഞ്ഞയച്ച ഭാര്യയേയും മനസില് കണ്ടോണ്ടിരിക്കുമ്പളാണ് അതി ഭീകരമായ ഒരു ശബ്ദം കേട്ടത്,..
തൊട്ടടുത്ത നിമിഷം തന്നെ ഞാനിരുന്ന സീറ്റിൽ എന്നെ കാണുന്നില്ല…
നോക്കുമ്പോ വലയിൽ അള്ളിപ്പിടിച്ച് നിക്കുന്ന സ്പൈഡർമാനെ പോലെ ഡ്രൈവറിൻ്റെ പുറകിലുള്ള കമ്പിയിൽ തൂങ്ങി നിക്കുന്നുണ്ട്…
നെറ്റിയിൽ വലിയൊരു സുഖിയൻ വെച്ച പോലെ മുഴച്ചിട്ടുണ്ട്..കയ്യും കാലും അസാധ്യ വേദന…
തേച്ച് മിനുക്കിയ ഡ്രൈവറിൻ്റെ ഷർട്ടൊക്കെ കൊളുത്തിക്കീറി…ബസില് നിറയെ കൂട്ട നിലവിളി…എൻ്റെ സുഖിയന് ചുറ്റും നിറയെ പൊന്നിൻ്റെ നിറമുള്ള നക്ഷത്രങ്ങൾ….
യാ… ഹബീബി…പിന്നെയാണാ കാഴ്ച കണ്ടത്…
മുമ്പിലത്തെ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറി നിൽപ്പാണ് നമ്മുടെ ബസ്…പലരുടെയും പല്ല് പോയിട്ടുണ്ട്..ചുണ്ടിൽ നിന്നും ചോര ഒലിക്കുന്നുണ്ട്…
ഏറ്റോം അടുത്ത് ഞങ്ങൾടെ ഹോസ്പിറ്റൽ ആയതോണ്ട് എല്ലാരേം അവിടെ എത്തിച്ചു…
വിപിൻ ഡോക്ടറാണ് കാഷ്വാലിറ്റി..രണ്ടാമത്തെ വെഡ്ഡിംഗ് ആനിവേഴ്സറി ആയിട്ട് സാർ എത് ഫ്ലേവർ കേക്കാണാവോ മുറിച്ചത് എന്നോർത്തപ്പളേക്കും സുഖിയനും പൊന്നീച്ചകളും കൂട്ടം കൂടിയെത്തി…വല്ലാത്ത വേദന…ശാന്തിനി സിസ്റ്റർ പാഞ്ഞെത്തി….ഇഞ്ചക്ഷൻ ചെയ്യണം..IM വേണോ IV മതിയോ…
ഇന്ത്യൻ കോഫീ ഹൗസിലൊക്കെ പോയ പോലെ..IV മതി…അല്ലേൽ എനിക്ക് ഞാൺ വരും..
രണ്ടീസം മുമ്പാണ് തറവാടിൻ്റെ മുറ്റത്ത് നിറയെ പടർന്ന് പന്തലിച്ച മത്തൻ വളളിയിൽ നിന്ന് ഇല പറിക്കാൻ പോയത്..കോൺക്രീറ്റിൽ വഴുതി വീണ് ച ന്തിക്ക് താഴെ ഇന്ത്യൻ്റെ ഭൂപടം പോലെ നീലിച്ച് കിടപ്പുണ്ട്…
I M ആണേൽ സിസ്റ്റർ ആ ഭൂപടം കാണും…IV മതി സിസ്റ്റർ…എൻ്റെ കുണ്ഠിതം പുറത്ത് കാണിക്കാതെ ഞാൻ വിനയാന്വിതയായി…
കുറച്ച് കഴിഞ്ഞ് സൂപ്രണ്ടെത്തി…മക്കൾക്ക് അസുഖം വന്നാ ബാപ്പ മാർക്കുണ്ടാവുന്ന ബേജാറ് സാറിൻ്റെ മുഖത്ത് നല്ലോണം ഉണ്ട്..ബേജാറ് മാത്രം അല്ല…ഇടത് വശത്തെ നെറ്റിക്ക് മീതെ കുറേശ്ശെയായി താരനും ഉണ്ട്…
സർ…സവാള നന്നായി അരച്ച് ഒരു രണ്ട് മണിക്കൂർ തേച്ച് പിടിപ്പിച്ചാൽ മതി…നല്ല മാറ്റമുണ്ടാവും…പറയാൻ മുട്ടിയതാ…
സുഖിയൻ കാണാൻ വന്ന സാറിൻ്റെ മുമ്പിലും ഞാൻ വിനയാന്വിതയായി…
എന്തിനും ഏതിനും കട്ടക്ക് കൂടെ നിക്കുന്ന ഇത്താത്താൻ്റെ മോൾ ഷാനി ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല..
പോലീസ്കാരുടെ വയർലെസ് ഫോൺ പോലെ തലക്കകത്ത് നിറയെ മുക്കലും മൂളലും ഒച്ചപ്പാടും കൊണ്ട് കിടക്കുന്ന എൻ്റെ കയ്യും പിടിച്ച്, വണ്ടിയും വിളിച്ച്,.വീട്ടിൽ കൊണ്ടാക്കി..
രാവിലെ പയറ് മണി പോലെ ഡ്യൂട്ടിക്ക് പോയ കെട്ടിയോൾ ഉച്ചക്ക് പപ്പടം പൊള്ളിയ പോലെ തിരിച്ച് വന്നത് കണ്ട് ഇക്ക മൂക്കത്ത് വിരല് വെച്ചു…
പകൽ സമയങ്ങളിൽ കിടക്കാറില്ലാത്ത എൻ്റെ ബെഡും മഞ്ഞപ്പൂക്കളുള്ള വെള്ള ബെഡ്ഷീറ്റും ബാ…വന്ന് കിടക്ക്.. നമുക്കിച്ചിരി നേരം മിണ്ടീം പറഞ്ഞും ഇരിക്കാന്നും പറഞ്ഞ് എന്നെ മാടി വിളിച്ചു…
കാലുകള് നിവർത്തി കൈ ഒതുക്കി വെച്ച് തല ഉയർത്തി പിടിച്ച് അട്ടം നോക്കി മെല്ലെ കിടക്കാനോങ്ങിയപ്പോഇക്ക വന്നു…എൻ്റെ അടുത്തിരുന്നു…ഫ്രിഡ്ജിന്ന് ഐസ് പാക്കെടുത്ത് എൻ്റെ നെറ്റിയിൽ വച്ചു…എനിക്കന്നേരം വാവിട്ട് കരയാൻ തോന്നി…
ഇക്ക ചുണ്ട് റ പോലെ താഴ്ത്തി വെച്ചു..സങ്കടം മുറ്റി നിന്ന അന്തരീക്ഷം…ഞാനിക്കാൻ്റെ കയ്യ് മുറുക്കനെ പിടിച്ചു…
ടാങ്കർ ലോറി കണ്ടപ്പോ ഇങ്ങളെ ഓർത്ത് പോയീന്നും എനിക്കിങ്ങളെ കൂടെ ജീവിച്ച് കൊതി തീർന്നില്ലാന്നും പറഞ്ഞ് ഏങ്ങിയേങ്ങി കരഞ്ഞു…
ഇക്കാൻ്റെ ചുണ്ടപ്പളും റ പോലെ…
ഞാൻ കരച്ചിലിൻ്റെ ടോൺ മാറ്റി…
എൻ്റെ ബാക്കിലെ സീറ്റിൽ ഇരുന്നോർക്കൊക്കെ നാലഞ്ച് പല്ല് പോയീന്നും എൻ്റെ പല്ല് പോയിരുന്നേൽ എങ്ങനെ സെൽഫി എടുത്ത് സ്റ്റാറ്റസ് ഇടുംന്നും ചോദിച്ച് വോട്ടിംഗ് മെഷീനിനെ സൈറൺ പോലെ മൂളി മൂളി കരഞ്ഞു…
ഇക്കാൻ്റെ ചുണ്ടപ്പളും റ പോലെ…
ഞാൻ ഐസ് പാക്ക് വാങ്ങി…കൈയ്യെടുത്ത് പിന്നേം മുറുക്കനെ പിടിച്ചു…
“പറയ്… ന്തിനാ ങ്ങനെ വെഷ്മിക്ക്ണേ…ൻ്റെ ജീവൻ തിരിച്ച് കിട്ടീലേ….പടച്ചോനെ സ്തുതിക്കി…ഇങ്ങനെ ചുണ്ട് കോട്ടി വെക്കല്ലി… “
“അതല്ല ”
“പിന്നെ “
“ഞാൻ ചെറുപയറ് വെള്ളത്തില് ഇട്ടീനും….എൻ്റുമ്മാൻ്റെ സുഖിയൻ……”
~Shabna shamsu ❤️