പതിവിന് വിരുദ്ധമായി എന്നോട് കൂട്ടുകൂടിയ ആദ്യത്തെ ആള് ഗൗതമി ചേച്ചിയാണ്. സത്യം പറഞ്ഞാൽ സ്വന്തം ചേച്ചിയോടും…

കല്പടവിൽ ഉതിർന്നു വീണ കുപ്പി വളകൾ…

Story written by Remya Bharathy

=================

കാറിന്റെ ചില്ല് പതിയെ താഴ്ത്തി. എയർകണ്ടീഷന്റെ തണുപ്പ് മടുത്തു തുടങ്ങി. നേരം വെളുത്തു വരുന്നതേ ഉള്ളു. മനോഹരമായ ആകാശത്തു കറുപ്പും നീലയും മഞ്ഞയും ചോപ്പും ചായങ്ങൾ വാരിയെറിഞ്ഞ പോലെ.

ഒറ്റക്കുള്ള യാത്രകൾ തുടങ്ങിയിട്ട് കാലം കുറെയായി. അവനവനോട് മിണ്ടിയും പറഞ്ഞും, ഇഷ്ടമുള്ള പാട്ടുകൾ കേട്ടും, ചുറ്റും ആരുമില്ലെന്ന ധൈര്യത്തിൽ ഉറക്കെ കൂടെ പാടിയും, അവനവനെ സ്നേഹിച്ച് അവനവന്റെ കൂടെ ഒരു യാത്ര.

ഈയിടെയായി അവനവനോടുള്ള ഈ ഇഷ്ടം ഒരു തരത്തിൽ ഒരു ല ഹരിയും ആസക്തിയും പോലെ ആയിട്ടുണ്ട്. തുടക്കത്തിൽ കരുതിയത്, ഒറ്റക്കാകപ്പെട്ടതിനോടും ഒറ്റക്കാക്കിയവനോടും വിധിയോടും ഒക്കെ ഉള്ള വെറുപ്പും ദേഷ്യവും പ്രതികാരവും ആണെന്നാണ്. പക്ഷെ ഏതോ ഒരാൾ എഴുതി വെച്ചത് പോലെ, അവനവന്റെ കൂട്ട് ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പുറത്ത് കടക്കാൻ പറ്റാത്ത ഒരു ആസക്തിയായി അത് മാറും.

ഏത് വലിയ കൂട്ടത്തിന് ഇടയിലും, ബഹളത്തിലും, ചുറ്റുമുള്ളവരോട് ചിരിച്ചും, വളരെ മാന്യമായി സംസാരിച്ചും ഉള്ളിന്റെയുള്ളിൽ അവനവനോട് മിണ്ടിക്കൊണ്ടിരിക്കുകയാവും. ചതിക്കില്ല എന്നും, ഇട്ടിട്ടു പോവില്ല എന്നും ഉറപ്പുള്ള വേറെ ആരാണുള്ളത്.

ഓരോ നാടിന്റെയും കാറ്റും മണവും വെവ്വേറെ ആണ്. തമിഴ്നാടിന്റെ വരണ്ട മണം പിന്തള്ളി മുന്നിലെ നനവുള്ള മണത്തിലേക്ക് കടക്കുന്നു. ഉള്ള ജലാശം മുഴുവൻ ഊറ്റി കൊണ്ടു പോകുന്ന ഈ കാറ്റിനോട് വല്ലാത്തൊരു ഗൃഹതുരത്വം തോന്നുന്നു. അടുത്ത കാലത്തൊന്നും പകല് ഈ വഴി കടന്നു പോവുകയുണ്ടായില്ല എന്ന് ഓർത്തു.

ഏതേലും നാടൻ ചായക്കട കണ്ടാൽ നിർത്തണം. പറ്റിയാൽ മൊരിഞ്ഞ ദോശയും നീണ്ട ചട്ണിയും മുളക് ചമ്മന്തിയും പിന്നേ പാകത്തിന് മധുരമുള്ള, പാകത്തിന് കടുപ്പമുള്ള തനി നാടൻ ചായയും. ഓർത്തപ്പോഴേക്കും വിശപ്പു തുടങ്ങി.

ഈ വഴികളിൽ പലതും എവിടെയോ കണ്ടത് പോലെ തോന്നും. കുറെ മാറ്റങ്ങൾ ഉണ്ട്. എന്നാലും ചില ദൃശ്യങ്ങൾ തലയുടെ പുറകിൽ എവിടെയോ തട്ടിയിട്ട് ചോദിക്കും “ഓർമ്മയുണ്ടോ?” എന്ന്.

അപ്പോഴൊക്കെ കരിനീല പട്ടുപാവാടയിട്ട് വരമ്പിലൂടെ ഓടുന്ന എന്നേ കാണും, നീണ്ട മുടിയുടെ അറ്റത്തു മുടി ചുരുട്ടി കെട്ടി എന്റെ മുന്നിൽ ഓടുന്ന മറ്റൊരുത്തിയെയും കാണാം. പിന്നെ ഞാൻ കണ്ണടക്കും. പിന്നീടുള്ളത് ഓർക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട്.

പക്ഷെ ഇത്തവണ മനസ്സിന്റെ കട്ടി കൂടിയത് പോലെ ഉണ്ട്. പലതും കഴുകി കളഞ്ഞ കൂട്ടത്തിൽ ഇനി കഴുകി വെളുപ്പിക്കാൻ ഇതും കൂടെയേ ഉള്ളു. അത് ഇനിയും മനസ്സിന്റെ ഉള്ളറകളിൽ സൂക്ഷിക്കണ്ടല്ലോ.

***********************

പത്തുപതിനഞ്ചു കൊല്ലം മുന്നെയാണ്. പത്താംക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന കാലം. പത്തു കഴിഞ്ഞാൽ കൊണ്ടുപോകാം എന്ന് പറഞ്ഞ ട്രിപ്പ്‌ ക്യാൻസൽ ആയി അച്ഛനോട് പിണങ്ങി നിൽക്കുന്നു. ഭക്ഷണം കഴിക്കാതെയും കുളിക്കാതെയും പ്രതിഷേധം പ്രകടിപ്പിച്ചു നടക്കുന്ന സമയം.

“ചേച്ചിടെ ക്ലാസ്സു കഴിഞ്ഞപ്പോ പോയതാണല്ലോ. പിന്നെ എന്താ എന്റെ കാര്യത്തിൽ ഇങ്ങനെ?”

“ചേച്ചി ഇത് പോലെ വാശി പിടിച്ചോ? വീട്ടിലെ കാര്യങ്ങൾ അറിയാതെ പറയരുത്. ചേച്ചിടെ കോളേജ് അഡ്മിഷന്റെ കാര്യത്തിന് അച്ഛന് പോകേണ്ടത് കൊണ്ടല്ലേ. പിന്നെ ചേച്ചിക്കും അവധിയില്ല. നിനക്ക് ഇതൊക്കെ മനസ്സിലാക്കി പെരുമാറിക്കൂടെ? നിനക്ക് നിന്റെ ചേച്ചിയെ കണ്ടു പഠിച്ചൂടെ?”

അവസാനത്തെ സുവർണ്ണ വാചകം കേട്ടപ്പോൾ തൃപ്തിയായി. കട്ടി കണ്ണടയുടെ ഇടയിലൂടെ കണ്ണോടിച്ചു ചേച്ചിയുടെ ക്രൂ ര നോട്ടവും. അല്ലേലും അച്ഛനും അമ്മയ്ക്കും ചേച്ചിയോടാണ് കൂടുതൽ ഇഷ്ടം. അവൾ പറയുന്നതെല്ലാം സാധിപ്പിച്ചു കൊടുക്കും. ഞാനെന്തു പറഞ്ഞാലും അത് അനാവശ്യവും. അവളുടെ ഇഷ്ടത്തിന് വാങ്ങിക്കുന്ന വസ്ത്രങ്ങൾ അവളുടെ ഉപയോഗം കഴിഞ്ഞാൽ എനിക്ക്. എന്റെ ഇഷ്ടം എന്തെന്ന് നോക്കാൻ പോലും ഇവിടെ ആർക്കും താൽപ്പര്യമില്ല. ഞാൻ സത്യത്തിൽ ഇവരുടെത് തന്നെ അല്ലേ?

പതിവ് പോലെ എന്റെ പ്രതിഷേധം വാതിൽ അടയുന്ന ശബ്ദത്തിലും താഴെ വീഴുന്ന പാത്രങ്ങളുടെയും രൂപത്തിൽ വന്നു തുടങ്ങി.

“ചിന്നൂ…നീയിന്നു എന്റേൽ ന്നു വാങ്ങിക്കുമെ…”

അമ്മ കയ്യിൽ കിട്ടിയ എന്തോ എടുത്തു പാഞ്ഞു വരുന്നതിനിടെ ആണ് മുൻവാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

“ഇവിടെ ഇന്നും അടിയും വഴക്കും ആണോ?” ഗൗതമി ചേച്ചിയായിരുന്നു അത്. സത്യത്തിൽ ഗൗതമി ടീച്ചർ ആണ്. അത് പക്ഷെ ക്ലാസ്സിൽ മാത്രം. തനിക്ക് ചേച്ചിയാണ്. ചേച്ചി അമ്മയുടെ കൂടെ ആണ് ജോലി ചെയ്യുന്നത്. ഞങ്ങടെ സ്കൂളിൽ. ചേച്ചി ഇവിടെ വന്ന കാലത്ത് വീട് ശരിയാവുന്നത് വരെ ഞങ്ങടെ വീട്ടിൽ ആയിരുന്നു താമസം.

സാധാരണ വീട്ടിൽ ആര് വന്നാലും അവരെല്ലാം സർവ ഗുണ സമ്പന്നയായ എന്റെ ചേച്ചിയോടാണ് കൂട്ടാവാ. പതിവിന് വിരുദ്ധമായി എന്നോട് കൂട്ടുകൂടിയ ആദ്യത്തെ ആള് ഗൗതമി ചേച്ചിയാണ്. സത്യം പറഞ്ഞാൽ സ്വന്തം ചേച്ചിയോടും അമ്മയോടും തോന്നുന്നതിനേക്കാൾ കൂടുതൽ ഇഷ്ടം.

“ഇന്നത്തെ പ്രശ്നം എന്താ ഗീത ടീച്ചറേ?”

“SSLC പരീക്ഷ കഴിഞ്ഞാൽ ഇവളെ എങ്ങോട്ടേലും ട്രിപ്പ്‌ കൊണ്ടോവാം എന്ന് പറഞ്ഞിരുന്നു. കൃഷ്ണയുടെ അഡ്മിഷന് വേണ്ടി പോണം. അപ്പൊ യാത്ര മുടങ്ങി. അതിന്റെ കെറുവാ അവൾക്ക്. എങ്ങോട്ടേലും പോണം എന്നും പറഞ്ഞ്.”

“കൊള്ളാലോ. ഇതിനാണോ ഇത്രേം ബഹളം? ഇനിയും പോവാലോ…” ചേച്ചി എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങി.

“ഇതൊക്കെ വെറും പറച്ചിലാ ചേച്ചി, ഇനി ഓരോന്നിനും കൃഷ്ണേച്ചിയുടെ ഒഴിവ് നോക്കണം. എന്നെ എങ്ങോട്ടും കൊണ്ടോവാൻ ആർക്കും താൽപ്പര്യമില്ല.”

“അങ്ങനെ പറയല്ലേ ചിന്നു, ഒരു കാര്യം ചെയ്യാം നീ എന്റെ കൂടെ ഞങ്ങടെ നാട്ടിലേക്ക് വായോ. ഞാൻ നാട്ടിൽ പോണ കാര്യം ഗീത ടീച്ചറോട് പറയാൻ വേണ്ടി വന്നതാ. നാട്ടിലെ തറവാട്ട് അമ്പലത്തിലെ ഉത്സവത്തിന്റെ കാര്യം പറഞ്ഞില്ലേ ഒരാഴ്ച ലീവ് ആണ്. ഞാൻ ചിന്നുനെ എന്റെ കൂടെ കൊണ്ടോയാലോ?”

“ഞാൻ റെഡി. എനിക്ക് എങ്ങോട്ടേലും ഒന്ന് പോയാ മതി. ചേച്ചി പറഞ്ഞ് കേട്ടു കേട്ട് എനിക്ക് ആ നാടൊക്കെ കാണാൻ പണ്ടേ മോഹമുള്ളതാ. പ്ലീസ് അമ്മേ ഞാൻ പൊക്കോട്ടെ?”

“നിനക്ക് എന്തിന്റെ കേടാ ഗൗതമി? ഇവളെയും കൊണ്ടു പോയാൽ നിനക്ക് ബുദ്ധിമുട്ടാവും.”

“നിങ്ങളും കൊണ്ടോവില്ല, കൊണ്ടൊവുന്നോരെ സമ്മതിക്കേം ഇല്ല. വല്ലാത്ത കഷ്ടം തന്നെ. ഞാൻ ഇറങ്ങി പോവാ എന്നാൽ.” എനിക്ക് കരച്ചില് വന്നു.

“സാരല്യ ടീച്ചറേ ഞാൻ നോക്കിക്കോളാം.” ചേച്ചി എന്നെ ചേർത്ത് പിടിച്ചു.

“ഞാനെന്തായാലും ഇവരുടെ അച്ഛനോട് ഒന്ന് പറയട്ടെ. പിന്നെ ഗൗതമി, ഞാൻ പറഞ്ഞില്ലന്നു പറയരുത്. ഒരു ആറ്റംബോംബിനെ ആണ് നീ കൊണ്ടോവുന്നത്.”

ചേച്ചി ചിരിച്ച് കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു കണ്ണിറുക്കി കാണിച്ചു. എന്നിട്ട് പതിയെ ചെവിയിൽ പറഞ്ഞു, “പോയി പാക്ക് ചെയ്തോ.”

“അതേയ്, പോകുന്നത് ഒരു നാട്ടിൻപുറത്തേക്ക് ആണ്. അതിനു യോജിക്കുന്ന വേഷങ്ങൾ വേണം എടുത്തു വെക്കാൻ.” അമ്മ താഴേന്നു വിളിച്ചു പറഞ്ഞു.

ഓ ഇനി അതുമുണ്ടോ? നാലഞ്ചു മിഡിയും ടോപ്പും എടുത്തു വെച്ചു. പിന്നേ മൂന്നാല് പട്ടുപാവാടകളും. പലതും ചേച്ചി പണ്ട് ഉപയോഗിച്ചതാണ്. ഇഷ്ടമല്ല എന്ന് പറഞ്ഞു മാറ്റി വെച്ചിരുന്നതാണ്. അതിലെ ചില നിറങ്ങൾ സത്യത്തിൽ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും.

“ചേച്ചിടെ ദാവണിയും ബ്ലൗസും കൂടെ എടുക്കട്ടെ?” ഞാൻ കിടന്നു കാറി. താഴേന്നു “വേണ്ട…” എന്ന അമ്മയുടെയും ചേച്ചിയുടെയും മറുപടി ഒരുമിച്ചായിരുന്നു വന്നത്. അങ്ങനെ പറ്റില്ലല്ലല്ലോ. വേണ്ടാ ന്നു പറഞ്ഞാൽ ചെയ്യാനുള്ള ത്വര കുറച്ച് കൂടുമല്ലോ. ചേച്ചിയുടെ മറൂൺ ദാവണി കൂടെ എടുത്തു. പച്ച പാവാടയും ബ്ലൗസും മറൂൺ ദാവണിയുടെ കൂടെ നല്ല ഭംഗിയായിരുന്നു.

ജീവിതത്തിലെ ഏറ്റവും മനോഹരവും വേദനിപ്പിക്കുന്നതും ആയ യാത്രയായിരുന്നു അത്. ഗൗതമി ചേച്ചിയുടെ വീട്ടിലേക്കുള്ള ബസ്സ് യാത്രയും, സ്റ്റോപ്പിൽ ഇറങ്ങി പിന്നെയും അരമണിക്കൂർ ഉള്ള നടപ്പും എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു എല്ലാം…

ആ പഴയ വീട്ടിലെത്തിയപ്പോൾ വല്ലാത്തൊരു സുഖമായിരുന്നു. വീടുകൾക്കുള്ളിൽ ഇത്രയും തണുപ്പ് ഉണ്ടാവുന്നത് അത്ഭുദമായിരുന്നു. അവിടെ ഗൗതമി ചേച്ചിയുടെ അച്ഛനും അമ്മയും ചേട്ടനും കുടുംബവും ആയിരുന്നു താമസം. ചേട്ടന്റെ മകൾ അനഘ അന്ന് ഒൻപതിൽ പഠിക്കുന്നു. അനഘയായിരുന്നു എനിക്ക് കൂട്ട് ആ ദിവസങ്ങളിൽ. പച്ചവിരിച്ചു പരന്നു കിടക്കുന്ന പാടങ്ങളുടെ ഇടയിലൂടെ ഓടി നടന്നും അമ്പലവും കുളങ്ങളും തൊടികളും കാട്ടി തന്നും, രണ്ടു ദിവസം കൊണ്ട് ഞങ്ങൾ ശരിക്കും സെറ്റായി.

ഒരു സന്ധ്യക്ക്‌ വള്ളിമുല്ലയിൽ നിന്ന് ഇറുത്തെടുത്ത മുല്ലമൊട്ടുകൾ ചേർത്ത് മാല കെട്ടാൻ അവളെന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൻ കയറി വന്നത്.

ഗൗതമിച്ചേച്ചിയുടെ അമ്മ കത്തിച്ചു വെച്ച നിലവിളക്കിന് പുറമെ അവിടെ മറ്റൊരു വെളിച്ചവും ഇല്ലായിരുന്നു. മങ്ങിതുടങ്ങിയ പകൽവെളിച്ചതിന്റെ തെളിച്ചത്തിൽ അവൻ കയറി വന്നത് കണ്ടപ്പോൾ പതിവിനും മൂന്നാലു സെക്കന്റ് കൂടുതൽ എന്റെ നോട്ടം ഒരിടത്തു തന്നെ ഉടക്കിയോ? നേർത്ത വരകളുള്ള ഇളം നീല ഷർട്ടും താഴ്ത്തി മടക്കി കുത്തിയ മുണ്ടും, ചുണ്ടത്തു നേരിയ ചിരിയും, ചൂളമടിച്ചു കൊണ്ട് അവൻ ചാണകം മെഴുകിയ പടികൾ കയറി വന്നു. അപ്പോൾ അനഘ വിളിച്ചു കൂവി.

“അച്ഛമ്മേ ദാ അരവിന്ദേട്ടൻ സന്ധ്യക്ക്‌ ചൂളമടിക്കുന്നു…”

അവൻ വേഗം ചൂളമടി നിർത്തിയിട്ട് അവളുടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു. അറിയാതെ വന്ന ചിരി ഞാൻ അടക്കുമ്പോൾ അവൻ എന്നെ നോക്കുകയായിരുന്നു. ദേഷ്യത്തോടെ അവളും.

“ഗൗതമി മേമേടെ കൂടെ വന്ന കുട്ടിയാ ല്ലേ. എന്താ പേര്? എന്താ പഠിക്കുന്നേ?”

“പേര് കാർത്തിക, പത്താം ക്ലാസ്സ്‌ കഴിഞ്ഞു.” ഞാൻ വാ തുറക്കുന്നതിനു മുന്നേ അനഘ ഉത്തരം പറഞ്ഞു. ഞാൻ ചിരിച്ചു.

“പത്തു കഴിഞ്ഞിട്ടേ ഉള്ളു? കണ്ടപ്പോ കരുതി ഡിഗ്രിക്ക് എങ്ങാനും പഠിക്കാ എന്ന്.” അവൻ വശ്യമായ പുഞ്ചിരിയോടെ എന്റെ അടുത്തേക്കിരുന്നു പറഞ്ഞു.

“അല്ലേലും ഈയിടെയായി അരവിന്ദേട്ടന് ഡിഗ്രിക്കാരെ മാത്രേ പിടിക്കുള്ളു.” അനഘ പരിഭവം തുടങ്ങി.

അപ്പഴേക്കും ഗൗതമി ചേച്ചി വന്നു. അരവിന്ദേട്ടനെ പരിചയപ്പെടുത്തി തന്നു. ചേച്ചിയുടെ വല്യച്ഛന്റെ മോളുടെ മകൻ. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ചേരാനായി നിൽക്കുന്നു. അന്നത്തെ പ്രായത്തിന്റെ ആവാം, അല്ലേൽ അടുത്തിടപഴകാൻ അധികം ആൺകുട്ടികൾ ഇല്ലാതിരുന്നതിന്റെ, എന്തോ ഒരു ആകർഷണം തോന്നി അരവിന്ദേട്ടനോട്. പിന്നീടുള്ള കാഴ്ചകളിൽ അത് കൂടുകയും ചെയ്തു. എനിക്കും ഇതുപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ ആയി തോന്നൽ. അനഘയോട് എനിക്ക് ഒരു കുശുമ്പ് തോന്നി. അവളുടെ മുറച്ചെറുക്കൻ ആണല്ലോ.

പിറ്റേന്ന് തൊട്ട് അമ്പലത്തിലെ ഓരോരോ തിരക്കുകൾ തുടങ്ങി. എല്ലാത്തിനും എവിടെയെങ്കിലും  ആയി അരവിന്ദേട്ടനെ കാണും. പിന്നേ പിന്നേ എവിടെ ചെന്നു നിന്നാലും എന്റെ കണ്ണുകൾ അരവിന്ദേട്ടനെ തിരയാൻ തുടങ്ങി. എവിടെയെങ്കിലും ഒരു മിന്നാട്ടം കാണുമ്പോൾ എന്റെ ഉള്ളിൽ സന്തോഷം പൊങ്ങി വരുന്നത് ഞാനറിഞ്ഞു. എന്നെ കാണുമ്പോളുള്ള  ആ ചിരി സ്പെഷ്യൽ ആണെന്ന് എനിക്ക് തോന്നി. പലപ്പോഴും അനഘ എന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടിട്ടാണ് ഞാൻ എന്റെ നോട്ടം ഒഴിവാക്കുന്നത് പോലും. ഒട്ടും ഇഷ്ടമില്ലാതിരുന്ന പട്ടുപാവാടകളിൽ ഞാൻ സുന്ദരിയായിരിക്കുന്നത് പോലെ തോന്നി ആ നോട്ടം കാണുമ്പോൾ.

എന്റെ ഉള്ളിൽ ചിന്തകൾ അലയടിക്കാൻ തുടങ്ങി. സിനിമകളിലും കഥകളിലും ഒക്കെ കാണുന്ന പ്രണയം, അത് ഇങ്ങനെ ആവുമോ? എനിക്ക് തോന്നുന്ന പോലെ ഒരിഷ്ടം ഇങ്ങോട്ടും ഉണ്ടെന്ന് തോന്നുന്നത് ശരിയായിരിക്കുമോ? ഇവിടെ നിന്ന് പോകുന്നതിനു മുന്നേ എന്നോട് വന്ന് ഇഷ്ടം പറയുമോ? ചിലപ്പോ ഇയാളെ ആയിരിക്കും ഞാൻ കല്യാണം കഴിക്കുക. ഓരോ രാത്രിയും അനഘയോടും ഗൗതമിച്ചേച്ചിയോടും ഒപ്പം കിടന്നുറങ്ങുമ്പോൾ മനസ്സ് നിറയെ അരവിന്ദേട്ടൻ ആയിരുന്നു.

അന്ന് അമ്പലത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമായിരുന്നു. അനഘയോടൊപ്പം ഞാനും താലപ്പൊലി എടുക്കാൻ തീരുമാനമായി. കുറെ പെൺകുട്ടികളും യുവതികളും താലപ്പൊലിക്ക് ഉണ്ടായിരുന്നു. ചേച്ചിയുടെ ദാവണി ഞാൻ പുറത്തെടുത്തു. പതിവിലും കൂടുതൽ സമയമെടുത്തു ഞാൻ ഒരുങ്ങി. പച്ച പട്ടുപാവാടക്കും ബ്ലൗസിനും മുകളിൽ, നേരിയ സ്വർണ്ണ നൂലുകൾ നെയ്ത മറൂൺ ദാവണി ഞാൻ വൃത്തിയായി ഞൊറിഞ്ഞുടുത്തു. മുടിയിൽ മുല്ലപ്പൂ വെച്ചു. അനഘയുടെ കയ്യിൽ നിന്നു വാങ്ങിയ കുപ്പിവളകൾ ഇട്ടു.

അന്നൊരുങ്ങിയതത്രയും അരവിന്ദേട്ടനെ കാണിക്കാനായിരുന്നു എന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു. അമ്പലത്തിലേക്ക് നടക്കുമ്പോൾ ഓരോ ഇടവഴിയിലും വെച്ചു അരവിന്ദേട്ടൻ പെട്ടന്ന് പ്രത്യക്ഷപ്പെടുന്നതും എന്നെ കണ്ട് അന്ധാളിച്ചു നോക്കി നിൽക്കുന്നതും ഞാൻ ഭാവനയിൽ കണ്ടു. പക്ഷെ നിരാശയായിരുന്നു ഫലം. കണ്ടവരെല്ലാം എന്നോട് സുന്ദരിയായിരിക്കുന്നു എന്ന് പറഞ്ഞപ്പോഴും, അവരോട് നന്ദി പറഞ്ഞു ചിരിച്ചപ്പോഴും എന്റെ ഉള്ളിൽ നിരാശയായിരുന്നു. ഞാൻ കാണിക്കാൻ ആഗ്രഹിച്ചവനെ ചുറ്റിലും എവിടെയും കാണാത്തതിന്റെ സങ്കടം.

ഒടുക്കം താലപ്പൊലി തുടങ്ങി. താലവും പിടിച്ച് നടക്കുമ്പോൾ തോന്നി പട്ടു പാവാട മതിയായിരുന്നു എന്ന്. ശീലമില്ലാത്ത വേഷം ഇട്ടതിന്റെ ബുദ്ധിമുട്ട്. തട്ടി വീഴുമോ എന്ന പേടി. ഇറക്കി വെട്ടിയ പിൻ കഴുത്തിലും തുറന്നു കിടക്കുന്ന വയറിന്റെ വശത്തും പതിവില്ലാതെ കാറ്റ് തട്ടുമ്പോളുള്ള ഇക്കിളി. ആരെങ്കിലും അങ്ങോട്ടൊക്കെ നോക്കുമോ എന്ന നാണം. ഇതിനൊക്കെ പുറമെ അരവിന്ദേട്ടനെ കാണാത്തതിന്റെ സങ്കടം. ഒരു തിരിവിൽ വെച്ചു കല്ല് തട്ടി ഒന്ന് വീഴാനായി പോയി. അപ്പോഴാണ് പെട്ടന്ന് പിന്നിൽ നിന്ന് ഒരു കൈ താങ്ങിയത്.

തിരിഞ്ഞു നോക്കിയപ്പോൾ അത് അരവിന്ദേട്ടൻ ആയിരുന്നു. അപ്പോൾ അത്രെയും നേരം എന്റെ പുറകിൽ ഉണ്ടായിരുന്നു എന്നോർത്തപ്പോൾ വല്ലാത്ത നിരാശയും സന്തോഷവും കലർന്ന എന്തോ ഒന്ന് തോന്നി. ഒന്നു രണ്ടു സെക്കൻഡ് നേരം ആ കൈകൾ എന്റെ ചുമലിൽ ആയിരുന്നു. എന്റെ പിൻകഴുത്തിൽ എവിടെയോ ആ വിരലുകൾ തൊട്ടു എന്നൊരു തോന്നൽ. ഓർക്കും തോറും ദേഹമാസകലം തണുത്തുറയുന്നത് പോലെ, ഉള്ളിൽ ഒരു തീപ്പന്തം എരിയുന്നത് പോലെയും. ആദ്യത്തെ അനുഭവമാണ്. പക്ഷെ തിരിഞ്ഞു നോക്കാൻ ധൈര്യമില്ല. അനഘയുണ്ട് തൊട്ടു പുറകിൽ.

കുറച്ച് കൂടെ നടന്നപ്പോൾ വരിയിൽ നിന്ന് ഒന്ന് മാറി നടന്നു എന്ന് തോന്നിയ സമയത്ത് ആ കൈകൾ വീണ്ടും വന്നു. ‘വരിയിലേക്ക് കയറി നിൽക്കു’ എന്നും പറഞ്ഞ്. ഇത്തവണ ആ കൈകൾ എന്റെ വയറിന്റെ സൈഡിൽ തട്ടിയത് എന്റെ തോന്നൽ ആയിരുന്നില്ല എന്നത് ഉള്ളിലൂടെ പാഞ്ഞു പോയ മിന്നൽ സാക്ഷ്യം പറഞ്ഞു. ഞാനൊന്നു ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ, ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ അത് വെറും തോന്നലായിരുന്നില്ല എന്നുറപ്പു പറഞ്ഞു.

പിന്നീട് നടന്ന ചടങ്ങുകളൊന്നും ഞാൻ ഓർത്തില്ല. എന്നോട് ആരൊക്കെയോ എന്തൊക്കെയോ പറയുന്നു. ഞാനെന്തൊക്കെയോ ചെയ്യുന്നു. തിരക്ക് പിടിച്ച കൂട്ടത്തിനിടയിൽ നിന്ന് ഉത്സവആഘോഷങ്ങൾ കാണുന്നതിനിടെ എന്റെ തൊട്ടു പുറകിൽ അരവിന്ദേട്ടൻ ഉണ്ടായിരുന്നു. ഇടയ്ക്കു വീണ്ടും എപ്പോഴെക്കെയോ തണുത്ത കാറ്റിനോപ്പം ആ വിരൽ തുമ്പുകൾ എന്നെ തൊടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ആ ബഹളത്തിനിടെ ആരും ശ്രദ്ധിക്കാത്ത ഒരു നിമിഷത്തിൽ എന്റെ ചെവിക്ക് പുറകെ വന്ന ചൂട് ശ്വാസം എന്നോട് പറഞ്ഞു. “കുളത്തിന്റെ അടുത്തേക്ക് വരു.” തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കാണാനില്ല. പക്ഷെ പറഞ്ഞത് ആരാണെന്ന് എനിക്ക് ഉറപ്പായിരുന്നല്ലോ.

‘കയ്യിൽ അഴുക്കായി ഞാൻ ഒന്ന് കൈ കഴുകിയിട്ടു വരാം’ എന്ന് അനഘയോട് പറഞ്ഞു ഞാൻ അവിടെ നിന്ന് നീങ്ങി. അത്രയും ദിവസം കൊണ്ട് അവിടം എനിക്ക് പരിചയം ആയത് കൊണ്ടോ, ചടങ്ങുകളിൽ മുഴുകി നിൽക്കുകയായിരുന്നത് കൊണ്ടോ അനഘ മറുത്തൊന്നും പറഞ്ഞില്ല. ഗൗതമി ചേച്ചിയും.

കൂട്ടത്തിൽ നിന്നിറങ്ങി ഞാനൊന്നു നോക്കി. കുളത്തിലേക്ക് പോകുന്നിടത്തു അരവിന്ദേട്ടൻ. കണ്ണുകൾ കൊണ്ട് എന്നോട് വരൂ എന്ന് പറഞ്ഞു. ഞാൻ പടവുകളിൽ എന്തിയപ്പോൾ ആരെയും കണ്ടില്ല. ഞാൻ കാല് കഴുകി വന്നു ഒരു പടവിൽ ഇരുന്നു. ചുറ്റും ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് പേടി തോന്നിയില്ല. ദൂരെയുള്ള ഉത്സവബഹളവും കുളത്തിന്റെ ശാന്തതയും നിലാവും ആസ്വദിച്ചു ഞാൻ അവിടെ ഇരുന്നപ്പോൾ ആണ് അരവിന്ദേട്ടൻ വന്നത്. തൊട്ടടുത്തു വന്നിരുന്നു. കുറെ നേരം അങ്ങനെ നോക്കി ഇരുന്നതിന് ശേഷം പെട്ടന്ന് എന്നെ ചേർത്ത് പിടിച്ച് എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടോ, പെട്ടെന്ന് അങ്ങനെ ഒന്ന് പ്രതീക്ഷിക്കാതിരുന്നത് കൊണ്ടോ പ്രതികരിക്കാൻ പറ്റിയില്ല.

തള്ളി മാറ്റണോ കുതറി മാറണോ അതോ അതാസ്വദിക്കണോ എന്നറിയാതെ നിൽക്കുന്ന ഒരു നിമിഷത്തിൽ ആണ് ഉച്ചത്തിൽ ഉള്ള ആ വിളി കേട്ടത്

“ചിന്നു…. അരവിന്ദാ…” ഗൗതമി ചേച്ചി. ഞാൻ ഞെട്ടി പകച്ചു പോയി. അരവിന്ദേട്ടൻ ഉടനെ തന്നെ അവിടെ നിന്ന് പോയി. എനിക്ക് അനക്കമില്ലാതെ ആയി. ഗൗതമി ചേച്ചിയും അനഘയും എന്റെ അടുത്തേക്ക് വന്നു.

“നീയാണോ അരവിന്ദനോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്?” ഞാൻ വീണ്ടും ഞെട്ടി.

“അനഘ പറഞ്ഞല്ലോ അവൾ കേട്ടു എന്ന്.” വീണ്ടും ഞെട്ടി കൊണ്ട് ഞാനവളെ നോക്കി. ഒരു ഭാവഭേദവും ഇല്ലാതെ അവൾ നിൽക്കുന്നു. ഉള്ളിൽ എവിടെയോ പുച്ഛം കലർന്ന ദേഷ്യം.

‘അല്ല ഞാനല്ല വിളിച്ചത്. എന്നെ വിളിച്ചതാണ്’ എന്നൊക്കെ ഒത്തിരി പറയാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്ത് വന്നില്ല. എന്റെ താഴ്ന്നു നിൽക്കുന്ന തല എന്നെ ചതിച്ചു.

“ചിന്നുനെ പറ്റി എനിക്ക് ഇങ്ങനെ ഒരു ധാരണയല്ല ഉണ്ടായിരുന്നത്. വളരെ മോശമായി ഇത് ചിന്നു…”

ചേച്ചി പിന്നെയും എന്തൊക്കെയോ പറഞ്ഞു. ബാക്കി ചടങ്ങുകൾക്ക് നിൽക്കാതെ അപ്പൊ തന്നെ എന്നെയും വിളിച്ച് അവിടെ നിന്ന് പോന്നു. പിറ്റേന്ന് രാവിലെ തന്നെ വീട്ടിലേക്കും.

ചേച്ചി അമ്മയോട് എന്തൊക്കെ പറഞ്ഞു എന്നറിയില്ല. അമ്മ എന്തിനൊക്കെയോ വന്നു വഴക്ക് പറയാൻ തുടങ്ങി. പ്രാകാനും ശപിക്കാനും. പിന്നെ ചേച്ചി എന്നോട് മിണ്ടാതെ ആയി. അധികം വരാതെയുമായി.

മുറിച്ചിട്ട പോലെ ഈ സംഭവം മറക്കാൻ ഞാൻ ശ്രമിച്ചു. പഠിത്തത്തിലേക്ക് മാത്രം ശ്രദ്ധയായി. ഡിഗ്രിക്ക് പഠിക്കുന്ന കാലത്തായിരുന്നു ഗൗതമി ചേച്ചിയുടെ വിവാഹം. വീട്ടിൽ നിന്ന് അച്ഛനും അമ്മയും ചേച്ചിയും കൂടെ ആ കല്യാണത്തിന് പോയി. വരണോ എന്ന് എന്നോട് ചോദിക്കുകയോ, വരണം എന്ന് ഞാൻ പറയുകയോ ഉണ്ടായില്ല. പോസ്റ്റു ചെയ്ത ഫോട്ടോകളിൽ ഞാൻ അനഘയെ കണ്ടു. അരവിന്ദേട്ടനെ ഒരുപാട് തപ്പി. കണ്ടില്ല. ഒരേ നിമിഷം നഷ്ട പ്രണയവും നാണക്കേടും തോന്നുന്ന സംഭവം ആയത് കൊണ്ട് ആലോചിച്ച് തുടങ്ങുന്ന നിമിഷം ഞാൻ അത് മറക്കാൻ ശ്രമിക്കും.

ഇന്ന് വീണ്ടും ഈ നാട്ടിലൂടെ വന്നപ്പോൾ, ഒരാഗ്രഹം, ഒന്നൂടെ അവരെ കാണണം. വഴികൾ ഓർമയില്ല. ഒന്ന് രണ്ടിടത്തു ചോദിച്ചാണ് വീട്ടിൽ എത്തിയത്. വിവാഹശേഷം ഗൗതമി ചേച്ചിയും കുടുംബവും വിദേശത്താണ്. അനഘയുടെ വിവാഹം കഴിഞ്ഞു. അവളും ദൂരെ എവിടെയോ ആണ്. രണ്ടാളുടെയും നമ്പറുകൾ വാങ്ങി. ഇറങ്ങാൻ നേരം രണ്ടും കൽപ്പിച്ചു അരവിന്ദേട്ടന്റെ നമ്പർ കൂടെ വാങ്ങി. അവരുടെ നോട്ടത്തിലെ ചോദ്യം അവഗണിച്ചു.

ഇറങ്ങി ഇത്തിരി ദൂരം മുന്നോട്ട് വന്ന് അമ്പലത്തിനടുത്തെത്തി. മൊത്തം മാറ്റങ്ങൾ ആണ്. കുളത്തിനടുത്തു വണ്ടി നിർത്തി. ആ പടവുകൾ ഇറങ്ങി ചെന്നു കാല് നനച്ചു തിരിച്ചു കയറി ഒരു പടവിൽ ഇരുന്നു. ആ നമ്പറുകൾ ഒന്നൂടെ നോക്കി. അരവിന്ദേട്ടന്റെ നമ്പർ തന്നെ ആദ്യം എടുത്തു.

ഒന്ന് മെസ്സേജ് അയച്ചു നോക്കി. “ഫ്രീ ആണോ” എന്ന്. “അതേ” എന്ന് ഉത്തരം ഉടനെ വന്നു.

“വീഡിയോ കാൾ? ” അതിനും മറുപടി “ok”

പിന്നേ ഒന്നും നോക്കീല. അങ്ങ് വിളിച്ചു. അപ്പുറത്ത് ഫോണെടുത്തപ്പോൾ ആ മുഖത്ത് ഞാൻ പ്രതീക്ഷിച്ച അമ്പരപ്പില്ല.

“മനസ്സിലായൊ?”

“പിന്നെന്താ, മനസ്സിലായല്ലോ ഡോക്ടറെ…”

അമ്പരപ്പ് എനിക്കായിരുന്നു. ആ മുഖം. അതേ ചിരി. പ്രായം കൂടിയപ്പോൾ ഇത്തിരി ഭംഗി വെച്ചോ?

“എവിടെയാണ്?”

“ഞാൻ ഡൽഹിയിൽ ആണ്. ഇവിടെയാണ്‌ ജോലി.”

“കുടുംബം?”

“ഇപ്പോൾ ആരും ഇല്ലെടോ. കല്യാണം കഴിച്ചു, ഡിവോഴ്സ് ആയി. ഇപ്പോൾ മൂന്നാല് കൊല്ലമായി. താനിപ്പോ എവിടെയാ?”

ഞാൻ ക്യാമറ മാറ്റി ചുറ്റും കാണിച്ചു.

“മനസ്സിലായോ?”

“ആഹാ നാട്ടിലെത്തിയോ? കൊള്ളാലോ. എന്നേലും ഒരിക്കൽ താൻ തപ്പി പിടിച്ച് വരുമെന്നോ വിളിക്കുമെന്നോ തോന്നിയിരുന്നു. ഞാൻ തന്റെ വിവരങ്ങൾ ഒക്കെ താനറിയാതെ അറിയുന്നുണ്ടായിരുന്നു പല വഴിക്കും.”

“എന്നിട്ടെന്തേ എന്നെ കാണാൻ വരാഞ്ഞു?”

“അറിയില്ല. കുറ്റബോധം കൊണ്ടാവും. ഒരു തരം ചളിപ്പ്. പിന്നെ തോന്നി താൻ എന്നെ ഓർക്കാൻ ഇഷ്ടപെടുന്നുണ്ടാവില്ല എന്ന്. തന്റെ ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഒരു മെസ്സേജ് അയക്കണം എന്ന് കരുതിയതാണ്. കഴിഞ്ഞില്ല.”

“അതൊക്കെ വിടു. അപ്പൊ ഇനി എന്നാണ് നാട്ടിലേക്ക്? നമുക്ക് ഒന്ന് കാണാം നാട്ടിൽ വരുമ്പോൾ.”

“ആവാം. അല്ലേൽ താനിങ്ങു ഡൽഹിക്ക് പോരു. ജോലിയുടെ ഭാഗം എന്നൊക്കെ പറഞ്ഞു നാട് തെണ്ടി നടക്കൽ അല്ലേ പണി.”

“ഞാനൊന്നു കട്ട്‌ ചെയ്തിട്ട് വിളിക്കാമെ”

കോൾ കട്ട്‌ ആക്കി ഞാനിവിടെ നിന്ന് കുറെ ഫോട്ടോകൾ എടുത്തു. തിരിച്ചു വണ്ടിയിൽ കയറി ഫോൺ സ്റ്റാൻഡിൽ വെച്ചു വീണ്ടും വിളിച്ചു.

“അധികനേരം അവിടെ നിൽക്കണ്ട എന്ന് കരുതി. ഇനി പറയു.”

“അച്ഛനും അമ്മയും ചേച്ചിയും?”

“എല്ലാരും സുഖം. അവര് ചേച്ചിയുടെ അടുത്താണ്. ചേച്ചിയുടെ കുട്ടികളെ നോക്കി സന്തോഷമായി ജീവിക്കുന്നു. എന്നെ നോക്കാൻ പിന്നെ ആരുടെയും ആവശ്യം ഇല്ലാത്തത് കൊണ്ട് ഞാൻ ഒറ്റക്ക്.”

“അങ്ങനെ ഒറ്റക്കാണ് എന്ന് തോന്നുമ്പോൾ വിളിച്ചോളൂ. ഞാനും ഇവിടെ ഒറ്റക്കാണ്.”

“എന്നാലും അന്ന് അനഘ എന്തിനായിരുന്നു നുണ പറഞ്ഞത്?”

അപ്പുറത്ത് നിന്ന് ചിരി ഉയർന്നു.

“അവളുടെ ഓരോരോ വട്ട്. അവൾക്ക് എന്നോട് ഇഷ്ടമുണ്ടായിരുന്നു പോലും. ഞാനാണെങ്കിൽ അവളെ പെങ്ങളായിട്ടേ കണ്ടിട്ടുള്ളു. അതിന്റെ കുശുമ്പാവും”

“സത്യത്തിൽ എന്തായിരുന്നു എന്നോട് അന്ന്?”

“അതോ…ആ പാവടക്കാരിയോടുള്ള മുടിഞ്ഞ പ്രേമം.”

“ശരിക്കും?”

“ശരിക്കും.”

“അന്ന് അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിലോ?”

“എങ്കിൽ താനിപ്പോ ഇവിടെ എന്റെ കൂടെ ഉണ്ടാവുമായിരുന്നു.”

“സത്യം?”

“സത്യം…”

ചുട്ടു പഴുത്തു വരണ്ട ഭൂമിയിൽ ആദ്യം തണുത്ത കാറ്റടിക്കുകയും മഞ്ഞു വീഴുകയും പിന്നേ തുള്ളിക്കൊരു കുടമെന്ന കണക്കിൽ മഴ പെയ്യുകയും ചെയ്‌തു.