പലയാവർത്തി സ്വയം ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം, കണ്ണടക്കുമ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്നത് അവന്റെ ചിരിക്കുന്ന മുഖമാണ്…

കാത്തുവച്ച പ്രണയം

എഴുത്ത്: വൈദേഹി വൈഗ

===============

“എടീ അഖിലേ….നിനക്കാ റോഷനോട് എന്തെങ്കിലും ഉണ്ടോ….?”

സെമസ്റ്റർ എക്സാമിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു റീത്തുവും അഖിലയും, അതിനിടയിലാണ് റീത്തുവിന്റെ വക ചോദ്യം വന്നത്….

“റോഷനോ….ഏത് റോഷൻ…..”

“ഓ നിനക്ക് റോഷനെ അറിയേയില്ലല്ലേ….എടീ നമ്മുടെ ക്ലാസ്സിൽ ആകെയൊരു റോഷനെയുള്ളൂ…അവനാണേൽ നിന്റെ നാട്ടുകാരനും….അവനെക്കുറിച്ചാ ഞാൻ ചോദിച്ചത്…..”

“ഓ അവനോ….മോളിപ്പൊ എന്താ ഇങ്ങനെ ചോദിക്കാൻ കാരണം…?”

“അല്ല, ചുമ്മാ ചോദിച്ചെന്നേയുള്ളൂ….നിന്റെ ചില സംസാരങ്ങളും അവന്റെ ചിലസമയത്തെ നോട്ടവും ഭാവവുമൊക്കെ കാണുമ്പോ എനിക്കൊരു സംശയം…അതോണ്ട് വെറുതെ….”

“ആ അങ്ങനെ മോളിപ്പോ വെറുതെ ആലോചിച്ചു കൂട്ടണ്ട, മോളിരുന്ന് പഠിക്കാൻ നോക്ക്, നാളെ കഴിഞ്ഞാലേ എക്സാമാ…ഹാളിൽ വന്നിരുന്നിട്ട് ഒന്നിന്റെ ആൻസർ ഏതാ പത്താമത്തെ ഒന്ന് പറഞ്ഞു തരോ എന്നും ചോദിച്ചോണ്ട് കൈയും കലാശവും കാട്ടി വന്നാലുണ്ടല്ലോ…ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാം കേട്ടോ….”

“ഉവ്വ് തമ്പ്രാട്ടി…ഞാൻ പഠിച്ചോളാമേ….”

അഖില ചിരിച്ചു, ഒപ്പം റീത്തുവും….

ഉറ്റചങ്ങാതിമാരാണ് രണ്ടുപേരും, മാത്രവുമല്ല ക്ലാസ്സ്‌മേറ്റും റൂംമേറ്റും കൂടിയാണ്…പരസ്പരം ഒരു രഹസ്യവും അവർക്കിടയിൽ ഉണ്ടായിരുന്നില്ല, അവർ തമ്മിൽ ചർച്ച ചെയ്യാത്ത ഒരു കാര്യവും ഈ ഭൂമിയിൽ ഇല്ല എന്നതാണ് ശരി, ചുരുക്കി പറഞ്ഞാൽ രണ്ടു ശരീരവും ഒരു ആത്മാവും തന്നെയായിരുന്നു….

പഠിത്തം ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ചു രണ്ടുപേരും ഉറങ്ങാൻ കിടന്നു. റീത്തു കിടന്നപാടേ കൂർക്കംവലിക്കാൻ തുടങ്ങി, അതല്ലേലും അവൾ കട്ടിലുകണ്ടാൽ ശ വമാണ്…

പക്ഷെ അഖിലക്ക്  ഉറക്കം വന്നതേയില്ല, തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി അവളെ കടാക്ഷിച്ചില്ല.

കാരണം റോഷനായിരുന്നു, റീത്തു റോഷനെക്കുറിച്ച് ചോദിച്ച അപ്പൊ മുതല് തുടങ്ങിയതാണ് നെഞ്ചിനൊരു പടപടപ്പ്…

“അവനെപ്പറ്റി പറഞ്ഞാൽ എനിക്കെന്താ….?”

പലയാവർത്തി സ്വയം ചോദിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം, കണ്ണടക്കുമ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്നത് അവന്റെ ചിരിക്കുന്ന മുഖമാണ്, കുസൃതിയൊളിപ്പിച്ച അവന്റെ പൂച്ചക്കണ്ണുകളാണ്…

എന്തിനോ അവൾ പുഞ്ചിരിച്ചു, ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും സ്വപ്നത്തിൽ റോഷന്റെ കൈയുംപിടിച്ച് ലാവണ്ടർ പൂക്കൾക്കിടയിലൂടെ നടക്കുമ്പോഴും അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല.

സെമസ്റ്റർ എക്സാം കഴിഞ്ഞു കുട്ടികളെല്ലാം ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോയി, കാത്തിരിക്കാൻ വീട്ടിലാരുമില്ലാത്ത കാരണം കൊണ്ട് അഖില ആ സാഹസത്തിന് മുതിർന്നില്ല, അഖിലയെ ഒറ്റക്കാക്കി പോകാൻ റീത്തുവിനും ഇഷ്ടമല്ല. ഹോസ്റ്റൽ വാർഡനും അത് സന്തോഷമാണ്, ഭർത്താവ് മരിച്ചതിൽ പിന്നെ ആ സ്ത്രീ ഒറ്റയ്ക്കാണ്…

കോളേജാവധിക്കാലം തകൃതിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കവേ പെട്ടെന്നൊരു ദിവസം അഖിലയോട് റീത്തു ചോദിച്ചു,

“എടീ റോഷന്റെ ഫോൺ നമ്പർ ഉണ്ടോ നിന്റെ കൈയില്…?

“റോഷന്റെ നമ്പറോ….അവന്റെ നമ്പർ എങ്ങനാ മോളെ എന്റെ കൈയിൽ ഉണ്ടാവുക….?”

“ഹാ ഞാൻ ചുമ്മാ ചോദിച്ചതാ, അല്ല അവന് ഇൻസ്റ്റാഗ്രാം ഉണ്ടോ….?”

“ഉണ്ടെന്ന് തോന്നുന്നു…”

“ഉണ്ടോ അതോ ഇല്ലേ…തെളിച്ചു പറ….”

“ഉണ്ട്….”

“എങ്കിൽ  അവന്റെ അകൗണ്ട് ലിങ്ക് ഒന്ന് വാട്സാപ്പിൽ ഷെയർ ചെയ്യ്….”

“ആഹ്….അല്ലാ അതിന് നിനക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇല്ലല്ലോ….?”

“ഇതുവരെ ഇല്ലായിരുന്നു….ഇപ്പൊ തുടങ്ങി….”

“എടീ ഭയങ്കരീ….എന്നിട്ട് നീ എന്നെ ഫോളോ ചെയ്തോ….”

“ഇല്ല….അതൊക്കെ പിന്നീടെപ്പോഴെങ്കിലും ആകാല്ലോ…”

“ഹോ അങ്ങനെ…കൊള്ളാടി മോളെ….”

റോഷന്റെ അക്കൗണ്ട് ലിങ്ക് ഷെയർ ചെയ്തു കൊടുത്തപ്പോൾ തുടങ്ങിയതാണ് ഒരു വല്ലായ്‌മ, ഒന്നിലും ഒരു ശ്രദ്ധയുമില്ലായ്മ. എന്താ കാരണം എന്നു അവൾക്കെത്ര ആലോചിച്ചിട്ടും മനസിലായില്ല.

റോഷൻ തന്റെ ഫ്രണ്ട് ആണ്. ബെസ്റ്റ് ഫ്രണ്ട് കൂടി അല്ല, ആ സ്ഥാനം എപ്പോഴും റീത്തുവിനാണ്, അവളെ കഴിഞ്ഞേ ഉള്ളൂ തനിക്ക് മറ്റാരും,

പക്ഷെ റോഷൻ….അവനോടെന്താണ് തനിക്ക് ഒരു പ്രത്യേക താല്പര്യം….

ഇനി എങ്ങാനും റീത്തു പറഞ്ഞ പോലെ അവനോട് എനിക്ക് എന്തേലും സ്പെഷ്യൽ ഫീലിംഗ് തോന്നിത്തുടങ്ങിയോ….

ഏയ്‌, അങ്ങനെയൊന്നുമില്ല….ഒന്നുമില്ലെങ്കിൽ പിന്നെന്തിനാണ് തനിക്കിത്രയും വെപ്രാളം….

ആലോചിച്ചിട്ട് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

ഇതിനോടകം തന്നെ റീത്തു റോഷനോട് ഇൻസ്റ്റാഗ്രാമിൽ ചാറ്റിങ് തുടങ്ങിയിരുന്നു, വിചാരിച്ചതിലും വേഗത്തിൽ അത് വാട്സ്ആപ്പ് ചാറ്റിങ്ങിലേക്കും google duo വീഡിയോ ചാറ്റിലേക്കും പുരോഗമിച്ചത് ഏറെ അലോസരത്തോടെയാണ് അഖില കണ്ടത്…

തനിക്ക് അസൂയയോ….എന്തിന്? അവനോട് ആരേലും മിണ്ടിയാൽ എനിക്കെന്താ, ഇനി റീത്തു ആയതു കൊണ്ടാണോ തനിക്കിത്ര വേവലാതി…

അല്ല, കോളേജിൽ മറ്റു പെൺകുട്ടികൾ അവനോട് മിണ്ടുമ്പോഴും തനിക്ക് ഇതേ അലോസരം തോന്നാറുള്ള കാര്യം അവൾ തെല്ലു നടുക്കത്തോടെയാണ് തിരിച്ചറിഞ്ഞത്…

സ്വയം പരമാവധി നിയന്ത്രിച്ചു കാര്യങ്ങൾ ഒരുവിധം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ്  റീത്തു പെട്ടെന്നൊരുദിവസം വന്നു റോഷനെ അവൾക്കിഷ്ടമാണെന്ന് പറഞ്ഞത്…

“എന്ത്….നീയെന്താ മോളെ ഈ പറയണേ…”

“എന്ത്…എനിക്കവനെ ഇഷ്ടാ പ്രൊപ്പോസ് ചെയ്യാൻ പോവാ ന്ന്…നിനക്ക് മലയാളം അറിയില്ലേ….”

“അതല്ല മോളെ…നീ ആലോചിച്ചിട്ടാണോ ഇതൊക്കെ….”

“ഇതിലൊക്കെ എന്താ ഇത്ര ആലോചിക്കാൻ…അങ്ങനെ ആലോചിച്ചും ചിന്തിച്ചും ആണോ മോളെ പ്രണയം തോന്നുന്നേ….”

“അതല്ല മോളെ…നിന്റെ പപ്പേം മമ്മേം ഒക്കെ സമ്മതിക്കോ….”

“എന്താ സമ്മതിച്ചാല്….അമ്മേം അപ്പേം പ്രേമിച്ച കെട്ടിയെ, ഞാൻ എങ്ങാനും പ്രേമിച്ചാലും അതാരെയായിരുന്നാലും അക്‌സെപ്റ്റ് ചെയ്യും അവര്….പിന്നെന്താ പ്രശ്നം….?”

“റോഷന് ഇനിപ്പോ വേറെ ആരേലും ഇഷ്ടായിരിക്കോ… “

“ഏയ്‌, അവിടേം എന്റെ റൂട്ട് ക്ലിയറാ…ചെക്കൻ സിംഗിളാ…”

“എടീ എന്നാലും….”

“ഒരെന്നാലുമില്ല, നമ്മള് രാവിലെ അവനെ കാണാൻ പോവുന്നു, ഇഷ്ടം പറയുന്നു സെറ്റാക്കുന്നു.. എന്താ….”

“അതിന് കോളേജ് മറ്റന്നാൾ അല്ലേ ഓപ്പൺ ആവുള്ളൂ….”

“ആ, റോഷൻ ഇവിടെ അടുത്തൊരു പള്ളിയിൽ വരാം ന്ന് പറഞ്ഞിട്ടുണ്ട്…ഞാനും മാമിനോട് ചോദിച്ചു നാളെ പള്ളിയിൽ പോവാനുള്ള പെർമിഷൻ എടുത്തിട്ടുണ്ട്, നാളെ നമ്മൾ പോകുന്നു….ഓക്കേ….”

കഴിഞ്ഞ കുറെ നാളുകളെ പോലെ  അന്നും അഖിലക്ക് ഉറക്കമില്ലാത്ത രാവായിരുന്നു, ഒരിക്കലും ഈ രാവ് അവസാനിക്കരുതേ എന്നവൾ അറിയാവുന്ന ദൈവങ്ങളോടൊക്കെ ഉരുകി പ്രാർഥിച്ചു,

ഒടുവിൽ അവൾക്ക് മനസിലായി, ഏതോ ഒരു നിമിഷത്തിൽ താൻ റോഷനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു…പക്ഷെ വൈകിപ്പോയി…തന്റെ കൂട്ടുകാരിയെ, തന്റെ റീതുമോൾ ആഗ്രഹിച്ചതൊന്നും തനിക്ക് വേണ്ട, അവളെ വിഷമിപ്പിച്ചിട്ട് തനിക്കൊരു സന്തോഷവും വേണ്ട….

അന്ന്…ആ രാത്രി, ജീവിതത്തിൽ ആദ്യമായി അഖില കരഞ്ഞു…നഷ്ടപെട്ട തന്റെ പ്രണയത്തെയോർത്ത്….വിടരാതെ  കൊഴിഞ്ഞ തന്റെ പ്രണയത്തെയോർത്ത് പുലരുവോളം കരഞ്ഞു…ഒടുവിൽ എല്ലാമൊരു സ്വപ്നമായിരുന്നുവെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു…

പിറ്റേന്ന് അവൾ ഉണർന്നു നോക്കുമ്പോൾ പോകാൻ റെഡിയായി നിൽക്കുന്ന റീത്തുവിനെ ആണ് കണ്ടത്, അവൾക്ക് വിഷമമാകണ്ട എന്ന് കരുതി മനസില്ലാമനസോടെയാണെങ്കിലും അവളോടൊപ്പം പോകാനായി ഇറങ്ങി…

പറഞ്ഞപോലെ തന്നെ റോഷൻ ചർച്ചിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു, കൈയിൽ റോസാപ്പൂക്കളുടെ ഒരു കൂട്ടവുമുണ്ടായിരുന്നു….

അഖില മനസ്സിൽ കരുതി, അവനുമിഷ്ടമായിരിക്കും, പ്രൊപ്പോസ് ചെയ്യാനായിരിക്കും ബൊക്കെ ഒക്കെ,

അവളുടെ മുഖം വിഷാദം കൊണ്ട് നിറഞ്ഞെങ്കിലും പുറമെ കാട്ടാതെ ഒരു പുഞ്ചിരിയെടുത്തണിഞ്ഞു അവൾ…

പക്ഷെ പൊടുന്നനെ ആ പൂഞ്ചെണ്ട് നീട്ടി അഖിലയുടെ കാൽക്കൽ മുട്ടുകുത്തിയിരുന്ന്

“വിൽ യു മാരി മീ….” എന്ന് ചോദിച്ചപ്പോൾ ഞെട്ടിയത് മറ്റാരുമല്ല, അഖില തന്നെയായിരുന്നു,

“എനിക്കറിയാരുന്നെടി നിനക്കിവനെ ഇഷ്ടാന്ന്…പിന്നെ ഇവൻ നിന്നേ പ്രൊപ്പോസ് ചെയ്യുമ്പോ നിനക്കെതിർപ്പൊന്നും ഉണ്ടാവരുതല്ലോ…അതിനാ ഈ ഡ്രാമയൊക്കെ…..”

അഖില റീത്തുവിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

അപ്പോൾ അവളെ തേടിയെത്തിയ ഒരു ജോഡി പൂച്ചക്കണ്ണുകളിലെ കുസൃതി അവളുടെ കണ്ണുനീർത്തുള്ളികളിൽ പോലും നാണത്തിന്റെ തിളക്കമേകിയിരുന്നു….

ശുഭം

© ജാനകി