കാക്കപ്പൊന്ന്…
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
=====================
സന്ധ്യ,
അഭിമുഖമായി നിൽക്കുന്ന വടക്കുന്നാഥക്ഷേത്രവും പാറമേക്കാവ് ഭഗവതിക്കോവിലും. അന്തിയിൽ തേക്കിൻകാട് മൈതാനം തുടുത്തു. മൈതാനത്തേ വന്മരങ്ങൾ കാറ്റിലുലഞ്ഞു. നടവഴികളും ഇടവഴികളുമായി വടക്കുന്നാഥനു ചുറ്റുമായി തേക്കിൻകാട് നീണ്ട് നിവർന്നു പരന്നുകിടന്നു. ഓരോ മരച്ചുവട്ടിലും കൽത്തറയൊരുക്കിയിരിക്കുന്നു. അന്തിമാനച്ചോപ്പ് കണ്ട്, ആ ശോണിമ അധരങ്ങളിലും കവിൾത്തടങ്ങളിലും പകർത്തിയ പ്രണയിനികളും, ശീതക്കാറ്റിൽ ഉലഞ്ഞു വഴിമാറിയ മുടിച്ചുരുളുകളെ മാടിയൊതുക്കി ഹർഷചിത്തരായ് അരികുചേർന്നിരുന്ന കാമുകരും, ആർദ്രമായൊരു കൺകാഴ്ച്ച.
നീണ്ട വാർമുടിയുള്ള, പട്ടുപാവാടയും ജാക്കറ്റും ധരിച്ച്, വിടർമിഴികളുമായി രണ്ട് പെൺകൊടികൾ നടയ്ക്കു എതിർതിരിഞ്ഞു നിന്നു സെൽഫി പകർത്തുന്നു. അവരുടെ ഈറൻ ചുണ്ടുകളും തുടുത്ത കപോലങ്ങളും മൊബൈൽഫോൺ പകർത്തിയെടുത്തിരിക്കുന്നു. തൊട്ടപ്പുറത്തേ വലിയ പുളിമരച്ചോട്ടിലിരുന്ന് ഒരു ചെറുകുടുംബം ഇളവേൽക്കുന്നു. അരികുചേർന്നു നിന്ന കുട്ടികൾ ഐസ്ക്രീം നുകരുന്നു.
പകൽ മുഴുവൻ അലഞ്ഞതിന്റെ ആലസ്യമാകാം, പഥികനൊരാൾ മാവിൻതറയിൽ ചായുറങ്ങുന്നു. മുഷിഞ്ഞ വസ്ത്രംകൊണ്ടു മൂടിയ നെഞ്ചിൻകൂട് ശ്വാസഗതിയുടെ അനുക്രമമായി ഉയർന്നുതാഴുന്നു. തെല്ലകലേ ചീട്ടുകളിപ്രാന്തൻമാർ വട്ടംചേർന്നിരിക്കുന്നു. വാഹനങ്ങൾ മൈതാനത്തിലൊതുക്കിയിട്ട്, ശുഭ്രവേഷ്ടിയിൽ ഭഗവത്ദർശനത്തിനായ് പടിപ്പുര കയറുന്നവർ.
ഇടതിങ്ങിയ ശാഖകളിലെ ഇലച്ചാർത്തുകളാൽ പച്ചക്കുട തീർത്ത വൻമരച്ചുവട്ടിൽ അവരിരുപേരുമിരുന്നു. നഗരം ചുറ്റി നിരന്തരം കടന്നുപോകുന്ന വാഹനങ്ങൾ. അവയുടെ ഹോൺ മുഴക്കങ്ങൾ. നഗരഭൂമികയിലെത്തിയവർ ധനികദരിദ്രഭേദമില്ലാതെ പരമശിവനേ പ്രദക്ഷിണം വച്ച് കടന്നുപോവുകയാണ്.
സന്ധ്യ കനത്തു….
സ്വരാജ് റൗണ്ടിലൂടെ കടന്നുപോയ വാഹനങ്ങളിൽ വെളിച്ചം കൺതുറന്നു. നഗരത്തിലെ കൂറ്റൻ പരസ്യ ഫ്ലക്സ്ബോർഡുകളിലേ സുന്ദരികൾ പാൽവെളിച്ചത്തിൽ മുങ്ങിനീരാടി.
“അഭിലാഷ്, വേഗം…എനിക്കു പോകണം, അടിപ്പാലത്തിലൂടെ കടന്ന് മുൻസിപ്പൽ സ്റ്റാൻഡിലെത്തീട്ട് വേണം ബസ് കിട്ടാൻ. ബസ് പത്തു മിനിറ്റിനകം വരും. അത് മിസ് ചെയ്താൽ അടുത്തത് അരമണിക്കൂർ കഴിഞ്ഞേയുള്ളൂ…വേഗമാകട്ടേ.” മേഘ തിരക്കു കൂട്ടി.
“കഴിഞ്ഞു, പുതിയ ഫോണുകളിലേക്ക് നമ്മുടെ സിം കാർഡുകൾ ഇൻസർട്ട് ചെയ്തു. മെമ്മറികാർഡുകൾ ഇട്ടു. ഒന്നുരണ്ടെണ്ണമൊഴികേ എല്ലാ ആപ്ലിക്കേഷൻസും ഇൻസ്റ്റാൾ ചെയ്തു. ഇനി ഈ കവർ കൂടിയിട്ടാൽ പൂർത്തിയായി. നീ പേടിക്കേണ്ട, ബസ് മിസ്സാകില്ല…”
“അഭിലാഷ്, നിന്റെ അറുപതിനായിരത്തോളം രൂപ ഇന്നു പൊടിഞ്ഞു തീർന്നൂലേ. സോറി, എനിക്കിപ്പോൾ കുറ്റബോധം തോന്നുന്നു. വേണ്ടായിരുന്നു. നിനക്ക് മാത്രം വാങ്ങിയാൽ മതിയായിരുന്നു. ഇത്, രണ്ട് ഫോൺ. ഒരേ മോഡൽ, ഒരേ നിറം. ഒരേ കവർ. കഴിഞ്ഞവർഷവും ഇങ്ങനെത്തന്നേ ആയിരുന്നില്ലേ, വേണ്ടായിരുന്നു അഭിലാഷ്…”
“സാരല്ല്യടീ, ഇനി നിനക്ക് ഇഷ്ടംപോലെ ചിത്രങ്ങളെടുക്കാലോ. ഫോട്ടോയെടുക്കുന്നത് ഏറെ ഹരമല്ലേ നിനക്ക്. നിന്റെ സുന്ദരചിത്രങ്ങൾ ഇടയ്ക്കിടക്ക് എനിക്കയച്ചു തരുമ്പോൾ എത്ര സന്തോഷമാണ്. സാരമില്ല, ഒരു മാസത്തേ ശമ്പളത്തേക്കാൾ എനിക്കിഷ്ടം ഈ സന്തോഷങ്ങൾ തന്നെയാണ്…”
ഒരു കാറ്റുവീശി, ഇലക്കാടുലഞ്ഞു. കാറ്റിൽ ശീതം കലർന്നു. എവിടെയോ ഒരു മഴപ്പെയ്ത്തുണ്ട്. പെയ്യട്ടേ, വറുതിയുടെ വേനൽ പ്രകൃതിയുടെ സമസ്ത മേഖലകളേയും കരിച്ചുണക്കിയിരിക്കുന്നു. ഒരു രാമഴ പെയ്തെങ്കിൽ. അവളുടെ മിഴികൾ തത്രപ്പാടുപേറി തുടർന്നടഞ്ഞു കൊണ്ടേയിരുന്നു.
പഴയ ഫോൺ ബാഗിലിട്ടു. അതീവ ജാഗ്രതയോടെ പുതിയ ഫോണിനെ ചേർത്തുപിടിച്ചു പിൻതിരിഞ്ഞു നടക്കേ ഒരാവർത്തി തിരിഞ്ഞു നോക്കി അവൾ പറഞ്ഞു.
“ബൈ, അഭിലാഷ്, പ്രണയത്തിന്റെ ഒന്നാം വാർഷികത്തിന്റെ നനുത്ത സ്മരണകൾക്ക്..നീ തന്ന വിലപിടിപ്പുള്ള സമ്മാനത്തിന്, ഒപ്പം, ഫേസ്ബുക്കിനും. അപരിചിതരായ നമ്മളെ ഒന്നിച്ചു ചേർത്തതിന്. പോകട്ടേ, നാളെക്കാണാം. നീയിനി കൂട്ടുകാരുടെ കൂടെ സിനിമയും കമ്പനിയുമായി പാതിരായ്ക്കല്ലേ വീട്ടിലെത്തൂ. ഞാൻ വിളിച്ചു ശല്ല്യപ്പെടുത്തുന്നില്ല “
അവൾ പിൻതിരിഞ്ഞു നടന്നു.
നോക്കി നിൽക്കേ ആ മേനിയഴക് തിരക്കുകൾക്കിടയിൽ മറഞ്ഞു..ആ പുറംകാഴ്ചയുടെ നേർത്ത ഉന്മാദത്തിൽ അവനിരുന്നു..ആരൊടെന്നില്ലാതെ പിറുപിറുത്തു.
“എത്ര അനുഭവിച്ചിട്ടും, ആസ്വദിച്ചിട്ടും മടുപ്പ് തോന്നിയിട്ടില്ല, ഇത്ര നാളായിട്ടും”
ഇരുട്ടു പരന്നു..നഗരം വൈദ്യുതി വെട്ടങ്ങളുടെ പ്രഭാപൂരത്തിൽ മുങ്ങി. തേക്കിൻകാട്ടിലെ ഒഴിഞ്ഞകോണിലിരുന്ന അവന്റെ ബൈക്കിനു ജീവൻ വച്ചു. വാഹനത്തിരക്കുകൾക്കിടയിലൂടെ, അത് ലക്ഷ്യസ്ഥാനം തേടി മൂളിപ്പറന്നു.
പിറ്റേന്ന്,
‘മിഥിലയുടെ’ ഉള്ളിൽ കടുംകാപ്പി മുന്നിൽ വച്ച് പരസ്പരം അഭിമുഖമായി ഇരിക്കുമ്പോൾ അവർ പരസ്പരം സംസാരിച്ചില്ല. കണ്ണുകൾ കൊരുക്കുമ്പോഴെല്ലാം അവർ നോട്ടം മാറ്റിക്കളഞ്ഞു.
അവനാണ് തുടക്കമിട്ടത്.
”എടീ, ഇത്ര പഠിച്ചിട്ടും ലോകത്തെ കണ്ടിട്ടും ബോധമുണ്ടോ നിനക്ക്….?നിന്റെ ഈ ശരീരം ഇനിയാർക്കൊക്കെ നീ അയച്ചുകൊടുത്തിട്ടുണ്ട്. ചമയങ്ങളും ആടകളുമില്ലാതെ?ഇനിയേതൊക്കെ പോ ൺസൈ റ്റിൽ കാണണം ഞാൻ നിന്റെ വീഡിയോസ്. വ ഞ്ച കീ”
അവളുടെ വലിയ മിഴികൾ ഒന്നു തുറന്നടഞ്ഞു. പിന്നെ, ശബ്ദം താഴ്ത്തിപ്പറഞ്ഞു.
“എനിക്കു നിന്നോടും അത്രയേ പറയാനുള്ളൂ. എന്നെങ്കിലും തീരും നീ. ഏതെങ്കിലും, വഞ്ചിക്കപ്പെട്ട ഭർത്താവിന്റെ കൈകളാൽ. ഒന്നല്ല, ഒരു ഡസനോളമുണ്ടല്ലോ? നിനക്കിത്, വല്ല കല്യാണം കഴിക്കാത്തവരിലും ചെയ്തുകൂടെ. ഒരുപറ്റം ഭർത്താക്കൻമാരെ ഇങ്ങനെ വഞ്ചിക്കുന്നതിൽ ഭേദം”
അവർക്കിടയിൽ തെല്ലുനേരം മൗനമുറഞ്ഞു. കയ്യിലെ പുത്തൻ ഫോണിൽ നിന്നും, സിം കാർഡും മെമ്മറികാർഡും അവൻ ഊരിയെടുത്തു. മേശപ്പുറത്ത് അലക്ഷ്യമായി വച്ച, അവളുടെ ഫോൺ അവൻ പൊടുന്നനേ കൈക്കലാക്കി. ചില്ലുമേശയിലേക്ക് സിം കാർഡും മെമ്മറി കാർഡുമിട്ടുകൊടുത്ത്, അവൻ മുരണ്ടു.
“തിരക്കിനിടയിൽ ഇന്നലേ ഫോണുകൾ പരസ്പരം മാറീത് നന്നായി. നമുക്ക് അന്യോന്യം ഒരു രാത്രികൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ. നിന്റെ ചിത്രങ്ങളും വീഡിയോകളും എനിക്കു വേണ്ട. ഞാനെടുത്തിട്ടില്ല, പകർത്തിയിട്ടില്ല. ആ മാന്യതയും പരസ്പരസഹകരണവും നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നു”
അവൻ വേഗത്തിൽ പുറത്തിറങ്ങി പടവുകൾ അതിവേഗത്തിൽ ചവുട്ടിക്കുതിച്ച് താഴേക്കിറങ്ങി സ്വരാജ്റൗണ്ടിലെ തിരക്കിൽ മറഞ്ഞു. പഴയ മൊബൈൽ ഫോണിലേക്ക് കാർഡുകൾ നിക്ഷേപിക്കേ അവൾ പിറുപിറുത്തു.
“കാമുകി ഏകപുരുഷ വ്രതക്കാരിയാകത്തതിന്റേ, വഞ്ചന കാട്ടിയതിന്റെ രോഷം. അവനൊക്കെയെന്തുമാകാം. പുരുഷന്റെ പതിവ് അത്യാഗ്രഹം. വാശി”
അവൾ ചുണ്ടു കോട്ടിച്ചിരിച്ചു..എന്നിട്ട്, ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു. മറുതലയ്ക്കൽ ഫോണെടുത്തു.
“ഡാ, നീയെവിടെയാണ് ?ഞാനിവിടെയുണ്ട്.”
ശബ്ദത്തിൽ, വീണ്ടും മാധുര്യം നിറഞ്ഞു. നഗരം ആർക്കും പിടികൊടുക്കാതെ, തിരക്കുകളിൽ മുങ്ങിത്താഴ്ന്നു. ഒപ്പം, പകലും….