പാതിരാ കഴിയുമ്പോൾ പാതിയുറക്കത്തിലാണ്ട തന്റെ ശരീരത്തിലേക്ക് ചുറ്റിവരിയാൻ തുടങ്ങുന്ന ഇന്ദുവിന്റെ കൈകൾ…

Story written by Saji Thaiparambu

============

“അയ്യേ ! മാഷേ..ദെന്താ ഈ കാട്ട്ണേ, ന്നെ വിടൂ…എൻറീശ്വരാ..കുട്ട്യോളെങ്ങാനും കാണുട്ടാ”

ബെഡ് റൂമിലേക്ക് കയറി, സാരി മാറി, നൈറ്റി ധരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വേണുമാഷ്, ഇന്ദുടീച്ചറെ പിന്നിൽ നിന്ന് വട്ടംചുറ്റി പിടിച്ചത്.

”ഞാനിവിടെ വൃതമെടുത്തിരിക്കാൻ തുടങ്ങീട്ട്, എത്രദെവസായീന്നറിയ്യോ
ടീച്ചർക്ക്?”

വേണു മാഷ് പരിഭവിച്ചു

“രണ്ടാഴ്ചയല്ലേ ആയിട്ടുള്ളു മാഷേ, ഞാനീട്ന്ന് പോയിട്ട് ,അതിന് മുൻപ് പത്ത് പതിനാല് വർഷം ഞാനാ ,കൂടെ തന്നെയില്ലായിരുന്നോ ,അപ്പോഴൊന്നും തോന്നാത്ത ഒരു പൂതീം, മുമ്പില്ലാത്തൊരു എളക്കോo ,ഉം ഉം…എന്താ മാഷേ?”

ഇന്ദു ടീച്ചർ, അർത്ഥഗർഭമായി നോക്കി ചിരിച്ചപ്പോൾ, മാഷ് ,രണ്ടാഴ്ച മുൻപു വരെയുള്ള ആ പഴയ ജീവിതമോർമ്മിക്കുകയായിരുന്നു.

അന്ന് തനിക്ക് മാത്രമേ ജോലിയുണ്ടായിരുന്നുള്ളു. വീട്ടിൽ നിന്നും പത്ത് എഴുപത് കിലോമീറ്റർ ദൂരെയായിരുന്നു, താൻ പഠിപ്പിക്കുന്ന സ്കൂൾ സ്ഥിതി ചെയ്തിരുന്നത്

അന്നൊക്കെ ഒരുപാട് വൈകിയാണ് ആ മലഞ്ചെരിവിൽ നിന്ന് ജോലി കഴിഞ്ഞ് ആകെ ക്ഷീണിതനായ് വീട്ടിലെത്തുന്നത്.

വന്നയുടനെ തോളിൽ തൂക്കിയ ബാഗെടുത്ത് സെറ്റിയിൽ എറിഞ്ഞിട്ട്, ക്ഷീണം മാറും വരെ ഒരേ ഇരുപ്പാണ്.

പകല് മുഴുവൻ കുട്ടികളോട് നാവിട്ടടിച്ചും തിരക്കുളള പ്രൈവറ്റ് ബസ്സിൽ ദീർഘദൂരം നിന്ന് യാത്ര ചെയ്തും അവശനായ തന്നോട് ഇന്ദു, സ്ഥിരം ചോദ്യം ആവർത്തിക്കും….

“കാപ്പി എടുക്കട്ടെ മാഷേ”

അക്ഷമനായി താനപ്പോൾ പറയും.

“എന്റെ ഇന്ദൂ…എനിക്ക് നല്ല വിശപ്പുണ്ട്,.നീ കഴിക്കാനെന്തെങ്കിലും എടുത്ത് വയ്ക്ക്, ഞാനൊന്ന് കുളിച്ചിട്ട് വരാം ” എന്ന്.

കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോൾ, പഠിച്ച് കൊണ്ടിരിക്കുന്ന മക്കളോട് എന്തെങ്കിലുമൊന്ന് ചോദിച്ചെന്ന് വരുത്തി വേഗം കൈ കഴുകി എഴുന്നേല്ക്കും.

നനഞ്ഞ കൈ തുടയ്ക്കാൻ ടവ്വല് നീട്ടിക്കൊണ്ട് നില്ക്കുന്ന ഇന്ദുവിനെ പോലും അവഗണിച്ച് കൊണ്ട് നേരെ ബെഡ് റൂമിലേക്ക് ഒരോട്ടമാണ്

പതുപതുത്ത മെത്തയിൽ കമിഴ്ന്ന് കിടന്ന് എത്രയും വേഗം നിദ്രയെ പ്രണയിക്കാനായിരുന്നു അന്നൊക്കെ ഏറെ മോഹിച്ചത്.

പാതിരാ കഴിയുമ്പോൾ പാതിയുറക്കത്തിലാണ്ട തന്റെ ശരീരത്തിലേക്ക് ചുറ്റിവരിയാൻ തുടങ്ങുന്ന ഇന്ദുവിന്റെ കൈകൾ അന്നൊക്കെ അരോചകമായി തോന്നിയിരുന്നു,

യാതൊരു ദാക്ഷിണ്യവുമില്ലാതെ ആ കൈകൾ എടുത്ത് എറിയുമ്പോൾ മനസ്സിൽ ഉരുണ്ട് കൂടിയത് നീണ്ട പതിനാല് വർഷമായി മടുപ്പുളവാക്കുന്ന ഒരേ ശരീരത്തിന്റെ വിയർപ്പ് ഗന്ധമായിരുന്നു.

വൈകിയാണെങ്കിലും അവളാഗ്രഹിച്ചത് പോലെ തന്നെ അദ്ധ്യാപികയായിട്ട് അവൾക്ക് ജോലി കിട്ടി മലബാറിലേക്ക് പോയി.

അന്ന് തന്നോടും മക്കളോടും യാത്ര പറഞ്ഞ് പോകുമ്പോൾ ആ മുഖത്ത് അത് വരെ ഇല്ലാതിരുന്ന തിളക്കം താൻ കണ്ടിരുന്നു.

ഒരു പക്ഷേ, ഈ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി പോയേക്കുമെന്ന് കരുതിയ നേരത്ത്, അപ്രതീക്ഷിതമായി കിട്ടിയ ജോലി, അവൾക്ക് ഒരു പാട് ആശ്വാസവും പുതിയ പ്രതീക്ഷകളും നല്കിയിരിക്കാം.

“എന്താ ആലോചിക്കുന്നെ മാഷേ, ഞാനങ്ങനെ പറഞ്ഞിട്ടാണോ ?

ഇന്ദു ടീച്ചറുടെ ചോദ്യം വേണു മാഷിനെ ചിന്തയിൽ നിന്നുണർത്തി.

“നാളെ പുലരുവോളം സമയമില്ലേ നമുക്ക് സ്നേഹിക്കാൻ….ഞാൻ ആദ്യം എന്റെ മക്കളോട് വിശേഷങ്ങൾ ചോദിക്കട്ടെ “

വേണുമാഷിന്റെ, ഉണ്ണികുടവയറിൽ ഒരു നുള്ള് കൊടുത്തിട്ട് ഇന്ദു ടീച്ചർ കുട്ടികളുടെ മുറിയിലേയ്ക്ക് പോയി.

***************

മണി പന്ത്രണ്ടാകുന്നു, മേല് കഴുകിയിട്ട് വരാമെന്ന് പറഞ്ഞ് പോയ ഇന്ദുവിനെ കാണാഞ്ഞ് വേണു മാഷ് അടുക്കളയോട് ചേർന്ന് നില്ക്കുന്ന കുളിമുറിയിലേക്ക് നോട്ടമയച്ചു.

കുളിമുറിവാതിൽ തുറന്ന്, ഇന്ദു ടീച്ചർ ഇറങ്ങി വരുന്നത് ആദ്യമായിട്ടെന്ന പോലെ മാഷ് കൺകുളിർക്കെ നോക്കി നിന്നു.

നനഞ്ഞ മുടി തോർത്തിൽ പൊതിഞ്ഞ് തലയ്ക്ക് മുകളിൽ വച്ച് ഉയർത്തി കെട്ടിയിരിക്കുന്നു.

ഈറൻ ഉണങ്ങുന്നതിന് മുൻപേ എടുത്തണിഞ്ഞ സിൽക്കിന്റെ നൈറ്റ് ഗൗൺ ശരീരത്തിൽ ഒട്ടിപ്പിടിച്ച് കിടക്കുന്നു.

“ഇതെന്താ മാഷേ പന്തം കണ്ട പെരുച്ചാഴിയെ പോലെ നില്ക്കുന്നത് “

ഇന്ദു ടീച്ചർ കുസൃതിയോടെ ചോദിച്ചു.

“അല്ലാ…ഞാൻ ടീച്ചറെ കണ്ടിട്ട് ഒത്തിരി നാളായത് പോലെ തോന്നുന്നു “

വേണുമാഷിന്റെ ആ, സംസാരം കേട്ട് ഇന്ദു ടീച്ചർ ലജ്ജാവതിയായി.

ഇന്ദു ,ബെഡ് റൂമിൽ കയറി പഴയ ബെഡ്ഷീറ്റ് മാറ്റി പുതിയതൊന്ന് വിരിക്കുമ്പോൾ വേണു മാഷ് വേഗം കതക് നന്നായsച്ച് കുറ്റികളെല്ലാം ഇട്ടു.

അത് വരെ അടക്കി വച്ചിരുന്ന ആവേശമെല്ലാം കെട്ടു പൊട്ടിച്ച് ടീച്ചറെ വാരി പുണരാൻ ഒരുങ്ങിയപ്പോഴാണ് , കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്.

“ശ്ശെ “

അക്ഷമയോടെ അയാൾ അടച്ച വാതിൽ വലിച്ച് തുറന്നു.

മുന്നിൽ ഇളയ മകൾ ആറ് വയസ്സുകാരി ഇനിയ.

“എന്താ മോളെ “

മാഷ് ടെ ചോദ്യത്തിന് ഉത്തരം നല്കാതെ അവൾ ഓടിച്ചെന്ന് പുതിയ ബെഡ്ഷീറ്റ് വിരിച്ച ബഡ്ഡിന് മുകളിൽ ഒത്ത നടുക്കായ് മലർന്ന് കിടന്നു.

“ഇനി അമ്മ പോകും വരെ ഞാനിവിടെ, അമ്മയുടെയും അച്ഛന്റെയും കൂടേ കിടക്കുള്ളു”

അവളുടെ ആ ഉറച്ച തീരുമാനം കേട്ട്, വേണുമാഷിന്റെ മുഖം വാടിയെങ്കിലും ഇന്ദു ടീച്ചർക്ക് അതൊരു വലിയ വിജയമായിരുന്നു.

തനിക്ക് കിട്ടിയ പഴയ കാലത്തെ അവഗണനകൾക്കുള്ള ഒരു മധുര പ്രതികാരമായി അവൾ അത് മനസ്സിലിട്ട് താലോലിച്ചു.

~സജിമോൻ തൈപറമ്പ്