പ്രണയിച്ചു തുടങ്ങുമ്പോ കണ്ണും കാതുമൊന്നും ഉണ്ടാവത്തില്ലാലോ. ഉണ്ടായാലും പ്രവർത്തിക്കുകേല….

Story written by Adam John

================

പിരിയാമെന്ന് ആദ്യം പറഞ്ഞതവളായിരുന്നു. അല്ലേലും മറ്റൊരാളെ വേദനിപ്പിച്ചോണ്ട് നേടുന്ന സ്നേഹത്തിന് ആയുസ്സ് കുറവാന്നേ. അതോണ്ട് തന്നെ ഞാൻ തർക്കിക്കാൻ പോയീല. ചില വിവരം കെട്ടവന്മാരെ പോലെ ആസിഡ് വാങ്ങിച്ചോണ്ട് വഴിയരികിൽ കാത്ത് നിന്നീല.

മാത്രവല്ല അവളുടെ ഭാഗത്ത് ഒത്തിരി ശരിയുണ്ട് താനും. ഒന്നിലധികം തവണ ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ അപ്പൻ. നിത്യ രോഗിയായ അമ്മച്ചി. പഠിക്കാൻ മിടുക്കനാരുന്നിട്ടും കുടുംബം പുലർത്താനും അവളെ പഠിപ്പിച്ച് വല്യ നിലയിലാക്കാനും വേണ്ടി ജോലിക്കിറങ്ങിയ ചേട്ടൻ. അവരെയൊക്കെ വേദനിപ്പിച്ചോണ്ട് ഇറങ്ങി വരാൻ കഴിയത്തില്ല എന്നാണവൾ പറഞ്ഞേ.

വിഷമിക്കാതെടി ഞാനും നിങ്ങൾക്കൊപ്പം കൂടിയാൽ പോരായോ എന്നാശ്വാസിപ്പിച്ചപ്പോ നിന്നെക്കൂടി ആ നരകത്തിലോട്ട് കൊണ്ടോയി വിഷമിപ്പിക്കാൻ വയ്യടാ എന്ന് പറഞോണ്ടവൾ കണ്ണ് തുടച്ചു. ഒപ്പം ഞാനും…

അവളുടെ കണ്ണ് നിറഞ്ഞാൽ എന്റേം നിറയത്തില്ലായോ…

തോരാത്ത കണ്ണീരോടെയവൾ യാത്ര പറഞ്ഞിറങ്ങുമ്പോ മുന്നിലൊരു ശൂന്യതയായിരുന്നു. മനസ്സ് പങ്ക് വെച്ചവൾ ഒപ്പമില്ലെന്ന് തിരിച്ചറിഞ്ഞു തുടങ്ങുമ്പോ ഉണ്ടാവുന്ന ഒരിതില്ലേ. ആത്മാർത്ഥവായി പ്രണയിച്ചവർക്ക് എളുപ്പം മനസ്സിലാവും.

ഒക്കെറ്റിനും കാരണം എന്റെ എടുത്ത് ചാട്ടവാണെന്നാ അമ്മച്ചി പറയുന്നേ. പ്രണയിച്ചു തുടങ്ങുമ്പോ കണ്ണും കാതുമൊന്നും ഉണ്ടാവത്തില്ലാലോ. ഉണ്ടായാലും പ്രവർത്തിക്കുകേല….

അമ്മച്ചി പറഞ്ഞ പോലെ ആദ്യവെ അവളുടെ കുടുംബത്തെ കുറിച്ച് അന്വേഷിക്കണവാരുന്നു. കഴിയാവുന്ന വിധം അവരെ സഹായിക്കാൻ മുന്നിൽ നിക്കണവാരുന്നു. പക്ഷെ ഒരിക്കൽ പോലും അവളതെ കുറിച്ചൊന്നും പറയാഞ്ഞതോണ്ട് തന്നെ എനിക്കറിയാൻ കഴിഞ്ഞീല്ലാലോ ഒന്നും….

അഭിമാന ബോധവാരിക്കും പരിചയപ്പെട്ട നാളുകളിലൊരിക്കൽ പോലും അവളെ കൊണ്ടക്കാര്യങ്ങളൊന്നും പറയിക്കാഞ്ഞെ. ഇന്നത്തേക്കാലത്ത് ഇത്രേം നല്ലൊരു കൊച്ച് വേറെ കാണുവോ….

അവളെ കുറിച്ചുള്ള ഓർമ്മകൾ കൊതുകിന്റെ മൂളൽ പോലെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിയ ദിനങ്ങളിൽ ഒരിക്കൽ അവളെ ചെന്നൊന്ന് കാണാൻ തോന്നി. വെറുതെ ഒരു മോഹം.

അന്നൊരു അവധി ദിവസവായിരുന്നു. വീട് കണ്ട് പിടിക്കാൻ ഇത്തിരി പ്രയാസപ്പെട്ടു. വീട്ടിലോട്ട് ചെന്ന് കേറുമ്പൊ തന്നെ ഒരു കർഷകന്റെ രൂപ ഭാവങ്ങളുള്ള അരോഗ ദൃഢഗാത്രനായ ഒരു മനുഷ്യൻ ദേ മുറ്റത്ത് നിക്കുന്നു..ഇതാവോ ഒന്നിലധികം തവണ ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ മുതല്…ഈശ്വരാ…

ഒത്തിരി സമയവെടുത്തില്ല….ഭംഗിയായി സാരിയുടുത്തൊരു സ്ത്രീ പുറത്തോട്ടിറങ്ങി വന്നു. നിത്യരോഗിയാന്ന് കണ്ടാൽ പറയത്തില്ല. ചിലപ്പോ തറവാട്ടുകാർക്ക് അസുഖം വന്നാൽ അങ്ങനാരിക്കും.

അവളുടെ കൂടേ ജോലി ചെയ്യുന്ന ഒരു ഹത ഭാഗ്യനാണെന്ന് കേട്ടപ്പോ സന്തോഷത്തോടെ കേറിയിരിക്കാൻ പറഞ്ഞു. അവള് പുറത്തെങ്ങാണ്ടോ പോയേക്കുവാണത്രേ..അവൾക്കൊപ്പവാണ് ജോലിയെന്നൊക്കെ ചുമ്മാ കള്ളം പറഞ്ഞതാ. അതാവുമ്പോ കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാലോ. എന്താന്നേലും അവള് വരുന്ന വരേം ഇരിക്കാവെന്ന് കരുതി. വന്ന കാര്യം നടക്കട്ടെന്നേ….

അതിനിടെ നിത്യരോഗി ജ്യൂസുമായി വന്നു. ഭാഗ്യത്തിന് ഒത്തിരി ഇരിക്കേണ്ടി വന്നീല. അപ്പഴേക്കും ഒരു ബൈക്ക് ചീറിപ്പാഞ്ഞോണ്ട് മുറ്റത്തൊട്ട് വന്ന് നിന്നു. മുടി നീട്ടി വളർത്തിയൊരു ചെറുപ്പക്കാരനും എന്റെ കഥാ നായികേം അതീന്ന് ചാടിയിറങ്ങി.

എന്നെ കണ്ടതും അവളുടെ മുഖത്തെ രക്തമയം വറ്റി ഫിൽറ്റർ ആപ്പ് ഉപയോഗിച്ച ഇൻസ്റ്റാ റീൽസ് താരത്തിന്റെ കൂട്ട് വെളുത്ത നിറവായി. ഈ ചെറുപ്പക്കാരനാരിക്കണം കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന ചേട്ടൻ. കണ്ടാൽ തോന്നുകേല…

വിളറിയ ചിരിയോടെ അവളെന്നെ നോക്കി ഇതെന്നാ ഒരു സർപ്രൈസ് വിസിറ്റെന്ന് ചോദിച്ചോണ്ട് അടുത്തൊട്ട് വന്നു. ഞാനും ചിരിച്ചു.

തിരികെ വീട്ടിലോട്ട് മടങ്ങുമ്പോ മനസിന് വല്ലാത്തൊരു പുകച്ചിലാരുന്നു…

എന്തായെടാ പോയ കാര്യം….? അലക്കി ഉണക്കിയ തുണികൾ തേച്ചോണ്ടിരിക്കുന്നതിനിടയിൽ അമ്മച്ചിയുടെ ചോദ്യം.

ഞാനൊന്നും മിണ്ടിയില്ല. അമ്മച്ചിയുടെ കയ്യീന്ന് തേപ്പ് പെട്ടി വാങ്ങിച്ചോണ്ട് തേച്ചു പാതിയാക്കി വെച്ച തുണിയിൽ അമർത്തി നന്നായോന്ന് ഉരച്ചപ്പോ തന്നെ ഇത്തിരി ആശ്വാസം തോന്നി. അമ്മച്ചിക്ക് കാര്യം പിടികിട്ടിയെന്ന് തോന്നുന്നു.

അമർത്തി ചിരിച്ചോണ്ട് അമ്മച്ചി പറയുവാ…

നല്ലൊരു ജീവിതം വേണമെന്ന് ആ കൊച്ചിനും ആഗ്രഹം കാണത്തില്ലായൊന്ന്….

ഈശോയെ ഇങ്ങനേം ഉണ്ടാവോ അമ്മച്ചിമാര്…