അമ്മ
Story written by Aparna Dwithy
================
‘നിങ്ങളോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ത ള്ളേ എന്റെയും അഭിയുടെയും ഫ്രണ്ട്സ് വരുമ്പോൾ റൂമിൽ നിന്നും പുറത്തിറങ്ങരുതെന്ന്…… ‘
“മോളേ അത്…..അമ്മച്ചിയുടെ മരുന്ന് എടുക്കാൻ…… ” ആ അമ്മയുടെ വാക്കുകൾ മുറിഞ്ഞു.
‘ഓ അമ്മച്ചീടെ മരുന്ന്…കൃത്യ സമയത്തു തന്നെ നിങ്ങൾക്ക് മരുന്നെടുക്കണം അല്ലേ ? ഇത് നിങ്ങള് കരുതിക്കൂട്ടി ചെയ്യുന്നതല്ലേ ത ള്ളേ ഞങ്ങളെ അപമാനിക്കാൻ….. ?’
മരുമകളുടെ ശകാരത്തിനൊടുവിൽ ആ അമ്മ മുറിയിലേക്ക് നടന്നു. ചുവരിൽ തൂക്കിയിരിക്കുന്ന ആ ചിത്രത്തെ നോക്കി ഒരു നീണ്ട നെടുവീർപ്പിട്ടു സംസാരിച്ചു തുടങ്ങി,
“കേട്ടോ ഇച്ചായാ മോളികുട്ടിക്ക് ഞാനിപ്പോ ഒരു ബാധ്യതയാ….മരണകിടക്കയിലും ഇച്ചായനെന്നോട് ഒരു കാര്യമേ പറഞ്ഞുള്ളു അഭിമോനെ കഷ്ട്ടപെടുത്താതെ നല്ല രീതിയിൽ വളർത്തണംന്ന്. അത് ഞാൻ ഒരു കുറവും വരുത്താതെ നിറവേറ്റിയിട്ടുണ്ട്. അവനെ നന്നായി പഠിപ്പിച്ചു അവനിന്നു നല്ലൊരു ജോലിയുണ്ട്. കൂടെ ജോലി ചെയ്യുന്ന പെണ്ണിനെ തന്നെ കെട്ടണംന് പറഞ്ഞു. ആ കല്യാണവും ഒരു കുറവും വരുത്താണ്ട് നടത്തി കൊടുത്തു. പിന്നെ മോളികുട്ടിയെ പറഞ്ഞിട്ടും കാര്യമില്ല അവളു വലിയ വീട്ടിലൊക്കെ ജനിച്ചു വളർന്ന കുട്ടിയല്ലയോ….അതോണ്ടാവും എന്റെ സ്വഭാവമൊന്നും അവൾക്ക് പിടിക്കാത്തത്. അവളു പറയണത് അമ്മച്ചിക്ക് തീരെ വൃത്തിയില്ലെന്നാ….അവക്കറിയത്തില്ലലോ ഇച്ചായാ നമ്മളീ ചേറിലും ചെളിയിലും കിടന്നുണ്ടാക്കിയതാ ഈ കാണുന്ന വീടും പറമ്പുമെല്ലാംന്ന്. എനിക്കിനി ഒരാഗ്രഹമേ ഉള്ളൂ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വസ്ഥമായി കണ്ണടയ്ക്കണം…..”
‘വല്യമ്മച്ചി കരയുവാ ‘ അപ്പോളാണ് കൊച്ചുമോൻ മുറിയിലേക്ക് കയറിവന്നത്.
“ഏയ്…. ” അവൻ കാണാതെ പുറത്തേക്കൊഴുകിയ കണ്ണുനീർ തുടച്ചു അമ്മച്ചി മറുപടി കൊടുത്തു,
“ഞാൻ നിന്റെ വല്യപ്പച്ചനോട് ഓരോന്ന് പറഞ്ഞോണ്ടിരിക്കുവായിരുന്നു “
‘മമ്മിക്ക് എന്തേ വല്യമ്മച്ചിയെ ഇഷ്ട്ടല്ലാതെ? എന്തിനാ എപ്പോളും വല്യമ്മച്ചിയെ വഴക്ക് പറയുന്നേ….. ?’
“ഏയ് അത് മോന്റെ മമ്മി സ്നേഹം കൊണ്ട് ശകാരിക്കുന്നതല്ലയോ മോനെ….അവൾക്ക് വല്യമ്മച്ചിയോട് ഒരു ദേഷ്യവും ഇല്ല “
മക്കളുടെ പ്രവൃത്തികൾ ഭാവിയിൽ കൊച്ചുമക്കളും അനുകരിക്കുമോ എന്ന ഭയം ആ അമ്മയുടെ മനസ്സിൽ നിഴലിച്ചിരുന്നു.
‘ആണോ. എന്നാ വാ വല്യമ്മച്ചി, ഇന്ന് പുതിയ കഥ പറഞ്ഞുതരാമെന്നു പറഞ്ഞതാ ‘
‘ഡാ നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് വല്യമ്മച്ചീടെ മുറിയിൽ പോകരുത്തന്നു. ഇല്ലാത്ത അസുഖമൊന്നുമില്ല ത ള്ളയ്ക്ക്. വല്ല അസുഖവും പകർന്നാൽ എനിക്ക് വയ്യ ലീവ് എടുത്തിരിക്കാൻ ‘ അത്രയും പറഞ്ഞു മരുമകൾ ആ കുട്ടിയെ മുറിയിൽ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി.
മരുമകളുടെ വാക്കുകൾ ആ അമ്മയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ചുവരിൽ തൂക്കിയ ആ ചിത്രം മാത്രം നെഞ്ചോട് ചേർത്ത് ആ വൃദ്ധ വീടിന്റെ പടിയിറങ്ങി….
എങ്ങോട്ട് പോകാനാണെന്നു അറിയില്ലായിരുന്നു. എങ്കിലും നീണ്ടുകിടക്കുന്ന വഴികളിലൂടെ നടന്നു. കാലുകൾ തളർന്നെങ്കിലും കുറച്ചു ദൂരം കൂടി നടന്നു. പെട്ടന്ന് കണ്ണുകളിൽ ഇരുട്ട് കയറും പോലെ തോന്നി.
******************
കണ്ണ് തുറക്കുമ്പോൾ മുന്നിൽ പുഞ്ചിരി തൂകി ഒരു പെൺകുട്ടി.
‘പേടിക്കണ്ട അമ്മേ. ഒരു ചെറിയ തലകറക്കം അത്രേ ഉള്ളൂ. ഞാൻ കണ്ടതുകൊണ്ടു ഉടനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. ഇനിയെന്തായാലും ഇവിടെ കിടന്നിട്ടു ക്ഷീണമൊക്കെ മാറ്റി നാളെ പോയാൽ മതി.’
“അയ്യോ മോളേ….ആശുപത്രിയിൽ അടക്കാനൊന്നും എന്റെ കയ്യിൽ പണമില്ല.” ആ അമ്മ നിസ്സഹായയായി പറഞ്ഞു.
‘അതൊന്നുമോർത്തു അമ്മ പേടിക്കണ്ട. എന്നെ പരിചയപെട്ടില്ലല്ലോ, എന്റെ പേര് ആൻ. ഈ ഹോസ്പിറ്റലിലെ ഡോക്ടർ ആണ്. പൈസ ഇല്ലാത്തതിന്റെ പേരിൽ അമ്മയ്ക്ക് ഇവിടുന്നു ചികിത്സ കിട്ടാതെ പോകേണ്ടി വരില്ല. ‘
അവളുടെ വാക്കുകൾ പകുതി ശ്രദ്ധിച്ചുകൊണ്ട് ആ അമ്മയുടെ കണ്ണുകൾ മറ്റെന്തോ തിരയുകയായിരുന്നു.
‘അമ്മയെന്താ അന്വേഷിക്കുന്നേ ?’
“അത്…..എന്റെ ഇച്ചായന്റെ ഫോട്ടോ ?”
അവൾ അടുത്തിരിക്കുന്ന ടേബിളിന്റെ മുകളിൽ നിന്നും ആ ഫോട്ടോ എടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു. അമൂല്യമായതെന്തോ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു ആ മുഖത്തപ്പോൾ.
‘അമ്മയുടെ വീട്ടിലെ നമ്പർ പറയു. ഞാൻ വീട്ടിൽ വിവരം പറയാം.’
“അതൊന്നും വേണ്ടമോളെ “
‘അതെന്താ അമ്മേ ? അവരെ അറിയിക്കണ്ടേ അവർ അമ്മയെ അന്വേഷിക്കില്ലേ?’
“ഇല്ല മോളേ. മക്കൾക്കൊരു ബാധ്യത ആയതുകൊണ്ടാണ് വീട്ടീന്ന് ഇറങ്ങിയത്. ഞാൻ ഇറങ്ങുന്നത് അവരൊക്കെ കണ്ടിരുന്നെങ്കിലും ആരും തിരിച്ചു വിളിച്ചില്ല. മോളിപ്പോൾ അവരെ അറിയിച്ചാലും അവരാരും വരത്തില്ല ഇവിടേക്ക്” ചുളിവ് വീണ കവിൾത്തടത്തിലൂടെ ഒഴുകിയ കണ്ണീർ തുടച്ചു അമ്മ പറഞ്ഞു നിർത്തി.
‘ഡോ കഴിഞ്ഞില്ലേ തന്റെ ഡ്യൂട്ടി ‘ ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി.
“അമ്മേ ഇതെന്റെ ഭർത്താവാണ് റോഷൻ. ഇവിടെ തന്നെ ഡോക്ടർ ആണ്. ” അകത്തേക്ക് കടന്നുവന്ന ആ യുവാവിനെ അവൾ പരിചയപ്പെടുത്തി.
“അമ്മ റസ്റ്റ് എടുക്കു നമ്മുക്ക് നാളെ സംസാരിക്കാം. എന്താവശ്യം ഉണ്ടെങ്കിലും ഡ്യൂട്ടി നഴ്‌സിനോട് പറഞ്ഞാൽ മതി. ഞാനും പറയാം അമ്മയെ ശ്രദ്ധിക്കാൻ. ശരി അമ്മേ ഞാൻ ഇറങ്ങട്ടെ അമ്മ ഉറങ്ങിക്കോളൂ……” അവൾ യാത്ര പറഞ്ഞിറങ്ങി.
പിറ്റേന്ന് അവൾ പതിവിലും നേരത്തെ ഹോസ്പിറ്റലിൽ എത്തി.
‘അമ്മേ ഇപ്പോ എങ്ങനെയുണ്ട് ? ബുദ്ധിമുട്ടെന്തേലും തോന്നുന്നുണ്ടോ ?’ ചെന്ന ഉടനെ അവൾ അമ്മയുടെ മുറിയിൽ എത്തി ചോദിച്ചു.
“ഇല്ല മോളേ. അപ്പോ ഇന്നെനിക്കിവിടുന്നു പോവാം അല്ല്യോ “
‘ങും പോകാം ‘
“മോളെന്നെ വല്ല അഗതിമന്ദിരത്തിലേക്കും കൊണ്ടുവിടാമോ. ഈ വയസാം കാലത്തു ഞാൻ പിന്നെവിടെ പോകാനാ. ഇനി കുറച്ചുകാലം കൂടിയല്ലേ ഉള്ളൂ അത് അവിടെ ജീവിച്ചു തീർത്തോളാം. വലിയ ആഗ്രഹങ്ങൾ ഒന്നും ബാക്കി ഇല്ല. വല്ലപ്പോളും മക്കളെയും കൊച്ചുമക്കളെയും ദൂരേന്നു കണ്ടാൽ മതി. “
‘അമ്മ റെഡിയായിക്കോളൂ നമ്മുക്ക് പോകാം ‘.
ആ ഫോട്ടോയും നെഞ്ചോടു ചേർത്ത് അമ്മ അവളെ പിന്തുടർന്നു. അവളുടെ ഭർത്താവു അമ്മയ്ക്ക് കാറിന്റെ ഡോർ തുറന്നു കൊടുത്തു അകത്തു കയറ്റി. ശേഷം അവരും കയറി യാത്ര തുടർന്നു.
ഷാൻഗ്രില്ല എന്നെഴുതിയ വലിയ മതിൽ കടന്നു കാർ ഒരു വീടിനു മുന്നിൽ നിർത്തി.
‘അമ്മേ ഇതാണ് ഞങ്ങളുടെ വീട്.’ അവൾ പറഞ്ഞു.
“മോളേ ഇവിടെ………?”
‘അമ്മേ, ഞാനും റോഷനും പഠിച്ചതും വളർന്നതും ഒരു ഓർഫനേജിൽ ആണ്. ഒരു അമ്മയുടെ സ്‌നേഹം കിട്ടാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. ക്ലാസ്സിലെ മറ്റുകുട്ടികൾ അമ്മയുടെ കൈയ്യും പിടിച്ചു സ്കൂളിൽ വരുമ്പോൾ ഒരുപാട് കരഞ്ഞിട്ടുണ്ട് കിട്ടാതെ പോയ ആ സൗഭാഗ്യത്തെ ഓർത്തു. വിധിയെ പഴിച്ചിട്ടുണ്ട് പലവട്ടം. പക്ഷേ ഇന്ന് ഞങ്ങളെ സ്നേഹിക്കാൻ ഒരുപാട് അമ്മമാർ ഉണ്ട് ഈ വീട്ടിൽ. പ്രസവിച്ചാൽ മാത്രമല്ല അമ്മയാവുക എന്ന് ഞങ്ങൾക്ക് മനസിലാക്കി തന്നവർ…….’ അവൾ പറഞ്ഞു നിർത്തി.
‘അതെ അമ്മേ ഇനി അവരോടൊപ്പം അമ്മയും വേണം ഞങ്ങളെ സ്നേഹിക്കാൻ. ഞങ്ങൾ എന്നും അമ്മയോടൊപ്പം ഉണ്ടാവും ഈ കൊച്ചു സ്വർഗത്തിൽ. ‘ അത്രയും പറഞ്ഞു റോഷൻ കാറിന്റെ ഡോർ തുറന്നു അമ്മയെ കൈപിടിച്ചിറക്കി.
നിറഞ്ഞ മിഴികൾ തുടച്ചു, അവരുടെ കയ്യിൽ പിടിച്ചു ആ അമ്മ വീടിന്റെ പടികൾ കയറി…….
~അപർണ