മനസ്സില്ലാ മനസ്സോടെ സുധി സമ്മതം മൂളിയിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓഫീസിലേക്ക് വീണ്ടും യാത്രയായി….

Story written by Saji Thaiparambu

===============

“സുധിയേട്ടാ..നിങ്ങളെവിടെത്തി?

ഓഫീസിലേയ്ക്ക് പോകും വഴി പ്രിയയുടെ ഫോൺ കോൾ അറ്റൻറ് ചെയ്യുകയായിരുന്നു സുധി.

“പ്രിയേ..ഞാൻ ഉടനെ ഓഫീസിൽ എത്തും. ഇവിടുന്ന് ഒരു പത്ത് മിനുട്ട് ഓട്ടം കൂടിയേ ഇനിയുളളു. “

സുധി പറഞ്ഞു.

“എങ്കിൽ അവിടെയെത്തിയിട്ട് എന്നെ വിളിക്കണേ?

പ്രിയയുടെ അപേക്ഷ

“എന്റെ പ്രിയേ…ഇനിയും ഞാൻ വിളിക്കണോ ? ഞാൻ വൈകിട്ട് തിരിച്ച് വീട്ടിലേക്ക് തന്നെയല്ലേ വരുന്നത് “

സുധിക്ക് കുറേശ്ശേ ദേഷ്യം വന്ന് തുടങ്ങിയിരുന്നു.

“അതൊക്കെ ശരിയാ, പക്ഷേ, എന്റെ ഒരു സമാധാനത്തിന്, വിളിച്ചില്ലേലും അവിടെത്തിയിട്ട്, ഒരു മിസ്ഡ് കോൾ ചെയ്താലും മതി”

അവൾ വീണ്ടും അവനോട് അഭ്യർത്ഥിച്ചു.

“ഉം ശരി, ശരി”

മനസ്സില്ലാ മനസ്സോടെ സുധി സമ്മതം മൂളിയിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓഫീസിലേക്ക് വീണ്ടും യാത്രയായി.

പോകുന്ന വഴി അയാളുടെ ചിന്ത മുഴുവനും പ്രിയയെ കുറിച്ചായിരുന്നു.

വിവാഹം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയതാ അവളുടെ ഈ ഉത്ക്കണ്ഠ

താൻ പുറത്തേക്കിറങ്ങിയാൽ പിന്നെ തിരിച്ച് വീട്ടിലെത്തുംവരെ അവൾക്ക് ഒരു സമാധാനവും കാണില്ല.

ആദ്യമൊക്കെ താൻ കരുതിയത് തന്നെ കുറിച്ച് എന്തെങ്കിലും സംശയം തോന്നിയിട്ടാവും ഇടയ്ക്കിടെ ഇങ്ങനെ വിളിച്ച് അന്വേഷിക്കുന്നതെന്നാണ്.

പക്ഷേ, പിന്നീടൊരിക്കൽ താൻ മക്കളെയും കൊണ്ട് സ്കൂളിലേക്ക് പോയപ്പോഴും അവൾ ഇതേ ഉത്ക്കണ്ഠയും വെപ്രാളവും ഒക്കെ പ്രകടിപ്പിച്ചു.

അപ്പോഴാണ്, അവൾക്ക് തന്നെയും, മക്കളെയും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് മനസ്സിലായത്.

അങ്ങനെ ഓരോന്നാലോചിച്ച് ഓഫീസിന് മുന്നിലെത്തിയത് അറിഞ്ഞില്ല

ബൈക്ക് സ്റ്റാന്റിലിട്ട് ഇറങ്ങി ഓഫീസിലേക്ക് കയറിയപ്പോഴേക്കും വീണ്ടും പ്രിയ വിളിച്ചു.

“ങ്ഹാ, പ്രിയേ..ഞാനിവിടെയെത്തി, ഇനി ഉച്ചയ്ക്ക് ചോറ് കഴിച്ചിട്ട് ഞാനങ്ങോട്ട് വിളിച്ചോളാം, ദയവ് ചെയ്ത് അതിനിടയ്ക്കെങ്ങും എന്നെ വിളിച്ചേക്കല്ലേ ? ഓഫീസിലുള്ള മറ്റ് സ്റ്റാഫുകളൊക്കെ എന്നെ കളിയാക്കുവാ നിന്റെയീ സ്വഭാവം കാരണം, അറിയുമോ നിനക്ക് “

സുധി കുറച്ച് കാർക്കശ്യത്തോടെ തന്നെ പറഞ്ഞു.

“ഉം..ഇല്ല “

ഒരു മൂളലിൽ മറുപടി പറഞ്ഞ് അവൾ ഫോൺ വച്ചപ്പോൾ അത്രയ്ക്ക് വേണ്ടിയിരുന്നില്ല എന്ന് സുധിക്ക് തോന്നി.

ആഹ് ,സാരമില്ല..ഇടയ്ക്കെങ്കിലും അവളോട്, പരുക്കനായില്ലെങ്കിൽ തന്നോടും, മക്കളോടുമുള്ള സ്നേഹ കൂടുതൽ കൊണ്ടവൾക്ക് ചിലപ്പോൾ, മനോനില തന്നെ.തെറ്റിയെന്നിരിക്കും.

ലഞ്ച് ബ്രേക്ക് കഴിഞ്ഞ് പ്രിയയുടെ കോൾ പ്രതീക്ഷിച്ച് അയാൾ ഓഫീസിന് പുറത്തെ വാകമരത്തണലിൽ കുറച്ച് നേരം നിന്നു

പക്ഷേ രണ്ട് മണി കഴിഞ്ഞിട്ടും അവൾ വിളിച്ചില്ല.

ഓഹ് രാവിലെ താൻ കുറച്ച് കനപ്പിച്ച് പറഞ്ഞതിന്റെ പിണക്കത്തിലായിരിക്കും.

അത് ഇടയ്ക്ക് ഉള്ളതാ, ഇനി വീട്ടിൽ ചെല്ലുമ്പോൾ മുഖം ഒരു കുട്ടയോളം കാണും.

അത് കാണുമ്പോൾ, താൻ ചെന്ന് സോപ്പിടും എന്ന് കരുതി, പുള്ളിക്കാരി കുറച്ച് വെയ്റ്റ് ചെയ്യും.

പക്ഷേ ,താനാണെങ്കിൽ ബലം പിടിച്ചങ്ങനെയിരിക്കും,.അവസാനം തോല്‌വി സമ്മതിച്ച് ,അവൾ തന്നെ ചായയുമായി തന്റെ അരികത്തിരുന്നു, അന്നത്തെ വിശേഷങ്ങൾ ചോദിക്കും.

അത്രയേ ഉള്ളു അവളുടെ പിണക്കം.

ഉള്ളിലൊരു ചിരിയോടെ അതോർത്ത് കൊണ്ട് അയാൾ തന്റെ ജോലിയിൽ വ്യാപൃതനായി.

രാത്രി…

കുട്ടികളെ അടുത്ത മുറിയിൽ ഉറക്കി കിടത്തി ഒരിക്കൽ കൂടി അവരുടെ മുഖത്തേയ്ക്ക് വാത്സല്യത്തോടെ നോക്കി നിന്നിട്ട് പ്രിയ മാസ്റ്റർബെഡ് റൂമിലേക്ക് വന്നു.

“കണ്ടോ, സുധിയേട്ടാ…നിങ്ങളോട് ഞാനെത്ര തവണ പറഞ്ഞിരിക്കുന്നു, സി ഗററ്റ് വലിക്കരുതെന്ന്. കേൾക്കില്ല അല്ലേ? “

അവൾ സുധിയെ ശാസിച്ച് കൊണ്ടാണ് അകത്തേയ്ക്ക് വന്നത്.

“എടീ ഒന്നു പതുക്കെ, കുട്ടികൾ, ഉറങ്ങിയത് കൊണ്ടാ ,അവരറിയാതെ ഒന്ന് പുകച്ചത്. സ്ഥിരമില്ലല്ലോ?വല്ലപ്പോഴുമൊരെണ്ണം “

അയാൾ തന്റെ ഭാഗം ന്യായീകരിച്ചു.

“മതിയല്ലോ ക്യാ ൻ.സറുണ്ടാകാൻ ഈ വല്ലപ്പോഴുമുള്ള ഒന്ന് തന്നെ ധാരാളം “

അവൾ വിടാൻ ഭാവമില്ലായിരുന്നു.

“ഓഹ് , ഞാൻ ദേ നിറുത്തി, പോരെ.”

അയാൾ പാതിയെരിഞ്ഞ സി ഗര റ്റ്, കുത്തിക്കൊടുത്തി, ജനലിലൂടെ വെളിയിലേക്കെറിഞ്ഞു.

“സുധിയേട്ടാ, എന്നോട് ദേഷ്യാണോ?”

കട്ടിലിൽ മലർന്ന് കിടന്ന് ഫാനിലേക്ക് നോക്കി കിടന്ന സുധിയോട് അവൾ ചോദിച്ചു.

“ഏയ് “

ഇല്ലെന്ന അർത്ഥത്തിൽ അയാൾ പറഞ്ഞു.

“എനിക്ക് പേടിയാ സുധിയേട്ടാ, അതാ ഞാനിങ്ങനൊക്കെ…സുധിയേട്ടന് എന്തേലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.”

അവൾ ഇടത്തേക്ക് ചരിഞ്ഞ് സ്നേഹവായ്പ്പോടെ അയാളെ വട്ടം കെട്ടിപ്പിടിച്ചു.

“പിന്നേയ്, അതൊക്കെ നിനക്കിപ്പോൾ തോന്നുന്നതാ…ഞാൻ മരിച്ചാൽ നമ്മുടെ മക്കളെ വളർത്തി വലുതാക്കേണ്ടത് നിന്റെ ചുമതലയാ…അല്ലാതെ പെട്ടെന്നുള്ള വികാരക്ഷോഭത്തിൽ, എന്നോടൊപ്പം നീയും മരണത്തിന് കീഴടങ്ങുകയല്ല, വേണ്ടത്. ഇനിയെങ്കിലും, പ്രാക്ടിക്കലായി ചിന്തിക്കൂ, പ്രിയേ “

അയാൾ അവളെ ഉപദേശിച്ചു.

“ഇല്ല സുധിയേട്ടാ, നിങ്ങൾക്കറിയില്ലാ ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് , അത് ഞാനെങ്ങനെ പറഞ്ഞ് മനസ്സിലാക്കും, അറിയില്ലെനിക്ക് “

നിസ്സഹായതയോടെ അവൾ പറഞ്ഞ് നിർത്തിയപ്പോൾ അവളെ തന്നിലേക്ക് ചേർത്ത് വച്ച് അയാൾ ആ നെറ്റിയിൽ അമർത്തി ചുംബിച്ചു.

“ഇല്ല, പ്രിയേ…നിന്നെ ഒറ്റക്കാക്കി ഞാൻ, എങ്ങോട്ടും പോകില്ല, പോരെ ,നീ സമാധാനമായി കിടന്നുറങ്ങിക്കോ, നാളെ നേരത്തേ എഴുന്നേല്ക്കണ്ടതല്ലേ?”

അയാൾ തന്റെ വലത് കൈത്തണ്ടയിൽ അവളെ കിടത്തി നീണ്ട മുടിയിഴകളിൽ അരുമയായി തഴുകി

രാത്രി പാതിയാകുമ്പോഴേക്കും അവർ രണ്ട് പേരും ഉറക്കത്തിലേക്ക് ഊളിയിട്ടിരുന്നു.

“അമ്മേ…അച്ഛാ…”

കുട്ടികൾ കതകിൽ തട്ടി വിളിക്കുന്നത് കേട്ടാണ് സുധീഷ് ഉറക്കമുണരുന്നത്.

മുറിയാകെ, വെളിച്ചം പരന്നിരിക്കുന്നു.

ഈശ്വരാ..നേരം ഒരു പാടായിരിക്കുന്നു .

ഇന്നലെ അലാറം വയ്ക്കാൻ മറന്നല്ലോ എന്ന് ,അപ്പോഴാണ് അയാൾ ഓർത്തത്.

അയാൾ പ്രിയയെ മറികടന്ന് ചെന്ന് വാതിൽ തുറന്നു കൊടുത്തു.

“അമ്മ ഇത് വരെ എഴുന്നേറ്റില്ലേ അച്ഛാ?

മക്കളുടെ ചോദ്യം

“ഇല്ല മക്കളേ…അമ്മ ദിവസവും അതിരാവിലെ എഴുന്നേല്കുന്നതല്ലേ, കുറച്ച് കൂടെ കിടന്നോട്ടെ ,നമുക്ക് പല്ല് തേച്ച് ,കാപ്പിയിട്ടോണ്ട് വന്നിട്ട് അമ്മയെ വിളിക്കാം. ഒരു സർപ്രൈസ് “

സുധീഷ് മക്കളോട് പറഞ്ഞിട്ട് ബാത്റൂമിലേക്ക് കയറി.

കാപ്പിയിട്ട്, മക്കൾക്ക് രണ്ട് പേർക്കും ടേബിളിന്റെ മേൽ വച്ച് കൊടുത്തിട്ട് രണ്ട് കപ്പ് കാപ്പിയുമായി, അയാൾ ബെഡ് റൂമിലേക്ക് വന്നു.

കാപ്പി മേശപ്പുറത്ത് വച്ചിട്ട്, നനഞ്ഞ കൈകൾ രണ്ടും അവളുടെ മുഖത്തിന് നേരെ പിടിച്ച് കുസൃതിയോടെ കുടഞ്ഞു.

ഇപ്പോൾ അവൾ, കണ്ണ് തുറക്കുമ്പോൾ അവളെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി അയാൾ കാത്ത് നിന്നു.

പക്ഷേ മുഖത്ത് വെള്ളത്തുള്ളികൾ വീണിട്ടും, അവൾ നല്ല ഉറക്കത്തിലാണല്ലോ എന്നോർത്തപ്പോൾ അയാൾക്ക് ചെറിയ കുശുമ്പ് തോന്നി.

“പ്രിയേ…എന്തൊരൊറക്കമാടീ ഇത്, എനിക്കും, പിള്ളേർക്കും പോകേണ്ടതാണെന്ന് നിനക്കറിയില്ലേ പോ ത്ത് പോലെ കിടന്നുറങ്ങിക്കോളും “

അയാൾ തെല്ലുറക്കെ തന്നെ പറഞ്ഞു.

എന്നിട്ടും യാതൊരു കൂസലുമില്ലാതെ, അവൾ കിടക്കുന്നത് കണ്ടപ്പോൾ, അയാൾക്ക് ഒരു പന്തികേട് തോന്നി

അവളുടെ അരികിൽ കട്ടിലിൽ ഇരുന്ന് കൊണ്ട് അയാൾ പ്രിയയുടെ കവിളിൽ തട്ടി വിളിച്ചു.

പ്രിയേ…എഴുന്നേല്ക്കെടീ..

ആ, കവിൾ തടം നന്നായി തണുത്തിരിക്കുന്നു.

അയാളുടെ ഉള്ളിലൂടെ ഭീതിയുടെ തേരട്ടകൾ അരിച്ചിറങ്ങി.

പ്രിയേ…..

അയാൾ അലറി വിളിച്ചു.

പക്ഷേ, ആ കൺപോളകൾ ചലിച്ചില്ല.

അയാളുടെ അലർച്ചകേട്ട് ചലനമറ്റ ആ ശരീരം വിറകൊണ്ടതുമില്ല…

~സജിമോൻ തൈപറമ്പ്.