വയറ് പരിശോധിക്കുന്നതിനിടയിൽ ഡോ: അവളെ ശാസിച്ച് കൊണ്ട് ചോദിച്ചു…

Story written by Saji Thaiparambu

==================

“കൈ കുത്തിക്കയറ്റി ഉള്ളിൽ കെടക്കണ കൊച്ചിനെ വേദനിപ്പിക്കല്ലേ രമ്യേ..”

സാരിയുടെ മുന്താണി ഞൊറിഞ്ഞെടുത്ത് അടി പ്പാവാ ടയ്ക്കുള്ളിൽ തിരുകി വയ്ക്കുമ്പോൾ സതീശൻ പറഞ്ഞു.

“ഓഹ്, അത്രയ്ക്ക് വേദനയാണെങ്കിൽ, ഞാൻ പറഞ്ഞതാണല്ലോ ചുരിദാറിടാമെന്ന്, സതി യേട്ടനല്ലേ നിർബന്ധം ഞാൻ, സാരി തന്നെ ഉടുക്കണമെന്ന് “

രമ്യ പറഞ്ഞത് ശരിയാ സതീശന് സാരിയോടാണ് മമത.

എന്തോ പണ്ട് മുതലേ സാരിയുടുത്ത സത്രീകളെ അയാൾ, സാകൂതം വീക്ഷിക്കുമായിരുന്നു.

അത് കൊണ്ട് തന്നെ രമ്യയെ പെണ്ണ് കാണാൻ ചെന്നപ്പോഴെ, സതീശൻ, രമ്യയോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളു.

സാരിയുടുക്കാൻ അറിയുമോ എന്ന്.

TTC ക്ക് പഠിക്കാൻ പോയിരുന്നത് കൊണ്ട്, രമ്യയ്ക്ക് നല്ല ഭംഗിയായ് സാരിയുടുക്കാൻ അറിയാമായിരുന്നു.

പിന്നെ വേറെ ഡിമാൻറുകളൊന്നുമില്ലാതെ ആ വിവാഹം ഉറപ്പിച്ചു.

ഇന്നിപ്പോൾ വിവാഹം കഴിഞ്ഞ് ആദ്യ വാർഷികമാണ്.

രമ്യ എട്ട് മാസം ഗർഭിണിയും.

അവൾ, ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ സതീശൻ അവളെ വളരെ ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്.

“ങ്ഹാ, സതി യേട്ടാ ചെക്കപ്പ് കഴിഞ്ഞ് നമുക്ക് ബീച്ചിലും പാർക്കിലുമൊന്ന് കറങ്ങിയിട്ട് വരാമേ”

രമ്യ പറഞ്ഞു.

“ങാ പോകാം നീയൊന്ന് വേഗമിറങ്ങാൻ നോക്ക് “

സതീശൻ ധൃതിവച്ചു.

ഡോക്ടറുടെ വീട്ടിലെത്തുമ്പോൾ അവിടെ ഒരു ഉത്സവത്തിനുള്ള ആളുണ്ട്.

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം രമ്യയുടെ ഊഴമെത്തി.

“അകത്തേക്ക് കയറിക്കോളു”

അടഞ്ഞ വാതിൽ തുറന്ന് പിടിച്ച് കൊണ്ട് ഡോക്ടറുടെ അസിസ്റ്റന്റ് പറഞ്ഞു.

“വരു ,സതിയേട്ടാ… “

രമ്യ സതീശന്റെ കൈ പിടിച്ച് അകത്തേക്ക് കയറി.

“ആ, ബെഡ്ഡിൽ കയറി കിടക്കു”

ഡോ: മേഴ്സിക്കുട്ടി പറഞ്ഞു.

“ഇതെന്തിനാ,.രമ്യേ..ഈ സ്കെർട്ട്, ഇത്രേം വരിഞ്ഞ് മുറുക്കി വച്ചിരിക്കന്നത്…”

വയറ് പരിശോധിക്കുന്നതിനിടയിൽ ഡോ: അവളെ ശാസിച്ച് കൊണ്ട് ചോദിച്ചു.

“അത്..ഡോക്ടർ…സാരി അഴിഞ്ഞ് പോകുമെന്ന പേടി കൊണ്ടാ”

അവൾ ഭീതിയോടെ പറഞ്ഞു.

“എന്നാൽ പിന്നെ ചുരിദാറിട്ടാൽ പോരെ?”

ഡോക്ടർ ഒരു ഉപാധി പറഞ്ഞു കൊടുത്തു.

“അത് പിന്നെ…സതിയേട്ടന് നിർബന്ധമാ ഞാൻ സാരിയുടുക്കണമെന്ന് “

രമ്യ പതിയെ സതീശനെ പഴിചാരി.

“ആഹാ, അത് കൊള്ളാമല്ലോ…എന്റെ ഭർത്താവ് നേരെ തിരിച്ചാ, ഞാൻ സാരിയുടുത്താൽ എന്റെ വയറ് മറ്റുള്ളവര് കാണുമെന്ന് പറഞ്ഞ് എന്നെ കൊണ്ട് സാരി ഉടുപ്പിക്കത്തേയില്ല”

ഡോക്ടർ പാതി തമാശയോടെ, അഭിമാനത്തോടെ പറഞ്ഞു.

അത് വളരെ ശരിയാണെന്ന് രമ്യക്ക് പലതവണ തോന്നിയിട്ടുള്ളതാണ്.

പക്ഷേ സതിയേട്ടനോട് അതൊന്നും ഇതുവരെ പറഞ്ഞിട്ടില്ല.

“രമ്യേ.. 28 ന് അഡ്മിറ്റാകാനല്ലേ ഡോ: പറഞ്ഞത്. ബീച്ചിൽ നിന്ന് തിരിച്ച് വരുമ്പോൾ നമുക്ക് w and c ഹോസ്പിറ്റലിൽ കയറി പേ വാർഡ് ബുക്ക് ചെയ്യാം കേട്ടോ “

ചെക്കപ്പ് കഴിഞ്ഞിട്ട് പുറത്തിറങ്ങുമ്പോൾ സതീശൻ രമ്യയോട് പറഞ്ഞു.

“അത് വേണോ സതിയേട്ടാ..അതിനൊക്കെ ഒത്തിരി പൈസയാവില്ലേ?”

ഉള്ളിൽ സന്തോഷമായിരുന്നെങ്കിലും ഒരു ഫോർമാലിറ്റിക്കായി അവൾ ചോദിച്ചു.

“പിന്നെ…അത് വേണം, അത് വേണം.

സതീശൻ ,ബൈക്ക് ബീച്ചിനെ ലക്ഷ്യമാക്കി വിട്ടു.

“സതിയേട്ടാ..ഒന്ന് പതിയെ..എന്ത് സ്പീഡാ ഇത്, നമ്മൾ രണ്ട് പേരല്ല, ഇപ്പോൾ മൂന്ന് പേരുണ്ട് കേട്ടോ “

അവൾ പേടിയോടെ സതീശനെ മുറുകെ പിടിച്ചു.

പെട്ടെന്ന് ബൈക്ക് ഒന്നു പാളി.

സതീശന്, ബൈക്ക് നിയന്ത്രിക്കാൻ കഴിയുന്നതിന് മുമ്പ്.എടുത്തടിച്ചത് പോലെ, രമ്യ റോഡിലേക്ക് തെറിച്ച് വീണു.

രമ്യയുമായി ബൈക്ക് റോഡിലൂടെ ഞരങ്ങി നീങ്ങി.

സതീശൻ ചാടിയെഴുന്നേറ്റ് രമ്യയെ കോരിയെടുക്കുമ്പോൾ അവളുടെ ഞരക്കം അവന്റെ ഹൃദയം തകർത്തു

ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റുമ്പോൾ ബ്ലീ ഡിങ്ങ് ശക്തമായിരുന്നു.

***************

“ദൈവകൃപയാൽ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞു”

ഓപ്പറേഷൻ തീയറ്ററിന് വെളിയിലെ കസേരയിൽ തല കുനിച്ചിരുന്ന സതിശന്റെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു.

“അപ്പോൾ എന്റെ രമ്യയോ ഡോക്ടർ ” ?

സതീശൻ ഉത്ക്കണ്ഠയോടെ ചോദിച്ചു.

“രമ്യയുടെ പരുക്ക് അല്പം ഗുരുതരമാണ്,.നട്ടെല്ലിന് കാര്യമായ ക്ഷതമുണ്ട്, ദീർഘനാളത്തെ ചികിത്സ വേണ്ടി വരും അവളിനിയൊന്ന് റിക്കവറി ചെയ്യാൻ, അത് വരെ ബഡ്ഡിൽ നിന്ന് അനങ്ങാൻ കഴിയില്ല “

ഡോക്ടറുടെ വാക്കുകൾ സതീശനെ തളർത്തി.

ഡിസ്ചാർജ് ചെയ്യുന്ന ദിവസം സതീശന്റെ അമ്മ പറഞ്ഞു.

“സതീശാ, രമ്യയെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നതല്ലേ നല്ലത്, അതാകുമ്പോ അവിടെ അവളെ നോക്കാനായി, ഒരു പാട് പേരുണ്ട്, നമ്മുടെ വീട്ടിലാണങ്കിൽ വയസ്സായ എന്നെ കൊണ്ട് ഒന്നിനുo കൊള്ളില്ലെന്ന് നിനക്കറിയാല്ലോ?”

“അത് വേണ്ടമ്മേ, അവളുടെ ഈ ദുരവസ്ഥയ്ക്ക് കാരണം, ഞാനല്ലേ ?അത് കൊണ്ട് ഞാൻ നോക്കിക്കൊള്ളാം അവളെ .”

ങ്ഹാ പിന്നെ കുഞ്ഞിനെ കുളിപ്പിക്കാനും മറ്റും ഒരു ഹോം നഴ്സിനെ വയ്ക്കാം, എന്ത് പറയുന്നമ്മേ”

സതീശൻ അമ്മയോട് ചോദിച്ചു

“ങ്ഹാ എന്താന്ന് വച്ചാൽ നീ ചെയ്യ്.”

***************

“ആഹ് ,സതിയേട്ടാ..ഒന്ന് പതിയെ “

രമ്യയെ ഉടുമുണ്ട് മാറ്റിയുടുപ്പിക്കുമ്പോൾ, സിസ്സേറിയൻ ചെയ്ത മുറിവിൽ അവന്റെ കൈ തട്ടിയപ്പോൾ അവൾ പുളഞ്ഞു പോയി.

“എന്തിനാ സതിയേട്ടാ, ഇങ്ങനെ കിടന്ന് പെടാപാട് പെടുന്നത്, എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിയിരുന്നെങ്കിൽ ഇതൊക്കെ അവര് ചെയ്യില്ലാരുന്നോ? സതിയേട്ടന് ഇതിന്റെ വല്ല കാര്യവുമുണ്ടാരുന്നോ ?”

രമ്യയുടെ ചോദ്യം അവനെ ചൊടിപ്പിച്ചു.

“ദേ രമ്യേ, മിണ്ടാതിരുന്നോ? അല്ല ഞാനൊന്ന് ചോദിക്കട്ടെ ? എനിക്കാണ് ഈ ഗതി വന്നിരുന്നതെങ്കിൽ, നീ എന്നെ ഇവിടെ ഉപേക്ഷിച്ചിട്ട്, നിന്റെ വീട്ടിൽ പോയി നില്ക്കു മാരുന്നോ? “

സതീശന്റെ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

“അത് പിന്നെ..ഞാൻ സതിയേട്ടനില്ലാതെ, ഒറ്റയ്ക്ക് എങ്ങോട്ടും പോകില്ല”

അവൾ തറപ്പിച്ച് പറഞ്ഞു.

“ങാഹ് ,അത് പോലെ തന്നെയാ എനിക്കും, നീയില്ലാതെ പിന്നെ എനിക്കെന്ത് ജീവിതം…നീയൊന്ന് എഴുന്നേറ്റ് നടക്കാൻ തുടങ്ങീട്ട് വേണം, രണ്ട് മൂന്ന് പുതിയ സാരികൾ, കൂടി വാങ്ങാൻ “

സതീശൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഒഹ്, എന്റെ സതിയേട്ടാ..നിങ്ങടെ ഒരു സാരി പ്രേമം”

ഹ ഹ ഹ…

സതീശൻ അത് കേട്ട് പൊട്ടിച്ചിരിച്ചു.

ആ ചിരിയിൽ രമ്യയുടെ വേദനകൾ അലിഞ്ഞില്ലാതായി.

~സജിമോൻ തൈപറമ്പ്