പഴയ ടീച്ചർ ആയതു കൊണ്ടാവാം പുറകെ നടന്നു കാര്യങ്ങൾ പഠിപ്പിക്കുകയാണ് അമ്മായിയമ്മ…

ഒരു മഹത്തായ അടുക്കള

Story written by Remya Bharathy

===============

“ആ പാത്രം ഒന്നൂടെ സോപ്പിട്ടു കഴുകിയിട്ട് എടുക്കു…”

“അത് അമ്മേ ഞാൻ കുറച്ചു മുന്നേ കഴുകി വെച്ചതാണ്…”

“ന്നാലും കഴുകിക്കോളൂ. ഇവിടത്തെ ശീലങ്ങൾ ഇങ്ങനെ ഒക്കെയാണ്. കുറച്ചു വൃത്തി ഉണ്ടായി എന്ന് വെച്ചു തരക്കേടൊന്നും ഇല്ല…”

“വെള്ളത്തിൽ കഴുകിയാൽ പോരെ? വീണ്ടും സോപ്പിടണോ?”

“വേണം…ഇവിടെ സോപ്പ് വാങ്ങാൻ പഞ്ഞമൊന്നും ഇല്ല…ആർക്കറിയാം വല്ല ഈച്ചയോ പാറ്റയോ പല്ലിയോ ഒക്കെ വന്നു കേറിയോ എന്ന്…”

‘ഇത് ലേശം അധികമല്ലേ?’ എന്നു മനസ്സിൽ പറഞ്ഞെങ്കിലും പുറമേക്ക് പറഞ്ഞില്ല. വന്നു കയറിയതിന്റെ  രണ്ടാമത്തെ ആഴ്ച തന്നെ അമ്മയിയമ്മയുമായി വഴക്കുണ്ടാക്കി എന്ന ചീത്തപ്പേര് വേണ്ടല്ലോ…

അധിക കാലം സാധിക്കുമോ എന്നറിയില്ലെങ്കിലും പറ്റുന്നിടത്തോളം നല്ല നടപ്പ് നടന്നേക്കാം…

പഴയ ടീച്ചർ ആയതു കൊണ്ടാവാം പുറകെ നടന്നു കാര്യങ്ങൾ പഠിപ്പിക്കുകയാണ് അമ്മായിയമ്മ, അല്ല, അമ്മ…അങ്ങനെ കാണണം എന്നാണല്ലോ…

ഒരു നിമിഷം വീട്ടിലെ അമ്മയെ ഓർത്തു…

“എടി, അത് അങ്ങനെയല്ല, ഇങ്ങനെ ചെയ്യണം…”

“ആണോ, എന്നാ ദാ അമ്മ തന്നെ ചെയ്തോ ട്ടോ. ഞാൻ പോവാ…”

അറിയാതെ എവിടെയോ നിന്ന് ഒരു നെടുവീർപ്പ് വന്നു…

കല്യാണത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞു വിരുന്നുകാരൊക്കെ പോയി. നാത്തൂനും കുടുംബവും ഉച്ചയ്ക്കാണ് പോയത്. ഇപ്പോ വീട്ടിൽ അച്ഛനും അമ്മയും അവനും അവളും മാത്രം…നാത്തൂൻ ഉണ്ടായിരുന്നപ്പോൾ കുറച്ചൊരു സമാധാനം ഉണ്ടായിരുന്നു. ഒന്നുമില്ലേലും സമപ്രായമല്ലേ…കുറച്ചൊക്കെ ഭരിക്കാൻ വരുമെങ്കിലും ജോലികൾ എല്ലാം ചെയ്യാൻ കൂടെ കൂടും. ചിലപ്പോ വന്നു കേറിയല്ലേ ഉള്ളു എന്നതിന്റെ ഒരു അനുകമ്പയാവും…

“അമ്മേ ഈ കറി പകർത്താനുള്ള ബൗൾ….?”

“അതൊക്കെ ആ സ്റ്റീൽ ചെരുവത്തിൽ വെച്ചാ മതി. വിരുന്നുകാരു വരുമ്പോ മാത്രമേ ഇവിടെ അങ്ങനത്തെ പാത്രം ഒക്കെ ഉപയോഗിക്കു. അല്ലാത്തപ്പോ ഇതൊക്കെ മതി…”

ഷോ കേസിൽ ഇരിക്കുന്ന സെറാമിക് പാത്രങ്ങൾ അവളെ നോക്കി പല്ലിളിച്ചു…

പഴയ കുറെ സ്റ്റീൽ പാത്രങ്ങൾ. മങ്ങിയത്, ചളുങ്ങിയത്…ഇത്രയൊക്കെ ദാരിദ്ര്യം ഇവിടെ ഉണ്ടോ? ചിലപ്പോ നൊസ്റ്റു ആവും. വെറുതെ തലയിടണ്ട. നമ്മുടെ വീട്ടിലെ പോലെ പഴകിയ പാത്രങ്ങൾ ജോലിക്ക് വരുന്നവർക്ക് കൊടുക്കുന്ന ശീലമൊന്നും ഇവിടെ കാണില്ല…ഓരോ വീടിനും ഓരോ ശീലങ്ങൾ.. എന്നാണല്ലോ അമ്മ പറഞ്ഞു വിട്ടത്….

“ഓരോ വീടിനും ഓരോ രീതികൾ ഉണ്ടാവും. ഒന്നുകിൽ ആ വീട് വെച്ചു താമസമായ കാലം തൊട്ട്. അല്ലേൽ ആ സ്ത്രീ വന്നു കയറിയ കാലം തൊട്ട് ഉള്ള ശീലങ്ങൾ. പുതുതായി വന്നു കയറുന്ന ഒരാൾ അത് മാറ്റാൻ ശ്രമിച്ചാൽ എല്ലാർക്കും അത് അംഗീകരിക്കാൻ പറ്റണം എന്നില്ല. പ്രത്യേകിച്ചും പ്രായമായവർക്ക്…

എല്ലാത്തിലും മാറ്റങ്ങൾ കാണും. ഒരേ കറി വെക്കുന്ന രീതിയിൽ പോലും..എന്നു വെച്ചു എല്ലാം സഹിച്ചു നിൽക്കണം എന്നല്ല. വലിയ ബുദ്ധിമുട്ട് ഇല്ലാത്ത കാര്യങ്ങൾ അതുമായി ഒത്തു പോകാൻ നമ്മൾ സ്വയം ശ്രമിക്കണം. പൊതുവെ സ്ത്രീകൾ കുറച്ചു ഫ്ലെക്സിബിൾ ആണ്. അതു കൊണ്ടു തന്നെ ഇത് കുറച്ചു എളുപ്പമാണ്. ചിലത് ഒട്ടും അഡ്ജസ്റ് ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ തുറന്നു പറയണം. കുറ്റപ്പെടുത്താത്ത രീതിയിൽ.

എല്ലാം മാനേജ് ചെയ്യാൻ പഠിക്ക്. അതും ഒരു എക്സ്പീരിയൻസ് ആണല്ലോ. ഒരു പുതിയ ജോലി സ്ഥലത്ത് പുതിയ ബോസിന്റെ കീഴെ ജോലി ചെയ്യാൻ പോകുന്നത് പോലെ കരുതിയാൽ മതി. പരസ്പരം പ്രശ്നങ്ങളും മനസ്സിൽ സംഘർഷങ്ങളും ഇല്ലാതെ ഇരുന്നാൽ സമാധാനമായി ജീവിക്കാം…”

അമ്മ പറഞ്ഞതും ഓർത്തു ഇരിക്കുമ്പോൾ ആണ് അകത്തു നിന്നും ഒരു വിളി…

“അനു, എന്റെ ചായ എവിടെ? ” ഭർത്താവാണ്. അപ്പോഴാണ് ഓർത്തത്, ചായ ഉണ്ടാക്കാൻ വേണ്ടി വന്നതാണ്..അതിനിടെയാണ് ഇവിടത്തെ പണികളിൽ പെട്ടു പോയത്. ചായ ഉണ്ടാക്കിയത് അടുക്കളയിൽ തന്നെ ഇരിക്കാ…”

“അനന്തുവേട്ടാ ചായ ഇവിടെ ഇരിക്കുന്നുണ്ട്. എടുത്തോളൂ….” അറിയാതെ പറഞ്ഞു പോവുകയും മറുപടിയായി അകത്തു നിന്ന് ഒരു “ഹാ” കേൾക്കുകയും ചെയ്‌തെങ്കിലും, ഒന്നു തിരിഞ്ഞപ്പോൾ കണ്ട അമ്മായിയമ്മയുടെ മുഖം കണ്ടു ഞെട്ടി…

“ചായ ഇവിടെ വന്ന് എടുക്കാനോ? ഭർത്താവിന് ഉള്ളത് ഒക്കെ അങ്ങോട്ട് കൊണ്ടു പോയി കൊടുക്കണം എന്നു ആരും പറഞ്ഞു തന്നില്ലേ?”

“അല്ല, ഞാൻ അടുപ്പത്ത് ഉള്ളത് ശ്രദ്ധിക്കുകയായത് കൊണ്ട്….”

“അടുപ്പ് അങ്ങോട്ട് ഓഫ് ആക്കണം…എന്നിട്ട് കൊണ്ട് പോയി കൊടുക്കണം. ഇതൊന്നും ആരും പറഞ്ഞു തന്നിട്ടില്ലേ? ഉദ്യോഗസ്ഥയാണ് എന്നതിന്റെ അഹങ്കാരമാണോ? ഞാനും ജോലിക്കാരിയായിരുന്നു. ഇവിടത്തെ അച്ഛൻ കൃഷിയും കാര്യങ്ങളും നോക്കി വീട്ടിൽ ഇരിക്കുന്ന ആളായിട്ടു പോലും ഞാൻ അച്ഛനെ കൊണ്ട് ഇതു വരെ ഒന്നും ചെയ്യിച്ചിട്ടില്ല…എല്ലാം ചെയ്തു വെച്ചു രാവിലെ സ്കൂളിൽ പോയാലും ഉച്ചയാവുമ്പോൾ ഞാൻ വരും അച്ഛന് ഭക്ഷണം എടുത്തു കൊടുക്കാൻ…”

‘ആഹാ അടിപൊളി…അതെന്താ അച്ഛൻ കുഞ്ഞുവാവയാണോ?.വേണ്ട ചോദിക്കണ്ട. എന്തിനാ വെറുതെ….’

അമ്മ നിർത്താനുള്ള ഭാവമില്ല.

“….ദൂരേക്ക് ഒരിടത്തേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ ഗവണ്മെന്റ് ജോലി കളഞ്ഞു ഇവിടത്തെ എയ്‌ഡഡ്‌ സ്കൂളിൽ ഞാൻ ചേർന്നത് തന്നെ അച്ഛനേം മക്കളേം നോക്കാനാ…പണിക്കാരികളെ ഒന്നും ഞാൻ അകത്തേക്ക് കയറ്റില്ലായിരുന്നു. നമ്മടെ വീട്ടിലെ പണികൾ നമ്മൾ തന്നെ എടുക്കണം. ഇപ്പൊ നടുവേദന വന്നത് കൊണ്ടാണ് അടിച്ചു തുടയ്ക്കാൻ ആ പെണ്ണിനെ വെച്ചത് തന്നെ…ന്നാലും അടുക്കളയിലെ പണി ഞാൻ അവളെകൊണ്ടു ചെയ്യിക്കില്ല…”

‘വൗ…ഓഹോ… അപ്പൊ ഞാൻ ഇവിടെ സ്ഥിര താമസം ആണേൽ അതു ഞാൻ ചെയ്യണമായിരുന്നു എന്ന്…’ ജോലിയൊന്നും വേണ്ടാന്നു മടി പിടിച്ചു ഇരുന്ന എന്നെ പിടിച്ചു ഉന്തി തള്ളി ജോലിക്ക് വിട്ട സ്വന്തം അച്ഛനോടും അമ്മയോടും നന്ദി…ഒരായിരം നന്ദി….

അമ്മായിയമ്മ നിർത്തുന്നില്ല…

“… എന്റെ മോനെ ഞാൻ ഒരു പണിയും പഠിപ്പിച്ചിട്ടില്ല. ഇനി ജോലി സ്ഥലത്തു പോയി നീയായിട്ട് അതിന് നിൽക്കണ്ട…”

ചായയെടുക്കാൻ അടുക്കള വാതിൽ കടക്കാൻ മടിച്ചു നിൽക്കുന്ന മകനെ നോക്കി ‘അമ്മ അലറി

“ഇവള് ചിലപ്പോൾ നിന്നോട് പല വീട്ടു ജോലികളും ചെയ്യാൻ പറയും അതിനൊന്നും നിൽക്കരുത്. കേട്ടോ…അതൊന്നും കുടുംബത്തിൽ പിറന്ന ആണുങ്ങൾക്ക് പറഞ്ഞതല്ല…”

അവന്റെ നിഷ്കളങ്കമായ തലയാട്ടം കണ്ട് അവൾ കണ്ണുരുട്ടി പേടിപ്പിച്ചു…അനുസരണയുള്ള ഭാര്യയായി ചായ എടുത്തു അവന്റെ അടുത്തു വന്നു സ്നേഹത്തോടെ കയ്യിൽ വെച്ചിട്ടു, അമ്മായിയമ്മ കേൾക്കാതെ പറഞ്ഞു…

“മര്യാദക്ക് ചായ കുടിച്ചു ഈ കപ്പും കഴുകി വെച്ചിട്ടില്ലെങ്കിൽ ഇന്ന് രാത്രി വെറും നിലത്ത് കിടന്നു ഉറങ്ങേണ്ടി വരും പറഞ്ഞേക്കാം…”

“എന്റെ പൊന്നു മോളെ, നീ വെറുതെ പ്രശനം ഉണ്ടാക്കാതെ. ഇതൊന്നും അത്ര പെട്ടെന്നൊന്നും മാറാൻ പോണില്ല…നമ്മുടെ ഫ്ലാറ്റിൽ ചെന്നിട്ട് നിനക്ക് ഇഷ്ടമുള്ള പോലെ ഒക്കെ ആവാം. നിനക്ക് ഞാൻ പാത്രമോ തുണിയോ കക്കൂസോ എന്താ ന്നു വെച്ചാ കഴുകി തരാം പോരെ…”

അവൾ ചിരിച്ചു…അവനും…