ഹോസ്റ്റലിലേക്ക് തിരിയുന്ന വിജനമായ വഴിയിലെത്തിയപ്പോൾ അവൾക്കു പേടി തോന്നി. ആദ്യമായാണ് ഒറ്റയ്ക്ക് പോകുന്നത്….

ചുംബനസമരനായിക…

Story written by Nisha Pillai

================

മഞ്ജിമ ഹോസ്റ്റലിലേയ്ക്ക് നടന്നു. ഇന്നവൾ ഒറ്റയ്ക്കാണ്. കൂട്ടുകാരികളായ ജ്യോതികയും ടീനയും വിദ്യാർത്ഥി സംഘടനയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ പോയിരിക്കുന്നു. അവളെ അതിൽ ചേർക്കാനവർ കുറെ ശ്രമിച്ചതാണ്. അവൾക്കെന്തോ അതിലൊന്നും ഒരു താൽപര്യവും തോന്നിയിട്ടില്ല.

ഹോസ്റ്റലിലേക്ക് തിരിയുന്ന വിജനമായ വഴിയിലെത്തിയപ്പോൾ അവൾക്കു പേടി തോന്നി. ആദ്യമായാണ് ഒറ്റയ്ക്ക് പോകുന്നത്. തിരിഞ്ഞു നോക്കി പതിവുപോലെ മാധവൻ അവളുടെ പിന്നിലുണ്ട്. മാധവൻ അവളുടെ ക്ലാസ് മേറ്റ് ആണ്. പഠിക്കാൻ അത്ര മിടുക്കനല്ലെങ്കിലും നല്ലൊരു ഗിറ്റാറിസ്റ്റും പാട്ടുകാരനുമാണ്. എന്നും ഈ പിറകെ നടപ്പ് അവൾക്കു ശല്യമായാണ് തോന്നിയത്. പക്ഷെ ഇന്ന് മാധവനെ കണ്ടപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി. അവൾ വേഗത കുറച്ചു, അപ്പോൾ അവനും വേഗത കുറയ്ക്കുന്ന പോലെ തോന്നി. അവൾ തിരിഞ്ഞു നിന്നു. വിളിച്ചു.

“മാധവാ “

അവൻ അവളുടെ അടുത്തേയ്ക്കു നടന്നു വന്നു.

“എൻ്റെ കൂടെ നടന്നു കൂടെ, എന്നും എന്റെ പിറകിലല്ലേ നടക്കാറുള്ളു എന്നെ പിന്തുടർന്ന് കൊണ്ട്, എന്റെ കൂടെ നടന്നൂടെ തനിക്ക്.”

അവനു ഭയങ്കര സന്തോഷമായി.

“അപ്പോൾ തനിക്ക് എന്നോട് ദേഷ്യം ഒന്നുമില്ലയല്ലേ.”

“ദേഷ്യമുണ്ടെങ്കിൽ ഞാൻ മിണ്ടില്ലല്ലോ, പിന്നെ താൻ ഇന്നുമെന്റെ പിറകെ നടക്കുമ്പോൾ താനൊരു പൂവാലനാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്.”

“അയ്യോ സത്യമായിട്ടും അങ്ങനെയല്ല, എനിക്ക് തന്നോട് പ്രണയമൊന്നും തോന്നിയിട്ടില്ലെങ്കിലും എനിക്ക് തന്നോട് ഭയങ്കര ഇഷ്ടമാണ്. താനും രോഹിതും തമ്മിലല്ലേ പഠനത്തിനുള്ള മത്സരങ്ങൾ..അവനെന്റെ ഹോസ്റ്റൽ റൂം മേറ്റ് ആണ്. അവനെപ്പോഴും പറയും തന്റെ സുന്ദരമായ ഈ കണ്ണുകൾക്ക് പിന്നിൽ വലിയൊരു വിഷമം ഒളിഞ്ഞിരിപ്പുണ്ടെന്ന്..അത് കാരണമാണ് അവനിപ്പോൾ ക്ലാസ്സിൽ ഇപ്പോഴും ഫസ്റ്റ് ആകുന്നതെന്ന്. എൻജിനീയറിങ് ആണുങ്ങളുടെ വിഷയമാണെന്നും അതിലൊരു പെണ്ണ് കയറി ഷൈൻ ചെയ്യേണ്ടെന്നുമാ അവൻ പറയുന്നത്.”

“ഓഹോ, രോഹിതിന്റെ മനസിലിരുപ്പ് കൊള്ളാലോ, എനിക്കാരേയും തോൽപിക്കണ്ട, പക്ഷെ എന്റെ ലൈഫ് അല്ലേ ,അവിടെ ഞാൻ ഫൈറ്റ് ചെയ്തു കൊണ്ടേയിരിക്കും. കഴിവുള്ളവർ ഫസ്റ്റാകട്ടെ.”

“അവൻ പറഞ്ഞു പറഞ്ഞു ഞാൻ തന്നെ ഇടക്കിടക്ക് ശ്രദ്ധിക്കാൻ തുടങ്ങി. അമ്മയാണെന്റെ ബെസ്ററ് ഫ്രണ്ട്, അമ്മയ്ക്കും തന്നെ അറിയാം ഞാൻ പറഞ്ഞിട്ടുണ്ട് തന്നെക്കുറിച്ച്.”

“തന്റെ വീട്ടിൽ ആരൊക്കെയുണ്ട് ?അറിയാൻ ഒരു കൗതുകം.”

“അച്ഛൻ ജോലി കൃഷിപ്പണി, അമ്മ വീട്ടമ്മ, പിന്നെ ഒരു ചേച്ചി, അങ്ങ് ജോർജിയയിൽ മെഡിസിന് പഠിക്കുന്നു, പിന്നെ ഈ ഞാൻ ,എല്ലാവരും തനി നാടൻ, നാട്ടുമ്പുറത്തെ സ്കൂളിലായിരുന്നു പഠനം. ആദ്യമായിട്ടാണ് വീട് വിട്ടു ഹോസ്റ്റലിൽ നില്കുന്നത് .”

അപ്പോഴേക്കും ഗേൾസ് ഹോസ്റ്റലിന്റെ മുൻവശത്തെ ഗേറ്റിൽ  എത്തിയിരുന്നു

“അപ്പോൾ നാളെ കാണാം. വൈകിട്ട് ഞാൻ ലൈബ്രറിയിൽ ഉണ്ടാകും.”

പിന്നെ പതിവായി കൂട്ടുകാരികളെ ഒഴിവാക്കി തുടങ്ങി..മാധവനുമായി നല്ല സൗഹൃദത്തിലായി..ഒരിക്കൽ ക്യാന്റീനിൽ ഇരുന്നു സംസാരിക്കുകയാണ് ഇരുവരും വൈകുന്നേരം ആയതിനാൽ മിക്ക കസേരകളും ഒഴിഞ്ഞു കിടക്കുകയാണ്.

“വീട്ടിലെ കാര്യമൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ മഞ്ജിമ, ഇഷ്ടമില്ലെങ്കിൽ പറയണ്ട എന്നോട്. അവനിത്തിരി ഇമോഷണലായി.”

“ഇയാളെ പോലെ അത്ര സ്നേഹം നിറഞ്ഞ കുടുംബമൊന്നും എനിക്കില്ലെടോ, എന്റെ മൂന്നാം വയസ്സിൽ അച്ഛനും അമ്മയും വേർപിരിഞ്ഞു. പിന്നെ അച്ഛനും അമ്മയും വേറെ വിവാഹിതരായി. ഇപ്പോളെനിക്ക് രണ്ടു അച്ചന്മാരും രണ്ടു അമ്മമാരുമുണ്ട്. അതിനാൽ പണത്തിനൊരു കുറവുമില്ല. പക്ഷെ സ്നേഹിക്കാൻ എനിക്ക് അച്ഛമ്മ മാത്രമേയുള്ളു. അച്ഛമ്മയ്ക്കു എൺപതു വയസു കഴിഞ്ഞു. അച്ഛമ്മേടെ കാലശേഷം എനിക്കാരുമില്ല. അതിനു മുൻപ് ഒരു ജോലി കരസ്ഥമാക്കണം എന്നാ എന്റെ ആഗ്രഹം. ആരേയും ഡിപ്പൻ്റ് ചെയ്യാതെ ജീവിക്കണം. അതിനാണ് ഞാൻ മൽസരിച്ച് പഠിക്കുന്നത്. ആരേയും തോൽപ്പിക്കാനല്ല. “

അവളുടെ കണ്ണ് നിറഞ്ഞു. അവൻ അവളുടെ കയ്യിൽ മെല്ലെ പിടിച്ചു.

“താൻ കരയാതെ…എല്ലാത്തിനും ഒരു പരിഹാരമില്ലേ “

“പണ്ടെന്നോടു പറഞ്ഞില്ലേ തനിക്കെന്നെ ഇഷ്ടമാണെന്നു, പ്രണയമില്ലെന്ന്. എനിക്ക് തന്നോടിപ്പോൾ പ്രണയമാണ്. തനിക്കെന്നെ പ്രണയിച്ചുകൂടെ .? അല്ലെങ്കിൽ വേണ്ട തന്റെ വീട്ടുകാർക്ക് എന്റെ കുടുംബ പശ്ചാത്തലമൊന്നും ഇഷ്ടമാകില്ല അല്ലെ.”

“അതിനു ഞാൻ തന്റെ അച്ഛനെയും അമ്മയെയും പ്രണയിക്കുന്നില്ല, തന്നെയേ പ്രണയിക്കുന്നുള്ളു, കർഷകരാണെങ്കിലും എന്റെ ഇഷ്ടങ്ങളൊക്കെ അംഗീകരിക്കാവുന്ന മനസ്ഥിതിയുള്ളവരാണ് എന്റെ മാതാപിതാക്കൾ.”

പരസപരം പ്രണയിക്കാൻ തുടങ്ങിയപ്പോഴാണ് ഈ ലോകം വളരെ മനോഹരമാണെന്നു മഞ്ജിമയ്ക്ക് തോന്നി തുടങ്ങിയത്.

ഒരു സായാഹ്നത്തിൽ ഹോസ്റ്റലിലേക്ക് വൈകി കയറി വന്ന ജ്യോതികയും ടീനയും കണ്ടത് സ്വപ്നം കണ്ടിരിക്കുന്ന മഞ്ജിമയെയാണ്.

“ടീ നിന്റെ ആ പാട്ടുകാരൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അവിടെ തോരണം കെട്ടാനും പന്തലൊരുക്കാനും ഞങ്ങളെ സഹായിച്ചു.”

“എന്താ സംഭവം “

“ആഹാ നീയറിഞ്ഞില്ലേ…ഞങ്ങൾ നാളെ നാടിനെ ഞെട്ടിക്കും. ഒരു വ്യത്യസ്തമായ സമരമാണ് ഞങ്ങളുടെ പ്ലാനിംഗ്. അല്ലെങ്കിൽ നീ അറിയണ്ട. നീ സപ്പോർട്ട് ചെയ്യില്ല പഠിപ്പിസ്റ്റ് അല്ലേ. പോ നിന്നോട് പറയില്ല. മാധവൻ നിന്നെക്കാൾ ഭേദമാണ്.”

“പറയെടി, ഞാൻ ആരോടും പറയില്ല.”

“നമ്മുടെ കോളേജിൻ്റെ മുന്നിലുള്ള ബസ് സ്റ്റാൻഡിൽ വച്ച് നമ്മുടെ ഫൈനൽ ഇയറിലെ അരുണിമ ചേച്ചി കോളേജ് ക്യാപ്റ്റനായ വില്യത്തിനൊരുമ്മ കൊടുത്തു. അത് എതിർ സംഘടനക്കാർ വലിയൊരു വിഷയമാക്കി അതിൽ പ്രതിഷേധിച്ചു ഞങ്ങൾ ഒരു സമരം നടത്തുന്നു.

*ചുംബനസമരം*

പന്തലൊക്കെ ഇട്ടു .നമ്മുടെ കോളേജിൽ നിന്നും ഒരു അമ്പതു ജോഡികൾ വേണം. പത്തു നാൽപതു ജോഡികളെ സംഘടിപ്പിച്ചു. മിക്കവാറും ലൈൻ കേസുകളാണ്. അല്ലാതെയും ഉമ്മ വയ്ക്കാൻ വേണ്ടി കുറെയെണ്ണം കൂടിയിട്ടുണ്ട്. മീഡിയ ഒക്കെ വരും. ഞങ്ങൾ പൊളിക്കും മോളേ.”

“ഞാൻ വന്നാൽ എനിക്കും ചുംബിക്കാൻ പറ്റുമോ.”

“നീയോ ? ആ പാട്ടുകാരൻ സമ്മതിക്കുമോ ? ആളൊരു നാടൻ  കഞ്ഞിയാണ്  “

“ടീന മൈൻഡ് യുവർ വേഡ്സ്, നിങ്ങൾക്ക് ഒരു പെയറിനെ കൂടി വേണമോ വേണ്ടയോ? അല്ലെങ്കിൽ ഞങ്ങൾക്ക് അത് സ്വകാര്യമായി തുടങ്ങേണ്ടി വരും.”

“അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ, ചേച്ചിക്കും ചേട്ടനും സ്വാഗതം.”

മഞ്ജിമ അപ്പോൾ തന്നെ മാധവനെ ഫോണിൽ വിളിച്ചു.

“എന്താടോ ,എന്ത് പറ്റി,താനങ്ങനെ വിളിക്കാറില്ലല്ലോ , എന്താ രാത്രിയിൽ”

“മാധവാ, എനിക്ക് തന്നെ ഒന്ന് ചുംബിക്കണം.”

“എന്ത് ? ഈ രാത്രിയിലോ , തനിക്ക് വട്ടായോ.” 

അവൻ ചിരിക്കാൻ തുടങ്ങി. അവൾക്കു ദേഷ്യം വന്നു

“മാധവാ അയാം സീരിയസ്..തനിക്കു പറ്റുമോ ഇല്ലയോ. ഞാൻ ആദ്യമായി ഒരു പുരുഷനെ പ്രണയത്തോടെ ചുംബിക്കാനാഗ്രഹിക്കുന്നു. അത് മാധവനെയാകണമെന്നാണ് എന്റെ ആഗ്രഹം. പറ്റുമോ ഇല്ലയോ ,ഇപ്പോൾ വേണ്ട. നാളെ രാവിലെ പത്തു മണിക്ക് കോളേജിന്റെ ഫ്രണ്ടിൽ. താൻ വന്നില്ലെങ്കിൽ എനിക്ക് വേറെ ആളെ കണ്ടു പിടിക്കേണ്ടി വരും. അത് കൊണ്ട് ഉറപ്പു തരണം. “

“ഞാൻ വരും നൂറു ശതമാനം ഉറപ്പ്‌. പക്ഷെ ആ പന്തലിൽ….”

അവൾ ഫോൺ കട്ട് ചെയ്തു.

രാവിലെ ഒൻപതിക്കു മണിക്ക് തന്നെ കോളേജിന്റെ പ്രവേശന കവാടം കുട്ടികളെ കൊണ്ട് നിറഞ്ഞു. സമയമായപ്പോൾ മാത്രമാണ് ചുംബന സമരം എന്ന ബോർഡ് അവിടെ സ്ഥാപിച്ചത്. സംഭവം എന്താണെന്നു കോളേജ് അധികൃതർക്ക് അപ്പോൾ മാത്രമാണ് മനസിലായത്. പോലീസും മീഡിയയും വന്നു. നാല്പതോളം ജോഡികൾ മാത്രമേ സ്റ്റേജിൽ നിരന്നുള്ളു….

മാധവന്റെ കൈ പിടിച്ചു മഞ്ജിമ സ്റ്റേജിന്റെ ഒത്ത നടുക്ക് തന്നെ കൊണ്ട് നിർത്തി. സംഘാടകരിലൊരാൾ വിസിൽ ഊതിയപ്പോൾ നിരന്നു നിന്ന ജോഡികൾ ചുണ്ടോടു ചുണ്ടു ചേർത്തു നിന്നു. മഞ്ജിമ കണ്ണടച്ച് നിന്നു..മാധവൻ അവളെ പ്രണയപ്പൂർവം വീക്ഷിച്ചതല്ലാതെ ഉമ്മ വച്ചില്ല. അടുത്ത വിസിൽ ഊതിയപ്പോൾ ജോഡികൾ പരസ്പരം അകന്നു ,വേർപിരിഞ്ഞു സ്റ്റേജിൽ നിന്നിറങ്ങി..മാധ്യമങ്ങൾ അതൊക്കെ തത്സമയ സംപ്രേഷണം ചെയ്തു.

മഞ്ജിമയും മാധവനും നിന്ന സ്ഥലത്തു നിന്നും അനങ്ങിയില്ല..സ്റ്റേജിൽ അവർ മാത്രമായി..മഞ്ജിമ കണ്ണ് തുറന്നു..മാധവൻ അവളുടെ മുഖം പിടിച്ചുയർത്തി..അവളുടെ ചുണ്ടുകളിലേക്കു തന്റെ ചുണ്ടുകൾ ചേർത്തു..അവൾ വീണ്ടും കണ്ണുകൾ വീണ്ടും അടച്ചു. അവന്റെ ചുണ്ടിന്റെ രുചി ഉപ്പുരസമാണെന്ന് അവളും അവളുടെ ചുണ്ടുകൾക്ക് ഒരു പ്രണയ കവിതയുടെ നിറമാണെന്നും അവനും കൂട്ടി ചേർത്തു.

ഒരു മാധ്യമ പ്രവർത്തകൻ മൈക്കുമായി അവരുടെ മുന്നിലെത്തി..മഞ്ജിമ മൈക്ക് പിടിച്ചു വാങ്ങി.

“മാതാപിതാക്കളും അധ്യാപകരും സംഘാടകരും ക്ഷമിക്കണം..ഞങ്ങളുടെ ചുംബനം സമരത്തിന്റെ ഭാഗമല്ല..ഞങ്ങൾക്ക് ആരോടും പ്രതിഷേധവുമില്ല. മാധവനൊരു പ്രണയ സമ്മാനം നല്കാൻ ഇതിനേക്കാൾ മികച്ച ഒരു സ്ഥലം എനിക്ക് തോന്നിയില്ല..ആദ്യ ചുംബനം ഓർമയിൽ തങ്ങി നില്കുന്നതാകണം. മറ്റൊരിടത്താണെങ്കിൽ അവൻ സമ്മതിച്ചില്ലെങ്കിലോ എന്നെനിക്കു തോന്നി.” 

അവൾ മൈക്ക് തിരികെ കൊടുത്തപ്പോൾ അയാൾ വീണ്ടും ചോദിച്ചു

“ആദ്യ ചുംബനത്തിനെക്കുറിച്ചെന്താണ് പറയാനുള്ളത് ?”

മാധവനാണ് അതിനു മറുപടി പറഞ്ഞത്

“രണ്ടു പേര് ചുംബിക്കുമ്പോൾ ലോകം മാറുമെന്ന് ഒക്ടേവിയോ പാസ് പറഞ്ഞിട്ടില്ലേ , അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്.

രണ്ടു പേരും കൈകോർത്തു സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ,ടി വി യിലൂടെ ആ കാഴ്ച കണ്ടു നടുങ്ങിയിരിക്കുകയായിരുന്നു മാധവന്റെ അമ്മ..

“ഈ ചെറുക്കൻ ഇത്രയും മാറിയല്ലോ, പട്ടണത്തിൽ ഒന്നും പഠിക്കാൻ വിടണ്ടായിരുന്നു.”

“കാലം മാറിയില്ലേ, അവൻ രഹസ്യമായൊന്നുമല്ലല്ലോ ചെയ്തത്. സ്നേഹിക്കുന്ന പെണ്ണിന്റെ കൈ പിടിച്ചു നടക്കുന്നത് കണ്ടില്ലേ. ആ കൈ ഒരു കാലത്തും വിടാതിരിക്കാനുള്ള ആർജവം അവനുണ്ടാകട്ടെ .”

അച്ഛൻ സംതൃപ്തിയോടെ കണ്ണടച്ച് കൊണ്ട് ചാരു കസേരയിലേക്ക് ചാഞ്ഞു

✍️നിശീഥിനി