ജോലിയെക്കുറിച്ച് താൻ തന്നെ പറഞ്ഞു തുടങ്ങിയ സ്ഥിതിക്ക് ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ…

ഈ യാത്രയിൽ…

Story written by Aardra

================

“നോക്കൂ മിസ്റ്റർ നിഹാൽ, ഇതെൻറെ ആദ്യത്തെ പെണ്ണുകാണലല്ല, മൂന്നാമത്തെതാണ്. ആദ്യം വന്ന് കണ്ടു പോയ രണ്ട് പയ്യന്മാർക്കും എൻറെ ജോലിയായിരുന്നു പ്രശ്നം. ഒരു പെൺകുട്ടി ബിസിനസ് നടത്തുന്നത് അംഗീകരിക്കാൻ കഴിയാത്തവരാണ് ഈ സമൂഹത്തിൽ കുറച്ച് ആളുകളെങ്കിലും. നിഹാലിനും എൻറെ ജോലി ഒരു പ്രശ്നമാണെങ്കിൽ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ പോകാം.”

ഇത്രയും പറഞ്ഞു കൊണ്ട് ഗായത്രി മാറിനിന്നു.

“ജോലിയെക്കുറിച്ച് താൻ തന്നെ പറഞ്ഞു തുടങ്ങിയ സ്ഥിതിക്ക് ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ”

നിഹാലിന്റെ ചോദ്യം കേട്ട് ഗായത്രി തെല്ലൊരത്ഭുതത്തോടെ പറഞ്ഞു “ചോദിച്ചോളൂ”

“പെൺകുട്ടികളുടെ ബിസിനസ് എന്നൊക്കെ പറഞ്ഞാൽ ഒന്നെങ്കിൽ ബോട്ടിക് അല്ലെങ്കിൽ ബ്യൂട്ടി പാർലർ അതുമല്ലെങ്കിൽ എന്തെങ്കിലും കഫെ ഇതൊക്കെയാണ് ഞാൻ ഇത്രയും നാൾ വിചാരിച്ചു കൊണ്ടിരുന്നത്. ആദ്യമായിട്ടാണ് ലേഡീസിന് വേണ്ടി മാത്രമുള്ള ഒരു ട്രാവൽ ഏജൻസി ആൻഡ് ഗ്രൂപ്പിനെ കുറിച്ച് കേൾക്കുന്നത്. എന്താ ഇതിന് പിന്നിലുള്ള ഇൻസ്പിരേഷൻ?”

“നിഹാലിന് യാത്ര പോകാൻ ഇഷ്ടമാണോ?”

ഗായത്രിയുടെ ചോദ്യം കേട്ട് നിഹാൽ പറഞ്ഞു “ഒത്തിരി ഇഷ്ടമാണ്. ഞാൻ ഫ്രണ്ട്സിന്റെ കൂടെ സമയം കിട്ടുമ്പോഴൊക്കെ യാത്ര പോകും.”

നിഹാലിന്റെ അമ്മ എവിടെയൊക്കെ യാത്ര പോയിട്ടുണ്ട്? ചോദ്യം കേട്ട് നിഹാൽ ഒന്ന് ആലോചിച്ചു

“അമ്മ അങ്ങനെ യാത്ര ഒന്നും പോയിട്ടില്ല. ഞങ്ങൾ ഫാമിലി ആയിട്ട് ബന്ധുവീട്ടിൽ ഒക്കെ പോകും. അത്രയ്ക്ക് ഒക്കെ ഉള്ളൂ അമ്മയുടെ യാത്ര.”

“ഇതുപോലെയുള്ള ഒരുപാട് സ്ത്രീകളാണ് എന്റെ ഇൻസ്പിരേഷൻ. കല്യാണത്തിന് മുമ്പ് വീട്ടിൽ നിന്ന് എവിടെയെങ്കിലും യാത്ര കൊണ്ടുപോകാൻ പറഞ്ഞാൽ പറയും കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ പോകാല്ലോ എന്ന്. കല്യാണം കഴിഞ്ഞാലോ പറച്ചിൽ മാത്രമേ നടക്കു പ്രവർത്തി ഒന്നും നടക്കില്ല. യാത്രകൾ പോകണമെന്നും ഒരുപാട് സ്ഥലങ്ങൾ കാണണമെന്നും ആഗ്രഹിച്ചിരുന്ന ഒരു അമ്മയുടെ മോളാണ് ഞാൻ. അമ്മയുടെ കല്യാണശേഷം അമ്മയുടെ വീട്ടിലേക്ക് അല്ലെങ്കിൽ ബന്ധുക്കളുടെ വീട്ടിലേക്ക് അല്ലാതെ അമ്മ ഒരു സ്ഥലത്തും പോയിട്ടില്ല. യാത്ര പോകണം എന്ന് പറഞ്ഞ് ഞാൻ വഴക്കിടുമ്പോൾ അമ്മ എന്നോട് പറയാറുണ്ടായിരുന്നു കല്യാണം കഴിഞ്ഞ ഭർത്താവിന്റെ കൂടെ പോകാമല്ലോ എന്ന്. ഒരുതവണ ഞാൻ തിരിച്ചു ചോദിച്ചു കല്യാണം കഴിഞ്ഞ് അമ്മ ഏതൊക്കെ സ്ഥലം കാണാൻ പോയിട്ടുണ്ടെന്ന്….

അന്ന് അമ്മ പറഞ്ഞു യാത്ര പോകണം എന്നൊക്കെ ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ എന്നെ നോക്കലും ജോലിയും വീട്ടുകാര്യവും ഒക്കെ കഴിഞ്ഞ് യാത്രയെക്കുറിച്ച് ആലോചിക്കാൻ പോലും സമയം ഒന്നും കിട്ടിയിരുന്നില്ല എന്ന്. അന്നെനിക്ക് തോന്നിയതാണ് അമ്മയെയും കൂട്ടി കുറെ യാത്ര ചെയ്യണമെന്ന്. അമ്മയ്ക്ക് ഇഷ്ടമുള്ള സ്ഥലം എല്ലാം കാണണമെന്നും….

അപ്പോഴാണ് ഞാൻ ഇതുപോലെയുള്ള ബാക്കി സ്ത്രീകളെ കുറിച്ച് ഓർത്തത്. അന്ന് മനസ്സിൽ വീണ ഒരു സ്പാർക്ക് ആണ് ഇന്ന് ഉരുത്തിരിഞ്ഞ് ഇതുപോലൊരു ബിസിനസിലേക്ക് വന്നത്. ഇത് എനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ് മാത്രമല്ല പകരം ഒത്തിരി ആൾക്കാർക്ക് മനസ്സിന് സന്തോഷം നൽകുന്ന ഒരു കർമ്മം ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. നമ്മൾ കാരണം ആരെങ്കിലുമൊക്കെ സന്തോഷിക്കുന്നുണ്ടെങ്കിൽ അതിലും വലിയൊരു സന്തോഷം നമുക്ക് വേണോ?”

“ഓഹോ അപ്പോൾ ഞങ്ങൾ ആണുങ്ങൾക്ക് ടൂർ ഒന്നും പോവണ്ടേ? ഞങ്ങളെ തവിട് കൊടുത്ത് മേടിച്ചതാണോ?”

“അങ്ങനെയല്ല നിഹാൽ നിങ്ങൾ ആണുങ്ങൾക്ക് വണ്ടിയും ഫ്രണ്ട്സും ഒക്കെ ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും ടൂർ പോകാൻ പറ്റും. പക്ഷേ ഞങ്ങൾക്കങ്ങനെയല്ല. കോളേജിൽ നിന്നൊക്കെ ടൂറിന് വിടും, കാരണം നോക്കാൻ ടീച്ചേഴ്സ് കാണുമല്ലോ. അല്ലാതെ ഫ്രണ്ട്സിന്റെ കൂടെ  പോവുകയാണെന്ന് പറഞ്ഞാൽ അത് അത്രയ്ക്ക് അങ്ങ് സമ്മതിച്ചു തരില്ല. വേറൊന്നും കൊണ്ടല്ല പേടി കൊണ്ടാണ് ഇവിടെയെങ്കിലും  പോയി എന്തെങ്കിലും പറ്റിയാലോ എന്നുള്ള ആധികൊണ്ട്. അവരെയും കുറ്റം പറയാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് ഒരു ഗ്രൂപ്പായി പോകാമെന്ന് ഞാൻ തീരുമാനിച്ചത്. പിന്നെ എൻറെ ഐഡിയയ്ക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് തന്നത് അച്ഛനായിരുന്നു. കാരണം അച്ഛന് അറിയാം അമ്മയുടെ ആഗ്രഹം പോലെ യാത്ര കൊണ്ടുപോകാൻ അച്ഛനെ കൊണ്ട് പറ്റിയില്ല എന്ന്.”

“നിഹാലിന്റെ സംശയമൊക്കെ തീർന്നെന്നു തോന്നുന്നു” ഗായത്രി സംശയദൃഷ്ടിയോടെ നിഹാലിനെ നോക്കി.

“സംശയമൊക്കെ തീർന്നു. നിങ്ങൾ ഇതുവരെ എവിടെയൊക്കെ പോയിട്ടുണ്ട്?”

“ഞങ്ങൾ ആദ്യം തുടങ്ങിയത് ഗോവയിലേക്ക് ഒരു ഫോർ ഡേ ട്രിപ്പ് ആയിരുന്നു. അതിനുശേഷം മണാലി,  രാജസ്ഥാൻ, ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ് ഒക്കെ പോയി. ഇനി അടുത്തത് ഒരു കാശ്മീരി ട്രിപ്പ് വേണം എന്നാണ് പ്ലാൻ ഇട്ടിരിക്കുന്നത്.”

“എടോ നിങ്ങൾ ഈ ടൂർ പോയ സ്ഥലത്ത് ഫോട്ടോയൊക്കെ എനിക്ക് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരുമോ? വീട്ടിൽ അമ്മയെ കാണിക്കാനാണ്”.

“അതിനെന്താ ഞാൻ അയച്ചേക്കാം. ഇതാണ് എൻറെ നമ്പർ, സേവ് ചെയ്തോളൂ.”

“അപ്പോൾ ശരി ഗായത്രി,  ഇറ്റ് വാസ് നൈസ് മീറ്റിംഗ് യു. തീരുമാനം എന്താണെന്ന് വെച്ചാൽ ഞാൻ അച്ഛനെ വിളിച്ച് അറിയിച്ചേക്കാം.”

അങ്ങനെ നിഹാൽ യാത്ര പറഞ്ഞിറങ്ങി.

അന്ന് രാത്രി ഗായത്രിയുടെ ഫോണിൽ നിഹാലിന്റെ മെസ്സേജ് വന്നു

അടുത്ത യാത്ര മുതൽ അമ്മയും നിങ്ങളുടെ കൂടെ വരുന്നുണ്ട് എൻറെ മാത്രം അമ്മയായിട്ടല്ല, സമ്മതമാണെങ്കിൽ തൻറെ അമ്മയായിട്ടും.

“സമ്മതമാണ്” ഗായത്രി തിരിച്ചയച്ചു.

എങ്കിൽ ഈ ജീവിതയാത്ര മുഴുവൻ തന്റെ കൂടെ ഇനി ഞാനും കാണും. Let’s start a new journey together….എന്നുള്ള നിഹാലിന്റെ മെസ്സേജ് കണ്ട ഗായത്രിയുടെ മുഖത്ത് നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി വിടർന്നു.