പക്ഷെ ഒരു രാത്രി കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു, വിവാഹത്തലേന്നത്തെ ആ രാത്രി…..

ജന്മാന്തരങ്ങൾക്കുമിപ്പുറം…

എഴുത്ത്: വൈദേഹി വൈഗ

=================

വൈഷ്ണവിയുടെ കഴുത്തിൽ താലിചാർത്തുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത നൊമ്പരം തോന്നി ആദിക്ക്, കണ്ണിലാകെ ഇരുട്ട് പടരുന്ന പോലെ….

പിന്നെയൊരു നിമിഷം പോലും അവൻ അവിടെ നിന്നില്ല. നിൽക്കാൻ അവനാകുമായിരുന്നില്ല, നെഞ്ചിലെ പിടപ്പും നീറ്റലും അനുനിമിഷം കൂടിക്കൂടി വന്നു,

നേരേ സദ്യാലയത്തിലേക്കാണ് ആദി പോയത്. കാറ്ററിംഗ് ആണെങ്കിലും അവർക്കിടയിൽ നിന്ന് ഓരോ ജോലികൾ അവനും ചെയ്യാൻ തുടങ്ങി. തിരക്കുകൾ കൂടുമ്പോൾ ഒക്കെയും മറക്കാമെന്നുള്ള അല്പമോഹമായിരിക്കാം അവന്റെ ആ ചിന്തയ്ക്ക് പിന്നിൽ….

പക്ഷെ കഴിയുന്നില്ല, കൈകാലുകൾ കുഴയുന്ന പോലെ, എന്തിനാ തനിക്കിത്ര വെപ്രാളം എന്ന് അവന് മനസിലായതേയില്ല.

വൈഷ്ണവിയും ചെക്കനും ഊണുകഴിക്കാൻ പന്തിയിൽ എത്തിയതോടെ അവന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂടി, അതിനേക്കാൾ വേഗത്തിൽ സദ്യാലയത്തിൽ നിന്ന് പുറത്ത് കടക്കാൻ മനസ്സ് തിടുക്കം കൂട്ടി…

ആരും ശ്രദ്ധിക്കാതെ ഓഡിറ്റോറിയത്തിന്റെ ഒരു കോണിൽ എന്തുചെയ്യണമെന്നറിയാതെ അവൻ നിന്നു, എന്തുവന്നാലും അവളുടെ മുന്നിൽ പോയി നിൽക്കാനിട വരരുത്…ഒരിക്കൽ കൂടി ആ കണ്ണുനീര് കാണാൻ തനിക്കാവില്ലെന്ന് അവന് നന്നായറിയാം…

ഭർതൃഗൃഹത്തിലേക്ക് പോവാൻ എല്ലാവരോടും യാത്ര പറയുന്ന കൂട്ടത്തിൽ അവൾ നിറകണ്ണുകളോടെ ആദിയെ തിരഞ്ഞത് കണ്ടിട്ടും കാണാതെ മറഞ്ഞു നിൽക്കുകയായിരുന്നു അവൻ, വാശിയാണോ അതോ തന്റെ മനസിലുള്ളത് മറ്റാരെങ്കിലുമറിയുമെന്ന ഭയമാണോ അവൻ വൈഷ്ണവിയെ കാണാൻ മുതിരാത്തതിന് പിന്നിലെന്ന് അവന് പോലും നിശ്ചയമുണ്ടായിരുന്നില്ല….

തലവേദനയെന്ന് കള്ളം പറഞ്ഞ്  വീട്ടിലെത്തി മുറിയടച്ചിരുന്നു, അതുവരെ തടഞ്ഞു നിർത്തിയ വേദനയും വിഷമവുമെല്ലാം കണ്ണീർമഴയായ് അവനിൽ പെയ്തിറങ്ങി, മനസ്സ് മുഴുവൻ അവളായിരുന്നു, വൈഷ്ണവി….ആദിയുടെ വൈഷു….

പ്രേമത്തിന്റെ ഒരു കണിക പോലും  അവർക്കിടയിൽ ഉണ്ടായിരുന്നില്ല, വൈഷ്ണവിയുടെ കല്യാണത്തിന് ഓടിനടന്നു കാര്യങ്ങളൊക്കെ നോക്കിയതും പന്തലൊരുക്കിയതും എന്തിനേറെ പയ്യന്റെ ആലോചന കൊണ്ടുവന്നത് പോലും അമ്മാവന്റെ മോൻ കൂടിയായ ആദിയാണ്. മുറച്ചെറുക്കൻ എന്നതിലുപരി വൈഷുവിന്റെ ഏറ്റവും അടുത്ത സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനും കൂടിയായിരുന്നു അവൻ…..പക്ഷെ ഒരു രാത്രി കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു, വിവാഹത്തലേന്നത്തെ ആ രാത്രി……

****************

അർധരാത്രി കഴിഞ്ഞിരുന്നു, വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ കഴിഞ്ഞു ഏറെ വൈകിയാണ് ആദി കിടന്നത്. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ടാവും പെട്ടെന്നു തന്നെ ഉറങ്ങുകയും ചെയ്തു.

കണ്ണിൽ മയക്കം പിടിച്ചപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നത് കേട്ടത്, സമയം രണ്ടര കഴിഞ്ഞിരുന്നു…

“ആരാ ഈ നേരത്ത്, നാശം പിടിക്കാൻ…ഉറങ്ങാനും സമ്മതിക്കൂല….”

പിറുപിറുത്തു കൊണ്ടാണ് ആദി വാതിൽ തുറന്നത്. വാതിൽ തുറന്നതും അവൻ വൈഷുവിനെ കണ്ട് ഒന്ന് ഞെട്ടി, കൈയിൽ മൈലാഞ്ചിയൊക്കെ അണിഞ്ഞു ശരിക്കുമൊരു കല്യാണപ്പെണ്ണായി അവൾ മാറിയിരുന്നു.

അവൻ മനസ്സിലോർത്തു, ഇന്നലെ വരെ ചെറിയൊരു കുട്ടിയായി പാറിപ്പറന്നു നടന്ന കുട്ടിയാ, ഇന്നീ രാത്രി കൂടി കഴിയുമ്പോൾ അവളൊരു ഭാര്യയാണ്, മരുമകളാണ്, ഉത്തരവാദിത്തമുള്ള കുടുംബനാഥയാണ്…പാവം….പേടിയുണ്ടാവും, അതാവും….

“നീ വാ… “

അവൻ അവളെ വിളിച്ചു, മുറിയിലെ ലൈറ്റ് തെളിയിച്ചപ്പോഴാണ് അവൻ കണ്ടത്, അവൾ കരയുകയായിരുന്നു.

“അല്ല, നീയെന്തിനാടീ കരയണേ….”

മറുപടിയില്ല,

“ഹാ ബെസ്റ്റ്, കുറച്ചു കഞ്ഞിയെടുക്കട്ടെ മാണിക്കാ….ദേ പെണ്ണെ കല്യാണം കഴിക്കാൻ പേടിയാണ് വേണ്ട വയ്യ എന്നൊന്നും പറഞ്ഞേക്കല്ലേ….ധൈര്യത്തിന് എന്റെ കൈയിൽ നിനക്ക്  തരാൻ ക ഞ്ചാ വൊ ന്നുമില്ല ട്ടാ…”

അപ്പോഴും പ്രതികരണമില്ല, തമാശ പറഞ്ഞിട്ടൊന്നും കാര്യമില്ലെന്ന് മനസിലായപ്പോ ആദി അവളെ പിടിച്ചു കട്ടിലിലേക്കിരുത്തി, ഒരു കസേര വലിച്ച് അവൾക്ക് സമീപത്തായിരുന്നു.

“ഹ്മ്മ്മ് ഇനി പറ എന്താ കൊച്ചിന്റെ പ്രശ്നം….”

“ആദിയേട്ടനെന്നെ ഇഷ്ടാണോ….”

ശരിക്കും അവനത് കേട്ടപ്പോൾ ചിരിയാണ് വന്നത്, എങ്കിലും ചിരിച്ചാൽ അവൾക്കത് വിഷമമാകുമോ എന്ന ചിന്തയിൽ ചിരിയൊക്കെ കടിച്ചമർത്തി,

“ഈ നട്ടപ്പാതിരാത്രിക്കാണോ നിനക്ക് ഈ സംശയം വന്നത്…എന്റെ ഊഹത്തിൽ ഈ ചോദ്യത്തിന് മെഡിക്കൽ സയൻസിന്റെ വേൾഡ് ഹിസ്റ്ററിയിൽ ഉത്തരം കാണാൻ വഴിയില്ല…ഇനിയും പലകോടി വർഷങ്ങൾ റിസർച്ച് നടത്തിയാൽ ചിലപ്പോ കണ്ടുപിടിക്കാൻ പറ്റിയേക്കും…

എണീച്ചു പോടീ മാ ങ്ങാമോ.റീ…നിന്നേ ഇഷ്ടല്ലാത്ത ആരാടി ഉള്ളത്, നീ ഞമ്മക്കടെ മുത്തല്ലേ ഖൽബെ….അല്ല മോളൂ എന്താണ് ഒരു പതിവില്ലാത്ത ബഹുമാനം ഒക്കെ….കെട്ടിപോണേന്റെ റിഹേഴ്സൽ ആണാ….ഇനിപ്പോ കെട്ടിയോനെ അഭിസംബോധന ചെയ്യാനുള്ള പ്രാക്ടീസ് ആണോ ഈ ഏട്ടാ വിളിയൊക്കെ….”

“ആദിയേട്ടനെന്നെ കല്യാണം കഴിച്ചൂടെ….”

ആ ഒരൊറ്റ ചോദ്യത്തിൽ ആദിയുടെ മുഴുവൻ വോൾട്ടേജും പോയി,

“ങേ…നിനക്ക്….നിനക്കെന്താടി പെണ്ണെ വട്ടായോ….”

“ഇല്ല ആദിയേട്ടാ…ഞാനിത് പറയാതെ പോയാലാവും എനിക്ക് ഭ്രാന്ത്‌ പിടിക്കുക,

എനിക്കിഷ്ടാ ആദിയേട്ടനെ ഒരുപാട്…പക്ഷെ ഞാൻ തെറ്റ് ചെയ്തു, ഒരിക്കൽ പോലും ഞാൻ ഒന്ന് സൂചിപ്പിച്ചത് കൂടിയില്ല…ഇനിയിപ്പോ അതുകൊണ്ട് ഉപയോഗവും ഇല്ലെന്നറിയാം…എന്നാലും…..”

അവൾ ഒന്ന് നിർത്തി,

“ആദിയേട്ടൻ എന്നെ വെറുക്കരുത്…എനിക്കത്രേ പറയാനുള്ളൂ…”

അത്രയും പറഞ്ഞ് ഒരു നിമിഷം പോലും കാത്തുനിൽക്കാതെ അവൾ പോയി…ഒക്കെ കേട്ട് ശില പോലെ, ഒരുപോള കണ്ണടക്കാതെ നേരം വെളുപ്പിച്ചു ആദി…

*****************

വാതിലിൽ തുടരെയുള്ള മുട്ട് കേട്ടാണ് അവൻ ചിന്തയിൽ നിന്നുമുണർന്നത്, കണ്ണുനീർ തുടച്ച് വാതിൽ തുറന്നപ്പോൾ അമ്മാവൻ പരിഭ്രാന്തനായി നിൽക്കുന്നത് കണ്ടു.

“മോനെ…. ന്റെ മോള്….”

“എന്തുപറ്റി അമ്മാവാ എന്താ കാര്യം…”

“ആദിമോനെ… അവള്… അവള് ചതിച്ചെടാ,…”

തേങ്ങിക്കരഞ്ഞു കൊണ്ട് ആ മനുഷ്യൻ ആധിയുടെ ചുമലിലേക്ക് ചാഞ്ഞു,

“എന്തുപറ്റി അമ്മാവാ, വൈഷുവിനെന്താ….”

“അവള് പോയെടാ… നമ്മളെയൊക്കെ വിട്ടിട്ടവള് പോയി….”

നെഞ്ചിലൊരു മിന്നൽപ്പിണർ പാഞ്ഞത് അവൻ വ്യക്തമായി അറിഞ്ഞു,

“എന്ത്….നമ്മുടെ വൈഷു….”

അവന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു, കണ്ണിൽ ഇരുട്ട് നിറഞ്ഞു….

ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്ന് അവളുടെ വിറങ്ങലിച്ച ശരീരം ഏറ്റുവാങ്ങുമ്പോൾ ചുറ്റും നിന്നാരൊക്കെയോ പറയുന്നുണ്ടായിരുന്നു,

“ആ ത്മഹ ത്യയായിരുന്നു, ഞരമ്പ് മുറിച്ചതാണത്രേ….ഇഷ്ടമല്ലാത്ത കല്യാണം ആയതുകൊണ്ടാവും…എന്തായാലും കഷ്ടം തന്നെ, ഇനിയും എത്ര കാലം ജീവിക്കേണ്ട കൊച്ചാ….”

*******************

ഉറക്കത്തിൽ നിന്നും ഞട്ടിയെണീക്കുമ്പോൾ ആദി വിയർത്തു കുളിച്ചിരുന്നു, കറങ്ങുന്ന ഫാനും തുറന്നിട്ട ജനലിലൂടെ ഒഴുകിയെത്തിയ കാറ്റും അവന്റെ ഉള്ളിൽ പുകഞ്ഞ കനലിന്റെ ചൂടിന് ആശ്വാസമേകിയില്ല. കണ്ടതൊക്കെയും സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാനാകാതെ മനസും ചിന്തകളും നൂൽവിട്ട പട്ടം പോലെ അലഞ്ഞു നടന്നു,

സ്വപ്നത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചിരിക്കുമ്പോ ആണ് വാതിലിൽ ആരോ മുട്ടുന്നത് പോലെ തോന്നിയത്, ആദി കാതോർത്തു, തോന്നലല്ല, ആരോ വാതിലിൽ മുട്ടി വിളിക്കുന്നുണ്ട്…

അവൻ സമയം നോക്കി, രണ്ടര കഴിഞ്ഞിരിക്കുന്നു…അവന്റെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി, മനസ്സിൽ പുറത്തു വൈഷു ആയിരിക്കല്ലേ എന്ന പ്രാർഥന ആയിരുന്നു.

പക്ഷെ അവന്റെ മാനമുരുകിയുള്ള പ്രാർഥന വെറുതെയായി, വാതിലിൽ മുട്ടിയത് വൈഷു തന്നെയായിരുന്നു. ആദി വാതിൽ തുറന്നതും അനുവാദം പോലും ചോദിക്കാതെ അവൾ അകത്തേക്ക് കയറി, അതും പണ്ടും അങ്ങനെ തന്നെയാണ്.

കയറിവന്ന അവൾ കട്ടിലിലേക്ക് ഇരുന്നു, പക്ഷെ ആദി അപ്പോഴും എരിതീയിൽ വീണ പുഴുവിനെ പോലെ അസ്വസ്ഥമായി നിൽക്കുകയായിരുന്നു.

“ഹാ ഇയാളെന്താടോ പന്തം കണ്ട പെരുച്ചാഴിയെപോലെ നിക്കുന്നെ….”

അവന്റെ ആ നിൽപ്പ് കണ്ട് അവൾ ചോദിച്ചു,

“ങേ…എന്ത്….എനിക്കെന്ത് കുഴപ്പം….നീ എന്തിനാ…എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ..”

“എനിക്കെന്താ ഇങ്ങോട്ട് വരാൻ ഇയാളുടെ അനുവാദം വേണോ…ഹല്ല ഇത് നല്ല കാര്യം….”

ആദിയുടെ വെപ്രാളം കൂടിക്കൂടി വന്നു, അത് കണ്ടിട്ടാണോ അറിയില്ല അവളങ്ങനെ ചോദിച്ചത്…

“എടാ ആദിയേട്ടാ…നിനക്കെന്നെ ഇഷ്ടാണോ…എന്നെ നിനക്ക് കല്യാണം കഴിക്കാൻ പാടില്ലാരുന്നോ…”

അതുംകൂടി കേട്ടതോടെ അവന്റെ സകല നിയന്ത്രണവും നഷ്ടമായി. മേശയിൽ ജഗ്ഗിലിരുന്ന വെള്ളമെടുത്തു വായിലേക്ക് കമഴ്ത്തി, കൂട്ടത്തിൽ കുറച്ചു വെള്ളം മൂക്കിലും കയറി, അതോടെ അവൻ ചുമക്കാൻ തുടങ്ങി.

ഹൃദയം പൂർവാധികം വേഗത്തിൽ മിടിക്കുന്നുണ്ട്, കാല് തളരുന്ന പോലെ തോന്നിയപ്പോൾ അവൻ മേശയുടെ കാൽച്ചോട്ടിൽ ഇരുന്ന് പോയി, അവളുടെ ആ ചോദ്യം കേട്ടപ്പോൾ മനസിലേക്കാദ്യം ഓടിയെത്തിയത് സ്വപ്നത്തിൽ കണ്ട അവളുടെ വിറങ്ങലിച്ച ശരീരമായിരുന്നു.

അവനിലുണ്ടായ പെട്ടെന്നുള്ള ഈ മാറ്റം അവളെ ആശയക്കുഴപ്പത്തിലാക്കി…

“നിനക്ക് ഈ പച്ചപ്പാതിരാത്രിക്ക് വേറൊന്നും അറിയാനില്ലേ….പോടീ പോയി കിടന്നുറങ്ങ്…

നാളെ കല്യാണം ആയിട്ട് അവള് പ്രേ തത്തെ പോലെ അലഞ്ഞു നടക്കുവാ…ഇറങ്ങിപ്പോടി കോ പ്പേ…”

“ഓ അല്ലേലും ഞാൻ ഇവിടെ പൊങ്കാല ഇടാൻ വന്നതൊന്നുമല്ല പോവാ, പോ ട്ടെ ടാ മത്ത ങ്ങാ ത്തല യാ….”

“മ ത്ത ങ്ങാ തല യൻ നിന്റെ…..”

പറയാൻ വന്നതൊക്കെ വിഴുങ്ങി അവളെ പുറത്താക്കി വാതിലടച്ചു വന്ന ആദിയുടെ മനസ്സിൽ സ്വപ്നത്തിലെ ഓരോ രംഗങ്ങളും സിനിമയിലെന്ന പോലെ കടന്നുപോയി…

ഉറക്കമില്ലാതെ പുലർച്ചെ വരെ മുറിയിൽ കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്ന ആദി വെളുപ്പിനെ ആണ് ഒന്ന് മയങ്ങിയത്.

പക്ഷെ ഉറങ്ങാനുള്ള ഭാഗ്യം അവനില്ലെന്ന് തോന്നുന്നു, അമ്മ അവനെ വിളിച്ചുണർത്തി.

“ഞാൻ കുറച്ചു കഴിഞ്ഞു വരാം അമ്മേ…. “

“എടാ എണീക്ക്…വല്യ പ്രശ്നമാ….”

ചാടിക്കൂട്ടി എണീറ്റ് അവൻ കണ്ണുംതിരുമ്മിക്കൊണ്ട് അമ്മയോട് ചോദിച്ചു,

“വൈഷു,….അമ്മേ….വൈഷൂന് എന്തേലും….”

“വൈഷൂന് എന്താ….അവൾക്കൊന്നൂല്ല, അവൾക്കെട്ടാനിരുന്ന ചെക്കൻ ഒരു കത്തും എഴുതി വച്ചിട്ട് ഏതോ പെണ്ണിന്റെ കൂടെ ഒളിച്ചോടിപ്പോയെന്ന്….നീ അല്ലേ ഈ ആലോചന കൊണ്ടുവന്നെ…അവള് നിന്നെക്കാണാൻ ഇരിക്കുവാ….നീ എണീറ്റു വാ….”

രാവിലെ തന്നെ തലക്കുള്ളിലെ  കിളികളെല്ലാം പറന്നുപോയ അവസ്ഥയായിരുന്നു അവനപ്പോൾ….എന്താ സംഭവിക്കുന്നത് എന്നൊരെത്തും പിടിയും കിട്ടാത്ത അവസ്ഥ…

മുടങ്ങിപ്പോയ കല്യാണം മുഹൂർത്തത്തിൽ തന്നെ നടക്കട്ടെയെന്ന് കുടുംബക്കാർ തീരുമാനിച്ചു, വധു വൈഷു, വരൻ നമ്മുടെ ആദി….ഇരുവർക്കും എതിർപ്പില്ലാത്ത പക്ഷം കല്യാണം വളരെ ഭംഗിയായി നടന്നു…

****************

തിരക്കൊക്കെ ഒഴിഞ്ഞ് വൈഷുവിനെ തനിച്ച് കിട്ടിയപ്പോൾ ആദി ചോദിച്ചു,

“നീ എന്താ ഇന്നലെ രാത്രി വന്ന് അങ്ങനെ പറഞ്ഞത്….?”

“എങ്ങനെ….?”

“ഇഷ്ടാണോ…കല്യാണം കഴിക്കോന്നൊക്കെ….?”

“അതോ…ഞാൻ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു, ഞാൻ കിട്ടിക്കഴിഞ്ഞു പോവുമ്പോ ഇയാള് സൂ യി സൈ.ഡ് ചെയ്തു ച ത്തു പോയീ ന്ന്….അതാ ഒരു ക്ലാരിറ്റിക്ക് വേണ്ടി അപ്പൊ തന്നെ വന്നു ചോദിച്ചത്….

അപ്പൊ ഇയാൾക്ക് ഒടുക്കത്തെ ജാഡയാര്ന്നല്ലോ….ഇപ്പൊ ന്താ…”

“എയ് ഒന്നൂല്ലെന്റെ ജാൻസി റാണീ…ഞാൻ വെറ്തെ ചോദിച്ചതാ….”

ചിലതിങ്ങനെയാണ്, എത്രയൊക്കെ തട്ടിയകറ്റിയാലും ദൈവം നിങ്ങൾക്ക് വേണ്ടി വിധിച്ചതാണെങ്കിൽ അയാൾ അരികിലെത്തുക തന്നെ ചെയ്യും….. ❤️

ശുഭം

© ജാനകി