ക്ഷണിക്കാതെ വന്ന അതിഥി
Story written by Nisha Pillai
================
നന്ദഗോപൻ കോളേജിൽ നിന്നും മടങ്ങിയെത്തിയപ്പോൾ വസ്ത്രങ്ങൾ പായ്ക്ക് ചെയ്യുന്ന അമ്മയെയാണ് കണ്ടത്. നാളെ മുതൽ സ്റ്റഡി ലീവാണ്. ഒരു മാസം അമ്മയുണ്ടാക്കുന്ന സ്വാദിഷ്ടമായ ഫുഡ് ഒക്കെ കഴിച്ച് ഒന്നു എൻജോയ് ചെയ്യണം. പരീക്ഷ സമയത്ത് അമ്മ അവൻ്റെ ആരോഗ്യത്തിന് പ്രത്യേക പരിഗണന നൽകാറുണ്ട്.
“അമ്മ ഇതെങ്ങോട്ടാണ്? അച്ഛനെവിടെ.”
“നന്ദന മോൾക്ക് പ്രഷർ കൂടിയിട്ട് അവിടെയൊരു ആശുപത്രിയിൽ അഡ്മിറ്റാക്കി. ഈ സമയത്തെ പ്രഷർ വേരിയേഷൻ കുഞ്ഞിന് ദോഷമാണ്. ഞാനും അച്ഛനും കൂടെ ഒന്ന് പോയിട്ടു വരാം. പൊന്നുമോൻ കുറച്ചു ദിവസംതനിയെ നിൽക്ക്. അച്ഛൻ ട്രാവൽ ഏജൻസിയിൽ പോയി. ഡൽഹിയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റെടുക്കാൻ. അവിടെ നിന്ന് ഹരിയാന ബോർഡറിലേയ്ക്ക് പോകാൻ ടാക്സി എടുക്കാം. അച്ഛനാകെ ടെൻഷനിലാ.”
നിനക്ക് മൂന്നു നേരം ഭക്ഷണം ലതമ്മായീടെ വീട്ടിൽ നിന്ന് തരും. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്..പക്ഷെ നീ അങ്ങോട്ട് ചെന്ന് കഴിക്കണം. കൊണ്ടുതരാൻ അവിടെയാരുമില്ലല്ലോ. ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ..ഒരു ചായപോലും തനിയെ ഉണ്ടാക്കി കുടിക്കാൻ അറിയില്ലല്ലോ.”
“അതൊന്നും വേണ്ട…ഞാൻ എന്തേലും ചെയ്തോളാം. ഉണ്ടാക്കുകയോ മേടിക്കുകയോ ചെയ്തോളാം. 24 മണിക്കൂർ പഠിക്കാനൊന്നും പറ്റില്ലല്ലോ..ഒരു റിലാക്സേഷനൊക്കെ വേണ്ടേ…പിന്നെ ചായ ഇടാനും ചോറ് വയ്ക്കാനുമൊക്കെ പഠിക്കാൻ യു ട്യൂബ് ഇല്ലേ, ഞാൻ പഠിച്ചോളാം.”
“ഓ ആയിക്കോട്ടെ…ഒരു മാസത്തെ കാര്യമല്ലേ. തീരെ പറ്റണില്ലേൽ ഹോസ്റ്റലിൽ പൊയ്ക്കോളൂ..പണ്ടത്തെ പോലെ വാതിലും ജനലുമൊന്നും തുറന്നു മലർത്തിയിട്ടിട്ട് പുറത്ത് പൊയ്ക്കളയരുത്. കള്ളൻമാരുടെ ശല്യം ഈ ഏരിയയിൽ കൂടുതലാണെന്ന ഓർമ്മ വേണം.”
“അമ്മ ഒന്നു പോയേ..പണ്ടെങ്ങോ ഒരു അബദ്ധം പറ്റിയെന്നുവച്ച്.”
അവൻ്റെ ഏകാന്ത ദിവസങ്ങൾ തുടങ്ങിയതു തന്നെ സൊമാറ്റോക്കാരൻ്റെ സന്ദർശനത്തോടെയാണ്. ഒന്നിനെയും സ്ഥിരമായി ഇഷ്ടപ്പെടാൻ കഴിയാത്തതിനാൽ പെട്ടെന്ന് അവൻ അതു മടുത്തു തുടങ്ങി.
മൂന്നാം ദിവസം നാട്ടിലെ ഗോപാലേട്ടൻ്റെ ചായകടയിൽ നിന്നായി ആഹാരം. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയിൽ സമയനഷ്ടം തോന്നിയപ്പോൾ ബ്രഡും മുട്ടയും മാഗിയുടെ ന്യൂഡിൽസും അടുക്കള കീഴടക്കി. ഒരാഴ്ച പിന്നിട്ടപ്പോൾ ചോറും തൈരും അച്ചാറുമായി വിപ്ളവം സൃഷ്ടിച്ചു.
രാത്രിയിലെ വേനൽമഴ, കൊള്ളിമീനുകളുടെ ആരവം, മരം ഒടിഞ്ഞു വീഴുന്ന ശബ്ദം. ആ രാത്രിയിൽ ആദ്യമായി അമ്മയെയും അച്ഛനെയും അവൻ വല്ലാതെ മിസ്സ് ചെയ്തു.
രാവിലെ മഴമൂലം നനഞ്ഞു കിടക്കുന്ന പറമ്പിൽ ഒന്നിറങ്ങി നടന്നു. കാറ്റത്ത് ഒടിഞ്ഞു കിടക്കുന്ന തേക്കിൻ്റെ ശിഖരങ്ങൾ. അച്ഛൻ പ്രിയത്തോടെ പറമ്പിലെ അതിർത്തിയിൽ നട്ടുവളർത്തുന്നതാണ്. അതിൽ രണ്ടു മൂന്നു മരങ്ങൾ ഒടിഞ്ഞു കിടക്കുന്നു. അവൻ വെട്ടുകത്തിയെടുത്തു എല്ലാം വെട്ടിമാറ്റി. മരങ്ങളുടെ ഇടയിൽ ഒരു കുഴി രൂപപ്പെട്ടിരുന്നു. രണ്ടടിയോളം താഴ്ചയും നാലടിയോളം ആരത്തിലൊരു വൃത്തരൂപം. അതിൽ തലേന്ന് പെയ്ത മഴവെള്ളം കെട്ടികിടക്കുന്നു.
അയൽപക്കത്തെ പറമ്പുകളിലൊന്നും ഇത്രയും നാശനഷ്ടങ്ങളുണ്ടായില്ല. അവൻ നിൽക്കുന്ന സ്ഥലത്ത് മാത്രമാണ് ഇമ്മാതിരി പ്രഹേളിക. ഒരു യുദ്ധം നടന്ന പ്രതീതിയാണ് ആ സ്ഥലത്ത്. അവൻ അവിടമാകെ പരതി. ഒടിഞ്ഞ വാഴയുടെ ചുവട്ടിൽ ഒരു ചുവന്ന തിളക്കമുള്ള വസ്തു. സോപ്പുപെട്ടിയുടെ വലിപ്പമുള്ള അസാധാരണ തിളക്കമുള്ള ഒരു സാധനം. സുതാര്യവും എന്നാൽ ഭാരമുള്ളതുമായ ഒരു വസ്തു. അവനതെടുത്തു ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു.
മഴ പെയ്താൽ പുറകു വശത്തെ പുഴയിലൂടെ മലവെള്ളം ഒഴുകി വരും. ഒന്ന് ചൂണ്ടയിടാൻ പോയാലോ എന്നായി ചിന്ത. അമ്മയുള്ളപ്പോൾ ഒന്നിനും സമ്മതിക്കില്ല..പിന്നെ ഒട്ടും അമാന്തിച്ചില്ല. പതിവിനു വിപരീതമായി മീനുകളുടെ ചാകരയായിരുന്നു. മുഴുത്ത ഏഴെട്ടു പുഴമീനുകളെ കിട്ടിയപ്പോൾ അവൻ അന്നത്തെ മീൻപിടുത്തം മതിയാക്കി
മീൻ കറി വച്ചും പൊരിച്ചും ചോറ് കഴിച്ചപ്പോൾ അവനമ്മയുടെ രുചിക്കൂട്ടുകൾ ഓർമ വന്നു..അമ്മ ഇങ്ങോട്ടു വിളിക്കുകയാണ് പതിവ്. അങ്ങോട്ട് വിളിച്ചപ്പോൾ അമ്മക്ക് അത്ഭുതം.
“അച്ചോടാ,.ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു..നന്ദന പ്രസവിച്ചു. പെൺകുഞ്ഞാണ്, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പിന്നെ വേറെ ഒരു സന്തോഷ വർത്തമാനം കൂടി ഉണ്ട്. വിവേകിന് യു എസ് വിസ കിട്ടി. മൂന്നാഴ്ച കഴിഞ്ഞു ഞങ്ങൾ എല്ലാരും നാട്ടിലേക്കു വരും. നീ കുഞ്ഞു മോൾക്ക് നല്ലൊരു പേര് കണ്ടു വയ്ക്കൂ.”
അവൻ ഭയങ്കര സന്തോഷം തോന്നി….അമ്മ വന്നാലവന്റെ പ്രശ്നമെല്ലാം തീരും. ഇന്നെന്തായാലും നല്ലൊരു ദിവസമാണ്. ഇന്ന് മുതൽ സീരിയസ് ആയി പഠിച്ചു തുടങ്ങണം. ഒരു മാസം കഴിഞ്ഞാൽ ഫൈനൽ ഇയർ എക്സാം ആണ്. നല്ല മാർക്ക് ഉണ്ടെങ്കിൽ സ്കോളർഷിപ്പോടെ പുറത്തു പോയി പഠിക്കാം. അതാണവന്റെ ലക്ഷ്യം.
അവനൊരു കുളിയൊക്കെ പാസ്സാക്കി പഠിക്കാനിരുന്നു. അവനു പറമ്പിൽ നിന്ന് കിട്ടിയ അജ്ഞാത വസ്തു മേശയുടെ മുകളിലിരുന്ന് തിളങ്ങുന്നു ഇടയ്ക്കിടയ്ക്ക് അവന്റെ ശ്രദ്ധ അതിലേക്കു തിരിയുന്നു..അത്ര മനോഹരമാണത്. അവൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വീട്ടിലെ ഏകാന്തത അവനെ നല്ലതു പോലെ പഠിക്കാൻ സഹായിച്ചു. സമയം പോയതറിഞ്ഞില്ല. ക്ഷീണമോ തളർച്ചയോ ഇല്ലാതെ അവനു പഠിക്കാൻ പറ്റി.
രാത്രിയിലെപ്പോഴോ ഉണർന്നു നോക്കിയപ്പോൾ മുറി മുഴുവൻ ചുവന്ന പ്രകാശം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏതോ സ്റ്റുഡിയോയുടെ കളർ ലാബ് പോലെ…ഡാർക്ക് റൂം പോലെ മൊത്തത്തിൽ ചുവന്ന വെളിച്ചത്തിൽ കുളിച്ച മുറി. തുടർന്നുള്ള ദിവസങ്ങളും അല്ലലൊന്നുമില്ലാതെ മുഴുവൻ സമയവും പഠനവുമായി കഴിഞ്ഞു.
പഠനമുറിയിലെ ആ വസ്തുവിന്റെ സാന്നിധ്യമാണോ ഈ പോസിറ്റീവ് എനെർജിക്കും കോൺസെൻട്രേഷനും കാരണം? ഈയിടെയായി അവനങ്ങനെ ഒരു തോന്നൽ. തന്റെ ഭാഗ്യത്തിനും സന്തോഷത്തിനും കാരണം. അവൻ പുറത്തു പോകുമ്പോഴും ആ വസ്തു കയ്യിൽ കരുതാൻ തുടങ്ങി. പക്ഷെ രാത്രികളിൽ അത് ബുദ്ധിമുട്ടാകാൻ തുടങ്ങി. പഠിച്ചു തളർന്നുറങ്ങുമ്പോൾ കണ്ണിലടിക്കുന്ന ചുവന്ന പ്രകാശം, ചിലദിവസങ്ങളിൽ ഉറങ്ങാൻ പറ്റാതെയായി. അതൊരു കറുത്ത തുണിയിൽ പൊതിഞ്ഞു അലമാരയിൽ വച്ച് കിടന്നുറങ്ങും. രാവിലെ പുറത്തെടുത്തു കൂടെ കൊണ്ട് നടക്കും.
അത് കൂടെയുള്ളപ്പോൾ വല്ലാത്ത ധൈര്യം തോന്നും. അവനതിനെ “മാജിക് സ്റ്റോൺ ” എന്ന് വിളിച്ചു. ജീവിതം അല്ലലുകളൊന്നുമില്ലാതെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നേറി. ഹോസ്റ്റലിൽ ആയിരുന്നേൽ താനും ഉഴപ്പി നടന്നേനെ എന്നവന് തോന്നി. കോളേജിൽ നിന്നും വേണുസാറിന്റെ വിളി വന്നു.
“നന്ദാ, നല്ല പോലെ ശ്രമിച്ചോളൂ. യൂണിവേഴ്സിറ്റിയിൽ ഇത് വരെ നടന്ന സെമസ്റ്ററുകളിൽ താനാണ് ടോപ്പർ. ഈ വർഷത്തെ പരീക്ഷ കൂടി നന്നായി എഴുതിയാൽ നിനക്ക് സ്കോളർഷിപ് കിട്ടും. ശരിക്കും നീ അതിനർഹനാണ്.”
ഇപ്പോഴുള്ള സന്തോഷത്തിന്റെ അലയടികൾ ഒരിക്കലും തീരാതെയിരിക്കട്ടെ എന്നവൻ ആഗ്രഹിച്ചു. പഠനവും ഭക്ഷണമുണ്ടാക്കലും മീൻപിടുത്തവും ഒക്കെയായി ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ കുറെ ദിവസങ്ങൾ.
ഇടക്കെപ്പോഴോ ഉറക്കത്തിൽ നിന്നുണർന്നപ്പോൾ മുറിയിൽ നല്ല പ്രകാശം. ചെറിയ ചുവപ്പു കലർന്ന വെളിച്ചം. തന്റെ മാജിക് സ്റ്റോൺ പൊതിഞ്ഞു വയ്ക്കാൻ മറന്നു പോയോ എന്നവൻ ആശ്ചര്യപ്പെട്ടു. എണീറ്റ് നോക്കിയപ്പോൾ മുറിയിൽ അല്ല പ്രകാശം, ജനലിലൂടെ വരുന്നതാണ്. അവൻ പുറത്തേക്കു നോക്കി. മരങ്ങൾ ഒടിഞ്ഞു വീണു കിടന്ന പറമ്പിലെ മൂലയിൽ നിന്നാണ് പ്രകാശം വരുന്നത്. അവൻ സൂക്ഷിച്ചു നോക്കിയപ്പോൾ ആറടിയോളം പൊക്കമുള്ള ആന്റിന പോലെ ചെവികളുള്ള നാലഞ്ചു വിചിത്ര രൂപികൾ. അവർ ഗർത്തതിന് ചുറ്റുവട്ടത്തു എന്തോ തിരയുകയാണ്. അവൻ ഒളിഞ്ഞു നിന്ന് നോക്കി. രൂപം കണ്ടു അവനവരെ പേടി തോന്നി. ഇനിയവർ തിരയുന്നത് തനിക്കു കിട്ടിയ മാജിക് സ്റ്റോണാണോ? അവൻ തിരികെ വന്നു കട്ടിലിൽ കിടന്നു. ഒരു പക്ഷെ അവർ തന്നെ കണ്ടാൽ ഉപദ്രവിച്ചാലോ. മാജിക് സ്റ്റോൺ എടുത്തു കൊണ്ട് പോയാലോ ? എന്തായാലും ഒരു ഭാഗ്യ പരീക്ഷണത്തിനില്ല. കണ്ണുകൾ ഇറുക്കി അടച്ചിട്ടും അവനു ഉറക്കം വന്നില്ല.
നേരം വെളുത്തു തുടങ്ങിയപ്പോൾ, ജനലിലൂടെ എല്ലാം സേഫ് ആണെന്നുറപ്പ് വരുത്തി അവൻ സംഭവ സ്ഥലത്തേക്ക് പോയി. ഒരു ഡിറ്റക്ടീവിന്റെ ചാതുര്യത്തോടെ പരിസരം മുഴുവൻ പരതി നോക്കി.
പുതിയ കുറെ മരങ്ങൾ ഒടിഞ്ഞു കിടക്കുന്നു. അമ്മയുടെ മൂവാണ്ടൻ മാവും കറിവേപ്പില മരവും ശിഖരങ്ങൾ ഒടിഞ്ഞു, അതിനു താഴെ പുതിയ ഗർത്തം രൂപം കൊണ്ടു. അച്ഛനിപ്പോൾ ഈ കാഴ്ചകൾ കണ്ടെങ്കിൽ, ബോധം തന്നെ പോയേനെ…എന്തോ ഒരു വിസ്താരമുള്ള ഒരു വസ്തു ഭൂമിയിൽ വന്നിരിക്കുന്നു. ആ വസ്തു നല്ല പ്രകാശിതമായിരുന്നു. ഒടിഞ്ഞു വീണു കിടന്ന വാഴകളുടെയിടയിൽ നിന്നും അപരിചിതവും വികൃതവും ആയ ശബ്ദം അവൻ കേട്ടു.
ഉണക്കവാഴയിലകൾ പകുത്തുമാറ്റിയപ്പോൾ കണ്ടത് , തലേന്ന് രാത്രി കണ്ട പോലെയൊരു വികൃത രൂപിയെയാണ്. കണ്ണുകൾ തുറന്നാണെങ്കിലും ക്ഷീണം കൊണ്ടു തളർന്നത് പോലെയാണതിന്റെ കിടപ്പ്. ഇലകളുടെയിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യ കിരണങ്ങൾ അതിന്റെ അസ്വസ്ഥത കൂട്ടുന്നുവെന്നു തോന്നിയപ്പോൾ അവനവനെ സഹായിക്കണമെന്ന് തോന്നി. ആദ്യത്തെ ഭയം ഒരു സഹതാപമായി മാറാൻ വൈകിയില്ല.
അവനതിന്റെ കയ്യിൽ സ്പർശിച്ചു. കണ്ടാൽ വളരെ ശക്തമെന്നു തോന്നുന്നതും എന്നാൽ പതുപതുത്തതുമായ കരങ്ങൾ. അവനതിനെ വളരെ പാടുപെട്ടു താങ്ങിയെടുത്തു. നല്ല ഭാരമുള്ള ശരീരം. ശ്രദ്ധയോടെ അതിനെ വീട്ടിലേക്കു നയിച്ചു. ആണും പെണ്ണും കലർന്ന ദ്വിലിംഗ സ്വഭാവമുള്ള ഒരു ജീവിയെ പോലെ. ശിവന്റെ അർദ്ധനാരീശ്വര സങ്കൽപം പോലെ. നിർവികാരങ്ങളായ കണ്ണുകൾ. അവൻ വീട്ടിലെ എ സി യുള്ള മുറിയിലെ കട്ടിലിൽ അതിനെ കിടത്തി. വെള്ളവും പാലും ബിസ്ക്കറ്റും ഒക്കെ മുന്നിൽ നിരത്തിയിട്ടും അതൊന്നും തൊട്ടു നോക്കാനോ കഴിക്കാനോ അത് ശ്രമിച്ചില്ല. അന്ന് രാത്രിയും പകലും അവൻ അതിന്റെ കൂടെ തന്നെയിരുന്നു…അതിന്റെ ക്ഷീണം കൂടി കൂടി വന്നു. അതിന്റെ അവസ്ഥ ഓർത്തു സങ്കടം വന്നു. ഒരു പക്ഷെ ഇതിനു പരിഹാരം തന്റെ കയ്യിലെ മാജിക് സ്റ്റോണിലുണ്ടാകുമെന്നവന് അവനു തോന്നി. പക്ഷെ സ്വാർത്ഥത മൂലം അലമാര തുറക്കാനോ മാജിക് സ്റ്റോൺ നൽകാനോ അവൻ തയാറായില്ല.
അവന്റെ സന്തോഷവും സമാധാനവും അതിന്റെ വരവോടെയില്ലാതെയായി. അവൻ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ പോലും അതിനു മനസിലാകുന്നുവെന്നവന് അതിന്റെ പ്രതികരണങ്ങൾ കണ്ടപ്പോൾ മനസിലായി. അവൻ പഠിക്കുമ്പോൾ മുറിയുടെ മൂലയിൽ പതുങ്ങിയിരിക്കുകയും അവൻ ഭക്ഷിക്കുമ്പോൾ സങ്കടത്തോടെ നോക്കിയിരിക്കുകയും ചെയ്യുന്ന അതിന്റെ മുഖം അവനൊരു വേദനയായി മാറി.
താനെന്തൊരു മനുഷ്യനാണ് എന്നവന് സ്വയം തോന്നി തുടങ്ങി. ഈ പോക്ക് പോയാൽ തന്റെ സ്കോളർഷിപ്പിന്റെ കാര്യമെന്താകും? കേവലം ഭാഗ്യം കൊണ്ടല്ല, കഴിവ് കൊണ്ടാണ് നേട്ടങ്ങൾ ഉണ്ടാകേണ്ടത് എന്നവന് തോന്നി. അലമാര തുറന്നു അതിൽ വച്ചിരുന്ന മാജിക് സ്റ്റോൺ എടുത്തു അതിന്റെ കയ്യിൽ വച്ച് കൊടുത്തു. കുറേനേരം കണ്ണുമിഴിച്ചു നോക്കി നിന്നശേഷം അതവനെ നോക്കി ആദ്യമായി പുഞ്ചിരിച്ചു. ആ നിർവികാരമായ മുഖത്തു ഇപ്പോൾ എങ്ങനെയാണു പുഞ്ചിരി പ്രത്യക്ഷപെട്ടതെന്നു അവനത്ഭുതപെട്ടു. അത് അവനെ ആശ്ലേഷിച്ചു. നിർവൃതിയുടെ ഒരു തരംഗം അവന്റെ ചേതനയിലൂടെ കടന്നു പോയി.
കട്ടിലിൽ ഇരുന്നു അത് മാജിക് സ്റ്റോണിന്റെ ഒരു വശം തുറന്നു അതിലുണ്ടായിരുന്ന പഞ്ചസാര തരികൾ പോലെയുള്ള വൈറ്റ് ക്രിസ്റ്റൽ ക്യൂബുകൾ അത് പുറത്തെടുത്തു. അതിൽ നിന്നും ഒരു തരി വെള്ളത്തിൽ ലയിപ്പിച്ചു അത് കഴിച്ചു. അതായിരിക്കും അതിന്റെ ഭക്ഷണം. ഉന്മേഷം വീണ്ടെടുത്ത അവൻ ബാക്കി ക്രിസ്റ്റലുകൾ വീണ്ടും ഉള്ളിൽ നിക്ഷേപിച്ചു.
അവനു മനസിന് വളരെ സംതൃപ്തി തോന്നി. ഇനി അതിനു തിരിച്ചു സ്വന്തം വീട്ടിലേക്കു പോകാൻ കഴിയും. ബഹിരാകാശ മണ്ഡലത്തിലെ വേറെ ഏതോ ഗ്രഹത്തിൽ നിന്നും വന്നതാകാം. അപ്രതീക്ഷിതമായ മഴയിലോ മിന്നലിലോ അവരുടെ വാഹനത്തിനു കേടു വന്നതാകും എന്നവൻ കരുതി. അവന്റെ ചിന്തകളെ ശരിവയ്ക്കുന്ന പോലെ അതവനെ നോക്കി തലകുലുക്കി.
വാഹനത്തിനു കേടു പരിഹരിച്ചു യാത്രയായെങ്കിലും ഒരാളുടെ മാജിക് സ്റ്റോൺ നഷ്ടമായത് കണ്ടു പിടിച്ചു അത് വീണ്ടെടുക്കാൻ വന്നതാകും. ഒടുവിൽ വീണ്ടെടുക്കാനാകാതെ അയാളെ ഇവിടെ ഉപേക്ഷിച്ചതാകും. അങ്ങനെയൊക്കെ അവൻ ആലോചിക്കുമ്പോൾ അവനെ തന്നെ നോക്കിയിരിക്കുന്ന ആ രൂപത്തിനെ അവൻ എനിഗ്മാ എന്ന് വിളിക്കാൻ ആഗ്രഹിച്ചു.
മാജിക് സ്റ്റോൺ കയ്യിൽ കിട്ടിയിട്ടും എനിഗ്മാ അവനെ വിട്ടു പോയില്ല. ഒരിക്കൽ പുറത്തു പോയി വന്നപ്പോൾ എനിഗ്മയെ കാണാതെ അവൻ വിഷമിച്ചു, അത് തിരിച്ചു പോയെന്നു കരുതി. പക്ഷെ കുളിമുറിയിൽ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടപ്പോൾ ചെന്ന് നോക്കിയപ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന എനിഗ്മയെ ആണ്.
അച്ഛനും അമ്മയും മടങ്ങി വരുമെന്ന് പറഞ്ഞ ദിവസം വരെയും അതവന്റെ കൂടെ തന്നെയുണ്ടായിരുന്നു. വിട്ടു പിരിയാൻ കഴിയാത്ത സുഹൃത്തിനെ പോലെ ഇപ്പോഴും കൂടെ തന്നെ നടന്നു. അവനു കൂട്ടായി, തണലായി…
പുറത്തു പോകുമ്പോൾ മാത്രം റൂമിൽ അടച്ചിരിക്കും. ഈ ദിവസങ്ങളിൽ വെളുത്ത ക്യൂബുകൾ മാത്രമായിരുന്നു എനിഗ്മയുടെ ഭക്ഷണം..അതവരുടെ ഗ്രഹത്തിലെ പോഷക സമൃദ്ധമായ ഭക്ഷണം ആകും.
എല്ലാരും തിരികെ വന്ന പകൽ എനിഗ്മയെ പുറത്തു കണ്ടില്ല. ആരെയും കാണാതെ അവന്റെ മുറിക്കുള്ളിൽ ഒളിച്ചു കഴിഞ്ഞു. പതിവിനു വിപരീതമായി വളരെ വ്യസനത്തോടെയുള്ള മുഖത്തോടെ എനിഗ്മാ അവന്റെ മുൻപിൽ വന്നു. അവനെ തൊട്ടുതലോടി കുറെ നേരമിരുന്നു
ഒരു ദിവസം പുലർന്നപ്പോൾ അവൻ എനിഗ്മയെ കണ്ടില്ല. ഒരു പക്ഷെ എനിഗ്മാ അവന്റെ വീട്ടിലേക്കു തിരിച്ചു പോയിരിക്കാം. ഇനിയും തിരിച്ചു വന്നു അവനെ കാണുമെന്ന പ്രത്യാശയിൽ രാത്രിയിൽ പറമ്പിലെ മരങ്ങൾക്കിടയിൽ അവൻ ഇപ്പോഴും ടോർച്ചടിച്ചു നോക്കാറുണ്ട്. തീർച്ചയായും അവന്റെ എനിഗ്മാ അവനെ കാണാൻ തിരിച്ചു വരും…
~നിശീഥിനി