Story written by Abdulla Melethil
==================
“കോടതിക്ക് പുറത്തുള്ള ഒരു ചായകടയുടെ അടുത്തായി ഉണ്ടായിരുന്ന ഒരൊഴിഞ്ഞസ്ഥലത്ത് തൻ്റെ ബൈക്ക് നിർത്തി ശ്യാം കോടതിയിലേക്ക് നടന്നു കടലിന് അടുത്തായി സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷന് ഉള്ളിൽ തന്നെയായിരുന്നു കോടതിയും..!
‘കുറെയേറെ പ്രാവശ്യം വന്നത് കൊണ്ട് ശ്യാമിന് കോടതിയും പരിസരവും സുപരിചിതമായിരുന്നു എന്തിനേറെ ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ ആവലാതിയോടെ നടക്കുമ്പോൾ കാലിന് ചെറിയൊരു കൊച്ചലുള്ള പൂച്ചയെ വരെ..
‘കോടതിവളപ്പിനുള്ളിലെ മതിലിനോട് ചേർന്ന് നട്ട് പിടിപ്പിച്ചുള്ള ചെടികളിൽ പലതും പൂവിട്ടിരിക്കുന്നു പലവിധ വർണ്ണങ്ങളിൽ..
‘തങ്ങളുടെ പ്രണയം പോലെ..
‘കോടതി വരാന്തയിലെ ഒരൊഴിഞ്ഞ ബെഞ്ചിന് മേലേ ശ്യാം ഇരുന്നു ആളുകൾ വന്ന് തുടങ്ങുന്നേയുള്ളൂ നിങ്ങളുടെ കേസ് ആദ്യം വിളിക്കും ശ്യാം നേരത്തേ പോരൂ എന്ന് വക്കീൽ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു..
‘ഇന്നത്തോടെ വിധി ഉണ്ടാകും..ഇനി ഇങ്ങോട്ട് വരേണ്ടി വരില്ല ഇക്കാര്യത്തെ ചൊല്ലി..
‘മതജാതിവേലികെട്ടിനും മേലേ പടർന്ന് തളിർത്ത പ്രണയ വള്ളികൾ അസ്തമയ സൂര്യന്റെ ചുവപ്പ് തട്ടി ചുവന്നു ശ്യാം താൻ തന്നെ എഴുതിയ ചില വരികൾ ഓർമ്മയിൽ വന്നപ്പോൾ കോടതി ഭിത്തയിലെ പൊട്ടിപൊളിഞ്ഞ കുമ്മായത്തിൽ നോക്കി അസ്വസ്ഥനായിരുന്നു…
‘കുറച്ചു കഴിഞ്ഞപ്പോൾ കോടതി പരിസരം ശബ്ദമുഖരിതമായി..വ്യവഹാരങ്ങളുടെയും ന്യായ അന്യായങ്ങളുടെയും വാദപ്രതിവാദങ്ങൾ ഇനി ഇവിടെ ഉയരാൻ പോകുന്നു..
‘കറുത്ത ഗൗണുകൾക്കിടയിലൂടെ ശ്യാമിന്റെ വക്കീലും കടന്ന് വന്നു ശ്യാം വക്കീലിന്റെ മുറിയിലേക്ക് ചെന്നു..നഷ്ടപരിഹാര തുക കുറച്ചു കൂടും..അവരുടെ ആരോപണങ്ങളെ ചെറുത്താൽ മതി നമുക്ക് ഒരാരോപണവും ഇല്ലെന്ന് നിങ്ങൾ പറഞ്ഞത് കൊണ്ടാണ്
‘സാരമില്ല..ശ്യാം മുഖത്ത് ചെറിയൊരുചിരി വരുത്തി..
‘ശ്യാം പുറത്തേക്ക് നടന്നു..ഒരേ ഓഫീസിൽ ജോലി ചെയ്യുന്നവർ എന്നും കാണുമ്പോൾ പുഞ്ചിരിക്കുന്നവർ എപ്പോഴോ ചരികൾക്കിടയിൽ പ്രണയവും തളിരിട്ടു..
‘കാണാണ്ടിരിക്കാനും കേൾക്കണ്ടിരിക്കാനും ഒരു മിനിറ്റ് പോലും വയ്യെന്നായപ്പോൾ വിവാഹം എന്ന പ്രതിവിധിയിലേക്ക് ആദ്യം കടന്ന് വന്നത് ഓഫീസിലെ സഹപ്രവർത്തകർ തന്നെയായിരുന്നു..
‘ദിവ്യയുടെ വീട്ടുകാർ പണക്കാരാണ് ജാതിയിൽ ഉയർന്നവരും ശ്യാം അനാഥനാണ് അവന് ജാതിയും മതവും ഒന്നുമില്ലെങ്കിലും വീട്ടുകാർ അതൊക്കെ നോക്കില്ലേ എന്ന് അച്ചുവേട്ടനാണ് ദിവ്യയോട് പറഞ്ഞത്..
‘അതൊന്നും പ്രശ്നമില്ല എന്നവൾ പറഞ്ഞെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല..അവളുടെ നിർബന്ധം ആയിരുന്നു റജിസ്റ്റർ മാരേജ് ചെയ്യാം എന്നുള്ളത്..
‘വായ്പ്പ എടുത്ത് വാങ്ങിയ ഫ്ളാറ്റിലെ ചെറിയ സൗകര്യമുള്ള ഞങ്ങളുടെ മുറിയിൽ ഒരു സ്വർഗ്ഗ ജീവിതം തുടങ്ങി..
‘പ്രണയിച്ചും പിണങ്ങിയും അടിച്ചും കരഞ്ഞും തെറ്റിയും ഒരു ജീവിത നൗക കാറ്റിലും കോളിലും പെട്ടുലയാതെ മുന്നോട്ട് പോയി..
‘ഒരു കാർ കോടതി വളപ്പിനുള്ളിലേക്ക് കയറി വന്നു അവിടെ പാർക്ക് ചെയ്തു..
‘അതിൽ നിന്ന് ദിവ്യയും അച്ഛനും അമ്മയും ശ്യാമിന്റെ മോനും ഇറങ്ങി മോന്റെ കൈ ദിവ്യയുടെ അച്ഛന്റെ കൈകളിൽ ആയിരുന്നു..
‘മോൻ ശ്യാമിനെ പരിചിതഭാവത്തിൽ നോക്കി അവൻ അടുത്തേക്ക് വരികയോ ചിരിക്കുകയോ ഒന്നും ചെയ്തില്ല ദിവ്യയും അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു..ദിവ്യയുടെ അച്ഛന്റെയും അമ്മയുടെയും മുഖം ഗൗരവഭാവത്തിൽ തന്നെ നിന്നു..
‘ഒരു കുഞ്ഞ് ആകാൻ തുടങ്ങുമ്പോഴാണ് പിണക്കം മാറ്റി വെച്ച് ദിവ്യയുടെ അച്ഛനും അമ്മയും തങ്ങളുടെ കൊച്ചു ഫ്ളാറ്റ്മുറിക്കുള്ളിലേക്ക് വരുന്നത്..താനും സന്തോഷിച്ചു..എന്നാൽ അധികം വൈകാതെ ഒരു കാര്യം മനസ്സിലായി അത് ദിവ്യയുടെ മാത്രം അച്ഛനും അമ്മയും ആണെന്ന്..
‘കുഞ്ഞുണ്ടായപ്പോൾ കുഞ്ഞും അവരുടേതായി..ദിവ്യ അവളുടെ വീട്ടിലും പോകാൻ തുടങ്ങിയപ്പോൾ ഫ്ളാറ്റിൽ പലപ്പോഴും താൻ തനിച്ചായി..
‘കുഞ്ഞും അവരുടെ ജാതിയിൽ ജനിച്ച പോലെയായിരുന്നു തന്നോട് ഒരു അയിത്തം അതെന്താ അങ്ങനെ ഇപ്പോഴും പിടി കിട്ടുന്നില്ല..
‘ദിവ്യക്കും പണ്ടത്തെ പുഞ്ചിരിയുടെ തിളക്കം നഷ്ടപ്പെട്ടിരുന്നു അവർക്കിടയിൽ താനൊരു അധിക പറ്റ് പോലെ…
‘പിന്നെ പിന്നെ ഫ്ളാറ്റിലേക്ക് തീരെ വരാതെയായി..ശ്യാമിന് ഇവിടെ നിന്നൂടെ ദിവ്യക്കും അതാണ് ഇഷ്ടം ഫ്ളാറ്റിലേക്ക് വിളിക്കാൻ മാസങ്ങൾക്ക് ശേഷം ചെന്നപ്പോൾ ദിവ്യയുടെ അച്ഛനാണ് അങ്ങനെ പറഞ്ഞത്..
‘അവൾ വരാൻ തയ്യാറില്ല..കുട്ടിയും ഏറെ കുറെ മനസ്സിലാക്കിയിരുന്നു താൻ മാറ്റി നിർത്തേണ്ടവൻ ആണെന്ന്..എന്നാൽ തനിക്ക് അങ്ങനെയല്ലല്ലോ അവന് ഇഷ്ടപെട്ടതെല്ലാം അവന് കൊണ്ട് കൊടുക്കും..നിര്ബന്ധിച്ചാൽ കവിളിൽ തൊട്ട് തൊട്ടില്ലെന്ന മട്ടിൽ അവനൊരു ഉമ്മ തരും..
‘കോടതിയിൽ അധികം വാദങ്ങളൊന്നും ഉണ്ടായില്ല കാര്യങ്ങളൊക്കെ വക്കീൽ പറഞ്ഞു തന്നു..മോനെ എപ്പോ വേണേലും കാണാം കൂടെ നിർത്താം..അവൻ വരുമെങ്കിൽ….
‘മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം കൊടുത്താൽ മതി..ദിവ്യയും മോനും പുറത്തേക്ക് വന്നപ്പോൾ ശ്യാം അടുത്തേക്ക് ചെന്നു..
‘മോൻ അവളുടെ ദേഹത്തോട് ചേർന്ന് തന്നെ നിന്നു..ശ്യാം ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ പറ്റിച്ചു കളഞ്ഞു..
‘ശ്യാം പെട്ടെന്ന് കണ്ണുകൾ തുടച്ചു..ഞാൻ ട്രാൻസ്ഫെറിന് അപേക്ഷിച്ചിട്ടുണ്ട് ഇനി പുതിയ സ്ഥലത്തെ ജോലിക് കയറൂ ലീവിലാണ്..
‘പിന്നെ ഫ്ലാറ്റ് വിൽക്കണം..സ്ത്രീധന പീ ഡനവും മാനസിക പീ ഡനമൊക്കെ നിങ്ങൾ ഏൽപിച്ച വക്കീൽ വാദിച്ചത് കൊണ്ട് നഷ്ടപരിഹാര തുക പ്രതീക്ഷിച്ചതിലും കുറച്ചു കൂടുതൽ വന്നു..അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിൽ തന്നെ ഞാൻ ഒഴിഞ്ഞു തരുമായിരുന്നല്ലോ..
‘അപ്പോഴേക്കും അച്ഛനും അമ്മയും പോകാൻ തിരക്ക് കൂട്ടിയിരുന്നു..
‘ശ്യാം പോക്കറ്റിൽ കരുതിയ അവനിഷ്ടപ്പെട്ട ചോക്ലേറ്റുകൾ മോന്റെ കൈയ്യിൽ കൊടുത്തു..
‘അയാളുടെ ചങ്കും കണ്ണും ഒരുപോലെ അനുസരണകേട് കാട്ടി..
‘സകല കഴിവുകളും കൊണ്ട് അയാൾ അവയെ നിയന്ത്രിക്കാൻ ശ്രമിച്ചു..ദിവ്യയോട് ഒരു അപേക്ഷയുണ്ട്..എനിക്ക് മോനെ കാണാനുള്ള ആഗ്രഹങ്ങളെ ഞാൻ ഒതുക്കാൻ ശ്രമിക്കാം..എന്നാൽ അവൻ എപ്പോഴേങ്കിലും എന്നെ കാണാൻ ആഗ്രഹം പറഞ്ഞാൽ എന്നോട് പറയണം..
‘അവന് ഒരച്ഛന്റെ കുറവ് ഒരിക്കലും അറിയരുത് ഒരിടത്തും ഞാൻ അതൊക്കെ അറിഞ്ഞാണ് വളർന്നത് എന്റെ കുട്ടിക്ക് അങ്ങനെ ഉണ്ടാകരുത്..
‘അവസാന വാക്കുകൾ പറയുമ്പോഴേക്കും ദിവ്യ നടന്ന് കഴിഞ്ഞിരുന്നു..ശ്യാം അവരുടെ വാഹനം കടന്ന് പോകുന്നത് വരെ അവിടെ തന്നെ നിന്നു..അയാൾ കണ്ണുകൾ നിറഞ്ഞൊഴുകി..
‘കാലിന് ചെറിയൊരു കൊച്ചലുള്ള പൂച്ച ആവലാതികൾ ഒന്നുമില്ലാതെ അയാളുടെ മുന്നിലൂടെ കടന്ന് പോയി..
‘മതിൽ കെട്ടിന് അകത്ത് നിന്നിരുന്ന പൂവുകൾ പലതും സൂര്യ താപമേറ്റ് വാടി കരിഞ്ഞു..
‘വക്കീൽ വന്ന് തോളിൽ കൈ വെച്ചപ്പോഴാണ് ശ്യാമിന് പരിസര ബോധം ഉണ്ടായത്..
‘സാരമില്ലെടോ എല്ലാം നല്ലതിനാകും..അവർക്ക് നിന്നെ വേണ്ട പിന്നെ നീയെത്ര നാൾ കടിച്ചു തൂങ്ങും..
‘ശ്യാം തന്റെ ബൈക്കിന് അടുത്തേക്ക് നടന്നു…കേസ് നടക്കുമ്പോഴും കൗണ്സിലിംഗ് നടക്കുമ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു..ഇനി ഒന്നും പ്രതീക്ഷിക്കാനില്ല..ഏഴ് വർഷത്തെ വിവാഹ ജീവിതത്തിൽ ബാക്കിയായത് നഷ്ടങ്ങൾ മാത്രം….
‘അയാൾ ബൈക്കിന് അടുത്തെത്തി തന്റെ മകൻ ഒരച്ഛൻ ആകുന്ന കാലത്ത് മനസ്സിലാകുമോ ഒരച്ഛന്റെ നെഞ്ചകം പിടയുന്നത് പ്രതീക്ഷകൾ ഒന്നും ബാക്കിയില്ല..അനാഥർഉണ്ടാകുന്നത് എങ്ങനെയാണ് എന്നൊക്കെ പലപ്പോഴും ആലോചിച്ചിരുന്നു..ഇപ്പോൾ മനസ്സിലാകുന്നു അനാഥത്വത്തിന്റെ വഴികൾ…
‘ജയിൽ പുള്ളിയെ കാണാൻ പോകുന്ന പോലെയാണ് അവളുടെ വീട്ടിലേക്ക് കുഞ്ഞിനെ കാണാൻ പോകുന്ന നിന്ദ്യതയുടെയും അവഹേളനവും കൊണ്ട് ശിരസ്സ് കുനിഞ്ഞിട്ടാകും അവിടെ നിന്നും ഇറങ്ങുക..അത് കൊണ്ട് കുഞ്ഞിനെ കാണാനുള്ള ആഗ്രഹങ്ങൾ നെഞ്ചിനുള്ളിൽ ഒരു കുത്തി കുഴിച്ചു മൂടി കൊണ്ടിരിക്കുന്നു..
‘അയാൾ ബൈക്കിൽ കയറി കോടതിയും പിന്നിട്ട് മുന്നോട്ട് പോയി..വെയിലിന്റെ ചൂട് അയാളെ പൊള്ളിച്ചില്ല കോടതി വ്യവഹാരത്തിൽ സാങ്കേതികമായ നീതികൾ കൊടുക്കപ്പെടുന്നു..അയാൾ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല ഈ ദിവസത്തിന്റെ മുറിച്ചു മാറ്റലിന്റെ ഭീതിയിൽ എങ്കിലും അയാൾ തന്റെ കുഞ്ഞിന് ഇഷ്ടപ്പെട്ട ചോക്ലേറ്റുകൾ എപ്പോഴും തന്റെ കൈയ്യിൽ പിടിക്കുന്നു..
‘സ്കൂളിൽ വെച്ചോ കോടതിയിൽ വെച്ചോ അയാൾ അത് കൈമാറുന്നു..ഒരുനാൾ അയാളുടെ മകൻ അയാളെ തിരിച്ചറിയപ്പെടുന്നത് അമ്മയെ ഉപേക്ഷിച്ച സ്വഭാവ ദൂഷ്യം ഉള്ള ഒരു മനുഷ്യൻ ആയിട്ടാവാതിരിക്കട്ടെ….
**************
സ്നേഹത്തോടെ അബ്ദുള്ള മേലേതിൽ..