അനന്താ, നീ ഭാഗ്യവാനാണ്. നീ ഇതുവരേ കല്യാണം കഴിച്ചില്ലല്ലോ. എനിക്കു വേറെ കൂട്ടുകാരില്ല….

ശിശിരം

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

==================

നഗരത്തിരക്കുകളിലേക്ക് അനന്തകൃഷ്ണൻ ബസ്സിൽ വന്നിറങ്ങുമ്പോൾ സന്ധ്യമയങ്ങാൻ തുടങ്ങിയിരുന്നു. നിരയായിക്കിടന്ന ഓട്ടോറിക്ഷകളിൽ, ആദ്യത്തേതിൽ കയറി പുതിയന്നൂർ എന്നു പറഞ്ഞപ്പോൾ ഓട്ടോക്കാരന്റെ മുഖത്തേ പ്രകാശം കെട്ടുപോകുന്നത് അനന്തൻ വ്യക്തമായി കണ്ടു.

ഒരു കിലോമീറ്റർ മാത്രമുള്ള വാടകയായതിനാലാകാം, അങ്ങനേ സംഭവിച്ചത്. ഒത്തിരിയേറെ ഓട്ടോകൾ ഉള്ളതിനാൽ, തിരികേയെത്തി അവസാനക്കാരനാകേണ്ടതിന്റെ പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. തിരക്കേറിയ നഗരപാതയിൽ നിന്നും, നാട്ടുവഴിയിലേക്കു ഓട്ടോ മുരണ്ടു നീങ്ങി. തിരക്കു നേർത്തു വന്നു. വഴി നീളെ പോക്കുവെയിലിന്റെ ചുവന്ന വെട്ടം പടർന്നു പരന്നുകിടന്നു.

അരുണ സന്ധ്യ; ധനുവിലെ ശീതക്കാറ്റിൽ, വഴിയോരത്തേ നാട്ടുമരങ്ങൾ ഉലഞ്ഞിളകി. അനന്തൻ, മൂക്കു വിടർത്തി ഒരു ശ്വാസം നെഞ്ചിൽ നിറച്ചു. പ്രകൃതി കനിഞ്ഞരുളുന്ന ശുദ്ധവായുവിന്റെ സൗഖ്യം എത്ര വലുതാണ്.

നാടും ഇപ്പോൾ നാഗരികതയിലേക്കു ചുവടുവയ്ക്കുകയാണ്. എതിരേ ഒട്ടനേകം ഇരുചക്രവാഹനങ്ങൾ അങ്ങാടി ലക്ഷ്യമാക്കി കടന്നുപോയിക്കൊണ്ടിരുന്നു. അവയിൽ പലതും ഓടിച്ചത് യുവതികളായിരുന്നു. ഒരു കൊറോണക്കാലം, മനുഷ്യരേ ഇരുചക്രവാഹനങ്ങളിലേക്കു അതിവേഗം എത്തിച്ചിരിക്കുന്നു. പൊതുഗതാഗതങ്ങൾ സ്തംഭിച്ച കാലത്തിനേ ജനങ്ങൾ അതിദ്രുതം അതിജീവിച്ചിരിക്കുന്നു. ചിലതു ഓട്ടോയെ മറികടന്നും പോയി. അന്നന്നത്തേ ജോലി കഴിഞ്ഞു, കൂടുതേടി തിരികെപ്പായുന്നവർ. ഓട്ടോക്കാരനു വഴി പറഞ്ഞുകൊടുക്കേണ്ടി വന്നില്ല. കൃഷ്ണന്റെ അമ്പലത്തിനരികിലേ, അമ്പതുവർഷം പഴക്കമുള്ള പഴയ ഇരുനില വീടിനു മുന്നിൽ, വണ്ടി കൃത്യമായി നിന്നു.

ഓട്ടോക്കാരനു പത്തുരൂപാ അധികം കൊടുത്തു പറഞ്ഞയച്ചു. പഴയ ഗേറ്റു തുറന്നുകിടന്നിരുന്നു. പരുക്കൻ ചരലുകൾ പാകിയ മുറ്റം കടന്ന്, ഉമ്മറത്തെത്തിയപ്പോൾ വാതിൽ തുറന്ന്, അനുപമ പുറത്തേയ്ക്കു വന്നു.

“അനന്തേട്ടൻ ഇന്ന് നേരത്തേ എത്തിയോ ? പ്രകാശേട്ടൻ ഇന്നേരം വരേ ഇവിടേയുണ്ടായിരുന്നു. അങ്ങാടിയ്ക്ക് ഇപ്പോൾ പോയതേയുള്ളൂ. അനന്തേട്ടൻ എത്തുമെന്നു പറഞ്ഞിട്ടാണു പോയത്. ഇരിക്കൂ, ഞാൻ കാപ്പിയിടാം.”

അനന്തൻ, അവളേ വിലക്കി.

“വേണ്ട, അനൂ….ഞാനിപ്പോൾ കുടിച്ചതേയുള്ളൂ. മുകളിലേക്കൊന്നു കയറട്ടേ, ഒരു മാസത്തേ അഴക്കും പൊടിയുമുണ്ടാകും. ഞാനൊന്നു നോക്കട്ടേ….”

വാതിൽ തുറന്ന്,  ഒരു പത്തുവയസ്സുകാരൻ പൂമുഖത്തേക്കു വന്നു. അനുപമയുടെയും പ്രകാശന്റേയും ഏകമകൻ ഹരിക്കുട്ടൻ. അവൻ, അനന്തനേ നോക്കി പരിചയഭാവത്തിൽ ചിരിച്ചു. പിന്നേ, ഇരുവരും അകത്തേക്കു കയറിപ്പോയി.

തെല്ലൊന്നു ചിന്തിച്ചു നിന്ന ശേഷം, രണ്ടാം നിലയിലേക്കു വീടരികു ചേർന്നു നിർമ്മിച്ച ഇരുമ്പുഗോവണി കയറി അനന്തൻ മുകളിലേക്കെത്തി. കീശയിൽ നിന്നും, താക്കോലെടുത്തു, വാതിൽ തുറന്നു. ആഴ്ച്ചകളായി തടവിലാക്കപ്പെട്ടിരുന്ന മുഷിഞ്ഞ വായു പുറത്തേക്കു പ്രസരിച്ചു. അകത്തു കയറി ലൈറ്റിട്ടു. മുറിയകം നിറഞ്ഞ പ്രകാശത്തിലേക്ക് മെല്ലെ മിഴികളാൽ തിരഞ്ഞു. കഴിഞ്ഞതവണ വന്നുപോയപ്പോൾ, അടുക്കിവച്ച സാമാഗ്രികൾ യാതൊരു വ്യതിയാനവുമില്ലാതെയിരിക്കുന്നു. അയാൾ, അകത്തേ കട്ടിലിൽ നിവർത്തിയിട്ട കിടക്കമേലിരുന്നു.

താൻ പിറന്നുവീണ വീട്. അച്ഛനുമമ്മയും ഈ വീടിന്റെ തെക്കേത്തൊടിയിലാണ് മൺമറഞ്ഞത്. അച്ഛൻ നേരത്തേ മരിച്ചു. അമ്മ പോയിട്ട്, പതിമൂന്നു വർഷത്തോളമാകുന്നു. കാലം, എത്ര പൊടുന്നനേയാണ് കടന്നുപോകുന്നത്. ഈ വീടിന്റെ അകമുറിയിൽ നിന്നും മുഖരിതമായ തന്റെ പഠനശബ്ദങ്ങളും, കുറുമ്പിന്റെ ചിരിയലകളും. ബിരുദവും, ബിരുദാനന്തരബിരുദവും എഴുത്തു പരീക്ഷകളുമൊക്കെയായി അവനവനിലെ അവനെ വാർത്തെടുത്ത കാലങ്ങൾ.

തലസ്ഥാനത്ത്, സെക്രട്ടറിയേറ്റിൽ ജോലി ലഭിക്കുമെന്ന് പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. കല്യാണവും, ജീവിതത്തിലെ സമ്മോഹനമായ രാവുകളുമെല്ലാം കടന്നുപോയത് ഇതേ വീട്ടകത്തു കൂടെയാണ്. മകൻ ജനിച്ച ശേഷമാണ്, തിരുവനന്തപുരത്തേക്കു താമസം മാറ്റിയത്. വീട് നശിച്ചുപോകാതിരിക്കാൻ താഴെ നില വാടകയ്ക്കു കൊടുത്തു. മുകൾ നിലയിലേക്കൊരു താൽക്കാലിക ഗോവണി തീർത്തു. നാട്ടിലെ എന്തെങ്കിലും ആവശ്യങ്ങൾക്കു വരുമ്പോൾ മറ്റു ബന്ധുവീടുകളെ ആശ്രയിക്കുകയും വേണ്ടല്ലോ. രണ്ടുമൂന്നു കുടുംബങ്ങൾ പലകാലം താമസിച്ച ശേഷം, കഴിഞ്ഞ അഞ്ചുവർഷമായി, പ്രകാശനും അനുപമയും കുഞ്ഞും ഇവിടെ താമസിക്കുന്നു. നാളെ വീണ്ടും വാടകച്ചീട്ടു പുതുക്കണം. കരാർ വീണ്ടുമെഴുതണം. അതു കഴിഞ്ഞ്, തിരികേപ്പോകണം.

അനന്തൻ എഴുന്നേറ്റ് അലമാരി തുറന്നു. കൈലിയും, മറ്റൊരു ഷർട്ടുമെടുത്തു ധരിച്ചു. വാതിൽ തുറന്ന്, ബാൽക്കണിയുടെ കൈവരിക്കരികിൽ വന്നുനിന്ന് ഒരു സിഗരറ്റിനു തീ കൊളുത്തി. തെക്കേതൊടിക്കപ്പുറത്ത് നാട്ടുവഴി നീളുന്നു. തെരുവു വിളക്കുകൾ പ്രകാശിക്കുന്നുണ്ട്. അയൽവക്കത്തേ വീടുകളിലേക്കു ഗൃഹനാഥർ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. നോക്കി നിൽക്കേ, ഒരു യുവതിയും മകനും നടന്നടുക്കുന്നതു കണ്ടു.

‘വിജിതയും മകനുമാണ്. സ്ട്രീറ്റുലൈറ്റിനു കീഴെ എത്തിയപ്പോൾ അവളുടെ മകന്റെ മുഖം കൂടുതൽ വ്യക്തമായി. ഗിരീഷിന്റെ അതേ ഛായ. കുറച്ചു ദൂരമേയുള്ളൂ ഗിരീഷിന്റെ വീട്ടിലേക്ക്; തൊട്ടു പടിഞ്ഞാറെ വീട്, അവന്റെ തറവാട്ടുവീടാണ്. അവൻ സദാനേരവും തറവാട്ടിലുണ്ടാകും. ഓർമ്മകളിലേക്കു ഗിരീഷ്, അനുവാദം ചോദിയ്ക്കാതെ കടന്നുവന്നു.

ബാല്യകാലത്തേ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു ഗിരീഷ്. രണ്ടുവയസ്സു മൂപ്പാണവന്. പഠിയ്ക്കാൻ അത്ര മിടുക്കനായിരുന്നില്ല. അതുകൊണ്ടു തന്നേ, കാലം അവനേയൊരു ഓട്ടോ ഡ്രൈവറാക്കി. അവന്റെ അനുജത്തി സുചിത്രയാണ് തന്റെ സഹപാഠിയായിരുന്നത്. അവളെ നല്ല നിലയിൽ വിവാഹം കഴിച്ചു കൊടുത്തതാണ്. പക്ഷേ, നിരന്തരവഴക്കുകളും മറ്റുമായി ഭർതൃവീട്ടിലെ ജീവിതം അസഹ്യമായപ്പോൾ, സുചിത്രയും ഭർത്താവും കുഞ്ഞും ഇവിടെ ഗിരീഷിന്റെ വീട്ടിൽ വന്നുനിന്നു. ഗിരീഷിന്റെ അച്ഛൻ നേരത്തേ മരിച്ചു. അമ്മ ആരോഗ്യവതിയായി വീട്ടിലുണ്ട്.

അക്കാലത്താണ് ഗിരീഷിനൊരു പ്രണയമുണ്ടാകുന്നത്. അങ്ങാടിയിലെ തുണിക്കടയിലെ സെയിൽസ് ഗേളായ വിജിതയുമായി ഒരു ബന്ധം വന്നുചേരുകയായിരുന്നു. വിജിതയ്ക്ക് താഴെ മൂന്നനുജത്തിമാർ കൂടെയുണ്ടായിരുന്നു. അച്ഛനില്ലാത്ത പെൺമക്കളിൽ ചിലർ ചെറിയ ജോലികൾ ചെയ്യുകയും, ആരോ ഒരാൾ പഠിയ്ക്കുകയുമായിരുന്നു. വിജിതയ്ക്ക് ആങ്ങളന്മാരുടെ സ്ഥാനത്തുണ്ടായിരുന്നത് അവളുടെ വലിയച്ഛന്റെ മൂന്നാൺമക്കളായിരുന്നു.

പതിനാറുവർഷം മുമ്പ്, ഒരു ജനുവരി മാസത്തിൽ വിജിത, ഗിരീഷിനൊപ്പം ഇറങ്ങിപ്പോന്നു. ഗിരീഷിന്റെ അമ്മയും, അനുജത്തിയും എടുത്ത പോരിന് അളവില്ലായിരുന്നു. ആദ്യനാളുകൾ മുതൽ നിരന്തരം കലഹങ്ങളിലൂടെ അവർ മുമ്പോട്ടു സഞ്ചരിച്ചു. ഒത്തുതീർപ്പിനു വന്ന, വിജിതയുടെ വലിയച്ഛന്റെ മക്കളെ ഗിരീഷിന്റെ കുടുംബക്കാർ അപമാനിച്ചു വിട്ടു. വിജിത, ഈ വീട്ടിൽ നിലനിന്നാൽ സ്വന്തം വീട്ടിലേക്കു മടങ്ങേണ്ടിവരും എന്ന സഹോദരിയുടെ ഭയമായിരുന്നു എല്ലാ വഴക്കുകളുടേയും അടിസ്ഥാനം. ഗിരീഷിന്റെ അമ്മയും സ്വന്തം മകൾക്കു കുടപിടിച്ചു. പ്രതികരിക്കാൻ പ്രാപ്തിയില്ലാത്ത ഗിരീഷ്, അവരുടെ തുറുപ്പുചീട്ടായി. ഒടുവിൽ, വിജിത ഏട്ടൻമാർക്കൊപ്പം സ്വന്തം വീട്ടിലേക്കുപോയി.

ഒന്നു രണ്ടാഴ്ച്ചകൾ കടന്നുപോയി. വിജിതയ്ക്കും ഗിരീഷിനും പരസ്പരം പിരിഞ്ഞിരിക്കാൻ ഒട്ടും കഴിഞ്ഞിരുന്നില്ല. അവൻ, നാട്ടിൽ നിന്നുള്ള അവസാന ബസ്സിൽ വിജിതയുടെ വീട്ടിലെത്തും. പ്രഭാതത്തിലെ ആദ്യ വണ്ടിയിൽ മടങ്ങിയെത്തും. പക്ഷേ, ആ പോക്കുവരവുകൾ അധികം നീണ്ടില്ല. ഒരുദിവസം രാവിലെ, സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്ന ഗിരീഷിനെ വിജിതയുടെ ഏട്ടൻമാർ തടഞ്ഞു നിർത്തി.

സംസാരം വാക്കേറ്റമായി. ഒടുവിലതു സംഘർഷമായി. മൂന്നുപേരും കൂടി ഗിരീഷിനെ തല്ലിച്ചതച്ചു. ഇനി ഈ വഴി വന്നാൽ നിന്നെ കൊ ല്ലും എന്നു ഭീഷണി മുഴക്കി. ഈ വീട്ടിൽ ഇനിയും പെൺകുട്ടികളുണ്ട്. ഈ പതുങ്ങിവരവ് അവർക്ക് ഗുണം ചെയ്യില്ല എന്നതായിരുന്നു അവരുടെ ഭാഗം.

ഗിരീഷ് പിന്നീട് അങ്ങോട്ടു പോയില്ല. അവനാകെ നിരാശനായിരുന്നു. വിജിതയേ തിരികേ കൊണ്ടുവരുന്ന കാര്യത്തോട്, അവന്റെ അമ്മയും സഹോദരിയും തീർത്തും എതിർപ്പു പ്രകടിപ്പിച്ചു.

രണ്ടാഴ്ച്ച പിന്നിട്ടു. ഒരു രാത്രിയിൽ, താൻ കമ്പ്യൂട്ടറിൽ പാട്ടും വച്ച് ചായ്പ്പുമുറിയിൽ കിടക്കുമ്പോളാണ് കതകിലൊരു മുട്ടു കേട്ടത്. എഴുന്നേറ്റ്, ചുവരിലേ ക്ലോക്കിലേക്കു നോക്കി. സമയം രാത്രി പന്ത്രണ്ടരയോടടുത്തിരുന്നു.

എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ, മുന്നിൽ ഗിരീഷ് നിൽക്കുന്നു. അവനാകെ ക്ഷീണിച്ചും, വിളറിയും കാണപ്പെട്ടു.

“എന്തേ ഗിരീഷ്…..” സംഭ്രമത്തോടെയാണു ചോദിച്ചത്.

“അനന്താ….ഞാൻ തറവാടിന്റെ ഇറയത്തു കിടക്കണുണ്ട്. ‘മുടിപ്പൂക്കൾ വാടിയാലെന്തോമനേ…’ നീയിപ്പോൾ വച്ചേക്കുന്ന ആ പാട്ടു റിപ്പീറ്റ് ചെയ്തു വയ്ക്കാമോ? ഇത്തിരി കൂടി ശബ്ദത്തിൽ. എനിക്കേറെയിഷ്ടമാണ് ആ പാട്ട്. ഞാനതൊന്നു കേട്ടു കിടന്നോട്ടേ….”

അതിനു സമ്മതം മൂളി. തിരികേയിറങ്ങുമ്പോൾ, അവനൊന്നു കൂടി പറഞ്ഞു.

“അനന്താ, നീ ഭാഗ്യവാനാണ്. നീ ഇതുവരേ കല്യാണം കഴിച്ചില്ലല്ലോ. എനിക്കു വേറെ കൂട്ടുകാരില്ല. വീട്ടുകാരെ എതിർക്കാനും വയ്യ. എല്ലാം എന്റെ തെറ്റാണ്. പക്ഷേ….”

അവൻ, പാതിയിൽ പറഞ്ഞു നിർത്തി. എന്നിട്ട്, ഇരുളിലേക്കു മറഞ്ഞു. അവനോടു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ഒന്നും പറയാൻ സാധിച്ചില്ല. വാതിലടച്ച്, ഉറക്കം കാത്തുകിടന്നു. കമ്പ്യൂട്ടറിൽ നിന്നും മുടിപ്പൂക്കൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു.

പ്രഭാതത്തിൽ, ഗിരീഷിന്റെ അമ്മയാണ് വിളിച്ചുണർത്തിയത്. ഉറക്കം മതിയാകാതെ കൂമ്പിയ മിഴികളുമായാണ് വാതിൽ തുറന്നത്. ഗിരീഷിന്റെ അമ്മയും, കൂടെ സഹോദരിയുമുണ്ടായിരുന്നു.

‘അനന്താ, മോനേ….ഗിരീഷിനെ ഇവിടെയെങ്ങും കാണാനില്ല..അവന്റെ ഫോണും ഓഫാണ്. അവൻ നിന്നെയെങ്ങാനും വിളിച്ചിരുന്നോ ?നീയല്ലേയുള്ളൂ അവന് ആകെയൊരു കൂട്ട്….”

അതിനു മറുപടി പറഞ്ഞില്ല. ഉള്ളിൽ മുഴുവൻ, തലേരാത്രിയിൽ അവനിറങ്ങിപ്പോയ രംഗമായിരുന്നു. അവനെങ്ങു പോയിരിക്കും. ഓരോന്നാലോചിച്ചു നിന്നപ്പോൾ മൊബൈൽ ഫോൺ ബെല്ലടിച്ചു..നോക്കിയ 1100 യിൽ നിന്നും, മഞ്ഞവെളിച്ചം പരന്നു. ഫോണെടുത്തു. മറുതലയ്ക്കൽ മറ്റൊരു കൂട്ടുകാരനായിരുന്നു.

“അനന്താ, നമ്മുടെ ഗിരീഷ്  റെയിൽവേ പാലത്തിനടുത്ത്, ട്രെയിൻ തട്ടി മരിച്ചു കിടപ്പുണ്ട്..അതിരാവിലെ ട്രാക്കിനരികിലൂടെ പോയ ഓട്ടുകമ്പനിത്തൊഴിലാളികളാണ് ആദ്യം കണ്ടത്”

ആ വാർത്തയുടെ നടുക്കം, മുഖത്തു പ്രതിഫലിച്ചു..ഗിരീഷിന്റെ വീട്ടുകാർ ആശങ്കയോടെ ചോദിച്ചു.

“എന്തുപറ്റി മോനേ….”

പോസ്റ്റുമാർട്ട നടപടികൾ കഴിഞ്ഞ്, മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഉച്ചതിരിഞ്ഞു. നിശ്ചേതന ദേഹത്തേ പുണർന്ന് വിജിത ആർത്തു നിലവിളിച്ചു. ആ രോദനത്തിൽ നിന്നാണ്, ലോകം ആ വാർത്തയറിഞ്ഞത്..അവൾ ഗർഭിണിയാണെന്ന യാഥാർത്ഥ്യം..അതു, ഗിരീഷ് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ അവൻ…..

സി ഗ രറ്റ് എരിഞ്ഞു തീർന്നു, കൈവിരലുകളേ പൊള്ളിച്ചു. പത്തുപതിനാറാണ്ടുകൾ എത്ര ചടുലവേഗത്തിലാണ് കടന്നുപോയത്. ജോലിയും വിവാഹവും ജീവിതത്തിലേക്ക് അടുത്തടുത്തായാണ് വന്നെത്തിയത്. അമ്മയുടെ മരണശേഷം, ജീവിതം തലസ്ഥാനത്തേക്കു പറിച്ചുനടപ്പെട്ടു. വീട്ടിൽ വാടകക്കാർ വന്നു..വിജിതയേയും അവളുടെ കുഞ്ഞിനേയും ഗിരീഷിന്റെ വീട്ടുകാർ തിരികെക്കൊണ്ടുവന്നു. അവന്റെ സഹോദരി, ഭർതൃവീട്ടിലേക്കു മടങ്ങി. വൈകിയെത്തിയ വിവേകം.

ഇപ്പോൾ, തെരുവുവിളക്കിന്റെ വെട്ടത്തിലെ ആ കാഴ്ച്ച, ഗിരീഷിന്റെ മകന്റെ അതേ രൂപം, കഴിഞ്ഞ കാലങ്ങളേ മുന്നിൽ നിരത്തുന്നു. പ്രകാശൻ ഒന്നു വേഗം വന്നിരുന്നുവെങ്കിൽ, താൻ വരുമ്പോൾ, അരക്കുപ്പി റം അവൻ കൊണ്ടുവരാറുണ്ട്. ഇന്നതില്ലാതെ ഉറങ്ങാൻ കഴിയില്ലെന്നു തോന്നുന്നു. അനന്തൻ, ഒരു സി ഗര റ്റു കൂടി കൊളുത്തി പുകയെടുത്തു.

അങ്ങകലേ നിന്നെവിടെ നിന്നോ ഒരു പാട്ടുകേൾക്കുന്നു. അതേ പാട്ട്,

“മുടിപ്പൂക്കൾ വാടിയാലെന്തോമനേ, നിന്റെ ചിരിപ്പൂക്കൾ വാടരുതെന്നോമനേ”

രാത്രിയിരുണ്ടു. അനന്തൻ, പ്രകാശന്റെ വരവിനായി കാത്തു.