അതവിടെ തന്നെയുണ്ടാവും എന്നാലും താൻ തന്നെ ചെന്ന് എടുത്ത് കാലിൽ ഇട്ട് കൊടുക്കണം. അതിനാ ഈ വിളിക്കുന്നെ…

തിരിച്ചറിവ്

Story written by Saji Thaiparambu

===============

“രമേ…എന്റെ സോക്സ് എന്ത്യേ “

ബെഡ് റൂമിൽ നിന്ന് ജയന്റെ ചോദ്യം

“അതാ, കട്ടിലിന്റെ പുറത്ത് തന്നെ ഇരിപ്പുണ്ടല്ലോ ജയേട്ടാ…”

അതവിടെ തന്നെയുണ്ടാവും എന്നാലും താൻ തന്നെ ചെന്ന് എടുത്ത് കാലിൽ ഇട്ട് കൊടുക്കണം. അതിനാ ഈ വിളിക്കുന്നെ

അല്ല, തന്നെ പറഞ്ഞാൽ മതിയല്ലോ, മക്കൾ ഉണ്ടാകുന്നതിന് മുൻപ് തനിക്കായിരുന്നല്ലോ നിർബന്ധം, ജയേട്ടന്റെ എല്ലാ കാര്യങ്ങളുo തനിക്ക് തന്നെ ചെയ്യണമെന്ന തന്റെ സ്വാർത്ഥത,

പക്ഷേ മക്കൾ രണ്ട് പേർ ആയിക്കഴിഞ്ഞപ്പോൾ താനായിട്ട് പതിയെ പിൻവലിയ നോക്കിയതാ, ആ പഹയൻ അപ്പോഴേക്കും അത് ഒരു ശീലമാക്കി കഴിഞ്ഞിരുന്നു.

“ഉം. കാല് പൊക്ക് ” കട്ടിലിന്റെ താഴെ ജയന്റെ മുന്നിലായി കുനിഞ്ഞിരുന്ന് കൊണ്ട് അശ്വതി പറഞ്ഞു.

“രമേ..നിന്നോട് ഞാൻ എത്ര തവണയായി പറയുന്നു, നല്ല ബ്രാൻഡഡ് ബ്റാ വാങ്ങി ഇടാൻ ഇതിപ്പോൾ, രാഘവേട്ടന്റെ ചായക്കടയിലെ തേയില സഞ്ചി പോലുണ്ടല്ലോ?”

രമയുടെ ഇടിഞ്ഞമാ റിടം നോക്കി ജയൻ കളിയാക്കി.

പിന്നെ…ബ്രാൻഡഡ് വാങ്ങി അകത്തിട്ടിട്ട് ആര് കാണാനാ, തക്കാളി പെട്ടിക്ക് ആരെങ്കിലും ഗോദ്റെജ് താഴിട്ട് പൂട്ടുമോ ജയേട്ട…”

അവളുടെ ഉപമ കേട്ടയാൾ പൊട്ടി ചിരിച്ച് പോയി.

“എടീ ഭാര്യേ, തക്കാളിയാണേലും, ആപ്പിളാണേലും അത് വയ്ക്കുന്നത് സ്ഫടിക പാത്രത്തിലാണെങ്കിൽ, കാണാൻ നല്ല ചേലാരിക്കും. അത് കൊണ്ട് വൈകിട്ട് ഞാൻ വരുമ്പോൾ ഒരു ഡസൻ ബ്ലോസ്സം ബ്രാ, വാങ്ങി കൊണ്ട് വരാം. ഇന്ന് തന്നെ ഈ പഴന്തുണിയെല്ലാം കത്തിച്ച് കളഞ്ഞേക്കണം ഞാൻ പറഞ്ഞേക്കാം”

താക്കീതെന്നോണം അവളോട് പറഞ്ഞിട്ട് ജയൻ ഓഫീസിൽ പോകാനിറങ്ങി.

“അയ്യേ നാണമില്ലേ അമ്മേ നിങ്ങൾക്കെപ്പോഴും ഇങ്ങനെ ഉമ്മ വച്ച് കളിക്കാൻ “

വെളിയിലേക്കിറങ്ങുന്നതിന് മുൻപ് രമയെ വയറിന് ചുറ്റിപ്പിടിച്ച് അവളുടെ ചുണ്ടിൽ അമർത്തി ചുംബിക്കുമ്പോൾപുറകിൽ നിന്ന് അഞ്ച് വയസ്സ് കാരി അശ്വതിക്കുട്ടിയുടെ ചോദ്യം

പെട്ടെന്നവന്റെ കരവലയത്തിൽ നിന്ന് മോചിതയായി അവനോട് ടാറ്റ പറഞ്ഞിട്ട്, രമ അശ്വതിയേം കൂട്ടി അകത്തേയ്ക്ക് കയറി.

“നിനക്ക് സ്കൂളിൽ പോകണ്ടേ, അച്ചു. വേഗം വാ അമ്മ, കുളിപ്പിച്ച് തരാം”

ചമ്മല് മാറ്റാനായി അച്ചുവിനെ ശാസിച്ച് രമ തത്ക്കാലം തടിയൂരി.

ജയനും അശ്വയും പോയിക്കഴിഞ്ഞപ്പോൾ മൂന്ന് വയസ്സുള്ള അപ്പുണ്ണി ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കരയാൻ തുടങ്ങി

പിന്നെ അവനെ പൊക്കിയെടുത്ത്, ലാളിച്ച്, ആഹാരം കൊടുത്ത് കുളിപ്പിച്ചൊരുക്കി പ്ളേ സ്കൂളിൽ കൊണ്ട് ചെന്നാക്കിയിട്ട് വന്നപ്പോഴാണ് രമയുടെ ശ്വാസം ഒന്ന് നേരെ വീണത്.

രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന.ഈ സ്ഥിരം പ്രവർത്തി പതിനൊന്ന് മണിയാകുമ്പോഴാ ഒന്ന് അവസാനിക്കുന്നത്.

ഇനി കുറച്ച് വിശ്രമിച്ചിട്ട് അടുത്ത ജോലി നോക്കാം എന്ന് കരുതി അവൾ മൊബൈൽ ഫോണെടുത്ത് നെറ്റ് ഓൺ ചെയ്തു.

ടിങ്ങ് ,ടിങ്ങ് ,ടിങ്ങ് ർ ണീം, ർ ണീം ,ർ ണീം

കുറച്ച് നേരത്തേക്ക് ഫോണിൽ നിന്ന് FB യിലെയും മെസ്സഞ്ചറിലെയും നിലയ്ക്കാത്ത നോട്ടിഫിക്കേഷൻസ്

എല്ലാം Good Morning മെസ്സേജുകളാ…

അവളതിനെ വീതിച്ച് ,പരസ്പരം മാറ്റി പലർക്കായി സെൻഡ് ചെയ്തു.

ഹല്ല പിന്നെ

പക്ഷേ ഒരു പുതിയ അക്കൗണ്ടിൽ നിന്നു ഒരു ഹായ് കണ്ടു.

അവോയ്ഡ് ചെയ്യാൻ നോക്കിയപ്പോൾ അതൊരു പെണ്ണിന്റെ ചിത്രവും പേരുമുള്ള അക്കൗണ്ടാണ് എന്ന് മനസ്സിലായി

എങ്കിൽ തിരിച്ചൊരു ഹായ് കൊടുക്കന്നതിൽ തെറ്റില്ലെന്ന് രമയ്ക്ക് തോന്നി.

അവൾ മറുപടിയായി ഹായ് കൊടുത്തു.

അത് വരെ അണഞ്ഞ് കിടന്നിരുന്ന പച്ച ലൈറ്റ് തെളിഞ്ഞു.

“ജോലിയൊക്കെ കഴിഞ്ഞോ “

ആദ്യത്തെ ചോദ്യം കണ്ട് രമ അമ്പരന്നു.

എങ്കിലും കഴിഞ്ഞു എന്ന് എഴുതി സെൻഡ് ചെയ്തിട്ട് രമ തിരിച്ച് ചോദിച്ചു

“അല്ലാ, എന്നെ എങ്ങനാ പരിചയം എനിക്ക് നിങ്ങളെ അറിയില്ലല്ലോ ”

അതിന് ചിരിക്കുന്ന ഒരു സ്റ്റിക്കർ കമൻറ് ആയിരുന്നു മറുപടി.

വീണ്ടും ടൈപ്പ് ചെയ്യുന്നത് കണ്ടു.

“ഉം ഞാനത് മറന്നു’ എന്റെ പേര് വിദ്യ..ഇവിടെ മരടിലാണ് താമസം FB യിൽ നിന്ന്, ഒരു ഐശ്വര്യമുള്ള യങ്ങ് ലേഡിയുടെ ഫോട്ടോ കണ്ടപ്പോൾ ഒന്ന് പരിചയപ്പെടാമെന്ന് കരുതി വന്നതാണ്. വിരോധമില്ലെങ്കിൽ മാത്രം കെട്ടോ “

അവളുടെ മറുപടിയിൽ രമ വീണു.

“ഓഹ് അതിനെന്താ ഞാനും ഈ ഫ്ലാറ്റിൽ ഒറ്റയ്ക്ക് ഇങ്ങനെ ബോറടിച്ചിരിക്കുവായിരുന്നു.”

രമയുടെ മറുപടി കേട്ട് അപ്പുറത്ത് നിന്ന് അടുത്ത ചോദ്യം ഉടൻ വന്നു.

“ഹസ് എങ്ങനെ?സ്നേഹമുള്ളയാളാണോ? രമയുടെ ആക്കൗണ്ടിൽ നിന്നും ഹസ്സിന്റെയും കുട്ടികളുടെയും ഫോട്ടോസ് ഞാൻ കണ്ടിരുന്നു.”

പിന്നേയ്, ജയേട്ടൻ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുവാ, ഞാനും കുട്ടികളും എന്ന് വച്ചാൽ ജീവനാ അദ്ദേഹത്തിന് “

രമയുടെ മറുപടി കണ്ടപ്പോൾ തിരിച്ച് വന്നത് oK എന്ന ഇമോജിയാണ്.

“ഉം, ഞാനും എന്റെ ഭർത്താവിനെ കുറിച്ച് എല്ലാരോടും ഇങ്ങനെ’തന്നെയാ പറഞ്ഞോണ്ടിരുന്നത്. പക്ഷേ ഒരു ദിവസം തലവേദന കാരണം, ഞാൻ ഓഫിസിൽ നിന്ന് നേരത്തെ വീട്ടിൽ വന്നപ്പോൾ വേലക്കാരിയുമായി രമിക്കുന്ന എന്റെ സ്നേഹനിധിയായ ഭർത്താവിനെയാ കണ്ടത്. നമ്മൾ പെണ്ണുങ്ങൾ വെറും മണ്ടികളാണ് രമേ. തക്കം കിട്ടിയാൽ ഈ ആണുങ്ങൾ വേലി ചാടും ഉറപ്പാ”

ആ വാക്കുകൾ രമയുടെ നെഞ്ചിലേക്ക് ഒരു പിടി തീക്കനൽ കോരിയിട്ടത് പോലെ തോന്നി.

“ഇല്ല, എന്റെ ജയേട്ടൻ എന്നെ ഒരിക്കലും വഞ്ചിക്കില്ല. കാരണം എന്റെ കാണപ്പെട്ട ദൈവമാണദ്ദേഹം. എന്റെ മക്കളെക്കാൾ കൂടുതൽ ഞാൻ സ്നേഹിക്കുന്നതും മുപ്പത്തിമുക്കോടി ദൈവങ്ങളോട് ഞാനെപ്പോഴും പ്രാർത്ഥിക്കുന്നതും അദ്ദേഹത്തിന് വേണ്ടിയാണ്. ജയേട്ടനാണ് എന്റെ ജീവവായു. അദ്ദേഹമില്ലങ്കിൽ പിന്നെ ഞാനില്ല.”

അത്രയും ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോൾ രമയുടെ കണ്ണീർ ഗൊറില്ലാ ഗ്ളാസ്സിൽ വീണ് പടർന്നു.

“ഓഹ്, ബ്യൂട്ടിഫുൾ…രമയുടെ ഈ ആത്മവിശ്വാസം കാണുമ്പോൾ നിങ്ങളുടെ ദാമ്പത്യം എത്ര സുന്ദരമാണെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. എന്തായാലും എല്ലാ നന്മകളും ഞാൻ ആശംസിക്കുന്നു.

വിദ്യ അവളെ അനുഗ്രഹിച്ചു.

ഓകെ ഇനി പിന്നെ കാണാം വിദ്യേ, ജയേട്ടൻ ഉച്ചക്ക് ഉണ്ണാൻ വരും. അദ്ദേഹത്തിന് ചൂടോടെ ചോറും കറികളും കൊടുക്കണ്ടത് കൊണ്ട് ഇനി അതിനുള്ള കാര്യങ്ങളൊക്കെ നോക്കണം. ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ ബൈ “

മറുപടി വരുന്നത് വരെ കാത്തിരിക്കാതെ അവൾ അടുക്കളയിലേക്ക് കയറി. ജയന് ഏറ്റവും ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരി വയ്ക്കാൻ….

*****************

ഈ സമയം മരടിലെ ഫ്ളാറ്റിൽ വിദ്യ കൊടുത്ത ജ്യൂസ് നുണഞ്ഞ് കൊണ്ടിരുന്ന രമയുടെ ഭർത്താവ് ജയന്റെ നേരെ ഫോൺ നീട്ടിക്കൊണ്ട്, വിദ്യ പറഞ്ഞു.

“ഇതൊന്ന് വായിച്ച് നോക്ക് ജയാ “

ആ ചാറ്റിങ്ങിലെ രമയുടെ മറുപടി ജയൻെറ മനസ്സിൽ ഒരു കുറ്റബോധമുണ്ടാക്കി.

“ഇനി പറയൂ ജയാ, സ്നേഹ നിധിയായ, ഇങ്ങനൊരു ഭാര്യയെ ചതിച്ചിട്ട് നിനക്ക് എന്നെ പ്രണയിക്കണോ? ഞാൻ നിന്നെ പരിചയപ്പെട്ടതും ഇത്രയേറെ അടുപ്പം കാണിച്ചതും ഉപേക്ഷിച്ച് പോയ എന്റെ ഭർത്താവിന് പകരമാക്കാനല്ല, മറിച്ച്, എന്തും തുറന്ന് സംസാരിക്കാൻ പറ്റുന്ന നല്ലൊരു ഫ്രെണ്ടായിട്ടായിരുന്നു. നിന്നോടുള്ള സ്നേഹവും വിശ്വാസവും എനിക്ക് കൂടുതൽ ഉള്ളത് കൊണ്ടാ എന്റെ ബെർത്ത് ഡേക്ക് മാറ്റെലാവരെയും ഒഴിവാക്കി ഞാൻ നിന്നെ മാത്രം ക്ഷണിച്ചത്.

പക്ഷേ നീ എന്നെ തെറ്റിദ്ധരിച്ചു.

എന്നോട് നിനക്ക് പ്രണയമാണെന്ന്, ഇന്നലെ നീ പറഞ്ഞപ്പോൾ, നിന്നെ പ്രണയിച്ച് നിനക്കായി ജീവിക്കുന്ന ഒരുവളുണ്ടെന്ന് നിന്നെ, നേരിട്ട് ബോധിപ്പിക്കാനായിരുന്നു, ഞാൻ നിന്നോട് അപ്പോൾ മറുപടി ഒന്നും പറയാതിരുന്നത്.”

വിദ്യയുടെ ചോദ്യശരങ്ങളേറ്റ് ജയന്റെ നെഞ്ചിൽ മുറിവുകൾ ഉണ്ടായി. കുറ്റബോധം കൊണ്ട് ആ മുറിവുകളിൽ നീറ്റലനുഭവപ്പെട്ടു.

“എന്നോട് ക്ഷമിക്കു വിദ്യേ….എനിക്ക് തെറ്റ് പറ്റിപ്പോയി ഇനി എന്റെ ഭാഗത്ത് നിന്ന് ഇങ്ങനൊന്നു മുണ്ടാവില്ല.”

പശ്ചാതാപ വിവശനായി വിദ്യയോട് മാപ്പ് ചോദിച്ചിട്ട് ജയൻ അവിടെ നിന്നിറങ്ങി.

*****************

രാത്രി…പുറത്ത്, ഇടവപ്പാതി തിമിർത്ത് പെയ്യുന്നു.

അകത്തെ വീതി കുറഞ്ഞ കട്ടിലിന്റെ ഒരു വശത്തായി ചൂട് പിടിച്ച രണ്ട് ശരീരങ്ങൾ ദാഹമൊടുക്കാനായി പാട് പെടുകയായിരുന്നു.

ഇടയ്ക്ക് ഞെട്ടിയുണർന്ന്  സ്ഥിരം സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്ന അച്ചുക്കുട്ടിയും മഴയുടെ കുളിർ നാദമേറ്റ് നല്ല ഉറക്കത്തിലാണ്

ഒടുവിൽ കാറ്റും കോളും ശമിച്ച് ശാന്തമായ ഇരുട്ടിൽ തന്റെ നെഞ്ചിൽ തളർന്ന് കിടക്കുന്ന രമയോട് ജയൻ ചോദിച്ചു.

“നാളെ നമുക്ക് നിന്റെ വീട്ടിലേക്ക് പോയാലോ, നീ കുറച്ച് നാള് കൊണ്ട് പറയുന്നതല്ലേ “

അവൾ തല ഉയർത്തി അവന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.

“ഇതെന്താണിന്ന് പതിവില്ലാത്തൊരു സ്നേഹം “

അവൾ വിശ്വാസം വരാതെ ചോദിച്ചു.

“ഏയ് ഒന്നുമില്ലടീ, വല്ലപ്പോഴുമൊക്കെ നിന്റെ ആഗ്രഹങ്ങളും ഞാൻ ഗൗനിക്കണ്ടെ, അല്ലെങ്കിൽ പിന്നെ ഞാനെന്ത് ഭർത്താവാണെടീ.”

അവളോട് അത് പറഞ്ഞെങ്കിലും, തനിക്ക് ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടാക്കി തന്ന വിദ്യയോട് മനസ്സ് കൊണ്ട് ജയൻ നന്ദി പറഞ്ഞു

~സജിമോൻ തൈപറമ്പ്