അവളുടെ ഒരു നോട്ടത്തിനു വേണ്ടി ഞാനൊരു പാട് നാളായി കാത്തിരിക്കുകയായിരുന്നെങ്കിലും ഇന്നാണ് ….

ഒരു വെക്കേഷൻ കാലത്ത്…

Story written by Praveen Chandran

=================

മുറ്റത്ത് കോലം വരയ്ക്കുന്നതിനിടെ അവളുടെ ആ കരി നീല കണ്ണുകൾ എന്നിലേക്കൊന്നു പാളി..

ഞാൻ നോക്കുന്നുണ്ടെന്നു കണ്ടതും അവൾ പരൽമീനിനെപ്പോലെ ഇമകൾ വെട്ടിച്ചുക ളഞ്ഞു …

ഹാവൂ! അത് മതി…അത്രയെങ്കിലും പുരോഗതിയുണ്ടല്ലോ..എത്ര നാളായി ഞാനിങ്ങനെ അതിരാവിലെ തൂണും ചാരി നിൽപ്പ് തുടങ്ങിയിട്ട്..

ഒരു നോട്ടം കൊണ്ടു പോലും അവൾ ഇതുവരെ എന്നെ ഗൗനിച്ചിട്ടില്ലായിരുന്നു..

എൻജിനീയറിംഗ് പഠിക്കുന്ന സമയത്തെ അവധികൾക്കൊക്കെ ഒറ്റപ്പാലത്തുളള മാമന്റെ വീട്ടിലേക്ക് ഞാനോടി വന്നിരുന്നത് അവളെ ഒരു നോക്കു കാണുവാൻ വേണ്ടി മാത്രമായിരുന്നു..

മാമൻ റെയിൽവെയിലായിരുന്നു ജോലിചെയ്തിരുന്നത്..ഇവിടേയ്ക്ക് ട്രാൻസ്ഫറായിട്ട് രണ്ടു വർഷം തികയുന്നു..

“ശ്രീലക്ഷ്മി” അതായിരുന്നു ആ സുന്ദരിയുടെ പേര്..

ഒരു സാധാരണ ബ്രാഹ്മിൺ കുടുംബം..അച്ഛൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററാണ്..

അവൾക്ക് താഴെ ഒരു അനുജത്തി മാത്രമേയുളളൂ..അവളുടെ അമ്മ അവൾ ചെറുപ്പമായിരുന്നപ്പോഴേ മരണപെട്ടിരുന്നു..

കണ്ട അന്നു മുതൽ എന്റെ മനസ്സു കീഴടക്കി വച്ചിരിക്കുകയാണവൾ..

ദാവണി ചുറ്റി എന്നും രാവിലെ മുറ്റത്ത് കോലം വരയ്ക്കുന്ന അവൾ പേരുപോലെ തന്നെ ഒരു ലക്ഷ്മി തന്നെയായിരുന്നു..

അരിപ്പൊടി കൊണ്ട് അവൾ വരച്ചിരുന്ന കോലങ്ങളത്രയും എന്റെ ഹൃദയത്തിലായിരുന്നു പതിഞ്ഞിരുന്നത്..

അവളുടെ ഒരു നോട്ടത്തിനു വേണ്ടി ഞാനൊരു പാട് നാളായി കാത്തിരിക്കുകയായിരുന്നെങ്കിലും ഇന്നാണ് അതുണ്ടായത്…

നാളുകൾ കഴിയുംന്തോറും ഇടകണ്ണിട്ടും അല്ലാതെയും ഞങ്ങളുടെ നോട്ടങ്ങൾ കൂട്ടിമുട്ടിക്കൊണ്ടേയിരുന്നു..

ഒന്നു സംസാരിക്കാനായി ഒരവസരം നോക്കിയിരിക്കുകയായിരുന്നു ഞാൻ..

അങ്ങനെയാണ് ആ ദിവസം വന്നെത്തിയത്..

ഒരു ദിവസം അകത്തെ മുറിയിൽ ചുമ്മാ റേഡിയോവിൽ ചലചിത്രഗാനങ്ങളും കേട്ട് അങ്ങനെ കിടക്കുകയായിരുന്നു ഞാൻ..

“ജയേച്ചി..പാലുണ്ടാവോ? “

ആ കിളിനാദം കേട്ട് ഞാൻ ചാടിയെഴുന്നേറ്റു..

എന്റെ ഊഹം തെറ്റിയില്ല അതവളായിരുന്നു…

ഈശ്വരാ മിന്നിച്ചേക്കണേ!…

ഉടുമുണ്ടു വാരിചുറ്റി കണ്ണാടിയിലൊന്ന് നോക്കി മുടി ചീകി കുറച്ച് പൗഡറും വാരിപ്പൊത്തി ഞാൻ പുറത്തേക്ക് ഓടി…

“ചേച്ചി കുളിക്കാണല്ലോ..ഞാനെടുത്തു തന്നാ മതിയോ?” … അല്പം ചമ്മലോടെയാണ് ഞാനത് ചോദിച്ചത്..

അത് കേട്ട് മതിയെന്ന ഭാവത്തിൽ അവളൊന്നു മൂളി…

എന്റെ മനസ്സിൽ ലഡ്ഡുപൊട്ടി…

“കയറി ഇരിക്കൂട്ടോ” ഞാൻ അതി വിനയത്തോടെ പറഞ്ഞു..

പക്ഷെ അവൾ അവിടെത്തന്നെ നിന്നതേയുളളൂ.

ഞാൻ അകത്തേക്ക് തിടുക്കത്തിൽ കയറി..

പക്ഷെ ഫ്രിഡ്ജ് തുറന്ന ഞാൻ ഞെട്ടിപ്പോയി..

പാലുപോയിട്ട് പാൽപ്പൊടി പോലുമില്ല..

“ബ്ല ഡി മാമൻ..കുറച്ചു പാൽ വാങ്ങി വച്ചൂടെടോ” ഞാൻ മനസ്സിൽ മാമനെ കുറെ ചീത്ത വിളിച്ചു..

അല്ലേലും പണ്ടേ ഇങ്ങനെയാ.. ഒന്നിനും സമ്മതിക്കൂല…

അവളാദ്യമായിട്ടു എന്നോടു ഒരു കാര്യം ചോദിച്ചിട്ട് എങ്ങനെയാ ഇല്ലാന്നു പറയാ..

ഞാനാകെ തലപുകച്ചു…

പിന്നെ ഒന്നും നോക്കിയില്ല പതിയെ പിന്നാമ്പുറത്ത് വന്ന് പിന്നിലെ മതിലെടുത്തു ചാടി.

നിലം നോക്കാതെയുള്ള ചാട്ടമായതിനാൽ കരിങ്കല്ലിലാണ് കാലുകുത്തിയത്..

“അയ്യോ..” വേദന കൊണ്ട് ഞാനൊന്ന് അറിയാതെ അലറിപ്പോയി..

കാല് നല്ല വെടിപ്പായി തന്നെ മുറിഞ്ഞിട്ടുണ്ട്..

പക്ഷെ എനിക്കതൊന്നും ഒരു വേദന ആയി തോന്നിയില്ല..വെറുതെയല്ല പറയുന്നത് പ്രേമത്തിനു കണ്ണില്ലാന്നു

ചോ രയൊലിപ്പിച്ചു കൊണ്ടു തന്നെ ഞാൻ സ്റ്റേഷനറി കടയിലേക്ക് ഓടി..

കിതച്ച് കൊണ്ട്  അവിടെ ചെന്നപ്പോഴോ കടയിൽ ആളുമില്ലതാനും..

കുറച്ചു സമയം അവിടെ കിടന്നോരിയിട്ടെങ്കിലും ആരും തന്നെ വന്നില്ല..വേറെ കടയിലെത്തണമെങ്കിൽ കുറച്ചൂടെ പോകണമായിരുന്നു..

അവിടം വരെ പോയി തിരിച്ചെത്തുമ്പോഴേക്കും അവളവളുടെ പാട്ടിന് പോയിട്ടുണ്ടാവും…

പിന്നെ ഒന്നും നോക്കിയില്ല കടയുടെ അകത്തേക്ക് അതിക്രമിച്ച് കയറി പാൽ പാക്കറ്റ് ഞാൻ കൈക്കലാക്കി..

മോഷ്ടിച്ചു എന്നു പറയുന്നതാവും ശരി…ഓടുന്ന വഴി അവളുടെ അനിയത്തി ഐഷുക്കുട്ടി എന്നെ നോക്കി പല്ലിളിച്ചത് ഞാൻ കണ്ടതേയില്ല…

പഴയതു പോലെ മതിൽ തിരികെ എടുത്തു ചാടി..പാൽ പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലൊഴിച്ചു..അതും കൊണ്ട് ഉമ്മറത്തേക്കു ആവേശത്തോടെ ഓടി വന്നതും അതാ അമ്മായി അവിടെ നിക്കുന്നു..

“എവിടെ പോയിട്ടാ നീ ഇങ്ങനെ കിതക്കുന്നത്..” അമ്മായി ചോദിച്ചു…

“ഞാൻ….ശ്രീലക്ഷ്മി….പാല്….”  പരസ്പര ബന്ധമില്ലാതെ ഞാനെന്തോ പുലമ്പി..

അമ്മായി കുളി കഴിഞ്ഞ് വന്നതും അവളെക്കണ്ടു കാര്യം തിരക്കിയിരുന്നു..

പാലില്ലാന്നു പറഞ്ഞതോടെ അവൾ എപ്പോഴേ വീട്ടിലേക്ക് പോയിരുന്നു..

അവസരം നഷ്ടപ്പെട്ടതോർത്ത് എനിക്ക് നിരാശ തോന്നി…

“എന്താടാ കാലിനു പറ്റിയത്?..”അമ്മായി അതു ചോദിച്ചപ്പോഴാ ഞാനും അത് കാര്യമായി ശ്രദ്ധിക്കുന്നത്…

കാലിൽ നിന്നും ഒരു കഷ്ണം അറ്റു പോയിരിക്കു ന്നു…അത് കണ്ട് എന്റെ കണ്ണീന്ന് പൊന്നീച്ച പറന്നു…

പിറ്റെ ദിവസം..

പന്തം കെട്ടിയപോലെ കാലിൽ തുണി ചുറ്റി ഞാൻ വരാന്തയിലിരുന്ന് പേപ്പർ വായിക്കുകയായിരുന്നു.

ആ സമയത്താണ് അവൾ ഐഷുവിനേയും കൂട്ടി കൊണ്ട് വീണ്ടും വീട്ടിൽ വന്നത്…

അവളുടെ കയ്യിൽ കുറച്ച് പലഹാരങ്ങളുണ്ടായിരുന്നു..

എന്നെ കണ്ടതും കളിയാക്കിയെന്നോണം അവളൊന്ന് ചിരിച്ചു…

ഞാനും അന്തസ്സായി തിരിച്ച് ഒരു വളിഞ്ഞ ചിരി പാസ്സാക്കി..

“എന്തു പറ്റി കാലിന്? അവൾ ചോദിച്ചു..

“ഏയ് ഒന്നുമില്ല ചുമ്മാ കാല്” ഞാൻ മുഴുമിപ്പിക്കുന്നതിനു മുമ്പ് അമ്മായി വന്നു.

അമ്മായിയെ കണ്ടതും അവൾ പലഹാരപൊതി അമ്മായിക്ക് നേരെ നീട്ടി..

“ചേച്ചി ഇതു കുറച്ച് പലഹാരങ്ങളാ..വനജേടത്തീടെ വീട്ടീന്നു കൊണ്ടു വന്നതാ” അവൾ പറഞ്ഞു..

ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു..

എന്തു ഭംഗിയാ ഇവൾക്ക്..മുടിയിഴകൾ കാറ്റിൽ പാറുന്നത് കാണാനെന്ത് ചേലാണ്..അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാനേ എനിക്ക് തോന്നിയില്ല..

അമ്മായി പലഹാരങ്ങൾ കൊണ്ടു വയ്ക്കാൻ അകത്തേക്കു പോയതും അവൾ ചോദിച്ചു..

“പാലില്ലെങ്കിൽ ഇല്ലാന്നു പറഞ്ഞാ പോരായിരുന്നോ മാഷേ.. വെറുതെ മതിലും ചാടി കാലും പൊട്ടിച്ച്..” 

അത് കേട്ടതും സത്യം പറയാലോ..ഞാൻ നന്നായൊന്ന് ചമ്മി..

“അല്ലാ അത്..താനെന്നോട് ആദ്യമായി..ഒരു കാര്യം ചോദിച്ചിട്ട്…എങ്ങിനാ ഇല്ല്യാന്നു പറയാ അതാ…” ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..

“ചേച്ചി..ഈ ചേട്ടൻ ഇന്നലെ കടേന്ന് പാല് കട്ടെടുത്ത് ഓടുന്നത് ഞാൻ കണ്ടു..” ഐഷു ആണ് അതു പറഞ്ഞത്..

അത് കേട്ടതും ഇഞ്ചി കടിച്ച അണ്ണാന്റെ പോലെ ആയി എന്റെ മുഖം…

“ആഹാ..അപ്പോ..നുണയൻ മാത്രമല്ല കളളനുമാണല്ലേ? ” അവൾ അതു പറഞ്ഞ് എന്നെ കളിയാക്കി ചിരിച്ചു…

എന്തു പറയണമെന്നറിയാതെ ഞാനാകെ ചമ്മി പമ്മി ഇരുന്നു…

“അയ്യോ..അല്ല..അവിടെ ആളില്ലാത്തതുകാരണം എടുത്തതാ..പിന്നീട് പൈസ കൊണ്ടു കൊടുത്തിരുന്നു” ഞാൻ ചമ്മൽ മറക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു..

“ഞാൻ ചുമ്മാ പറഞ്ഞതാട്ടോ.”

അപ്പോഴേക്കും അമ്മായി വന്നിരുന്നു..

“പോട്ടെ” എന്ന് ആംഗ്യം കാട്ടി അവൾ നടന്നുപോകുന്നത് ഞാൻ നാണക്കേടോടെ നോക്കി ഇരുന്നു….

പണ്ടാരാണ്ടു പറഞ്ഞതുപോലത്തെ അവസ്ഥയിലായിരുന്നു ഞാൻ…

അവളുടെ വീട്ടിലേക്ക് കയറാറാറായതും പതിയെ അവളൊന്നു എന്നെ തിരിഞ്ഞു നോക്കി..

അത് കണ്ടതും ഞാൻ പെട്ടെന്ന് അവളിൽ നിന്നുള്ള നോട്ടം പിൻവലിച്ചു..

അവൾ എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അകത്തേക്ക് കയറിപോയി..

പക്ഷെ അന്ന് ഞാനുറപ്പിച്ചു..അവൾക്ക് എന്നോട് എന്തോ ഒരിഷ്ടം ഉണ്ടെന്നുള്ളത്..

അങ്ങനെ ഞങ്ങൾ വീണ്ടും വീണ്ടും  നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും മനസ്സ് കൈമാറികൊണ്ടിരുന്നു..

അവളുടെ അച്ഛന് പനിപിടിച്ചു ലീവിലായതു കാരണം അവളോടു സംസാരിക്കാൻ എനിക്കൊരവസരം ഒത്തു കിട്ടിയതുമില്ല..

പക്ഷെ ഒന്ന് ഞങ്ങൾക്കുറപ്പായിരുന്നു ഞങ്ങളുടെ മനസ്സുകൾ തമ്മിലടുത്തു കഴിഞ്ഞു എന്നത്…

അങ്ങിനെ ആശയങ്ങൾ കൈമാറാനായി ഞങ്ങൾ പുതിയൊരു ലിപി കണ്ടു പിടിച്ചു….

കോലമിടാനിരിക്കുന്ന സമയത്ത് അവൾ അരിപ്പൊടി കൊണ്ട് ഓരോന്നു വരയ്ക്കും..

ആ വരകളിലൊക്കെയും എന്നോട് അവൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങളായിരുന്നു…

ഞാനതിന് ആംഗ്യഭാഷയിൽ ഉത്തരം പറയുമായിരുന്നു..

പക്ഷെ ഇതുവരെ ഇഷ്ടമാണോ എന്ന് അവളിത് വരെ എന്നോടോ ഞാനവളോടോ ചോദിച്ചിരുന്നില്ലായിരുന്നു…

ദിവസങ്ങൾ കടന്നുപോയത് ഞാനറിഞ്ഞതേയില്ല…

അങ്ങിനെ എനിക്ക് പോകേണ്ട ദിവസമായി..

ഇന്നെന്റെ പിറന്നാളും കൂടെയാണ്..

അതിരാവിലെ തന്നെ ഞാൻ എല്ലാം പാക്ക് ചെയ്ത് പുറത്തേയ്ക്ക് ഇറങ്ങി..

അമ്മായിയോടും മാമനോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഞാനവളുടെ വീട്ടിലേക്ക് എത്തി നോക്കിക്കൊണ്ടിരുന്നു..

പക്ഷെ അവിടെ ആരേയും തന്നെ കണ്ടില്ല..

എന്റെ മനസ്സു പിടഞ്ഞു.. അവളെ ഒരു നോക്കു കാണാനായി..

ഞാൻ ബുളളറ്റ് സ്റ്റാർട്ട് ചെയ്തു..ഏക്സിലേറ്റർ തിരിച്ചു കൊണ്ടിരുന്നു..

ആ നോട്ടമൊന്നു കാണാൻ എന്റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു..

നിരാശയോടെ പോകാനൊരുങ്ങവെ ഞാൻ കോലത്തിലേക്കൊന്നു നോക്കി..

കോലത്തിനുളളിൽ ഒരു ആൽത്തറയും ഒരു പെൺകുട്ടിയുടെ പടവും അവൾ വരച്ചിരുന്നു..

മനസ്സിൽ കുളിർമഴ പെയ്തിറങ്ങിയ പോലെ എനിക്ക് തോന്നി…

ഞാൻ ആൽത്തറ ലക്ഷ്യമാക്കി പാഞ്ഞു…

അകലെ നിന്നേ എനിക്കെന്റെ ജീവനെ കാണാമായിരുന്നു…

വണ്ടി ഒതുക്കി നിർത്തി ഞാനവളുടെ അടുത്തേക്കായ് ചെന്നു…

എന്നെക്കണ്ടതും അവൾ ഒന്നു പരുങ്ങി..

ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോന്ന് അവളുടെ കണ്ണുകൾ പരതിക്കൊണ്ടിരുന്നു..

ആ മുഖത്തെ പരിഭ്രമം വ്യക്തമായിരുന്നു..

“ഇന്നു മടങ്ങി പോവാണല്ലേ? അവൾ വിഷമത്തോടെ ആണ് അത് ചോദിച്ചത്..”

“അതെ..ആരാ പറഞ്ഞത്?

“ചേച്ചി ഇന്നലെ വീട്ടിൽ വന്നിരുന്നു..ഇയാളുടെ പിറന്നാളാണ് ഇന്ന് എന്നും പറഞ്ഞു..അമ്പലത്തിൽ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..”

“വരണമെന്നു കരുതിയതാ പക്ഷെ സമയമില്ലായിരുന്നു..രാവിലെ കോലം വരയ്ക്കുമ്പോ പറയാമെന്നു വച്ചതാ പക്ഷെ ഇന്ന് താൻ നേരത്തേ വരച്ചല്ലോ”…….

“ഉം.” അവളൊന്ന് മൂളി..

അല്പ നിമിഷത്തേക്ക് ഞങ്ങൾക്ക് ഒര വാക്ക് പോലും ഉച്ചരിക്കാനായില്ല…

അത്രയ്ക്ക് ടെൻഷൻ എന്റെ ലൈഫിലുണ്ടായിട്ടില്ല എന്നെനിക്ക് തോന്നി…

മനസ്സിലുളളത് എങ്ങനെ പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…

“ഇനി എന്നാ വരാ?..നിശബ്ദത ഭേദിച്ച് കൊണ്ട് അവൾ പരിഭവത്തോടെ ചോദിച്ചു..

“അടുത്ത വെക്കേഷന്..എന്തേ ചോദിച്ചത്?.. അതിനു മുമ്പ് വരണോ?ഒരവസരം വീണുകിട്ടിയ പോലെ എനിക്കു തോന്നി…

അവളുടെ കണ്ണുകൾ വിടർന്നു..

“ദേ പ്രസാദം..പിറന്നാളുകാരനു വേണ്ടി കഴിപ്പിച്ചതാ..”അവൾ നാണത്തോടെ പ്രസാദം എന്റെ നേരെ നീട്ടി…

എന്റെ മസ്സിൽ ഇലഞ്ഞിത്തറ താളം മുറുകുകയായിരുന്നു അപ്പോൾ.. ചങ്ക് പടപടാന്ന് അടിച്ചുകൊണ്ടിരുന്നു…

“തൊട്ടുതാടോ”  തല കുനിച്ച് കൊണ്ട്  ഞാൻ ചോദിച്ചു…

“അയ്യടാ! തന്നത്താനെ അങ്ങട് തൊട്ടാ മതി” അതും പറഞ്ഞ് എന്നെ തള്ളിമാറ്റി ഒരു കളള പുഞ്ചിരിയോടെ അവൾ മുന്നോട്ട് നടന്നു….

“അടുത്ത വെക്കേഷൻ വരെ എനിക്കു കാത്തിരിക്കാൻ വയ്യാട്ടോ”… പോകുന്നതിനിടെ അവൾ എന്നെ നോക്കി പരിഭവത്തോടെ പറഞ്ഞു..

ആ കരിനീല കണ്ണുകളിൽ നിന്ന് അവളുടെ പ്രണയം ഞാനറിയുകയായിരുന്നു…

“വേണ്ട…ഞാൻ അടുത്താഴ്ച്ച തന്നെ വരാം..എനിക്കും ഇനി വയ്യടോ തന്നെ പിരിഞ്ഞിരിക്കാൻ…” ബുളളറ്റ് സ്റ്റാർട്ട് ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു…

~പ്രവീൺ ചന്ദ്രൻ