അവളുടെ ഭർത്താവു കാറും സ്റ്റാർട്ടു ചെയ്തു കാത്തുനിൽപ്പാണ്. ശരിക്കും സതീഷേട്ടൻ ഇവളേ കെട്ടേണ്ടതായിരുന്നു. എന്നാൽ…

വാട്സ് ആപ്പ്

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

==================

“സതീഷ്, ബോറായിത്തുടങ്ങീട്ടാ….ഇന്നിതിപ്പോൾ എത്രാമത്തെ പെ ഗ്ഗാ കഴിക്കുന്നത്?മൂന്നു പെ.ഗ് തന്നെ പറ്റാത്ത ആളാണ്. പെങ്ങളുടെ വീട്ടിൽ ഉത്സവത്തിനു വന്നു എന്നു കരുതി നില തെറ്റരുത്.”

അളിയന്റെയും മറ്റു ബന്ധുക്കളുടേയും ഇടയിൽ നിന്ന്, അടുക്കളയിലേ ഫ്രിഡ്ജിൽ നിന്നും, വെള്ളം തികയാത്തത് എടുക്കാൻ വന്ന ഭർത്താവിനെ, സന്ധ്യ ശാസിച്ചു.

“നിർത്തീടീ, ഒരെണ്ണം കൂടിയേയുള്ളൂ. അതു കഴിഞ്ഞാൽ അവസാനിച്ചു. ഞാൻ, ആഴ്ച്ചയിൽ ഒരിക്കൽ മാത്രം കഴിക്കണ ആളല്ലേ, ഇന്നൊരു എക്സ്ക്യൂസ് തായോ..”

സന്ധ്യയതിനു മറുപടി പറഞ്ഞില്ല. ഇടറുന്ന പാദങ്ങളോടെ, സതീഷ് മുകൾനിലയിലെ ക ള്ളു സഭയിലേക്കു ഗോവണി കയറി. മുകളിൽ നിന്നും വീണ്ടും പൊട്ടിച്ചിരികളും ഉച്ചത്തിലുള്ള വർത്തമാനങ്ങളും താഴേക്കു പ്രസരിച്ചുകൊണ്ടിരുന്നു.

സന്ധ്യയ്ക്കു വല്ലാത്തൊരു മുഷിച്ചിൽ അനുഭവപ്പെട്ടു. അവൾ, അകത്തളത്തിലേക്കു നടന്നു. അവിടെ, സതീഷിന്റെ സഹോദരിയും, അവരുടെ അമ്മായിയമ്മയും, പിന്നേ അടുത്ത ബന്ധുതയിലുള്ള പെണ്ണുങ്ങളുമുണ്ടായിരുന്നു. അവരുടെയെല്ലാം കെട്ട്യോൻമാർ,  മുകൾനിലയിൽ ആഘോഷത്തിലാണ്. പെണ്ണുങ്ങൾ കലമ്പുന്നു. ഉറക്കേ ചിരിക്കുന്നു. ഇടയിലാരോ വാക്കുകളിൽ മസാല പുരട്ടുന്നു. ദ്വയാർത്ഥത്തിന്റെ ഉൾക്കൊള്ളലുകളിൽ ചിരിയലകളുടെ ആവേഗം വർദ്ധിക്കുന്നു. കുട്ടികൾ കലപില കൂട്ടുന്നു. അങ്ങകലേ അമ്പലത്തിൽ കാവടിയുടെ മേളം കേൾക്കാം. നാഗസ്വരവും തകിലും സമന്വയിക്കുന്നു.

“സന്ധ്യയെന്തേ മിണ്ടാതിരിക്കണേ ? സതീഷ് ഇപ്പോളിങ്ങോട്ടു വരും. ചെക്കനെ കാണാണ്ട് ഇരിക്കാൻ പറ്റണില്ലേ ? കല്യാണം കഴിഞ്ഞിട്ടു വർഷം പത്തായില്ലേ, കുട്ട്യോൾക്കു രണ്ടിനും തിരിച്ചറിവായി. അവനും, മറ്റുള്ളോരും ഇന്നു ആഘോഷിക്കട്ടേ, നമുക്ക് വല്ല കൊതിയും നുണയും പറഞ്ഞിരിക്കാം.”

സതീഷിന്റെ ഇളയ അമ്മായിയുടെ മോളുടെ കമന്റ്. സതീഷിന് അവളെ കെട്ടാനൊരു മോഹമുണ്ടായിരുന്നൂന്ന് സന്ധ്യയ്ക്കറിയാം. എന്തുകൊണ്ടോ അതു നടന്നില്ല. സതീഷിനെ കാണുമ്പോൾ ഈ പെണ്ണിനൊരു ഇളക്കം കൂടുതലാണ്. ഇഷ്ടം കൂടി നടക്കണ കാലത്ത് എന്തൊക്കെ ഉണ്ടായോ ആവോ ? അവളുടെ ചെക്കനൊരു പെൺവാക്കു കേൾവിക്കാരനാണെന്നു തോന്നു. ഏതു നേരവും ഇവളുടെ പുറകേ,  സുമേ, സുമേയെന്നു വിളിച്ചു നടക്കണ കാണാം.

സന്ധ്യയുടെ തലവേദന ഇരട്ടിയായി. ഈ സതീഷേട്ടനു കഥയും കവിതയും എഴുതണ കാരണം, ആരാധികമാരുടെ പ്രളയമാണ്. നാൽപ്പതാം കാലത്തും, എഴുതണ കഥകള് വായിച്ച് പെണ്ണുങ്ങള് ലൈക്കോടു ലൈക്കാണ്.

മുകളിൽ നിന്നുള്ള വായ്ത്താരികൾ ഗോവണിയിറങ്ങി വരണുണ്ട്. ഉം, എല്ലാം നല്ല പിമ്പിരിയാണല്ലോ;

എന്റെ സതീഷേട്ടാ, ഇതായിരുന്നോ നിങ്ങടെ ലാസ്റ്റ്  പെഗ് ? മനുഷ്യനിത്ര കോമാളിയാകാൻ പാടില്ലായിരുന്നു. ആ കോടിക്കളറു ഷർട്ടിൻമേൽ ചിക്കൻ ചാറു വീണു ചുവന്നിട്ടുണ്ട്. ഉത്സവത്തിനു വേണ്ടി തയ്പ്പിച്ചതാണ്. ഇനിയിതെങ്ങനെ കറ കളഞ്ഞെടുക്കും ഈശ്വരാ; സന്ധ്യയ്ക്കു ദേഷ്യം വന്നു.

വിരുന്നുകാരൊഴിഞ്ഞു. അത്താഴം സമൃദ്ധിയായിക്കഴിച്ച് എല്ലാരും യാത്ര പറഞ്ഞു. സതീഷേട്ടനു നിൽക്കാൻ തന്നെ പറ്റണില്ല. ഇങ്ങേര്, ആ സുമയോട് എന്തു കിന്നാരത്തിനാണ് നിൽക്കണ്.? കയ്യിൽ പിടിച്ചാണല്ലോ വർത്തമാനം..അവൾക്കാണേൽ യാത്ര പറഞ്ഞു തീരണുമില്ല. അവളുടെ ഭർത്താവു കാറും സ്റ്റാർട്ടു ചെയ്തു കാത്തുനിൽപ്പാണ്. ശരിക്കും സതീഷേട്ടൻ ഇവളേ കെട്ടേണ്ടതായിരുന്നു. എന്നാൽ, ഇങ്ങേരെ അവളു നക്ഷത്രമെണ്ണിച്ചേനേ…

അകത്തളത്തിൽ രണ്ടറ്റങ്ങളിലായി പായവിരിച്ച്, സതീഷും അളിയനും കിടന്നു.

സന്ധ്യയും ചേച്ചിയും കുട്ടികളുമെല്ലാം ഡൈനിങ് ഹാളിനപ്പുറത്തേ ഇടനാഴിയിൽ പാ വിരിച്ചു. കിടക്കാൻ പോകുന്നതിനു മുമ്പ്,  സന്ധ്യ സതീഷിനെ വന്നൊന്നു നോക്കി. അളിയൻ ഉറക്കമായിരിക്കുന്നു.

ഈ മനുഷ്യൻ ഉറങ്ങാതെ മൊബൈലിലെ നോട്ടുപാഡിൽ എന്തോ കുത്തിക്കുറിയ്ക്കണല്ലോ..ഈ പൂസായ നേരത്ത് എന്തു കഥയാണാവോ എഴുതിക്കൂട്ടുന്നത്. നാളെ വീട്ടിൽ ചെല്ലട്ടേ, ഈ സ്ഥിതിയിലായേന് നല്ല ശിക്ഷ കൊടുക്കണം. കൂടെ കിന്നരിക്കാൻ രാത്രി വരട്ടേ, ഒരാഴ്ച്ച സഹകരിക്കില്ല ഞാൻ. പട്ടിണി കിടക്കട്ടേ.

വിരുന്നൊരുക്കലിന്റെ തിരക്കുകളുടെ ക്ഷീണത്തിലാകാം, ചേച്ചി പൊടുന്നനേ ഉറങ്ങിപ്പോയി. മദിച്ചു കളിച്ച കുട്ടികളും ഉറക്കമായി. സന്ധ്യയ്ക്ക് ഉറക്കം വന്നില്ല. ഒറ്റയ്ക്ക് കിടക്കുമ്പോൾ, എന്നും മുഷിച്ചിലാണ്. സതീഷേട്ടന്റെ അ രക്കെട്ടിലൂടെ കാൽ കയറ്റി വച്ച്, അങ്ങേരെ മുട്ടിക്കൂടിക്കിടന്നാലെ ഉറങ്ങാനൊരു സുഖമുള്ളൂ.

ഉറക്കം വരണില്ല..അവൾ മൊബൈൽ ഫോണെടുത്തു. ഫേസ്ബുക്കിൽ ഒന്നു നോക്കി വരാം. അങ്ങനെ കിടന്നാൽ നേരം പോകും. ഉറക്കം വരികയും ചെയ്യും. അയ്യടാ, നെറ്റിന്റെ ഓഫറു കഴിഞ്ഞൂലോ. ഇതൊന്നു റീച്ചാർജു ചെയ്യണമെങ്കിൽ സതീഷിന്റെ ഫോണിന്നേ പറ്റൂ. ഒന്നു പോയി നോക്കാം. അങ്ങേരുടെ കഥയെഴുത്തു കഴിഞ്ഞോ എന്തോ….

സന്ധ്യ, സതീഷിനരികിലേക്കു ചെന്നു. നല്ല ഉറക്കമായിരിക്കുന്നു രണ്ടും..ഏതോ ട്രക്ക്, കയറ്റം കയറുന്ന പോലുണ്ട് സതീഷിന്റെ അളിയന്റെ കൂർക്കം വലി. സതീഷിന്റെ കയ്യിൽ നിന്നും, ഫോൺ ഊർന്നു വീണിരിക്കുന്നു. അവൾ അയാളുടെ ചൂണ്ടുവിരൽ എടുത്ത് ഫോണിന്റെ ഡിസ്പ്ലേയിൽ അമർത്തി. ഫോൺ തുറന്നു.

നേരം നന്നായി വെളുത്തിട്ടാണ് സതീഷ് ഉണർന്നത്. എണീറ്റപാടെ അയാൾ ഫോണെടുത്ത്, എന്തൊക്കെയോ ചെയ്തു. ഫോൺ തലയണയ്ക്കരുകിൽ വച്ച്, അയാൾ തിരിഞ്ഞു നോക്കുമ്പോൾ, സന്ധ്യ അയാളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അളിയൻ, കിടന്ന പായ ശൂന്യമായിരുന്നു. സതീഷിനു നല്ല തലവേദനയുണ്ടായിരുന്നു. ഒരു കപ്പു കാപ്പി കിട്ടുവാൻ അവനു വല്ലാത്ത ആഗ്രഹം തോന്നി.

സന്ധ്യയും സതീഷും തിരികേ വീട്ടിലെത്തിയപ്പോൾ ഉച്ചയാകാറായിരുന്നു. കുട്ടികൾ, വന്നപാടെത്തന്നേ ടി വിയുടെ മുന്നിലേക്കു കുടിയേറി. സന്ധ്യ, കിടപ്പുമുറിയിലെ കട്ടിലിൽ ഭിത്തിയിലേക്കു നോട്ടമുറപ്പിച്ച് അനങ്ങാതിരുന്നു. സതീഷ്, അവളുടെ അരികിലെത്തി.

“എന്തേ ചങ്ങാതീ ചിന്തിക്കണ് ? ഞാനിന്നലേ ഇത്തിരി കൂടിപ്പോയി. സോറി, ഇനി രണ്ടാഴ്ച്ചയ്ക്കു കുടിയേയില്ല. നീ പിണങ്ങരുത്.”

അവൾ, അയാളെ രൂക്ഷമായി നോക്കി. എന്നിട്ടു മറുചോദ്യം ചോദിച്ചു.

“ആരാണു ശാലിനി, എന്താണ് നിങ്ങൾക്ക് അവളുമായുള്ള ബന്ധം. നിങ്ങള്, വാട്സ് ആപ്പിൽ അവളോട് ഐ ലവ് യൂ എന്നു എഴുതി അയച്ചിട്ടുണ്ടല്ലോ. അതു മാത്രമോ? പിന്നേയും കുറേ ഉമ്മകൾ അയയ്ക്കാനൊരുങ്ങി പൂർത്തിയാകുന്നതിനു മുമ്പ് നിങ്ങള് ഉറങ്ങിപ്പോയി. എന്റെ നെറ്റു തീർന്നതു ഭാഗ്യമായി. അല്ലെങ്കിൽ, ഞാൻ നിങ്ങളുടെ ഫോൺ അന്നേരം എടുക്കുമോ ? നിങ്ങളെത്ര കള്ളനാണ്. രാവിലെ ഉണർന്നയുടനേ നിങ്ങള് ചാറ്റു മായ്ച്ചൂലേ ? ഞാനവളേ നേരിട്ടു വിളിക്കാൻ പൂവ്വാണ്. ആ വാതിൽ അടച്ചേക്കൂ. കുട്ടികൾ കേൾക്കേണ്ട, നിങ്ങളുടെ വീരകഥകൾ ….”

അവൾ, ശാലിനിയുടെ നമ്പർ ഡയൽ ചെയ്തു. മറുതലയ്ക്കൽ ഫോണെടുത്തു..സന്ധ്യ, സ്വയം വെളിപ്പെടുത്തി. അവൾ, ഒന്നേ ചോദിച്ചുള്ളൂ.

“എന്റെ ഭർത്താവും നിങ്ങളും തമ്മിലെന്താണു ബന്ധം.? ലവ്വും ഉമ്മയും കൊടുക്കാൻ മാത്രം നിങ്ങൾ തമ്മിൽ അടുപ്പത്തിലാണോ? എനിക്കു സത്യമറിയണം..ഞാനിവിടെ ഒരു വിഡ്ഢിവേഷം കെട്ടി ജീവിക്കുന്നതിൽ എന്താണർത്ഥമുള്ളത് ?.നിങ്ങൾ പറയൂ, കേൾക്കാൻ ഞാൻ തയ്യാറാണ്.”

സന്ധ്യ, ഫോൺ ലൗഡ്സ്പീക്കർ മോഡിലിട്ടു..മറുവശത്തു നിന്നും സംഭാഷണങ്ങൾ ഉച്ചത്തിൽ, ഇടമുറിയാതെ വന്നുകൊണ്ടിരുന്നു. സതീഷിന്റെ എഴുത്തുകൾക്കു മറുപടി നൽകിയതും, സൗഹൃദം തോന്നിയതുമെല്ലാം കഥ പോലെ ഒഴുകിയെത്തി. സൗഹൃദം, നന്മയുള്ളതാണെന്നു തോന്നിയപ്പോളാണ് ഫോൺ നമ്പർ നൽകിയത്..സതീഷിനോടു പലവട്ടം പറഞ്ഞിട്ടുണ്ട്, സന്ധ്യ ഭാഗ്യമുള്ളവളാണെന്ന്. അരസികനും മുരടനുമായ ഒരു ജീവിതപങ്കാളിയുടെ കൂടെയുള്ള ജീവിതമാകാം അങ്ങനെ പറയാൻ തോന്നിപ്പിച്ചത്. അതല്ലാതെ, ഞാൻ സതീഷിനോടു യാതൊന്നും പറഞ്ഞിട്ടില്ല. ഇന്നലേ, അങ്ങനെയൊരു മെസേജ് സതീഷിൽ നിന്നും ഞാൻ പ്രതീക്ഷിച്ചില്ല. എനിക്കാകെ സങ്കടമായി. സംഭാഷണങ്ങൾ, സതീഷ് മായ്ച്ചിട്ടുണ്ടാകാം. പക്ഷേ, ഞാനതു ചെയ്തിട്ടില്ല.”

അവർ, പറഞ്ഞു നിർത്തി. പുറകേ, സ്ക്രീൻഷോട്ടുകളായി സതീഷിന്റെ മെസേജുകൾ അവൾക്കു വന്നു. അവർ പറഞ്ഞതെല്ലാം യാഥാർത്ഥ്യമായിരുന്നു.

സന്ധ്യ, ഫോണെടുത്തു ശാലിനിയേ വിളിച്ചു.

“ചേച്ചീ, എന്റെ ഭർത്താവിനൊരബദ്ധം പറ്റിയതാണ്. ഇനിയങ്ങനെ ഉണ്ടാകില്ല. ഞാൻ, സതീഷിന്റെ കോൺടാക്റ്റുകളിൽ നിന്നും നിങ്ങളേ ബ്ലോക്കു ചെയ്യുകയാണ്. ചേച്ചി, ക്ഷമിയ്ക്കണം. ഇതൊരു വിഷയമാക്കരുത്. സതീഷിനും എനിയ്ക്കും അതു വലിയ മാനക്കേടുണ്ടാക്കും…”

സന്ധ്യ, പറഞ്ഞു നിർത്തി.

മറുതലയ്ക്കൽ നിന്നും സമ്മതം വിരുന്നുവന്നു. അവൾ, ഫോൺ വച്ചു..സതീഷിന്റെ മുന്നിൽ വച്ചു തന്നെ ശാലിനിയെ ബ്ലോക്ക് ചെയ്തു.

“മോളെ, എന്നോടു ക്ഷമിയ്ക്കണം. വല്ലാതെ കുടിച്ച്, ഓർമ്മയില്ലാതെ ഞാൻ….”

അയാളുടെ വാക്കുകൾ പാതിയിൽ നിന്നു. അവൾ, വാതിൽക്കലേക്കു നടന്നു..അടച്ചിട്ട വാതിൽ തുറക്കും മുൻപേ അയാളോടു പറഞ്ഞു.

“ഈ കാര്യത്തിൽ, ഞാൻ മരിക്കാനൊന്നും പോണില്ല. എനിക്കെന്റെ മക്കൾക്കു വേണ്ടി ജീവിക്കണം..എനിക്കു നിങ്ങളോടു പിണങ്ങാനാകില്ല. എങ്കിലും, ഒന്നോർക്കുക..ഇതേ തെറ്റു ഞാൻ ചെയ്യുകയും, നിങ്ങളതു കണ്ടുപിടിയ്ക്കുകയും ചെയ്താൽ നിങ്ങൾക്ക് എന്തു തോന്നുമെന്ന് ഒന്നാലോചിക്കുക. അത്രയേ എനിക്കു പറയാനുള്ളൂ…..”

സന്ധ്യ, വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അകത്തളത്തിൽ, ടെലിവിഷനിലെ കാർട്ടൂൺ കണ്ട് കുട്ടികളപ്പോഴും ആർത്തു ചിരിക്കുന്നുണ്ടായിരുന്നു.