അവളെ പിടിക്കൂ എന്നാരോ പറയുന്നത് കാർത്തിക അവ്യക്തമായി കേട്ടു..അവൾക്ക് ബോധം വരുമ്പോഴേക്കും…

Story written by Abdulla Melethil

===============

‘കോരിചൊരിഞ്ഞു പെയ്ത് തോർന്ന മഴയുടെ നിശബ്ദതയിൽ മരങ്ങളും വീടിന്റെ ഇറയത്തുനിന്നും ഇറ്റു വീഴുന്ന തുള്ളികളും ഇടക്ക് ഓരോ ശബ്ദങ്ങൾ ഉണ്ടാക്കി പെയ്ത് കൊണ്ടിരുന്നു

ഒറ്റക്കും തെറ്റക്കും വന്ന് ചേർന്ന ആളുകൾ ആ വീട്ടിന് അകത്തും പുറത്തും ഒരാൾകൂട്ടം സൃഷ്ടിച്ചു..മഴയുടെ ഇരമ്പൽ പോലെ  ആൾകൂട്ടങ്ങളുടെ പിറുപിറുക്കലുകൾ അന്തരീക്ഷത്തിൽ ഉയർന്ന് നിന്നു..മൂക്കത്ത് വിരൽ വെച്ചും കരഞ്ഞും മൂക്ക് ചീറ്റിയും പെണ്ണുങ്ങളും മരണ വീടിനെ അന്വർത്ഥമാക്കി

ഇടിച്ച ഉടനെ തന്നെ മരിച്ചെന്നാണ് കേട്ടത് ലോറി ബൈക്കിന് പുറകിൽ  വന്നിടിക്കുകയായിരുന്നു കല്ല്യാണം കഴിഞ്ഞിട്ട് കഷ്ടിച്ചു പത്ത് വർഷം ആകുന്നേയുള്ളൂ..

രണ്ട് കുട്ടികളാണ് പെണ്ണ് ഇവരുടെ  ജാതിയിൽ പെട്ടതായിരുന്നില്ല  പ്രണയിച്ചതായിരുന്നു ആദ്യമൊന്നും വീട്ടിൽ കയറ്റിയില്ലെങ്കിലും ഇവിടത്തെ അമ്മ അവരെ സ്വീകരിച്ചു ..

എല്ലാം സന്തോഷത്തോടെ  മുന്നോട്ട് പോകുമ്പോഴാണ് ആളുകളുടെ സംസാരങ്ങൾ നീണ്ടു പോകുമ്പോൾ അകത്ത് നിന്നും അമർത്തിപിടിച്ച കരച്ചിലുകൾ ഇടക്കൊക്കെ പുറത്തേക്കും കേട്ടു..മഴക്കിടയിൽ മിന്നൽ പോലെ..

മരണപ്പെട്ടവന്റെ കൂടപിറപ്പുകളായ പുരുഷന്മാർ എല്ലാ സങ്കടങ്ങളും ഒതുക്കിപിടിച്ചു ഭാരിച്ച മുഖത്തോടെ നടന്നു മരണപ്പെട്ടവന്റെ കൂടെ പിറപ്പുകളായ പെണ്ണുങ്ങൾ സങ്കടങ്ങൾ കരഞ്ഞു തീർത്തു..

മഴയുടെ ഇരമ്പൽ പോലെയുള്ള പിറുപിറുക്കലുകളും മിന്നൽ പോലെയുള്ള കരച്ചിലുകളും ഇടക്കൊന്നു നേർത്ത് തുടങ്ങിയപ്പോഴാണ് ഒരു ആംബുലൻസ് മുറ്റത്ത് വന്ന് നിന്നത്..ബോഡി വീട്ടിലേക്ക് ഇറക്കുമ്പോൾ അവന്റെ ഭാര്യയെ പ്രായമായ സ്ത്രീകൾ കുളിപ്പിക്കാൻ കൊണ്ട് പോകുകയായിരുന്നു

അവളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞു കുളിച്ചു പുറത്തിറങ്ങിയപ്പോൾ അവൾ ഒരു വിധവയായി മാറി..സിന്ദൂരവും ആഭരണങ്ങളും കളർ സാരികളും  എല്ലാം അവളുടെ പ്രിയതമന്റെ കൂടെ എരിഞ്ഞടങ്ങണം..

പതിയുടെ ചിത കത്തുന്നതിലേക്ക് അവൾ എടുത്ത് ചാടി കൊ ല്ലപ്പെടേണ്ടതില്ല എന്നാൽ അവളെ പ്രതീകാത്മകമായി ആചാരങ്ങൾ കൊണ്ട് ഒരു മരണപ്പെടൽ

കാർത്തികയെ ബോഡിയുടെ അടുത്തേക്  കൊണ്ട് പോയി അവളിൽ ഇപ്പോൾ ഒരു നിസ്സംഗതയായിരുന്നു ശേഷിച്ചിരുന്നത് അവന്റെ കൈയ്യിൽ അവൾ പതിയെ തൊട്ടു..അവന്റെ വെളുത്ത കൈയ്യിലെ  എഴുന്ന് നിൽക്കുന്ന പച്ച ഞരമ്പുകൾ അവൾക്ക് വലിയ ഇഷ്ടമായിരുന്നു എന്നവൾ പ്രണയിക്കുമ്പോൾ രാമിനോട് പറഞ്ഞിട്ടുണ്ട്..

അവളെ പിടിക്കൂ എന്നാരോ പറയുന്നത് കാർത്തിക അവ്യക്തമായി കേട്ടു..അവൾക്ക് ബോധം വരുമ്പോഴേക്കും ചിത ആളിക്കത്തി എരിഞ്ഞു അടങ്ങിയിരുന്നു

മരിച്ചവനെ യാത്രയാക്കാൻ വന്നവർ ഓരോരുത്തരായി പോയി തുടങ്ങി കാർത്തികയുടെ ബന്ധുക്കൾ കുറച്ചു നേരം അവളുടെ അടുത്ത് നിന്നു..ചേമ്പിന്റെ ഇലയിൽ വെള്ളം ഒഴിച്ചപോലെ അവരുടെ ജാതികൾ അവരിൽ അസ്പൃശ്യത തീർത്തു..

മനുഷ്യർ ഇടപെഴകുന്നതിനിടയിൽ ജാതിയും മതവും ഒരു അദൃശ്യ വേലികളാണ് വേലിക്ക് തൊട്ട് അടുത്ത് അധിക നേരം നിൽക്കാൻ കഴിയില്ല അവർ കാർത്തികയോട് യാത്ര പറഞ്ഞു പോയി..

കാർത്തിക മക്കളെ കുറിച്ചു പോലും ഓർക്കുന്നില്ലയിരുന്നു..അവളോർത്തത് വീടിന് അടുത്തുള്ള കോളേജ് ഹോസ്റ്റലിൽ നിന്ന് ചായപീടികയിൽ ചായ കുടിക്കാൻ വരുന്ന കുറച്ചു ചെറുപ്പക്കാരെയായിരുന്നു..

അതിൽ തന്നെ എപ്പോഴും നേരം വൈകി ബസ് സ്റ്റോപ്പിലേക്ക്  ഓടിവരുന്നമെലിഞ്ഞു വെളുത്ത ഒരാളെ കൂട്ടുകാരിയുടെ മെഡിക്കൽ ഷോപ്പിലേക്ക് മരുന്ന് വാങ്ങാൻ വന്നപ്പോഴാണ് ആദ്യമായി രാംദാസിനെ പരിചയപ്പെടുന്നത്..അന്നാണ്  വെളുത്ത കൈയ്യിൽ എഴുന്ന് നിൽക്കുന്ന പച്ച ഞരമ്പുകൾ കണ്ടത്..

ഞാനായിരുന്നു രാമിനെ ആദ്യം  ഇഷ്ടപ്പെട്ടത് കുസൃതി ഒളിപ്പിച്ചു വെച്ച കണ്ണുകൾ ചടുലമായ സംസാരം ഞങ്ങൾ പെട്ടെന്ന് അടുത്തു..

ബസ്സ് സ്റ്റോപ്പിൽ ബസിനെക്കാൾ കാത്ത് നിന്നിരുന്നത് രാമിനെ ആയിരുന്നു..വൈകീട്ട് അവർ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ രാം തന്റെ അടുത്തേക്ക് വരും ലോകം തന്നെ സന്തോഷമുള്ളതായിരുന്നു അന്നെല്ലാം

സുഹൃത്തുക്കൾ സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരായിരുന്ന എനിക്ക് രാമിനെ ഒരു സുഹൃത്തായി വീട്ടുകാരെ പരിചയപ്പെടുത്താൻ എളുപ്പമായിരുന്നു..

അമ്പലദർശനം കഴിഞ്ഞു വരുന്ന  ഇടവഴിയിൽ വെച്ചാണ് രാമിന്റെ കൈകളെ ആദ്യമായി തൊട്ടത്..ആരും വഴി നടക്കാത്ത ഇടവഴി..ഇടവഴി ചെന്ന് ചേരുന്നത് ഹോസ്റ്റലിന്റെ പിന്നാമ്പുറത്ത് ആയിരുന്നു..രാമിന്റെ ഞരമ്പുകളിൽ കൂടി കൈകൾ ഓടിക്കുമ്പോൾ ഓരോ തട്ടുകളായി കൈകൾ ഓരോ ഞരമ്പിന്റെ മേലും കയറി ഇറങ്ങി..

രാം അപ്പോൾ തന്നെ ചേർത്ത് പിടിച്ചു ശരീരവും മനസ്സും ഒന്ന് ചേരാൻ കൊതിച്ചു ചെവിക്ക് പിന്നിൽ അപ്പോൾ ഒരു ചൂട് നിശ്വാസം അതങ്ങനെ പിൻ കഴുത്തിലും കവിളിലും ചുണ്ടിലും മുടിയിലും പലതും പരതി നടന്നു..രാമിന്റെ കിതപ്പിന് പോലും ഒരു ഋതമുണ്ടായിരുന്നു..ഞാൻ ഭാരമില്ലാത്ത രാമിന്റെ നെഞ്ചിലും കൈതണ്ടയിലും കിടന്നു..

നിന്റെ മുടിയിലെ കാച്ചെണ്ണക്ക് പാലപൂത്ത മണം അന്ന് തന്നെ ശരീരത്തിൽ നിന്ന് വേർപെടുത്തുമ്പോൾ രാം പറഞ്ഞു..

അമ്മേ..മോളാണ് അടുത്ത് വന്നു വിളിക്കുന്നത്..കാർത്തിക കണ്ണാടിയിൽ നോക്കി..വെള്ള സാരിയും കാതിലും കഴുത്തിലും ഒന്നുമില്ലാതെ ഒരു കുറി പോലുമില്ലാത്ത ഒരു രൂപം…ഏട്ടനെവിടെ മോളെ അവൾ മകനെ അന്വേഷിച്ചു..

അവളുടെ ശബ്ദം അടഞ്ഞു പോയിരുന്നു.ഞാൻ കണ്ടില്ലമ്മേ മേമയുടെ കൂടെ ഉണ്ടാകും..അവൾ മകളെ അടുത്തേക്ക് ചേർത്ത് നിർത്തി അവളുടെ കവിളിൽ ഉമ്മകൾ കൊണ്ട് മൂടി..രാമിന് ഏറ്റവും ഇഷ്ടം മോളെയായിരുന്നു..അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. ഇല്ല കണ്ണുനീർ വറ്റിയിട്ടില്ല..അവൾ മകളെ ചേർത്ത് പിടിച്ചു കിടന്നു..

പിറ്റേന്നും മകനെ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് പത്ത് ദിവസം തനിക്ക് അവനെ കാണാൻ കഴിയില്ലെന്ന്  ആറു വയസ്സുള്ള തന്റെ മകനെ അച്ഛൻ മരിച്ച വിഷമാവസ്ഥയിൽ പോലും അമ്മയെ കാണാൻ പാടില്ലെന്ന്..കാർത്തികയുടെ നെഞ്ചു പിടഞ്ഞു..പത്ത് ദിവസത്തോളം അച്ഛന്റെ ആത്മാവ് മകനിൽ ആയിരിക്കുമെത്രെ അത് കൊണ്ട് കാണാൻ കഴിയില്ലെന്ന്..

രാമിനെനെ കാണാൻ പാടില്ലെന്ന് വീട്ടുകാർ പറഞ്ഞപ്പോഴാണ് ഞെരമ്പു മുറിച്ചു  ആ ത്മ.ഹത്യക്ക് ശ്രമിച്ചത് അതിന് ശേഷമാണ് രാമിന് ഒപ്പം കൊച്ചിയിൽ നിന്നും പാലക്കാട്ടേക്ക് പോരുന്നത്..പാലക്കാട്ടേക്ക് എത്തിയപ്പോഴാണ് അറിയുന്നത് രാം ബ്രാഹമാണ കുടുംബാംഗം  ആണെന്നും അന്യ ജാതിയിൽ പെട്ട തന്നെ അങ്ങോട്ട് കയറ്റില്ലെന്നും..

മനുഷ്യർക്കിടയിൽ എപ്പോഴൊക്കെയാണ് ജാതിയും മതവും കടന്ന് വരുന്നത് മനുഷ്യർ ഒന്നാകുമ്പോൾ ഒന്നിച്ചു നിൽക്കുമ്പോൾ…

കാർത്തിക കുളിക്കാൻ പോകുമ്പോൾ മകൻ കിടക്കുന്ന റൂമിലേക്ക് ആരും കാണാതെ നോക്കി  തന്നെ കണ്ടതും അമ്മേ എന്നും കരഞ്ഞു വിളിച്ചു അവനോടി വന്നു കാർത്തിക അവനെ കെട്ടിപിടിച്ചു കരഞ്ഞു.അപ്പോഴേക്കും വീട്ടിലുള്ളവർ ചുറ്റും കൂടി..ആചാരം എന്തെന്ന് അറിയാത്ത അന്യ ജാതിയില്പെട്ടവരെ വേളി കഴിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും എന്നവർ ബഹളം വെച്ചു..

കാർത്തിക മുറിയിലേക്ക് പോയി..നാല് വർഷത്തോളം പുറത്ത് വീട് എടുത്ത് താമസിച്ച ശേഷമാണ് ഇങ്ങോട്ട് കയറ്റാൻ അമ്മ ഉൾപ്പെടെ സമ്മതിച്ചത്..

ഏതാചാരവും പെണ്ണിന് മാത്രം ഉള്ളതാണെന്ന് തോന്നുന്നു..ഭാര്യ മരിച്ചാൽ ഭർത്താവിന് ഇതൊന്നും ഉണ്ടാകില്ല ഒരു മതത്തിലും ജാതിയിലും മറക്ക് ഇരിക്കേണ്ടവൾ പെണ്ണ് മാത്രമാണ്..വിധവ എന്നാൽ തന്നെ ശൂന്യക്കേടാണ് വിധവൻ ഉണ്ടോ കേട്ടിട്ടില്ല..

നല്ല വസ്ത്രങ്ങളും ആഭരണങ്ങളും നിറമുള്ള ലോകവും ഇനി അവൾക്ക് അന്യമാണ്..

കാർത്തികയുടെ മൊബൈലിൽ ബെല്ലടിച്ചു..അനിയന്റെ ഭാര്യയുടെ നമ്പറാണ് എടുത്തപ്പോൾ ഒരു കരച്ചിൽ കേട്ടു..

മമ്മീ ഐ മിസ്സ് യൂ..മോനാണ് അവനെങ്ങനെ തന്നെ കാണാതെ പത്ത് ദിവസം കഴിക്കും കാർത്തിക വീണ്ടും കരഞ്ഞു കണ്ണ് നീർ ഒരിക്കലും വറ്റില്ല..ഇനി കരച്ചിൽ മാത്രമേ ജീവിതത്തിൽ ഉണ്ടാകൂ..അവൾ ഫോണിൽ നോക്കി ഇനി ആരും കടന്ന് വരാത്ത ജീവിതത്തിലും റൂമിലും താൻ ഒറ്റക്കാണ്..രാം അപകടത്തിൽ പെടുന്നതിന് അരമണിക്കൂർ മുമ്പ് ഓഫീസിൽ ഇരുന്ന് അയച്ച മെസ്സേജ് എടുത്ത് നോക്കി..എത്ര പ്രാവശ്യമാണ് ഇത് വായിക്കുന്നത്..നമുക്ക് സ്വന്തമായി ഒരു വീട് വെക്കാം സ്ഥലമൊക്കെ കണ്ടെത്തിയിട്ടുണ്ട് ഇന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാം അപ്പോഴെല്ലാം പറയാം…

കാർത്തികയുടെ കണ്ണ് നിറഞ്ഞു സ്ക്രീൻ മങ്ങി പോയി..അവൾ കണ്ണ് തുടച്ച് രാമിന്റെ നമ്പറിലേക്ക് വിളിച്ചു…നിങ്ങൾ വിളിക്കുന്ന ആൾ ഇപ്പോൾ ലഭ്യമല്ല എന്ന് മലയാളത്തിലും ഇംഗ്ളീഷിലും ഹിന്ദിയിലും പറഞ്ഞു കൊണ്ടിരുന്നപ്പോൾ ചിതയിൽ നിന്നും പുകചുരുളുകൾ മുകളിലേക്ക് ഉയർന്ന് കൊണ്ടിരുന്നു…

~Abdulla Melethil