ഒരു വിധത്തിൽ പറഞ്ഞാൽ നിന്നെയോർത്ത് ഞാനും എന്നെ ഓർക്കാതെ പോയ നീയും ഇപ്പോൾ ജീവിതത്തിൽ തനിച്ചായല്ലേ…

വിധവയുടെ പ്രണയം

Story written by Saji Thaiparambu

=================

നിർമ്മലയ്ക്ക് വയസ്സ് അൻപതിനോടടുക്കുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ഏകമകൾ നവ്യയുടെ വിവാഹം.

ഇരുപത്തിയേഴാം വയസ്സിൽ ഒരാക്സിഡന്റിൽ ഭർത്താവ് മരിക്കുമ്പോൾ, അകെയൊരു, ആശ്വാസം , അല്ലെങ്കിൽ ഇനിയും ജീവിക്കണമെന്ന് അവൾക്ക് തോന്നിയത്, കൈക്കുഞ്ഞായി, അദ്ദേഹം നലകിയിട്ടു പോയ നവ്യ മോളെ ഓർത്ത് മാത്രമാണ്.

ഭർത്താവിന്റെ മരണത്തോടെ, കുടുംബത്തിലേയ്ക്ക് തിരിച്ച് വന്ന മകളും കുഞ്ഞും ,സ്വന്തം അമ്മയ്ക്കും, അച്ഛനും തീരാവേദനയായ്.

ആങ്ങളയുടെ ഭാര്യയുടെ മുഖത്തെ ഭാവമാറ്റങ്ങൾ ആ വീട്ടിൽ താനൊരു അധികപ്പറ്റാണെന്നുള്ള തിരിച്ചറിവ് അവൾക്ക് നല്കി.

കുഞ്ഞിനെയുമെടുത്തവൾ മകൻ നഷ്ടപ്പെട്ടപ്പോൾ നിരാലംബരായ ഭർതൃമാതാപിതാക്കളെ കാണാൻ പോയി.

തന്റെ മകന്റെ ചോ രയെ, കണ്ടപ്പോൾ അമ്മ ഓടി വന്നു കുഞ്ഞിന്നെ വാരിയെടുത്ത് ഉമ്മ വച്ചു.

“മോളിനി എങ്ങോട്ടും പോകണ്ടട്ടോ, ഇതാണ് മോളുടെ വീട്, എന്റെ മോൻ പോയപ്പോൾ, ഞങ്ങൾക്ക് ശങ്കയുണ്ടായിരുന്നു.എന്റെ പേരക്കിടാവിനെ ഞങ്ങൾക്ക് നഷ്ടമാകുമോ എന്ന്, “

“ഞങ്ങളിനി എങ്ങോട്ടുമില്ലമ്മേ എന്റെ കണ്ണേട്ടൻ ഉറങ്ങുന്ന മണ്ണാ ഇത്. അദ്ദേഹത്തിന്റെ ഗന്ധവും ശ്വാസോച്ഛാസങ്ങളും ഇപ്പോഴും ഇവിടെ തങ്ങി നില്ക്കുന്നുണ്ട്.

“കേറി വാ മോളേ “

അധികമൊന്നും സംസാരിക്കാത്ത അദ്ദേഹത്തിന്റെ അച്ഛൻ സ്നേഹത്തോടെ ചുമലിൽ പിടിച്ച് അകത്തേക്ക് ആനയിച്ചു.

അമ്മയെ പോലെയല്ല, അച്ഛൻ ഇപ്പോഴും അരോഗദൃഢഗാത്രനാണ്. എക്സ് മിലിട്ടറി.

വരാന്തയിലെ ചുമരിന് മേൽ തൂക്കിയ കണ്ണേട്ടന്റെ കളർ ഫോട്ടോയ്ക്ക് മുന്നിൽ
മിന്നികത്തുന്ന വൈദ്യുത വിളക്ക്

ആ കണ്ണുകളിൽ തന്നെ കണ്ടപ്പോൾ വല്ലാത്ത,തിളക്കം.

“ഞാൻ തിരിച്ച് വന്നു. കണ്ണേട്ട…മുൻപ് ഞാൻ പിണങ്ങി എന്റെ വീട്ടിൽ പോയാൽ രണ്ട് ദിവസം കഴിയുമ്പോൾ, കണ്ണേട്ടൻ എന്നെ കൂട്ടാൻ വരുമായിരുന്നല്ലോ? ഞാനിത്ര നാളും ഇല്ലാതിരുന്നിട്ടും എന്തേ കണ്ണേട്ട..നിങ്ങൾ വരാഞ്ഞെ?”

അവിടെ നിന്ന് കൊണ്ട് പൊട്ടിക്കരഞ്ഞ് പോയവൾ.

പിറ്റേന്ന് അമ്മയോടൊപ്പം അടുക്കളയിൽ കറിക്ക് അരിഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് മോള് തൊട്ടിലിൽ കിടന്ന് കരയുന്നത് കേട്ടത്.

“അമ്മ നോക്കി കൊള്ളാം , മോള് ചെന്ന് കുഞ്ഞിന് മൊ ല കൊടുത്തിട്ട് വാ, മൂന്നാല് മണിക്കൂറായില്ലെ അവൾ ഉറങ്ങുന്നു.”

അമ്മയുടെ വാക്ക് കേട്ട്, അവൾ ബെഡ് റൂമിലേക്ക് ചെന്നു ‘

“അച്ചോടാ അമ്മേടെ വാവയ്ക്ക് വിശക്കുന്നോടാ, അമ്മ ഇങ്ക് തരാല്ലോ”

തൊട്ടിലിൽ നിന്ന് കുഞ്ഞിനെയെടുത്തവൾ കട്ടിലിൽ ഇരുന്നു.

സാരിയുടെ മുന്താണി, ഒരു വശത്തേക്ക് ഒതുക്കി, ഇറുകിപ്പിടിച്ചിരുന്ന കോട്ടൺ ബ്ലൗസിന്റെ ഹുക്ക് വിടർത്തി വച്ചവൾ കുഞ്ഞിന് മു ലകൊടുത്തു.

കുറച്ച് നേരമായി പാല് നിറഞ്ഞിട്ട് തന്റെ മാ റിലും കഴയ്ക്കല് തുടങ്ങിയിരുന്നു.

ഉഷ്ണം സഹിക്കാതായപ്പോൾ, മാ റിടം മൂടികിടന്ന മുന്താണിയെ ,അവൾ വലിച്ച് മാറ്റിയിട്ടു.

മു ലയൂ ട്ടലിന്റെ നിർവൃതിയിൽ ലയിച്ചിരിക്കുമ്പോൾ വാതിൽക്കൽ ഒര് ചലനം.

ഡോർ കർട്ടന്റെ വിടവിലൂടെ തന്നെ നോക്കുന്ന കണ്ണുകൾ, അച്ഛന്റെയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അവളിലൂടെ ഒരു വൈദ്യുത പ്രവാഹമുണ്ടായി.

അവൾ ഉടനെ അമ്മയെ വിളിച്ചു.

“ദാ വരുന്നു, മോളേ “

അമ്മയുടെ ശബ്ദം കേട്ടപ്പോൾ അച്ഛൻ മെല്ലെ വലിഞ്ഞു.

അമ്മ ഇടയ്ക്ക് പറയാറുണ്ട് അച്ഛൻ ആളൊരു കോഴിയാണെന്ന്

പക്ഷേ തന്നോട് ഇത് വരെ മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല.

“എന്താ മോളെ “

അമ്മ മുറിയിലേക്ക് വന്ന് ചോദിച്ചു.

അമ്മേ ആ ഷെൽഫിലിരിക്കുന്ന കൺമഷിയും പൗഡർ ടിന്നും ,ഒന്നു എടുത്ത് താ അമ്മേ “

അമ്മയോട് മറ്റൊന്നും പറഞ്ഞില്ല. ഒരു പക്ഷേ തന്റെ വെറും സംശയമാണെങ്കിലോ?

***********************

മഴക്കാലമങ്ങോട്ട് കഴിഞ്ഞപ്പോൾ മുറ്റത്തും പരിസരത്തുമാകെ പുല്ല് വളർന്ന്, ചെറിയ കാട് പോലെയായിട്ടുണ്ട്.

ഉച്ചയുറക്കം കഴിഞ്ഞ് അച്ഛൻ കൂന്താലിയുമെടുത്ത് പറമ്പിലേക്കിറങ്ങി. തൊട്ട് പിറകെ അരിവാളുമായി അമ്മയും

കുഞ്ഞ് ഉറങ്ങിയത് കൊണ്ട് നിർമ്മലയും അവരോടൊപ്പം കൂടി

“പുതിയ നൈറ്റിയല്ലേ മോളെ ,മുഴോന്നും ചെളിയാകും, നീ അത് കുറച്ച് പൊക്കി എടുത്ത് എളിയിൽ കുത്ത്. “

പണി കഴിഞ്ഞ് പൈപ്പിൻ ചുവട്ടിൽ നിന്ന് നിർമ്മല കാലുകൾ കഴുകുകയായിരുന്നു.

സ്വർണ്ണപാദസരമണിഞ്ഞ കണങ്കാലുകൾക്ക് മുകളിൽ നനുത്ത രോമങ്ങൾ നനഞ്ഞ് കുളിച്ചു.

ഒരു ഉൾ കുളിരോടെ, ആ കാഴ്ച കണ്ട് കൊണ്ട് അറുപതു കഴിഞ്ഞ കാർന്നോര് അതും നോക്കി നിന്നു.

“മോള് എന്നാൽ പോയി കുളിച്ചോ ,അമ്മ പോയി പശുവിനുള്ള പുല്ല് കൂടെ ചെത്തിയിട്ട് വരാം “

ബെഡ് റൂമിൽ കയറി മാറ്റിയുടുക്കാനുള്ള ഡ്രസ്സ് എടുത്ത് കൊണ്ടവൾ പുറത്തെ കുളിമുറിയിൽ കയറി വാതിലടച്ചു.

“അമ്മേ ഇവിടുത്തെ ലൈറ്റിന്റെ സ്വിച്ച് ഒന്ന് ഇട്ടേച്ച് പോയ്ക്കോ “

അമ്മ അടുക്കളയിൽ കയറി വെളിയിലെ ബാത്റൂമിലേക്ക് വലിച്ചിരിക്കുന്ന വയറിന്റെ സ്വിച്ച് ഓൺ ചെയ്തു.

“മോളേ ഞാൻ പോവാണെ, കുഞ്ഞിനെ, അച്ഛൻ നോക്കി കൊള്ളും”

വലിയ ചെമ്പ് പാത്രത്തിൽ നിറച്ച് വച്ചിരിക്കുന്ന പച്ച വെള്ളം തലയിലൂടെ ശരീരം തണുക്കുവോളം അവൾ കോരിയൊഴിച്ചു.

മേല് തേക്കാനുള്ള സോപ്പെടുക്കുവാനായി വെന്റിലേഷന്റെ നേരെ കൈ നീട്ടിയപ്പോൾ, തഴമ്പിച്ച രണ്ട് കൈകൾ താഴേക്ക് ഊർന്ന് പോകുന്നു.

ഞെട്ടലോടെ അവൾ എത്തിവലിഞ്ഞ് പുറത്തേക്ക് നോക്കി.

ധൃതിയിൽ വീടിന് അകത്തേക്ക് നടന്ന് കയറുന്ന അച്ഛനെ കണ്ടവൾ തളർന്ന് പോയി.

പിറ്റേന്ന് അമ്മയോട് അവ്യക്തമായി ചിലത് സൂചിപ്പിച്ചിട്ട് മോളെയും എടുത്ത് അവിടുന്ന് ഇറങ്ങുമ്പോൾ, പടിപ്പുര വരെ അമ്മ, കൂടെ വന്നു.

“മോളെ ഞാൻ തടയുന്നില്ല. അച്ഛന്റെ ഈ സ്വഭാവദൂഷ്യം അമ്മ അനുഭവിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. പക്ഷേ മോളോട്, അങ്ങേര് ഇങ്ങനെ പെരുമാറുമെന്ന് അറിഞ്ഞില്ല.

മോൾക്ക് നല്ലതേ വരൂ…ഇത് അമ്മയുടെ തറവാട്ടിൽ നിന്ന് ഓഹരി കിട്ടിയ വീടിന്റെ താക്കോലാ ആർക്കെങ്കിലും വാടകയ്ക്ക് കൊടുക്കാമെന്ന് കരുതിയതാ, ഇനിയിത് എന്റെ പേരക്കിടാവിനും മോൾക്കും കൂടി താമസിക്കാം.

മോള് തയ്യല് പഠിച്ചിട്ടില്ലേ. ഒരു തയ്യൽ മെഷീൻ വാങ്ങി വീട്ടിലിട്ട് തയ്ച്ച് തുടങ്ങിക്കോ, അമ്മ എല്ലാരോടും പറഞ്ഞ് തയ്ക്കാനുള്ളതൊക്കെ അവിടെ എത്തിച്ച് തരാം. മോള് തനിച്ച് ജീവിച്ച് കാണിക്കണം മോളെ.

അമ്മ എന്തായാലും അങ്ങേരുടെ അടിമയായി ഇനി കുറച്ച് നാളു കൂടി ഇവിടെ ഇങ്ങനുണ്ടാവും. ദാ ഇത് വച്ചോ “

അമ്മ വെച്ച് നീട്ടിയ ചുരുട്ടിയ നൂറിന്റെ നോട്ടുകൾ അവൾ നിരസിച്ചില്ല

അന്ന് മുതലാണ് പ്രതിസന്ധികളെ അതിജീവിച്ച് ഇവിടെ വരെയെത്തിയത്.

നിർമ്മല ഓർമ്മകളിൽ നിന്നുണർന്നു.

FB യിൽ വെറുതെ കണ്ണോടിക്കുമ്പോൾ അതാ ഒരു പരിചിത മുഖം ഫ്രണ്ട് റിക്വസ്റ്റിൽ വന്ന് കിടക്കുന്നു

ഒരു നിമിഷം ആലോചിച്ചിട്ട് അക്സ പറ്റ് ചെയ്തു.

കീഴ്ജാ തിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയ തന്റെ അച്ഛൻ പെങ്ങളുടെ മകൻ മാധവൻ ആയിരുന്നു അത്.

തറവാടിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയ പെങ്ങളെയും കുടുംബത്തെയും, അച്ഛൻ ഒരിക്കൽ പോലും അംഗീകരിച്ചില്ല.

തനിക്കും മാധവേട്ടനും പരസ്പരം ഒത്തിരി ഇഷ്ടമായിരുന്നു.

അച്ഛനെ ധിക്കരിക്കാനുള്ള ധൈര്യമന്നില്ലാതിരുന്നത് കൊണ്ട് കണ്ണേട്ടന്റെ ആലോചന വന്നപ്പോൾ നിസ്സഹായയായി, അദ്ദേഹത്തിന്റെ ഭാര്യയാകേണ്ടി വന്നു.

പുതിയ ജിവിതവും കണ്ണേട്ടന്റെ ആത്മാർത്ഥ സ്നേഹവും കണ്ടപ്പോൾ പഴയതെല്ലാം താൻ മറന്നു പോയിരുന്നു.

പിന്നീട് ഒരു ദിവസം തനിച്ച് അമ്പലത്തിൽ പോകുന്ന വഴിയിൽ വച്ച് മാധവേട്ടനെ കാണുകയുണ്ടായി.

അപ്പോൾ മാധവേട്ടൻ തന്നോട് പറഞ്ഞ വാക്കുകൾ, ഇന്നും ഇടയ്ക്ക് ഓർക്കുമ്പോൾ നൊമ്പരമാകുന്നുണ്ട്

“നിർമ്മലേ നിന്നെ ഞാൻ ഒരു പാട് സ്നേഹിച്ച് പോയി’ അത് കൊണ്ട് തന്നെ ഇനി മറ്റൊരു പെണ്ണിനെ എനിക്ക് ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിൽ ഇനി മുതൽ എന്നും ഞാൻ ഒറ്റയ്ക്ക് തന്നെയായിരിക്കും.”

അന്നത്തെ ആ ശപഥം ഇന്നും അദ്ദേഹം പാലിക്കുന്നുണ്ടോ എന്നറിയാനുള്ള കൗതുകം കൊണ്ടവൾ അയാളുടെ ഇൻബോക്സിൽ കയറി വിളിച്ചു.

“മാധവേട്ട “

അവളുടെ വിളി പ്രതീക്ഷിച്ചിരുന്ന പോലെ താമസിയാതെ മറുപടി വന്നു.

“പറയു നിർമ്മലേ നിനക്ക് സുഖം തന്നെയല്ലേ?

ഉം.

അവളൊന്ന് മൂളിയിട്ട് തിരിച്ച് അയാളോട് ചോദിച്ചു.

“മാധവേട്ടന് എന്താ വിശേഷം കുടുംബമൊക്കെ ഇപ്പോൾ ….

കുടുംബം ഉണ്ടോ ഇല്ലയോ എന്നറിയാത്തത് കൊണ്ട് അവൾ, പാതിയിൽ നിർത്തി.

“ഇല്ല നിർമലേ ഞാൻ നിന്നോട് പറഞ്ഞത് നുണയായിരുന്നില്ല. ഇപ്പോഴും ഞാൻ ബാച്ച്ലർ തന്നെയാണ്. ഒരു വിധത്തിൽ പറഞ്ഞാൽ നിന്നെയോർത്ത് ഞാനും, എന്നെ ഓർക്കാതെ പോയ നീയും ഇപ്പോൾ ജീവിതത്തിൽ തനിച്ചായല്ലേ.

ആ വാക്കുകൾ അവളെ പൊള്ളിച്ചു.

താൻ കാരണമാണ് അദ്ദേഹം തനിച്ചായി പോയത്.

“മാധവേട്ട, ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ “

“എന്താ നിർമ്മലേ നീ ചോദിക്ക്.”

“ഇപ്പോഴും മാധവേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടോ?”

“എന്റെയീ ഏകാന്തജീവിതം തന്നെ അതിനൊരു തെളിവല്ലേ നിർമ്മലേ “

പിന്നെയവളുടെ ഉള്ളിൽ നിന്ന് തികട്ടി വന്ന വാക്കുകൾ തുറന്ന് പറയാൻ അവൾക്ക് മടിയായത് കൊണ്ട്, അവൾ ഒരു സ്റ്റിക്കർ അയാൾക്ക് സെൻഡ് ചെയ്തു.

I Love You

~സജിമോൻ തൈപറമ്പ്