കരച്ചിലിനിടയിൽ അച്ഛന്റെ പേര് അവൻ പറയുന്നത് ഞങ്ങൾക്കാർക്കും മനസിലാകുന്നില്ല….

Written by Lis Lona

=============

കുഞ്ഞിച്ചിരികളും കുറുമ്പുകളും കലപിലകളും നിറഞ്ഞ ജീവിതത്തിൽ നിന്ന് അപ്രതീക്ഷിതമായി കുട്ടികളെ നഷ്ടപെടുന്ന അച്ഛനമ്മമാരെ കണ്ടിട്ടുണ്ടോ..!

പൊട്ടിപൊളിയാറായി നിൽക്കുന്ന പാലം പോലെ ഒരു ചെറു കുലുക്കത്തിൽ ഏത് നിമിഷവും അവർ തകർന്നുവീണേക്കാം!അവസാനമായി സ്വന്തം കുഞ്ഞിനെ കൺകുളിർക്കെ കണ്ട ,തലോടിയ ആ നിമിഷത്തിൽ നിന്നും തരിമ്പും മുൻപോട്ട് നീങ്ങാനാകാതെ നിലച്ചുപോകും അവരുടെ ജീവിതമെന്ന ഘടികാരം!ആരോടും മനസ്സ് തുറന്ന് പുഞ്ചിരിക്കാനാകാതെ എല്ലാവർക്ക് മുൻപിലും വഴിയടച്ചുള്ള  ജീവിതമായിരിക്കും അവർക്ക് പിന്നീടങ്ങോട്ട്..!

തങ്ങളുടെ അശ്രദ്ധ കൊണ്ടാണോ അവരെ നഷ്ടപെട്ടതെന്ന കുറ്റബോധത്തിൽ നിദ്രയറ്റ മിഴികൾ ഉരുകിയുരുവാകിയ ഓർമകടലുകളിൽ അവരൊഴുകി നടക്കും..രാത്രിയും പകലുമെന്നില്ലാതെയാ കുഞ്ഞുടുപ്പുകളിലും ചുവരിലെ കുത്തിവരകളിലെ മഷിപ്പാടിലും നെഞ്ചോട് ചേർത്തുകിടത്തിയ കിടക്കതുണിയിലും മക്കളുടെ ഗന്ധങ്ങൾ തേടി അവർ അലയും. അങ്ങനെ ജീവിതാവസാനം വരെ മക്കളുടെയോരോ ശേഷിപ്പുകളിലും തല തല്ലി കരഞ്ഞുകൊണ്ടായിരിക്കും  ഓരോ മാതാപിതാക്കളും എരിഞ്ഞു തീരുന്നത്!

അച്ഛനമ്മമാരെ നഷ്ടപെട്ട കുഞ്ഞിന്റെ കാര്യം അതിലും നെഞ്ച് പിടയുന്നതാണ്..! തന്നെ ചേർത്തു പിടിക്കാനും ഉമ്മവെക്കാനും ഇപ്പോൾ അമ്മയോ അച്ഛനോ ഓടിവരുമെന്നോർത്ത് മുൻപിലെത്തുന്ന ഓരോ മുഖത്തേക്കും അവർ പ്രതീക്ഷയോടെ നോക്കും!അപരിചിതരുടെ മുഖങ്ങളിലേക്ക് നോക്കി ആരെന്നോ എന്തെന്നോ എങ്ങനെയെന്നോ വിവരിക്കാനാവാതെ പകച്ചുനിൽക്കുന്ന കുഞ്ഞിക്കണ്ണുകളും മുഖവുമായി സ്നേഹവും വാത്സല്യവും സുരക്ഷിതത്വവും നഷ്ടപെട്ടത് എങ്ങനെ ,എപ്പോൾ തിരികെ കിട്ടുമെന്നോർത്ത് ഭയചകിതരായി നില്പുണ്ടാകും.

സ്വന്തം കുഞ്ഞിനെ അല്ലെങ്കിലും ഇങ്ങനൊരു സാഹചര്യത്തിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി എത്തിപെട്ടപ്പോഴാണ്.ഈ സാഹചര്യത്തിലൂടെ കടന്നുപോയ അല്ലെങ്കിൽ പോയികൊണ്ടിരിക്കുന്ന ഓരോരുത്തരുടെയും നോവും ഉള്ളുരുക്കവും ഞാനും അറിഞ്ഞത്.

നിലാവത്തു അഴിച്ചു വിട്ട കോഴികളെപോലെ മക്കളെയും കൊണ്ട് മാളുകളിൽ കറങ്ങിനടന്ന് ഷോപ്പിംഗ് ഒന്നും നടത്താതെ പിള്ളേർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിക്കൊടുത്ത് തിരികെ വരുന്നത് കുറച്ചുകാലമായുള്ള ശീലമാണ്. അതിനിടയിൽ ഒരായിരം ചോദ്യങ്ങളുണ്ടാകും! മമ്മിക്ക് അറിയില്ല, നോക്കിയിട്ട് പറഞ്ഞുതരാമേ എന്നീത്യാധിയുള്ള ഉത്തരങ്ങളല്ലാതെ വേറൊന്നും കാര്യമായി ശരിയായില്ലെങ്കിലും ഒന്നോ രണ്ടോ ഉത്തരങ്ങൾ ചക്ക വീണ് മുയൽ ചത്ത വിധം ശരിയാകാറും ഉണ്ട്. കാതും കണ്ണും അവരിൽ മാത്രമായിരിക്കേണ്ടതുകൊണ്ട് എത്ര ചോദ്യങ്ങളായാലും എന്ത് കുറുമ്പുകളായാലും ഞാൻ സഹിക്കും.

കഴിഞ്ഞ ദിവസം ഒന്നിനെ ഡാൻസ് ക്ലാസ്സിൽ കൊണ്ടുവിട്ട്  ചെറുതിനേം കൊണ്ട് ഞങ്ങളൊരു കുഞ്ഞികറക്കത്തിന് ഇറങ്ങി. ഏകദേശം രണ്ട് മണിക്കൂറോളം കഴിഞ്ഞപ്പോൾ മടങ്ങാൻ കൂട്ടാക്കാതിരുന്ന മോളെ ഒരുവിധത്തിൽ സമ്മതിപ്പിച്ച് മൂത്തതിനെ കൂട്ടാനായി പുറപ്പെട്ടു.

കാറ്‌ പാർക്ക് ചെയ്തിരുന്നിടത്ത് നല്ല വെയിലാണ്, കുഞ്ഞിനെ വെയിൽ കൊള്ളിക്കണ്ട എന്ന് കരുതി എൻട്രൻസിൽ കാത്തുനില്ക്കാൻ പറഞ്ഞ് പോയ ഭർത്താവ് വിയർത്തൊലിച്ച മുഖവുമായി പരിഭ്രാന്തിയോടെ ഓടിവന്ന് ഞങ്ങളെയും കൂട്ടി പുറത്തേക്ക് നടന്നു.

42 ഡിഗ്രിയുള്ള ഉച്ചവെയിലിൽ വാടിത്തളർന്ന് കയ്യിലൊരു കുഞ്ഞു കടലാസുമായി ഒരു അഞ്ചു വയസ്സോളം പ്രായമുള്ള ഒരു മോൻ, തൊട്ടടുത്ത് നിൽക്കുന്ന ഒരു ലോക്കലിനോട് എന്റെ ഡാഡിയെ കാണാനില്ല എന്ന് കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.

എങ്ങനെയെങ്കിലും സെക്യൂരിറ്റിയെ ഏല്പിക്കാമെന്ന് കരുതി എന്റെ ഭർത്താവും അറബിയും കുറെ തവണ വിളിച്ചിട്ടും കുട്ടി നിന്നിടത്തു നിന്നും ഇളകാൻ തയ്യാറായില്ല.

ഞാൻ വരില്ല , എനിക്കെന്റെ ഡാഡിയെ കാണണം , അദ്ദേഹത്തിന് എന്നെ മറന്ന് പോകാൻ എങ്ങനെ തോന്നിയെന്നൊക്കെ ഇംഗ്ലീഷിൽ പതം പറയുന്നുണ്ട്..സമാധാനിപ്പിക്കാൻ ശ്രമിച്ച് കയ്യിൽ പിടിച്ച് കൂടെവരാൻ പറഞ്ഞ എന്റെ കെട്ട്യോനോട് ‘നോ’ പറഞ്ഞ് വാശിയിൽ നിൽക്കുകയാണ് അവൻ.

ഒരു ഫാമിലി ആണ് അവന്റെ സഹായത്തിന് വന്നിരിക്കുന്നതെന്ന് കണ്ടാൽ ഒരുപക്ഷെ അവൻ കൂടെ വന്നെങ്കിലോ എന്ന് കരുതിയാണ് എന്നെയും മോളെയും ആള് ഓടിവന്ന് കൂട്ടിയത്.

ഞാനാ കുട്ടിയുടെ അടുത്ത് ചെന്ന് പതിയെ കാര്യങ്ങളൊക്കെ ചോദിച്ച് പേടിക്കണ്ട ആന്റിയുടെ കൂടെ മോൻ വാ നമുക്ക് ഡാഡിയെ കണ്ടുപിടിക്കാമെന്ന് പറഞ്ഞ് അവന്റെ കുഞ്ഞികൈയിൽ പിടിച്ചൊരുമ്മ കൊടുത്തതും പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവനെന്റെ കഴുത്തിലേക്ക്  കൈകൾ ചുറ്റിപ്പിടിച്ച് കെട്ടിപിടിച്ചു.

അത്രയും നേരം പിടിച്ചുനിന്ന ധൈര്യമൊക്കെ ചോർന്നുപോയിരിക്കുന്നു..ഒരു കുഞ്ഞു തുരുത്ത് ആശ്രയം കിട്ടിയതുപോലെ എന്റെ തോളിലേക്ക് തലചായ്ച്ചു കിടന്ന് അവൻ പ്ലീസ് ഹെല്പ് മി എന്ന് തേങ്ങാൻ തുടങ്ങി. അവന്റെ നെഞ്ചിലെ മിടിപ്പ് എന്റെ നെഞ്ചിൽ പെരുമ്പറ കൊട്ടുന്നതുപോലെ അലയ്ക്കുന്നു..മഴ നനഞ്ഞ കിളികുഞ്ഞ് പിടഞ്ഞു വിറക്കും പോലെ അവനെ വെട്ടിവിറയ്ക്കുന്നുണ്ട്.

ഒരു നിമിഷം !  ഞാനുമൊരു അമ്മയല്ലേ.. നെഞ്ച് തിങ്ങി നിറഞ്ഞ സങ്കടം , എന്നോട് സമ്മതം ചോദിക്കാതെ എന്റെ കണ്ണുകളും എന്നെ ചതിച്ച് തോരാതെ പെയ്തുകൊണ്ടിരുന്നു. തൊണ്ടക്കുഴി തടസ്സപെടുത്തിയൊരു വിമ്മിഷ്ടം നിറഞ്ഞ് എനിക്കും മിണ്ടാൻ സാധിക്കുന്നില്ല.

അവനെ എടുത്ത്  ഞങ്ങൾക്കൊപ്പം നിന്നിരുന്ന അറബി മാത്രം അറിയുന്ന ലോക്കലിനെ കാര്യങ്ങൾ മനസിലാക്കിച്ച് ഞങ്ങൾ മാളിനകത്തേക്ക് നടന്നു.

കരച്ചിലിനിടയിൽ അച്ഛന്റെ പേര് അവൻ പറയുന്നത് ഞങ്ങൾക്കാർക്കും മനസിലാകുന്നില്ല. കൂടുതൽ പരിഭ്രമിപ്പിക്കേണ്ട എന്ന് കരുതി അവനെ സമാധാനിപ്പിച്ച് അവന്റെ കയ്യിലുണ്ടായിരുന്ന എ ടി എം സ്ലിപ്പെടുത്തു ഞാൻ നോക്കി.

45 മിനിറ്റ് മുൻപ് ഏതോ അക്കൗണ്ടിലേക്ക് പൈസ ഡെപ്പോസിറ്റ് ചെയ്തതിന്റെ സ്ലിപ്പ് ആണ്. പേരൊന്നുമില്ല തുടക്കവും ഒടുക്കവും മാത്രമുള്ള ഒരു നമ്പർ മാത്രം. അവിടെ പോയി സെക്യൂരിറ്റിയെ ഇൻഫോം ചെയ്ത് ഡീറ്റെയിൽസ് എടുപ്പിക്കാം അല്ലെങ്കിൽ പോലീസിൽ ഏൽപ്പിക്കാം എന്ന് കെട്ട്യോൻ പറഞ്ഞപ്പോൾ നേരെ അങ്ങോട്ടേക്ക് നടന്നു.

ഇവിടെ വന്നിരുന്നോ എന്ന് അവനോട് ചോദിച്ചതും ആ സ്ഥലത്ത് വന്ന ഓർമയിൽ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കം കണ്ടു. അച്ഛനും മോനും കൂടി എ ടി എം ൽ പൈസയിട്ട് പുറത്തേക്ക് വരുമ്പോൾ കയ്യിലുള്ള സ്ലിപ്പിൽ നോക്കി നടന്നതാണ് കുഞ്ഞ് , മുൻപിലുണ്ടായിരുന്ന അച്ഛൻ വഴിമാറി പോയതും വേറൊരാളുടെ പുറകിലേക്ക് ഈ കുട്ടി മാറിയതും രണ്ടുകൂട്ടരും അറിഞ്ഞില്ല.

മകൻ പാർക്കിംഗ് സ്ലോട്ടിൽ എത്തി പകച്ചു നിന്നപോലെ അച്ഛൻ മാളിൽ എവിടെയെങ്കിലും അവനെ തേടി ഓടി നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസിലായി.

ആരുടെ അടുത്തേക്കും പോകാതെ അള്ളിപ്പിടിച്ച് എന്റെ തോളിൽ ഇരിക്കുന്ന കുഞ്ഞിനേയും കൊണ്ട് സെക്യൂരിറ്റിയോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ ഞാൻ കണ്ടു, ദൂരെ നിന്ന് എല്ലാം തകർന്ന് ഇപ്പോൾ പൊട്ടിക്കരയുമെന്ന ഭാവത്തോടെ ഒരാൾ പതറി പതറി ഓടിനടക്കുന്നു. കുഞ്ഞിനേയും തോളിലേറ്റി സർ എന്ന് വിളിച്ച് ഞാൻ അയാൾക്ക് പിന്നിലായി ഓടി.

മകൻ നഷ്ടപെട്ട ഷോക്കിൽ അവന്റെ ഒച്ചയ്ക്ക് കാത് കൂർപ്പിച്ച് അവനെയും തിരഞ്ഞോടുന്ന അദ്ദേഹം എന്റെ വിളി കേട്ടില്ല!

മൂന്നാമത്തെ മോൾ ഉണ്ടായതിന് ശേഷം നടുവേദന സഹിക്കാൻ വയ്യാതെ അവളെ പോലും വിരലിലെണ്ണാവുന്ന വട്ടം എടുത്ത ഞാനാണ്! വേദനയൊന്നും അറിയുന്നില്ല ടെൻഷനിൽ…

ഒടുവിൽ കുഞ്ഞിനേയും കൊണ്ട് ഞാൻ എങ്ങനെയൊക്കെയോ ഓടിയെത്തി അയാളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ഇവനെയല്ലേ നിങ്ങൾ അന്വേഷിക്കുന്നത് എന്ന് ചോദിച്ചു.

നഷ്ടപ്പെട്ടുപോയ ലോകം തിരികെ കിട്ടിയ ആശ്വാസത്തിലും അമ്പരപ്പിലും സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അച്ഛന്റെ മേലേക്ക് ചാടി വീണ് അരിശത്തിലും സങ്കടത്തിലും അയാളെ ഉമ്മവെക്കുകയും പിടിച്ചു കടിക്കുകയും ചെയ്യുന്ന കുഞ്ഞിനെ കണ്ടപ്പോൾ ഞാനായിരുന്നെങ്കിലോ എന്റെ കുഞ്ഞായിരുന്നെങ്കിലോ ആ സ്ഥാനത്ത് എന്നോർത്ത് സന്തോഷമോ സങ്കടമോ ആശ്വാസമോ എന്ന് തിരിച്ചറിയാതെ  എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു.

മകനെ തിരികെ കൊണ്ടെത്തിക്കാൻ ഞങ്ങളെടുത്ത ശ്രമവും അതിനായി ചിലവഴിച്ച സമയത്തിനും നന്ദിയോടെ പുള്ളി ഞങ്ങൾക്ക് ഷേക്ക് ഹാൻഡ് തരുമ്പോൾ ഇങ്ങനെയെല്ലാം സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നുണ്ടായിരുന്നു…അച്ഛന്റെയോ അമ്മയുടേയോ മുഴുവൻ പേരും നമ്പറും കുഞ്ഞിന് പഠിപ്പിച്ചുകൊടുക്കണമെന്നും വഴി തെറ്റി എന്ന് മനസ്സിലായാൽ നേരെ സെക്യൂരിറ്റിയുടെ അടുത്തേക്ക് പോകാൻ കുഞ്ഞിനെ പറഞ്ഞു മനസിലാക്കിക്കണമെന്നും ഇതൊന്നും സാധിക്കാത്ത പ്രായമുള്ള മക്കളാണെങ്കിൽ പോക്കറ്റിൽ നമ്പർ എഴുതിയിടണമെന്നും അദ്ദേഹത്തിന് ഞാൻ മറുപടി നൽകി.

പരിചയമില്ലാത്ത ഫാമിലിയ്ക്കൊപ്പം ഒറ്റപ്പെട്ടുപോയ കുട്ടിയേ തനിയെ എങ്ങനെ വിടും? അവനെയും കൊണ്ട് അവർ എവിടെ പോകുന്നു? എന്നൊന്നും അറിയാത്തതുകൊണ്ടാണ് തിരക്കിലായിരുന്നിട്ട് കൂടി അത്ര നേരം വരെയും ഞങ്ങളോടൊപ്പം വന്നതെന്നും  അറബി പറയുന്നത് കേട്ട് ഞങ്ങൾ പുഞ്ചിരിച്ചു.!

നിങ്ങളെപ്പോലെ മനുഷ്യരെ സ്നേഹിക്കുന്ന, കരുതലെടുക്കുന്ന മനുഷ്യർ ഇവിടെയുള്ളതിനാൽ ഇവിടെ വന്ന് പെട്ട ഞങ്ങളും ഇങ്ങനെ ആയിപോയതാണെന്ന് മറുപടി നൽകാൻ എനിക്കും താമസമില്ലായിരുന്നു.

ഒന്നോരണ്ടോ മണിക്കൂറുകൾ മാത്രമുള്ള ആ സാഹചര്യം ജീവിതകാലം മുഴുവൻ നേരിടേണ്ടിവരുന്നവരുടെ അവസ്ഥ ആലോചിച്ചതും ദേഹം മുഴുവൻ ഒരു ചൂട് കയറുന്നതും നട്ടെല്ലിലൂടെ ഒരു വിറയൽ കയറി അറിയാതെയെന്റെ മോളെ ഉയർത്തിയെടുത്ത് ഞാൻ നെഞ്ചോട് ചേർത്തുപിടിച്ചു.

~ലിസ് ലോന