ഞാനാരോട് മിണ്ടാനും പറയാനുമാണ് ചുറ്റുമുള്ള വീടുകളിലെ ആണുങ്ങൾ മിക്കതുംഗൾഫിലും പട്ടാളത്തിലുമൊക്കെയാ…

Story written by Saji Thaiparambu

===================

“നിങ്ങളെന്താ മനുഷ്യാവീട്ടിൽ കയറി ഇങ്ങനെ അടയിരിക്കുന്നത്, പുറത്തോട്ടെങ്ങും പോകുന്നില്ലേ?”

ഉച്ചയൂണും കഴിഞ്ഞ് പിന്നെയും ടി വി യുടെ മുന്നിൽ തന്നെ ചടഞ്ഞിരിക്കുന്ന ഭർത്താവിനോട് കമല ചോദിച്ചു.

“അത് ശരി’ ഇത്രനാളും ഞാൻ പുറത്തോട്ട് പോകുന്നതിനായി രുന്നല്ലോ നിനക്ക് പരാതി.”

രമേശൻ തിരിച്ച് ചോദിച്ചു.

“അല്ല നിങ്ങളിങ്ങനെ ആരോടും മിണ്ടാതെയും ‘പരിചയപ്പെടാതെയും ഇരുന്നാൽ, നാളെ നമുക്ക് ഒരാവശ്യം വന്നാൽ ഒന്ന് ഓടിവരാൻ ആരെങ്കിലും വേണ്ടേ?”

കമല അവരുടെ ആശങ്ക അയാളോട് പങ്ക് വച്ചു.

ങ്ഹും, ഞാനാരോട് മിണ്ടാനും പറയാനുമാണ് ചുറ്റുമുള്ള വീടുകളിലെ ആണുങ്ങൾ മിക്കതും, ഗൾഫിലും പട്ടാളത്തിലുമൊക്കെയാ, അവർ വല്ലപ്പോഴും ലീവിന് വന്നാൽ തന്നെ അവരോടൊപ്പം രണ്ടെണ്ണം അടിക്കുന്ന, അവരുടെ പഴയ കൂട്ടുകാരെ തേടിപ്പോകും. ഈ നാട്ടിലെ വരത്തന്മാരായ നമ്മളെയൊന്നും അവർക്കാവശ്യമില്ല “

രമേശൻ നിരാശയോടെ പറഞ്ഞു.

ഗവ: ഉദ്യോഗസ്ഥനായ രമേശൻ ട്രാൻസ്ഫറായി ‘വന്നതാണ് ‘ വടക്കൻ മലബാറിലെ ,ആ ടൗണിലേക്ക്.

തുടർച്ചയായുള്ള ട്രാൻസ്ഫർ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നത് കൊണ്ട് നാട്ടിലേക്ക് തിരിച്ച് റിക്വസ്റ്റ് ട്രാൻസ്ഫർ കൊടുക്കാതെ ഫാമിലിയെ കൂട്ടിക്കൊണ്ട് വന്നു, കുട്ടികളെ ടൗണിലെ സ്കൂളിൽ ചേർത്തു.

ഇപ്പോൾ പത്ത് പതിമൂന്ന് വർഷമായി. ആദ്യമൊക്കെ നാട്ടിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിക്കുമായിരുന്നു. പിന്നെ പിന്നെ ആ വിളികളും പതിയെ നിന്നു.

എല്ലാവരും ഓരോരോ തിരക്കിലാണ് ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

പക്ഷേ സ്വന്തം നാടും വീടും വിട്ടു വന്നതിന്റെ ഒരു ഹോം സീക്ക്നെസ്, അത് അന്ന് മുതലേ രമേശനെ അലട്ടുന്നുണ്ടായിരുന്നു,

എന്തൊക്കെയോ തനിക്ക് മിസ്സ് ചെയ്യുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലായത്, ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ ബസ്സിലെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ കണ്ണിന് കുളിർമയേകുന്ന വഴിയോര കാഴ്ചകളാണ്.

അപ്പോൾ അയാളുടെ മനസ്സിലേക്ക് നാട്ടിലെ അമ്പലപ്പറമ്പും ‘ആൽത്തറയും ‘വിശാലമായ കളിസ്ഥലങ്ങളും പിന്നെ ചുറ്റിനും നിറയെ കൂട്ടുകാരും, ഒക്കെ ഓടിയെത്തും

എന്ത് രസമായിരുന്നു ആ കാലം.

തിരിച്ച് പോകാൻ ഒരു പാട് കൊതിച്ചു.

പക്ഷേ ഭാര്യക്കും കുട്ടികൾക്കും, വികസനമൊന്നുമില്ലാത്ത ആ നാട്ടിലേക്ക് തിരിച്ച് പോകേണ്ടന്നാണ് പറയുന്നത്.

അവരുടെ സ്വർഗ്ഗം ഇവിടെയാണത്രേ.

അവർ കുട്ടികളല്ലേ?

പുതിയ ജീവിത സാഹചര്യങ്ങൾ അവരെ അത്രയധികം സ്വാധീനിച്ചിട്ടുണ്ട്.

ഭാര്യയ്ക്കും അതേ അഭിപ്രായം തന്നെയാണ് ഇവിടെയാകുമ്പോൾ എന്തിനും റോഡിലേക്കൊന്നിറങ്ങിയാൽ മതി, എന്ത് വേണമെങ്കിലും ഇവിടെ കിട്ടും.

പക്ഷേ തന്റെ ആ ഗ്രാമത്തിലെ ശുദ്ധവായു ഇവിടെ കിട്ടുമോ

സായാഹ്നങ്ങളിൽ കാൽ പന്ത് കളിച്ചിട്ട് വിയർപ്പുണങ്ങിയ ശരീരത്തെ തണുപ്പിക്കാനായി അമ്പലക്കുളത്തിൽ കൂട്ടുകാരോടൊത്ത് തല കുത്തി മറിയുമ്പോൾ കിട്ടുന്ന എൻറർടൈൻമെന്റ്, ഈ ടൗണിലെ ഏതെങ്കിലും ടൈം പാസ്സിന് കിട്ടുമോ ?

അമ്പലത്തിലെ ആൽത്തറയിൽ ദീപാരാധന കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന കൂട്ടുകാരുണ്ടാവുമോ?

ഇല്ല ഒരിക്കലുമില്ല. അതൊക്കെ ഇനിയോർത്തിട്ട് എന്താ കാര്യം

കുടുംബത്തിന് വേണ്ടി ഒഴിവാക്കിയതാണ്, തന്റെ ആഗ്രഹങ്ങളൊക്കെയും

മക്കളിപ്പോൾ ഹയർ സ്റ്റഡീസിന് പഠിക്കുന്നു

അവരുടെ ഭാവി മെനഞ്ഞെടുക്കേണ്ടത് ഇനി നഗരത്തിലെ ഹൈടെക് വിദ്യാലയങ്ങളിൽ നിന്നാണ്

കമലയാണെങ്കിൽ, ഇവിടുത്തെ വനിതാ കൂട്ടായ്മയിലെയൊക്കെ നിറസാന്നിദ്ധ്യമാണ്

അവരൊക്കെ ജീവിതം ശരിക്കുമാസ്വദിക്കയാണ്. എന്തായാലും തന്റെ ആഗ്രഹത്തിനായി അവരുടെ സന്തോഷം ഇല്ലാതാക്കണ്ട. കുട്ടികളുടെ പഠിത്തമൊക്കെ കഴിഞ്ഞ് അവർക്ക് നല്ലൊരു കരിയർ ഉണ്ടായതിന് ശേഷമേ ഇനി തന്റെ പഴയ ഗ്രാമത്തിലേക്ക് സ്ഥിരതാമസത്തിനായ് പോകു, എന്ന് അയാൾ മനസ്സിലുറപ്പിച്ചു.

എങ്കിലും രണ്ട് അവധി ദിനങ്ങൾ അടുപ്പിച്ച് കിട്ടിയ ഒരു രണ്ടാം ശനിയാഴ്ച, ഗ്രാമത്തിലേക്ക് ഒന്ന് പോയി കൂട്ടുകാരെയൊക്കെ  കണ്ട് അവരുമായി കുറച്ച് നേരം ആൽത്തറയിൽ ഇരുന്ന് വിശേഷങ്ങളൊക്കെ പങ്ക് വയ്ക്കാനായി അയാൾ തന്റെ ആ കൊച്ചുഗ്രാമത്തിലേക്ക് പോകാൻ ഒരുങ്ങി.

തന്നെ കാണുമ്പോൾ ചങ്കൻമാരൊക്കെ സന്തോഷത്തോടെ ഓടി വന്ന് തന്നെ കെട്ടിപ്പിടിക്കും.

ആ രംഗം ഓർത്തപ്പോൾ അയാളുടെ മനസ്സിൽ ഒരു മഞ്ഞ് തുള്ളി വീണു.

രണ്ട് മൂന്ന് ബസ്സുകൾ കയറിയിറങ്ങേണ്ടി വന്നു , രമേശന് തന്റെ ജന്മനാട്ടിലെത്താൻ.

ബസ്സിൽ നിന്നിറങ്ങിയിട്ട് അയാൾ ചുറ്റിനും നോക്കി.

തികച്ചും അപരിചിതമായ സ്ഥലം പോലെ തോന്നി.

പണ്ട് രണ്ടോ മൂന്നോ പെട്ടിക്കടകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് നിരവധി കോൺക്രീറ്റ് കെട്ടിടങ്ങൾ വന്നു.

അന്നൊക്കെ ഇവിടെ ബസ്സിറങ്ങിയിട്ട് വീട്ടിലേക്ക് നടന്നാണ് പോയ്ക്കൊണ്ടിരുന്നത്. പക്ഷേ ഇപ്പോൾ അങ്ങോട്ടുള്ള ഇടവഴിക്ക് പകരം ടാറിട്ട റോഡ് വന്നിരിക്കുന്നു.

ഓട്ടോറിക്ഷകളും ബൈക്കുകളും, കാറുകളുമൊക്കെ അതിലെ പോകുന്നു.

അടുത്ത് കണ്ട ഓട്ടോസ്റ്റാന്റിൽ കിടന്ന ഒരു ഓട്ടോറിക്ഷയിൽ കയറി

തനിക്ക് പോകേണ്ട സ്ഥലം പറഞ്ഞ് കൊടുത്തപ്പോൾ അയാൾ പറഞ്ഞു.

അയ്യോ സാറെ അവിടെ പോകണമെങ്കിൽ അങ്ങനെ കറങ്ങി പോകണം ഈ വഴി പോയാൽ റെയിൽവേ ട്രാക്കാ , വണ്ടി കടന്ന് പോകില്ല.

ങ്ങ്ഹേ, തന്റെ ഗ്രാമത്തിലൂടെ റെയിൽവേ ട്രാക്ക് വീണോ, അയാൾക്ക് അത്ഭുതമായി.

ഡ്രൈവർ പറഞ്ഞ വഴിയിലൂടെ വണ്ടി തിരിച്ച് വിട്ട് തന്റെ ബാല്യവും, കൗമാരവും, യൗവ്വനവും കളിച്ച് മദിച്ച് നടന്ന ആ മണ്ണിലെത്തി.

പക്ഷേ അവിടെ, അമ്പലമോ ആൽത്തറയോ കളിസ്ഥലമോ ഒന്നും കാണാനില്ല

പകരം ചൈന വൻമതിൽ പോലെ കൂറ്റൻ മതിൽക്കെട്ടുകൾ മാത്രം.

റോഡിന്റെ മറുവശത്തായ്, കോൺക്രീറ്റ് കെട്ടിടങ്ങളാണധികവും.

തന്റെ വീടും വേലിക്കെട്ടുമൊക്കെ കാട്പിടിച്ച് കിടക്കുന്നത് ദൂരെ നിന്ന് രമേശൻ കണ്ടു.

“ഈ നാടിന് എന്തൊരു മാറ്റമാ”

രമേശൻ ആത്മഗതം പറഞ്ഞു.

“അതേ സാർ’ അത് ഈ മെഡിക്കൽ കോളേജിവിടെ വന്നത് കൊണ്ടാ”

ഓട്ടോ ഡ്രൈവർ പറഞ്ഞപ്പോഴാണ് ആ വൻ മതിൽ മെഡിക്കൽ കോളേജിന്റെയാണെന്നും, അത് പണികഴിപ്പിക്കാനായ് ഏതാണ്ട് 500 ഏക്കർ ഭൂമി ക്ക് വേണ്ടി, അൻപതോളം കുടുംബങ്ങളെ അവിടുന്ന് ഒഴിപ്പിച്ചെന്നും, തങ്ങളുടെ കളിസ്ഥലം പോലും അവർ കെട്ടിടം പണി തെന്നും, അയാൾക്ക് മനസ്സിലായത്.

അപ്പോൾ തന്നെപ്പോലെ തന്റെ കൂട്ടുകാരും ഈ നാട് വിട്ട് പോയിരിക്കുന്നു,

ദൂരെ എവിടെയോ അവർക്കായി സർക്കാർ പകരം വീടും സ്ഥലവും കൊടുത്തിട്ടുണ്ട്.

ഇപ്പോൾ ഇത് ഗ്രാമമല്ല. വളർന്ന് കൊണ്ടിരിക്കുന്ന ഒരു ചെറുപട്ടണമാണ് ‘

ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയിൽ, തനിക്ക് തന്റെ സ്വർഗ്ഗതുല്യമായ ജന്മനാട്  നഷ്ടമായിരിയ്ക്കുന്നു എന്ന് രമേശന് ബോധ്യമായി.

കളിസ്ഥലങ്ങളും അമ്പലക്കുളത്തിലെ കളിയും കുട്ടുകാരൊത്തുള്ള സായാഹ്നസവാരികളും എല്ലാം ഇനി സ്വപ്നങ്ങളിൽ മാത്രം.

നെഞ്ചിനകത്ത് ഒരു വലിയ ഭാരവുമേന്തി അയാൾ ടൗണിലേക്ക് തിരിച്ച് പോകുന്ന അവസാന വണ്ടിയിലെ ബാക്ക് സീറ്റിൽ കയറി ഇരുന്നു.

~സജിമോൻ തൈപറമ്പ്