തനിക്കൊരു രാജകുമാരിയായി വാഴാമെന്ന മോഹവുമായി എത്തിയ തന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കിയ ഭർത്താവിനോട്…

Story written by Saji Thaiparambu

==============

“അമ്മേ ഒന്ന് വരണുണ്ടോ? അമ്മയുടെ ഒരുക്കം കണ്ടാൽ അമ്മയാണ് സ്കൂളിൽ പോകുന്നത് എന്ന് തോന്നുമല്ലോ?”

യൂണിഫോമിട്ട് ബാഗുമെടുത്ത്, വീടിന് വെളിയിലിറങ്ങി നിന്ന് കൊണ്ട് പ്ലസ്ടുവിന് പഠിക്കുന്ന വൈദേഹി അകത്തേക്ക് നോക്കി വിളിച്ചു.

“ദാ വരുന്നു വിച്ചൂ…നീ ഒന്നടങ്ങ്, ഞാനീ കൺമഷി ഒന്നെഴുതിക്കോട്ടെ “

വിച്ചു എന്ന ഓമനപ്പേരിട്ടാണ് വൈദേഹിയെ എല്ലാവരും വിളിക്കുന്നത്.

“മോളെ അമ്മേടെ മുഖത്ത് പൗഡർ ഒട്ടുമില്ലല്ലോ അല്ലേ?”

രണ്ട് കൈവെള്ള കൊണ്ടും മുഖം അമർത്തി തുടച്ച് കൊണ്ട് വിധു ബാല മകളോട് ചോദിച്ചു.

“ഒന്നുമില്ലമ്മേ..അമ്മ നല്ല സുന്ദരിയായിട്ടുണ്ട്. ഒന്ന് വേഗം സ്കൂട്ടറെടുത്തോണ്ട് എന്നെയൊന്ന് സ്കൂളിലാക്കി താ…”

വാച്ചിൽ നോക്കി അക്ഷമയോടെ വൈദേഹി ധൃതിവച്ചു.

മകൾ പറഞ്ഞിട്ടും തൃപ്തിവരാതെ, വിധു ബാല ഒരിക്കൽ കൂടി സ്കൂട്ടറിന്റെ റിയർവ്യൂ മിറ്റിൽ നോക്കി, മുഖലാവണ്യം ഉറപ്പ് വരുത്തിയിട്ടാണ്, സ്റ്റാർട്ട് ചെയ്ത് വണ്ടി മുന്നോട്ടെടുത്തത്.

സ്കൂൾ ഗേറ്റിൽ മകളെ ഇറക്കി ടാറ്റ പറഞ്ഞ് കൊണ്ട്, വണ്ടി തിരിച്ചപ്പോൾ  മുന്നിലൊരു ബുള്ളറ്റ് നേരെ കയറി വന്നു.

പെട്ടെന്ന് വെട്ടിച്ചത് കൊണ്ട് ഇടിക്കാതെ രക്ഷപെട്ടെങ്കിലും വണ്ടി ഒന്ന് പാളി വിധുബാലയുടെ ബാലൻസ് പോയിരുന്നു. താഴെ വീഴാതെ ഒരു വിധം ബ്രേക്ക് പിടിച്ച് വണ്ടി നിർത്തി.

ബുള്ളറ്റിൽ വന്നയാൾ കുറച്ച് ദൂരെ മാറ്റി വണ്ടി നിർത്തി, തന്നെ തിരിഞ്ഞ് നോക്കി നില്ക്കുന്നത് കണ്ടു.

അങ്ങോട്ട് ചെന്ന് രണ്ട് പറയണമെന്ന് അവൾക്ക് തോന്നി.

“തനിക്കെന്താടോ കണ്ണ് കണ്ടൂടെ “

അയാളുടെ അടുത്ത് വന്ന് ഹെൽമെറ്റ് വച്ച മുഖത്ത് നോക്കി അവൾ ദേഷ്യത്തോടെ ചോദിച്ചു.

ചോദ്യം കേട്ടയാൾ ഹെൽമെറ്റ് തലയിൽ നിന്നും പതിയെ ഊരിയെടുത്തു.

അയാളുടെ മുഖം കണ്ടപ്പോൾ വിധുബാലയ്ക്ക് ഞെട്ടലുണ്ടായി.

“മിഥുനേ നീ ഇവിടെ “

കണ്ണെടുക്കാതെ തന്റെ മുഖത്തേക്ക് ഉറ്റുനോക്കി നില്ക്കുന്ന അയാളോട് അവൾ ചോദിച്ചു.

“ഉം…ഞാനിവിടെ വരാൻ തുടങ്ങീട്ട് കുറച്ച് ദിവസങ്ങളായി “

അവന്റെ ശബ്ദത്തിന്റെ ആ പഴയ ഗാംഭീര്യം ഇന്നും ചോർന്ന് പോയിട്ടില്ലെന്ന് അവൾക്ക് തോന്നി.

“അത് തന്നാ ഞാൻ ചോദിച്ചെ ഇവിടെ നിനക്കെന്താ കാര്യം, നീ ഗൾഫിൽ അല്ലാരുന്നോ, നാട്ടിൽ എപ്പോഴെത്തി?”

അവന്റെ മുഖത്ത്, ഒരു നിമിഷം മിന്നി മറഞ്ഞ പരുങ്ങൽ അവൾ കണ്ടില്ല.

“അതെ, ജോലിയും കൂലിയും ഇല്ലാത്ത എനിക്ക്, നിന്നെ കെട്ടിച്ച് തരില്ല എന്ന് നിന്റെ അച്ഛൻ കട്ടായം പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിച്ച് തിരിച്ച് വന്ന് നിന്നെ സ്വന്തമാക്കണമെന്ന മോഹവുമായാണ് അന്ന് ഞാൻ നിന്നോട് യാത്ര പറഞ്ഞ് പോയത്. പക്ഷേ രണ്ട് വർഷം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ നിന്നെ മറ്റൊരാൾക്ക് നിന്റെ അച്ഛൻ വിവാഹം ചെയ്ത് കൊടുത്തെന്ന് അറിഞ്ഞപ്പോൾ ഞാനാകെ തകർന്ന് പോയി. പിന്നെ എനിക്ക് ഈ നാട്ടിൽ നില്ക്കാനുള്ള മനസ്സുറപ്പില്ലാത്തത് കൊണ്ടാണ് വിസ സംഘടിപ്പിച്ച് ഞാൻ ഗൾഫിലേക്ക് പോയത് “

“മിച്ചൂ…എന്നോട്  നീ ക്ഷമിക്കെടാ ,നീ തിരിച്ച് വരുമെന്നും എന്നെ കൂട്ടികൊണ്ട് പോകുമെന്നുമൊക്കെ ഞാനും പ്രതീക്ഷിച്ചു. പക്ഷേ അതിനിടയിലാണ് ഒരു ഗൾഫ് കാരന്റെ ആലോചന എനിക്ക് വന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ പ്രായമായ അമ്മ മാത്രമേയുള്ളു, നിന്നെയവൻ പൊന്നു പോലെ നോക്കി കൊള്ളും, അതിനുള്ള പൂത്ത കാശും അവന്റെ കയ്യിലുണ്ട്, നിനക്കാ വീട്ടിൽ രാജകുമാരിയെ പോലെ വാഴാം….എന്നൊക്കെ അച്ഛ്നും അമ്മയും കൂടി അന്ന് പറഞ്ഞപ്പോൾ ഞാനൊരു പെണ്ണല്ലേ ആ സുന്ദര ജീവിതത്തിനായി, ഞാനും ആശിച്ചു പോയി. നീ പോയിട്ട് ഒരു ലെറ്റർ പോലും അയക്കാതിരുന്നത് കൊണ്ട് നിന്നെ പ്രതീക്ഷിച്ചിരിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് എനിക്കും തോന്നി. “

അത്രയും പറഞ്ഞിട്ട് കുറ്റബോധത്തോടെ അവൾ തല താഴ്ത്തി.

“ശരിയാണ് സ്വാർത്ഥരാണ് എല്ലാവരും, നീ ഉൾപ്പെടെ “

ആ വാക്കുകൾ അവളെ കുത്തിനോവിച്ചു.

നിനക്കറിയുമോ വിധു, ഞാനിവിടെ കുറച്ച് ദിവസങ്ങളായി വരുന്നുണ്ട്. അതെന്തിനാന്നോ? നീ  അറിയാതെ നിന്നെ കാണുകയായിരുന്നു ഞാൻ.

നിന്റെ കല്യാണം കഴിഞ്ഞെങ്കിലും ഞാനിത് വരെ വിവാഹം കഴിച്ചിട്ടില്ല. എനിക്കതിനാവുന്നില്ല. വീട്ടുകാരുടെ നിർബന്ധപ്രകാരം ഓരോ പെൺകുട്ടിയെ കണ്ട് മടങ്ങുപോഴും നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ മഥിക്കുന്നു. നിന്നെ മനസ്സിൽ പ്രതിഷ്ഠിച്ച് കൊണ്ട് എനിക്കിനി മറ്റൊരു സ്ത്രീയുമായി ജീവിക്കാൻ കഴിയില്ലന്ന് ഉറപ്പായി. ഒരിക്കൽ പോലും നിന്റെ മുന്നിൽ പെടരുതെന്ന് ഞാൻ കരുതിയതാ, സോറി വിധു , ഇനി നിന്റെ മുന്നിൽ വരാതെ ഞാൻ ദൂരെ നിന്ന് നിന്നെ കണ്ടോളാം. നീയെങ്കിലും സ്വസ്ഥമായിട്ട് ജീവിക്കു.”

അതും പറഞ്ഞ് അയാൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയി.

ആ വണ്ടിയുടെ ഘട ഘട ശബ്ദം അവളുടെ നെഞ്ചിലാണ് ഉയരുന്നത് എന്ന് അവൾക്ക് തോന്നി.

കുറ്റബോധം അവളെ വല്ലാതെ വേട്ടയാടി

താൻ കാരണമാണല്ലോ മിച്ചു ഇപ്പോഴും അവിവാഹിതനായി കഴിയുന്നത്. അതും തന്നോടുള്ള ഇഷ്ട കൂടുതൽ കൊണ്ട്.

വീട്ടുകാരുടെ ആവശ്യപ്രകാരമാണെങ്കിലും അന്ന് തന്റെ മനസ്സിലുമുണ്ടായിരുന്നു, ഒരു ഗൾഫ് കാരന്റെ ഭാര്യയായി ആഡംബരത്തോടെ ജീവിക്കാനുള്ള മോഹം. അത് കൊണ്ടാണ് കാത്തിരിക്കാമെന്ന് വാക്ക് കൊടുത്ത് പറഞ്ഞയച്ച മിച്ചുവിനെ താൻ മറന്നത്.

പക്ഷേ തന്റെ അത്യാഗ്രഹത്തിന് ദൈവം തന്നെ ശിക്ഷിച്ചു. കല്യാണത്തിന്റെ ലീവ് കഴിഞ്ഞ് തിരിച്ച് ഗൾഫിലേക്ക്  പോയ തന്റെ ഭർത്താവ് മടങ്ങി വന്നത് ഉടുതുണി മാത്രമായിട്ടാണ്. ഗൾഫിൽ സാമ്പത്തിക മാന്ദ്യം. അദ്ദേഹത്തിന്റെ കമ്പനി തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് കൊടുത്തത് കൊണ്ട് എല്ലാവരെയും പോലെ തന്റെ ഭർത്താവും ഗതിയില്ലാതെ തിരിച്ച് നാട്ടിലെത്തി.

പിന്നെ തനിക്കുണ്ടായിരുന്ന ആഭരണങ്ങൾ ഓരോന്നായി വില്ക്കാൻ തുടങ്ങി. അവസാനം തന്റെ നിർബന്ധം കൊണ്ട് ഉള്ള സമ്പാദ്യം കൊണ്ട് ടൗണിൽ ചെറിയൊരു ഷോപ്പ് തുടങ്ങി. ആഡംബര ജീവിതം തുടങ്ങിവച്ച തനിക്ക് പിന്നെ ഒതുങ്ങി ജീവിക്കേണ്ടി വന്നു.

തന്റെ നാൾ ദോഷം കൊണ്ടാണ് ഭർത്താവിന്റെ ജോലി പോയതെന്ന കണ്ടുപിടുത്തവുമായി അമ്മായി അമ്മയുടെ കുത്ത് വാക്കും പിന്നെ സഹിക്കേണ്ടി വന്നു. ഒറ്റ മകനായത് കൊണ്ടും അമ്മ ലാളിച്ച് വളർത്തിയത് കൊണ്ടും മകന് അമ്മയോടായിരുന്നു ഇഷ്ട കൂടുതൽ.

വീട്ടിലെ അസ്വാരസ്യങ്ങൾ തന്റെ ദാമ്പത്യത്തെ നന്നായി തന്നെ ബാധിച്ചു.

മോൾ വളർന്നപ്പോൾ അവളുടെ ഭാവിയെ ബാധിക്കുമെന്ന് കരുതി സ്വരചേർച്ച ഇല്ലായ്മ വലിയ കലഹമാക്കി മാറ്റാതെ താനും സഹിച്ചു.

ഇപ്പോൾ പരസ്പര ധാരണയോടെ ജീവിക്കുന്ന രണ്ട് ദമ്പതികൾ മാത്രമായി ഒതുങ്ങിപ്പോയി തങ്ങളുടെ ജീവിതം.

“എന്താ വിധൂ വീട്ടിൽ പോണില്ലേ “

ശബ്ദം കേട്ടവൾ, ഫ്ലാഷ് ബാക്കിൽ നിന്നുണർന്ന് തിരിഞ്ഞ് നോക്കി. പുറകിൽ മോളുടെ കൂട്ടുകാരിയുടെ അമ്മ

“ങ്ഹാ ഞാൻ ദേ പോകുവാ ” അവൾ സ്കൂട്ടറോടിച്ചു വീട്ടിലേക്ക് പോയി.

*******************

പിറ്റേന്ന് പതിവിലും നേരത്തെവിധുബാല ഉറക്കമുണർന്നു. കുളിച്ച് സെറ്റ് സാരിയുടുത്ത് അമ്പലത്തിൽ പോയി.

മോൾ റെഡിയാവുന്നതിന് മുൻപ് തന്നെ അവൾ സ്കൂട്ടറിൽ കയറി ഇരുന്ന് മകളെ വിളിച്ചു.

“ദാ വരുന്നമ്മേ ,കഴിഞ്ഞു.

“ഹല്ല…അമ്മയെന്താ ഇന്ന് സെറ്റ് സാരിയൊക്കെ ഉടുത്തോണ്ട് ഇതെവിടേക്കാ”

പുറത്തേക്കിറങ്ങി വന്ന വിച്ചു, അമ്മയോട് കളിയാക്കി ചോദിച്ചു.

“ഇന്ന് നവംബർ ഒന്നല്ലേ ടി, ഇന്ന് എല്ലാവരും സെറ്റ് സാരിയായിരിക്കും, സ്കൂളിൽ ചെല്ലുമ്പോൾ നീ നോക്കിക്കോ “

മകളോട് അത് പറഞ്ഞെങ്കിലും അവളുടെ ഉള്ളിൽ മറ്റൊന്നായിരുന്നു. തന്നെ കാണാൻ ഇന്നും മിഥുൻ വരും അവന് ഈ വേഷമാണ് ഇഷ്ടമെന്ന് തന്നോട് എപ്പോഴും പറയുമായിരുന്നു. ഇന്ന് അവനോട് എല്ലാം പറയണം. അവനെയോർത്ത് കിടന്നത് കൊണ്ട് താനിന്നലെ രാത്രി ഒട്ടും ഉറങ്ങിയിട്ടില്ലന്നും…അവന് വേണ്ടിയാണ് താനീ വേഷത്തിൽ വന്നതെന്നുമൊക്കെ അവനോട് പറയുമ്പോൾ അവന് സന്തോഷമാകും.

താൻ മറ്റൊരാളുടെ ഭാര്യയാണെന്നറിയാം. പക്ഷേ, ഭാര്യയെന്നത് വെറുമൊരു ഭോ ഗവസ്തു മാത്രമാണെന്ന് കരുതുന്ന അങ്ങേരോട് അത്ര വലിയ ആത്മാർത്ഥതയൊന്നും കാണിക്കേണ്ട കാര്യമില്ല.

തനിക്കൊരു രാജകുമാരിയായി വാഴാമെന്ന മോഹവുമായി എത്തിയ തന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കിയ ഭർത്താവിനോട് അവൾക്ക് അവജ്ഞതോന്നി.

മിഥുന് ഇപ്പോഴും എത്ര സ്നേഹമാണ് തന്നോട്. ഗൾഫുകാരനായപ്പോൾ അവനിപ്പോൾ പഴയതിനെക്കാളും സുന്ദരനായിട്ടുണ്ട്. ഇന്നലെ ജീൻസും ടീ ഷർട്ട്മിട്ട് നിന്നപ്പോൾ ഒരു സിനിമാനടനെ പോലെയുണ്ട്. ആണുങ്ങളായാൽ അങ്ങനെ വേണം അല്ലാതെ തന്റെ ഭർത്താവിനെ പോലെ ഒരു മണകുണാഞ്ജനാ കരുത്. ഭർത്താവിനെയോർത്തപ്പോൾ അവൾക്ക് മിഥുനോടുള്ള ആരാധന വർദ്ധിച്ചു.

മോളെ പതിവ് പോലെ സ്കൂളിനകത്തേക്ക് പറഞ്ഞ് വിട്ടിട്ട് അവൾ ചുറ്റുപാടും നോക്കി.

അപ്പോൾ ദൂരെ നിന്നും ബുള്ളറ്റിന്റെ ഘട ഘട ശബ്ദം അവളുടെ കാതിൽ കുളിർ മഴയായി പെയ്തിറങ്ങി.

കറുത്ത കൂളിംങ്ങ് ഗ്ളാസ്സ് വച്ച് മിഥുൻ ബുള്ളറ്റിൽ വരുന്നത് കണ്ടപ്പോൾ, അവളുടെ നെഞ്ചിൽ നുരഞ്ഞ് പൊന്തിയത്, ഇടയ്ക്ക് എപ്പോഴൊ വഴിയിലുപേക്ഷിച്ച് പോയ പ്രണയമായിരുന്നു.

അവൻ അവളുടെ അടുത്ത് വന്ന് വണ്ടി നിർത്തിയപ്പോൾ അവൾ സ്വന്തം വണ്ടിയിൽ നിന്നിറങ്ങി, അവന്റെയടുത്തേക്ക് നടന്ന് ചെന്നു.

“എത്ര നേരമായി ഞാൻ കാത്ത് നില്ക്കുന്നു.”

അവൾ അവനോട് പരിഭവിച്ചു.

“ഹോ! നീ എന്നെ കാത്ത് നിന്നത് ഇത്തിരി നേരമല്ലേ. ഞാൻ നിനക്കായി നഷ്ടപെടുത്തിയത് എന്റെ പകുതി ആയുസ്സോളമാണ് അറിയുമോ “

“അറിയാടാ, ആ തിരിച്ചറിവിലാണ് ഞാനിന്ന് വന്നിരിക്കുന്നത് . ഇത്രയേറെ എന്നെ സ്നേഹിക്കുന്ന നിന്റെ കൂടെ ജീവിക്കാൻ….ഇനി മുതൽ ഞാൻ നിന്റെത് മാത്രമായിരിക്കും. നിന്റെ കൂടെ എവിടേക്കും വരാൻ ഞാൻ ഒരുക്കമാ…നീ ധൈര്യമായിട്ട് വിളിച്ചോ “

അത് കേട്ടവൻ പൊട്ടി ചിരിച്ചു.

മതി ഇത്രയും കേട്ടാൽ മതിയായിരുന്നു എനിക്ക്. പണ്ട് എന്നെക്കാൾ യോഗ്യനായ ഒരുത്തനെ കണ്ടപ്പോൾ എന്നെ ഉപേക്ഷിച്ച് നീ അവനോടൊപ്പം പോയി. ഇന്ന് അവൻ ക്ഷയിച്ചപ്പോൾ സുഖ സൗകര്യങ്ങൾക്ക് വേണ്ടി നീ എന്നോടൊപ്പം വരാൻ തയ്യാറായി. ഇനി നാളെ ഒരിക്കൽ എന്നെയും പോരെന്ന് തോന്നുമ്പോൾ നീ മറ്റൊരുത്തന്റെ കൂടെ പോകില്ലന്ന് എന്താ ഉറപ്പ്. അത് കൊണ്ട്, ഞാൻ പഴയ മിഥുൻ ആയിട്ടല്ല ഇപ്പോൾ നില്ക്കുന്നത് അത് നീ ആദ്യം മനസ്സിലാക്കുക. ഞാനിപ്പോൾ ഈ നാട്ടിലേക്ക് വന്നത് മനപ്പൂർവ്വമാ…നിന്റെ മുന്നിൽ എനിക്ക് ജയിക്കാൻ…എന്റെ സുന്ദര ജീവിതം കണ്ട് നിനക്ക് കുറ്റബോധം തോന്നാൻ

ദാ, നീ ആ വരുന്നവളെ കണ്ടോ, ഇവിടുത്തെ ഏറ്റവും വലിയ പണക്കാരന്റെ മകളാ, അവളാണിന്നെന്റെ ഭാര്യ.

ഈ സ്കൂളിൽ  UKG യിൽ പഠിക്കുന്ന എന്റെ മോളെ, ആക്കാനാണ് ഞാനെന്നും വരുന്നത്. ഇന്ന് ഞാൻ നിർബന്ധിച്ച് കൊണ്ട് വന്നതാ എന്റെ ഭാര്യയെ. എന്തിനാന്നറിയാമോ നിന്നെ കാണിക്കാൻ…

ഇതെന്റെ പകപോക്കൽ ആണെന്ന് കൂട്ടിക്കോ….

അപ്പോൾ ശരി പോട്ടെ, ഇനിയും നമുക്ക് കാണാം. ഞാനിവിടെയൊക്കെ തന്നെയുണ്ടാവും “

ബൈ….

ഒരു അജയ്യനെ പോലെ അവൻ ബുള്ളറ്റ് മുന്നോട്ടെടുത്തു.

നടന്ന് വന്ന അവന്റെ ഭാര്യ,  ബുള്ളറ്റിന് പിന്നിൽ കയറിയിരുന്നു. ഭാര്യ, അവന്റെ വയറിലൂടെ, കൈ ചുറ്റിപിടിച്ചിരിക്കുന്നത് കാണാനുള്ള, ശക്തിയില്ലാതെ വിധു ബാല തല കുനിച്ചു.

~സജിമോൻ തൈപറമ്പ്