Story written by Abdulla Melethil
================
സുഹൃത്തുക്കളെ ഞാൻ മരിച്ചു കിടക്കുകയാണ്.. !
ഇന്ന് രാവിലെയാണ് മരിച്ചത്..ഭാര്യയും മക്കളും അരികിലിരിക്കുന്ന ശുഭ മുഹൂർത്തത്തിൽ തന്നെയാണ് മരണം.
‘കണ്ണുകൾ മേലോട്ട് മറിഞ്ഞ് പ്രാണൻ തൊണ്ട കുഴിയിൽ പിടയുമ്പോൾ എന്റെ പ്രിയതമ എനിക്ക് അവസാന തുള്ളി വെള്ളം തന്നു..
‘അവൾ തന്നെയാണ് എന്റെ കൈയ്യും, കാലും നേരെ വെച്ചത്..അടയാൻ മടിച്ചു നിന്ന കണ്ണുകളെ പതിയെ ചേർത്തടച്ചതും..
കരളുറപ്പില്ലാത്ത എന്റെ മക്കൾ അപ്പോഴൊക്കെ വാവിട്ട് കരഞ്ഞു..പക്ഷേ! ആ സമയങ്ങളിൽ ഒന്നും എന്റെ പ്രിയതമയുടെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണ് നീർ പോലും ഉതിർന്നില്ല..
‘മക്കളും അവളും കൂടി എന്നെ ഹാളിലേക്ക് എടുത്ത് വെച്ചതിനു ശേഷം ‘പച്ച മുള ചീന്തിയ പോലെ ഒരു കരച്ചിൽ കേട്ടു..
‘ആ മരിച്ചു കിടക്കുന്ന വേളയിലും എന്റെ ചങ്കൊന്നു പിടഞ്ഞു..
‘അതവളുടെ കരച്ചിലാണ് എന്റെ പ്രിയതമയുടെ.. !
‘കേട്ടറിഞ്ഞവർ ഒരോരുത്തരായി വന്നു കൊണ്ടിരിന്നു..
‘ഈ വന്നിരിക്കുന്നത് എന്റെ അനിയനാണ്..
‘അവൻ എന്നോട് തെറ്റിലായിരുന്നു..ലോണെടുത്ത് എന്റെ ഓലപ്പുര ഞാനൊന്നു ഒടാക്കിയപ്പോഴെ അവനൊരു ചെറിയ മിണ്ടാട്ട കുറവുണ്ടായിരുന്നു..
‘വീട്ടിലേക്കുള്ള വഴിയിലെ സസ്യങ്ങളെല്ലാം വെട്ടി മാറ്റിയപ്പോൾ വഴി കുറച്ചു വീതി കൂടിയ പോലെ തോന്നി,
‘ഇത് കണ്ട എന്റെ അനിയൻ ഇത് രണ്ടടിയിലും കൂടുതലുണ്ടെന്നു പറഞ്ഞ് വഴി കുത്തിപൊളിക്കുകയും, എന്നെയും മക്കളെയും മർദ്ധിക്കുകയും ചെയ്‌തിരുന്നു..
‘എങ്കിലും ഞാൻ മരിച്ചു കിടക്കുമ്പോൾ ഇതാ എന്റെ അനിയൻ നിന്ന് കണ്ണീർ വാർക്കുന്നു..
‘ഇതാ വന്നിരിക്കുന്നു എന്റെ പണക്കാരനായ അയൽവാസി..വീട് പണിക്കു മണൽ തികയാതെ വന്നപ്പോൾ 30 കൊട്ട മണൽ കടമായി തന്ന് സഹായിച്ച ആൾ..മണൽ തിരിച്ചു കൊണ്ട് കൊടുക്കാൻ പോയപ്പോൾ ആളുടെ ഭാര്യായിരുന്നു അവിടെ ഉണ്ടായിരുന്നത്..
‘അവിടെ മിറ്റത്ത് ഇട്ടോളു എന്ന് അവർ പറഞ്ഞതും ആയിരുന്നു..
‘പക്ഷേ മൂപ്പര് എന്നെ തിരഞ്ഞു വീട്ടിലേക്കു വന്നു മണൽ ഒന്നളക്കണം എന്ന് പറഞ്ഞ്..
‘ഞാൻ കൊട്ടയെടുത്ത് അളന്ന് കൊടുത്തപ്പോൾ ഒരു കൊട്ട കൂടുതൽ…
(ഒരു കൊട്ട കുറഞ്ഞാലുള്ള അവസ്ഥയോർത്തു ഈ മരിച്ചു കിടക്കുന്ന അവസ്ഥയിലും എന്റെ നെഞ്ച് പിടയുന്നു)
‘അപ്പോൾ മുതലാളിയുടെ മുഖത്തെ ഒരു പ്രത്യാക തരം ചിരി…ആ ചിരി തന്നെയാണോ ഇപ്പോൾ മരിച്ചു കിടക്കുന്ന തന്നെ നോക്കുമ്പോഴും..!
‘നല്ലൊരു മനുഷ്യനായിരുന്നു കുറെ കഷ്ടപ്പെട്ടു, മക്കളെ പോറ്റാനും വീട് വെക്കാനും…എന്നാലും അതിൽ കഴിയാൻ ഭാഗ്യമുണ്ടായില്ല..
‘ഈ പറഞ്ഞ ആളാരെന്ന് അറിയോ..നമ്മുടെ അടുത്ത കുടുംബമാണ്..പേരു കേട്ട പണക്കാരൻ..
‘ഞാനും ഭാര്യയും കൂടി വീട് പണിക്കു കുറച്ചു പൈസ സഹായം ചോദിച്ച് അദ്ദേഹത്തിൻറെ കൊട്ടാരം പോലുള്ള വീട്ടിലേക്കു പോയിരുന്നു..
‘ആളു നല്ല ഹൃദ്യമായി തന്നെ സ്വീകരിച്ചിരുത്തി..
‘അപ്പോൾ എന്റെ ഭാര്യ കുറച്ചൊരു അഭിമാനത്തോടു കൂടി എന്നെയൊന്ന് നോക്കി..
കാരണം അവളുടെ ആങ്ങള ആയി വരും ഞങ്ങളുടെ ആഥിതേയൻ..
‘കാര്യങ്ങൾ അവതരിപ്പിച്ചു പോകാൻ നേരം ബിസിനസിന്റെ മോശം അവസ്ഥയെ സൂചിപ്പിച്ച് കൈയ്യിൽ എന്തോ ചുരുട്ടി വെച്ച് തന്നു..
‘ഞങ്ങൾ അത് പുറത്തിറങ്ങി നടക്കുമ്പോഴാണ് നോക്കിയത്..’
100 രൂപ !!
‘ഇപ്പോൾ ഞാൻ അവളെ നോക്കിയില്ല. കാരണം അവളുടെ അഭിമാനത്തോടെയുള്ള മുഖം കാണാനാ എനിക്കിഷ്ടം..
‘ഞാൻ പതിയെ അവളെ ഒന്ന് നെഞ്ചോടു ചേർത്ത് പിടിച്ചു..
ആ ചങ്കിലെ തേങ്ങൽ എന്റെ നെഞ്ചിൽ പിടച്ചു.. !
‘കാഴ്ച്ചക്കാർ ഒതുങ്ങി..
‘അവളൊന്നു കൂടി അവന്റെ മുഖമോന്നു കണ്ടോട്ടെ !
‘ആരാണത് പറഞ്ഞത്.. ! ആരാണ് ഈ മടക്കയാത്രയില്ലെങ്കിലും എന്നോട് കരുണ കാണിച്ചിരിക്കുന്നത്.. !
‘അതാ വരുന്നു എന്റെ പ്രിയതമ..ആരൊക്കെയോ താങ്ങി കൊണ്ട്..
‘മരിച്ചിട്ടുമെന്തേ നിന്റെ കരച്ചിൽ എന്റെ ഹൃദയത്തിൽ വിങ്ങലുകൾ തീർക്കുന്നത്..
‘നീയെന്റെ നെഞ്ചിൽ അങ്ങനെ കിടക്കൂ..ആശ്വസിപ്പിക്കാൻ എന്റെ കൈ ഉയരുന്നില്ലല്ലോ.. “
‘മതി അവളെ പിടിച്ചു മാറ്റ്..
‘ഇനി വിട..പ്രിയതമേ വിട..ഇനിയും ഞാൻ ഇവിടെ കിടന്നാൽ എന്റെ മരിച്ച ശരീരത്തിൽ നിന്നുയരുന്ന മണം നിങ്ങള്ക്ക് അസഹ്യമാകും…
~Abdulla Melethil
കുറച്ചു വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണ്. വായിച്ചവർക്കും വായിക്കാത്തവർക്കും ഒരു പോലെ സമർപ്പിക്കുന്നു