പണം കൊണ്ടോ ജോലികൊണ്ടോ അവൻ തന്റെ ഒപ്പം എത്തില്ല. സൗഹൃദങ്ങൾ എപ്പോഴും ഒരേ  തലത്തിൽ ഉള്ളവരോട് …

Story written by Abdulla Melethil

==================

‘നിങ്ങളുടെ ഫോൺ ബെല്ലടിക്കുന്നു..

ആരണെന്ന് നോക്കൂ ഞാൻ ഇപ്പോൾ വരാം..

രവി ബാത്റൂമിന് പുറത്തിറങ്ങുമ്പോഴേക്കും ഭാര്യ ഫോണുമായി അടുത്തെത്തിയിരുന്നു

നമ്പറാണ് പേരില്ല..

‘ഹലോ..!

രവി ഞാനാണ് അബു..!

രവിയുടെ നെഞ്ചിൽ ഒരു ഭാരത്തോടെ അബുവിന്റെ ശബ്ദം വന്ന് പതിച്ചു..

‘അവന്റെ നമ്പർ കൂടെ സേവ് ചെയ്തിട്ടില്ലല്ലോ..!

‘മോളുടെ കല്യാണമൊക്കെ കഴിഞ്ഞു..കല്ല്യാണത്തിന് ഓരോരുത്തർ വരുമ്പോഴും നിന്നെ ഞാൻ പ്രതീക്ഷിച്ചു..നമ്മൾ അങ്ങനെ കഴിഞ്ഞതല്ലേ..!

‘രവി ഒന്നും മിണ്ടാൻ കഴിയാതെ നിന്നു. നെഞ്ചിൽ ഭാരം കൂടി കൂടി വന്നു..

‘കല്യാണത്തിനും കണ്ടില്ല പിന്നെ ഒരു വിളിയും ഉണ്ടായില്ല എന്താ പറ്റിയെന്ന് അറിയില്ലല്ലോ..

‘രവിക്ക് ഒന്നും പറയാൻ കിട്ടിയില്ല..എപ്പോഴുമെന്ന പോലെ ഇപ്പോഴും അവൻ സ്നേഹം കൊണ്ട് തന്നെ തോൽപ്പിക്കുന്നു..

‘അബു ഞാൻ ഓരോ തിരക്കിൽ പെട്ട് അത് മറന്നു പോയി..രവിക്ക് വാക്കുകൾ കൂട്ടി യോജിപ്പിക്കാൻ പാട് പെട്ടു..

‘സാരമില്ല..! ഞാൻ മോളേയും മരുമോനെയും അങ്ങോട്ട് വിടുന്നുണ്ട് നിനക്ക് കാണല്ലോ..നിന്റെ തിരക്കുകൾ എനിക്കറിയാം..

‘അബു പിന്നെയും ഒന്ന് രണ്ട് വർത്തമാനങ്ങൾ പറഞ്ഞു ഫോണ് വെച്ചു..

‘രവി അബു എന്ന നാട്ടുംപുറത്ത്കാരനും തന്റെ കളിക്കൂട്ടുകാരനും ഉറ്റ ചെങ്ങാതിയും ആയിരുന്ന അബുവിനെ കുറിച്ച് അത്ഭുതത്തോടെ ചിന്തിച്ചു..

‘മകളുടെ കല്ല്യാണം അവൻ നേരിട്ടും വിളിച്ചും പല പ്രാവശ്യം പറഞ്ഞതാണ്..താൻ അവനെ വേണ്ട വിധം ഗൗനിച്ചില്ല പോകണം എന്ന് മനസ്സിൽ തോന്നിയിട്ടുമില്ല പിന്നെങ്ങനെ മറക്കാതിരിക്കും..രവി കുറ്റബോധത്തോടെ ചിന്തിച്ചു..

‘തലസ്ഥാനനഗരിയിൽ  സെക്രട്ടറിയേറ്റിൽ ഉയർന്ന ശമ്പളത്തോടെ കുടുംബത്തോടൊപ്പം വസിക്കുന്ന തനിക്ക്നാട്ടിലെ പഴയചെങ്ങാതിയുടെ മകളുടെ കല്ല്യാണം ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമായി തോന്നിയില്ല..

‘പോയില്ലെങ്കിൽ അവൻ വന്നില്ലല്ലോ എന്നും കരുതി അവിടെ തീരും എന്നാണ് കരുതിയത് തീർന്നില്ല..അല്ലെങ്കിലും അങ്ങനെ തീരുവാണെങ്കിൽ അതെന്നോ തീരണമായിരുന്നു..

‘അവന്റെ കല്യാണത്തിനും ഇങ്ങനെ തന്നെയായിരുന്നു..താനന്ന് ജോലി കിട്ടി ഇങ്ങോട്ട് വന്ന കാലം..

‘അവനിവിടെ വന്ന് പറഞ്ഞു..താൻ പോയില്ല..നാട്ടിലെ ബന്ധം ഒരു ബാധ്യതയാണ് പ്രത്യേകിച്ചും കാലികളെ വളർത്തിയും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന അബുവും താനും തമ്മിൽ  എത്ര അന്തരം ഉണ്ട്..

‘പണം കൊണ്ടോ ജോലികൊണ്ടോ അവൻ തന്റെ ഒപ്പം എത്തില്ല..സൗഹൃദങ്ങൾ എപ്പോഴും ഒരേ  തലത്തിൽ ഉള്ളവരോട് വേണം..അതങ്ങനെ തീരുമെങ്കിൽ തീരട്ടെ എന്ന് കരുതി..

‘എന്നാൽ കല്ല്യാണം കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞവൻ വിളിച്ചു ഇതേ പോലെ..അന്നും നെഞ്ചിൽ ഒരു ഭാരത്തോടെ കേട്ട് നിന്നു..

‘ഒരുമിച്ചു കളിച്ചു നടന്നതും തന്റെ അമ്മ അവനെ ഊട്ടിയതും അവന്റെ ഉമ്മ അവന് നല്കുന്നത് പോലെ എന്ത് കിട്ടിയാലും തനിക്കും തരുന്നതും അവന് മറക്കാൻ കഴിയാത്ത ഓർമ്മകളാണ് തനിക്കോ..ഞാനെന്താണ് ഇങ്ങനെ..

‘ഏട്ടാ ഞാനിറങ്ങുന്നു..ഭാര്യയാണ് അവൾക്ക് ഇന്ന് ലീവില്ല കുട്ടികളുടെ പരീക്ഷ അടുത്ത് വരുന്നത് കൊണ്ട് സ്‌പെഷ്യൽ ക്ലാസ് ഉണ്ട്..മോനും ഒരുമ്മ തന്ന് അവളുടെ കൂടെയിറങ്ങി..

‘തന്റെ കല്ല്യാണം അവനോട് കല്യാണത്തിന്റെ രണ്ട് ദിവസം മുമ്പ് വിളിച്ച് പറഞ്ഞിട്ടെ ഉണ്ടായിരുന്നുള്ളൂ..

‘അവൻ കല്യാണത്തിന്  വരുമ്പോൾ എന്തൊക്കെയോ പൊതിഞ്ഞ് കെട്ടി കൊണ്ട് വന്നിരുന്നു കല്യാണത്തിന് പലരും പലതും തന്നിരുന്നെങ്കിലും അവൻ തന്ന പാത്രങ്ങൾ ഇന്നും അടുക്കളയിൽ ഉപയോഗിക്കുന്നു..

‘രവി അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിക്കുന്നതിനടയിൽ ഫോൺ ബെല്ലടിച്ചു അമ്മയാണ് ലാൻഡ് ഫോണിലേക്ക് മാത്രമേ വിളിക്കൂ..

”അമ്മ വിളിക്കുമ്പോൾ മാത്രമേ അമ്മയെ വിളിച്ചിട്ട് കുറേ ആയല്ലോ എന്നോർക്കുകയുള്ളൂ..ഫോൺ വെക്കുമ്പോൾ വിചാരിക്കും രണ്ട് ദിവസം കൂടുമ്പോൾ അങ്ങോട്ട് വിളിക്കണം എന്ന്..

‘എന്നാലും വിളിക്കാൻ മറക്കും അമ്മ വിളിക്കുമ്പോൾ തിരക്കുകളെ കുറിച്ച് പറയാൻ വാക്കുകൾ തപ്പും..അതും ഓർക്കണം എന്ന് വിചാരമില്ലാഞ്ഞിട്ടാണോ അല്ലെങ്കിൽ എങ്ങനെയാ ഓർമ്മ ഇല്ലാതിരിക്കുന്നെ..

‘അബുവിന് വീട് പണിയുണ്ട് നമ്മുടെ തറവാട് വീട് വെറുതെ കിടക്കുകയല്ലേ അവനത് താമസിക്കാൻ കൊടുക്കുമോ എന്ന് ചോദിച്ചു വാടകയൊക്കെ അവൻ തരും..

‘നിന്നോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അമ്മ പറഞ്ഞു നിർത്തി..

‘അത് ശരിയാകില്ല അമ്മേ എനിക്കതിന്മേൽ ഒരുപാട് പദ്ധതികൾ ഉണ്ട്..രവി അതും പറഞ്ഞു ഫോൺ വെച്ചു..

”അമ്മ അവനോട് വാടക ഒന്നും വാങ്ങില്ല അമ്മക്ക് അവനെ വലിയ കാര്യമാണ്..

‘രവി അടുക്കളയിലേക്ക് നടന്നു ഒരു ചായ ഉണ്ടാക്കാൻ..ചായ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു പാത്രം അന്ന് അബു കൊണ്ട് വന്നതിൽ ഉണ്ടായിരുന്നു..ഗീത എപ്പോഴും ആ പാത്രത്തെ പുകഴ്ത്തും..

‘അവന്റെ വീട്ടിലേക്ക് വണ്ടി ഇറങ്ങാൻ തന്റെ പറമ്പിന്റെ കുറച്ചൊരു ഭാഗം ചെത്തി കൊടുത്താൽ മതിയാർന്നു..അന്നും താൻ പെങ്ങൾ സമ്മതിക്കില്ല എന്നും പറഞ്ഞു കൊടുത്തില്ല.

എന്താ രവി നീയിങ്ങനെ എന്ന് അന്നും അമ്മ ചോദിച്ചു..

‘എന്നാലും അവനൊരു പരിഭവം കാണിക്കില്ല അവനൊന്ന് തെറ്റി നിൽക്കാൻ ഉള്ള എത്രയോ കാര്യങ്ങൾ കഴിഞ്ഞു എന്നാലും അവൻ ചിരിച്ചു സുഖ വിവരങ്ങൾ ചോദിക്കും..

‘രവി ചായ ഊതി കുടിച്ചു..അതിനിടയിൽ എപ്പോഴോ കസേരയുമായി പിറകിലേക്ക് മറിഞ്ഞു..മൂക്കിലൂടെ വെള്ളം പോലെ ചോരയൊഴുകി..രവി കൈകൊണ്ട് പൊത്തി പിടിക്കാൻ ശ്രമിച്ചു..തറയിലൂടെ രക്തം ഒഴുകി..രവിക്ക് പിന്നെ ഒന്നും ഓർമ്മ ഉണ്ടായില്ല..

‘രവിക്ക് ബോധം വന്നത് രണ്ട് ദിവസം കഴിഞ്ഞാണ്..പ്രഷർ തലയിലേക്ക് അടിച്ചതാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ഡോക്ടർ രവിയോട് പറഞ്ഞു..ബ്ലഡ് മൂക്കിലൂടെ പോയത് തലയിലേക്ക് പോയിരുന്നെങ്കിൽ തിരിച്ചു വരവ് ബുദ്ധിമുട്ടായിരുന്നു..

‘രവി പരിസരം വീക്ഷിച്ചു..അമ്മ ഭാര്യമക്കൾ പെങ്ങന്മാർ..കുറച്ചപ്പുറത്തായി അവ്യക്തമായി ഒരു മുഖം കൂടെ അതേ ആ പഹയനാണ് അബു..അവന് മാത്രമേ ഇതിനൊക്കെ കഴിയൂ..

”അമ്മ അബുവിനെ അടുത്തേക്ക് വിളിച്ചു അബുവായിരുന്നു കഴിഞ്ഞ രണ്ട് ദിവസവും നിന്റെ കൂടെ വേറെ ആരാണ് ഉള്ളത്..ഗീതയും കുട്ടികളും ഇവിടെ നിൽക്കാൻ പറ്റില്ലല്ലോ എനിക്കണേൽ എന്റെ കാര്യം ബുദ്ധിമുട്ടില്ലാതെ കൊണ്ട് പോകാൻ മാത്രമേ കഴിയൂ..

‘അബു അപ്പോഴേക്കും ചായ വാങ്ങിക്കാൻ പുറത്തേക്ക് പോയി..വീട് ഞാൻ അബുവിന് താമസിക്കാൻ കൊടുത്തിരുന്നു നിന്നോട് ചോദിച്ചപ്പോൾ സമ്മതിച്ചില്ലല്ലോ എനിക്കെങ്ങനെയ അവനോട് പറ്റില്ലെന്ന് പറയാൻ പറ്റുക..

‘പറമ്പിന്റെ ഒരു സൈഡ് ചെത്തി കൊടുത്തപ്പോഴേക്കും ലോറിയൊക്കെ അവന്റെ മുറ്റത്തേക്ക് പോകും സരസ്വതി പറഞ്ഞു നമ്മുടെ അബുവിനല്ലേ കൊടുത്തോളൂ കുറയുന്ന ഭൂമി അവൾക്ക് കുറച്ചാൽ മതിയെന്ന്..

‘രവി ഒന്നും മിണ്ടിയില്ല..പഠിക്കാനും പ്രാവർത്തികമാക്കാനും അബുവിൽ നിന്നും അമ്മയിൽ നിന്നും ഇനിയുമേറെ പഠിക്കാനുണ്ട്..രവി പതിയെ കണ്ണടച്ചു മരുന്നിന്റെ പ്രവർത്തനം കൊണ്ടാകാം പെട്ടെന്ന് ഉറങ്ങി പോയി…

~Abdulla Melethil