ഇനിയിപ്പോൾ എന്ത് ചെയ്യും അരുണിമയ്ക്കു ഈ അവസ്ഥയിൽ യാത്ര വരാൻ പറ്റില്ല….

നിഗൂഢമായ താഴ്‌വാരങ്ങൾ..

Story written by Nisha Pillai

================

ബോധം വീഴുമ്പോൾ താനൊരു ഇരുട്ട് മുറിയിൽ ആണെന്ന് മായയ്ക്ക് മനസ്സിലായി. ശരീരമാസകലം വേദന തോന്നുന്നു. വലത്തേ കാൽ അനക്കാൻ പറ്റുന്നില്ല. എന്തൊക്കെയോ കൊണ്ട് കാലുകൾ കെട്ടിപ്പൊതിഞ്ഞ് വച്ചിരിക്കുന്നു. തലയുയർത്തി നോക്കാൻ പോലും പറ്റുന്നില്ല.

നേരിയ വെളിച്ചം മുറിയിലേക്ക് കടന്നു വന്നു. ഒരു ചെറുപ്പക്കാരിയായ സ്ത്രീ വാതിൽ തുറന്ന് അകത്തേയ്ക്ക് വന്നു. അവൾക്ക് ബോധം തെളിഞ്ഞത് കണ്ട് അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ അടുത്തിരുന്ന് അവൾക്ക് സൂപ്പ് കോരിക്കൊടുത്തു..അവൾ പോകുമ്പോൾ പുറകിൽ നിന്നും വാതിൽ ചാരി

എപ്പോഴോ മയങ്ങി ഉണർന്നപ്പോൾ മുറിയിൽ രണ്ടുപേർ നില്കുന്നു. ഒരു ചെറുപ്പക്കാരനും മറ്റൊരു വൃദ്ധനും. അച്ഛനും മകനും പോലെയുണ്ട്. ചെറുപ്പക്കാരനെ എപ്പോഴോ കണ്ട പരിചയം തോന്നുന്നു. അവർ അവളുടെ ആരോഗ്യനിലയെ കുറിച്ചാണ് അവരുടെ സംസാരം. അവർ പോയപ്പോൾ അവൾ എഴുനേൽക്കാൻ  ശ്രമിച്ചു..പറ്റുന്നില്ല വശങ്ങളിലും കയ്യിലുമൊക്കെ മുളവടി പോലെ എന്തോ കൊണ്ട് കെട്ടി വച്ചിരിക്കുന്നു.

താൻ എവിടെയാണ് ? എന്തിനാണ് ഇങ്ങനെയൊരു മുറിയിൽ തന്നെ പൂട്ടിയിട്ടിരിക്കുന്നത്? എന്താ ആശുപത്രിയിൽ കൊണ്ട് പോകാത്തത്..ദേഹമാസകലം വേദനയും നീറ്റലും അനുഭവപ്പെടുന്നു..നേരത്തെ വന്നവരൊക്കെയാരാണ്. ആരെയും പരിചയം തോന്നുന്നില്ല..ഒന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല. വിഷമം കൊണ്ടും നിസ്സഹായ അവസ്ഥ കൊണ്ടും കണ്ണുകൾ നിറഞ്ഞൊഴുകി.

“മായ “

നേരത്തെ വന്ന ചെറുപ്പക്കാരനാണ് മുന്നിൽ..ഇയാളാരാണ്…ഇയാൾക്കെങ്ങനെ തന്റെ പേരറിയാം, എന്തായാലും മലയാളിയല്ല. ചെറിയ കണ്ണുകളുള്ള, മൂക്ക് ചപ്പിയ ഒരു മംഗോളി യുവാവ്.

“എന്നെ മനസ്സിലായോ മായാ ,ഞാൻ നിനോങ് , നമ്മൾ മുൻപ് പരിചയപ്പെട്ടിരുന്നു. ഓർക്കുന്നുണ്ടോ?”

അവൾ ഇല്ലായെന്ന് തലയാട്ടി .

“ഞാൻ ആരാണ്, എങ്ങനെ ഇവിടെയെത്തി. എന്തിനാ ഈ ഇരുട്ട് മുറിയിൽ എന്നെ പൂട്ടിയിട്ടിരിക്കുന്നത് ?”

അയാൾ ഒരു സ്റ്റൂൾ നീക്കി അവളുടെ അടുത്തിരുന്നു. പോക്കറ്റിൽ നിന്നും ഒരു പത്ര കട്ടിങ് എടുത്തു നീട്ടി. അതിൽ ഇംഗ്ലീഷിൽ ഒരു വാർത്തയുണ്ടായിരുന്നു.

“ഇരുപത്തൊമ്പതു വയസ്സുള്ള ദക്ഷിണേന്ത്യൻ  യുവതി, സോളോ ട്രാവലർ , താഴ്‌വരയിലൂടേ സ്വന്തം ബുള്ളറ്റിൽ യാത്ര ചെയ്യുമ്പോൾ കാണാതായി. ബുള്ളെറ്റ് താഴ്‌വരയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഏതോ വലിയ വാഹനം ശക്തമായി ഇടിച്ച നിലയിലായിരുന്നു വണ്ടിയുടെ അവസ്ഥ. മുകളിലത്തെ ടോപ് റോഡിൽ കണ്ടെയ്നറിന്റെ ടയർ ഉരഞ്ഞ പാടുകൾ കാണാമായിരുന്നു. ഗോതമ്പിന്റെ  നിറം, വലിയ കണ്ണുകൾ അഞ്ചടി എട്ടിഞ്ചു  പൊക്കം. നെറ്റിയുടെ വലതു വശത്തെ മുറിപ്പാടുകൾ. പതിമൂന്നാം തീയതി ഈ ഗ്രാമത്തിലെ സുധാമായിയുടെ മഠത്തിൽ ഒരു രാത്രി തങ്ങിയിരുന്നു .”

ഈ മാസം ഏഴാം തീയതി അംഗീകരിച്ചിട്ടുള്ള ഇന്നർ ലൈൻ പെർമിറ്റ് നമ്പർ സഹിതം വിശദമായ ഒരു വാർത്ത. അവളുടെ പെർമിറ്റ് ഉള്ള ഫോട്ടോ പത്രത്തിൽ ഉണ്ടായിരുന്നു.

ആ രാത്രിയിൽ അയാളായിരുന്നു അവൾക്കു കൂട്ടിരിപ്പ്. അവൾ കിടക്കുന്ന മുളങ്കാട്ടിലിനു താഴെ ഒരു കോസടി വിരിച്ചാണ് അയാളുടെ മയക്കം. ഇയാളാരാണ്. എവിടെയോ കണ്ടിട്ടുണ്ട്. ആരാണ് സുധാമായി..ഇവർക്കൊക്കെ എന്റെ ജീവിതത്തിൽ എന്താണ് കാര്യം. അവളുറങ്ങാതെ ആലോചിച്ചു കിടന്നു. അവളെ സംരക്ഷിക്കാൻ ആരാണിയാളെ ഏൽപ്പിച്ചിരിക്കുന്നത്.

പിറ്റേന്നു അവളെ കാണാൻ വൃദ്ധയായ ഒരു സ്ത്രീ വന്നിരുന്നു. അവരുടെ വെളുത്ത മുടിയിഴകളും നുണക്കുഴി കവിളുകളും എപ്പോഴോ, എവിടെയോ കണ്ടപോലെ നേരിയ ഒരോർമ. അവർ അടുത്തിരുന്നു കുറെ സംസാരിച്ചു തമിഴിൽ. എല്ലാം മനസിലാകുന്നുണ്ടായിരുന്നു. അന്നത്തെ രാത്രിയിൽ അവൾ കുറെ സംസാരിച്ചുവെന്നും രാവിലെ സന്തോഷത്തോടെ മടങ്ങിവരാമെന്നു പറഞ്ഞാണ് പോയതെന്നും അവർ ഓർമിപ്പിച്ചു.

അവൾ ഒന്നുമോർക്കാത്തതുകൊണ്ട് വൃദ്ധയെ പോലെ ആ യുവാവും സങ്കടപ്പെട്ടു. അയാൾ മിക്കവാറും സമയത്തു അവളെ പരിചരിക്കാൻ നിന്നിരുന്നു. അയാളില്ലാത്തപ്പോൾ അവളുടെ കാര്യം നോക്കാൻ ഒരു  പെൺകുട്ടി , പെമ എറിങ് , അയാളുടെ സഹോദരി ആണെന്ന് അവൾ പറഞ്ഞിരുന്നു. അരുണാചലിനെ ചില സ്ഥലങ്ങളിൽ ബഹുഭാര്യത്വം നിലവിലുണ്ട്. നിനോങിൻ്റെ ഗോത്രത്തിലും അങ്ങനെയാണ്, പക്ഷേ ആധുനിക സ്ത്രീകൾ അതിനെ എതിർക്കുന്നു. നിനോങ്ങിന്റെ അച്ഛന് രണ്ടു ഭാര്യമാരാണ്, ആദ്യ ഭാര്യയിലെ മകനാണ് നിനോങ്. അയാൾ പോലീസിലാണ്. പെമ ഒരു എം എസ് ഡബ്ലൂ വിദ്യാർത്ഥിനിയാണ്. മായയെ ആരോ കൊ ല്ലാൻ ശ്രമിച്ചതാണ്. അതിനാൽ രഹസ്യമായി അവളെ അവരുടെ വീടിനു പിറകിലെ വിറകു പുരയിൽ താമസിപ്പിച്ചിരിക്കുകയാണ്. അവളുടെ ജീവന് ഇപ്പോഴും അപകടമുണ്ടെന്നു അവർ കരുതുന്നു.

അവളൊരു തെരുവിലൂടെ നടക്കുകയാണ്. പിന്നിൽ കാലടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. പെട്ടെന്ന് തെരുവ് വിജനമായി കാണപ്പെട്ടു. അവൾ ഭയം കൊണ്ട് ഓടാൻ തുടങ്ങി. പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി..കറുപ്പുടുപ്പിട്ട മൂന്നു പേർ അവളുടെ പുറകെ ഓടുന്നു, അവൾ അതിവേഗം ഓടുകയാണ്. ഒരാളുടെ കൈ അവളുടെ മുടിക്ക് പിടിക്കുന്നു. അവളെ വലിച്ചടുപ്പിച്ചു കയ്യും കാലും കൂട്ടി കെട്ടുന്നു. കണ്ണുകൾ മൂടി കെട്ടി. ഒരാളവളെ തോളിൽ കിടത്തി നടക്കുന്നു. മലയുടെ മുകളിലെത്തി അവളുടെ കണ്ണിന്റെ കെട്ടുകൾ അഴിച്ചു മാറ്റി. ഖൂർഗകളുടെ കയ്യിലിരിക്കുന്ന കുക്രി പോലൊരു ക ത്തി കൊണ്ട് അവളുടെ വയറു തു ളക്കുന്നു. മുന്നിൽ  കാണുന്ന മലയുടെ മുകളിൽ നിന്നും താഴേക്ക് പൊക്കി എറിയുന്നു .”അയ്യോ എന്നെ കൊല്ലരുതേ…” അവൾ നിലവിളിക്കുന്നു. അവളുടെ ആർത്തനാദം മലയടിവാരത്തിൽ മുഴങ്ങുന്നു.

“മായാ “

ആരോ അവളെ തൊട്ടുണർത്തി. അവൾ ഏങ്ങിയേങ്ങി കരയുകയായിരുന്നു. അയാൾ മുറിയിൽ ചെറിയ വെളിച്ചം തെളിച്ചു. അയാളവളെ ആശ്വസിപ്പിക്കാനായി അവളെ ചേർത്ത് പിടിച്ചു. ഒരു ദുസ്വപ്നത്തിന്റെ ഞെട്ടലിൽ നിന്നും അവൾ മുക്തയായിരുന്നില്ല. ആശ്വാസത്തിനായി അവളയാളുടെ നെഞ്ചത്ത് പറ്റി ചേർന്നിരുന്നു.

“മായാ നിങ്ങളെ ആരാണ് കൊ ല്ലാൻ ശ്രമിച്ചത്. എന്തായിരുന്നു നിങ്ങൾ സ്വപ്നത്തിൽ കണ്ടത്.”

അയാളുടെ ചോദ്യത്തിനുത്തരമായി അവൾ അയാളെ  മുറുകെ പിടിച്ചു. അയാൾ പെട്ടെന്ന്  അവളെ നെഞ്ചോടു ഒന്നും കൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറുകയിൽ ഉമ്മ വച്ചു. അപരിചിതനായ അവനോടു അവൾക്കും ഒരു അടുപ്പം തോന്നി.

“നിനോങ് എനിക്ക് നിങ്ങളെ വിശ്വസിക്കാമോ ?”

അയാളവളുടെ കണ്ണുകളിൽ നോക്കി അവൾക്കുറപ്പു നൽകി.

“നിനക്കെല്ലാം ഓർക്കാൻ കഴിയുന്നുണ്ടോ മായാ. നിന്റെ തിരിച്ച് വരവിനായി ഞാൻ കാത്തിരിക്കുകയായിരുന്നു.”

ഇപ്പോൾ ഓർമ്മകൾ തിരികെയെത്തി. അവൾ അവളുടെ കഥ ചുരുക്കി പറഞ്ഞു.

************************

മായാ ഓഫീസിൽ നിന്നുമിറങ്ങുമ്പോൾ വൈകിയിരുന്നു. ഒരു മാസത്തെ ലീവിന് അപേക്ഷിച്ചിരുന്നു. നാളെ മുതൽ ലീവ് ആണ്. ഹെഡ് ഓഫീസിൽ ചെന്ന് ഷണ്മുഖൻ സാറിനെ നേരിട്ട് കണ്ടു വിവരമറിയിക്കണം. അച്ഛന്റെ അടുത്ത സുഹൃത്താണ്. തന്റെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങൾക്കും സാക്ഷ്യം നിന്ന ആളാണ് സാർ. തന്റെ വിവാഹത്തിനും ഇരുപത്തി രണ്ടാമത്തെ വയസ്സിൽ വിധവയായപ്പോഴും , പിന്നെ ജോലി കിട്ടി സാറിന്റെ ഓഫീസിൽ തന്നെ ജോയിൻ ചെയ്തപ്പോഴും,തന്റെ എല്ലാമെല്ലാമായിരുന്ന അച്ഛന്റെ മരണശേഷം അനാഥായപ്പോഴും താങ്ങും തണലുമായി സാർ കൂടെയുണ്ടായിരുന്നു.

“എന്താടോ ഒരു മാസത്തെ ലീവ്. സാധാരണ ക്യാഷൽ ലീവ് പോലും എടുക്കാത്ത ആളാണല്ലോ താൻ, എന്തോ നിശ്ചയിച്ചു ഉറപ്പിച്ചിട്ടുണ്ടല്ലോ .”

“സാർ ഞാനൊരു നോർത്ത് ഈസ്റ്റേൺ ട്രിപ്പ് പ്ലാൻ ചെയ്തു. ഞാനും എന്റെ സുഹൃത്ത് അരുണിമയും കൂടിയാണ് പോകുന്നത് .”

“എങ്ങനെയാ പോകുന്നത് ?”

“ട്രെയിനിൽ ഗൗഹട്ടി വരെ പോകും , ഒരു ബുള്ളറ്റ് ട്രെയിനിൽ പാർസലായി അയച്ചിട്ടുണ്ട്. അത് അവിടെ നിന്ന് സ്വീകരിക്കണം. അവിടെ നിന്ന് ഇന്നർ ലൈൻ പെർമിറ്റ് വാങ്ങിയിട്ട് വേണം യാത്ര തുടരാൻ. അതിന് താമസമുണ്ടോയെന്നറിയില്ല ,ബുള്ളറ്റിൽ ഒന്ന് നാട് ചുറ്റാൻ കൊതിയാകുന്നു. പെണ്ണുങ്ങൾ മാത്രമായത് കൊണ്ട് പകൽയാത്രയെ പറ്റുകയുള്ളൂ. അതിനാൽ പ്ലാൻ ചെയ്ത പ്രകാരം എല്ലാം നടക്കുമോയെന്ന് സംശയമാണ് .”

“പെർമിറ്റ് എന്തിനാ ? ഞാൻ ആദ്യമായിട്ടാണ് അതിനെ കുറിച്ച് കേൾക്കുന്നത് .”

“നാഗാലാ‌ൻഡ് അരുണാചൽ പ്രദേശ്, മിസോറം , മേഘാലയ എന്നീ സ്ഥലങ്ങൾ റെസ്ട്രിക്ടഡ് ഏരിയയിൽ പെട്ടതാണ്. അവിടെ ടൂറിസ്റ്റുകൾ സ്പെഷ്യൽ പെർമിറ്റ് വേണ്ടി വരും .”

“എന്നാൽ പോയി വരൂ നല്ലൊരു യാത്ര ആശംസിക്കുന്നു .”

വീട്ടിൽ വന്നു ഒരു കുളി പാസ്സാക്കി, തുണിയൊക്കെ പാക്ക് ചെയ്തു നാളത്തെ യാത്രക്കുള്ള തയാറെടുപ്പ് നടത്തി. തണുത്ത ക്ലൈമറ്റിൽ ധരിക്കാനുള്ള വസ്ത്രങ്ങൾ, ബുള്ളറ്റോടിക്കുമ്പോൾ ധരിക്കുന്ന  ജാക്കറ്റ് എന്നിവ പ്രത്യേകം പാക്ക് ചെയ്തു. ഇനി അവസാനഘട്ട തയാറെടുപ്പായി കുറച്ചു അത്യാവശ്യമുള്ള മരുന്നുകളുടെ കിറ്റ് തയാറാക്കി. ഇനി അരുണിമയെ വിളിക്കാം. അവളും എല്ലാം റെഡി ആക്കി കാണും

അരുണിമയുടെ ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുത്തില്ല. കുറെ പ്രാവശ്യത്തെ ബെല്ലടികൾക്കു ശേഷം ഏതോ പുരുഷ സ്വരം കേട്ടു. അരുണിമയുടെ ഫോൺ ആരോ അറ്റൻഡ് ചെയ്തു

“ഹലോ ഞാൻ അരുണിമയുടെ സഹോദരൻ  ആണ്. അച്ഛൻ കുളക്കടവിൽ ഒന്ന് വീണു, ഹൃദ്‌രോഗിയല്ലേ. ആശുപത്രിയിലാക്കി. അരുണിമ ചേച്ചി അച്ഛന്റെ കൂടെയുണ്ട്. കാലിലെ എല്ലിന് പൊട്ടലും ഉണ്ട്. ഒരു മാസം ബെഡ് റസ്റ്റ് തന്നെയാകും. ചേച്ചിയെ ഏല്പിക്കാൻ കുറെ പാർസൽ രേഖകൾ ഏല്പിച്ചിട്ടുണ്ട്. ഞാൻ അങ്ങോട്ട് വരാനിരിക്കുകയാണ്.”

ഇനിയിപ്പോൾ എന്ത് ചെയ്യും അരുണിമയ്ക്കു ഈ അവസ്ഥയിൽ യാത്ര വരാൻ പറ്റില്ല. പോകാതിരിക്കാൻ പറ്റില്ല, ബുള്ളറ്റ് ഇപ്പോൾ അവിടെ എത്തിയിട്ടുണ്ടാകും. ഒറ്റയ്ക്ക് പോകുന്നതും റിസ്ക് ആണ്. അവളാകെ വിഷമത്തിലായി. എന്തായാലും പോകാൻ തന്നെ അവൾ തീരുമാനിച്ചു.

അടുത്ത ദിവസം കേരളത്തിൽ നിന്നും തിരിച്ച ഗുവാഹത്തി എക്സ്പ്രെസ്സിൽ മായയും ഒരു യാത്രക്കാരിയായിരുന്നു. യാത്രയിൽ ഏകയായിരുന്നു എങ്കിലും മുൻപ് ഒറ്റയ്ക്ക് പലരും നടത്തിയ യാത്രയുടെ വിവരണങ്ങൾ, മാപ്പ് ഒക്കെ ലഭിക്കും. അതോർക്കുമ്പോളൊരു ധൈര്യം തോന്നുന്നു..

നേരത്തെ ഒയോ വഴി ബുക്ക് ചെയ്ത റൂമിലായിരുന്നു അവളുടെ താമസം. ആദ്യത്തെ ദിവസം വിശ്രമം മാത്രമായിരുന്നു ലക്‌ഷ്യം. അവിടത്തെ തണുത്ത ക്ലൈമറ്റുമായി ശരീരം അഡ്ജസ്റ്റ് ചെയ്യാൻ അത്രേം സമയം മതിയായിരുന്നു.

അരുണാചൽ യാത്ര തുടങ്ങിയപ്പോൾ ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായി..തികച്ചും സൗഹൃദപരമായി പെരുമാറുന്ന ആളുകൾ ഉള്ള സ്ഥലം. എല്ലാവർക്കും ഇംഗ്ലീഷ് വശമുണ്ട്. എല്ലായിടത്തും  തങ്ങേണ്ട സ്ഥലം നേരത്തെ തീരുമാനിച്ചിരുന്നു. ബുദ്ധിസ്റ്റ് മൊണാസ്റ്ററികളും ഗ്രാമ പ്രദേശവും അവിടത്തെ കാഴ്ചകൾ ഹൃദ്യമായി

നേരത്തെ സൂര്യാസ്തമയം നടക്കുന്നതുകൊണ്ട് ചിലപ്പോൾ ലക്ഷ്യത്തിലെത്താൻ വൈകാറുണ്ട്. ലുംല ഗ്രാമത്തിലൂടെ സഞ്ചരിച്ച ഒരു ദിനം ഇടയ്ക്കു ചെറിയ ചാറ്റ മഴയുണ്ടായത് കൊണ്ട് യാത്ര വളരെ വൈകി. രാത്രിയിൽ അപരിചിതമായ വിജനമായ വഴികളിലൂടെ യാത്ര ചെയ്യാൻ ധൈര്യമില്ലാത്ത കൊണ്ട് അഞ്ചു മണിക്ക് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. അടുത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസ് കാരന്റെ സഹായം തേടാമെന്ന് കരുതി.

കയറി ചെന്നപ്പോൾ അയാളൊരു ചെറിയ മയക്കത്തിലായിരുന്നു. വളരെ ശാന്തനായൊരു മനുഷ്യൻ. അയാൾ ഇനി ഹോട്ടൽ വരെ യാത്ര പോകണമെങ്കിൽ കൂടെ വരാമെന്നും അല്ലെങ്കിൽ സുധ മായിയുടെ മഠത്തിൽ ഈ രാത്രി തങ്ങി കൂടെ? അതാണ് സുരക്ഷിതമെന്ന് പറയുകയും ചെയ്തു. ‘നിനോങ് എറിങ് ‘ എന്നാണ് അയാളുടെ പേരെന്നും അയാൾ അവിടത്തെ സ്റ്റേഷനിലെ കോൺസ്റ്റ്ബിൾ ആണെന്നും പരിചയപ്പെടുത്തി.

സുധമായി എന്ന് കേട്ടപ്പോൾ ഒരു സന്യാസിനിയെ ആണ് പ്രതീക്ഷിച്ചത്. എന്നാൽ സൗത്ത് ഇന്ത്യൻ വേഷം ധരിച്ച ഒരു വൃദ്ധയാണ് അവരെ സ്വീകരിച്ചത്. അവരെ നമിച്ചു നിനോങ് യാത്രയായി. പോകുമ്പോൾ അയാൾ തന്റെ ഫോൺ നമ്പർ തരാൻ മറന്നില്ല. രാവിലെ കാണാമെന്നു പറഞ്ഞയാൾ മടങ്ങി.

സുധാമായി ഒരു കിടപ്പു മുറി കാണിച്ചു തന്നു. വൃത്തിയുള്ള ചെറിയ മുറി. ചൂട് വെള്ളവും റൂം ഹീറ്ററും ഒക്കെയുള്ള മുറികൾ. അതുപോലത്തെ നാലഞ്ചു മുറികൾ അവിടെയുണ്ട്. അതിലൊന്നും ആരുമുണ്ടായിരുന്നില്ല. സ്ത്രീകൾക്ക് മാത്രമേ മുറി കൊടുക്കാറുള്ളു. കുളി കഴിഞ്ഞു വന്നപ്പോൾ ഡോർജി എന്ന് പേരുള്ള ജോലിക്കാരൻ ചൂട് ചപ്പാത്തിയും ദാലും ചൂട് പാലും നൽകി. ഡാൽ കറിയുടെ മുകളിൽ വച്ചിരുന്ന വെണ്ണക്കട്ടകൾ ചൂടിൽ അലിഞ്ഞിറങ്ങുന്നതു ആസ്വദിച്ചു. സ്വാദോടെ ഭക്ഷിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ജോലിക്കാരൻ യാത്ര പറഞ്ഞു പോയി. ആ വലിയ വീട്ടിൽ സുധാമായിയും മായയും തനിച്ചായി.

സുധമായി അവരുടെ കഥ പറഞ്ഞു. അവരുടെ ഭർത്താവ് ഒരു ശാസ്ത്രജ്ഞൻ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രസവത്തോടെ മരിച്ചപ്പോൾ കുട്ടിയെ നോക്കാൻ അയാളുടെ നാടായ തഞ്ചാവൂരിൽ നിന്നും കൊണ്ട് വന്നതാണ് സുധയെന്ന ഇരുപത്തിയൊന്നുകാരിയെ. ആ ബാലിക വളർന്നു സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ വളർത്തമ്മയായ സുധയെ നാട്ടിലേക്കു കൊണ്ട് പോകാൻ ബന്ധുക്കളെത്തി. അപ്പോഴാണ് കുട്ടിയുടെ അച്ഛന് പോലും മനസിലായത് ആ അമ്മയും കുഞ്ഞും തമ്മിൽ വേർപിരിക്കാനാകാത്തവണ്ണം ഒന്നായെന്ന്. അദ്ദേഹം സുധയെ തന്റെ രണ്ടാം ഭാര്യയായി സ്വീകരിക്കുന്നതിന് അവളുടെ വീട്ടുകാർക്ക് പരിഹാരമായി  വലിയൊരു തുക കൈമാറി. അങ്ങനെ മധുലിക എന്ന ആറു വയസ്സുകാരിയുടെ അമ്മയായി സുധ മാറി.

ഡൽഹിയിലെ പഠിച്ചു വളർന്ന മധുലികയുടെ പ്രധാന ഹോബികളിൽ ഒന്നാണ്, സോളോ ട്രാവെല്ലിങ്. ഇരുപത്തിരണ്ടാം വയസ്സ് മുതൽ ബുള്ളറ്റിൽ ഇന്ത്യാ പര്യടനം അവൾ ആരംഭിച്ചു. അങ്ങനെയൊരു യാത്രക്കിടയിൽ അരുണാചലിലെ ഒരു ഗ്രാമയാത്രയിൽ അവളെ കാണാതെയായി. എന്നന്നേക്കുമായി….

ഒരു കൊക്കയിൽ നിന്നാണ് അവളുടെ ബുള്ളറ്റ് കണ്ടെത്തുന്നത്. അവളെന്നെങ്കിലും  തിരിച്ചു വരുമെന്ന വിശ്വാസത്തിൽ അച്ഛനും അമ്മയും ഈ ഗ്രാമത്തിലേക്ക് താമസം മാറ്റി. അദ്ദേഹം കൂടി മരിച്ചപ്പോൾ സുധ മായി വീടൊരു ആശ്രമം പോലെയാക്കി. അവിടെ വരുന്ന സ്ത്രീകൾക്ക് ഭക്ഷണവും താമസ സൗകര്യവും സൗജന്യമായി ലഭിക്കും.

കഥകൾ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. സൗത്ത് ഇന്ത്യക്കാരെ അവർക്ക് ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു.

രാവിലെ നിനോങ്ങ് വന്നു. യൂണിഫോമിന് പകരം ഫോർമൽ വേഷത്തിൽ അയാൾ കൂടുതൽ സുന്ദരനായി തോന്നി. നല്ലവനായ  ചെറുപ്പക്കാരൻ. അയാളുടെ കണ്ണുകൾ തീരെ ചെറുതായിരുന്നു. വലുപ്പമുള്ള കണ്ണുകളുള്ള ഒരു നിനോങ്ങിനെ അവൾ വിഭാവനം ചെയ്തു. അയാളോടെന്തോ ഒരു ഇഷ്ടം തോന്നി.

തന്റെ  മുഖത്തേയ്ക്കുറ്റ് നോക്കി നിൽക്കുന്ന മായയെ നോക്കി അയാൾ പുഞ്ചിരിച്ചു. സുധാമായിയും ഡോർജിയും  പൊട്ടിച്ചിരിച്ചു..ചിരി കേട്ട് അവൾ ബോധതലത്തിലേയ്ക്ക് തിരിച്ചു വന്നു. അവളാകെ ചമ്മി പോയി..അവൾ വച്ച് നീട്ടിയ പണം സുധാമായി സ്വീകരിച്ചില്ല..ഹാളിൽ വച്ചിരുന്ന ഹുണ്ടികയിലേയ്ക്ക് ആ പണം അവൾ നിക്ഷേപിച്ചു. അത് ഗ്രാമത്തിലെ കുട്ടികൾക്ക് പഠനത്തിനുള്ള, സ്കോളർഷിപ്പ് തുക സംഭരിയ്ക്കാനാണ്.

എത്ര വലിയ മനസ്സാണവർക്ക്. അവരോട് യാത്ര പറഞ്ഞു. നിനോങ്ങ് അവളെ ഗ്രാമ അതിർത്തി വരെ കൊണ്ടാക്കി. അവനോട് യാത്ര പറയുമ്പോൾ അവൾക്ക് വിഷമം തോന്നി. അവളുടെ കണ്ണുകൾ അതിമനോഹരമാണെന്ന് പറഞ്ഞയാൾ തിരികെ പോയി. മടക്കയാത്ര ഇത് വഴിയാകണമെന്നും രണ്ടാഴ്ച കഴിഞ്ഞവരുടെ ഫെസ്റ്റിവലാണെന്നും അയാൾ പറഞ്ഞു.

************************

അവൾക്കു പരസഹായമില്ലാതെ ഇപ്പോൾ നടക്കാൻ ബുദ്ധിമുട്ടാണ്. ഇതുവരെ അവൾക്കും താങ്ങും തണലുമായത് നിനോങ്ങും പെമയുമാണ്. ആ കുടുംബത്തോട് യാത്ര പറഞ്ഞപ്പോൾ അവൾക്കു നല്ല സങ്കടം വന്നു. അവളെ ഒരു രാത്രിയിൽ സുധാമായിയുടെ മഠത്തിലെത്തിച്ചു. പെമയുടേയും നിനോങ്ങിന്റെയും സുധാമയിയുടേയും മുന്നിൽ വച്ചു അവൾ ആ രഹസ്യം വെളിപ്പെടുത്തി.

“യാത്ര ചെയ്തു അതിർത്തി ഗ്രാമത്തിലെത്തപ്പെട്ടു. അവിടെയൊരു മെഡിക്കൽ ക്യാമ്പ് നടക്കുകയാണ്. ഒരു പ്രശസ്തമായ മരുന്ന് കമ്പനിയാണ് ക്യാമ്പിന്റെ സ്പോൺസേർസ്. രണ്ടു ദിവസം ഗ്രാമത്തിൽ തങ്ങുകയും അവിടത്തെ കാഴ്ചകൾ കാണുകയും ചെയ്‌തിരുന്നു. സോഷ്യൽ വർക്ക് മാസ്റ്റർ ബിരുദധാരിയായ എനിക്കു സാമൂഹ്യ പഠനത്തോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. ഗ്രാമ ഗ്രാമങ്ങൾ അലഞ്ഞു നടന്ന എനിക്ക്  ഒരു ഗ്രാമത്തിലെ കുട്ടികൾക്കുണ്ടാകുന്ന അജ്ഞാതമായ രോഗത്തെക്കുറിച്ച് ആശങ്ക തോന്നി. അന്വേഷണത്തിൽ നിന്നും ആ മരുന്ന് കമ്പനി അവിടെയും മുൻപ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചെന്നും അവരുടെ വകയായി സൗജന്യമായി മരുന്ന് വിതരണം നടന്നുവെന്നും കണ്ടു പിടിച്ചു. പിന്നെയും ഗ്രാമങ്ങളിൽ പഠനത്തിന് നടക്കുകയും മരുന്നിന്റെ സാമ്പിൾ ഡൽഹിയിലുള്ള സുഹൃത്തിനയച്ചു കൊടുത്ത് പരിശോധിപ്പിക്കുകയും മരുന്നുകളിലെ ഒരു ചേരുവ രോഗത്തിന് കാരണമാകുന്നോയെന്ന സംശയം പ്രകടിപ്പിച്ചു. യാത്രാ പെർമിറ്റിന്റെ കാലാവധി കഴിയാൻ നാലു ദിവസമേ ബാക്കിയുള്ളു. കയ്യിലെ പൈസയും എടുത്ത ലീവും കഴിയാറായി.”

“മരുന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർക്ക് കത്തെഴുതി. അവരുമായി ഫോണിൽ ബന്ധപെട്ടു. സംശയങ്ങൾ വെളിവാക്കുന്ന ഡാറ്റ മെയിൽ ചെയ്തു. അതിനു ശേഷം ആരുടെയൊക്കെയോ നിരീക്ഷണത്തിലായി. രേഖകൾ സുരക്ഷിതമാക്കാൻ പ്രിന്റെടുത്തു അരുണിമയ്ക്കു അയച്ചു കൊടുക്കാനായി പോസ്റ്റ് ഓഫീസിൽ പോയി. അവിടെ മറന്നു വച്ച  ബാഗെടുക്കാൻ മടങ്ങി വന്നപ്പോൾ കണ്ടത് അഡ്രസ്സ് എഴുതിയ ഇൻവെലോപ് ജനലിലൂടെ കീറി പുറത്തേക്ക് കളഞ്ഞിരിക്കുന്നതാണ്. പോസ്റ്റ് ഓഫീസിൽ ക്ലാർക്ക് ആരുമായോ ഫോണിൽ സംസാരിക്കുന്നു. അതിൽ പലതവണ എൻ്റെ പേര് പരാമർശിക്കുന്നു. അപകടം മനസിലാക്കിയ അവിടെ നിന്നും വേഗം മടങ്ങിയതും ഒരു കണ്ടെയ്നർ ലോറി ഇടിച്ചു തെറിപ്പിച്ചത്.”

പെമ അതിന് ശേഷം നടന്ന കാര്യങ്ങൾ കൂട്ടിചേർത്തു.

“ഭാഗ്യം കൊണ്ട്  ജാക്കറ്റ് മരക്കൊമ്പിൽ കുടുങ്ങിയതും ഏതോ ആട്ടിടയൻ  നിനോങ്ങിനെ അറിയിച്ചതും, നിനോങ് മായയെ ആരുമറിയാതെ വീട്ടിലെത്തിച്ചു”

അവളുടെ ബാഗും ലാപ്ടോപ്പും മൊബൈലും മറ്റു രേഖകളുമൊക്കെ അപ്രത്യക്ഷമായത് അവനെ അമ്പരപ്പിച്ചു. ഇതിനുമുൻപും പെൺകുട്ടികൾ ഈ താഴ്‌വരയിൽ അപ്രത്യക്ഷമാകാറുണ്ട്.

സുധാമായിയോട് തിരികെ ചെന്നുകൊള്ളാമെന്നു പറഞ്ഞ വാക്കും നിനോങ്ങിനെ പോലെ സത്യസന്ധനായ ഒരു പോലീസുകാരന്റെ സഹായവും തേടിയാണ് അവൾ ലുംല ഗ്രാമത്തിലേക്ക് മടങ്ങിയത്. അവൾ തന്റെ ജാക്കറ്റിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒരു പെൻഡ്രൈവിന്റെ കാര്യം ഓർമപ്പെടുത്തി. അത് കാണാനില്ല. അവളുടെ രഹസ്യ ഗൂഗിൾ ഡ്രൈവ് അക്കൗണ്ടിൽ അവളുടെ പഠന റിപ്പോർട്ട് അവൾ എൻക്രിപ്ട് ചെയ്തു സൂക്ഷിച്ചിരുന്നു. രേഖകൾ കൈമാറ്റം ചെയ്യുമ്പോൾ അത് പഠിച്ചു അതിനുവേണ്ടി പോരാടാൻ അവളവരോട് ആവശ്യപ്പെട്ടു.

രോഗങ്ങൾ ഉണ്ടാക്കി തന്നതിന് ശേഷം അതിനു വേണ്ടി ചികിത്സ നൽകുന്ന വ്യാജ മരുന്ന് കമ്പനികളും  കൊലയായികളികൾക്ക് സമം തന്നെയാണെന്നും  തന്നെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും അവൾ ആവശ്യപ്പെട്ടു. താൻ പോരാടാനായി പെട്ടെന്ന് മടങ്ങി വരുമെന്നും അവൾ പറഞ്ഞു. നിനോങ്ങിനൊപ്പം പോയി അവൾ പോലീസിൽ പരാതി നൽകി.

ഗ്രാമത്തലവനും കൂട്ടുകാരും സുധാമായി ആവശ്യപ്പെട്ടത് പ്രകാരം അവൾക്കൊപ്പം നിന്നു. പ്രശസ്തനായ ഒരു വക്കീൽ കേസ് ഏറ്റെടുക്കുകയും കേസിന്റെ വാദിയായി പെമയുടെ കോളേജിലെ അദ്ധ്യാപകന്റെ പേര് കൊടുത്തു. അവളുടെ പഠന റിപ്പോർട്ടും കേസും പെമയുടെ കോളേജ് സോഷ്യൽ പ്രൊജക്റ്റ് ആയി മാറുകയും ചെയ്തു.

തിരികെ മടങ്ങാനായി അവളുടെ പക്കൽ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. അവൾക്കു വേണ്ടുന്ന വസ്ത്രങ്ങളും ടിക്കറ്റും എടുത്തു കൊടുത്ത് നിനോങ് ആയിരുന്നു. അവളെ സുരക്ഷിതമായി തേസ്‌പൂർ എയർപോർട്ടിൽ കൊണ്ടാക്കി യാത്ര പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. തമാശയെന്നവണ്ണം അവനവളോട് എന്റെ അടുക്കൽ നീ എന്നും സുരക്ഷിതയായിരിക്കും എന്ന് പറഞ്ഞു. തന്നെക്കാൾ ഇളയ ആ പയ്യന്റെ മുഖത്ത് നോക്കുമ്പോൾ അവൾക്കു ആ കണ്ണുകളിൽ ഒരു സ്നേഹക്കടൽ കാണാൻ കഴിയുന്നു. അവനെ കെട്ടി പിടിച്ചു അവന്റെ ചെറിയ കണ്ണുകളിൽ ഉമ്മ വയ്ക്കുമ്പോൾ അവൾ ചോദിച്ചു. ഞാൻ മടങ്ങി വരുന്നത് വരെ നീ കാത്തിരിക്കില്ലേ .

“ഇല്ല ഞാൻ നിന്നെ തേടി വരും, നിന്റെ വലിയ കണ്ണുകളെ തേടി. നീ എത്ര ഒളിപ്പിച്ചു വച്ചാലും എനിക്കതിൽ എന്നെ തന്നെ കാണാൻ കഴിയുന്നു.”

എത്രയും പെട്ടെന്ന് ആ ഗ്രാമത്തിലേക്ക് മടങ്ങി വരുന്നതിനെ കുറിച്ചാലോചിച്ചാണവൾ വിമാനത്തിൽ ഇരുന്നത്. തന്റെ ആദ്യത്തെ സോളോ ട്രിപ്പ് ഇങ്ങനെ ആയല്ലോ എന്നവളോർത്ത്. യാത്രയിലെ അമിതമായ ആത്മവിശ്വാസവും അവളെ കുഴപ്പത്തിലാക്കി. ചുറ്റും  ഇരിക്കുന്നവരെ അവൾ സംശയത്തോടെ നോക്കി.

എയർപോർട്ടിൽ അവളെ കാത്ത് അരുണിമയും സഹോദരനും ഉണ്ടായിരുന്നു..നാട്ടിലെ മണ്ണിൽ കാലുകുത്തിയപ്പോഴാണ് അവൾക്കു സമാധാനമായത്. പുതിയ ഫോണും സിമ്മും അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് അരുണിമ പറഞ്ഞു.

“നിനക്ക് അവിടെയും ആരാധകരായോ? ആ പോലീസ്‌കാരൻ ഒരു സമാധാനം തന്നിട്ടില്ല.”

അവൾ പുഞ്ചിരിച്ചു കൊണ്ട് കാറിൽ കയറി. അയാളുടെ കണ്ണുകളെ പോലെ ചെറുതല്ലായിരുന്നു അയാളുടെ ഹൃദയം. രണ്ടും അവൾക്ക് പ്രിയപ്പെട്ടതായിരുന്നു.

✍️നിശീഥിനി