വിശ്വാസം അതല്ലേ എല്ലാം….
Story written by Saji Thaiparambu
==============
ജയന്തിയെ ഡെലിവറിക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട്, വിജയൻ സവാരിക്ക് വേണ്ടി ഓട്ടോറിക്ഷയുമായി സ്റ്റാന്റിലേക്ക് പോയി.
ആറ്റു നോറ്റുണ്ടായ ഗർഭമായത് കൊണ്ടും ആദ്യ പ്രസവമായത് കൊണ്ടും ജയന്തിക്ക് നല്ല ഉത്ക്കണ്ഠയുണ്ട്.
അവൾക്ക് മാത്രമല്ല തന്റെ കാര്യവും വ്യത്യസ്തമല്ല എന്ന് വിജയൻ ഓർത്തു.
അത് കൊണ്ട് മൂത്ത ചേച്ചിയെ ഏല്പിച്ചിട്ടാണ് അയാൾ അവിടുന്ന് ഇറങ്ങിയത്. ഡെലിവറിക്ക് ഇനിയും ഒരാഴ്ചയുണ്ട്. എങ്കിലും ഷുഗറും പ്രെഷറും കൂടുതലായത് കൊണ്ട് Dr: ആണ് പറഞ്ഞത് ഇന്ന് തന്നെ അഡ്മിറ്റ് ചെയ്തോളാൻ. ചിലപ്പോൾ സിസ്സേറിയനെ കുറിച്ച് ആലോചിക്കേണ്ടി വരുമത്രെ
ഓർത്തപ്പോൾ ഒരുൾക്കിടിലവും, ഒപ്പം രോമാഞ്ചവുമുണ്ടായി വിജയന്.
തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞ് എങ്ങനെയായിരിക്കും ഇരിക്കുന്നത്. അവളുടെ ആഗ്രഹം പോലെ പെൺകുഞ്ഞായിരിക്കുമോ
എന്തായാലും കുഴപ്പമില്ല. ഒന്നുമില്ലാതെ സുഖപ്രസവം ആയാൽ മതിയാരുന്നു.
ഇങ്ങനെ ഓരോന്ന് ചിന്തിച്ച് സ്റ്റാന്റിൽ എത്തിയത് അറിഞ്ഞില്ല. വേറെ വണ്ടികളൊന്നും കാണുന്നില്ല. എല്ലാവർക്കും സവാരിയുണ്ടാവും’
“ദൈവമെ ഒരു ലോംങ്ങ് ഓട്ടം കിട്ടണെ “
ഇനിയങ്ങോട്ട് ചിലവ് കൂടുതൽ ആണെന്ന ചിന്തയിൽ അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു.
കൊല്ലം ഫാസ്റ്റ് വന്നു നിന്നു. രണ്ട് മൂന്ന് പേർ ബസ്സിൽ നിന്നിറങ്ങി.
അതിൽ മദ്ധ്യവയസ്ക്കനായ ഒരാൾ ബാഗും തൂക്കിപ്പിടിച്ച് തന്റെ ഓട്ടോറിക്ഷയുടെ നേരെ വരുന്നത് വിജയൻ കണ്ടു,
“ചിന്നക്കട വരെ പോകണം” വന്നയാൾ പറഞ്ഞു.
“അയ്യോ സാർ അത് ഇവിടുന്ന് ഒരുപാട് ദൂരം ഉണ്ട്, അവിടെ ബസ്സ് നിർത്തുമായിരുന്നല്ലോ”
“അറിയാം പക്ഷേ എനിക്ക് പോകുന്ന വഴിക്ക് , ഒന്ന് രണ്ട് പേരോട് ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. ബസ്സിലാണേൽ വല്ലാത്ത തിരക്ക് നിന്ന് തിരിയാൻ ഇടമില്ല. അതിനിടയ്ക്ക് എനിക്ക് പറയാനുള്ളത് എന്റെ കുടുംബകാര്യങ്ങളാ, അതിന് ഓട്ടോറിക്ഷ തന്നെയാ ബെറ്റർ. ഇതിപ്പോൾ നിങ്ങളല്ലാതെ കൂടുതലാരും അറിയില്ലല്ലോ”
വിജയന് മറുപടി കൊടുത്തിട്ട് അയാൾ ഓട്ടോറിക്ഷയിൽ കയറി ഇരുന്നു.
തന്റെ പ്രാർത്ഥന ദൈവം കേട്ടതിൽ, ഡാഷ് ബോർഡിന് മുകളിൽ ഉറപ്പിച്ച ഭഗവാന്റെ ചിത്രത്തിൽ തൊട്ട് വണങ്ങിയിട്ട് വിജയൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
യാത്രക്കിടയിൽ മദ്ധ്യവയസ്ക്കൻ ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നുണ്ട്.
എന്തോ സാമ്പത്തിക ഇടപാടിനെക്കുറിച്ച് തന്നെയാണ്, അയാൾ സംസാരിക്കുന്നത് എന്ന് വിജയന് മനസ്സിലായി.
ഇടയ്ക്ക് മകളുടെ കാര്യം പറഞ്ഞ് സങ്കടപ്പെടുകയുണ്ടായി.
അപ്പോൾ വിഷയം കുടുംബപരമാണ്.
മറ്റുള്ളവരുടെ കുടുംബ കാര്യത്തിൽ തലയിടേണ്ടെന്ന് കരുതിയെങ്കിലും, എന്തോ വിജയന് ജിജ്ഞാസ അടക്കാൻ വയ്യാത്തത് കൊണ്ട് അയാളോട് കാര്യം ചോദിച്ചു.
അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ട് വിജയനും വിഷമമായി.
ദൈവമേ ഇങ്ങനെയും ആൾക്കാരുണ്ടോ?
വിജയൻ അയാളോട് അത്ഭുതത്തോടെ ചോദിച്ചു.
ചിന്നക്കട സർക്കിൾ ചുറ്റി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ വണ്ടി നിർത്താൻ അയാൾ ആവശ്യപ്പെട്ടു.
റോഡിന്റെ ഇടത് വശത്തേക്കിറക്കി ഓട്ടോറിക്ഷ നിർത്തിയിട്ട് വിജയൻ മീറ്ററിലേക്ക് നോക്കി.
“നോക്കണ്ട, ദാ ഇത് വച്ചോ, കൂടുതലേയുള്ളു. “
വിജയന്റെ പോക്കറ്റിലേക്ക് അഞ്ഞൂറിന്റെ നോട്ട് തിരുകി വച്ചിട്ട്, അയാൾ വേഗം മുന്നോട്ട് നടന്നു.
പോക്കറ്റിൽ വച്ചത് അഞ്ഞൂറ് രൂപ ആണെന്ന് അറിഞ്ഞപ്പോൾ വിജയന് അങ്കലാപ്പായി.
“സാർ ബാക്കി “
അത് കേൾക്കാൻ പോലും സമയം ഇല്ലാതെ അയാൾ റോഡിന്റെ ഇടത് വശത്തുള്ള ഇറക്കത്തിലേയ്ക്ക് വേഗം നടന്നു പോയി.
വിജയൻ വണ്ടി വളച്ച് സ്റ്റാന്റിനെ ലക്ഷ്യമാക്കി ഓടിച്ചു പോയി.
ഇടയ്ക്ക് ഫ്യുവൽകേജ് നോക്കിയപ്പോൾ സൂചി എംപ്റ്റിയിലേക്ക് എത്തുന്നു.
പിന്നെ അടുത്തെങ്ങാനും പെട്രോൾ പമ്പ് ഉണ്ടോ എന്ന് നോക്കിയാണ് അയാൾ വണ്ടി ഓടിച്ചത്. കുറച്ച് ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഒരു പമ്പ് കണ്ടു.
ഓട്ടോറിക്ഷ പമ്പിലേക്ക് കയറ്റി എണ്ണയടിച്ചിട്ട് കാശ് കൊടുത്ത് തിരിച്ച് ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറുമ്പോൾ പുറകിലെ സീറ്റിൽ എന്തോ കണ്ട് അയാളുടെ കണ്ണ് അതിൽ ഉടക്കി.
ആ കാഴ്ച്ച അയാളിൽ ഒരു തരം ഞെട്ടലുണ്ടാക്കി. അപ്പോഴേക്കും പുറകിൽ കിടക്കുന്ന വണ്ടിക്കാരൻ ഹോണടിക്കാൻ തുടങ്ങി.
വിജയൻ പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്ത് പമ്പിന് വെളിയിൽ വന്ന് റോഡ് സൈഡിൽ ഒതുക്കിയിട്ടു.
എന്നിട്ട് തിരിഞ്ഞ് ബാക്ക് സീറ്റിൽ കിടന്ന രണ്ടായിരത്തിന്റെ രണ്ട് കെട്ട് നോട്ടുകൾ വിറയ്ക്കുന്ന കൈകളോടെ എടുത്തു.
എല്ലാം രണ്ടായിരത്തിന്റെ നോട്ടുകളായത് കൊണ്ട് അത് രണ്ട് ലക്ഷം രൂപയാ ണന്ന് അയാൾക്ക് മനസ്സിലായി.
ദൈവമെ ഇത് അയാളുടെ പണമല്ലേ, അയാൾ മകളുടെ ഭർത്താവിന് കൊടുക്കാനുള്ള സ്ത്രീധനപ്പൈസ. ഇന്ന് ഇത്, അവിടെ കൊണ്ട് കൊടുത്തില്ലെങ്കിൽ ഭർത്താവിന്റെയും വിട്ടുകാരുടെയും പീ ഡനം സഹിക്കാതെ അയാളുടെ മകൾ ആ ത്മ ഹ ത്യ ചെയ്യേണ്ടി വരുമെന്നല്ലേ താൻ ചോദിച്ചപ്പോൾ തന്നോട് പറഞ്ഞത്.
എത്രയും പെട്ടെന്ന് ഇതദ്ദേഹത്തെ ഏല്പിക്കണം തിരിച്ച് ഓടിയാൽ അര മണികൂർ കൊണ്ട് അവിടെ എത്താം. വിജയൻ വണ്ടി തിരിക്കാൻ ഒരുങ്ങുമ്പോൾ ഫോൺ ബെല്ലടിച്ചു.
മൂത്ത അളിയന്റെ നമ്പരാണ്.
“ഹലോ ” വിജയൻ ഫോൺ ചെവിയിൽ വച്ചു.
“ട വിജയാ..നീ ഇത് എവിടെയായിരുന്നു. എത്ര നേരമായി നിന്നെ വിളിക്കുന്നു.
അളിയൻ നല്ല ചൂടിലാണ്
“എന്താ അളിയാ, വിശേഷം വല്ലോം ഉണ്ടോ “
ഉം ഉണ്ട്. ജയന്തിയുടെ ഡെലിവറി കഴിഞ്ഞു. സിസ്സേറിയനായിരുന്നു. നീ പോയിക്കഴിഞ്ഞപ്പോൾ അവൾക്ക് ഒരു ശ്വാസം മുട്ടലുണ്ടായി. ഡോക്ടർ പരിശോധിച്ചിട്ട് പെട്ടെന്ന് തന്നെ സിസേറിയൻ വേണമെന്ന് പറഞ്ഞു. അന്നേരം മുതൽ നിന്നെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ട് കിട്ടണ്ടേ?
അളിയന്റെ സംസാരം മുഴുമിക്കുന്നതിന് മുമ്പ് വിജയൻ ഇടയ്ക്ക് കയറി ചോദിച്ചു.
“അളിയാ എന്നിട്ട് ജയന്തിച്ചം കുഞ്ഞും സുഖമായിരിക്കുന്നോ?
ജയന്തിക്ക് ഇത് വരെ ബോധം വീണിട്ടില്ല. കുഞ്ഞിനെ വെൻറിലേറ്ററിൽ കിടത്തിയിരിക്കകയാണ് കുഞ്ഞിന്റെ ഹാർട്ട് ബീറ്റ്സിൽവേരിയേഷനുള്ളത് കൊണ്ട് കുറച്ച് സീരിയസ്സാണെന്നും എത്രയും വേഗം ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ രക്ഷപെടുത്തിയെടുക്കാമെന്നും ഡോ: പറഞ്ഞു. ഇവിടെ അതിനുള്ള സൗകര്യമില്ലത്രേ…
അത് കേട്ട് വിജയന്റെ നെഞ്ച് പിടഞ്ഞു. അയാൾ അളിയനോട് പറഞ്ഞു.
എങ്കിൽ അളിയനൊരു ആംബുലൻസ് പിടിച്ച് ചേച്ചിയുമായി, കുഞ്ഞിനെയും കൊണ്ട് ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ, ഞാൻ ഒരു മണിക്കൂറിനുള്ളിൽ അവിടെയെത്താം “
എന്തായാലും രണ്ട് ലക്ഷം രുപ അയാളെ ഏല്പിക്കാതെ പോകാൻ കഴിയില്ല. വിജയൻ മനസ്സിലോർത്തു.
“ഹല്ല വിജയാ, പ്രൈവറ്റ് ഹോസ്പിറ്റലിൽ എന്തോ ഒരു ഇൻജക്ഷൻ ഉണ്ടത്രേ അതിന് രണ്ട് ലക്ഷം രൂപയോളം ചിലവ് വരുമെന്നാ ഇവിടുത്തെ, ഡോക്ടർ പറഞ്ഞത്. “
അത് കേട്ടപ്പോൾ വിജയന്റെ സപ്ത നാഡികളും തളർന്നു. ഈശ്വരാ ഇത് എന്തൊരു പരീക്ഷണം. അപ്പോഴാണ് തനിക്ക് കിട്ടിയ രണ്ട് ലക്ഷം രൂപ യെ കുറിച്ച് അയാൾ ഓർത്തത്.
പക്ഷേ അത് താനെടുത്താൽ അത് മൂലം തകരുന്ന ഒരു പാട് ജീവിതങ്ങളുണ്ട്. തന്റെ സ്വാർത്ഥ ലാഭത്തിന് വേണ്ടി, ഒരിക്കലും അതെടുത്ത് കൂടാ. തനിക്ക് വിധിച്ചതാണെങ്കിൽ ദൈവം തന്റെ കുഞ്ഞിനെ ജീവനോടെ തിരിച്ച് തരും. ഈ കാശ് അയാളുടെതാണ്. ഇതയാളുടെ കയ്യിൽ എത്തിച്ചാലെ തനിക്ക് സമാധാനം കിട്ടു.
“എന്താ വിജയാ, നീ ഒന്നും മിണ്ടാത്തത്.”
അളിയന്റെ ചോദ്യം
“എന്തായാലും ഞാൻ വന്നിട്ട് എന്തെങ്കിലും വഴി നോക്കാo അളിയാ, നിങ്ങൾ അവിടെ തന്നെ നില്ക്കു”
അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തിട്ട് വിജയൻ ഓട്ടോറിക്ഷാ അയാൾ ഇറങ്ങിയ വഴിയെ ലക്ഷ്യമാക്കി, ഓടിച്ചു. അപ്പോഴേക്കും നന്നായി ഇരുട്ട് പരന്നിരുന്നു.
അയാൾ ഇറങ്ങിപ്പോയ വഴിയരുകിൽ ഓട്ടോ നിർത്തിയിട്ട് വിജയൻ പടിക്കെട്ടുകൾ ഇറങ്ങി താഴേക്ക് ചെന്നു.
“എന്റെ മോളേ, നീ എന്തുവാടീ, ഈ ചെയ്തത് ” അയാളുടെ ശബ്ദമല്ലെ ആ കേൾക്കുന്നത്.
വിജയൻ ഒച്ച കേട്ട വീട്ടിലേക്ക് ഓടിച്ചെന്നു. അപ്പോൾ അകത്തെ മുറിയിൽ നിന്ന് അയാൾ ഇറങ്ങി വരുന്നത് കണ്ടു.
“ങ് ഹേ നിങ്ങളോ നിങ്ങൾക്കെന്റെ പൈസ കിട്ടിയോ “
വിജയനെ കണ്ടപ്പോൾ വെപ്രാളത്തോടെ അയാൾ ചോദിച്ചു
“കിട്ടി സാർ, താങ്കൾക്ക് അത് തരാനാ ഞാൻ തിരിച്ച് വന്നത്. “
വിജയൻ മറുപടി പറഞ്ഞു.
“ആണോ , പക്ഷേ കുറച്ച് കൂടി നേരത്തെ നിങ്ങൾ വന്നിരുന്നെങ്കിൽ എന്റെ മോൾ ഈ കടുംകൈ ചെയ്യില്ലാരുന്നു.”
“എന്ത് പറ്റി “
വിജയൻ ജിജ്ഞാസയോടെ ചോദിച്ചു.
“ഞാനിവിടെയെത്തിയപ്പോൾ എന്റെ കയ്യിലെ പൈസ നഷ്ടപ്പെട്ടന്ന് അറിഞ്ഞ് മരുമോനുമായി ഒന്നും രണ്ടും പറഞ്ഞ് വഴക്കായി അവനിവിടുന്ന് ഇറങ്ങിപ്പോയി.
വഴക്ക് കണ്ട് നിന്ന എന്റെ മോൾ അകത്ത് കയറി വാതിലടച്ചു. തട്ടി വിളിച്ച് തുറക്കാതിരുന്നത് കൊണ്ട് ഞാൻ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിനോക്കുമ്പോൾ കണ്ട കാഴ്ച, അവൾ കുറെ ഗുളികകൾ വിഴുങ്ങുന്നതാണ്. എന്റെ മോളെ വേഗം ഹോസ്പിറ്റലിൽ എത്തിക്കണം മോനെ”
അയാൾ ഒറ്റ ശ്വാസത്തിലാണ് അത്രയും പറഞ്ഞത്.
വേറെ ആരെയും അവിടെ കണ്ടില്ല. വിജയന്റെ സഹായത്തോടെ അയാൾ മോളെ ഓട്ടോറിക്ഷയിൽ കയറ്റി താലൂക്കാശുപത്രിയിലേക്ക് കൊണ്ട് പോയി.
അവിടെ ചെന്നപ്പോൾ ഡോക്ടർമാർ സമരത്തിൽ
“മോനെ ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് പോയ്ക്കോ….എങ്ങനെയെങ്കിലും എന്റെ മോളുടെ ജീവൻ തിരിച്ച് കിട്ടിയാൽ മതി എനിക്ക് ‘”
ആ പിതാവിന്റെ നിലവിളി വിജയന്റെ മനസ്സിൽ കൊണ്ടു.
ഇവരെ ഉപേക്ഷിച്ച് താൻ തിരിച്ച് പോയാലും രണ്ട് ലക്ഷം രൂപയില്ലാതെ തന്റെ കുഞ്ഞിന്റെ ജീവൻ തിരിച്ച് കിട്ടില്ല.
പക്ഷേ അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോൾ രണ്ട് ലക്ഷo ഉണ്ട്. താനൊന്ന് സഹായിച്ചാൽ ചിലപ്പോൾ അയാളുടെ മകളുടെ ജീവൻ രക്ഷിക്കാൻ പറ്റും
വിജയൻ പിന്നെ ഒന്ന് ആലോചിച്ചില്ല.
ഏറ്റവും അടുത്തുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് വണ്ടി പായിച്ചു.
ഹോസ്പിറ്റലിലെത്തിയപ്പോൾ ജീവനക്കാർ ഇറങ്ങി വന്ന് പേഷ്യന്റിനെ സ്ട്രെക്ചറിൽ കിടത്തി icu വിലേക്ക് കയറ്റി.
പുറത്ത് പ്രാർത്ഥനയോടെ തന്റെ മകൾക്ക് വേണ്ടി അയാളും തന്റെ ചോര കുഞ്ഞിന് വേണ്ടി വിജയനും മനസ്സുരുകി പ്രാർത്ഥിച്ചു.
അര മണിക്കുർ കഴിഞ്ഞപ്പോൾ ഒരു നഴ്സ് തല പുറത്തേക്കിട്ട് അയാളോട് പറഞ്ഞു.
“മകൾ അപകട നില തരണം ചെയ്തിട്ടുണ്ട് ഇനി പേടിക്കാനൊന്നുമില്ലന്ന് ഡോ. പറഞ്ഞു. ദാ നിങ്ങൾ ഈ ബില്ല് പോയി അടച്ചോളൂ.
മുകളിലേക്ക് നോക്കി ദൈവത്തെ സ്തുതിച്ച് കൊണ്ട് അയാൾ ആ ബില്ല് കൈ നീട്ടി വാങ്ങി.
ഹോ എന്റെ മോനെ നീ യാ പൈസ കൊണ്ട് തന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ എന്റെ മോളെ രക്ഷിക്കാൻ കഴിയില്ലായിരുന്നു.
അതും പറഞ്ഞ് അയാൾ ആ ബില്ല് വിജയനെ കാണിച്ചു.
അര മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ.
വിജയന് ചാരിതാർത്ഥ്യം തോന്നി.
“ദാ മോനെ ഇതിരിക്കട്ടെ എന്റെ ഒരു സന്തോഷത്തിന് “
രണ്ടായിരത്തിന്റെ അഞ്ച് നോട്ടുകൾ എടുത്ത് അയാൾ വിജയന്റെ നേരെ നീട്ടി.
“ഹേയ് ഒന്നും വേണ്ട സാർ ഞാനിതൊന്നും പ്രതീക്ഷിച്ചില്ല ഇതുമായി വന്നത്. ശരി എന്നാൽ ഞാൻ പൊയ്ക്കോട്ടെ “
തന്റെ കുഞ്ഞിനെന്തായിക്കാണുമെന്ന, ആദിയിൽ അയാൾ വേഗം അളിയനെ ഫോൺ ചെയ്തു.
“ങ്ഹാ വിജയാ, ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാനിരിക്കുവായിരുന്നു..ഒരു സന്തോഷ വാർത്തയുണ്ട്. ഇപ്പോൾ കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ അത്ഭുതത്തോടെ പറഞ്ഞു, കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് നോർമലായെന്ന്. വേണമെങ്കിൽ നാളെ വാർഡിലേക്ക് കൊണ്ട് വരാമെന്നും പറഞ്ഞു. “
ആ വാർത്ത ഒരു കുളിർമഴയായി വിജയന്റെ പുകഞ്ഞ് കൊണ്ടിരുന്ന നെഞ്ചിലേക്ക് വീണു.
~സജിമോൻ തൈപ്പറമ്പ്