അവൻ എന്തെങ്കിലും മറുപടി നല്കുന്നതിന് മുമ്പ് മെസ്സഞ്ചറിലെ പച്ച ലൈറ്റ് അണഞ്ഞു…

_upscale _blur _autotone

Story written by Saji Thaiparambu

==============

അപ്രതീക്ഷിതമായിട്ടായിരുന്നു, അന്ന്, സുന്ദരിയായ ഒരു യുവതി, ആദ്യമായി മനോജിന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്.

പ്രിയംവദ, അതായിരുന്നു അവളുടെ പേര്.

വെറൈറ്റി നെയിം

അയാൾ മനസ്സിലോർത്തു.

മഴ കാത്ത വേഴാമ്പലിനെ പോലെ ആ സുവർണ്ണാവസരം മുതലാക്കാനായി, അവൻ വേഗം തന്നെ ആ റിക്വസ്റ്റ് കൺഫോം ചെയ്തു.

അവളത് പ്രതീക്ഷിച്ചിരുന്നത് പോലെ മെസഞ്ചറിൽ കുറച്ച് കഴിഞ്ഞപ്പോൾ ഒരു മെസേജ് വന്നു.

അവളുടെ റിക്വസ്റ്റ് സ്വീകരിച്ചതിനുള്ള നന്ദി പറഞ്ഞ് കൊണ്ട്.

അവന് ,അവളിലേക്ക് കടന്ന് ചെല്ലാനുള്ള വാതായനം, അവളായിട്ട് തുറന്നിട്ടത് പോലെ തോന്നി.

“എവിടാ ,വീട്. “

അവൻ ആദ്യത്തെ ചോദ്യം തൊടുത്തു.

“കല്പാത്തി, പാലക്കാട് ” ഉടൻ മറുപടി വന്നു.

കുഴപ്പമില്ലെന്ന് തോന്നുന്നു. അടുത്ത ചോദ്യം അവൻ ടൈപ്പ് ചെയ്ത്, സെൻഡ് ചെയ്യുന്നതിന് മുൻപ് അവളുടെ മറുചോദ്യം.

“ചേട്ടന്റെ വീട് കണ്ണൂരല്ലേ “

ങ്ഹേ, അവളപ്പോൾ തന്റെ ബയോഗ്രഫി മൊത്തം വായിച്ചറിഞ്ഞിട്ടുണ്ട്.

ഇനിയിപ്പോൾ അടുത്തതായി എന്താ ചോദിക്കുക. ചോദ്യത്തിനായി മനസ്സ് ഉഴലുമ്പോൾ വീണ്ടും അവളുടെ കടന്ന് കയറ്റം.

“ഏട്ടൻ പാടുമല്ലേ?”

ഓഹ് അപ്പോൾ അതും കേട്ടു

അവൾ വീണ്ടും ചോദിക്കുന്നതിന് മുൻപ് ഒരു വോയിസ് മെസ്സേജ് വേഗം സെൻഡ് ചെയ്തു.

“കുട്ടിക്ക് കലാപരമായി എന്തെങ്കിലും കഴിവുണ്ടോ? ഐ മീൻ ഈ ഡാൻസ് ,ചിത്രരചന അങ്ങനെ എന്തെങ്കിലും?”

തിരിച്ചവളുടെ മറുപടി voice മെസ്സേജിലായിരുന്നു.

“ഉണ്ട് ഏട്ടാ ഞാനൊരു ക്ളാസിക്കൽ ഡാൻസറാ”

ആ ശബ്ദം കേട്ടപ്പോൾ എന്തോ ഒരു ശ്രുതി വ്യത്യാസം.

അവളാണെന്ന് പൂർണ്ണമായിട്ട് ഉറപ്പിക്കാൻ പറ്റുന്നില്ല, എന്നാൽ അവൻ, അല്ലതാനും.

അപ്പോൾ താനിത് വരെ സംസാരിച്ചത് ?.

അവനെന്തോ , പിന്നീട് ആ ചാറ്റ് തുടരാൻ ഒരു വൈമനസ്യം. എങ്കിലും ഒന്ന് ഉറപ്പിച്ചിട്ട് ആവാം അടുത്ത നീക്കം.

“ഈ ഫോട്ടോ കുട്ടിയുടേത് തന്നെയാണോ?”

കുറച്ച് നേരത്തേക്ക് അനക്കമൊന്നുമില്ല.

അവൻ വീണ്ടും ചോദിച്ചു.

“കുട്ടീ.. ചോദിച്ചത് കേട്ടില്ലേ “

അപ്പോൾ അവളുടെ പേജിൽ ടൈപ്പ് ചെയ്യുന്നത് കണ്ടു.

“എന്നോട് ക്ഷമിക്കണം ഏട്ടാ, എന്റെ യഥാർത്ഥ ഫോട്ടോ ഇട്ടാൽ ഏട്ടൻ എന്റെ റിക്വസ്റ്റ് സ്വീകരിക്കില്ലന്ന് എനിക്കറിയാമായിരുന്നു. അത് കൊണ്ടാ ഞാൻ ഈ ഫോട്ടോ ഇട്ടത്.”

മനോജിന് കടുത്ത നിരാശയും വല്ലാത്ത ദേഷ്യവും വന്നു.

“അത് ശരി നീ ആളെ പറ്റിക്കാൻ വേഷം കെട്ടി ഇറങ്ങിയിരിക്കുവാണല്ലേ. നിന്നെ പോലെ കുറെയെണ്ണം അവതരിച്ചിട്ടുണ്ട്. വീടിനും ,നാടിനും വേണ്ടാത്ത ശ വങ്ങള്. പൊയ്ക്കോ എങ്ങോട്ടെങ്കിലും. ഇനി മേലിൽ എന്നെ ശല്യപ്പെടുത്താൻ വന്നേക്കരുത്.

അവൻ അത്രയും പറഞ്ഞിട്ട് മെസ്സഞ്ചർ അടച്ച് വച്ച് ,FB യിലേക്ക് തിരിഞ്ഞു.

പക്ഷേ, കുറച്ച് കഴിഞ്ഞപ്പോൾ, മെസ്സഞ്ചർ നോട്ടിഫിക്കേഷൻ വന്നു.

“എനിക്കറിയാം, എന്നെ പോലെ ഒരാളെ ഏട്ടന് അക്സപ്റ്റ് ചെയ്യാൻ കഴിയില്ലന്ന്.”

ഏട്ടനറിയുമോ അവനായി ജനിച്ചെങ്കിലും, അവളായി ജീവിക്കാനാ ഞാൻ ആഗ്രഹിച്ചത്. അതിന്റെ പേരിൽ ഒരു പാട് പീ ഡ നങ്ങൾ നേരിടേണ്ടി വന്നു. സ്വന്തം വീട്ടിൽ നിന്ന് പോലും കുടിയിറക്കപ്പെട്ടു. പരിഹാസ കഥാ പാത്രമായി തെരുവിലലഞ്ഞു, ഒടുവിൽ എന്നെ പോലെ ജീവിക്കുന്ന ഒരു കൂട്ടം പേരെ ഞാൻ കണ്ട് മുട്ടി.

അവരെന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. എന്റെ കലാവാസന തിരിച്ചറിഞ്ഞ് എന്നിലെ കഴിവുകളെ പരിപോഷിപ്പിച്ചെടുത്ത് എന്നെ ഒരു നർത്തകിയാക്കിയത് അവരാ.

ദുരാഗ്രഹങ്ങളുമായിട്ടല്ല ഞാൻ ഏട്ടനോടടുത്തത്. FB യിലെ എട്ടന്റെ പിക് കണ്ടപ്പോൾ വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ എന്റെ സഹോദരനെ ഞാൻ തിരിച്ചറിയുകയായിരുന്നു

ഇനിയൊരിക്കലും തിരിച്ച് ചെല്ലരുതെന്ന് പറഞ്ഞ് , പടിയിറക്കി വിട്ട എന്റെ വീട്ടിലോട്ട് ചെന്ന് അച്ഛനെയും, അമ്മയെയും, ഏട്ടനെയും ഒക്കെ കാണാൻ എന്റെ മനസ്സ് വല്ലാതെ കൊതിക്കാറുണ്ടായിരുന്നു.

പക്ഷേ എനിക്കിനി ആ വീട്ടിലേക്ക് തിരിച്ച് പോകാൻ കഴിയില്ലല്ലോ. എവിടെയെങ്കിലും വച്ച് നിങ്ങളെ ആരെയെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് എന്റെ മനസ്സ് ഒരു പാട് കൊതിച്ചിരുന്നു.

ഏട്ടന്റെ പ്രൊഫൈൽ പിക്  കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ലേട്ടാ. പക്ഷേ ഇപ്പോഴും ഏട്ടന്റ മനസ്സിൽ ഞാനൊരു വെറുക്കപ്പെട്ട ജീവിയായി നിലകൊള്ളുന്നുണ്ട്, എന്ന് മനസ്സിലായി, ആ തിരിച്ചറിവിൽ ഞാൻ പിന്മാറുകയാണ്. ഇനി വരില്ല. ഒരിക്കലും ഒരു ശല്യമായി.

അവൻ എന്തെങ്കിലും മറുപടി നല്കുന്നതിന് മുമ്പ് മെസ്സഞ്ചറിലെ പച്ച ലൈറ്റ് അണഞ്ഞു

അവൻ അവളുടെ FB പ്രൊഫൈലിലേക്ക് വന്നു നോക്കി.

അവിടെ മെസ്സഞ്ചർ ഐക്കൺ പാതി മാഞ്ഞിരിക്കുന്നു.

അതെ അവൾ തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു,എന്ന തിരിച്ചറിവ് അവന്റെ നെഞ്ചിനുള്ളിൽ ഒരു വലിയ ആഘാതമായി.

ഇനി എങ്ങനെ അവളുമായി ബന്ധപ്പെടും

ഫോൺ നമ്പർ ചോദിക്കാതിരുന്നത് ഒരു വലിയ അബദ്ധമായി പോയെന്ന് അപ്പോൾ അവന് തോന്നി.

ഒന്നുമില്ലേലും തന്റെ കുഞ്ഞനുജനല്ലായിരുന്നോ…ഇപ്പോൾ അനുജത്തിയായി. അച്ഛ്നും അമ്മയുമില്ലാത്ത തനിക്ക്, ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏക ബന്ധു അവൾ മാത്രമാണ്. എങ്ങനെയെങ്കിലും അവളെ കണ്ടു പിടിക്കണം.

അവളുടെ പ്രൊഫൈലിൽ നോക്കിയപ്പോൾ അതിലുണ്ട്, അവൾ വർക്ക് ചെയ്യുന്ന, പാലക്കാട്ടെ ഡാൻസ് സ്കൂളിന്റെ പേര്

പിന്നെ, ഒട്ടും താമസിക്കാതെ അയാൾ പാലക്കാട്ടേക്ക് തിരിച്ചു.

തന്റെ അനുജനെ തേടി അല്ല അനുജത്തിയെ….

~സജിമോൻ തൈപ്പറമ്പ്