ഒരു ഫെ മിനിസ്റ്റും മെയിൽ ഷോ വനിസ്റ്റും…
Story written by Nisha Pillai
================
അനുവിന്റെ സൗഹൃദം ബലരാമൻ വെറുത്തിരുന്നു. കാണുമ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ സാധാരണ പെൺകുട്ടി ആയി അവളെ തോന്നാറില്ല. അടുക്കുംതോറും അവളൊരു വിജ്ഞാന കലവറയാണെന്ന് തോന്നി. എന്നാലും വെറുപ്പ് തന്നെ, മുഖ്യ വികാരം.
ആദിത്, ബലരാമൻ, ടിജോ, അസ്ലം, കമൽ. ഫൈവ് ഫിംഗേഴ്സ് എന്നറിയപ്പെടുന്ന അവരുടെ ഇടയിലേക്ക് അനുരാധ കടന്നുവന്നത് ആകസ്മികമായിട്ടാണ്.
അവരഞ്ചുപേരും പാലായിലെ റിപീറ്റഡ് ബാച്ചിലെ സഹപാഠികളും സഹമുറിയന്മാരും , സോപ്പ്, തോർത്ത് ഇത്യാദി വസ്തുക്കളുടെ പങ്കുവെപ്പുകാരും ആയിരുന്നു.
അവരുടെ സൗഹൃദക്കൂട്ടായ്മയിലേക്ക് അനുരാധ കൊടുങ്കാറ്റ് പോലെയാണ് കടന്നുവന്നത്. കോളേജ് ഗേറ്റിനടുത്ത് പതിവ് വായ്നോട്ടവുമായി നിന്ന ആദിത്തും അസ്ലമും ഒരു പെൺകുട്ടിയുടെ പിന്നിൽ നിന്നുള്ള വിളികേട്ടാണ് തിരിഞ്ഞുനോക്കിയത്.
“ഞാൻ അനുരാധ,അഞ്ഞൂറു രൂപയ്ക്ക് ചില്ലറയുണ്ടോ, ഗയ്സ് “
“ഇല്ലല്ലോ പെങ്ങളെ “
“പെങ്ങളോ, തൽക്കാലമെനിക്ക് ആങ്ങളമാരെ ആവശ്യമില്ല, ചില്ലറയുണ്ടെങ്കിൽ താ “
അവൾ അസ്ലത്തിന്റെ പോക്കറ്റിൽ കയ്യിട്ടു, കിട്ടിയ പൈസയുമെടുത്ത് അവളെ കാത്തുകിടന്ന ഓട്ടോക്കാരന് നൽകി. അത് കണ്ടുവന്ന ബലരാമന് കലികയറി.
“ആരാടാ അവൾ? എന്തൊരു അഹങ്കാരമാ, പബ്ലിക് ആയിട്ട്, പോക്കറ്റിൽ കയ്യിട്ട് പൈസയെടുക്കാൻ.”
അനുരാധ അപ്പോഴേക്കും ഓട്ടോക്കാരന് പൈസ കൊടുത്തിട്ട് തിരിച്ചു വന്നിരുന്നു.
“എന്റെ മാഷേ പബ്ലിക് ആയിട്ട് പോക്കറ്റിൽ കൈയിട്ടതല്ലേയുള്ളു. അല്ലാതെ വേറെയൊന്നും ചെയ്തില്ലല്ലോ.”
അവൾ ചുണ്ട് കോട്ടി. അവൾ ചുറ്റും കണ്ണോടിച്ചു. കോളേജിലെ പല കോണുകളിലും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു.
“ഞാൻ അനുരാധ, സെക്കൻ്റ് ഇയർ ഇ.സി. കോളേജ് ട്രാൻസ്ഫർ ആണ്.”
അവൾ അസ്ലത്തിനും ആദിത്തിനും കൈ കൊടുത്തു. ബലരാമന് നേരെ കൈനീട്ടിയെങ്കിലും അവൻ തിരിഞ്ഞു നടന്നു. ടിജോയും കമലും വന്നപ്പോൾ അവളുമായി പെട്ടെന്ന് തന്നെ കമ്പനിയായി. ബലരാമൻ മാത്രം അവളുടെ വൈരിയായി മാറി. ബലരാമൻ ഇ.സി യും ബാക്കി നാല് പേരും കമ്പ്യൂട്ടർ സയൻസുകാരുമായിരുന്നു. ഒരേ ക്ലാസ്സിലായിരിന്നിട്ടും ബലരാമൻ അവളെ ഗൗനിച്ചില്ല. അവന്റെ മൗനമൊന്നും അവൾക്ക് പ്രശ്നമായിരുന്നില്ല, അഞ്ചുപേരുടെ ഗ്യാങ്ങിൽ എന്നും ഒരു അധികപ്പറ്റായി അവളുണ്ടായിരുന്നു.
മെല്ലെ മെല്ലെ സൗഹൃദം കൂടുതൽ ദൃഢമായി. ബലരാമൻ അപ്പോഴും അവളിൽ നിന്നും ഒരു അകലം കാത്ത് സൂക്ഷിച്ചു. പലപ്പോഴും അവളുടെ രീതികൾ അവന്റെ അമ്മയിൽ നിന്നും സഹോദരിയിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. കർക്കശക്കാരനായ അച്ഛന്റെ കർക്കശക്കാരനായ മകനായിരുന്നു അവൻ. അതിനാൽ അവന് അനുവിനെ ഉൾക്കൊള്ളാൻ പറ്റിയില്ല.
അസ്ലം പറഞ്ഞ് അവളുടെ കഥകൾ അറിഞ്ഞു ഒരു അനുകമ്പയൊക്കെ തോന്നിയെങ്കിലും നേരിട്ട് കാണുമ്പോൾ അവനിൽ ഒരു നീരസം നിറയും . അവളുടെ പ്രകടനങ്ങൾ എന്നാണവർ പറയാറ്. ആ സംഘത്തിൽ അവനും അവളും തമ്മിൽ അടിയുണ്ടാകുക പതിവായി. അവനോടു പിണങ്ങി പോകുന്ന അനുരാധ പിറ്റേന്ന് ഒന്നും സംഭവിക്കാത്ത പോലെ എല്ലാം മറന്നു മടങ്ങി വരും. ചെറുപ്പത്തിൽ തന്നെ അവളെയും അമ്മയെയും അച്ഛൻ ഉപേക്ഷിച്ചു പോയി. അച്ഛനെ അവൾക്കു ഭയങ്കര ഇഷ്ടമായിരുന്നു. അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്നൊരമ്മയാണ് അവളുടേത്. അമ്മ മാത്രമാണ് അവൾക്കുള്ളത്. അച്ഛന്റെ പെട്ടെന്നുള്ള തിരോധാനം , അല്ലെങ്കിൽ ഉപേക്ഷിക്കൽ അവളെ ഒരു പുരുഷ വിദ്വേഷിയാക്കി മാറ്റി. തികച്ചും ഒരു ഫെമിനിസ്റ്റ് ആകാൻ അവളാഗ്രഹിച്ചു രൂപത്തിലും ഭാവത്തിലും ആൺകുട്ടികളെ അനുകരിച്ചുള്ള യാത്രകൾ , വേഷ വിധാനങ്ങൾ , പുകവലി അങ്ങനെ എല്ലാവരാലും ശ്രദ്ധിക്കപെടാനായി അവൾ ഇപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടേയിരുന്നു. ശുദ്ധമനസ്ക ആയിരുന്നുവെങ്കിലും അധ്യാപകരോടും സഹപാഠികളോടും അവൾ പലപ്പോഴും പരുക്കൻ ഭാവത്തിൽ പെരുമാറി
ഒരിക്കൽ പഞ്ചവർ സംഘത്തോട് അവളൊരു ആവശ്യമുന്നയിച്ചു. അവളെ ഉപേക്ഷിച്ചു പോയ അച്ഛന്റെ ചിതാഭസ്മം അച്ഛന്റെ സുഹൃത്തിന്റെ കയ്യിൽ നിന്നുമേറ്റു വാങ്ങുവാൻ പൂനൈ വരെ പോകണമെന്നായിരുന്നു ആ ആവശ്യം. അവളുടെ ആവശ്യം ന്യായമാണെന്ന് തോന്നിയത് കൊണ്ട് അമ്മയറിയാതെ അവളെ കൊണ്ട് പോകാമെന്നു ടിജോ അവൾക്കു വാക്ക് നൽകി. ഒരു വീക്കെൻഡിൽ എല്ലാവരുമൊത്തു കാറിൽ പോകാമെന്നു തീരുമാനിക്കപ്പെട്ടു. എന്നാൽ അവരുടെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് പെട്ടെന്ന് തീരുമാനിച്ച എത്നിക് ഫെസ്റ്റിൽ പങ്കെടുക്കണമെന്നുണ്ടായതുകൊണ്ട് നാൽവർ സംഘം പിന്മാറി. അവസാനം ആ ദൗത്യം ബലരാമന് ഏറ്റെടുക്കേണ്ടി വന്നു. പരസ്പരം ചേരാത്ത രണ്ടുപേർ. അവരൊന്നിച്ചു മൂന്ന് ദിവസത്തോളം ഒന്നിച്ച് , അതും ബലരാമന്റെ കാറിൽ…
“അച്ഛനെ എനിക്ക് വെറുപ്പാണ്, എന്നാലും നാക്കിലയിൽ കുറച്ചു എള്ളും അരിയും പൂവുമിട്ട് പിതൃ തർപ്പണം ചെയ്യണം. ഏകമകളായ ഞാനത് ചെയ്യാത്തത് കൊണ്ട് അച്ഛന് ആത്മാക്കളുടെ ലോകത്ത് യാത്ര തടസ്സം ഉണ്ടാകേണ്ട. രഹസ്യമാണ്. അമ്മയറിയണ്ട…ഇതിന്റെ പേരിലെങ്കിലും അച്ഛന് ഇങ്ങോട്ടു എന്നോടൊരു കടപ്പാട് ഉണ്ടാകട്ടെ .”
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് ബലരാമൻ കാണാതിരിക്കാൻ അവൾ ശ്രമിച്ചു. യാത്രയിലുടനീളം അവൾ മൗനിയായിരുന്നു. മുൻപ് അവളെ അങ്ങനെ മൗനിയായി ഒരു നിമിഷം പോലും കണ്ടിട്ടേയില്ല. പക്ഷെ അവളുടെ മൗനമായിരുന്നു അവനും താല്പര്യം. അവളുടെ ചില പെരുമാറ്റങ്ങൾ പണ്ടേയവന് അരോചകമാണ്.
ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ ഇടക്കിടയ്ക്ക് വിരലുകളുടെ ഇടയിൽ മനപ്പൂർവം തിരുകുന്ന സി ഗ.രറ്റ്, അവൾ ഒരിക്കൽ പോലും പുകവലിക്കുന്നത് അവൻ കണ്ടില്ല. പൊതുസ്ഥലങ്ങളിൽ ഒരു അഹങ്കാരി ഇമേജുണ്ടാക്കാൻ അവൾ മനഃപൂർവം ശ്രമിച്ചുകൊണ്ടിരുന്നു. കാലിന്റെ പുറത്ത് കാൽ കയറ്റി വയ്ക്കുക. തണുപ്പത്ത് കാറിനകത്ത് വിറച്ച് പുതച്ചു കൊണ്ടിരുന്നാലും, പുറത്തിറങ്ങുമ്പോൾ ടോപിന് മുകളിൽ ഉള്ള ഷാൾ വലിച്ചെറിഞ് തോളുകളും നെഞ്ചും വിരിച്ചാണവൾ നടക്കുക. ഇതൊക്കെ സ്വാതന്ത്യമാണെന്നാണ് അവൾ വിചാരിച്ചു വച്ചിരിക്കുന്നത്..ആ സമയത്ത് എന്താണവളുടെ മനസ്സിലെന്ന് അവന് മനസ്സിലായില്ല.
അവൻ്റെ ഡ്രൈവിങ്ങിടയിൽ അവൾ ഉറങ്ങാതെ കണ്ണിലെണ്ണ ഒഴിച്ചു കൂട്ടിരിക്കും. അവന്റെ ഭക്ഷണ ശീലങ്ങളൊക്കെ തന്നെ അവളും യാത്രയിൽ പിൻതുടർന്നു. അവന്റെ കട്ടൻചായ കുടിക്കുന്ന ശീലം ഉൾക്കൊണ്ട് അവൾ പാൽചായ നിർത്തി. അവളുടെ ഈ മാറ്റങ്ങൾ ബലരാമൻ അറിയുന്നുണ്ടെങ്കിലും കാണാതെ, അറിയാത്ത മട്ടിൽ നടന്നു.
അവൾ അച്ഛന്റെ ചിതാഭസ്മം ഏറ്റുവാങ്ങി കർമ്മങ്ങൾ ചെയുന്നത് വരെ അവളെ വാക്കുകൊണ്ടോ നോട്ടംകൊണ്ടോ വേദനിപ്പിക്കാതെയിരിക്കുവാൻ ബലരാമൻ ശ്രമിച്ചു. ഒഴുകുന്ന പുഴയരികിൽ വച്ച് ചിതാഭസ്മവും എള്ളും പൂവും ഒഴുക്കി, വിടുമ്പോൾ അറിയാതെ വന്ന ഏങ്ങലുകളെ, ഒതുക്കുവാൻ അവൾ കീഴ്ച്ചുണ്ട് കടിച്ചമർത്തി. എന്നിട്ടും അടക്കാൻ കഴിയാതെ ഗദ്ഗദത്തോടെ, പാറക്കെട്ടുകൾ കയറുമ്പോൾ, അടിതെറ്റുന്ന ചുവടുകളെ അവൾ നിയന്ത്രിച്ചു. മുകളിൽ അവൾക്ക് നേരെ കൈ നീട്ടി നിൽക്കുന്ന ബലരാമന്റെ കൈപിടിച്ചു അവൾ മുകളിലേക്ക് കയറി. അവളുടെ നിറഞ്ഞ കണ്ണുകളെ നോക്കി അവൻ ചോദിച്ചു
“ഫെമിനിസ്റ്റുകൾ കരയാറുണ്ടോ?”
പലവിധ വികാരങ്ങൾ നിറഞ്ഞ അവളുടെ മുഖം കൈകൾ കൊണ്ട് കോരിയെടുത്തവൻ നിന്നു.മൗനം വല്ലാത്തൊരു വിങ്ങലായി അവരുടെയിടയിൽ കനത്ത് നിന്നു.
കാറിൽ ചാരി നിന്ന് ബലരാമൻ അവളെ തന്നോട് അടുപ്പിച്ചു. പെട്ടെന്നവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു, പിന്നെ നിലവിളിച്ചു കൊണ്ട് ചാടി മാറി. അവളുടെ കാലിന് അടുത്തുണ്ടായിരുന്ന ഒരു പാറ്റയെ കണ്ടായിരുന്നു അവളുടെ ബഹളം.
“നിനക്കിത്ര പേടിയാണോ? എന്നിട്ടാണോ, പെൺപുലിയാണെന്ന് പറഞ്ഞ് ആൺപിള്ളേരെ വിരട്ടുന്നത്. ഒരു പാറ്റയെ കണ്ടാൽ ഓടുന്ന നീ.”
“നിന്നോട് ഞാൻ അങ്ങനെ പെരുമാറിയില്ലല്ലോ. അവന്മാരെ നാലുപേരെയും ഒഴിവാക്കാൻ ഞാൻ എന്ത് കഷ്ടപ്പെട്ടൂ എന്ന് നിനക്കറിയാമോ. അവരെയൊക്കെ ഒഴിവാക്കി നീ മാത്രം എന്റെ കൂടെ വന്നപ്പോ എനിക്കെത്ര സന്തോഷമായെന്നോ.”
“നീ ഒഴിക്കാക്കിയെന്നോ അവരെ?എന്തിന്? ഞാനും ശ്രമിച്ചായിരുന്നു എത്നിക് ഫെസ്റ്റ് ഈ ദിവസങ്ങളിലാക്കാൻ”
അവൻ നാണത്തോടെ പുഞ്ചിരിച്ചു.
“നിന്നെ എനിക്ക് മാത്രം കിട്ടാൻ. ഈ ഫെമിനിസ്റ്റ് ഇമേജൊക്കെ മാറ്റി, ഒരു സാധാരണ പെൺകുട്ടിയെ പോലെ അൽപ്പം പ്രണയിച്ച്, വഴക്കിട്ട് നടക്കാൻ കൊതിയാവുന്നു”
“ശരിക്കും നിനക്കെന്നെ ഇഷ്ടമാണോ?”
“പഞ്ചപാണ്ഡവരിൽ എനിക്ക് ഇഷ്ട്ടം വില്ലാളി വീരനായ ഈ അർജുനെയാണ്.”
“എന്നിട്ട് താനൊന്നും തുറന്ന് പറഞ്ഞിട്ടില്ലല്ലോ?”
“അതെങ്ങനെയാ, എന്നെ കാണുമ്പോൾ കടിച്ചുകീറാൻ വരികയല്ലേ”
“അത് പിന്നെ നിന്റെ കുറെ ശീലങ്ങൾ, എത്ര പുരോഗമനവാദിയായാലും സ്വന്തം പെണ്ണ് മറ്റുള്ളവരോട് കൂടുതൽ സ്വാതന്ത്യം കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല.”
“ഉം”
“നിന്റെ മാറ്റങ്ങൾ ഞാൻ കാണുന്നുണ്ടായിരുന്നു. പക്ഷെ നിന്റെ തലക്കനം.”
“നീയുമൊരു മെയിൽ ഷോവനിസ്റ്റ് ആണ്. എന്നോടൊരിക്കലും ഒരു അനുകമ്പയും കാണിച്ചിട്ടില്ല.”
“ആര് പറഞ്ഞു, പ്രിൻസിപ്പലിൻ്റെ കാലു പിടിച്ച് നിന്റെ സസ്പെൻഷൻ പിൻവലിപ്പിച്ചതാരാ.”
“അപ്പോൾ നിനക്കെന്നെ ഇഷ്ടമായിരുന്നോ? നീ പ്രകടിപ്പിച്ചിരുന്ന ദേഷ്യം.”
“ഓഹ് അതൊക്കെ വെറുതെ. നിൻ്റെയൊരു ഫെമിനിസ്റ്റ് ഷോ “
അവളവനോട് ചേർന്ന് നിന്നു.
മടക്കയാത്രയിൽ അനുരാധ ആകെ മാറിയിരുന്നു. കൂടുതലും അവൻ തന്നെയാണ് ഡ്രൈവ് ചെയ്തത്. അവളുടെ കൂടെ പാട്ടും കേട്ടവൻ മടക്കയാത്ര ആസ്വദിച്ചു.
✍️നിശീഥിനി