എന്തായാലും അത് നന്നായി മനുഷ്യാ..അമ്മ രാവിലെ എന്നോടൊരു കാര്യം പറഞ്ഞായിരുന്നു….

ഭർത്താവ്

Story written by Jolly Varghese

=============

നിനക്കെന്തെങ്കിലും കാര്യമുണ്ടങ്കിൽ അതെന്നോട് പറയണം. അല്ലാതെ നീ നിന്റെ വീട്ടിൽ പോയല്ലപറയേണ്ടത്.!മനസ്സിലായോടീ..?

ങും.. ! ഭാര്യ മൂളി.

ഞാനിവിടെ കടവും കാര്യങ്ങളുമായി നട്ടം തിരിയുവാ. നിനക്കിതുവല്ലോം ചിന്തയുണ്ടോ.? എന്നും അമ്മയെ വിളിച്ചു കഞ്ഞിവച്ചോ..ഇന്നെന്നാ കറിവെച്ചേ എന്നൊന്നും പരസ്പരം  ചോദിച്ചില്ലങ്കിൽ അമ്മയ്ക്കും മകൾക്കും ഉറക്കം വരുകേല..! നിന്നെ കെട്ടിയത് ഞാനാ..നിന്റെ വീട്ടുകാര് തെ ണ്ടികൾ..!

നിങ്ങളെന്റെ വീട്ടുകാരെ പറയണ്ട..കാരണം നിങ്ങളിപ്പോ പറഞ്ഞ ആ തെ ണ്ടികൾ നല്ല സ്ത്രീധനം തന്നാണ് നിങ്ങളുടെ കൂടെ എന്നെ  പറഞ്ഞു വിട്ടേ.

ഓഹോ..വല്യകാര്യമായി പോയി. ഇത്രയും കൊല്ലം നിനക്ക് ഞാൻ ചെലവ് തന്നിട്ടുണ്ട്.

ഹൊ..അതൊന്നും പറയാതിരിക്കുവാ നല്ലത്. എന്റെ വീട്ടുകാരല്ലേ ഇപ്പോഴും നിങ്ങക്കും, മക്കക്കും എനിക്കുമുള്ള തുണിപോലും വർഷാവർഷം എടുത്തു തരുന്നേ.?

അതൊക്ക ഞാൻ പറഞ്ഞിട്ടാണോ നിന്റെ ത ള്ള കൊണ്ടുവരുന്നേ..അവരോട് ഇതൊന്നും മേടിച്ചോണ്ട് വരരുത് എന്ന് പറഞ്ഞാൽ കേക്കുവോ..? അതെങ്ങനെയാ എന്നെ   കൊച്ചാക്കി കാണിക്കാനല്ലേ അവർക്കിഷ്‌ടം.?

ഇതെന്തു വർത്താനമാ മനുഷ്യാ നിങ്ങളീ പറയുന്നേ..? പാവം അച്ഛനും അമ്മയ്ക്കും നിങ്ങളെ എത്ര കാര്യമാണ്. എന്തെല്ലാം ഉപകാരങ്ങൾ അവര് ചെയ്തു തന്നിരിക്കുന്നു. കുറച്ചെങ്കിലും നന്ദി വേണ്ടേ..?

അവിടെയൊരു വീട്ടുകാര്..ഇനിമേലാൽ  നിന്റെ വീട്ടിൽ നിന്നും ഒരു സാധനം പോലും ഈ വീട്ടിൽ കേറ്റി പോകരുത്. പറഞ്ഞേക്കാം.

ഭർത്താവ് ഉറഞ്ഞു തുള്ളി.

ഭാര്യ പരിഹാസത്തോടെ ഭർത്താവിനെ നോക്കി.

എന്താടീ..!

ഇനിയൊന്നും വേണ്ടല്ലോ?

ങ്ഹാ.. വേണ്ട. !

എന്തായാലും അത് നന്നായി മനുഷ്യാ..അമ്മ രാവിലെ എന്നോടൊരു കാര്യം പറഞ്ഞായിരുന്നു.

“എടീ..സുമേഷ് കുറച്ചു സാമ്പത്തിക  വിഷമത്തിലാണെന്നല്ലേ നീ രണ്ടുമൂന്നു ദിവസം മുന്നേ പറഞ്ഞേ..ഞാനിക്കാര്യം നിന്റെ അച്ഛനോട് പറഞ്ഞപ്പോ..അച്ഛൻ പറഞ്ഞു ആ വടക്കുവശത്തെ അതിരിനു നിക്കുന്ന തേക്ക് മരം സുമേഷിനോട് വെട്ടി എടുത്തോളാൻ. “

ആ തേക്കുമരം വെട്ടി വിറ്റാൽ ഏതാണ്ട് മൂന്നുമൂന്നര ലക്ഷം രൂപ കിട്ടുമെന്നൊക്കെയാ പറഞ്ഞേ. നിങ്ങക്ക് വേണ്ടാത്ത സ്ഥിതിക്ക് ഇനിയിപ്പോ അമ്മയോട് വേണ്ടന്ന് പറയാലോ..?പിന്നെയീ..ഭാര്യമാർക്കൊന്നും  ഭർത്താവിന്റെ ബുദ്ധിമുട്ട്   അറിയില്ലല്ലോ.ല്ലേ..?

ഭാര്യ വിജയചിരിയിൽ നിക്കുമ്പോ, ഭർത്താവ് നിന്നനിൽപ്പിൽ കാറ്റുപോയ ബലൂൺ പോലെയായി..!

ഒരു നിമിഷം കഴിഞ്ഞു ഭർത്താവ് ഒരു ഇളിഭ്യചിരിയോടെ ഭാര്യയോട്, നമ്മുടമ്മ എന്നാ പറഞ്ഞെന്നാ നീ പറഞ്ഞേ..?

അതോ..ഇന്നിവിടെ എന്നാ കറിവെച്ചതെന്ന്. !!

✍️ജോളി വർഗീസ്