വിവാഹ ദിവസം രാത്രി നടന്നതൊക്കെ പിന്നീടുള്ള രാത്രികളിലും ആവർത്തിക്കപ്പെട്ടു. സ്നേഹിക്കാൻ അറിയാത്ത…

സ്ത്രീ

Story written by Sumi

=================

വിവാഹ പന്തലിൽ മകളുടെ കൈപിടിച്ച് ഒരു പുരുഷന്റെ കൈയ്യിൽ ഏൽപ്പിക്കുമ്പോൾ ശ്രീദേവി ടീച്ചറുടെ കണ്ണും മനസ്സും നിറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു മുഹൂർത്തം തന്റെ ജീവിതത്തിലും ഉണ്ടായിരുന്നു എന്നവർ ഓർത്തു. ആ മുഹൂർത്തം തന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കപ്പെട്ട ഒന്നായിരുന്നു. പക്ഷെ ഇന്ന് തന്റെ മകൾ സാന്ദ്ര ഒരുപാട് സന്തോഷവതിയാണ്. നിറഞ്ഞ മനസ്സോടെയാണ് അവൾ മറ്റൊരു വീട്ടിലേയ്ക്ക് യാത്രയാകുന്നത്.

ഇഷ്ടപ്പെട്ട പുരുഷന്റെ  കൈ പിടിക്കുമ്പോഴും അമ്മയായിരുന്നു സാന്ദ്രയുടെ മനസ്സ് നിറയെ. താൻ മറ്റൊരു വീട്ടിലേയ്ക്ക് പോകുമ്പോൾ അമ്മ ഈ വീട്ടിൽ തനിച്ചാകുമല്ലോ എന്ന ചിന്ത മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു. എല്ലാവരോടും യാത്ര പറയുമ്പോഴും ശ്രീദേവിയുടെ മുഖത്തേയ്ക്ക് നോക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല അവൾക്ക്. നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അമ്മയുടെ മുഖത്തേയ്ക്ക് നോക്കി. കണ്ണുകൾ കൊണ്ട് സമ്മതം വാങ്ങി ജിനുവിനോടൊപ്പം കാറിലെയ്ക്ക് കയറുമ്പോഴും അടക്കിവച്ച സങ്കടം അണപോലെ പൊട്ടിയൊഴുകാൻ തുടങ്ങി. സാന്ദ്രയുടെ ആ കണ്ണീർ തുടച്ചുകൊണ്ട് ജിനു അവളെ നെഞ്ചോട്‌ ചേർത്തു.

മകൾ പോയിക്കഴിഞ്ഞപ്പോൾ തന്റെ വീട്ടിൽ ശൂന്യമായ മനസ്സോടെ ശ്രീദേവി ഇരുന്നു. ചില ബന്ധുക്കളും അടുത്തുള്ള നാട്ടുകാരും എന്തൊക്കെയോ ജോലികൾ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.

വൈകുംന്നേരം ആയപ്പോഴേയ്ക്കും എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങിപ്പോയി. ആ വലിയ വീട്ടിൽ ഭയാനകമായ ഒരു മൂകത തളംകെട്ടി നിന്നു. ഇന്നലെവരെ കളിചിരിയും വഴക്കും ബഹളവുമായി ഓടി നടന്ന മകൾ ഇന്ന് മുതൽ മറ്റൊരു വീട്ടിലെ മകളായി ദത്തെടുത്തു പോയിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെവരെ നോക്കിവളർത്തിയ അമ്മയ്ക്ക് നാളെ മുതൽ അവൾ വെറുമൊരു വിരുന്നുകാരിയാകാൻ പോകുന്നു. ഓർത്തപ്പോൾ ശ്രീദേവിയുടെ മനസ്സിൽ ഒരു നീറ്റൽപോലെ…..

എങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള മകളുടെ ജീവിതത്തിനു വേണ്ടി ആ അമ്മ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു….

ഇരുപത്തേഴ് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ദിവസം തന്റെ ജീവിതത്തിലൂടെയും കടന്നുപോയത് അവർ ഓർത്തു. ഇഷ്ടമില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിക്കേണ്ടി വരുന്ന പെണ്ണിന്റെ മനസ്സ് ഒരാൾക്കും മനസ്സിലാക്കാൻ കഴിയില്ല….

നാട്ടിലെ പ്രമാണിയായിരുന്ന അച്ഛന് തന്നേക്കാൾ പ്രമാണിത്വമുള്ള വീട്ടിലേയ്ക്ക് മകളെ പറഞ്ഞയയ്ക്കാനുള്ള തിടുക്കത്തിനിടയിൽ തന്റെ എതിർപ്പുകൾക്കും കണ്ണീരിനുമൊന്നും യാതൊരു വിലയുമുണ്ടാൂയിരുന്നില്ല. അച്ഛന്റെ ചോ രക്കണ്ണുകൾക്കും ക്രൂ ര മുഖഭാവത്തിനും മുന്നിൽ അമ്മയും നിശബ്ദയായിരുന്നു. വീട്ടിലെ ഒറ്റ മകളായ തനിയ്ക്ക് സങ്കടങ്ങൾ പറയാൻ ഒരു കൂടപ്പിറപ്പും ഉണ്ടായിരുന്നില്ല.

ഡിഗ്രി അവസാനവർഷം പരീക്ഷയെഴുതി നിൽക്കുമ്പോഴാണ് സന്ദീപ് എന്ന മനുഷ്യൻ തന്റെ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വച്ചത്……പണക്കാരൻ ആയതിന്റെ പേരിൽ മറ്റൊന്നും തിരക്കാതെയാണ് അച്ഛൻ ആ വിവാഹം ഉറപ്പിച്ചതും…..

ബിസിനസ്‌കാരനായ ആ മനുഷ്യന്റെ വിവാഹാലോചന വന്നപ്പോൾത്തന്നെ വേണ്ടാ എന്ന് ഒരുപാട് തവണ അമ്മയോട് പറഞ്ഞിരുന്നു. പക്ഷെ പെൺകുട്ടികൾക്ക് വിവാഹക്കാര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത കാലമായിരുന്നു അന്ന്. അതുകൊണ്ട് തന്നെ ഒരു പെണ്ണ്….വീട്ടുകാർ ചൂണ്ടിക്കാണിക്കുന്ന ഏതൊരു പുരുഷന് മുന്നിലും തലകുനിച്ചുകൊടുക്കണം. ഇല്ലെങ്കിൽ ഭീക്ഷണിയായി….തല്ലായി…..വഴക്കായി….പോരാത്തതിന് അമ്മമാരുടെ വക ചില ഉപദേശങ്ങളും ഉണ്ടാകും….

‘ഞങ്ങളുടെയൊക്കെ കല്യാണം നടക്കുന്ന സമയത്ത് ചെക്കനെ കാണാറുപോലും ഇല്ല. എല്ലാം വീട്ടിൽ അച്ഛനും അമ്മാവന്മാരും കൂടിച്ചേർന്ന് തീരുമാനിക്കും. വിവാഹസമയത്ത് ചെക്കന് താലികെട്ടാൻ പന്തലിൽ ചെന്നു നിന്നുകൊടുക്കണം അത്രയേ ഉള്ളൂ. അപ്പോഴും മുഖത്തേയ്ക്ക് നോക്കാൻ തന്നെ നാണമാണ്. ചിലപ്പോൾ ഒരു പ്രസവമൊക്കെ കഴിഞ്ഞ ശേഷമാണ് ഭർത്താവിന്റെ മുഖം കാണുന്നത്പോലും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കൂടെ ജീവിച്ചേ പറ്റൂ….അന്ന് ബന്ധം പിരിഞ്ഞ് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിച്ചെല്ലാനും പറ്റില്ല. എത്ര ദുഷ്ടനായാലും എല്ലാം സഹിച്ചു മുന്നോട്ട് ജീവിക്കുക….അല്ലാതെ വേറെ മാർഗ്ഗം ഒന്നുമില്ല.’

അന്ന് അമ്മ പറയണത് കേൾക്കുമ്പോൾ തനിക്ക് ഒരുപാട് ദേഷ്യം തോന്നിയിട്ടുണ്ടെന്ന് ശ്രീദേവി ഓർത്തു. അവർ പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്….

ഒരു പെണ്ണിന് അവളുടെ വിവാഹക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലേ….ഒരു പുരുഷനെ….കാണാതെയും സംസാരിക്കാതെയും എങ്ങനെയാ അയാളെ മനസ്സിലാക്കുക. എങ്ങനെയാ അയാളോടൊപ്പം ജീവിക്കുക…..

“മോളെ….ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു വിടേണ്ടത് അച്ഛനമ്മമാരുടെ കടമയാണ്. അതവരുടെ അവകാശമാണ്….നാളെ മോളും ഒരമ്മയാകും അപ്പോൾ അതിന്റെ അർത്ഥം മനസ്സിലാകും. ഒരു പെണ്ണ് അന്യപുരുഷന്റെ താലി കഴുത്തിൽ  പേറിയാൽ അവൾ പിന്നെ അവന് അടിമയാണ്. അവനെയും അവന്റെ വീട്ടുകാരെയും അനുസരിച്ച് അടങ്ങി ഒതുങ്ങി ജീവിക്കണം. എന്തൊക്കെ ഉപദ്രവങ്ങൾ ഉണ്ടായാലും നമ്മൾ പെണ്ണുങ്ങൾ അതെല്ലാം സഹിച്ച് അവനോടൊപ്പം നിൽക്കണം. ഒരാണ് എത്ര വലിയ തെറ്റുകളും കുറ്റങ്ങളും ചെയ്താലും സമൂഹം അവനെ കുറ്റപ്പെടുത്തില്ല. അതൊക്കെ അവന്റെ കഴിവുകളായി മാത്രമേ എല്ലാവരും കാണു. പക്ഷെ ഒരു പെണ്ണിന്റെ ചെറിയ തെറ്റുകൾ പോലും സമൂഹം വലുതാക്കും. എല്ലാവരും ചേർന്ന് അവളെ പിച്ചിചീന്തും. മാനസികമായും ശരീരികമായും തളർത്താൻ ഒരുപാട് പേരുണ്ടാകും….അതുകൊണ്ട് എല്ലാം സഹിച്ചു മുന്നോട്ട് പോകാൻ ശ്രമിക്കണം.

ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കണം…ബഹുമാനിക്കണം….താലി പൊട്ടിച്ചെറിഞ്ഞു തിരിച്ചു വരുന്ന പെണ്ണിന് നാട്ടിലും വീട്ടിലും ഒരു വിലയും ഉണ്ടാകില്ല. എല്ലാവരും കുറ്റപ്പെടുത്തും…..പുച്ഛിക്കും…..” തന്റെ സംശയത്തിനുള്ള അമ്മയുടെ മറുപടി കേൾക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നിയിട്ടുള്ളത്…..

‘പാവം സ്ത്രീ…..ജീവിതം എന്തെന്ന് അവർക്കറിയില്ല….ജീവിക്കേണ്ടത് എങ്ങനെയെന്നും……’

സന്ദീപിന്റെ കൈയും പിടിച്ച്…വലതുകാൽ വച്ച് അയാളുടെ വീട്ടിലേയ്ക്ക് കയറുമ്പോൾ എല്ലാ സ്ത്രീകളെയുംപോലെ സുന്ദരവും സമാധാനപരവുമായ ഒരു കുടുംബ ജീവിതം താനും സ്വപ്നം കണ്ടിരുന്നു. ആദ്യ ദിവസം തന്നെ അമ്മായി അമ്മയുടെ മുഖം ചുളിക്കലും നാത്തൂന്റെ കുത്തുവാക്കുകളും അവിടവിടെയായി കാണുകയും കേൾക്കുകയും ചെയ്തപ്പോൾ തന്നെ ജീവിതം സുഗമമായി മുന്നോട്ട് പോകില്ലെന്ന് മനസ്സിലായി.

ഇട്ടോണ്ടു വന്ന മാലയുടെ വീതി കുറഞ്ഞുപോയി….വളയുടെ എണ്ണം കുറഞ്ഞുപോയി…..കമ്മൽ ചെറുതായിപ്പോയി….എന്നൊക്കെയുള്ള പിറുപിറുക്കലുകൾ ആ വീടിന്റെ പല ഭാഗങ്ങളിൽ നിന്നും ഉണ്ടായപ്പോൾ താൻ മെല്ലെ റൂമിലേയ്ക്ക് കയറി കതകടച്ചിരുന്നു.

അപ്പോഴും ഏക ആശ്വാസം ഭർത്താവിലായിരുന്നു. അദ്ദേഹം തന്നെ പൊന്നുപോലെ നോക്കുമെന്ന് വിശ്വസിച്ചു കാത്തിരുന്നു. സിനിമയിലും സീരിയലിലുമൊക്കെ കാണുന്നതുപോലുള്ള ആദ്യരാത്രിയും പ്രതീക്ഷിച്ചിരുന്ന തന്റെ അടുത്തേയ്ക്ക് മ ദ്യ പിച്ച് കണ്ണും ചുവപ്പിച്ച് ക്രൂ ര നാ യ ഒരു വേ ട്ടമൃ ഗ ത്തെപ്പോലെ കടന്നുവന്ന മനുഷ്യനെ കണ്ടപ്പോൾ ഭൂമി കീഴുമേൽ മറിയുകയാണോ എന്നുപോലും തോന്നിപ്പോയിരുന്നു.

തികഞ്ഞ മ ദ്യ പാ നിയും പരസ്ത്രീ സം സ ർ ഗ്ഗം ഉള്ളവനുമായ അയാൾ മുഖത്തടിക്കും പോലെ എല്ലാം തന്നോട് തുറന്ന് പറഞ്ഞു.  ഒരു ജന്മം മുഴുവൻ ഓർക്കേണ്ട മനോഹരമായ ആ രാത്രി തനിക്കൊരു കാളരാത്രിയായി മാറുകയായിരുന്നു.

കൂട്ടുകാരോടൊപ്പമിരുന്ന് മ ദ്യ പിച്ച് ലെക്കുകെട്ട് റൂമിലെയ്ക്ക് കയറി വന്ന അയാൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് ഭാര്യയായ തന്നെ കീഴപ്പെടുത്തുകയായിരുന്നു. വിവാഹ ദിവസം രാത്രി നടന്നതൊക്കെ പിന്നീടുള്ള രാത്രികളിലും ആവർത്തിക്കപ്പെട്ടു. സ്നേഹിക്കാൻ അറിയാത്ത വൃത്തികെട്ട ആ മനുഷ്യനോട് വെറുപ്പല്ലാതെ ഒന്നും തോന്നിയിട്ടില്ല. മറ്റൊരു സ്ത്രീയ്ക്കൊപ്പം മിക്ക രാത്രികളും പകലുകളും ചിലവഴിച്ച് ഒരു വിരുന്നുകാരനെപ്പോലെ തന്റെ അടുത്തേയ്ക്ക് വരുന്ന ഭർത്താവിനെ അംഗീകരിക്കാൻ ശ്രീദേവിയ്ക്ക് ഒരിക്കലും കഴിഞ്ഞില്ല. അവൾക്കെന്നല്ല ഒരു പെണ്ണിനും കഴിയില്ല….

അമ്മായി അമ്മയുടെ പീ ഡ നവും നത്തൂൻ പോരും അമ്മായി അച്ഛന്റെ വഷളത്തരവും ഒക്കെ ആയപ്പോൾ അവിടെ നിൽക്കാൻ നന്നേ ബുദ്ധിമുട്ടി. അങ്ങനെ രണ്ടു വർഷം മാത്രം നീണ്ടുനിന്ന ആ ദാമ്പത്യം വലിച്ചെറിഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ സാന്ദ്ര മോൾക്ക് ഒരു വയസ്സായിരുന്നു. പിന്നങ്ങോട്ട് ജീവിതത്തിൽ ഒറ്റയ്ക്കായിരുന്നു. മോളു മാത്രം കൂട്ടിനു മതിയെന്നുറപ്പിച്ച് ജീവിതത്തോട് പടപൊരുതാൻ തുടങ്ങി.

പഴയതൊക്കെ ചികഞ്ഞെടുത്തപ്പോൾ ജീവിതത്തിൽ വല്ലാത്തൊരു അഭിമാനം തോന്നി അവർക്ക്.

അന്ന് അമ്മ പറഞ്ഞതുപോലെ സഹിച്ചും ക്ഷമിച്ചും ആ മനുഷ്യനോടൊപ്പം ജീവിക്കാൻ ശ്രീദേവി ഒരുക്കമായിരുന്നില്ല. അവിടെ നിന്നിറങ്ങിയ അവൾ കൈയ്യിലുണ്ടായിരുന്ന കുറച്ചു സ്വർണ്ണം വിറ്റ് ഒരു ചെറിയ വീട് വാടകയ്ക്കെടുത്തു. ആ നാട്ടിൽ തന്നെ ജീവിക്കാൻ തുടങ്ങി. എന്നിട്ടും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോകാൻ അവൾക്ക് തോന്നിയില്ല. പെണ്മക്കൾ വിവാഹം കഴിഞ്ഞുപോയാൽ വിരുന്നുകാരെപ്പോലെ മാത്രമേ അച്ഛനമ്മമാർക്കടുത്തേയ്ക്ക് പോകാവു. വീട്ടുകാരിയായി തിരിച്ചു ചെന്നാൽ കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളുംകൊണ്ട് മനസ്സ് മരവിപ്പിക്കും. ജനിച്ച വീട്ടിൽ നിന്ന് കിട്ടുന്നത് ചെന്ന് കയറിയ വീട്ടിൽ നിന്ന് കിട്ടുന്നതിന്റെ നൂറിരട്ടിയാകും. അതൊക്കെ സഹിക്കാനുള്ള കരുത്ത് ചിലപ്പോൾ ഉണ്ടായെന്ന് വരില്ല.

അടുത്തുള്ള കുട്ടികൾക്ക് ട്യൂഷനെടുത്തും മറ്റും കുറച്ചു നാളുകൾ മുന്നോട്ടുപോയി. ഡിഗ്രിവരെ പഠിച്ചിരുന്ന അവൾ പിന്നെ തന്റെ വിദ്യാഭ്യാസം തുടർന്നു. എം എയും പിന്നെ  B Ed ഉം പൂർത്തിയാക്കി. അപ്പോഴെയ്ക്കും സാന്ദ്ര മോളെ സ്കൂളിൽ ചേർക്കാനുള്ള പ്രായവും ആയി. പി എസ് സി ടെസ്റ്റ് എഴുതി കുറച്ചു ദൂരെയുള്ള ഹൈസ്കൂളിൽ ടീച്ചറായി കയറുമ്പോൾ മകളുടെ പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞു. മകളെ നന്നായി പഠിപ്പിക്കണം….പിന്നെ ഒരു ജോലി…അതിനു ശേഷം മാത്രമേ അവളുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ എന്നൊരു തീരുമാനം ശ്രീദേവി നേരത്തെ എടുത്തിരുന്നു.

കോളേജിൽ പഠിക്കുന്ന സമയം സീനിയർ ആയി പഠിച്ച ജിനു എന്ന ചെറുപ്പക്കാരനുമായി സാന്ദ്ര പ്രണയത്തിലകുമ്പോഴും ആ അമ്മ മകളെ എതിർത്തില്ല….ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. പക്ഷെ അത് മാത്രമാകരുത് മനസ്സിൽ. ജീവിതത്തിന് ഒരു ലക്ഷ്യം വേണം. എന്തൊക്കെ പ്രതിസന്ധികൾ വന്നാലും തളരാതെ പിടിച്ചു നിൽക്കാനുള്ള കരുത്താർജ്ജിക്കണം. അതിന് ആദ്യം വേണ്ടത് വിദ്യാഭ്യാസം പിന്നെ ഒരു ജോലി. ഇത് രണ്ടും ഉണ്ടെങ്കിൽ ഒരു പെണ്ണിനെ തോൽപ്പിക്കാൻ ഒരാണിനും കഴിയില്ല. എത്രയൊക്കെ ഇഷ്ടപ്പെട്ട് കെട്ടിയതാണെങ്കിലും പൊരുത്തപ്പെടില്ലെന്ന് കണ്ടാൽ പൊട്ടിച്ചെറിയണം….എന്നിട്ട് ചങ്കൂറ്റത്തോടെ മുന്നോട്ട് ജീവിക്കണം. അല്ലാതെ കഴുത്തിൽ ചാർത്തിത്തരുന്ന താലിയുടെയും തിരുനെറ്റിയിൽ അണിയിക്കുന്ന ഒരു നുള്ളു സിന്ദൂരത്തിന്റെയും ബലത്തിൽ ഭർത്താവ് ചെയ്യുന്ന കൊള്ളരുതായ്മകളും ക്രൂ രതകളും സഹിച്ച് ഒരു പെണ്ണും ജീവിതം പാഴാക്കേണ്ട കാര്യമില്ല. സഹിച്ചു ജീവിക്കാൻ കഴിയാത്തൊരവസ്ഥയിൽ തിരികെ വന്നാൽ ഈ അമ്മ രണ്ടു കൈയും നീട്ടി സ്വീകരിക്കും…പക്ഷെ അപ്പോഴും ന്യായം എന്റെ മോളുടെ ഭാഗത്തായിരിക്കണം…പുഞ്ചിരിച്ചുകൊണ്ട് ശ്രീദേവി പറഞ്ഞ ആ വാക്കുകളാണ് സാന്ദ്ര എന്ന മകളുടെ ധൈര്യവും…..

അന്ന് സന്ദീപിന്റെ ക്രൂ ര ത കൾക്ക് വഴങ്ങി…എല്ലാം സഹിച്ച് ശ്രീദേവി ജീവിച്ചിരുന്നെങ്കിൽ….അവളും അടുക്കളയ്ക്കുള്ളിലെ കറുത്ത മാറാലയിൽ കുടുങ്ങിപ്പോകുമായിരുന്നു. ഉടുത്തുപഴകിയ സരിത്തുമ്പിൽ കരിയും കണ്ണീരും തുടച്ച് ഒരു ജന്മം മുഴുവൻ നീറിത്തീരുമായിരുന്നു. ഒരുപക്ഷെ അമ്മയുടെ അവസ്ഥ സാന്ദ്രയെന്ന മകളിലേയ്ക്കും  ഒരു തുടർച്ചയാകുമായിരുന്നു….

വർഷങ്ങൾക്കിപ്പുറം  ഇഷ്ടപ്പെട്ട പുരുഷന്റെ കൈകളിൽ മകളെ ഏൽപ്പിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് ആ അമ്മയെടുത്ത തീരുമാനം നടപ്പിലാക്കിയിരുന്നു. മകളുടെ ഉന്നത വിദ്യാഭ്യാസവും പിന്നൊരു ജോലിയും.

ജിനു എന്ന ബാങ്ക് മാനേജർ സാന്ദ്ര എന്ന പെൺകുട്ടിയുടെ കഴുത്തിൽ താലിയണിയിച്ചു കൂടെ കൂട്ടുമ്പോൾ അതെ ബാങ്കിലെ ക്യാഷിയർ ആയി ജോലി നോക്കുകയാണ് സാന്ദ്രയും…

അമ്മയുടെ ജീവിതത്തുടർച്ച മകളിലെയ്ക്ക് വരാൻ ഇന്ന് സാധ്യത തീരെ കുറവാണ്….കാലം മാറി….ഒപ്പം മനുഷ്യരും മാറി….പിന്നെ അവരുടെ ചിന്താഗതികളും…