എഴുത്ത്: മഹാ ദേവൻ
==================
“ശാരി..എനിക്ക് നിന്നെ ഇഷ്ടമൊക്കെ ആണ്. പക്ഷേ, എന്റെ വീട്ടുകാരെ ധിക്കരിച്ചുകൊണ്ട് നിന്നെ കെട്ടാനും ഒറ്റയ്ക്ക് താമസിക്കാനുമൊന്നും എനിക്ക് കഴിയില്ല. നിനക്ക് അറിയാലോ ഈ നാട്ടിൽ എന്റെ അച്ഛനുള്ള വിലയും അന്തസ്സും..അത് ഒറ്റ നിമിഷം കൊണ്ട് കളഞ്ഞ് കുളിക്കാൻ പറ്റില്ല..”
ആ അവസാനകൂടിക്കാഴ്ചയിൽ കിരൺ പറഞ്ഞ വാക്കുകൾ തല താഴ്ത്തി കേൾക്കുമ്പോൾ ശാരിക്ക് അത് സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായിരുന്നു. തന്റെ ജീവനേക്കാൾ ഏറെ ഇഷ്ട്ടമാണെന്ന് പറഞ്ഞവൻ ആണിപ്പോൾ…
“കിരൺ..ഇത് പറയാൻ ആയിരുന്നു എങ്കിൽ എന്തിനായിരുന്നു ഈ കൂടിക്കാഴ്ച? ഫോണിലൂടെ തീർക്കാമായിരുന്നില്ലേ ഈ ബന്ധം..ഇത്രനാൾ മോഹിപ്പിച്ചിട്ട് പെട്ടന്ന് ഒരു ദിവസം… “
അവൾ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ മുഖത്ത് ഉരുണ്ടുകൂടിയ കാർമേഘം അവന് കാണാമായിരുന്നു. പക്ഷേ, ആ കണ്ണുനീരുകൾക്ക് മുന്നിൽ ഒന്നും പതറാതെ അവൻ അവളെ നോക്കി ചിരിച്ചു,
“ഞാൻ മാത്രം ഇതിന് മുൻകൈ എടുത്ത പോലെ ഉണ്ടല്ലോ നീ പറയുന്നത് കേട്ടാൽ ? ഞാൻ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ മുന്നും പിന്നും ആലോചിക്കാതെ മൂളിയത് നീ തന്നെ അല്ലെ? അല്ലെങ്കിലും നിനക്ക് എന്ത് പോകാൻ അല്ലെ..കിട്ടുന്നതൊക്കെ ലാഭം അല്ലെ. നിലം പൊത്താറായ വീട്ടിലെ പെണ്ണിന് സ്വപ്നത്തിൽ പോലും കിട്ടാത്ത ബന്ധം വിട്ടുകളയാൻ മടി ഉണ്ടാകും. അല്ലെ…”
അവന്റെ പുച്ഛത്തോടെ ഉള്ള ഓരോ വാക്കുകളും കാതിൽ സ്പർശ്ശിക്കുമ്പോൾ അവളുടെ കണ്ണുകളിൽ സങ്കടത്തെക്കാൾ ഏറെ വെറുപ്പാണ് തോന്നിയത്. ഇതുപോലെ ഒരുത്തനെ ആണല്ലോ പ്രണയിക്കാൻ തോന്നിയത് എന്നോർത്ത്.
അവൾ മനസ്സിനെ കരയാതിരിക്കാൻ പാകപ്പെടുത്തി എഴുനേൽക്കുമ്പോൾ അവളുടെ ഭാവങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അവന്റെ മുഖത്തേക്കൊന്ന് നോക്കി, പിന്നെ വാക്കുകളിൽ വെറുപ്പോടെ തന്നെ അവന് നേരെ വിരൽചൂണ്ടി,
“കിരൺ. നിന്നെ പ്രേമിച്ചു എന്നൊരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളു. അതിന് എനിക്ക് കിട്ടാനുള്ളത് കിട്ടി. അല്ലെങ്കിലും തെറ്റ് എന്റെയാ..നമ്മളെക്കാൾ ഉയർന്ന നിലയിൽ ഉള്ളവൻ ആകുമ്പോൾ രണ്ടു വട്ടം ആലോചിക്കണമായിരുന്നു. നീ ഇപ്പോൾ പറഞ്ഞപോലെ കണക്കുകൾ സ്നേഹത്തിനു വിലങ്ങുതടി ആകുന്ന ഒരു നിമിഷം മുന്നിൽ കാണണമായിരുന്നു.
അതിനിടക്ക് നീ ഒന്ന് പറഞ്ഞല്ലോ…ഒന്നുമില്ലാത്ത ഞാൻ നിന്നെ പ്രേമിച്ചാൽ എനിക്ക് കിട്ടുന്ന ലാഭത്തെ കുറിച്ച്. അതേ എനിക്ക് ലാഭം തന്നേ ആണ്…നിന്റെ വീട്ടിലെ പണത്തിന്റെ ഹുങ്കിൽ നിന്ന് കുറച്ച് എനിക്കും കിട്ടുമെന്ന് ഓർത്തല്ല..പണം കൊണ്ട് ബന്ധങ്ങളെ അളക്കുന്ന നിന്നിൽ നിന്നും രക്ഷപ്പെട്ടത് ആണ് എന്റെ ലാഭം. ഇന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ നാളെ ചിലപ്പോൾ നിന്റെ മാത്രമല്ല, നിന്റെ അച്ഛന്റെയും അമ്മയുടെയും വായിൽ നിന്നും ആ കണക്ക് ഞാൻ കേൾക്കേണ്ടി വന്നേനെ…വേലക്കാരിക്ക് കൊടുക്കുന്ന ശമ്പളം ലാഭിക്കാനുള്ള വഴിയായി ആ വേലക്കാരിപ്പട്ടം എനിക്ക് തന്നേനെ നിങ്ങൾ. ഭർത്താവിന്റെ കൂടെ ജീവിതം സ്വപ്നം കണ്ടവൾ അടുക്കളപ്പുറത് മാത്രമായി ഒതുങ്ങിയേനെ….
അപ്പോഴും ഇപ്പോൾ നീ പറഞ്ഞപോലെ നിന്റെ വീട്ടുകാരുടെ അന്തസ്സ് കാക്കാൻ ഞാൻ ഭാര്യയാണെന്ന് പോലും പറയാൻ ചിലപ്പോൾ നീ മടിക്കും..അങ്ങനെ ഒരു നട്ടെല്ല് പണയം വെച്ചവന്റെ കൂടെ ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിലും നല്ലത് നീ ആഗ്രഹിച്ച പോലെ പിരിയുന്നതാണ്…
എന്റെ വീടിന് വലുപ്പം ഇല്ലന്നെ ഉളളൂ. അവിടെ ഉള്ളവരുടെ മനസ്സിന് വലുപ്പം ഉണ്ട്..അല്ലാതെ വീടിന്റ വലുപ്പവും ബാങ്ക് ബാലൻസും വെച്ച് ഇടുങ്ങിയ മനസ്സും ക്ലാവ് പിടിച്ച ചിന്തകളുമായി നടക്കുന്ന നിന്നെ പോലെ ഉള്ള കാമുകന്മാരോടൊപ്പം വന്നാൽ നടന്ന് തിന്നവന് നക്കിത്തിന്നാൻ പോലും പറ്റാത്ത അവസ്ഥ ആകും.”
എന്നും പറഞ്ഞ് എഴുന്നേൽക്കുന്ന അവളുടെ കയ്യിൽ പിടിച്ച് നിർത്തി കിരൺ.
“അങ്ങനെ വലിയ ഡയലോഗ് അടിച്ചിട്ട് പെട്ടന്ന് അങ്ങ് പോയാലോ..എനിക്ക് പറയാൻ ഉള്ളത് കൂടി കേട്ടിട്ട് പോ ” എന്നും പറഞ്ഞ് അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ റെസ്റ്റോറന്റിന്റെ അപ്പുറത്തെ ടേബിളിൽ പുറം തിരിഞ്ഞ് എല്ലാം നിരീക്ഷിച്ചുകൊണ്ട് ഇരിക്കുന്ന സ്ത്രീയെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു,
“ഇപ്പോൾ മനസ്സിലായോ അമ്മക്ക് എന്റെ പെണ്ണിനെ. ഇവൾക്ക് വേണ്ടത് നിങ്ങളുടെ ഇട്ടു മൂടാനുള്ള സ്വത്ത് അല്ല. എന്നെ ആണ്. നിങ്ങളുടെ പണത്തെക്കൾ വലുതാണ് സ്നേഹം എന്ന് അറിയിക്കാൻ വേണ്ടി മാത്രമാണ് അമ്മയെ ഞാൻ ഇവിടെ കൊണ്ട് വന്നത്. അതുകൊണ്ട് അമ്മക്ക് കാര്യം മനസ്സിലായെന്ന് കരുതുന്നു. ഇനി നിങ്ങളക്ക് താല്പര്യം ഉണ്ടെങ്കിൽ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കാം. അതല്ല, എന്നേക്കാൾ വലുത് പണം ആണെങ്കിൽ അതും കെട്ടിപിടിച്ചിരിക്കാം..പക്ഷെ, ആ പണത്തേക്കാൾ മൂല്യമുണ്ട് ഇവളുടെ ഈ സ്നേഹത്തിന്. അത് കളയാൻ ഞാൻ ഒരുക്കമല്ല “
എന്ന് പറയുന്ന അവനെ നോക്കി രോഷത്തോടെ കസേരയിൽ നിന്നും എഴുനേറ്റ് പുറത്തേക്ക് പോകുന്ന അമ്മയെ നോക്കി ഇരിക്കുന്ന കിരണിനെ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ നോക്കി നിൽക്കുകയായിരുന്നു ശാരി.
അത് കണ്ട് കൊണ്ട് തന്നെ അവൻ അവളുടെ കൈ പിടിച്ചിരുത്തികൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി,
“ശാരി..നീ എന്ത് കരുതി. ഞാൻ നിന്നെ അങ്ങനെ കളയുമെന്നോ..നിനക്ക് തോന്നുന്നുണ്ടോ എനിക്ക് അതിന് കഴിയുമെന്ന്. പണത്തെ മാത്രം സ്നേഹിച്ച എന്റെ വീട്ടുകാർക്ക് സ്നേഹത്തിന്റെ വിലയും അതിനെ ചൂഷണം ചെയ്യുമ്പോൾ ഒരു പെണ്ണിന്റ ആത്മാഭിമാനത്തിനുണ്ടാകുന്ന വേദനയും പ്രതികരണവും എന്റെ വീട്ടുകാർ മനസ്സിലാക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്തത്. അത് നിന്നെ വിഷമിപ്പിച്ചെങ്കിൽ സോറി. എനിക്ക് നിന്റെ സ്നേഹം തന്നെ ആണ് വലുത്. അതിനേക്കാൾ എത്രയോ ചെറുതാണ് നോട്ടുകെട്ടുകൾ..എല്ലുറപ്പും മനസ്സുറപ്പും ഉണ്ടെങ്കിൽ ജീവിതം സുന്ദരമായി മുന്നോട്ട് പോകും. പക്ഷേ, അതിന് കൂടെ നിൽക്കാൻ നിന്നെപ്പോലെ ഒരു പെണ്ണിനെ കിട്ടുന്നതാണ് ഏറ്റവും വലിയ സമ്പാദ്യം. !. “
എന്നും പറഞ്ഞ് അവളുടെ കൈകളിൽ ഉമ്മ വെക്കുമ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്ന് കൊണ്ട് നാലുപാടും നോക്കുന്നുണ്ടായിരുന്നു ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്.
ആ ചുംബനത്തിൽ അലിഞ്ഞിരിക്കുന്ന അവളെ നോക്കി കൊണ്ട് വിഷമത്തോടെ അവൻ പറയുന്നുണ്ടായിരുന്നു,
“ന്നാലും നീ എന്നെ നട്ടെല്ലില്ലാത്തവൻ എന്ന് പറഞ്ഞില്ലേ ” എന്ന്.
അത് കേട്ട മാത്രയിൽ പുഞ്ചിരിയോടെ അവളും പറയുന്നുണ്ടായിരുന്നു…
“അത് അപ്പോൾ അല്ലെ..അന്നേരം ഞാൻ കരുതി അവിടെ വാഴപ്പിണ്ടി ആണെന്ന്. ഇപ്പോൾ ആണ് മനസ്സിലായത് ങ്ങള്ക്ക് നട്ടെല്ല് രണ്ടാണ് ” എന്ന.!
അതും പറഞ്ഞവൾ പുഞ്ചിരിക്കുമ്പോൾ അവളുടെ ആ ചിരിയിൽ അവനും പങ്കുചേർന്നിരുന്നു
✍️ദേവൻ