പ്രസവമുറിയിലെ നിലവിളി…
Story written by Nisha Pillai
=================
ചെറുപ്പത്തിന്റെ ആവേശത്തിന് ഇറങ്ങി പോരാൻ പറഞ്ഞതായിരുന്നു. പൊന്നുപോലെ നോക്കുമെന്നു വെല്ലു വിളിച്ചതായിരുന്നു. അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മുൻപിൽ വച്ച് ” നീ എന്റെ പെണ്ണാണെന്നും, നീ എനിക്ക് വേണ്ടി ജനിച്ചതാണെന്നും ” ഒക്കെ വെല്ലുവിളിച്ചപ്പോൾ ഒരിക്കലും ഓർത്തില്ല തീരെ നിസഹായനായി നിൽക്കുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്ന്….
സമ്പന്നമായ ചുറ്റുപാടിൽ വളർന്ന അവളെ തന്റെ വീട്ടിലെ ദാരിദ്ര്യത്തിലേയ്ക്ക് കൊണ്ട് പോകാനിഷ്ടപ്പെട്ടില്ല. സമ്പത്തിലുള്ള അന്തരങ്ങൾ, ജാതീയമായ വൈവിധ്യം അതൊക്കെ അവളുടെ വീട്ടുകാരുടെ എതിർപ്പിന് കാരണമായി. അന്നൊക്കെ വാശിയായിരുന്നു സ്നേഹിച്ച പെണ്ണിനെ രാജകുമാരിയെ പോലെ സംരക്ഷിക്കണമെന്ന്, അല്ലലറിയാതെ പോറ്റണമെന്നു….ഒരു പരിധി വരെ അതിലൊക്കെ അവൻ വിജയിച്ചിട്ടുമുണ്ട്.
രെജിസ്റ്റർ മാരിയേജ് കഴിഞ്ഞു ഒന്നിച്ചു വാടക വീട്ടിലേയ്ക്കു മാറിയതാണ് ആദ്യ വിജയം. അവളെ പി എസ്സി കോച്ചിങ്ങിനു വിട്ടു. ഒരു പ്രൈവറ്റ് ബാങ്കിലെ ജോലിക്കാരന്റെ ശമ്പളം അത്ര മികച്ചതായിരുന്നില്ല. അവളുടെ ആവശ്യങ്ങൾ ഇപ്പോഴും വലുതായിരുന്നു. ഒരാളുടെ ശമ്പളം കൊണ്ട് വീട്ടു വാടക, കോച്ചിങ് ഫീസ്, വസ്ത്രം ഭക്ഷണം ഇവയൊക്കെ അല്പം ബുദ്ധിമുട്ടിയെങ്കിലും പരിഹരിച്ചു വന്നു.
അച്ഛനാകാൻ പോകുന്നുവെന്ന വാർത്ത ആദ്യം അറിഞ്ഞപ്പോൾ വളരെ അധികം സന്തോഷം തോന്നി. ഭാര്യ, കുട്ടി, സ്വന്തം കുടുംബം, ആ ചിന്തകൾ തന്നെ ജീവിതത്തിൽ താൻ എന്തൊക്കെയോ നേടി എന്ന തോന്നലുകൾ ഉണ്ടാക്കി. അവളുടെ ഗർഭത്തോടൊപ്പം സന്തോഷവും വർധിച്ചു കൊണ്ടേയിരുന്നു.
അവളോടുള്ള സ്നേഹത്തോടൊപ്പം പ്രസവ ചെലവുകൾ എന്ന ടെൻഷനും കൂടി. അടുത്തിടെയായി അച്ഛനായ, സഹപ്രവർത്തകന്റെ നിർദേശ പ്രകാരമാണ് ജില്ലാ ആശുപത്രിയിലേയ്ക്ക് ഭാര്യയെയും കൊണ്ട് പോയത്.
അത്യാവശ്യം വിപ്ലവ ചിന്തകളൊക്കെ മനസിലൂടെ കടന്നു പോയി. സർക്കാർ ജനങ്ങൾക്ക് വേണ്ടി പണി കഴിപ്പിച്ച, നല്ല സൗകര്യങ്ങൾ ഉപേക്ഷിച്ചു ബൂർഷാ മാർഗികൾ കെട്ടി പൊക്കിയ സ്വകാര്യ ആശുപത്രികൾ ഉപേക്ഷിക്കാൻ ഭാര്യക്ക് അവൻ ഉപദേശം നൽകി. ആദ്യത്തെ ദിവസത്തിൽ ക്യൂ നിന്നെങ്കിലും തുടർമാസങ്ങളിൽ ഡോക്ടറുടെ സ്വകാര്യ പരിശോധന കേന്ദ്രത്തിൽ പോയി കണ്ടു. നല്ല ഡോക്ടർ നല്ല പരിചരണം. രേവതിയുടെ ആരോഗ്യവും, ടെസ്റ്റിംഗ് റിസൾട്ടുകളും നോക്കിയിട്ടു സുഖപ്രസവം ആകുമെന്ന് ഡോക്ടർ നേരത്തെ പറഞ്ഞിരുന്നു. അവൾ അതിനു വേണ്ട ചെറിയ ചെറിയ വ്യായാമങ്ങളും യോഗയും ചെയ്യാനും തുടങ്ങിയിരുന്നു
അവളുടെ വയർ വീർത്തു വീർത്തു വന്നു. വയറിലെ ചലനങ്ങളും ഉന്തലുകളും ഒക്കെ തുടങ്ങിയ ദിവസങ്ങളിൽ അവൻ അവന്റെ പൊന്നോമനയോടു ഏറെ നേരം സംസാരിക്കാൻ തുടങ്ങി. രേവതിയുടെ വയറിൽ അവൻ മുഖം ചേർത്ത് വച്ചു.
“സന്ദീപേ ഇത് മോൻ ആണെന്ന് തോന്നുന്നു. എനിക്ക് നിന്നെ പോലെയൊരു മോൻ മതി.”
“അത് പറ്റില്ല രേവു,ഇത് മോൾ ആയിരിക്കും. നിന്നെപോലെയൊരു സുന്ദരി. ഞാനവളെയൊരു ഡാൻസ്കാരിയാക്കും.”
അവളുടെ ഗർഭവിവരം അറിഞ്ഞു രഹസ്യമായി അവളുടെ അമ്മ അവളെ വിളിക്കാൻ തുടങ്ങിയിരുന്നു. കോച്ചിങ് ക്ലാസ്സിൽ അവൾക്കു വേണ്ടുന്ന വിശേഷപ്പെട്ട പലഹാരങ്ങളും പഴങ്ങളുമൊക്കെ എത്തിക്കാൻ തുടങ്ങി. വൈകുന്നേരങ്ങളിലെ ബസിലെ തിരക്കിൽ അവൾ ഉന്തിയ വയറുമായി കഷ്ടപ്പെടാൻ തുടങ്ങിയതോടെ അവളുടെ അച്ഛനവളെ വീടിനെ ഗേറ്റ് വരെ കൊണ്ട് വന്നാകാൻ തുടങ്ങിയിരുന്നു. ആകെ അവർക്കൊക്കെയുള്ള അനിഷ്ടം ജില്ലാ ആശുപത്രിയിലെ പ്രസവം ആയിരുന്നു.
പറഞ്ഞതിലും ഒരാഴ്ച മുൻപേ അവൾക്കു വേദന തുടങ്ങി. രാത്രിയിൽ ചെറുതായി വന്ന വേദന രാവിലെ കൂടി അവൾ നില വിളിക്കാൻ തുടങ്ങി. പ്രേമിച്ചപ്പോഴോ കൂടെ താമസിക്കാൻ തുടങ്ങിയപ്പോഴോ അറിയാൻ കഴിയാത്തകാര്യം ഗർഭസമയത്താണ് സന്ദീപ് മനസിലാക്കിയത്, അവളൊരു പേടിച്ചു തൂ റി യാണ്. സൂചി കണ്ടാൽ ബോധം പോകും. അവൾ താഴെ വീഴും. ചെറിയ വേദന പോലും സഹിക്കാൻ കഴിയില്ല.
വേദന വന്നപ്പോൾ വലിയ വായിൽ നിലവിളിച്ചു കുഴഞ്ഞു പോയി അവൾ. സന്ദീപ് കുറെ ആശ്വസിപ്പിച്ചെങ്കിലും അമ്മമാരോ പ്രസവിച്ച് പരിചയമുള്ള സ്ത്രീകളോ അടുത്തില്ലാത്തതിന്റെ ബുദ്ധിമുട്ട് അവനു മനസിലായി തുടങ്ങി. രണ്ടു വർഷം മുൻപ് പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങി വന്നതാണ്, ഇനിയെങ്ങനെ അവൻ അമ്മയെ വിളിക്കും. സ്വന്തം കാര്യത്തിന്, ആവശ്യം വരുമ്പോൾ മാത്രം ഓർക്കേണ്ടവരല്ലല്ലോ മാതാപിതാക്കൾ. അവന് സങ്കടത്തിനിടയിലും അമ്മയെ ഓർത്തു കുറ്റബോധം തോന്നി.
ലേബർ റൂമിൽ രേവതിയെ പ്രവേശിപ്പിച്ചു. പകൽ സമയമാണ്. വർക്കിങ് ഡേ ആണ്..ഡോക്ടർ വരാൻ താമസിക്കുമെന്നു പറഞ്ഞു..ഹെഡ് നേഴ്സ് ജാനമ്മയാണ് ലേബർ റൂമിൽ….അവരൊരു പ്രത്യേക പ്രകൃതകാരിയാണ് എന്നാണ് ലേബർ റൂമിൽ കിടക്കുന്ന മറ്റൊരു സ്ത്രീയുടെ ഭർത്താവ് പറഞ്ഞത്.
ഇടക്കിടക്ക് രേവതിയുടെ കൂക്കി വിളി കേൾക്കാം. അപ്പോഴൊക്കെ അകത്തു നിന്നും നഴ്സുമാരുടെ ശാസനയും കേൾക്കാം.
പാവം രേവു ! അവളൊറ്റയ്ക്കു എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ടാകും. ഇതിനിടയ്ക്ക് പലപ്രാവശ്യം അവൻ അകത്തേയ്ക്കു എത്തി നോക്കി. അപ്പോഴൊക്കെ ചെറുപ്പക്കാരിയായ നേഴ്സ് അവനെ വഴക്കു പറഞ്ഞു.
“സഹോദരാ ഇതിനകത്ത് ആണുങ്ങൾക്ക് പ്രവേശനമില്ല. സ്ത്രീകൾ ആരെങ്കിലും കൂടെയുണ്ടോ.?”
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നിയില്ല. അടുത്തിരുന്ന ആൾ അവന്റെ ഫോൺ നമ്പർ വാങ്ങി, നിർബന്ധിച്ചു ഭക്ഷണം കഴിക്കാൻ പറഞ്ഞു വിട്ടു. ഉച്ച കഴിഞ്ഞപ്പോൾ ഡോക്ടർ എത്തി. സമയമായില്ല….കുറച്ചു കഴിഞ്ഞു ട്രിപ്പ് ഇടാം എന്നൊക്കെ പറഞ്ഞു.
ഇതിനിടയിൽ കൂടെ ലേബർ റൂമിൽ ഉണ്ടായിരുന്ന സ്ത്രീ പ്രസവിച്ചു. അവരൊക്കെ സന്തോഷത്തിലും മധുര വിതരണത്തിലുമായി. ആ കുഞ്ഞനെ കണ്ടപ്പോൾ സന്ദീപ് വികാരാധീനനായി. അയാൾ തന്റെ ജനനം ഓർത്തു. അമ്മ എന്ത് മാത്രം വേദന അനുഭവിച്ചിട്ടുണ്ടെന്നും, അച്ഛൻ ഇങ്ങനെ ലേബർ മുറിയുടെ മുൻപിൽ എത്ര നേരം കാത്ത് നിന്നിട്ടുണ്ടാകുമെന്നും അവൻ സങ്കടപ്പെട്ടു.
ഇതിനിടയ്ക്ക് നഴ്സുമാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞു. നേഴ്സ്മാരൊക്കെ മാറി പുതിയ നഴ്സ്മാർ വന്നു. ഇപ്പോൾ ലേബർ റൂമിന്റെ ചാർജ്ജ് കറുത്ത് തടിച്ച ക്രൂ ര മുഖമുള്ള ഒരു സ്ത്രീക്ക് ആയിരുന്നു. അവരെ കണ്ടപ്പോൾ അവനു തന്നെ പേടി തോന്നി. ഇതിടയിൽ മറ്റൊരു സ്ത്രീയെ ലേബർ റൂമിൽ അഡ്മിറ്റ് ചെയ്തു. അവർ ഏതോ രാഷ്ട്രീയക്കാരന്റെ ഭാര്യ ആയതിനാൽ അവർക്കു പ്രത്യേക പരിഗണന ലഭിച്ചു.
ഇടയ്ക്കു ലേബർ റൂമിൽ നിന്നും ഇറങ്ങി വന്ന മറ്റൊരു നേഴ്സ് അവനോടു വേദനയുടെന്നും കുഞ്ഞു പുറത്തേക്കു വരാനുള്ള ലക്ഷണം കാണിക്കുന്നില്ലായെന്നും ഇപ്പോൾ ഡോക്ടർ വരുമെന്നും സിസേറിയൻ ചെയ്യേണ്ടി വരുമെന്നും ഭയപ്പെടേണ്ട എന്നും പറഞ്ഞു.
“സിസ്റ്ററെ പതിനാറു മണിക്കൂർ ആയി അവൾ വേദന അനുഭവിക്കുകയാണ്. എന്തേലുമൊന്നു ചെയ്യ്. അവള് തളർന്നു കാണും.”
“ട്രിപ്പ് ഇട്ടിട്ടുണ്ട്. സ്ത്രീകൾ ആരേലും കൂടെയുണ്ടേൽ അകത്തു കയറ്റി ഒന്ന് കാണിക്കാമായിരുന്നു.”
ലേബർ റൂമിനകത്തു നിന്നും ചിരികളും ശാസനകളും കേൾക്കുന്നു. അതിനിടയിൽ വളരെ നേരിയ ശബ്ദത്തിൽ രേവതിയുടെ കരച്ചിലും കേട്ടു. ഇനി കാത്തിരിക്കാൻ വയ്യ അമ്മയെ വിളിക്കാം.
“എന്താ മോനെ.?”
“‘അമ്മേ രേവതി…ലേബർ റൂമിൽ.ജില്ലാ ആശുപത്രിയിൽ….”
“മോൻ വിഷമിക്കാതെ അമ്മയും അച്ഛനും ദേ എത്തി.”
ഇതാണമ്മ….രണ്ടു വർഷമായി സംസാരിക്കാതിരുന്ന ആളാണ്. ഒന്ന് വിളിച്ചപ്പോൾ എല്ലാം മറന്നു വരാൻ തയാറായത്.
രേവതിയുടെ വീട്ടിൽ ആരെയും വിളിച്ചിട്ടില്ല. അവളുടെ ആങ്ങള ജയനെ അറിയാം…ഒന്ന് വിളിക്കാം…
“എന്താ അളിയാ, എന്തെങ്കിലും പ്രശ്നമുണ്ടോ? “
“അളിയാ രേവതി ലേബർ റൂമിലാണ്. എന്തെങ്കിലും ഉടനെ ചെയ്യണം.”
“ധൈര്യമായിട്ടിരിക്കു, ഞാനിതാ എത്തി.”
ഈ സമയത്ത് ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായ ഒരു നേഴ്സ് ഇറങ്ങി വന്നു.
“രേവതിയുടെ ഭർത്താവാണോ? ഫോൺ നമ്പർ പറ.”
“ഞാൻ ഒരു വീഡിയോ അയക്കാം. ചെയ്യുന്നത് തെറ്റാണ് .വേറെ നിവൃത്തിയില്ല. അത് നിങ്ങൾ ലൈവിൽ ഇട്ട് വൈറൽ ആക്കണം. പരമാവധി സഹിച്ചു. ഒരു പെൺകുട്ടികൾക്കും ഇങ്ങനത്തെ അവസ്ഥ ഉണ്ടാകരുത്. രേവതിയ്ക്ക് അർജന്റ് സിസേറിയൻ ചെയ്യണം. ഡോക്ടറെ ഇപ്പോൾ ഇവിടെ വരുത്തണം..ഹെഡ് നേഴ്സ് വരട്ടെ, നോക്കട്ടെ എന്നൊക്കെയാണ് പറയുന്നത്..അവര് അങ്ങനെ ആണ്. ഇപ്പോൾ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ ഒപ്പമാണ്. ഇനിയൊരിക്കലും ഒരു പെൺകുട്ടിക്കും ഈ ഗതി വരാൻ പാടില്ല. ഒരു കാരണ വശാലും ഞാൻ ആണ് ഇത് തന്നതെന്ന് ആരും അറിയരുത്. ഇവരൊക്കെ യൂണിയന്റെ ആൾക്കാരാണ്. എനിക്കിട്ടു പണിതരും. ഞാൻ ഡിലീറ്റ് ആക്കി. വേണ്ടത് വേഗം ചെയ്യൂ.”
അവൻ ആ വീഡിയോ കണ്ടു. അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന രേവതി. അവളുടെ നിലവിളികൾ പരിഹാസത്തോടെ നേരിടുന്ന ഹെഡ് നേഴ്സ്.
“സിസ്റ്റർ എന്റെ ഭർത്താവിനെ വിളിക്കൂ, എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്നെ വേറെ ആശുപത്രിയിൽ കൊണ്ട് പോകാൻ പറ. ഞാനിപ്പോൾ ചത്ത് പോകും. ഡോക്ടറെ വിളിക്കൂ…ഞാൻ ഈ മൂലയിൽ എത്ര നേരമായി കിടക്കുന്നു. എന്റെയും എന്റെ കുഞ്ഞിന്റെയും ജീവനൊരു വിലയുമില്ലേ?”
“അടങ്ങി കിടക്കടി പെണ്ണെ. എല്ലാവരും വേദനയൊക്കെ അനുഭവിച്ചു തന്നാണ് പ്രസവിക്കുന്നത്. ഇപ്പോളുള്ള അവളുമാർക്ക് പേ റു വേണ്ടല്ലോ, കീറ് മതിയല്ലോ.”
പിന്നെ കണ്ടത് രേവതിയുടെ കരച്ചിലാണ്. അവൻ ഫേസ് ബുക്ക് ലൈവിൽ വന്നു
“ഞാൻ സന്ദീപ് , ജില്ലാ ആശുപത്രിയുടെ മുൻപിൽ നിൽക്കുന്നു. എന്റെ ഭാര്യയുടെ പ്രസവത്തിനായി അവളെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിട്ടു പതിനാറു മണിക്കൂർ കഴിഞ്ഞു. ഡോക്ടർ നോക്കിയിട്ടു പോയി. എന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും. ഇതിന്റെ ഉത്തരവാദിത്വം ആരേറ്റെടുക്കും. ഇതിനോടൊപ്പം ലേബർ റൂമിൽ ഞാൻ കണ്ടതും കേട്ടതുമായ കാഴ്ചകൾ ഒപ്പിയെടുത്ത ഒരു വീഡിയോ കൂടി ഇടുന്നു.”
അപ്പോഴേക്കും രേവതിയുടെ സഹോദരനും സന്ദീപിന്റെ മാതാപിതാക്കളുമെത്തി. വീഡിയോ കണ്ടവരൊക്കെ ഞെട്ടി..എല്ലാവരും ലേബർ റൂമിലേയ്ക്ക് തള്ളി കയറി. വീഡിയോ വൈറലായി. ആശുപത്രിയിലും ലേബർ റൂമിലും ഫോൺ വിളികളെത്തി. ഡോക്ടർമാർ ഓടിയെത്തി. രേവതിയെ അടിയന്തര ശസ്ത്രക്രിയക്ക് ലേബർ റൂമിലേയ്ക്ക് മാറ്റി. അരമണിക്കൂറിനുള്ളിൽ പ്രസവം നടന്നു. കുട്ടി ആൺകുട്ടി ആയിരുന്നു. നല്ല ഭാരവും നിറവുമൊക്കെയുള്ള ഒരു പൊന്നുമോൻ.
മാതൃത്വത്തെ അപമാനിച്ചതിൻ്റെ പേരിലും, ജോലിയിൽ പക്ഷപാതിത്വം കാണിച്ചതിൻ്റെ പേരിലും കൃത്യനിർവഹണത്തിലെ പിഴവുകൾ മൂലവും ഹെഡ് നഴ്സിന് സസ്പെൻഷൻ..ഡോക്ടർ പലപ്രാവശ്യം വിളിച്ച് തിരക്കിയപ്പോളും രോഗിയുടെ സ്ഥിതി അറിയിച്ചില്ല. സന്ദീപിന് വേണമെങ്കിലും ഡോക്ടറെ അറിയിക്കാമായിരുന്നു. ജൂനിയർ നഴ്സ് ഡോക്ടറെ അറിയിക്കാൻ ഹെഡ് സമ്മതിച്ചതുമില്ല.
യൂണിയൻ നേതാക്കൾ വന്നു, മാപ്പ് പറഞ്ഞു. കൂട്ടത്തിൽ വീഡിയോ ചിത്രീകരണത്തിന്റെ കാര്യങ്ങൾ അന്വേഷിച്ചു. ഒന്നും വിട്ട് പറഞ്ഞില്ല. സോഷ്യൽ മീഡിയ സംഭവം പൊലിപ്പിച്ചു. ഹെഡ് നഴ്സിനെ ക്കുറിച്ച് പരാതിയുമായി പലരും വന്നു
അവർക്ക് കുട്ടികളില്ല..ശാരീരികമായി ബുദ്ധിമുട്ടുന്ന ഗർഭിണികളെ മാനസികമായി തളർത്താൻ അശ്ളീലം കലർത്തിയുള്ള ശാസനകൾ. അത് കേട്ട് അസ്വസ്ഥരായി പ്രസവം തന്നെ വെറുക്കുന്ന പെൺകുട്ടികൾ.
“രേവതിയ്ക്കുണ്ടായ അനുഭവം ആർക്കുമുണ്ടാകരുത്. ഒരു സ്ത്രീയും ലേബർ റൂമിന്റെ വെറുത്തിട്ട് അവിടെ നിന്നിറങ്ങരുത്.”
“അവിടെ കിടന്ന അവസ്ഥയിൽ ഞാനാലോചിച്ചതാണ്. ഇനി ജീവിതം തിരിച്ചു കിട്ടിയാലും ഇനി വീണ്ടുമൊരു തവണ കൂടി ഗർഭിണിയാകില്ലെന്ന്. അത്രമാത്രം അനുഭവിച്ചു ആ ദിവസം.”
“അങ്ങനെയൊന്നും പറയല്ലേ മോളെ”
സന്ദീപിൻ്റെ അമ്മ അവളുടെ മുടിയിഴകളിൽ തലോടി..രേവതിയുടെ അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് സുഖമായ ഉറക്കത്തിലായിരുന്നു….
രേവതിയുടെ സഹോദരനും സന്ദീപും സോഷ്യൽ മീഡിയയിൽ വന്ന അനുകൂല കമൻ്റുകൾ വായിക്കുകയായിരുന്നു.
✍️നിശീഥിനി