സൂര്യ ദയനീയതയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. പക്ഷെ സത്യ എന്തൊക്കയോ ആലോചിച്ചു….

പ്രണയവും കാ മ വും പിന്നെ വിരഹവും

Story written by Kannan Saju

===============

“നമുക്ക് ഇതിവിടെ നിർത്താം സൂര്യ ! “

അവളുടെ വാക്കുകൾ കൊണ്ടത് അവന്റെ നെഞ്ചിൽ ആയിരുന്നു…

പാർക്കിലെ ആ ബഞ്ചിൽ അവൾക്കൊപ്പം ഇരിക്കുമ്പോൾ ഒരിക്കലും സത്യയുടെ നാവിൽ നിന്നും അവനതു പ്രതീക്ഷിച്ചിരുന്നില്ല! അവളുടെ കോൺവൊക്കേഷൻ ചടങ്ങിന് ധരിക്കാൻ സമ്മാനമായി വാങ്ങിയ മാല എടുക്കാൻ ബാഗിലേക്ക് കയ്യിടുമ്പോൾ ആയിരുന്നു അവളതു പറഞ്ഞത്.

കൈകൾ അവൻ പതിയെ പുറത്തേക്കു വലിച്ചു….തലയിലെ ഭാരം താങ്ങിക്കൊണ്ട് പ്രയാസപ്പെട്ടു മുഖമുയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി

“എന്നാ പെട്ടന്ന് ഇങ്ങനൊക്കെ ????? “

വാക്കുകൾ മുഴുവപ്പിക്കാൻ അവനു കഴിയുമായിരുന്നില്ല.

“അറിയില്ല..എന്തോ വല്ലാത്തൊരു കുറ്റബോധം “

“കുറ്റബോധോ ??? ” അവൻ ഞെട്ടലോടെ അവളെ നോക്കി

“അതെ ! എന്റെ അച്ഛനേം അമ്മേനേം ഒക്കെ ഞാൻ പറ്റിക്കുവാണോ എന്നൊരു തോന്നൽ “

“നീ ഇതെന്നൊക്കെയാ എന്റെ സത്യാ  ഈ പറയുന്നേ ???? കൊല്ലം എത്രയായി നമ്മൾ ഇഷ്ടത്തിൽ ആയിട്ടു  ????അന്നൊന്നും ഈ അച്ഛനും അമ്മയും ഒന്നും നിനക്കില്ലാരുന്നോ ??? “

“നിന്നെ ഒരിക്കലും എന്റെ വീട്ടുകാർ അംഗീകരിക്കില്ല സൂര്യ !!! “

“അതിനു നീ വീട്ടിൽ പറഞ്ഞാൽ അല്ലെ അംഗീകരിക്കുമോ ഇല്ലയോ എന്ന് പറയാൻ പറ്റു… ഇനി അഥവാ അവര് സമ്മതിച്ചില്ലെങ്കിൽ നമുക്കു കല്യാണം കഴിക്കാം എന്ന് നീ തന്നെയല്ലേ പറഞ്ഞിട്ടുള്ളത് “

“ഞാൻ വീട്ടിൽ പോയി എന്നാന്നു പറയണം  ???? ഒരു ഡെലിവറി ബോയിയെ കൊണ്ട് എന്നെ കെട്ടിക്കാൻ പറയണോ ??? ഇപ്പൊ കെട്ടിച്ചു തരും…മാത്രല്ല, കല്യാണം ഒന്നേ ഉള്ളു…അതെനിക്ക് നല്ല രീതിയിൽ നടത്തണം “

“ഓ !!! ഡെലിവറി ബോയ് ! ഹും…ഇത്രയും നാളും നിനക്കീ തോന്നലുകൾ ഒന്നും ഇല്ലാരുന്നല്ലോ ??? ഇപ്പൊ എവിടന്നു വന്നു  ??? ഞാൻ ലോണിന് അപ്ലൈ ചെയ്തിട്ടുള്ള കാര്യം നിനക്കറിയാവുന്നതല്ലേ ???? അത് പാസ്സായ ഉടൻ നമ്മള് നമ്മുടെ ബിസിനസ് സ്റ്റാർട്ട്‌ ചെയ്യില്ലേ ??? “

സൂര്യ ദയനീയതയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി…പക്ഷെ സത്യ എന്തൊക്കയോ ആലോചിച്ചു ഉറപ്പിച്ച മട്ടിൽ ആയിരുന്നു .

“സ്റ്റാർട്ട്‌ ചെയ്തിട്ട് ???? “

“നീ എന്നാ ഇങ്ങനൊക്കെ ചോദിക്കുന്നെ ??? “

” പിന്നെ  ???? അത് വിജയിച്ചില്ലെങ്കിലോ??? “

“സത്യാ !!! ” സൂര്യ ആശ്ചര്യത്തോടെ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.

“നീ എല്ലാം തീരുമാനിച്ചിട്ടില്ല വരവാണല്ലേ ??? “

“യെസ് ! ഒരുപാട് നല്ല ഓർമ്മകൾ നീ എനിക്ക് തന്നിട്ടുണ്ട്…ഒരുപാട് കാര്യങ്ങൾ നമ്മൾ ആസ്വദിച്ചു ചെയ്തിട്ടുണ്ട്…നമ്മുടെ പ്രണയം മനോഹരമായിരുന്നു…പക്ഷെ കല്യാണം വരുമ്പോൾ അങ്ങനല്ല! “

സൂര്യ ഞെട്ടി തരിച്ചു നിന്നു

“എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്…പക്ഷെ നിന്നെക്കൊണ്ടു അതൊന്നും ഫുൾ ഫിൽ ചെയ്തു തരാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല….അതിനു സമ്പാദ്യം വേണം ! എന്റെ പപ്പാ കല്യാണത്തിന് സമ്മതിച്ചാൽ തന്നെ ഒരു കല്യാണം നടത്താൻ ഉള്ള ത്രാണി ഉണ്ടോ നിനക്കിപ്പോ ???? കുറച്ചു സ്നേഹം തരാൻ പറ്റുവായിരിക്കും ബട്ട്‌… സോറി സൂര്യ “

സൂര്യ എന്ത് പറയണം എന്നറിയാതെ പകച്ചു നിന്നു

“പഴയ ഓർമ്മകളും കണക്കുകളും ഒന്നുമായി ഇനി എന്റെ മുന്നിലേക്ക്‌ വരരുത് …. “

നിറയുന്ന കണ്ണുകളോടെ അവൻ സത്യയെ നോക്കി  “ആന കൊടുത്താലും ആശ കൊടുക്കരുതെന്ന…സാരില്ല… പൊ…പൊയ്ക്കോ “

“നമ്മുടെ ഫോട്ടോസ്  ???? വീഡിയോസ് ??? “

“കളഞ്ഞേക്കാം “

“നിന്നെ എനിക്ക് വിശ്വാസമാണ്….ഒരിക്കലും എന്നെ ദ്രോഹിക്കുന്ന ഒന്നും നീ ചെയ്യില്ലെന്ന് “

തന്റെ കണ്ണുകൾക്കു സത്യയെ കാണാൻ ശക്തി ഇല്ലാതെ കീഴോട്ട് നോക്കി സൂര്യ നിന്നു….അവളുടെ വാക്കുകൾ ഓരോന്നായി അവന്റെ മനസ്സിനെ കാർന്നു തിന്നുകൊണ്ടിരുന്നു.

സമയം രാത്രി ആയി….സത്യ കട്ടിലിൽ തന്നെ ഒരേ കിടപ്പാണ്.

“നിങ്ങള് പോയി അവളെ ഒന്ന് വിളിക്കുവോ ??? ” വന്നപ്പോ മുതൽ ഒരേ കിടപ്പാ

സത്യയുടെ മമ്മി പപ്പയോടു പറഞ്ഞു. അദ്ദേഹം ന്യൂസ്‌ പേപ്പർ താഴെ വെച്ച് കസേരയിൽ നിന്നും എണീറ്റു സത്യയുടെ മുറിക്കു മുന്നിൽ വന്നു എത്തി നോക്കി. ശേഷം ഭാര്യയെ ഒന്ന് തിരിഞ്ഞു നോക്കി

“എന്നാ എങ്കിലും പറഞ്ഞു ഒന്ന് വിളിച്ചോണ്ട് വാ മനുഷ്യാ “

പപ്പാ മെല്ലെ അകത്തേക്ക് കയറി…കട്ടിലിൽ അവൾക്കരുകിൽ വന്നിരുന്നു…കമിഴ്ന്നു മുഖം തിരിഞ്ഞു കിടക്കുന്ന സത്യയോട്  ” പൊന്നു “

അവൾ കണ്ണുകൾ തുടച്ചു മെല്ലെ എഴുന്നേറ്റിരുന്നു.

“വാ…നമുക്ക് ചോറുണ്ണാം…മമ്മി അവിടെ നോക്കി ഇരിക്കണു “

“എനിക്ക് വേണ്ട പപ്പാ … വിശപ്പില്ല ! “

“ഹാ….ഇങ്ങനെ വാശി പിടിക്കല്ലേ പൊന്നു…കഴിക്കാതിരുന്ന നിന്റെ ശരീരത്തിനല്ലേ കേടു ?? “

“എനിക്കെന്നാ പറ്റാനാ പപ്പാ ???? ഏഹ് ??? ” വിങ്ങി പൊട്ടിക്കൊണ്ട് ” പട്ടിണി കിടന്നാ ഞാൻ ചത്തു പോവായിരിക്കും ! ഞാൻ എപ്പോഴേ ചത്തു പപ്പാ….നിങ്ങൾക്കൊക്കെ വേണ്ടി എന്റെ ജീവന ഞാൻ ഇട്ടിട്ടു പോന്നത് “

കരച്ചിൽ അടക്കാൻ ആവാതെ പൊട്ടിക്കരയുന്നു…..

ഒന്നും പറയാനാവാതെ പപ്പാ താഴേക്കും നോക്കി ഇരുന്നു….

“അത് കഴിഞ്ഞ കാര്യല്ലേ മോളെ ???അതും പറഞ്ഞു നീ പപ്പേടെ മനസ്സ് വിഷമിപ്പിക്കല്ലേ”

മമ്മി അകത്തേക്ക് വന്നുകൊണ്ട് പറഞ്ഞു

“ഒന്ന് നിർത്തണ്ടോ ” അവൾ ഉച്ചത്തിൽ അലറി

പപ്പ നടുങ്ങി പോയി…അയ്യാൾ ഞെട്ടലോടെ അവളെ നോക്കി

“എന്നാ പറഞ്ഞാലും ഒരു പപ്പേനെ വിഷമിപ്പിക്കല്ലേ പപ്പേനെ വിഷമിപ്പിക്കല്ലേ….അപ്പൊ എനിക്കീ പറഞ്ഞ സാധനം ഒന്നും ഇല്ലേ ??? എന്റെ മുന്നിൽ വിഷക്കുപ്പിയും പിടിച്ചു ചാവും എന്ന് പറഞ്ഞു നിന്നപ്പോ വേറെ ഒരു ഗതിയും ഇല്ലാതെ ഞാൻ കൊണ്ട് കളഞ്ഞിട്ടു വന്നത് പ ട്ടിക്കുട്ടിയും പൂച്ചക്കുട്ടിയും ഒന്നും അല്ല ! ഒരു മനുഷ്യനയാ! എന്നെ പൊലേം നിങ്ങളെ പൊലേം വിഷമവും വികാരങ്ങളും ഉള്ള മനുഷ്യനെ ! ഇത്രയും നാൾ സ്നേഹിച്ചിട്ടും ഒരു വാക്കുകൊണ്ട് പോലും എന്നെ നോവിക്കാത്ത ഒരുത്തനെ…ഇങ്ങനൊരുത്തനെ കിട്ടാൻ ഏതു പെണ്ണും കൊതിച്ചു പോവുന്ന ഒരുത്തനെ “

“അത് മോളെ നിന്റെ നല്ലതിന് വേണ്ടിയല്ലേ ” മമ്മി പറഞ്ഞു തീരും മുന്നേ ” എന്നാ നല്ലതിന് ? എനിക്ക് നല്ലത് എന്നേക്കാൾ നിങ്ങൾക്കണോ അറിയാവുന്നെ ??? നിങ്ങടെ ഫസ്റ്റ് പ്രോബ്ലം മതം ആണ്..അതെനിക്കറിയാം…രണ്ടാമത്തെ പ്രശ്നം അവർ മിഡിൽ ക്ലാസ്സ്‌ ആണ്. ഇതിനിടക്ക്‌ എപ്പോഴേലും എന്റെ ഇഷ്ടങ്ങളെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ??? ഏതെങ്കിലും ഒരുത്തന്റെ കയ്യിൽ ഞാൻ സന്തോഷം ആയി ഇരിക്കും എന്ന് നിങ്ങക്ക് തോന്നേണ്ടോ ??? ഉണ്ടോന്നു???? “

ഇരുവരും പരസ്പരം നോക്കി

അവൾ തുടർന്നു….

“അവസാന നിമിഷവും അവനെന്നെ ഞെട്ടിച്ചു…നിങ്ങൾ ആ ത്മഹത്യ ഭീഷണി മുഴക്കിയ കൊണ്ട് ഞാൻ അവനോടു അത് പറയുമ്പോ എനിക്കുറപ്പുണ്ടായിരുന്നു അവൻ ഒരിക്കലും മറ്റു വിഡ്ഢികളെ പോലെ എന്നോട് പ്രതികാരം ചെയ്യുവോ കുറ്റപ്പെടുത്തുവോ ചെയ്യില്ലെന്ന്..എന്നെ വെറുക്കാൻ വേണ്ടി ഞാൻ അത്രയും പറഞ്ഞിട്ടും സ്നേഹിച്ച അതെ ബഹുമാനത്തോടെ ഒരു പ ഴി വാക്ക് പോലും പറയാതെ എനിക്ക് എന്റേതായ സ്പേസ് തന്നു എന്നെ യാത്ര അയച്ചു അവൻ ! ഇക്കാലത്തു പെണ്ണ് തേച്ചെന്നു പറഞ്ഞാൽ കത്തിയും ആസിടും എടുക്കുന്ന കാലത്ത് ഇങ്ങനൊരുത്തനെ എവിടാ കിട്ടും മമ്മി???? അവിടെ വെച്ച് അറിയാതെ എങ്കിലും തോന്നിപ്പോയി അവനു വേണ്ടി നിങ്ങള് ചാവാണെങ്കിൽ ചത്തോളാൻ പറയാന്നു! “

“മോളെ… ” മമ്മി ഞെട്ടലോടെ അവളെ വിളിച്ചു

“പിന്നെ ഞാൻ എന്നാ മമ്മി പറയണ്ടേ ??? അവൻ കൊ ല പാ തകിയും കള്ളനും ഒന്നും അല്ലല്ലോ…കുറച്ചു പൈസയുടെ കുറവ്.. ജോലി…ഇപ്പൊ ഞാനും പാസായില്ലേ  ??? എനിക്കും ജോലി ആയില്ലേ ??? പിന്നെ എന്നാ കുഴപ്പം ??? എനിക്ക് നിങ്ങളോടുള്ള സ്നേഹം വെച്ചാ നിങ്ങൾ കളിച്ചതു…ഇമോഷണൽ ബ്ലാക്‌മെയ്ലിംഗ്…അതിനു എന്റെ ജീവിതത്തിന്റെ വില ഉണ്ട്… അത് നിങ്ങൾ ഓർത്തോ “

ഒന്നും മിണ്ടാനാവാതെ പപ്പ അങ്ങനെ തന്നെ ഇരുന്നു

“സങ്കടം താങ്ങാനാവാതെ അവനെങ്ങാനും വല്ല കടുംകൈയ്യും ചെയ്ത…ഹാ “

ദേഷ്യത്തോടെ കട്ടിലിൽ നിന്നും ഇറങ്ങി അവൾ ബാൽക്കണിയിലേക്ക് നടന്നു.

“ആ ചെറുക്കാനെങ്ങാനും കേറി തൂങ്ങുവോ ??? ” ഭയത്തോടെ മമ്മി പപ്പയെ നോക്കി ചോദിച്ചു

ചോറുണ്ണട്ടെ കയ്യിട്ടു കറക്കിക്കൊണ്ടിരിക്കുന്ന സൂര്യയെ അച്ഛൻ ദേവൻ സൂക്ഷിച്ചു നോക്കി..ശേഷം അമ്മ മാലിനിയെ നോക്കി. എനിക്കൊന്നും അറിയില്ലെന്ന് മാലിനി കൈകൊണ്ടു ആംഗ്യം കാണിച്ചു.

“സാറ് പരസ്യത്തിന് കഥ ആലോചിക്കുവായിരിക്കും! “

സൂര്യ അച്ഛന്റെ വാക്ക് കേട്ടു ഞെട്ടലോടെ ഇരുവരെയും നോക്കി. ഒന്നും മിണ്ടാതെ വേഗത്തിൽ ചോറ് വാരി ഉണ്ണാൻ തുടങ്ങി.

“അല്ല പതിവില്ലാതെ ഇന്നെന്ന നേരത്തെ  ??? ബാഗും തൂക്കി നാട്ടുകാരുടെ അടുത്ത് തെ ണ്ടാൻ പോയില്ലേ ??? “

ഒന്നും മിണ്ടാതെ അച്ഛനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് സൂര്യ ഭക്ഷണം കഴിക്കൽ തുടർന്നു.

“നിങ്ങക്കിതെന്നാത്തിന്റെ കേടാ മനുഷ്യാ  ??? ആ കൊച്ചു കഴിക്കട്ടെ “

അമ്മ സപ്പോർട്ട് കൊടുത്തു..

“പിന്നെ കൊച്ചു…. “

ഭക്ഷണം കഴിച്ചു കൈ കഴുകാൻ പിന്നമ്പുറത്തേക്ക് വന്ന സൂര്യയെ കാത്തു അച്ഛൻ അവിടെ നിക്കുന്നുണ്ടായിരുന്നു.

“നീ ബാങ്കിൽ ലോണിന് ചോദിച്ചിരുന്നോ ??? “

” ഉം”

” എന്നിട്ട് എന്ന നീ എന്നോട് പറയാതിരുന്നത്? “

“അത് അഡ്വർടൈസമെന്റ് ഏജൻസി തുടങ്ങാൻ വേണ്ടി ആയിരുന്നു “

“പിന്നെ എന്നാണാവോ ഇന്ന് വിളിച്ചത് വേണ്ട എന്ന് പറഞ്ഞത് ??? “

“അത്… “

“ഞാൻ ഇന്ന് ബാങ്കിൽ ചെന്നപ്പോ അറിഞ്ഞതാ…അത് പോട്ടെ നിന്റെ ഇഷ്ടം…പക്ഷെ ഈ ഉള്ളിൽ ഒരുപാടു വിഷമം വെച്ച് പുറത്തു അഭിനയിച്ച ആരും മനസ്സിലാക്കില്ല എന്നൊരു തോന്നൽ ഉണ്ടോ മോനു??? “

സൂര്യ ഒന്നും മിണ്ടാതെ നിന്നു ….

“ഏതെങ്കിലും പെണ്ണുങ്ങൾ ഇട്ടിട്ടു പോയോ ???? ” സൂര്യ ഞെട്ടലോടെ അച്ഛനെ നോക്കി

“ഞെട്ടണ്ട ! നിനക്കതല്ലാതെ വേറെ എന്നാ വിഷമം വരാനാ  ???? രാവിലെ ബൈക്കും ബാഗും എടുത്തു ഇറങ്ങും ഡെലിവറിന്നും പറഞ്ഞ. കിട്ടണ പൈസ മുഴുവൻ ക്യാമരേം സാധനങ്ങളും മേടിച്ചു കളയും. ഒരു ദിവസം അവധി കിട്ടിയാലോ ക്യാമരേം തൂക്കി ബൈക്കുമായിട്ടു ഇറങ്ങും..ഇതല്ലേ നിന്റെ ജീവിതം ??? ഇതിനിടക്ക്‌ വേറെ എന്നാ വിഷമിക്കാനാ  ??? പെണ്ണ് വെല്ലോം ഇട്ടിട്ടു പോയതാണേൽ ദൈവത്തെ ഓർത്തു ഞങ്ങളെ രണ്ടിനേം ഫെയിമസാക്കരുത്. ” അച്ഛൻ കൈ കൂപ്പി

” ങേ ??? “

“നീ ആ ത്മ ഹത്യ ചെയ്യാനോ അവളെ പോയി കൊ ല്ലാനോ നിക്കരുതെന്നു “

സൂര്യ ഒന്ന് ചിരി വരുത്തി

“നീ കാണിക്കണ്ട…ഇപ്പോ ഒരു ന്യൂസ്‌ ചാനലു പോലും വെക്കാൻ പറ്റാത്ത അവസ്ഥയാ…ഞങ്ങക്ക് നീ ഒന്നേ ഉള്ളുന്നു ഓർമ വേണം…ഇനി ഒരു കൈ നോക്കാൻ ഉള്ള ബാല്യവും എനിക്കില്ല…ഹും “

അവനെ ഒന്ന് ഇരുത്തി നോക്കികൊണ്ട്‌ അച്ഛൻ അകത്തേക്ക് നടന്നു.

“അയ്യേ ! ” സ്വയം പറഞ്ഞു കൊണ്ട് സൂര്യ നിലാവാത്തേക്ക് നോക്കി നിന്നു..അച്ഛൻ അകത്തു കയറി എന്നുറപ്പായതും അവന്റെ കണ്ണുകൾ നിറഞ്ഞു. ” ഒന്ന് പൊട്ടിക്കരയാൻ തോന്നണു ” അവൻ സ്വയം പറഞ്ഞു. മുറിയിൽ കയറാൻ തോന്നുന്നില്ല.. മുഴുവൻ അവളുടെ ഓർമ്മകൾ വരും. എന്ത് ചെയ്യണം എന്നറിയാതെ അവൻ ഇരുട്ടിലേക്കും നോക്കി അങ്ങനെ നിന്നു.

മമ്മി ഉറക്കമായി….. പപ്പ ചാരു കസേരയിൽ ചിന്തയിൽ മുഴകി കിടന്നു. ബാൽക്കാണിയിൽ ആകാശവും നോക്കി സത്യ ഇരുന്നു.

“നമ്മുടെ മോൻ ഓക്കേ അല്ലെ ??? “

അമ്മ അച്ഛനോടു ചോദിച്ചു

“അതെന്ന നിനക്കിപ്പോ അങ്ങനെ തോന്നാൻ  ??? “

“അവൻ ഒരുപാടു പക്വത കാണിക്കുന്നത് ഒരുപാട് വിഷമം വരുമ്പോഴാ…പണ്ട് മുതലേ എല്ലാം ഒറ്റയ്ക്ക് സഹിച്ചല്ലേ ശീലം. നല്ലൊരു കൂട്ടുകാരൻ പോലും ഇല്ല. എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഇവൻ ആരോട് പറയും.?? “

“നീ ഓരോന്ന് പറഞ്ഞു എന്നെയും കൂടെ ടെൻഷൻ ആക്കല്ലേ “

അച്ഛൻ ദീർഘാമായി നിശ്വസിച്ചു.

നേരം വെളുത്തു…ആരോ തുരു തുരാ വീടിന്റെ ബെല്ലടിച്ചു….ഉറക്കച്ചടവിൽ എണീറ്റു പോയി വാതിൽ തുറന്ന അച്ഛനും അമ്മയും ഞെട്ടലോടെ പരസ്പരം നോക്കി.. മുന്നിൽ സത്യയും പപ്പയും മമ്മിയും.

സത്യ അവരെ അച്ഛനും അമ്മക്കും പരിചയപ്പെടുത്തി.

അച്ഛൻ അവരെ അകത്തേക്ക് ഇരുത്തി…

“ദൈവമേ അവൻ എന്നേലും ഒപ്പിച്ചു കാണുവോ ?? ” അമ്മ അച്ഛന്റെ ചെവിയിൽ പിറു പിറുത്തു…മിണ്ടാതിരിക്കാൻ എന്നാ വണ്ണം അച്ഛൻ അമ്മയുടെ കൈകളിൽ നുള്ളി.

“ഞാൻ സൂര്യയെ വിളിക്കാം… ” അച്ഛൻ മുറിയിലേക്ക് പോവാൻ തുടങ്ങിയതും

“ഇപ്പൊ വിളിക്കണ്ട…നമ്മൾ സംസാരിച്ചു കഴിഞ്ഞു വിളിച്ചാൽ മതി “

അച്ഛൻ തലയാട്ടി…പപ്പാ കാര്യങ്ങൾ പറഞ്ഞു.

“എനിക്കീ പള്ളിയും പ്രാർത്ഥനയും ഒക്കെ ആയി നടന്നു അങ്ങനൊരു വികാരം തലയ്ക്കു പിടിച്ചു പോയിരുന്നു…ഇന്നലെ ഒരുപാട് ചിന്തിച്ചു..എല്ലാവരും ദൈവത്തിന്റെ മക്കൾ അല്ലെ…നമ്മുടെ മക്കളുടെ ഇഷ്ടം മനസ്സിലാക്കി അവരുടെ മനസ്സ് മനസിലാക്കി അവരുടെ സന്തോഷം കണ്ടും അനുഭവിച്ചും ജീവിക്കുമ്പോ അല്ലെ??? “

“അതെ അതെ ” അച്ഛൻ അറിയാതെ പറഞ്ഞു പോയി

“ദേവൻ എന്നെ കളിയാക്കിയതല്ലല്ലോലെ ??? ” പപ്പാ ഇരുത്തി ചോദിച്ചു

“ഏയ്‌.. ഞാനാ ഒരു ഓളത്തിനു “

പപ്പ ചിരിച്ചു

“അല്ല ,എന്റെ മോനെ പറ്റി ശരിക്കും അന്വേഷിച്ചിട്ടു തന്നെ ആണല്ലോല്ലേ വന്നത് ??? ” അച്ഛൻ ഒന്നിരുത്തി ചോദിച്ചു

“ഓ ഈ മനുഷ്യൻ എല്ലാം കൊളാക്കും…ഒന്ന് മിണ്ടാതിരി മനുഷ്യ നല്ല കിടിലൻ പെൺകൊച്ചു…” അമ്മ അടക്കം പറഞ്ഞു…

“എന്നാ രണ്ടു പേരും കൂടെ ?? “

“ഏയ്‌..ഞങ്ങൾ വെറുതെ ” അച്ഛൻ ചിരിച്ചുകൊണ്ട് നിർത്തി

“എന്നാ സൂര്യേനെ വിളിച്ചാലോ? ” മമ്മി ചോദിച്ചു

അച്ഛൻ തലയാട്ടിക്കൊണ്ട് സൂര്യയുടെ മുറിയുടെ കതകിൽ തട്ടി..

” ഡാ “…. ” സൂര്യാ “

വീണ്ടും തട്ടി….പിന്നേം തട്ടി.. ഉച്ചത്തിൽ വിളിച്ചു..അനക്കമില്ല..എല്ലാവരും ഇരുന്നിടത്തുന്നു എണീറ്റു..അച്ഛൻ ഭയത്തോടെ അവരെ തിരിഞ്ഞു നോക്കി.. വേഗം പുറത്തേക്കൊടി ജനൽക്കൽ എത്തി..അടച്ചിരിക്കുന്നു. അമ്മ നെഞ്ചിൽ കൈ വെച്ചു. മമ്മി അമ്മയെ ആശ്വസിപ്പിച്ചു.. ” ഒന്നും ഉണ്ടാവില്ല.. ചിലപ്പോ ഉറങ്ങുവായിരിക്കും”

“സൂര്യാ… സൂര്യാ…… ” കതകിൽ തട്ടിക്കൊണ്ടു സത്യ ഉച്ചത്തിൽ വിളിച്ചു.

“ദേവാ ഒന്നും നോക്കണ്ട ചവിട്ടി പൊളിച്ചോ “

മൂന്നാമത്തെ ചവിട്ടിനു ഡോർ പൊളിഞ്ഞു എല്ലാവരും ഓടി അകത്തു കയറി.മുറിയിൽ സൂര്യ ഇല്ല. അകത്തെ ബാത്റൂമിൽ നിന്നും ശോക പാട്ടും വെള്ളം വീഴുന്ന ഒച്ചയും. എല്ലാവരും പരസ്പരം നോക്കി നിക്കേ വെള്ളം നിർത്തി തല തോർത്തിക്കൊണ്ട് തുണി ഇല്ലാതെ സൂര്യ പുറത്തേക്കിറങ്ങി.

എല്ലാവരും വാ പൊളിച്ചു നിന്നു. സൂര്യ വീണ്ടും ഓടി ബാത്റൂമിൽ കയറി…

” പണ്ടിവനെ ഇതുപോലെ ഒരു തൂണീം ഇല്ലാതെ എന്റെ കയ്യിൽ കിട്ടിയ അന്ന് തുടങ്ങിയ കഷ്ടകാലമാ എന്റെ.. ഇനി ഈ കൊച്ചിന്റെ ഗതി എന്നതാവോ ഈശ്വരാ ”  അത് കേട്ടിട്ടു പപ്പയും മമ്മിയും സത്യയെ നോക്കി ചിരിച്ചു.

“ഒന്ന് പൊ മനുഷ്യ…നാണം കെടുത്താൻ ആയിട്ട്…പുറത്തേക്ക് നടക്കു ” അമ്മ പിന്നിൽ നിന്നും മുറിക്കു വെളിയിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു.

പക്വത പരമായ ചിന്തകളും പുനർ ചിന്തകളും കൊണ്ട് ദുഃഖ പൂരിതമാകമായിരുന്ന രണ്ടു വീടുകളും ഒപ്പം രണ്ടു മനസ്സുകളും ഇന്ന് ആനന്ദത്തിന്റെ പര കോടിയിൽ ആണ്!

അവസാനിച്ചു.

~Kannan Saju അഥർവ്വ് ❣️