അവൾ ആദ്യമൊക്കെ എതിർത്ത് നിന്നെങ്കിലും അവന്റെ മോഹന വാഗ്ദാനങ്ങളിൽ അവസാനം അടിയറവ് പറയേണ്ടി വന്നു…

പ്രതികാരം

Story written by Saji Thaiparambu

==============

വൈറ്റില ജംഗ്ഷനിലെ ചുവന്ന സിഗ്നൽ ലൈറ്റിന് മുന്നിൽ പ്രസാദ് തന്റെ ബൈക്ക് ബ്രേക്കിട്ടു നിർത്തി.

ലൈറ്റിന് സമീപമുള്ള ഡിജിറ്റൽ മീറ്ററിൽ കൗണ്ട് ഡൗൺ നടക്കുന്നത്, അയാൾ അക്ഷമനായി നോക്കി നിന്നു.

ഇന്നും താമസിച്ച് ചെന്നാൽ, അസിസ്റ്റൻറ് എൻജിനീയർ അറ്റൻറൻസ് ഒപ്പിടീക്കില്ലന്ന് താക്കീത് ചെയ്തിട്ടുണ്ട്.

എട്ട് മണിക്ക് ഇനി അഞ്ച് മിനിറ്റേയുള്ളു. ഈ ജംഗ്ഷൻ പിന്നിട്ട് കുണ്ടന്നൂരെത്തണം. അയാൾ ആക്സിലേറ്റർ റെയ്സ് ചെയ്ത് കൊണ്ട് റൈറ്റ് സിഗ്നലിട്ട് സൈഡ്  ഗ്ളാസ്സിൽ നോക്കി, റെഡിയായി.

പൊടുന്നനെ, ഗ്ളാസ്സിലൂടെ പുറകിലെ സ്കൂട്ടറിൽ ഇരിക്കുന്ന യുവതിയെ കണ്ട അയാൾ തിരിഞ്ഞ് നോക്കി.

ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നു പോയി.

അതവൾ തന്നെ, രേഷ്മ….അയാളുടെ മനസ്സിലേക്ക് ഭൂതകാലത്തിന്റെ കടന്ന് കയറ്റമുണ്ടായി.

പെട്ടെന്ന് പുറകിൽ നിന്ന് വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോണടി കേട്ടയാൾ തന്റെ ബൈക്ക് മുന്നോട്ടെടുത്തു.

കെ എസ് ഇ ബി, ഓഫീസിലെത്തുമ്പോഴേക്കും ,AE ആബ്സന്റ് വരയ്ക്കാനായി അറ്റൻറൻസ് രജിസ്റ്റർ കൈയ്യിലെടുത്തിരുന്നു. പ്രസാദിനെ കണ്ടപ്പോൾ ഒന്നിരുത്തി മൂളിയിട്ട്, ഒപ്പിടുവാനായി രജിസ്റ്റർ അയാളുടെ നേർക്ക് നീട്ടി.

ഒപ്പിട്ട് വെളിയിലിറങ്ങുമ്പോഴും, സൺറൈസ് മീറ്റിംഗ് നടക്കുമ്പോഴും പ്രസാദിന്റെ ചിന്തകൾ നേരത്തെ കണ്ട രേഷ്മയെക്കുറിച്ചായിരുന്നു.

അവൾ ഒന്നുകൂടി ഒന്ന് മിനുങ്ങിയിട്ടുണ്ട്. ഗ്ളാ സില്ലാത്ത ഹെൽമറ്റിനകത്തു കൂടി കാണുന്ന വട്ടമുഖം, പണ്ടുണ്ടായിരുന്ന തിനെക്കാളും തുടുത്തിട്ടുണ്ട്.

അവൾ തന്നെ കാണാതിരുന്നതാണോ അതോ മനപ്പൂർവം മുഖം തിരിച്ച് വച്ചതോ? താൻ നോക്കുമ്പോൾ, അവൾ സിഗ്നൽ ലൈറ്റിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു.

അവളുടെ നമ്പർ, തന്റെ ഫോണിലുണ്ടോ ആവോ? അയാൾ ഫോണെടുത്ത് സേർച്ച് ബോക്സിൽ RESH എന്ന് ടൈപ്പ് ചെയ്ത് തുടങ്ങിയപ്പോഴെ രേഷ്മയിൽ തുടങ്ങുന്ന പല പേരുകൾ തെളിഞ്ഞ് വന്നു.

ഹൊ ” കിട്ടി.

ആശ്വാസത്തോടെ അയാൾ ആ പേര് കണ്ടെത്തി.

രേഷ്മാരവി. ചെത്തുകാരൻ രവിച്ചേട്ടന്റെ മൂത്ത മകൾ. നാലഞ്ച് കൊല്ലം മുമ്പ് ഫീൽഡ് എൻക്വയറിക്കു് പോയപ്പോഴാണ് അവളെ ആദ്യമായി കാണുന്നത് എന്നയാളോർത്തു.

തികച്ചും അവിചാരിതമായി, അവളുടെ വീട്ടിലേക്ക്, ആവശ്യമായ വൈദ്യുതി കണക്ഷൻ നല്കുന്നതിനായി, എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ, തന്റെ അടുത്ത് നിന്ന് ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവൾ കാണിച്ച ഉത്സാഹം, വല്ലാത്തതായിരുന്നു. അച്ഛൻ ജോലിക്ക് പോയത് കൊണ്ട് അന്ന് അമ്മയാണ് അവിടെയുണ്ടായിരുന്നത്.

താൻ അളവെടുക്കാൻ ഉള്ള ,ടേപ്പ് പിടിക്കാൻ അമ്മയോടാണ് പറഞ്ഞതെങ്കിലും, അവളാണ് ടേപ്പിന്റെ ഒരറ്റത്ത് പിടിച്ച് ,തന്നെ സഹായിച്ചത്.

നീളമുള്ള ചുരുണ്ട മുടിയിഴകൾ ചെറുകാറ്റിൽ മുഖത്തേക്ക് ഊർന്നു വീഴുമ്പോൾ അത് മാടിയൊതുക്കാൻ അവൾ നന്നെ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ താൻ ചോദിച്ചതാണ്.

“എന്നാൽ പിന്നെ ആ ടേപ്പ് അമ്മയെ ഏല്പിച്ച് താൻ ആ മുടിയൊന്ന് കെട്ടിവെക്ക് ” എന്ന്.

ഉടൻ അവൾ പറഞ്ഞു.

“ഹേയ് വേണ്ട ചേട്ടാ, ഇതൊക്കെ ഞാൻ തന്നെ ചെയ്താലേ ശരിയാവു. “

എന്തോ വലിയ ഉത്തരവാദിത്വം, കാണിക്കുന്ന പോലെയുള്ള, അവളുടെ വാക്കുകൾ.

“ചേട്ട “

എന്നുള്ള ആ വിളി ഉള്ളിലെവിടെയോ ഒരു കുളിർമ്മയുണ്ടാക്കിയോ? ഫീൽഡിൽ ചെല്ലുമ്പോൾ സാധാരണ എല്ലാവരും തന്നെ സാറേ എന്ന് വിളിച്ച് ബഹുമാനം കാണിക്കുന്ന പതിവാണുള്ളത്.

പക്ഷേ ഇത് തികച്ചും വ്യത്യസ്തമായി ഒരു ചേട്ടാ വിളി.

അതും മാധുര്യമുള്ള ശബ്ദത്തിൽ വളരെ ഹൃദ്യമായി തോന്നി.

അവളുടെ സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ എന്തൊക്കെയോ പ്രത്യേകത തോന്നിയത് കൊണ്ട് തിരിച്ച്പോരാൻ നേരത്ത് ,ഓഫീസിൽ ചെന്നിട്ട് വിളിച്ച് അടയ്ക്കേണ്ട എസ്റ്റിമേറ്റ് എമൗണ്ട് പറഞ്ഞ് തരാമെന്ന വ്യാജേന ,അവളുടെ മൊബൈൽ നമ്പർ ചോദിച്ചു

പക്ഷേ അവളൊരു വിളഞ്ഞ വിത്തായിരുന്നു.

“അതെ അച്ഛൻ വരുമ്പോൾ അങ്ങോട്ട് വന്നോളും അന്നേരം പറഞ്ഞാൽ മതി.”

അത് കേട്ട് താൻ ചൂളിപോയെങ്കിലും, ചമ്മല് മാറ്റാൻ ഒരു ഒഴുക്കൻ ചിരി പാസ്സാക്കി വേഗംഅവിടുന്ന് സ്ഥലം കാലിയാക്കി.

പക്ഷേ മനസ്സ് അപ്പോഴും അവളെ പിന്തുടർന്ന് കൊണ്ടിരുന്നു.

പിന്നെ അവളെ കുറിച്ചുള്ള അന്വേഷണമായിരുന്നു.

അവളുടെ വീടിനടുത്ത് നിന്ന് വരുന്ന, വർക്കർ പ്രിയേഷാണ്, അവളുടെ സകല കാര്യങ്ങളും പറഞ്ഞത്.

വിവാഹിതയും അഞ്ച് വയസ്സുള്ള, ഒരു പെൺകുട്ടിയുടെ അമ്മയുമാണവൾ, ഭർത്താവ് പട്ടാളത്തിൽ .രണ്ട് വർഷത്തിലൊരിക്കൽ വരും. നാട്ടിലെ ചെറുപ്പക്കാരുടെയൊക്കെ, വലിയ ഒരാഗ്രഹമായിരുന്നു, അവളെ കല്യാണം കഴിക്കണമെന്നുള്ളത്. പക്ഷേ ജോലിയും കൂലിയുമില്ലാത്ത വായിനോക്കികൾക്കൊന്നും തന്റെ മോളെ കൊടുക്കില്ല എന്ന കടുംപിടുത്തത്തിൽ എങ്ങാണ്ടുന്നോ തപ്പിയെടുത്തോണ്ട് വന്നതാ ഈ പട്ടാളക്കാരനെ.

“അയാളൊരു കാ ണ്ടാമൃ ഗമാണെന്നേ, ഒരു മനുഷ്യപ്പറ്റില്ലാത്തവൻ, ആ പെണ്ണ് എങ്ങനെ സഹിക്കുന്നോ ആവോ?

പ്രിയേഷ് അത് പറഞ്ഞത് കേട്ടപ്പോൾ പ്രസാദ് മനസ്സിൽ പറഞ്ഞു.

ഉം കിട്ടാത്ത മുന്തിരി പുളിക്കും.

പക്ഷേ ആ മുന്തിരി തനിക്കൊന്ന് രുചിച്ച് നോക്കണ്ടേ? പ്രസാദിന്റെ മനസ്സിൽ അടുത്ത ഇരയെ വേട്ടയാടാനുള്ള തന്ത്രങ്ങളൊരുങ്ങി.

അങ്ങനെ തക്കം പാർത്തിരുന്ന ഒരു ദിവസം അയാളുടെ ഫോണിലേക്ക് ഒരു അപരിചിത നമ്പരിലെ കോൾ വന്നു.

അത് രേഷ്മയുടെ കോളായിരുന്നു.

“ഹലോ ചേട്ടാ ഞങ്ങളുടെ ഈ ഭാഗത്തെങ്ങും, കറണ്ടില്ലല്ലോ, ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ല. അങ്ങനെ അച്ഛന്റെ ഫോണിൽ നിന്ന് ചേട്ടനെ വിളിച്ച, ഈ നമ്പർ തപ്പിയെടുത്ത് വിളിച്ചതാ”

തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ ദൈവമേ…അയാൾ ദൈവത്തെ സ്തുതിച്ചു.

“അതേ, മെയിൻ ലൈനിൽ വലിയൊരു മരം വീണിട്ടുണ്ട്. സപ്ളെ കിട്ടാൻ കുറച്ച് താമസിക്കും”

മറുപടി കേട്ട് ഫോൺ വയ്ക്കാൻ ഒരുങ്ങിയ അവളോട്, അയാൾ ചോദിച്ചു.

“ഇത് രേഷ്മയുടെ ഫോൺ നമ്പരാണോ”

” അതേല്ലോ, പക്ഷേ എന്നെ വിളിക്കാൻ നോക്കണ്ടാ, ഇത് പോലെ എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ ഞാൻ വിളിച്ചോളാം. ചേട്ടന് ബുദ്ധിമുട്ടാകില്ലല്ലോ അല്ലേ?

ആ ചോദ്യം കേട്ടയാൾ ആവേശത്തോടെ മറുപടി പറഞ്ഞു

“ഹേയ്, എന്ത് ബുദ്ധിമുട്ട് എപ്പോൾ വേണമെങ്കിലും തനിക്ക് വിളിക്കാം”

ആ വിളിക്കായി ഞാൻ കാത്തിരിക്കുകയാണെന്ന് അയാൾ മനസ്സിൽ പറഞ്ഞു.

പിന്നീട് അത്യാവശ്യത്തിനും ആവശ്യങ്ങൾക്കും വിളിച്ചിരുന്ന അവൾ, അവന്റെ മധുര സംഭാഷണത്തിൽ ആകൃഷ്ടയായി, ദിവസേന വിളിക്കാൻ തുടങ്ങി.

ചില ദിവസങ്ങളിൽ പട്ടാളക്കാരൻ ഭർത്താവിന്റെ ഫോൺ കോളുകൾ എൻഗേജ്ഡ് ടോൺ മാത്രമായി പാതിരാത്രികളിലും മുഴങ്ങി.

ഭർത്താവിന്റെ ചോദ്യങ്ങൾക്ക് അവൾ ബുദ്ധിപരമായി നുണക്കഥകൾ മെനഞ്ഞു, അയാളുടെ സംശയങ്ങൾ കാറ്റിൽ പറത്തി.

ഈ സമയം പ്രസാദ് അവളുടെ ശരീരത്തെ പ്രാപിക്കാനുള്ള തിടുക്കത്തിലായിരുന്നു. ഇത് പോലെ എത്രയെണ്ണത്തിനെ അയാൾ പാട്ടിലാക്കിയിരിക്കുന്നു. ദാഹമടങ്ങും വരെയുള്ള ഒരാവേശം. അത് കഴിയുമ്പോൾ പുതുമുള്ള സ്ത്രീ ശരീരം തേടിയുള്ള അടുത്ത പ്രയാണം.

“നിനക്കൊരു,കല്യാണം കഴിക്കണ്ടേ പ്രസാദേ ?

സഹ പ്രവർത്തകരുടെ ചോദ്യം

“ഓഹ്, ഒരു ചായ കുടിക്കാനായി ആരെങ്കിലും ചായക്കട സ്വന്തമാക്കുമോ?”

അവന്റെ ആ വഷളൻ ചോദ്യം കേൾക്കുമ്പോൾ പിന്നെയാരും ഒന്നും മിണ്ടില്ല.

പ്രസാദിന് പഠിച്ച പണി പതിനെട്ടും പയറ്റേണ്ടി വന്നു, രേഷ്മയെ, സ്വന്തം കരവലയത്തിലൊതുക്കാൻ.

നിഷ്കളങ്കയായ അവൾ ആദ്യമൊക്കെ എതിർത്ത് നിന്നെങ്കിലും അവന്റെ മോഹന വാഗ്ദാനങ്ങളിൽ അവസാനം അടിയറവ് പറയേണ്ടി വന്നു.

ആദ്യ സമാഗമത്തിന് ശേഷം കുറ്റബോധം തോന്നിയെങ്കിലും, പട്ടാളക്കാരനായ ഭർത്താവിന്റെ പരുക്കൻ സ്വഭാവവും, സ്നേഹ ശൂന്യതയും, പ്രസാദിനെ വച്ച് നോക്കുമ്പോൾ ,അയാൾ ഒട്ടും റൊമാൻറിക് അല്ല എന്ന ബോധ്യവും, അവൾക്ക്, സ്വയം ന്യായീകരിക്കാനുള്ള കാരണമായി.

അവളുടെ ഈ ദൗർബല്യം തന്നെയായിരുന്നു, വീണ്ടും വീണ്ടും തന്റെ ഇംഗിതത്തിന് രേഷ്മയെ ബലിയാടാക്കാൻ, പ്രസാദിന് പ്രചോദനമായത്.

കാലം കടന്ന് പോയി വേനൽ വന്ന് ,വസന്തകാലത്തെ ചുട്ട് പൊള്ളിച്ചു. പൂത്തുലഞ്ഞ യൗവ്വനം വൃക്ഷലതാദികളിൽ നിന്ന് വിട പറഞ്ഞു.

മാറി വന്ന കാലാവസ്ഥാ വ്യതിയാനത്തിൽ, നാട്ടിൽ പകർച്ചവ്യാധികൾ ഉടലെടുത്തു.

ദിവസവും രണ്ട് നേരം കുളിച്ച്, മുഖത്ത് ചായങ്ങളുടെ സഹായത്താൽ പ്രസാദിനെ പ്രീതിപ്പെടുത്താൻ ഒരുങ്ങി നടന്നിരുന്ന രേഷ്മയ്ക്കും ചിക്കൻപോകിസിന്റെ ആക്രമണമുണ്ടായി.

അവളെ ഒഴിവാക്കാൻ തക്കം പാർത്തിരുന്ന പ്രസാദിന്, രേഷ്മ ശയ്യാവലംബയായി എന്ന വാർത്ത സന്തോഷം പകർന്നു.

വിവരമറിഞ്ഞ ഭർത്താവ് ലീവെടുത്ത് നാട്ടിൽ വന്ന് അവളെ ശുശ്രൂഷിച്ചു.

രോഗം മാറി കുളിച്ചെഴുന്നേറ്റപ്പോൾ, അവൾ സൈലൻറാക്കി വച്ചിരുന്ന തന്റെ ഫോണെടുത്ത് നോക്കി.

പക്ഷേ അവൾ പ്രതീക്ഷിച്ച മിസ്സ്ഡ് കോൾ അതിലില്ലായിരുന്നു.

ഭർത്താവ് പുറത്ത് പോയ സമയം നോക്കി അവൾ പ്രസാദിന്റെ ഫോണിലേക്ക് വിളിച്ചു.

പക്ഷേ അയാൾ അത് മുൻകൂട്ടി കണ്ട് അവളുടെ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു.

താൻ ചതിക്കപ്പെട്ടതാണെന്ന സത്യം മനസ്സിലാക്കിയപ്പോഴേക്കും അവൾ ഗർഭിണിയായി കഴിഞ്ഞിരുന്നു.

താനറിയാതെ തന്റെ ഭാര്യയുടെ വയറ്റിൽ വളരുന്ന കുഞ്ഞ്, പെ ഴച്ച സന്തതിയാണെന്ന് തിരിച്ചറിഞ്ഞ ഭർത്താവ്, അവളെ ഉപേക്ഷിച്ച് തന്റെ സ്വന്തം മകളെയും കൊണ്ട് കാശ്മീരിലേക്ക് തിരിച്ച് പോയി.

രേഷ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനോടൊപ്പം അവളുടെ പകയും വളർന്ന് കൊണ്ടിരുന്നു.

********************

” പ്രസാദ് സാറേ ‘ ഇന്ന് ജോലിയൊന്നുമില്ലേ?

പുറകിൽ നിന്ന് പ്രിയേ ഷിന്റെ വിളി കേട്ട് അയാൾ ഓർമ്മകളിൽ നിന്നുണർന്നു.

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ,ലൈൻമാൻ ഏല്പിച്ച ഡിസ്കണക്ഷൻ ലിസ്റ്റ് എഫക്റ്റ് ചെയ്യുമ്പോഴും അവന്റെ മനസ്സ് അവളുടെ കൊടുത്തുരുണ്ട ശരീരത്തിലായിരുന്നു. വീണ്ടുമൊരങ്കത്തിന് പുറപ്പാടാനായി അവനൊരുങ്ങി. മൊബൈൽ എടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്ത് നെഞ്ചിടിപ്പോടെ ചെവിയോർത്തു.

അവസാന ബെല്ലടിച്ച് കഴിഞ്ഞപ്പോൾ, അങ്ങേ തലയ്ക്കൽ ഫോൺ അറ്റൻറ് ചെയ്തു.

“ഹലോ “

വശ്യമാർന്ന ആ ശബ്ദം വർഷങ്ങൾക്കിപ്പുറം കേൾക്കുമ്പോഴും ആകർഷണീയതയിപ്പോഴും കുറഞ്ഞിട്ടില്ലെന്ന് അവന് തോന്നി.

“ഹലോ. രേഷ്മാ, ഓർമ്മയുണ്ടോ എന്റെയീ ശബ്ദം “

അവൻ വികാരാർദ്രനായി ചോദിച്ചു.

മറുപടി പ്രതീക്ഷിച്ചിരുന്നപ്പോൾ അപ്പുറത്ത് പൂർണ്ണ നിശബ്ദതയായിരുന്നു.

‘ഹലോ രേഷ്മാ, ഇത് ഞാനാ പ്രസാദ് ഇത്ര വേഗം നീയെന്നെ മറന്നോ?

അവൻ ഒന്നുകൂടി തരളിതനായി.

“ഇല്ല, ഞാൻ മറന്നിട്ടില്ല. അതിനെനിക്ക് കഴിയില്ല.

ഒന്ന് നിർത്തിയിട്ട് അവൾ വീണ്ടും ചോദിച്ചു.

“എവിടെയായിരുന്നു ,ഇത്ര നാൾ, ഞാനെത്ര തവണ വിളിച്ചു. കിട്ടാതിരുപ്പോൾ, പ്രിയേ ഷിനോട് അന്വേഷിച്ചു..അപ്പോൾ അവനാ പറഞ്ഞത്, ദൂരെയെവിടെയോ ട്രാൻസ്ഫറായി പോയെന്ന്.

രേഷ്മയ്ക്ക് തന്നോട് പിണക്കമൊന്നുമില്ലെന്ന് മനസ്സിലാക്കിയ പ്രസാദ്, അവളിലേക്കുള്ള തന്റെ അടുത്ത പ്രയാണം എളുപ്പമാണെന്ന് മനസ്സിലായി.

“അതേടാ, പെട്ടെന്നായിരുന്നു എല്ലാം. നിന്നോട് യാത്ര പറഞ്ഞിട്ട് പോകണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നിനും സമയം കിട്ടിയില്ല. എന്റെ പഴയ ഫോണും കളഞ്ഞ് പോയി. പിന്നെ പ്രിയേഷിന്റെ കൈയ്യിൽ നിന്നാ നിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ചത്.

കെടിച്ചമച്ച കളത്തരങ്ങൾ, അവൾ വിശ്വസിച്ചതായി അവന് മനസ്സിലായി.

“പിന്നെ രേഷ്മാ, എപ്പോഴാ നിന്നെയൊന്ന് കാണാൻ പറ്റുന്നേ, എത്ര നാളായി നമ്മളൊന്ന് കൂടീട്ട് “

ആ വഷളൻ ചോദ്യം കേട്ട് അവൾക്ക് അവജ്ഞ തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ അവൾ പറഞ്ഞു.

“ഉം, ഞാനും കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഒരു കാര്യം ചെയ്യു, ഇന്ന് രാത്രി ഇങ്ങോട്ട് വരു,.അച്ഛനും, അമ്മയും ഉറങ്ങിക്കഴിയുമ്പോൾ ഞാൻ മിസ്സ്ഡ് അടിക്കാം.”

ഇത്ര പെട്ടെന്ന് അവൾ തന്നെ ക്ഷണിക്കുമെന്ന് അവൻ കരുതിയില്ല,

നന്ദിസൂചകമായി അവൻ ഫോണിലൂടെ അവൾക്കൊരു മധുരചുംബനം നല്കി, ഫോൺ കട്ട് ചെയ്തു.

രാത്രി….

നിലാവ് കാർമുകിലിന്റെ മറയിലേക്കു് കയറിയ നേരം നോക്കി, പ്രസാദ് രേഷ്മയുടെ കതകിൽ മെല്ലെ മുട്ടി.

“കയറി വന്നോളൂ. വാതിൽ ചാരിയിട്ടേ യുള്ളു. “

രേഷ്മയുടെ പതിഞ്ഞ ശബ്ദം കേട്ട് ഒരു ഉൾ കുളിരോടെ അവൻ അകത്തേക്ക്‌ കയറി.

അവിടെ കട്ടിലിൽ കിടക്കുന്ന, വിരൂപയും, വികലാംഗയുമായ ഒരു പെൺകുട്ടിക്ക് കഞ്ഞി കോരി കൊടുക്കുന്ന രേഷ്മയെ കണ്ടയാൾ സ്തബ്ധനായി.

നിശബ്ദനായി നില്ക്കുന്ന അയാളെ നോക്കി അവൾ ചോദിച്ചു.

“ഇതെന്താ, മിഴിച്ച് നില്ക്കുന്നത് “

ശബ്ദം വീണ്ടെടുത്ത് അവൻ ചോദിച്ചു.

“രേഷ്മേ നിന്റെ മോളെവിടെ, ഇത് , ഇതാരുടെ മോളാ”

ആ ചോദ്യം കേട്ടവൾ പൊട്ടിച്ചിരിച്ചു.

“ഹ ഹ ഹ എന്റെ മോളെ, അവളുടെ അച്ഛൻ കൊണ്ട് പോയി, പിന്നെ ഇത്. ഇത് നിങ്ങളുടെ മോളാ, നിങ്ങൾ എനിക്ക് സമ്മാനിച്ചിട്ട് പോയ നിങ്ങളുടെ ചോര “

അത് കേട്ടയാൾ ഞെട്ടിത്തരിച്ചു.

“അല്ല, അല്ല, എനിക്കിങ്ങനൊരു മോളില്ല’

അതും പറഞ്ഞയാൾ പുറകിലേക്ക് വലിയാൻ തുടങ്ങി.

അങ്ങനങ്ങ് പോകാൻ വരട്ടെ സാറേ, ആ മുഖത്ത് നോക്കിയാൽ തന്നെ അറിയാല്ലോ, സാറിന്റെ അതേ മുഖഛായ”

വാതിൽ കടന്ന് വന്ന പ്രിയേഷാണ്, അത് പറഞ്ഞത്. അവന്റെ പുറകിലായി, രേഷ്മയുടെ അച്ഛനും അമ്മയും. താനൊരു ട്രാപ്പിലകപ്പെട്ടെന്ന് അപ്പോഴാണ് പ്രസാദിന് മനസ്സിലായത്.

“പ്രിയേഷേ നീ”

പ്രസാദ് അവന്റെ നേരെ തിരിഞ്ഞു.

“അതെ സാറെ ഞാൻ തന്നെ, രേഷ്മയുടെ ഭർത്താവ് അവളെ ഉപേക്ഷിച്ച് പോയി, അതിന് കാരണക്കാരൻ സാറ് തന്നാ, ചെയ്ത് പോയ തെറ്റിന് രേഷ്മയ്ക്ക് ദൈവം കൊടുത്തത്, ജന്മനാഓട്ടിസം ബാധിച്ച ഇങ്ങനൊരു കുഞ്ഞിനെയാ, സംഭവിച്ച കാര്യങ്ങളൊക്കെ അവൾ അച്ഛനോടും അമ്മയോടും പറഞ്ഞത് പോലെ, കളി കൂട്ടുകാരനായ എന്നോടും പറഞ്ഞിരുന്നു. നിങ്ങൾ തിരിച്ച് വരാൻ കാത്തിരിക്കുകയായിരുന്നു. ഞങ്ങളെല്ലാം. അതിന് വേണ്ടി മനപ്പൂർവ്വം നിങ്ങളുടെ മുന്നിൽ വന്ന് പ്രത്യക്ഷപ്പെട്ടതാണ്, രേഷ്മ.

അവൻ പറഞ്ഞ് നിർത്തിയപ്പോൾ രേഷ്മ തുടർന്നു.

“അതെ, നിങ്ങളെ തിരിച്ച് എന്റെ കാൽച്ചുവട്ടിൽ കൊണ്ട് വരണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇനി നിങ്ങളെ ഞാനിവിടുന്ന് വിടില്ല, പാപം ചെയ്തത് നമ്മളൊരുമിച്ചല്ലേ, അപ്പോൾ അതിന്റെ തിക്തഫലവും നിങ്ങൾ കൂടി അനുഭവിക്കണ്ടേ,ദാ ഇവിടിരുന്നോളു, എന്നിട്ട് നേരം വെളുക്കും വരെ ഈ കുഞ്ഞിന്റെ ശാഠ്യം സഹിച്ചോളൂ. ഞാനിനിയൊന്ന് വിശ്രമിക്കട്ടെ. അവൾ അതും പറഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേറ്റു.

“അതെ, സാറെ, സാറിനി അവിവേകമൊന്നും കാണിക്കാൻ നിക്കല്ണ്ട ,എന്ന് വച്ചാൽ രേഷ്മയെ പീ ഡന കേസ്സ് കൊടുക്കാൻ നിർബന്ധിതയാക്കണ്ടന്ന്, മനസ്സിലായോ?

പ്രിയേഷ് ഒരു ഭീഷണിയുടെ സ്വരത്തിൽ അയാളുടെ തോളിൽ അമർത്തി പിടിച്ചു പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. വാതിൽ പുറത്ത് നിന്ന് ചാരിയിട്ട് രേഷ്മയുടെ അച്ഛനും അമ്മയും അവരുടെ മുറിയിലേക്ക് പോയി.

എന്ത് ചെയ്യണമെന്നറിയാതെ തളർന്ന് കട്ടിലിലിരുന്ന പ്രസാദിന്റെ മുന്നിൽ നിന്ന് രേഷ്മ അവനോട് ഒന്ന് കൂടെ പറഞ്ഞു.

നിങ്ങൾക്കിനി എന്റെ ശരീരം ഒന്ന് ഉപ്പ് നോക്കാൻ കൂടി ഞാൻ തരില്ല. നിങ്ങളിവിടെ എന്റെയൊപ്പം ഒരു കഴുതയെ പോലെ കാ മം കരഞ്ഞ് തീർക്കും. ഈ ജന്മം മുഴുവനും. എന്നെ മോഹിപ്പിച്ച് എന്റെ ജീവിതം തകർത്ത നിങ്ങളോടുള്ള എന്റെ പ്രതികാരമാണിത്”

അപ്പോൾ തന്റെ മുന്നിൽ നില്ക്കുന്നത് ഉഗ്രരൂപിണിയായ മറ്റേതോ അവതാരമാണെന്ന് അയാൾക്ക് തോന്നി.

~സജിമോൻ തൈപറമ്പ്