ഇപ്പോൾ അയാൾ തന്നെ പുറകെ വിളിക്കുമെന്നും തന്നെ ഇഷ്ടമാണെന്ന് പറയുമെന്നും അവൾ മനസ്സിൽ കണക്ക് കൂട്ടി.

Story written by Saji Thaiparambu

=================

അമ്പലത്തറ ബസ് സ്റ്റോപ്പിൽ കാനായി ഭാഗത്തേക്ക് പോകുന്ന പുഞ്ചിരി ബസ്സ് വന്ന് നിന്നു.

വെയ്റ്റിങ്ങ് ഷെഡ്ഡിലെ സിമന്റ് ബഞ്ചിലിരുന്ന അഭിഷേക് എഴുന്നേറ്റ് ബസ്സിനുള്ളിലേക്ക് ഉറ്റുനോക്കി.

മുൻവാതിലിൽ കൂടി ഇറങ്ങി വരുന്നവരുടെ കൂട്ടത്തിൽ ആ പെൺകുട്ടിയെ കണ്ടപ്പോൾ അവന് സമാധാനമായി.

ബസ്സിൽ നിന്നിറങ്ങിയ വെളുത്ത് കൊല്ലുന്നനെയുള്ള പെൺകുട്ടി അവന്റെ നേരെ ഒന്ന് നോക്കിയിട്ട് തല തിരിച്ച് മുന്നോട്ട് നടന്ന് നീങ്ങി.

പതിവ് പോലെ അഭിയും അവളുടെ പിന്നാലെ നടക്കാൻ തുടങ്ങി.

ഈ നടത്തം തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസമായി.

യാദൃശ്ചികമായിട്ടാണ് ബസ്സ് സ്റ്റോപ്പിൽ വച്ച് ഒരു ദിവസം അവൻ അവളെ കാണാനിടയായത്.

ആദ്യ ദർശനത്തിൽ തന്നെ അഭിയുടെ മനസ്സിലേക്ക് അവൾ കുടിയേറിയിരുന്നു.

അവളോട് മനസ്സിലുള്ള തന്റെ പ്രണയം തുറന്ന് പറയാനുള്ള ശ്രമത്തിലാണ്

ഇങ്ങനെ പുറകെ നടക്കാൻ തുടങ്ങീട്ട് മൂന്ന് ദിവസമായി.

തന്റെ പിന്നാലെ ഒരു ചെറുപ്പാക്കാരൻ, പിൻതുടരുന്നുണ്ടെന്ന്  വിദ്യയ്ക്ക് മനസ്സിലായിരുന്നു.

അത് , വെറുതെ പുറകെ കൂടിയതല്ലെന്നും, അയാൾക്ക് തന്നോട് എന്തോ പറയാൻ ഉണ്ടെന്നും, അവൾക്ക് തോന്നിയിരുന്നു.

ഇപ്പോൾ അയാൾ തന്നെ പുറകെ വിളിക്കുമെന്നും തന്നെ ഇഷ്ടമാണെന്ന് പറയുമെന്നും അവൾ മനസ്സിൽ കണക്ക് കൂട്ടി.

പക്ഷേ ഒരു കിലോമീറ്ററിന് അടുത്ത് നടന്ന് നീങ്ങിയിട്ടും കക്ഷി ഇത് വരെ തന്നോട് ഒരക്ഷരം ഉരിയാടിയിട്ടില്ല.

അവളുടെ ക്ഷമ നശിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായില്ലേ ഇയാളിങ്ങനെ പുറകെ നടക്കാൻ തുടങ്ങീട്ട് എന്തെങ്കിലുമൊന്ന് പറഞ്ഞ് തൊ ലച്ചൂടെ?

അവൾ സഹികെട്ട് അവസാനം തിരിഞ്ഞ് നിന്ന് അവനോട് ചോദിച്ചു.

“അല്ലാ, കുറച്ച് ദിവസമായില്ലേ, എന്റെ പുറകെ കൂടീട്ട്, എന്താന്ന് വച്ചാൽ എന്നോട് ചോദിച്ചൂടെ, ആണുങ്ങളായാൽ ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം വേണം അല്ലാതെ വെറുതെ” …..

ബാക്കി മുഴുമിപ്പിക്കാതെ അവന്റെ മറുപടിക്കായി അവൾ കാതോർത്തു.

“ഇല്ല, എനിക്കത് തുറന്ന് പറയാനുള്ള ധൈര്യമില്ല. ചിലപ്പോൾ ഇഷ്ടമായില്ലെങ്കിലോ, അത് കൊണ്ട് എന്റെ മനസ്സിലുള്ളത് മുഴുവൻ ഇതിലെഴുതിയിട്ടുണ്ട്.

ഒരു മടക്കിയപേപ്പർ അവളുടെ നേരെ നീട്ടിക്കൊണ്ട് അവൻ തുടർന്നു.

ഇത് തന്റെ കൂട്ടുകാരിക്ക് കൊടുക്കണം, അവൾക്ക് നേരിട്ട് കൊടുക്കണമെന്നാഗ്രഹിച്ചതാ, പക്ഷേ കഴിഞ്ഞ മൂന്ന് ദിവസമായി അവളെ തൻയൊപ്പം കാണുന്നില്ല.

അതിനെ കുറിച്ച് ചോദിക്കാനും ഇത് തരാനും വേണ്ടി മാത്രമാ കഴിഞ്ഞ ദിവസങ്ങളിലും ഞാൻ പുറകെ വന്നത്

അപ്പോഴൊക്കെ തന്റെ പ്രതികരണം എന്തായിരിക്കുമെന്ന ഭയം കൊണ്ടാണ്, ഒന്നും പറയാതിരുന്നത്. ഇപ്പോൾ, താനായിട്ട് അതിനൊരു അവസരം തന്നു.

“നന്ദി, മറക്കില്ല ഒരിക്കലും ഈ ഉപകാരം.”

അത് കേട്ട് അവൾ എന്തോ പോയ അണ്ണാനെ പോലെ വാ പൊളിച്ചു നിന്നു.

~സജിമോൻ തൈപറമ്പ്.