എൻ്റെ അഴിച്ചിട്ട നീണ്ട മുടിയും ഉണ്ട കണ്ണുകളും കണ്ട് അങ്ങേര് പേടിച്ച്….

ദുരൂഹത…

എഴുത്ത്: ഷെർബിൻ ആൻ്റണി

====================

വെളുപ്പിനേ ഒരു മൂന്ന് മണിയായ് കാണും ഞാനെണീക്കുമ്പോൾ അയാൾ എൻ്റടുത്ത് ഇല്ലായിരുന്നു അന്നേരം. അപ്പഴേ എൻ്റെ മനസ്സിലെ സംശയം ഉണർന്ന് തുടങ്ങി.

കല്ല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം ആയതേ ഉള്ളൂ ഞങ്ങളുടേത്. മൂപ്പർക്ക് ഗവൺമെൻ്റ് ജോലി ആയിരുന്നോണ്ട് വീട്ട്കാര് കൂടുതലൊന്നും ആലോചിക്കാതെ എന്നെ കെട്ടിച്ചയക്കുവായിരുന്നു. ഒന്നൂടേ ആലോചിച്ചിട്ട് സമ്മതം മൂളിയാൽ മതിയാര്ന്ന്, ഞാനാകെ വിഷമത്തിലായി അതിന് തക്കതായ കാരണവും ഉണ്ട്.

ഒത്തിരി ദൂരെ ആയിരുന്നു മൂപ്പർക്ക് പോസ്റ്റിംഗ് ആഴ്ചയിൽ ഒരിക്കലേ വീട്ടിൽ വരൂ.അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു, ഒരു അന്ത: മുഖനായിരുന്നു.എന്തൊക്കയോ ദുരൂഹതകൾ അപ്പഴേ എനിക്ക് തോന്നി തുടങ്ങി.

ഒടുവിൽ എൻ്റെ നിർബന്ധം കൊണ്ടാണ് പുതിയ വീടും സ്ഥലവും വാങ്ങി ജോലി സ്ഥലത്തേക്ക് മാറാൻ തീരുമാനിച്ചത്. ഇന്നലെയാണ് എന്നെയും കൂട്ടി മൂപ്പര് ഇങ്ങോട്ട് വന്നത്.

കുറച്ച് നേരം കഴിഞ്ഞിട്ടും ആളെ കാണാതായപ്പോഴും എന്നിലെ സംശയം വീണ്ടും തലപൊക്കി തുടങ്ങി. ആ കുറ്റാകൂരിരുട്ടിൽ ഞാൻ ചെവി വട്ടം പിടിച്ചു. അടുക്കളയിൽ തട്ടും മുട്ടും കേൾക്കുന്നു….

ഉള്ളിൽ ഒരാന്തൽ! വേലക്കാരിയുമായ് എൻ്റെ ഭർത്താവിനെന്താ ഈ നേരത്ത് ഇടപാട്? ആ ചിന്ത എന്നിൽ ആന്തി പടരും മുന്നേ ഞാനോർത്ത് അതിന് ഇവിടെ ഏതാ വേലക്കാരി? ഞങ്ങൾ രണ്ട് പേരും മാത്രമല്ലേ ഈ വീട്ടിലുള്ളൂ, ചെറിയൊരാശ്വാസം കിട്ടി.

എങ്കിലും മൂപ്പര് ഈ നേരത്ത് എന്തെടുക്കുവാ അടുക്കളയിൽ? ഞാൻ മെല്ലെ കട്ടിലിൽ നിന്നും എണീറ്റു.ലൈറ്റ് പോലും ഇടാതേ ആ ഇരുട്ടിൽ പൂച്ചയെ പോലേ പമ്മി പമ്മി അടുക്കളയിലേക്ക് നടന്നു.

എൻ്റെ അഴിച്ചിട്ട നീണ്ട മുടിയും ഉണ്ട കണ്ണുകളും കണ്ട് അങ്ങേര് പേടിച്ച് മൂ ത്രം ഒഴിക്കുമോന്നായിരുന്നു എൻ്റെ പേടി.

അടുക്കള വാതിലിൽ എത്തിയതും ഞാൻ പൊടുന്നനേ നിന്നു. വാതിലിൻ്റെയും കട്ടിളയുടേയും ഇടയിലുള്ള വിടവിലൂടെ ഞാൻ ഉള്ളിലേക്ക് മെല്ലെ നോക്കി. ഒരു കൈയ്യിൽ ചില്ല് ഗ്ലാസ്സിൽ കുടിച്ച് തീരാറായ മ ദ്യവും മറുകൈയ്യിൽ ബീ ഡിയുമായ് അയാൾ അവിടെ തന്നെയുണ്ട്.

ഇത്ര രാവിലെ മ ദ്യം കഴിക്കുന്ന മനുഷ്യരോ? മ ദ്യത്തിനടിമായ  ഈ മനുഷ്യൻ്റെ കൂടേയാണോ ജീവിതകാലം മുഴുവൻ ഞാൻ കഴിയേണ്ടത്?

പെട്ടെന്ന് എന്തോ ആലോചിച്ച് ഉറപ്പിച്ച പോലേ അയാൾ തൻ്റെ കൈയ്യിലിരുന്ന ബീ ഡി കുറ്റി നിലത്തേക്ക് വലിച്ചെറിഞ്ഞിട്ട് കൈയ്യിലിരുന്ന അവസാന മ ദ്യം ഒറ്റ വലിക്ക് കുടിച്ചിട്ട് തട്ടിലിരുന്ന വെട്ടു ക ത്തി എടുക്കുന്നത് കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്!

കൊലപാ തകത്തിന് മുന്നേ ധൈര്യം കിട്ടാൻ മ ദ്യം സേവിച്ചതാവും. ഒരു പ്രത്യേകതരം സൈക്കോയാണല്ലോ ഈശ്വരാ നീ എനിക്ക് തന്നത്. എന്തിനായിരിക്കും അയാളെന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നത്?

മൂന്ന് മാസമല്ലേ ആയുള്ളൂ കല്ല്യാണം കഴിഞ്ഞിട്ട് അപ്പോഴേക്കും എന്നെ തട്ടിയിട്ട് മറ്റൊരു പെണ്ണിനെ കെട്ടാമെന്നായോ? എവിടെ ആയിരിക്കും അയാളാ കത്തി കൊണ്ട് വെട്ടുന്നത് എൻ്റെ ഈ സുന്ദരമായ മുഖം വൃത്തികേടാവുമോ? വയറ്റിൽ നിന്ന് കുടല് മാല വെളിയിൽ വരുമോ…?കട്ടിലിൽ പോയി കമിഴ്ന്ന് കിടന്നാലോ?

ശവമടക്കിന് വരുന്നോരെങ്കിലും പറയട്ടെ മരിച്ച് കിടക്കുമ്പോഴും അവളുടെ മുഖത്തെ ഭംഗി പോയിട്ടില്ലാന്ന്. വാതിൽ തുറന്ന് പുറത്തേക്ക് ഓടാതിരുന്നത് വേറൊന്നും കൊണ്ടല്ല ഓടുന്ന വഴിയിൽ ആ പൊട്ട കിണറ്റിലെങ്ങാനും വീണാൽ, വെള്ളം കുടിച്ച് വീർത്ത എൻ്റെ ഡെഡ് ബോഡി കണ്ട് വരുന്നോര് മൂക്കത്ത് വിരല് വെച്ചാലോന്ന് ഓർത്തിട്ടാണ്.

ഞാൻ ശ്വാസമടക്കിപ്പിടിച്ചു വാതിലിന് മറവിൽ തന്നെ നിന്നു..പെട്ടെന്നാണ് എനിക്കൊരു ബുദ്ധി ഉദിച്ചത്. മെല്ലെ പോയി അപ്പുറത്തെ മുറിയിൽ നിന്ന് ആ വലിയ അരിയും ചാക്ക് തപ്പി എടുത്തു. പിന്നിൽ നിന്ന് മൂടാം, അപ്രതീക്ഷിതമായത് കൊണ്ട് മൂപ്പർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.

അധികം വണ്ണമില്ലാത്തത് കൊണ്ട് അതിനകത്ത് ഒതുങ്ങിക്കോളും. നേരം വെളുംക്കും വരെ ചാക്കിനകത്ത് കെട്ടിയിടാം. ചാക്കിനകത്ത് കേറ്റീട്ട് വേണം അഞ്ചാറ് തൊഴി കൊടുക്കാൻ. പറ്റുമെങ്കിൽ വെളിയിൽ പോയി ഉണക്ക മടലെടുത്ത് അറഞ്ചം പുറഞ്ചം കൊടുക്കണം. ചാക്കിനകത്ത് കേറ്റും മുന്നേ ആ ക ത്തി പിടിച്ച് വാങ്ങിക്കണം, ഇല്ലേ മൂപ്പര് ക ത്തി കൊണ്ട് കീറി പുറത്ത് വരും. എല്ലാവിധ പഴുതുകളും അടച്ചായിരുന്നു ഞാൻ പ്ലാൻ തയ്യാറാക്കിയത്.

പക്ഷേ ഞാൻ ചാക്കുമായ് അടുക്കളയിലേക്ക് ചെല്ലുമ്പോഴേക്കും അങ്ങേര് പുറത്തെ വാതിലും തുറന്ന് വെളിയിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്.

എന്നെ തട്ടാൻ വേറേ ആൾക്കാരെ കൂട്ടാനാണോ പുറപ്പാട്? ഞാനും മെല്ലെ വെച്ച് പിടിച്ചു പുറകെ.പൊടുന്ന നേ മൂപ്പര് നിന്നു, ഞാനും. കൈയ്യിലിരിക്കുന്ന ക ത്തി എടുക്കുന്നത് കണ്ടപ്പോൾ എൻ്റെ നെഞ്ചൊന്ന് പിടഞ്ഞു.

പെട്ടെന്നേതോ  ശബ്ദം കേട്ടത് പോലേ മൂപ്പര് അടുത്തുള്ള മരത്തിന് മറവിലേക്ക് മാറി. എനിക്ക് ഒളിക്കാൻ പറ്റിയില്ല, വാ പൊത്തിപ്പിടിച്ചോണ്ട് ഞാനവിടെ തന്നെ ഇരുന്നു പോയി.

അതാ…ഒരു ടോർച്ച് വെട്ടം തെളിയുന്നു, ആ വെളിച്ചത്തിൽ കണ്ട കാഴ്ച എൻ്റെ കണ്ണുകളെ ഇറുക്കി അടച്ചു. കൈയ്യിലിരിക്കുന്ന അരിയും ചാക്ക് വലിച്ചെറിഞ്ഞിട്ട് ഞാനകത്തേക്ക് ഓടി. കട്ടിലിൽ ചെന്ന് കിടക്കുമ്പോഴും എൻ്റെ കിതപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.

ആ കത്തിയിൽ നിന്ന് ഇറ്റിറ്റ് വീണ തുള്ളികൾക്ക് വെള്ള നിറമായിരുന്നു….അപ്പഴേക്കും എൻ്റെ കണ്ണുകൾ അടഞ്ഞിരുന്നു.

മൂപ്പര് വന്ന് വിളിച്ചപ്പോഴാണ് ഞാനെണീറ്റത്. നീ എഴുന്നേറ്റില്ലേ ഇത് വരെ, റബ്ബർ വെട്ട് കാരൻ ഇന്നലെ വിളിച്ച് പറഞ്ഞായിരുന്നു ഇന്ന് വരില്ലെന്ന്, അതാ ഞാൻ രാവിലെ തന്നെ എണീറ്റ് റബ്ബറ് വെട്ടാൻ പോയത്, നീ അന്നേരം നല്ല ഉറക്കമായിരുന്നു അതാ വിളിക്കാതിരുന്നത്! നിനക്കുള്ള ചായയും വെച്ചിട്ടാ ഞാൻ പോയത്!

✍️ ഷെർബിൻ ആൻ്റണി