സ്വയം ശപിച്ചുകൊണ്ടും പിറുപിറുത്തും കരഞ്ഞും കൊറേ നേരം റൂമിൽ തന്നെ കിടന്നു….

Story written by Anoop

=================

“ഞാനില്ലാണ്ടായാലും മോനെ നോക്കിക്കോളണം. ഇനിയും എനിക്ക് വയ്യ”

അവൾ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു. മൂക്കിൽ നിന്നും ചോര വരുന്നുണ്ട്. കണ്ണിന്റ സൈഡിലാണ് അടി കൊണ്ടത്. കണ്ണാടിക്ക് മുൻപിൽ നിൽക്കുംബോഴും പുറത്ത് വീണ്ടും ഭർത്താവ് മനോജിന്റെ ശബ്ദം ഉയർന്നു കേട്ടു

“നീ പോയി ചാവെടീ. കൊറേ കാലം ആയല്ലോ പറയാൻ തുടങ്ങീട്ട് “

ഈ ഉച്ച സമയത്തും അയാൾ വെള്ളമടിച്ചിട്ടുണ്ട്. അല്ലെങ്കിലും വൈള്ളമടിക്കാനുള്ള പൈസ കൈയ്യിലുണ്ടെങ്കിൽ അയാൾ അന്ന് ജോലിക്ക് പോകില്ല. എന്നിട്ട് രാവിലേ മുതൽ തുടങ്ങും. ഇന്നും ഉച്ചയ്ക്ക് കേറി വരുംബോൾ തന്നെ കുറച്ചധികം കുടിച്ചിട്ടുണ്ട്. സ്റ്റൈപ്പ് കയറുംബോൾ തന്നെ ബാലൻസ് പോവുന്നുണ്ട്. അതു കണ്ടപ്പോഴേ തയ്ച്ചുകൊണ്ടിരുന്ന ചൂരീദാർ മാറ്റിവെച്ച് അവൾ എഴുന്നേറ്റു…ഇറയത്ത് തന്നെയാണ് അവൾ തയ്യൽ മെഷീൻ വെച്ചിട്ടുള്ളത്. വീട്ടുജോലിക്കിടയിൽ ചെറുതെങ്കിലും സ്വന്തമായി ഒരു വരുമാനം…ഒന്നുമില്ലേലും വീട്ടു ചിലവുകൾ കുറച്ചെങ്കിലും നടക്കും

അവിടിരുന്നാൽ റോഡിലൂടെ പോകുന്നവരെയൊക്കെ കാണാനും പറ്റും. മനോജ് കേറി വന്ന ഉടനേ തന്നെ ആ കാവി ഇട്ട തറയിലെ തണുപ്പിൽ മലർന്നു വീണു. ചെറിയ കൂർക്കം വലിയോടെ തന്നെ ഉറക്കവും തുടങ്ങി. അപ്പൊഴും മടക്കിക്കുത്തിയ മുണ്ട് സ്ഥാനം മാറി കിടന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പഴയ നോക്കിയ ഫോൺ എത്തിനോക്കുന്നു. പിന്നെ എന്തോ ഒരു കടലാസും കൂട്ടത്തിൽ പത്ത് രൂപനോട്ടും. ചാടിയ വയർ ഉയർന്നു താഴുന്നതും നോക്കി ഒരു ദീർഘനിശ്വാസത്തോടെ അവൾ തയ്ക്കൽ തുടർന്നു

അര മണിക്കൂർ കഴിഞ്ഞില്ല, അയാളുടെ പോക്കറ്റിൽ നിന്നും ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. അവൾ ഫോണെടുത്ത് നോക്കി. രവി എന്ന പേര് തെളിഞ്ഞു. കുടിക്കാൻ എന്നും കൂടെ കൂടുന്നവൻ. വെറുപ്പോടെ ഫോൺ താഴെ വെച്ച് രേഷ്മ അടുക്കളയിലേക്ക് നടന്നു.

മോന്റ സ്കൂൾ വണ്ടി വരാൻ ഇനി അധികനേരം ഇല്ല. വന്നാൽ പിന്നെ അവനൊരു വിശപ്പാണ്. വയറു നിറയെ എന്തെങ്കിലും കഴിക്കണം. എന്നിട്ട് സൈക്കിളും എടുത്ത് മുറ്റത്തൂടെ തള്ളിക്കൊണ്ട് നടക്കും. ഇപ്പൊഴും സൈക്കിളും എടുത്ത് റോഡിലേക്കിറങ്ങാനുള്ള പെർമിഷൻ കൊടുത്തിട്ടില്ല. ഇന്നെന്തായാലും വരുംബോഴേക്കും ദോശതന്നെ ചുട്ടെടുക്കാം. അവൾ മാവ് റെഡിയാക്കി കൊണ്ടിരിക്കുംബോൾ തന്നെ പുറത്ത് നിന്നും ഫോണിലൂടെയുള്ള മനോജിന്റെ സംസാരം കേൾക്കുന്നുണ്ട്. അവൾ ചെവിയോർത്തു…

വൈകുന്നേരത്തേക്ക് പൈസ വേണം എന്നൊക്കെ പറയുന്നുണ്ടെങ്കിലും പിന്നീട് കൂടുതൽ ഒന്നും കേൾക്കാതെ ആയി. തട്ട് ചൂടാകാൻ വെച്ചുകൊണ്ട് അവൾ വീടിന്റെ പുറത്തേക്ക് നടന്നു

“ചോറെടുത്ത് വെക്കട്ടെ ?”  ചോദ്യം കേട്ട് മനോജ് തിരിഞ്ഞു നോക്കി. അയാളുടെ മുഖത്ത് നീരുവന്നിട്ടുണ്ട്

“ആ ” നിലത്ത് കൈ കുത്തികൊണ്ട് അയാൾ എണീറ്റു

ഊണുമേശയിലേക്ക് ചോറും കറികളും എടുത്ത് കൊണ്ട് വെച്ച് അവൾ ദോശ ചുടാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഇടയ്ക്ക് ഒരു ദോശ പരത്തി വെച്ച് ഒരു ഗ്ലാസ് വെള്ളവുമായി അവൾ വീണ്ടും ഹാളിലേക്ക് ഓടി

“മീനില്ലേ ? “

“ഇന്നു മീൻകാരൻ വന്നില്ലല്ലോ” മറുപടി പറഞ്ഞുകൊണ്ട് വീണ്ടും അടുക്കളയിലേക്കോടി

കൈകഴുകുന്ന ശബ്ദം കേട്ടതോടുകൂടി പാതി ആക്കി വെച്ച ചോറും പ്ലേറ്റും എടുത്ത് അടുക്കളയിലെ വേസ്റ്റ് ബക്കറ്റിലിട്ടു

“നിന്റേൽ എന്തെങ്കിലും പൈസ ഉണ്ടോ?” ബാക്കി ദോശ ചുട്ടുകൊണ്ടിരിക്കെ പിന്നിൽ നിന്നും മനോജിന്റെ ശബ്ദമുയർന്നു

“എന്റേലെവിടുന്നാ .അപ്പൂന്റെ സ്കൂൾ വണ്ടീടെ പൈസതന്നെ കൊടുത്തിട്ടില്ല “

“നീ നോക്ക്…ഒരു 300 രൂപ താ. നാളെ തന്നെ തരാം ” മനോജ് നിർബന്ധിച്ചു

“എന്റേലില്ല മനോജേട്ടാ . ഉണ്ടെങ്കിലല്ലേ തരാൻ പറ്റുള്ളൂ” രേഷ്മ അയാൾക്ക് മുഖം കൊടുക്കാതെ ദോശ ചുട്ടുകൊണ്ടിരുന്നു

“എന്നിട്ട് ഇതിലുണ്ടല്ലോ ? കൈയിലുള്ള അവളുടെ ബേഗിന്റെ സിബ് തുറന്നുകൊണ്ട് അയാൾ പറഞ്ഞു

“എന്റെ ബേഗ്…അതെടുക്കാൻ ആരാ പറഞ്ഞെ….ഇങ്ങോട്ട് താ . കുടുംബശ്രീയിലെ പൈസയാ അത് ” കുറച്ച് ഒച്ചയെടുത്തുകൊണ്ട് അവൾ ബേഗിൽ പിടുത്തമിട്ടു

“ഞാനെന്തായാലും നാളെ തരും 300 എടുത്തിട്ടുണ്ട് ” പൈസ കൈയിലെടുത്തുകൊണ്ട് അയാൾ ബേഗ് വിട്ടുകൊടുത്തു

“മനോജേട്ടാ ആ പൈസ ഇങ്ങുതാ….എനിക്ക് കണക്ക് വെക്കേണ്ട പൈസയാ അത് ” അയാളെ വിടാതെ പിടിച്ചുകൊണ്ട്  അവൾ അടുക്കളയിൽ നിന്നു. അതു ചെറിയ ഉന്തിലും തള്ളിലും കലാശിച്ചു

“നിന്നോടല്ലെ പറഞ്ഞെ ഞാൻ നാളെ തരും എന്ന് ” അയാളുടെ കഴുത്തേൽ പിടിച്ചു പിന്നോട്ടേക്കുള്ള തള്ളലിൽ ദോശയും മാവുമൊക്കെ താഴെ വീണു

“എന്നെ കൊന്നാലും ഞാൻ പൈസ എടുക്കാൻ വിടില്ല ” അവൾ പിന്നെയും മുന്നോട്ട് ആഞ്ഞു വന്നു. അയാളു ഷർട്ടിന്റെ പോക്കറ്റ് പിടിച്ചതും മുഖത്ത് അടി വീണിരുന്നു. കണ്ണിൽ ഇരുട്ടു കേറിപ്പോയി. അവൾ കണ്ണാടിയിൽ നോക്കി മൂക്കിൽ നിന്നും വരുന്ന ബ്ലഡ് തുണികൊണ്ട് ഒപ്പിയെടുത്തു. പിടിവലിക്കിടയിൽ കൈതട്ടിയതാണെന്നു തോന്നുന്നു . മൂക്കിൽ നിന്നുള്ള ചോര നിൽക്കുന്നില്ല

ഇനിയും വയ്യ…കല്യാണം കഴിഞ്ഞ് ഒരു വർഷം ആകും മുന്നേ തുടങ്ങിയതാണ് ഈ അടിയും പിടിയും….എപ്പൊഴും കാണും എന്തെങ്കിലും കാരണം…മോൻ അപ്പുവിന്റെ മുഖം ഓർക്കുംബോൾ എല്ലാം മറക്കുമായിരുന്നു. അവനിലായിരുന്നു പ്രതീക്ഷ മുഴുവൻ….എന്തൊരു ജീവിതാ ഈശ്വരാ എനിക്ക് നീ തന്നെ…എന്ത് പാപം ചെയ്തിട്ടാണാവോ എനിക്കു മാത്രം ഇങ്ങനെ….സ്വയം ശപിച്ചുകൊണ്ടും പിറുപിറുത്തും കരഞ്ഞും കൊറേ നേരം റൂമിൽ തന്നെ കിടന്നു

“നീ പോയി ചാവെടീ….കൊറേ കാലം ആയല്ലോ പറയാൻ തുടങ്ങീട്ട് ” ഇപ്പൊഴും ആ വാക്കുകൾ കാതിൽ മുഴങ്ങുന്നുണ്ട്

അപ്പു മൂന്നാം ക്ലാസിലാണ് അവൻ. അവന്റെ മുഖം മനസിൽ വരുംബോഴൊക്കെ കണ്ണുകൾ ഈറനണിഞ്ഞു. ഇന്നവൻ പട്ടിണി ആകും. ഉണ്ടാക്കിവെച്ച ദോശ മുഴുവൻ പിടിവലിക്കിടയിൽ താഴെവീണു. ഇനിയും വയ്യ എന്ന ചിന്ത അവളുടെ മനസിനെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. മരിക്കണം മരിക്കണം എന്ന് മനസിൽ പിറുപിറുത്ത്കൊണ്ട് അവൾ ബ്ലേഡ് കൈയ്യിലെടുത്തു…

ആദ്യം നേർത്ത വരയായി കണ്ടുവെങ്കിലും സമയം കഴിയുന്നതിനനുസരിച്ച് അതിൽനിന്നും ചോരതുള്ളികൾ ഇറ്റുവീഴാൻ തുടങ്ങി…

അപ്പു….അപ്പുവിനെ എന്റെ അമ്മ നോക്കിക്കോളും. എന്നെ നോക്കിയതുപോലെ പൊന്നുപോലെ നോക്കും. പതിയെ പതിയേ തളർച്ച അവളുടെ കണ്ണിനേയും ബാധിക്കുന്നുണ്ടായിരുന്നു.

കണ്ണുകൾ പിന്നിലേക്ക് മറിയുംബോഴും കണ്ണടയുംബോഴും പാതിമയക്കത്തിൽ വെള്ളത്തിനുവേണ്ടി ചുണ്ടുകൾ മന്ത്രിച്ചു. ആ വീട്ടിൽ അവളുടെ ശബ്ദം കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. കണ്ണുകൾ അടയുംബോഴും അപ്പു കണ്ണിൽ തന്നെയുണ്ട്…

ഓടി വന്ന് ബേഗ് കട്ടിലിലിട്ട് കൈകഴുകാൻ ഓടുവാണ്….. “അമ്മേ  അപ്പുനു ദോശ താ….കുഞ്ഞി ദോശ മതി”

“തരാട ചെക്കാ….നീ അവിടിരിക്ക് ”  അതും പറഞ്ഞ് കവിളിൽ തലോടാനുള്ള അവളുടെ ശ്രമം കട്ടിലിൽ തട്ടി നിന്നു പോയി. കണ്ണിൽ നിന്നും അകന്നകന്നുപോകുന്ന അവനെ നോക്കി അവൾ ഒന്നുകൂടി വിളിച്ചു….

അപ്പൂ…അമ്മ പോവാട്ടോ….അച്ചനെ വെറുക്കല്ലെ എന്റെ മോൻ…..അപ്പൂ ….”

~Anu Knr

KL58