Written by Bindu Anil
=============
19 വയസ്സ് തികയുന്നതിന് മുമ്പ് നിങ്ങളുടെ പൊണ്ണ് ഊരുവിട്ട് ഓടിപ്പോവേൻ എന്ന് കൈനോട്ടക്കാരി പറഞ്ഞത് എനിക്ക് 18 വയസ്സുള്ളപ്പോഴാണ്….
അമ്മെ കണ്ടാൽ മഹാലക്ഷ്മിയേ പോലാണ് എന്ന് അവർ ആദ്യമേ തന്നെ പറഞ്ഞതുകൊണ്ട് അവർ പറഞ്ഞതെല്ലാം അമ്മ വിശ്വസിച്ചു..
അന്നുമുതൽ ഞാനെങ്ങോട്ട് തിരിഞ്ഞാലും അമ്മയുടെ കണ്ണുകൾ എന്റെ മേൽ ഒരു cctv ക്യാമെറ പോലെ പതിഞ്ഞിരുന്നു….
എവിടെങ്കിലും കുത്തിയിരുന്ന് വെറുതെ എന്തേലും ആലോചിച്ചാലോ, തന്നെയിരുന്ന് പാട്ടുപാടിയാലോ എന്ന് വേണ്ട വെറുതെ നാലുവരി കുത്തി കുറിച്ചാലോ ഒക്കെ സംശയം…
സഹികെട്ട് ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ചു , അമ്മെ ഞാൻ തന്നെ ഓടിപ്പോകും എന്നാണോ അതോ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോകും എന്നാണോ അവർ പറഞ്ഞത്?
കാര്യം അറിഞ്ഞാലല്ലേ എനിക്കും ഒരു തയ്യാറെടുപ്പൊക്കെ നടത്താൻ പറ്റൂ എന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്….
അമ്മ താടിക്ക് കൈയും കൊടുത്ത് കാലം പോയ പോക്ക് , അവടെ വായീന്ന് വരുന്ന വർത്താനം കേട്ടോ , അടുത്തൊട്ട് വന്നാൽ നിന്റെ തലേലോട്ട് ഇതൊഴിക്കും എന്ന് പറഞ്ഞ് പശൂന് കാടിവെള്ളം കൊടുക്കാൻ പോയി..
ഞാനാണേൽ പത്തൊമ്പത് തികയാൻ ദിവസങ്ങളെണ്ണി കാത്തിരുന്നിട്ടും ഒളിച്ചോടാനുള്ള യാതൊരു സാധ്യതയും തെളിഞ്ഞു വന്നില്ല. ഇനിയിപ്പോ എന്നെ ആരേലും കിഡ്നാപ് ചെയ്തോണ്ട് പോകുമെന്നാണോ ആ കൈനോട്ടക്കാരി പറഞ്ഞതെന്ന് അറിയില്ലല്ലോ….
എന്തായാലും മധുര പത്തൊമ്പത് കഴിഞ്ഞുപോയി…
എന്നിട്ടും എനിക്ക് ഞങ്ങടെ ആ ഇട്ടാവട്ട സിറ്റിയിൽ നിന്നും എങ്ങോട്ടും ഓടിപ്പോകാൻ പറ്റിയില്ല , എന്നെ ആരും കൊണ്ടുപോയും ഇല്ല…
അന്ന് തുടങ്ങിയതാ കൈനോട്ടക്കാരോട് എനിക്കീ irreverence 😁 മലയാളത്തിൽ പറഞ്ഞാൽ ബഹുമാനക്കുറവ്..പിന്നീട് അവരെ മറന്നു..
ഇരുപത് വയസ്സ് കഴിഞ്ഞപ്പോഴാണ് കേരളം വിട്ട് ജോലിക്കായി പോകുന്നത്, പിന്നെ കുറേക്കഴിഞ്ഞ് ഗൾഫിലും എത്തപ്പെട്ടു…
കല്യാണം കഴിഞ്ഞയിടയ്ക്ക് ഞങ്ങളൊരിക്കൽ മറൈൻ ഡ്രൈവിൽ കൂടി മധുര സ്വപ്നങ്ങളും കണ്ട് നടക്കുന്ന സമയത്ത് ഇതുപോലൊരു കൈനോട്ടക്കാരി മുമ്പിൽ വന്നുപെട്ടു, വെറുതെ ഒരു രസത്തിന് കൈ കാണിച്ചപ്പോൾ അവർ കെട്ടിയോനോട് പറയുന്നു, രണ്ട് കല്യാണത്തുക്ക് യോഗമിരുക്കിത്, രാസാത്തി പോലൊരു പെണ്ണിനെ കെട്ടും, ബംഗ്ലാവ് വാങ്ങിക്കും എന്നൊക്കെ..കുഞ്ചാച്ചൻ പുഞ്ചിരിയോടെ കേട്ടിരിക്കുന്നു..
ഞാൻ അവരോട് ചോദിച്ചു എന്റെ മുഖത്തോട്ട് സൂക്ഷിച്ച് നോക്കിക്കേ രാസാത്തിയെ പോലെ തോന്നുന്നുണ്ടോ എന്ന്…
നൂറ് രൂപാ കൊടുത്താൽ പറയാമെന്ന് അവരുടെ മറുപടി…കുഞ്ചാച്ചന് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഞാൻ സമ്മതിച്ചില്ല
ആ നേരത്ത് എന്നെ കണ്ടാൽ അവര് ഭ ദ്രകാളി എന്ന് പറഞ്ഞാൽ ഒരു കൊ ല പാതകം നടത്തി ജയിലിൽ പോകാൻ വയ്യാഞ്ഞിട്ടാണ് സമ്മതിക്കാഞ്ഞത്..
വർഷങ്ങൾ എത്ര കഴിഞ്ഞു…
ഇന്നലെ അമ്മയോട് സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞു , നാട്ടിലെ പഴയ ജീവിതമൊക്കെ എപ്പോഴും ഞാനോർക്കും , നമ്മുടെ നാടും, പമ്പയാറും, പള്ളീം അങ്ങനങ്ങനെ ഒരുപാട് ഓർമ്മകൾ….ഓർക്കുമ്പോ സങ്കടം വരുന്നു , ഞാൻ നാട്ടിൽ സ്ഥിരതാമസം ആക്കാൻ പോവാണ് എനിക്ക് അവിടെ താമസിച്ച് കൊതി തീർന്നിട്ടില്ല എന്ന്…
ഉടനെ അമ്മ പറയുവാ പണ്ടൊരു കൈനോട്ടക്കാരി പറഞ്ഞതാ നീ 19 വയസ്സുമുതൽ നാട്ടിൽ നിൽക്കുവേല എന്ന്….
ഞാൻ അന്നേരമാണ് ആ കാര്യം വീണ്ടും ഓർത്തത്….അമ്മെ ഞാൻ പത്തൊമ്പത് വയസ്സിൽ ഒളിച്ചോടും എന്നല്ലേ അവർ പറഞ്ഞത്,
ഒളിച്ചോടിയില്ലേലും, നീ നാട്ടിൽ നിന്ന് പോയില്ലേ?
അത് ജോലിക്കല്ലേ, പോരാഞ്ഞിട്ട് ഇരുപത് വയസ്സ് കഴിഞ്ഞിട്ടല്ലേ പോയത്. ഇതൊക്കെ ഓരോരുത്തർ വെറുതെ പറയുന്നതാ ,വിശ്വസിക്കാൻ അമ്മെ പോലെ കുറേപ്പേർ..
അതൊക്കെ ശരിയാ…എന്നാലും നീ പോയില്ലേ..ചില നേരത്ത് ചിലർ പറയുന്നത് ഫലിക്കും.
‘അമ്മ മഹാലക്ഷ്മിയെപ്പോലാന്ന് അവർ പറഞ്ഞത് അമ്മ ഇപ്പോഴും വിശ്വസിച്ചിരിപ്പാ അല്ലേ,
പിന്നേ ആര് പറഞ്ഞാലും എനിക്കറിയാം ഞാനെങ്ങനാണെന്ന്…
അതെ സമയം എന്റെ തലയിൽ…
മറൈൻ ഡ്രൈവ്, കൈനോട്ടക്കാരി, രാസാത്തി, ബംഗ്ലാവ് ഒക്കെ മിന്നിമറയുന്നു….
രണ്ടാമത്തെ കൈനോട്ടക്കാരീടെ പ്രവചനം എന്താകുമോ എന്തോ….