സദാചാരം
Story written by Saji Thaiparambu
===============
കഴുത്ത്, ലേശം കൂടെ ഇറക്കി വെട്ടിക്കോ രമേശാ, കഴിഞ്ഞ പ്രാവശ്യം തയ്ച്ച ബ്ലൗസ്സിട്ടിട്ട് വല്ലാത്ത ഒരു ശ്വാസം മുട്ടലായിരുന്നു.”
തയ്യൽക്കടക്കാരൻ രമേശനോട് രാധികയത് പറയുമ്പോൾ, ടേപ്പ് വച്ച് നെഞ്ചിന്റെ ചുറ്റളവ് എടുക്കുകയായിരുന്ന രമേശൻ മനസ്സിൽ പറഞ്ഞു.
“ഉം. അത്, ബ്ളൗസ്സിന്റെ തകരാറല്ല പഴയതിനെക്കാളും കുറച്ച് കൂടെ കൊ ഴു ത്തി ട്ടുണ്ട് അതിന്റെയാ”
അത് വരെ അവളുടെ ഉടലിന്റെ ഉ ന്മാ ദ ഗന്ധത്തിൽ മയങ്ങിക്കിടന്ന, അളവ് ടേപ്പിനെ വലിച്ചെടുത്ത് സ്വന്തം തോളിലേക്ക് ഇട്ടപ്പോഴാണ്, ശ്വാസം പിടിച്ചിരുന്ന രമേശന്റെ ഹൃദയം മെല്ലെ മിടിച്ച് തുടങ്ങിയത്.
“അല്ല രാധേച്ചി, ദിവാകരേട്ടന് എന്താ സ്ഥിതി. വല്ല മാറ്റോം ഉണ്ടോ “
ക ള്ള് ചെ ത്ത് തൊഴിലാളിയായ ദിവാകരൻ തെങ്ങിൽ നിന്ന് വീണ് കിടപ്പിലാണ്. നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്.
“ഒഹ്, അലോപ്പതി ശരിയാകാത്ത കൊണ്ട് ഇപ്പോൾ ആയുർവേദത്തിലേക്ക് മാറിയിട്ടുണ്ട്, എഴുന്നേല്പിച്ച് നടത്തി തരാം എന്ന് വൈദ്യര് വാക്ക് തന്നിട്ടുണ്ട്. “
ഒരു വർഷം മുമ്പാണ് ദിവാകരനും, രാധികയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം, ആ നാട്ടിലേക്ക് പുതിയ താമസക്കാരായി വരുന്നത്.
ദിവാകരൻ ക ള്ള് ചെത്താനും, കുട്ടികൾ സ്കുളിലും പോയി കഴിഞ്ഞാൽ പിന്നെ രാധിക, വീട്ടിൽ നിന്നും അണിഞ്ഞൊരുങ്ങി ടൗണിലേക്കുള്ള ബസ്സിൽ കയറി പോകുന്നത് കാണാം.
രാധികയുടെ മാ ദ ക സൗന്ദര്യം കണ്ടിട്ട് ആ നാട്ടിലെ ചെറുപ്പക്കാരൊക്കെ പരസ്പരം ചോദിക്കും.
ഈ ദിവാകരനെ പോലൊരുത്തനെ മാത്രമേ,ഇവൾക്ക് കിട്ടിയുള്ളോ? ഹോ അവളാണെങ്കി, എന്നാ ചരക്കാ അളിയാ..അയാളുടെ തലേലെഴുതിയത് നമ്മുടെ ഏതെങ്കിലുമൊരിടത്ത് എഴുതിയാ മതിയായിരുന്നു.
അങ്ങനെയുള്ള ചർച്ചകൾ പുരോഗമിക്കുന്ന സമയത്താണ് ആ വാർത്ത പരക്കുന്നത്.
ചെത്തുകാരൻ ദിവാകരൻ തെങ്ങേന്ന് വീണു.
ഒരു മാസത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിൽ കൊണ്ടുവന്നു.
അലോപ്പതിയിൽ വലിയ പുരോഗതിയില്ലാത്തത് കൊണ്ട് പലരുടെയും പ്രേരണയാൽ ഇപ്പോൾ ആയുർവേദ ചികിത്സ നടക്കുന്നു.
പക്ഷേ, ദിവാകരൻ കിടപ്പിലായപ്പോൾ മുതൽ അവിടെ സ്ഥിരമായിട്ടൊരാൾ ബൈക്കിൽ വരാറുണ്ട്. മുമ്പ് ഒന്ന് രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളു..പക്ഷേ ഇപ്പോൾ എല്ലാ ദിവസവും ഇരുട്ട് വീണ് തുടങ്ങുമ്പോൾ അയാൾ സ്ഥിരമായി വരുന്നുണ്ട്..രമേശന്റെ തയ്യൽക്കടയിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരമേയുള്ളൂ, രാധികയുടെ വീടിരികുന്ന സ്ഥലം
വൈകുന്നേരം സ്ഥിരമായിട്ടുള്ള വെള്ളമടി കമ്പനിയിൽ വച്ച് രമേശനാണ് മറ്റുള്ളവരോട് ആ സംഭവം അറിയിച്ചത്.
“ശരിയാണ് .ഞാനും കുറച്ച് ദിവസമായിട്ട് അത് കാണുന്നുണ്ട് “
രമേശന്റെ പുതിയ വാർത്തക്ക് സാക്ഷിയായി പ്രദീപ് പിന്തുണച്ചു.
“അങ്ങനെയെങ്കിൽ അത് പൊളിച്ചടുക്കണമല്ലോ, നമ്മൾ ചെറുപ്പക്കാർ ഇവിടെ ജീവിച്ചിരിക്കുമ്പോൾ, എവിടുന്നോ വന്ന ഒരു അലവലാതിക്ക് കേറി ഞെരങ്ങാൻ അവളെ വിട്ട് കൊടുക്കരുത്.” കൂട്ടത്തിലെ ജിംനാസ്റ്റിക് കൂടിയായ ഭദ്രൻ പറഞ്ഞു
പിന്നല്ലാതെ നമ്മുടെ വീട്ടിലും പെണ്ണുങ്ങളുള്ളതല്ലേ. ഈ നാടിന്റെ മാനം കെടുത്താൽ ഇറങ്ങിപ്പൊറപ്പെട്ടവളെ ഇന്ന് തന്നെ പൂട്ടണം.
അത് പറഞ്ഞത് തല മുതിർന്ന നേതാവായ ഭാസ്കരനായിരുന്നു.
“നില്ക്ക്, നില്ക്ക് ധൃതികൂട്ടല്ലേ. പിടിക്കുമ്പോൾ എല്ലാ തെളിവോടും കൂടി വേണം അവരെ പിടിക്കാൻ, രക്ഷപെടാൻ ഉള്ള എല്ലാ പഴുതുകളും അടച്ചിരിക്കണം. അത് കൊണ്ട് ഞാനാദ്യം പോയി എന്റെ മൊബൈലിൽ അവരുടെ കേളീരംഗങ്ങൾ പകർത്താം. എന്നിട്ട് ഞാൻ നിങ്ങളെ വിളിക്കുമ്പോൾ നിങ്ങൾ വന്നാൽ മതി. അപ്പോഴേക്കും നിങ്ങൾ തയ്യാറായി ഇരിക്കണം. എന്ത് പറയുന്നു.”
രമേശൻ മുന്നോട്ട് വച്ച ആശയം എല്ലാവരും കൈയടിച്ച് പാസ്സാക്കി.
അന്ന് രാത്രി രമേശൻ കടയടയ്ക്കുമ്പോൾ രാധികയുടെ വീടിന് മുന്നിൽ ബൈക്ക് വന്ന് നില്ക്കുന്നതും, ഹെൽമറ്റ് ഊരാതെ തന്നെ ഒരാൾ അകത്തേക്ക് കയറുന്നതും കണ്ടു.
രമേശന്റെ ഉള്ളിലെ സദാചാര പോലീസ് സടകുടഞ്ഞെഴുന്നേറ്റു.
വേഗമയാൾ രാധികയുടെ വീടിന് പുറക് വശത്തുള്ള, വയലിലെ ചെളി കുണ്ടിലൂടെ പ്രയാസപ്പെട്ട് നടന്ന് ചെന്ന് അവരുടെ ബെഡ് റൂമിന്റെ വിടവുള്ള ജനരികിലിരുന്നു.
മൊബൈൽ ക്യാമറ ഓൺ ചെയ്ത് വിടവിലേക്ക് വച്ചു.
അതിലൂടെ അയാൾ അകത്തെ കാഴ്ചകൾ സസൂക്ഷ്മം വീക്ഷിച്ചു.
അവിടെ കട്ടിലിൽ കിടക്കുന്ന ദിവാകരനെ അയാളുടെ മക്കളോടൊപ്പം ബൈക്കിൽ വന്നയാൾ മെല്ലെ കമഴ്ത്തി കിടത്തുന്നു.
എന്നിട്ട് അയാളുടെ ബാഗിൽ നിന്ന് എടുത്ത കുപ്പിയിലെ ദ്രാവകം, ദിവാകരന്റെ നടുവിലേക്ക് ഒഴിച്ചിട്ട് മുകളിൽ നിന്ന് താഴേക്ക് തടവുന്നു. രാധേച്ചിയെ അവിടെയെങ്ങും കാണുന്നില്ല.
“കുറച്ച് കൂടി നേരത്തെ വന്നുടെ വൈദ്യരെ നിങ്ങക്ക് “
ദിവാകരേട്ടന്റെ ചോദ്യം
“ആഗ്രഹമില്ലാഞ്ഞിട്ടാണോ, ഇന്നുമുണ്ടായിരുന്നു, വൈദ്യശാലയിൽ നിറയെ രോഗികൾ, വളരെ ദൂരത്ത് നിന്ന് വരുന്നവർ വരെയുണ്ട്. അവരെയെങ്ങനാ നോക്കാണ്ട് വരുന്നത്. അവസാനത്തെയാൾക്കും മരുന്ന് കുറിച്ചിട്ടാ, ഞാനിറങ്ങിയത് “
വൈദ്യരുടെ മറുപടി.
“ശ്ശെ “
വന്നയാൾ താൻ സംശയിച്ചത് പോലെ രാധേച്ചിയുടെ രഹസ്യക്കാരനല്ല, മറിച്ച് വൈദ്യരായിരുന്നു എന്നറിഞ്ഞപ്പോൾ ഇളിഭ്യനായി രമേശൻ പതിയെ അവിടെ നിന്നെഴുന്നേറ്റു.
തിരിഞ്ഞ് നോക്കിയപ്പോൾ അതാ തൊട്ട് മുന്നിൽ രാധേച്ചി.
“അപ്പോൾ നീയായിരുന്നല്ലേ ഇന്നലെ ഞാൻ കുളിക്കുമ്പോൾ വന്ന് ഒളിഞ്ഞ് നോക്കിയിട്ട് ഓടിപ്പോയത്.
നീയെന്ത് വിചാരിച്ച്, ഞാൻ കണ്ട് പിടിക്കില്ലന്നോ? നീ ബ്ലൗസിന് അളവെടുകുമ്പോഴുള്ള നിന്റെ വെപ്രാളവും പരവേശവുമൊക്കെ, കാണുമ്പോഴെ, എനിക്ക് സംശയമുണ്ടായിരുന്നു.
“അയ്യോ നാട്ടുകാരെ ഓടി വരണേ”
രാധിക അലറി വിളിച്ചു.
രമേശന്റെ വിളിക്ക് പകരം രാധികയുടെ അലർച്ച കേട്ടപ്പോൾ കാത്ത് നിന്നിരുന്ന അവന്റെ കൂട്ടുകാർ ഒന്ന് ശങ്കിച്ചു. എങ്കിലും സദാചാര പോലിസായി പോയില്ലേ, കൂട്ടുകാരനാണെന്ന് വച്ച് നിയമം മാറ്റാൻ പറ്റില്ലല്ലോ.
അവർ കയ്യിൽ കരുതിയ കുറുവടികളുമായി രാധികയുടെ വീട്ടിലേക്ക് കുതിച്ചു.
~സജിമോൻ തൈപറമ്പ്