പതിയെ മനസ്സ് ഓടിപ്പോകും കൗമാരത്തിലേക്കും യൗവനത്തിന്റെ ആരംഭത്തിലേക്കും…

ഇന്നലെകളിൽ നിന്ന് ഒരു മിസ്സ്ഡ് കാൾ….

Story written by Remya Bharathy

==================

രാവിലത്തെ തിരക്കുകളിൽ ആയിരുന്നു അവൾ…

കാലിൽ ചക്രം വെച്ചെന്ന പോലെ പണികളിൽ നിന്ന് പണികളിലേക്കുള്ള ഓട്ടം…

അടുക്കളയിലെ സ്റ്റാൻഡിൽ വെച്ച മൊബൈൽ ഫോണിൽ നിന്ന് ഏതൊക്കെയോ പാട്ടുകൾ പാടുന്നുണ്ട്…

ഇടക്കിടെ തലയിൽ കെട്ടി വെച്ച തോർത്തു അഴിഞ്ഞു വീഴാൻ നോക്കുന്നു, വീണ്ടും വലിച്ചു കെട്ടുന്നു….

കുടിക്കണം എന്നു കരുതി ഉണ്ടാക്കിയ കാപ്പിയിൽ തണുത്തു കെട്ടിയ പാട മാറ്റി ഒരു ഇറുക്കു കുടിച്ചു…

ക്ലോക്കിലേക്ക് ഒന്ന് നോക്കി…

നേരമായി. എല്ലാരേയും വിളിച്ചു എണീപ്പിക്കാൻ നോക്കട്ടെ… സ്കൂളും തുറന്നു…മഴയും കുട്ടികളുടെ മടിയും….എല്ലാം ഓർക്കുമ്പോഴേ ദേഷ്യം വരുന്നു…

നിന്ന നിൽപ്പിൽ സമയം അവിടെ ഉറഞ്ഞു പോയെങ്കിൽ എന്നവൾ ആഗ്രഹിച്ചു….

പെട്ടന്ന് ഒരു നിമിഷത്തേക്ക് പാട്ടിന്റെ ശബ്ദമൊന്നു കുറഞ്ഞു…

ഒരു നോട്ടിഫിക്കേഷൻ…

ഒരു മിസ്സ്ഡ് കാൾ….

നോക്കാൻ സമയമില്ല…ആവശ്യമുള്ളവർ ആണേൽ വീണ്ടും വിളിച്ചോളും…

അല്ലേലും ഫോൺ നോട്ടമൊക്കെ ഇനി ട്രെയിനിൽ കയറിയതിനു ശേഷം…

ദിവസവുമുള്ള ആ യാത്രയിലെ നാൽപ്പതും നാൽപ്പതു എണ്പത് മിനുട്റ്റുകൾ ആണ് അവൾക്ക് അവളുടേതായിട്ടു ഉള്ളത്… 24 മണിക്കൂറിൽ വെറും 4800 സെക്കന്റുകൾ….

അതിനുള്ളിൽ എന്തൊക്കെ ചെയ്യണം….തലേന്ന് വൈകിട്ട് തൊട്ട് വന്നു കിടക്കുന്ന വാട്‌സ്ആപ്പ് മെസ്സേജുകൾ നോക്കണം, മെയിൽ നോക്കണം, മക്കളുടെ സ്കൂൾ ആപ്പ് നോക്കണം, തരം കിട്ടിയാൽ, ഞാൻ ഇനിയും സ്വയം മറന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ ആരുമറിയാതെ ഒളിപ്പിച്ച മെയിലിൽ കയറി രണ്ടു വാക്കു കുറിച്ചിടണം…എന്നിട്ട് നീട്ടി ഒരു നെടുവീർപ്പ് ഇടണം…

അങ്ങോട്ടു പോകുമ്പോൾ വഴിയരികിൽ കാണുന്ന അമ്പലങ്ങളിൽ ദീപം തെളിഞ്ഞു നിൽക്കുന്നത് കാണം…തിരിച്ചു വരുമ്പോൾ പലേടത്തും സന്ധ്യാ ദീപം തെളിയുന്നേ ഉണ്ടാവൂ…

പതിയെ മനസ്സ് ഓടിപ്പോകും കൗമാരത്തിലേക്കും യൗവനത്തിന്റെ ആരംഭത്തിലേക്കും…

പട്ടു പാവാടയിലും ദാവണിയിലും പൊതിഞ്ഞു, പറന്നു നടന്നിരുന്ന അമ്പല നാളുകൾ…

ഇപ്പൊ സാരി കാലവും കഴിഞ്ഞു നേര്യതിന്റെയും മുണ്ടിന്റെയും കാലമാവാൻ തുടങ്ങി…

നേരത്തെ വയസ്സത്തിയായി എന്നു തോന്നി അവൾക്ക്…

അവളുടെ ചിന്തകളും വർത്തമാനങ്ങളും പെരുമാറ്റങ്ങളും മുപ്പതുകളുടെ പകുതിയിൽ നിൽക്കുന്ന ഒരു കുടുംബിനിയുടെത് അല്ല…അമ്പതുകളുടെ പകുതിയിൽ നിൽക്കുന്ന ഒരുത്തിയുടെ ആണ്…

സ്വതവേ ചെറുപ്പം തോന്നുന്ന ഭർത്താവും കുഞ്ഞു മക്കളും അവൾക്ക് അപവാദമെന്നപോലെ കുടുംബഫോട്ടോകളിൽ അവൾക്ക് കാണപ്പെട്ടു…

കെട്ടി പൂട്ടി വെച്ചു ചിരി വരുത്തി എടുത്ത ഫോട്ടോകളുടെ പുറകിൽ അവൾ മാത്രം, അവളുടെ ഇരട്ട താടിയും, തടിച്ച മേൽകയ്യും ഇടിഞ്ഞ മാറിടങ്ങളും തൂങ്ങിയ വയറും ഓർത്തു വേദനിച്ചു…മുടിയിഴകൾ ഒന്നു രണ്ടെണ്ണം നരച്ചു തുടങ്ങി എന്ന് കഴിഞ്ഞ ദിവസവും ഭർത്താവ് പറഞ്ഞു. ഈ തിരക്കിനിടയിൽ മൂപ്പര് പറഞ്ഞത് പോലെ ഇനി പ്പോ പാർലറിൽ പോയി കറുപ്പിക്കാനൊന്നും സാധിക്കില്ല…

ഈ ചിന്തകൾക്കിടയിൽ അവൾ എല്ലാരേയും വിളിച്ചുണർത്തി, ഉന്തി തള്ളി ഒരുങ്ങാൻ വിട്ട്, ഭക്ഷണം പാത്രങ്ങളിലും ചോറ്റു പാത്രങ്ങളിലും ആക്കി, സാരി വാരി ചുറ്റി, ഒരു പൊട്ടു തൊട്ടു, മുടി കെട്ടി, അതിൽ ഒരുക്കങ്ങൾ മുഴുവൻ ആയി എന്നു ഉറപ്പിച്ചു ബാഗും കുടയുമെടുത്തു പാഞ്ഞു…റെയിൽവേ സ്റ്റേഷനിലേക്ക്…

ഇത്രെ ഓടിയിട്ടും ഇത്ര പണിയെടുത്തിട്ടും എന്തേ മെലിയാത്തത് എന്ന് ആ ഓട്ടത്തിന്റെ കിതപ്പിൽ അവൾ അന്നും ഓർത്തു….

പതിവു ട്രെയിനിൽ പതിവ് ലേഡീസ് കമ്പാർട്ട്‌മെന്റിൽ, സ്ഥിര പരിചയക്കാരോട് ചിരിച്ചെന്നു വരുത്തി,  ലോട്ടറിയടിച്ച ജനൽ സീറ്റിൽ അവൾ ഇരുന്ന് ബാഗിൽ നിന്ന് ഫോൺ എടുത്തു…

മിസ്സ്ഡ് കോളിന്റെ നോട്ടിഫിക്കേഷനിൽ തൊട്ടു…നമ്പറ് കണ്ടപ്പോൾ നട്ടെല്ല് വഴി തലയിലേക്ക് ഒരു കൊള്ളിയാൻ പാഞ്ഞു…

ഒരിക്കലും മറക്കാത്ത ആ നമ്പർ. മനസ്സിൽ മാത്രം സേവ് ചെയ്തു വെച്ച നമ്പർ. മറവി രോഗം വന്നാൽ മാത്രം പറഞ്ഞു തരണമെന്ന് പറഞ്ഞു ഉറ്റ സുഹൃത്തിന്റെ ഫോണിൽ മാത്രം സേവ് ചെയ്തു വെച്ച നമ്പർ. ഈ ജന്മത്തിൽ ഒരിക്കലും വിളിക്കില്ല എന്നുറപ്പിച്ച നമ്പർ. ഇങ്ങോട് വിളികൾ ആഗ്രഹിക്കാത്ത നമ്പർ…

ഓടുന്ന ട്രൈനിന്റെയും ചുറ്റുമുള്ള പെണ്ണുങ്ങളുടെ വർത്തമാനവും സ്ഥിരം ചില്ലറ കൊടുക്കുന്ന അന്യസംസ്ഥാനക്കാരി കുട്ടിയുടെ കല്ലുകൾ അടിച്ച പാട്ടിന്റെയും ശബ്ദം പൊടുന്നനെ നിന്ന പോലെ തോന്നി അവൾക്ക്…

കയ്യും കാലും മരവിക്കുന്നത് പോലെ…

ഇന്നലെകളിൽ നിന്നാണ് ആ മിസ്സ്ഡ് കോൾ…അവൾ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാലത്തിന്റെ ഓർമ…അവളുടെ ചാപല്യത്തിന്റെ ഓർമ…ചെയ്തു കൂട്ടിയ അബദ്ധങ്ങളുടെ ഓർമ…അതിനെ തുടർന്നുണ്ടായ അപമാനങ്ങളുടെ ഓർമ്മ, കൊണ്ട തല്ലുകളുടെ ഓർമ, ചെയ്ത ശപഥങ്ങളുടെ ഓർമ…തലക്ക് മേലെ നിന്ന ശാപങ്ങളുടെ ഓർമ…

എന്നാലും എന്തിനാവും വിളിച്ചത്? അതോ അറിയാതെ പറ്റിയതാവുമോ? കൈ വിറച്ചു….

വീണ്ടും ഒരു നോട്ടിഫിക്കേഷൻ…വാട്‌സ്ആപ്പ് ആണ്….ഉള്ളിൽ പെരുമ്പറ കൊട്ടുന്ന മനസു പറഞ്ഞു. ഇതും അവനാവും എന്ന്….

വിരലുകൾ അനങ്ങുന്നില്ല…വീണ്ടും ഒരു നോട്ടിഫിക്കേഷൻ…ഒരു വോയ്സ് നോട്ട്…

ഹെഡ്ഫോണിനായി അവൾ ബാഗിനുള്ളിൽ പരതി….ട്രെയിനിലെ ബഹളത്തിനിടെ പാട്ടുകേൾക്കാൻ അവൾ എന്നും എടുത്ത് ഇടാറുള്ളതാണ്….ഇന്ന് മറന്നെന്നു തോന്നുന്നു…

പതിയെ ആ മെസ്സേജിൽ അവൾ തൊട്ടു. ഫോൺ ചെവിയോട് അടുപ്പിച്ചു….

“ഞാൻ അവന്റെ ഫ്രണ്ട് ആണ്. ഇങ്ങനെ ഒരു മെസ്സേജ് അയക്കാൻ ഏല്പിച്ചിരുന്നു..ഒരു അക്‌സിഡന്റു പറ്റി കുറച്ചു കാലമായി അവൻ കിടപ്പിലായിരുന്നു. ഇന്നലെ രാത്രി അവൻ പോയി. മരിക്കുകയാണെങ്കിൽ ഈ നമ്പറിൽ അറിയിക്കണം എന്നു മാത്രം എന്നെ പറഞ്ഞ് ഏല്പിച്ചിരുന്നു…ഇനി ഈ ജന്മത്തിൽ ശല്യം ഇല്ല എന്നു പറയാനും…”

എവിടെ നിന്നോ ഓടി കൂടിയ വേദനയും ദേഷ്യവും വെറുപ്പും സങ്കടവും സ്നേഹവും വേറെ എന്തെല്ലാമോ അവളുടെ മൂക്കിന്റെ തുമ്പിൽ ഉറഞ്ഞു കൂടി. പെട്ടന്ന് പുറമെ പൊട്ടി വീണ പെരുമഴയിൽ മറ്റെല്ലാരും ഷട്ടറുകൾ അടച്ചപ്പോൾ അവൾ അവളുടെ തുറന്ന ജനലിലേക്ക് മുഖം തിരിച്ചു കണ്ണുകളെ തുറന്നു പിടിച്ചു…മഴയോ കണ്ണുനീരോ എന്നു തിരിച്ചറിയാൻ ആവാതെ അവളുടെ മുഖം നനഞ്ഞു കുതിർന്നു…

എന്തിനാണ് കരയുന്നത് എന്നു പോലും അവൾക്ക് മനസ്സിലായില്ല…അവൻ ഒന്നു മരിച്ചു കിട്ടിയിരുന്നെങ്കിൽ ഇനിയും അവന്റെ പേരിൽ ഉള്ള സംശയം നേരിടേണ്ടി വരില്ല എന്ന് അവൾ ആഗ്രഹിച്ചിരുന്നത് കൊണ്ടാവുമോ? സങ്കടമാണോ സന്തോഷമാണോ? വേദനയാണോ?

അറിയാതെ കൈകൾ നെഞ്ചിൽ വെച്ചവൾ പ്രാർത്ഥിച്ചു. ആത്മാവിന് മോക്ഷം കിട്ടട്ടെ….