രജനിയുടെ വാട്ട്സ്ആപ് പേജ് അടയ്ക്കാതെ തന്നെ ഇയർഫോൺ കണക്ട് ചെയ്ത്കോൾ അറ്റന്റ് ചെയ്തു…

പ്ലിങ്ങ്….

Story written by Saji Thaiparambu

=================

“ഏട്ടാ “

ഓഫീസ് ടൈമിൽ, മൊബൈലിലേക്ക് ചുമ്മാ വിളിക്കരുതെന്ന് പറഞ്ഞത് കൊണ്ടാണ്, രജനി അയാളുടെ വാട്ട്സപ്പിലേക്ക് കയറിയത്.

“കുഞ്ഞിന്റെ ടിൻ ഫുഡ് തീർന്നു, വൈകിട്ട് വരുമ്പോൾ മറക്കാതെ, വാങ്ങി കൊണ്ട് വരണേ”

അവൾ വാട്ട്സ്ആപ്പ് പേജിൽ കുറിച്ചു.

“ഇത് പറയാനാണോടി, നീ വാട്ട്സ്ആപ് ഓൺ ചെയ്തത്, അതോ നീ കണ്ടവൻമാരുമായിട്ട് ചാറ്റിംങ്ങാരുന്നോ “

ഭർത്താവിലെ സ്വാർത്ഥ സ്വഭാവം പുറത്ത് ചാടി.

“ദേ, അരുണേട്ടാ ഞാൻ വല്ലോം പറയുവേ, നിങ്ങളില്ലാത്തപ്പോൾ ഞാൻ നെറ്റ് ഓൺ ചെയ്യുക പോലുമില്ല.

ഇതിപ്പോൾ നിങ്ങള് ജോലിത്തിരക്കാണെന്ന് കരുതിയാ വാട്ട്സ്ആപ്പ് ഓൺ ചെയ്ത്, മെസ്സേജിട്ടത്. പിന്നീട് എപ്പോഴെങ്കിലും ഓൺലൈനിൽ വരുമ്പോൾ കാണുവല്ലോന്ന് കരുതി” അല്ല, നിങ്ങക്കെന്താ ഇന്ന് ജോലിയൊന്നുമില്ലേ.

അവളുടെ അപ്രതീക്ഷിത ചോദ്യം അയാളെ ഞെട്ടിച്ചു.

“ഹത് പിന്നെ ജോലിയുണ്ട് ,ഞാൻ ഇവിടെ ഓഫീസിലെ സാറിന് വേണ്ടി നെറ്റ് ഓൺ ചെയ്തതാ “

അയാൾ പതിയെ തലയൂരി

“ഉം… ശരി, ങ്ഹാ പിന്നെ അരുണേട്ടാ ഊണ് കഴിച്ചോ”

ഈ സമയം, അരുണിന്റെ ഫോണിലേക്ക്, ഫ്രണ്ട്, ലതികയുടെ കോൾ വന്നു.

രജനിയുടെ വാട്ട്സ്ആപ് പേജ് അടയ്ക്കാതെ തന്നെ ,ഇയർഫോൺ കണക്ട് ചെയ്ത് ,കോൾ അറ്റന്റ് ചെയ്തു. അതാകുമ്പോൾ, രജനിയുമായി ചാറ്റ് ചെയ്യാം,ലതികയോട് കൊഞ്ചിക്കുഴയുകയുമാവാം.

“ഹായ്, മോളു “

അയാൾ വിത്ത് ഷുഗറിൽ ലതികയെ സംബോധനചെയ്തു.

“ടാ ,നീ ഇത് എവിടാ എത്ര നേരമായി ഞാൻ നിന്നെ ട്രൈ ചെയ്യുന്നു.”

അവളുടെ കൊഞ്ചലിന്റെ ഇമ്പം അയാളുടെ കർണ്ണപുടങ്ങളിൽ തേനൊലിയായി.

“ഓഹ് ആ മൂ ധേവി ഓൺലൈനിലുണ്ട്, അവളുടെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കൊടുത്തില്ലേൽ പിന്നെ അത് മതി”

അരുൺ ലതികയെ സന്തോഷിപ്പിക്കാനായി കുറച്ച് വെറുപ്പ് കലർത്തി പറഞ്ഞു.

“ആര്  രജനിയോ “

അറിഞ്ഞിട്ടും അറിയാത്തപോലവൾ ചോദിച്ചു.

“ഓ, രജനി തന്നെ ” അത് പോട്ടെ, ഇന്ന് കാണുന്ന കാര്യം എങ്ങനാ, നീ ഉറപ്പ് പറഞ്ഞിട്ട് വേണം എനിക്ക്, രജനിയോട്, എന്തെങ്കിലും കളവ് പറഞ്ഞ്, നിന്റെയടുത്തേക്ക് വരാൻ”

ശൃംഗാരച്ചിരിയോടെ അയാൾ ചോദിച്ചു.

“എന്തുവാടാ, ഇത് നിനക്ക് ധൃതിയായോ” അങ്ങനെയെങ്കിൽ, നീ ഒരു എട്ട് മണിയാകുമ്പോൾ എന്റെ വീട്ടിലേക്ക് വാ’

അവളുടെ ശബ്ദത്തിന്റെ മാധുര്യം പിന്നെയും കൂട്ടിക്കൊണ്ടിരുന്നു.

“അപ്പോൾ നിന്റെ ഭർത്താവോ “

“അങ്ങേര് ഇന്ന് ക്ലബ്ബിൽ മീറ്റിംഗ് ഉള്ളത് കൊണ്ട് പാതിരാത്രിയാകുമ്പോഴെ വരികയുള്ളു, എന്ന് വിളിച്ച് പറഞ്ഞു. “

അരുണിന്റെ മനസ്സിൽ ലഡു പൊട്ടി

ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടതാണ് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു.

“പിന്നെ…ദേവാ സ്ട്രീറ്റിലെ പതിനൊന്നാം നമ്പർ വീടെന്നല്ലേ, അന്ന് നീ എന്നോട് പറഞ്ഞത് “

അരുൺ സംശയ നിവാരണം നടത്തി,

”അതെ അത് തന്നെ, അപ്പോൾ ഇനി വൈകിട്ട് കാണാം “

ലതിക ഫോൺ കട്ട് ചെയ്തു.

സന്തോഷം കൊണ്ടയാൾക്ക് തുള്ളിച്ചാടണമെന്ന് തോന്നി. ഓഹ് ഇനി രജനിയെ വിളിച്ച് എന്തെങ്കിലും മീറ്റിംഗ് ഉണ്ടെന്നും, വരാൻ താമസിക്കുമെന്നും പറയാം.

അയാൾ രജനിയുടെ, മൊബൈലിലേക്ക് വിളിച്ചു.

ആദ്യത്തെ ബല്ലിൽ തന്നെ ഫോൺ അറ്റൻറ് ചെയ്തു.

“ങ്ഹാ രജനി, ഞാനിന്ന് വരാൻ വൈകും. ഇന്ന്  MD യുടെ എമർജൻസി മീറ്റിംഗ് ഉണ്ട്”

“ഉം, അറിഞ്ഞു. “

രജനിയുടെ മറുപടി കേട്ടയാൾ പകച്ചു .

“ങ്ഹേ, നീയതെങ്ങനെ അറിഞ്ഞു

“ഞാനെല്ലാം ലൈവായി തന്നെ അറിഞ്ഞു.

“മീറ്റിംഗ് സ്ഥലം, ദേവാസ്ട്രീറ്റിലെ പതിനൊന്നാം നമ്പർ വീട്ടിൽ, തന്നെയല്ലേ?”

“ഇനി ഒന്നേ അറിയാനുള്ളു. ആ എന്തരവൾ, ആരാണെന്ന്, “

“പിന്നെ മീറ്റിംഗ് കഴിഞ്ഞ് അവളുടെ കൂടെ തന്നെ അങ്ങ് കൂടിക്കോ, “

“ഒരാഭാസനെ ,അറിഞ്ഞ് കൊണ്ട് ഇനി ചുമക്കാൻ ഞാനൊരുക്കമല്ല, “

പറഞ്ഞ് തീർന്നതും രജനി ഫോൺ കട്ട് ചെയ്തു.

അന്തം വിട്ട് പോയ അയാൾ ഫോണിലേക്ക് സൂക്ഷിച്ച് നോക്കി, അപ്പോഴും രജനിയുടെ വാട്ട്സ്ആപ് പേജ് ഓപ്പൺ ആയിരുന്നു. അതിലെഴുതിയിരിക്കുന്ന വാക്കുകൾ കണ്ട് അയാൾ ഞെട്ടിത്തെറിച്ചു.

ലതികയോട് സംസാരിച്ചത് അത് പോലെ തന്നെ താനറിയാതെ താൻ തന്നെ ടൈപ്പ് ചെയ്ത് വച്ചിരിക്കുന്നു.

പറ്റിപ്പോയ അബദ്ധമോർത്ത്, തലയിൽ കൈവച്ച് അരുൺ കസേരയിലിരുന്നു.

~സജിമോൻ തൈപറമ്പ്