സാധാരണക്കാരനായി പുറത്തു പോയ ജയചന്ദ്രൻ മടങ്ങി വന്നത്, രാത്രി എട്ടര കഴിഞ്ഞാണ്…

ഫോ ർ പ്ലേ….

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

====================

ഓഫീസിൽ നിന്നും മടങ്ങി വന്ന്, ഔദ്യോഗിക വേഷവിധാനങ്ങൾ മാറ്റി, സാധാരണക്കാരനായി പുറത്തു പോയ ജയചന്ദ്രൻ മടങ്ങി വന്നത്, രാത്രി എട്ടര കഴിഞ്ഞാണ്.

സിന്ധുവപ്പോൾ, പ്രതിലിപിയിലേക്കുള്ള തുടർക്കഥയെഴുതുകയായിരുന്നു. കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ തലയിണ ചരിച്ചുവച്ച് മലർന്നുകിടന്ന് എഴുത്തു തുടർന്നു.

ഭർത്താവ്, വന്നപാടെ അലമാരി തുറക്കുന്നതും, ഷർട്ടുകൾ കൊളുത്തിയിട്ട കൂട്ടത്തിൻ്റെ മറയിൽ നിന്നും മ ദ്യക്കുപ്പിയെടുക്കുന്നതും, ഗ്ലാസിൽ പകരുന്നതും വെള്ളമൊഴിക്കുന്നതും സ്വരരൂപത്തിൽ അവളറിഞ്ഞു. അവൾ തലചരിച്ചു ജയചന്ദ്രനേ നോക്കി.

മൂന്നാമത്തെ പെ ഗ് ആണല്ലോ അകത്താക്കുന്നത്, ഒരു ലാർജും, സ്മോളുമാണ് പതിവ്.

ഓ…നാളെ ഞായറാഴ്ച്ചയാണല്ലോ; അവധി ദിനം, അതിൻ്റെ പച്ചപ്പിലാണ് ഈ മൂന്നു ലാർജ്. അയാൾ, അവളുടെ അരികിലേക്കു വന്നു. ഇരുവശത്തേക്കുമായി തെല്ലകന്നു ഉയർത്തി വച്ച അവളുടെ കാൽമുട്ടുകളിൽ പിടിച്ച് ഒന്നൂടെ അകത്തിക്കൊണ്ട് അയാൾ ചോദിച്ചു.

“എന്തായി,എഴുതിത്തുടങ്ങീട്ടേയുള്ളൂ മാധവിക്കുട്ടീ…?”

ഗ്രീൻ ലേബൽ ബ്രാ ണ്ടിയുടെ ഗന്ധം, അയാളുടെ ഉച്ഛാസങ്ങളിൽ നിറഞ്ഞുനിന്നു. ഊർന്നു മുട്ടിനു താഴേക്കിറങ്ങിപ്പോയ ഉടുപ്പിനെ നേരെയിട്ട്, അവൾ പുഞ്ചിരിച്ചു.

“തുടങ്ങീട്ടേയുള്ളൂ, ജയേട്ടാ….അത്താഴവും കറികളും പാകമായി മേശപ്പുറത്തുണ്ട്. അച്ഛനും അമ്മയും ടീവീല് മ്യൂസിക് പ്രോഗ്രാം കാണണൂ; മോൻ, ദേ കമ്പ്യൂട്ടറില് ഗെയിം കളിക്കുന്നു. നിങ്ങള്, മുകളിലത്തേ ബാത്ത് റൂമില് കുളിക്കാൻ പോവല്ലേ, ഇനി, മണിക്കൂറൊന്നു കഴിയാണ്ട് പുറത്തിറങ്ങില്ലല്ലോ. ഫോണും പിടിച്ച് അതിനുള്ളിൽ തപസ്സല്ലേ, പോയി വാ…..”

അവളുടെ അനാവൃതമായ കണങ്കാലുകളിൽ പതിയേ തഴുകിക്കൊണ്ട് ജയചന്ദ്രൻ തുടർന്നു.

“ട്യേ…ഇന്ന് ഞങ്ങടെ ചങ്ങാതി സഭയിലെ കൂലങ്കഷമായ ചർച്ചാ വിഷയം എന്തായിരുന്നൂന്നാ….

“ഫോർ പ്ലേ”

എന്തോരം അറിവാ കിട്ടീതെന്നോനമ്മളിതു വരേ, എടുക്കാ, കുടിക്കാ, മരിക്കാ എന്നൊരു പോളിസീലല്ലേ രാത്രികൾ അവസാനിപ്പിച്ചത്, കഴിഞ്ഞ പന്ത്രണ്ടു കൊല്ലം അങ്ങനെ വെറുതേ പോയി. ഇന്നു മുതൽ ഞാൻ, പുതിയ അറിവുകൾ പരീക്ഷിക്കാൻ പൂവ്വാ…” അവൾ ചിരിച്ചു.

അരിച്ചിറങ്ങുന്ന അയാളുടെ വിരലുകളേയും,അതു പകരുന്ന ഉന്മാദങ്ങളേയും തട്ടിയകറ്റിക്കൊണ്ട്, അവൾ പറഞ്ഞു.

”പോയി വേഗം കുളിച്ചു വാ മനുഷ്യാആ കുളിമുറിയിൽ തപസ്സിരിക്കാണ്ട്…ഒമ്പതരയ്ക്ക് നിങ്ങളു വന്നിട്ടു വേണം, അത്താഴം വിളമ്പാൻ..എന്നിട്ട്, അടുക്കള വൃത്തിയാക്കി വന്നിട്ട് വേണം, ഇതിൻ്റെ ബാക്കിയെഴുതാൻ. അപ്പോളേക്കും മോനുറങ്ങും. ഇതെഴുതി പോസ്റ്റു ചെയ്ത് കഴിഞ്ഞ്, ഞാൻ വേഗം കുളിച്ചിറങ്ങാം, എന്നിട്ടാകാം, നിങ്ങടെ ഫോർപ്ലേയൊക്കെ ”

ജയചന്ദ്രൻ, സെൽഫോണുമെടുത്ത് ഗോവണി കയറി മുകളിലേക്കു പോയി. അകത്തളിത്തിലെ ടെലിവിഷനിൽ നിന്നും, മുറിയകത്തേ കമ്പ്യൂട്ടറിൽ നിന്നുമുള്ള ശബ്ദങ്ങൾ പരസ്പരം ഇടകലർന്നു. അതിനേ അവഗണിച്ചു കൊണ്ട്, അവൾ എഴുത്തു തുടർന്നു. അപ്പോളാണ് അവൾ അക്കാര്യമോർത്തത്; ഇത് പോസ്റ്റു ചെയ്യണമെങ്കിൽ, നെറ്റ് റീച്ചാർജു ചെയ്യണം….

സാരമില്ല, ജയേട്ടൻ കുളിച്ചിറങ്ങുമ്പോൾ, ആ ഫോണിൽ നിന്നും റീച്ചാർജു ചെയ്യാം.

സമയം ഒമ്പതര,

ജയൻ കുളി കഴിഞ്ഞ്,  താഴേക്കിറങ്ങി വന്നു. അത്താഴമേശയിൽ സകലതും തയ്യാറാക്കി വച്ചിരുന്നു. ജയനും, പത്തുവയസ്സുകാരൻ മകനും, ജയൻ്റെ മാതാപിതാക്കളും കൂടി ഒന്നിച്ചുണ്ണാനിരുന്നു. അന്നേരത്താണ്, സിന്ധു ഫോൺ റീച്ചാർജു ചെയ്യുന്നതിനേക്കുറിച്ചോർത്തത്.

അവൾ, ജയചന്ദ്രൻ്റെ ഫോണെടുക്കാൻ കിടപ്പുമുറിയിലേക്കു നടന്നു. ജയചന്ദ്രനും, മോനും ഊണും കഴിഞ്ഞ് മുറിയിലേക്കു കടന്നുവന്നു. സിന്ധുവപ്പോൾ എഴുത്തു തുടരുകയായിരുന്നു.

”മതീടീ, നീ നിൻ്റെ ഡയറ്റു ഫുഡും കഴിച്ച്, അടുക്കള വൃത്തിയാക്കി വായോ, മോന് ഇപ്പഴേ ഉറക്കം വരണുണ്ട്. ബാക്കി, കിടക്കാൻ നേരത്ത് എഴുതാം”

ജയചന്ദ്രൻ പറഞ്ഞതും,  അവൾ അടുക്കളയിലേക്കു നടന്നു. ചുവരരികിൽ കിടക്കുന്ന, മോൻ്റെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങുന്നത് പോകും വഴിയിൽ അവൾ കണ്ടു. അര മണിക്കൂറിൽ, സിന്ധു തിരികേയെത്തി. പകലിലെ വിഴുപ്പുകൾ മാറി, രാവുടുപ്പിൻ്റെ സ്വച്ഛതയിൽ അവൾ കൂടുതൽ ചേലോടെ നിന്നു. അവൾ കടന്നു വന്നപ്പോൾ മുറിയകമാകെ രാധാസ് സോപ്പിൻ്റെ പരിമളം നിറഞ്ഞു. ഉറങ്ങുന്ന മകനരികിലായി അവൾ കിടന്നു. കട്ടിലിന്നോരത്ത് അയാളും.മുറിയുടെ അയാളും. മുറിയുടെ ഇരുളിൽ, അവളുടെ ഫോണിൻ്റെ ചതുരവെളിച്ചം മാത്രം പ്രസരിച്ചു. വിരൽ കൊണ്ടെഴുത്തു തുടർന്ന, അവളുടെ തുടുമുഖം ആ വെളിച്ചത്തിൽ കൂടുതൽ ഭംഗിയായി. അയാൾ അക്ഷമനായി, അവളെ കാത്തു. അവളിനി പ്രതിലിപിയുടെ ലൈവിൽ നിന്നും പോകേണ്ടാ. എഴുത്തു തുടർന്നോട്ടെ.

അന്നേരമത്രയും അയാളുടെ വിരലുകൾ, അവളുടെ ശരീരത്തിൽ പരതി നടന്നു. പതിവിലും നേരത്തേ അവൾ എഴുത്തു പൂർത്തിയാക്കി പോസ്റ്റു ചെയ്തു. മൊബൈൽ ഓഫ് ചെയ്ത്, കട്ടിൽത്തലയ്ക്കലേ മേശയിലേക്കിട്ടു. മുറിയാകെ ഇരുട്ടു പടർന്നു. ഇപ്പോൾ, മോൻ്റെ താളത്തിലുള്ള ശ്വാസഗതികൾ വ്യക്തമാണ്.

“ജയേട്ടാ, എൻ്റെയും നിങ്ങളുടേയും ഫേസ്ബുക്കിലെ മ്യൂച്ചൽ ഫ്രണ്ട് ലിജിയുടെ പ്രായമറിയുമോ നിങ്ങൾക്ക്? നിങ്ങൾക്കറിയില്ലെങ്കിലും എനിക്കറിയാം, എൻ്റെ ചങ്ങാതിയായ ശേഷമല്ലേ, അവള് നിങ്ങളുടെ കൂട്ടായത്. അവൾക്ക് പ്രായം മുപ്പത്തിയേഴ്; എന്നേക്കാൾ രണ്ടു വയസ്സു കൂടുതൽ, നിങ്ങളേക്കാൾ അഞ്ചു വയസ്സ് ഇളപ്പം. ശരിയല്ലേ?”

ജയചന്ദ്രൻ്റെ വിരലുകൾ നിശ്ചലമായി, ഫ്രണ്ട് ഓപ്പൺ ഉടുപ്പിൻ്റെ ഇരുവശങ്ങളും ഉരിഞ്ഞിറങ്ങി നിന്നു. ഇരുട്ടിൽ, സിന്ധുവത് നേരെയാക്കി…

”അതിനിപ്പോൾ, എന്തുണ്ടായി…?”

അയാൾ ചോദിച്ചു. ആ ശബ്ദം ഇടറിയിരുന്നു. അയാളുടെ ഉടലിൽ നിന്നും ചൂടു നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു.

“എന്തുണ്ടായെന്നോ….? ഇതാണോ നിങ്ങള് ഒന്നും ഒന്നരയും മണിക്കൂറ് കുളിമുറിയിൽ ചെയ്തോണ്ടിരുന്നത്…?അവളുടെ ഭർത്താവു മരിച്ചു പോയതാകാം,പക്ഷേ നിങ്ങള്; എഴുത്തുകൊണ്ട് ഒരു പാതി സുരതം നടത്തി, അതിൻ്റെ പൂർത്തീകരണം എൻ്റെ മേൽ അല്ലേ? സത്യത്തിൽ, നിങ്ങളാണ് ‘ഫോർപ്ലേ’യുടെ സുഖം ആസ്വദിക്കുന്നത്.

തെല്ലു കൂടുതൽ കുടിച്ചപ്പോൾ, ചാറ്റ് മായ്ക്കാൻ മറന്നൂലേ? എനിക്ക് റീച്ചാർജു ചെയ്യാൻ, നിങ്ങളുടെ ഫോണെടുക്കാൻ തോന്നീത് എത്ര നന്നായി….”

അവൾ തിരിഞ്ഞു കിടന്നു. ഇരുട്ടിലപ്പോൾ, മകൻ്റെ ഉച്ഛാസതാളങ്ങൾക്കൊപ്പം അവളുടെ വിതുമ്പലുകളും സമന്വയിച്ചു. ഇരുട്ടിലേക്ക് കണ്ണും തുറുപ്പിച്ച് അയാൾ അനക്കമറ്റു കിടന്നു. ജഢം കണക്കേ….