തുടക്കത്തിന് മുന്നേയുള്ള അവസാനം…..
Story written by Remya Bharathy
================
“…..എല്ലാത്തിനും ഒരു അവസാനം ഉണ്ട്….ക്ഷമിക്കുന്നതിനും പൊറുക്കുന്നതിനും അഡ്ജസ്റ്റ് ചെയ്യുന്നതിനും ഒരു പരിധിയുണ്ട്…എനിക്ക് ഇനിയും വയ്യ…എന്തൊക്കെ കേട്ടാലും അനങ്ങാ പാറ പോലെ ഇരിക്കുകയും, അവസാനം പൊട്ടിത്തെറിക്കുകയും ചെയ്യുക…എനിക്ക് മടുത്തു….”
എനിക്ക് മുന്നിൽ ഇരുന്ന് അവൾ പൊട്ടിത്തെറിക്കുമ്പോൾ എന്റെ മേശപ്പുറത്തിരുന്ന വസ്തുക്കളിൽ അലസമായി ശ്രദ്ധിച്ചുകൊണ്ട് അയാൾ നിർവികാരനായി ഇരുന്നു…
അയാളുടെ ഉള്ളിൽ എവിടെയോ കടൽ ഇരമ്പുന്നുണ്ടായിരുന്നു എന്നെനിക്ക് തോന്നി….
ശ്രദ്ധ കിട്ടാനായി ഞാൻ അയാളെ പേരെടുത്തു വിളിച്ചു… എന്നിട്ട് ചോദിച്ചു…
“നിങ്ങൾക്ക് ഒന്നും പറയാനില്ലേ? കുറഞ്ഞ പക്ഷം അവൾ ഈ പറയുന്ന വിഷയങ്ങളിൽ നിങ്ങളുടെ ഭാഗം എന്താണെന്നെങ്കിലും? രണ്ടു പക്ഷവും എനിക്ക് കേൾക്കണം…”
മൂന്നാലു നിമിഷത്തെ മൗനത്തിനു ശേഷം അയാൾ ഒന്നു മുരടനക്കി….സംസാരിക്കാൻ തുടങ്ങി…
“അവള് പറയുന്നതിനെ പൂർണ്ണമായി ഞാൻ എതിർക്കുന്നില്ല. പൂർണ്ണമായി അംഗീകരിക്കാനും പറ്റുന്നില്ല. അവൾക്ക് അവളുടേതായ ന്യായം എന്നത് പോലെ എനിക്ക് എന്റെ ന്യായങ്ങളും ഉണ്ട്…പിന്നെ പൊതുവെ ഈ കാലഘട്ടത്തിൽ എല്ലാവർക്കും പെണ്ണുങ്ങളെ പിന്തുണക്കാൻ ആണല്ലോ താൽപ്പര്യം. അതു കൊണ്ട് എനിക്ക് ഒന്നും പറയാനില്ല…അവൾക്ക് എന്നെ വേണ്ടെങ്കിൽ എനിക്ക് പുറകെ പോയി ഇഷ്ടം ഉണ്ടാക്കാനുള്ള കഴിവൊന്നും ഇല്ല. അവൾക്ക് അതാണ് ഇഷ്ടമെങ്കിൽ നടക്കട്ടെ…”
പതിയെ പതിയെ ആയാളും പരാതിയുടെ കെട്ടുകൾ അഴിച്ചു തുടങ്ങി…
അട്ടഹാസങ്ങൾക്കും പൊട്ടിത്തെറികൾക്കും അപ്പുറത്തുള്ള അയാളുടെ മറ്റൊരു മനസ്സ് തുറന്നു വരുന്നത് കണ്ട് അവൾ അപ്പുറത്തിരുന്നു അന്തം വിടുന്നത് ഞാൻ ഇടം കണ്ണിന്റെ കോണിലൂടെ കണ്ടു….
ഇടക്കെപ്പോഴോ അവൾ എതിർ വാദങ്ങൾക്ക് തുനിഞ്ഞപ്പോൾ ഞാൻ ഒന്നെതിർത്തു…അയാള് മുഴുവൻ പറയുന്നത് വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു….
മണിക്കൂറുകൾ….
പരസ്പരം ചെളി വാരി എറിയലും, കുറ്റപ്പെടുത്തലുകളും, വാഗ്വാദങ്ങളും എല്ലാം കഴിഞ്ഞു സങ്കടങ്ങളുടെ മഞ്ഞുരുകുന്നത് കാണാൻ തുടങ്ങി…
എല്ലാം കഴിഞ്ഞപ്പോൾ പരസ്പരം കണ്ണുകൾ ഉടക്കാതിരിക്കാനായി അവർ ശ്രമിക്കുന്നതു കണ്ടു…
വീണ്ടും കുറച്ചു നിമിഷങ്ങൾ നീണ്ട മൗനത്തിനു ശേഷം ഞാൻ സംസാരിക്കാൻ തുടങ്ങി…
“പരസ്പരം ഒട്ടും സഹിക്കാൻ വയ്യെങ്കിൽ ബന്ധം നിർത്തുന്നതാണ് നല്ലത്. സംശയം ഇല്ല. പക്ഷെ ഈ തീരുമാനം കൊണ്ട് നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നത് ഒക്കെയും ചിന്തിക്കണം. നിങ്ങളെ ആശ്രയിച്ചു ചുറ്റും ഉള്ളവരെ കുറിച്ചും വേണേൽ ഇത്തിരി ചിന്ത ആവാം…തീരുമാനം നടപ്പാക്കി കഴിഞ്ഞാൽ മുന്നോട്ട് പോകുന്നതിനെ പറ്റിയും ചിന്തിക്കാം…വരാൻ പോകുന്ന പ്രതിസന്ധികൾ എങ്ങനെ നേരിടുമെന്നും…എല്ലാം ഒന്നൂടെ ആലോചിച്ചിട്ട് ഒരു തീരുമാനം അടുത്ത സിറ്റിങ്ങിൽ എടുക്കാം…”
അവർ എഴുന്നേൽക്കാൻ തുടങ്ങി…
“പോകുന്നതിന് മുന്നേ ഒരു കാര്യം…ഇപ്പോൾ രണ്ടാളും ഉള്ളിലുള്ള പലതും തുറന്നു പറയുകയും പരസ്പരം തുറന്നു കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്തില്ലേ….ഇനി ഒന്ന് അവനവനോടും, പരസ്പരവും ചോദിച്ചു നോക്കു…ഇടയിൽ എവിടെയെങ്കിലും മറ്റേ ആളോട് സ്നേഹം ബാക്കി കിടപ്പുണ്ടോ എന്ന്…ഉണ്ടെങ്കിൽ പരസ്പരം ഒന്ന് തുറന്നു സംസാരിക്കാൻ ശ്രമിക്കു…നിങ്ങൾ പരസ്പ്പരം സ്നേഹം തുടർന്നാൽ അതിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന രണ്ടു കുഞ്ഞു മനസ്സുകൾ പുറത്ത് ഇരിപ്പുണ്ട്… ആകാംഷയും ആകുലതയും നിറഞ്ഞ രണ്ട് ജോടി മാതാ പിതാക്കളും…പിരിയേണ്ടവർ ഉണ്ട് ചുറ്റിനും അനവധി…പക്ഷെ അവനവന് എന്താണ് നല്ലത് എന്ന് അവനവൻ തന്നെ കണ്ടു പിടിക്കണം.പ്രശ്നങ്ങൾ ഇല്ലാത്ത ഇടങ്ങൾ ഇല്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത ഇടങ്ങളും…പരസ്പ്പരം ബഹുമാനിച്ചും അംഗീകരിച്ചും ജീവിക്കാൻ പഠിച്ചാൽ എല്ലാം പതിയെ നേരെ ആയേക്കാം…ആലോചിക്കു… എന്നിട്ട് വരു അടുത്ത വട്ടം…”
ഒന്നും മിണ്ടാതെ മൗനമായി നന്ദി പറഞ്ഞു അവർ പുറത്തേക്ക് ഇറങ്ങി…
എന്തോ എന്റെ മനസ്സ് പറഞ്ഞു അവർ ഇനി വരലുണ്ടാവില്ല എന്ന്. ആരൊക്കെയോ നിർബന്ധിച്ചു മനസ്സില്ലാ മനസ്സോടെ ആണ് അവർ ഇവിടെ എത്തിയത്. മനസ്സു തുറക്കാൻ തന്നെ മൂന്നോ നാലോ സിറ്റിംഗ് എടുത്തു…പക്ഷെ പിന്നെ ഒരു കുത്തി ഒലിക്കൽ ആയിരുന്നു…കുറെ അഴുക്കുകൾ ആ കുത്തൊഴുക്കിൽ പോയി… ഇനി തെളി നീര് ഒഴുകാൻ തുടങ്ങും… എനിക്കൊരു പ്രതീക്ഷ….
എല്ലാത്തിനും ഒരു അവസാനമുണ്ട്…അത് ഒരു അവസാനമായിരുന്നു….ഒരു നല്ല തുടക്കത്തിനായുള്ള അവസാനം….