റംസാന്റെ കുഞ്ഞിത്താ….
Story written by Saji Thaiparambu
=================
പയ്യന്നൂർ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഏറനാട് എക്സ്പ്രസ്സ് ഓടി വന്ന് കിതച്ചു നിന്നു.
റൈറ്റ് ടൈമും കഴിഞ്ഞ് അക്ഷമരായി കാത്തിരുന്നവർ, വേഗം ബാഗുകളുമായി കമ്പാർട്ട്മെന്റിലേക്ക് കയറി.
എന്റെ കയ്യിലുണ്ടായിരുന്ന ട്രോളി ബാഗുമായി ഞാനും D3 കോച്ചിലെ,82-ാം നമ്പർ സീറ്റിൽ പോയിരുന്നു.
തീവണ്ടി പിന്നെയും മുന്നോട്ട് കുതിച്ചു.
മീൻകുളങ്ങളും, ഏഴിമല അക്കാദമിയുടെ വലിയസിഗ്നൽ ബോർഡുകളുമൊക്കെ പുറകിലേക്ക് മറഞ്ഞു പോയി കൊണ്ടിരുന്നു.
വളപട്ടണം പാലത്തിലേയ്കയറിയപ്പോൾ തീവണ്ടിയുടെയുടെ നിലവിളി കുറെ കൂടി ഉച്ചത്തിലായി
കണ്ണൂരിൽ വണ്ടിയെത്തുമ്പോൾ പത്ത് മണി കഴിഞ്ഞിരുന്നു. ഒഴിഞ്ഞ് കിടന്നിരുന്ന സീറ്റുകളെല്ലാം സജീവമായി.
അത് വരെ വിൻഡോസീറ്റിനടുത്തിരുന്ന് പ്രകൃതി ഭംഗി ആസ്വദിച്ചിരുന്ന എന്നെ, അവിടേക്ക് കടന്ന് വന്ന ഒരു പെൺകുട്ടി വിൻഡോ സീറ്റിന്റെ യഥാർത്ഥ അവകാശി അവളാണെന്ന് പറഞ്ഞ്, സീറ്റിന്റെ അറ്റത്തേക്ക് മാറ്റി ഇരുത്തി.
അല്പം നീരസത്തോടെ എനിക്ക് അത് ഉൾക്കൊള്ളേണ്ടിവന്നു.
വണ്ടി കുറച്ച് സമയം വിശ്രമിക്കട്ടെ, എന്ന് എൻജിൻ ഡ്രൈവർ കരുതിയിട്ടുണ്ടാവാം എന്തായാലും കിതപ്പ് ഒന്ന് അടങ്ങിയിട്ടാണ് ആ ചുവന്ന മണ്ണിൽ നിന്ന് ഏറനാട് പിന്നെ മുന്നോട്ട് ചലിച്ചത്.
“റംസാനെ, വേഗം കേറടാ “
ഒരു പെൺകുട്ടിയുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് ഞാനും മറ്റുള്ളവരും വാതിൽക്കലേക്ക് എത്തിനോക്കിയത്.
അപ്പോൾ ഇടത് കൈ കൊണ്ട് വാതിലിന്റെ ഇടത്ത് വശത്തുള്ള ഹാൻറിലിൽ പിടിച്ച് ,വെളിയിലേക്ക് വലത് കൈ നീട്ടി കൊലുന്ന് പോലൊരു പെൺകുട്ടി. കറുത്ത പർദ്ദയാണ് വേഷം. മഫ്ത്തയുടെ മുന്നിലൂടെ അവളുടെ ഭംഗിയുള്ള വട്ട മുഖം കാണാം.
ദൂരെ നിന്ന് ഓടി വന്ന ഏകദേശം 15 വയസ്സ് തോന്നിക്കുന്ന ഒരാൺകുട്ടിയെ അവൾ വലിച്ച് കമ്പാർട്ട്മെൻറിലേക്കു് കയറ്റി.
“ഹോ ഞാൻ പേടിച്ച് പോയി, കയറാൻ പറ്റുമെന്ന് കരുതിയതേയില്ല.”
ആശ്വാസത്തോടെ അവൻ പറയുന്നു.
“അതെങ്ങനാ ട്രെയിൻ വിടാൻ, നേരമായപ്പോയാണല്ലോ നിനക്കു് ചായ കുടിക്കാൻ തോന്നിയത്. നീ കാൻറീനിലേക്ക് പോയത് കൊണ്ടല്ലേ?”
അവൾ അവനെ ശകാരിച്ചു.
രണ്ട് പേരും കൂടി നോക്കി സീറ്റ് നമ്പർ ഉറപ്പിച്ചിട്ട് എന്റെ എതിർവശത്ത് വലത് നിരയിലുള്ള സീറ്റിൽ ഇരുന്നു.
കല്ലായിപ്പുഴയുടെ മുകളിലൂടെ വണ്ടി നീങ്ങുമ്പോൾ, തണുത്ത കാറ്റടിച്ചു.പുഴയിലെ കര ഭാഗത്തായി ഇറക്കിയിട്ടിരിക്കുന്ന കൂപ്പ് തടികൾ ക്രെയിൻ കൊണ്ട് വെള്ളത്തിലേക്ക് ഇറക്കിയിടുന്നു.
“എയിറ്റിടു. ആരാ “
ഗാംഭീര്യമുള്ള ശബ്ദം കേട്ട് ഞാൻ തല തിരിച്ചു.
കറുത്ത കോട്ടിട്ട, അതിലും കറുപ്പ് തോന്നിക്കുന്ന, ആജാനുബാഹുവായ TTR.
ഞാൻ പേഴ്സ് എടുത്ത് ടിക്കറ്റ് കൊടുത്തു.
കയ്യിലുണ്ടായിരുന്ന ഫയലിൽ ഹരിച്ചും, ഗുണിച്ചും നോക്കിയിട്ട് പേന കൊണ്ട് എന്റെ ടിക്കറ്റിൽ കുത്തിവരച്ച് തിരിച്ച് തന്നു.
ഈ സമയം, എന്റെ കൈയ്യിൽ നിന്ന് വിൻഡോ സീറ്റ് കൈക്കലാക്കിയവൾ ഒരു ഇംഗ്ലീഷ് പുസ്തകം വായിക്കുകയായിരുന്നു
കാണാൻ വലിയ ലുക്കില്ലെങ്കിലും വായിക്കുന്നത് ഇംഗ്ലീഷ് ബുക്കൊക്കെയാ, ഇംഗ്ലീഷിൽ വലിയ പരിജ്ഞാനമില്ലാത്ത ഞാൻ അത് കണ്ട് അസൂയ പൂണ്ടു.
ചേതൻ ഭഗത്തിന്റെ one indian girl, എന്ന നോവലാണ് അവൾ വായിക്കുന്നത് എന്ന് എത്തി നോക്കിയ ഞാൻ കണ്ടു പിടിച്ചു.
പുസ്തകത്തിൽ നിന്ന് കണ്ണ്പറിക്കാതെ തന്നെ ടിക്കറ്റ്, ചെറിയ ഹാൻറ് ബാഗിൽ നിന്നെടുത്ത് TTRന് കൊടുത്തു. എന്നോട് ചെയ്ത പോലെ തന്നെ അവളോടും ചെയ്തു.
ടിക്കറ്റിൽ കുത്തിവരച്ചു.
“ടിക്കറ്റ് കാണിക്ക് “
TTRന്റെ ചോദ്യം ആ കുട്ടികളോടാണ്.
പെൺകുട്ടി തന്റെ ചെറിയ ബാഗിൽ, വെപ്രാളപെട്ട് ടിക്കറ്റ് തിരയുന്നുണ്ട്. പക്ഷേ , അവളുടെ മുഖത്തെ ഭാവമാറ്റത്തിൽ മനസ്സിലാക്കും ടിക്കറ്റ് നഷ്ടപ്പെട്ടു
“സർ ടിക്കറ്റ് കാണുന്നില്ല. ഈ ബാഗിൽ ചെറിയ പേഴ്സിൽ കുറെ പൈസയോടൊപ്പം വച്ചിരുന്നതാ ആ പേഴ്സും കാണുന്നില്ല.”
TTRന് അരിശം വന്നു
“എങ്കിൽ I D പ്രൂഫ് എടുക്കു്. “
അക്ഷമയോടെ അയാൾ പറഞ്ഞു.
ഞങ്ങൾക്കു് IDപ്രൂഫില്ല. അതൊക്കെ കഴിഞ്ഞ വെള്ളപ്പൊക്കത്തിലൊഴുകി പോയി.”
അവളുടെ കണ്ണുകളിൽ അപ്പോൾ സങ്കട തിരയിളകുന്നുണ്ടായിരുന്നു.
“എന്ന് പറഞ്ഞാലെ ങ്ങനാ, നിങ്ങൾ കളവ് പറയുകയാണെങ്കിലോ, ഞാനെങ്ങനെ വിശ്വസിക്കും. അത് കൊണ്ട് അടുത്ത സ്റ്റേഷനിൽ എത്തുമ്പോൾ രണ്ട് പേരും കൂടി കൈപിടിച്ച് ഇറങ്ങിക്കോണം…പരിഹാസം കലർന്ന താക്കീതോടെ അയാൾ കർക്കശമായി പറഞ്ഞു.
“അയ്യോ സർ ഞങ്ങളെ ഇറക്കി വിടല്ലേ. ഇവനെയും കൊണ്ട് തിരുവനന്തപുരംRCC യിൽ പോകുവാ, ഇന്ന് ചെന്ന്, അഡ്മിറ്റാകാനാ, Dr: പറഞ്ഞത്. നാളെ ഓപ്പറേഷൻ വേണമത്രേ “
അത് പറഞ്ഞതിനൊപ്പം അവളുടെ കരച്ചിലും പുറകെ വന്നു.
“അതിനിപ്പോ, ഞാനെന്ത് ചെയ്യാനാ, ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ പറ്റില്ലെന്നറിയില്ലേ? വെറുതെ എന്റെ ജോലി കളയിക്കരുത്. മര്യാദയ്ക്ക് ഫെറോക്ക് സ്റ്റേഷനെത്തുമ്പോൾ ഇറങ്ങിക്കോണം.”
അവസാന വാക്കെന്ന പോലെ പറഞ്ഞിട്ട് അയാൾ നടന്ന് പോയി
“നിങ്ങടെ, ഉപ്പയും, ഉമ്മയും എന്ത്യേ?അവരെ കൂട്ടാഞ്ഞതെന്താ, ?”
അടുത്തിരുന്ന പ്രായമുള്ള ഒരു സ്ത്രീ അവരോട് ആരാഞ്ഞു.
“ഉപ്പ ഞങ്ങളെ, ഉപേക്ഷിച്ച് പോയി “
ആൺ കുട്ടിയാണ് ഉത്തരം പറഞ്ഞത്.
”ങ് ഹേ, അതെന്താ “
അവർ ജിജ്ഞാസയോടെ ചോദിച്ചപ്പോൾ മറ്റുള്ളവരും, കാത് കൂർപ്പിച്ചു.
“അത് പിന്നെ “
അവൻ പറയാൻ മടിച്ച്, പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി.
“ഉമ്മ ഒരാക്സിഡൻറിൽ, ശരീരം തളർന്ന് കിടപ്പിലായപ്പോൾ, ഉമ്മയെ പ്രാകി കൊണ്ട് ഉപ്പ ഒരു ദിവസം ഇറങ്ങി പോയി. പിന്നെയിതു വരെ തിരിച്ച് വന്നിട്ടില്ല. ഇപ്പോൾ ഞങ്ങളുടെ കാര്യങ്ങളൊക്കെ നോക്കുന്നത് നാട്ടിലെ ഒരു സംഘടനയാ. അവർ പിരിച്ച് തന്ന കാശും കൂടിയാ, എതോ ദ്രോഹികൾ കൊണ്ട് പോയത്.”
ദേഷ്യവും സങ്കടവും കൊണ്ടവൾ പൊട്ടിക്കരഞ്ഞു.
“സാരല്യ കുട്ടി, നിങ്ങളെന്തായാലും ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോകു, സംഘടനക്കാരോട് പറഞ്ഞാൽ അവർ വേറെന്തെങ്കിലും വഴി കാണും.”
ആ സ്ത്രീ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“നാട്ടിലിപ്പോൾ ഞങ്ങൾക്ക് വീടും സ്ഥലവുമൊന്നുമില്ല. അന്നത്തെ ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് ഞാനും ഇവനും കൂടി ഇറങ്ങി വെളിയിലേക്കോടി, പക്ഷേ തളർന്ന് കിടന്ന ഉമ്മയെ ആർത്തലച്ച് വന്ന പ്രളയം പുരയോടൊപ്പം ഒഴുക്കി കൊണ്ട് പോയി. ” ആ പെൺകുട്ടിയുടെ വായിൽ നിന്ന് വീണ വാക്കുകൾ കേട്ട്, അത് വരെ ശബ്ദമുഖരിതമായ കമ്പാർട്ട്മെൻറ് പെട്ടെന്ന് നിശബ്ദമായി.
ബാക്കി പറഞ്ഞത് ആൺകുട്ടിയായിരുന്നു.
“ഇത് വരെ ഞങ്ങൾ ബന്ധുവീടുകൾ ഓരോന്നായി മാറി മാറി നിന്നു. പക്ഷേ അനാഥരായ രണ്ട് കുട്ടികളെ സംരക്ഷിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കുമല്ലോ? അവരിറക്കി വിടുന്നതിന് മുമ്പ് എന്റെ കുഞ്ഞിത്തായെം കൊണ്ട് സുരക്ഷിതമായൊരു സ്ഥലത്തെത്തണമെന്ന് തോന്നി. അത് കൊണ്ടാണ് സംഘടനക്കാര് എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്നേറ്റിട്ടും, എന്റെ കുഞ്ഞിത്തായെ ഞാൻ കൂടെ കൂട്ടിയത്. ഒന്ന് നിർത്തി ഉമിനീരിറക്കിയിട്ട് അവൻ തുടർന്നു.
ഓപ്പറേഷൻ ചെയ്താലും, എന്റെ കാര്യത്തിൽ വലിയ ഉറപ്പൊന്നും അവർക്കില്ലന്ന് എനിക്കറിയാം. ഞാനും കൂടി പോയാൽ പിന്നെ എന്റെ കുത്തിത്താ തനിച്ച് “
അവന്റെ തൊണ്ട ഉണങ്ങി വരണ്ടു. വാക്കുകൾ കിട്ടാതെ, ചുണ്ടുകൾ ഒരു വശത്തേക്ക് കോടി പോയി.
“റംസാനെ, റംസാനെ….
ഒരലർച്ചയോടെ അവൾ, വീഴാൻ തുടങ്ങിയ അവനെ താങ്ങി പിടിച്ചു.
ആരോ ചങ്ങല വലിച്ചപ്പോഴേക്കും ട്രെയിൻ, ഫെറോക്ക് സ്റ്റേഷനിലേക്ക് കടന്നിരുന്നു. D3 കോച്ചിലേക്ക് RPF ഉം, TTR ഉം ഓടി വന്നു.
വിവരമറിഞ്ഞ് സ്റ്റേഷനിൽ യാത്രയ്ക്കു വന്ന ഒരു Dr: അവന്റെ നാഡിമിഡിപ്പ് പരിശോധിച്ചു.
“എല്ലാം കഴിഞ്ഞു. “
Dr: എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
അപ്പോൾ ആ പെൺകുട്ടി തന്റെ മടിയിൽ കിടന്ന റംസാനെ പതിയെ സീറ്റിലേക്ക് കിടത്തിയിട്ട് അവന്റെ മുഖത്ത് നോക്കി ഇങ്ങനെ പുലമ്പി.
“നീ സമാധാനമായിട്ട് പൊയ്ക്കോ, അള്ളാഹു വിന്റെയടുത്തേക്ക്. അവിടെ നിന്ന് നിന്നെയാരും ഇറക്കിവിടില്ല. ഈ കുഞ്ഞിത്താ, എപ്പോഴും നിന്റെ കൂടെയുണ്ടാവും.
അതും പറഞ്ഞ് അവൾ എമർജൻസി വിൻഡോയുടെ ഗ്രില്ല് മുകളിലേക്കുയർത്തി, പുറത്തേക്ക് നോക്കി. അപ്പോൾ അകലെ നിന്നും, ചീറിപ്പാഞ്ഞു കൊണ്ട് ഒരു ട്രെയിൻ തൊട്ടടുത്ത പാളത്തിലേക്ക് വരുന്നത് കണ്ടു. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട്, എമർജൻസി വിൻഡോയിലൂടെ അവൾ പുറത്തേക്ക് ചാടി.
ഒരു പാട് പേരുടെ ജീവനെടുത്ത സൂപ്പർ എക്സ്പ്രസ്സ് ആ പെൺകുട്ടിയുടെ മുകളിലും ലാഘവത്തോടെ കയറിയിറങ്ങിപ്പോയി.
കണ്ട് നിന്നവരുടെ ചെവിയിൽ അപ്പോഴും ആ ശബ്ദം മുഴങ്ങി കേട്ടു
“റംസാനെ അവിടെ നില്ക്ക് കുഞ്ഞിത്തായും വരട്ടെ”
~സജിമോൻ തൈപറമ്പ്