എല്ലാത്തിനും കൂടെ നിൽക്കുന്ന ഭർത്താവിന് മുന്നിൽ എല്ലാം മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട്…

എഴുത്ത്: മഹാ ദേവൻ

================

ഡിഗ്രി പഠനകാലത്തായിരുന്നു വീട്ടുകാർ അവളുടെ വിവാഹം തീരുമാനിക്കുന്നത്. കൗമാരദിവസങ്ങളോടൊപ്പം പറന്നുല്ലസിക്കേണ്ട പ്രായത്തിൽ വീട്ടുകാരുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങുമ്പോൾ അമ്പിളിക്ക് പ്രായം പതിനെട്ട്…

ഒരു ദാമ്പത്യജീവതത്തോട് പൊരുതായപ്പെടാനുള്ള പക്വതയാവാത്ത പ്രായത്തിൽ വിവാഹനിശ്ചയത്തിന്റെ വേഷം കെട്ടുമ്പോൾ വിധി എന്ന വാക്കിനോട് പൊരുത്തപ്പെടാൻ ശ്രമിക്കികയായിരുന്നു അവൾ.

വിവാഹത്തീയതിയും മറ്റും തീരുമാനിച്ചുള്ള കാത്തിരിപ്പിനിടയിലായിരുന്നു  പെട്ടന്നുള്ള അച്ഛന്റെ മരണം. അച്ഛന്റെ മരണത്തോടൊപ്പം ഉറങ്ങിപ്പോയ വീട്..വീടിന്റ താങ്ങായി നിന്നവന്റെ പെട്ടന്നുള്ള വിയോഗം വരുത്തിവെച്ച വിടവുകൾ…മാനസികമായി തകർന്ന്പോയ മനസ്സുകൾ..

അങ്ങനെ തകർന്ന മനസ്സുമായി നീണ്ടുപോയ ദിനങ്ങൾക്കൊടുവിൽ വിവേകിന്റെ ഭാര്യയായി അമ്പിളി അവന്റെ വീടിലേക്ക് കയറുമ്പോൾ കൊതിച്ചതിനേക്കാൾ സന്തോഷമുള്ള ദിവസങ്ങളായിരുന്നു അവളെ കാത്തിരുന്നത്.

ആ ദിവസങ്ങൾക്ക് കൂടുതൽ സന്തോഷം പകർന്നുകൊണ്ട് ഒരു മോള് കൂടി  അവരുടെ ജീവിതത്തിലേക്ക് വന്നതോടെ ആ ദാമ്പത്യം കൂടുതൽ മനോഹരമായി. !

അന്നൊക്കെ വിവേക് ജോലിക്ക് പോകുമ്പോഴെല്ലാം വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു അമ്പിളിക്ക്. ആ അവസ്ഥക്ക് ഒരു മാറ്റം വരാനായി വിവേക് തന്നെ ആയി അവൾക്ക് ഫേസ്ബുക് എടുത്തുകൊടുത്തതും.

“അത്യാവശ്യം എഴുത്തും വായനയുമുള്ള നിനക്ക് അതൊരു നല്ല പ്ലാറ്റഫോം ആകും, പിന്നെ ഈ ബോറടിച്ചുള്ള ഇരിപ്പിൽ  നിന്ന് ഒരു ആശ്വാസവും , പക്ഷേ, ഇത് എടുത്ത് തന്നെന്നു വെച്ച് ഇതിൽ തന്നെ ഇരിക്കരുത്ട്ടോ  ” എന്ന് ആ രാത്രി അവളെ ചേർത്തുപിടിച്ചുകൊണ്ടവൻ പറയുമ്പോൾ അവൾ അവന്റെ മാറിലേക്ക് ചേർന്ന് കിടന്ന്കൊണ്ട് ചിരിയോടെ പറയുന്നുണ്ടായിരുന്നു

“എനിക്കിതൊന്നും വേണ്ട ഏട്ടാ….ഇതിനെ പറ്റിയൊന്നും എനിക്ക് വല്യ ധാരണ ഇല്ല, പിന്നെ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥയാകും” എന്ന്.

“അതൊക്കെ പതിയെ പഠിക്കാവുന്നതേ ഉളളൂ…പക്ഷേ, പിന്നീട് ഇതിൽ തന്നെ കുത്തിയിരുന്ന് നമ്മുടെ ഇതുപോലെ ഉളള നല്ല നിമിഷങ്ങളെ ബാധിക്കുന്ന രീതിയിൽ ആകരുത് എന്ന് മാത്രം. നിന്റെ എഴുത്തുകൾ പത്താളുകൾ വായിക്കാൻ ഇത് നല്ല ഒരു ആപ്ലിക്കേഷൻ ആണ് ” എന്ന് കൂടി അവൻ പറഞ്ഞപ്പോൾ അവൾക്കും ഒരു താല്പര്യം തോന്നിത്തുടങ്ങി അതിനോട്..

അങ്ങനെ അമ്പിളി എന്ന പേരിൽ ഒരു അക്കൗണ്ട് എടുക്കുമ്പോൾ ഒരിക്കലും അവൾ പ്രതീക്ഷിച്ചിരുന്നില്ല തന്റെ കുഞ്ഞെഴുതുകൾക്ക് ഇത്രയേറെ സപ്പോർട്ട് കിട്ടുമെന്ന്. അവിടെ നിന്ന് ഓരോ സാഹിത്യഗ്രൂപ്പിലും  അംഗമായി, ചിലതിന്റെ അഡ്മിനുമായി ആ മനോഹരലോകത്ത്‌ പറന്നുതുടങ്ങിയപ്പോൾ അവളുടെ എഴുത്തുകൾക്ക് ഒരുപാട് ആരാധകരും വായനക്കാരും ഉണ്ടായിരുന്നു.

പലരും ഇൻബോക്സിൽ വന്ന് എഴുത്തിന്റെ മികവിനെ പറ്റി പറയുമ്പോൾ ഒരുപാട് സന്തോഷമായിരുന്നു. അങ്ങനെ ഒരു മികവാർന്ന അഭിപ്രായത്തിലൂടെ ആയിരുന്നു അവൾ ശരത്തിനെ അറിയുന്നത്. വളരെ മാന്യമായി ഓരോ കഥയുടെയും അഭിപ്രായങ്ങളുമായി ഇൻബോക്സിൽ എത്തുന്ന അവൻ അവൾക്ക് പ്രിയപ്പെട്ട സൗഹൃദമായതും വളരെ പെട്ടന്നായിരുന്നു.

അത്യാവശ്യം എഴുതുന്ന അവന്റ എഴുത്തുകളെ അവളും വായിച്ചുതുടങ്ങിയപ്പോൾ അഭിപ്രായങ്ങളും തിരുത്തലുകളുമായി മണിക്കൂറുകൾ പരസ്പരം അവർക്ക് മാത്രമായി ചിലവഴിക്കാൻ തുടങ്ങിയ ദിനങ്ങൾ.

അങ്ങനെ ആ സൗഹൃദം വളർന്നുതുടങ്ങുമ്പോൾ ഇടക്കെപ്പോഴോ അവൻ പറഞ്ഞിരുന്നു, “എനിക്കെന്തോ നിന്നോട് വല്ലാത്തൊരു ഇഷ്ട്ടമാണ്  പെണ്ണെ “എന്ന്.

അതിനെ ഒരു ചിരിയോടെ കേൾക്കുമ്പോൾ അതിന് മറുപടി എന്നോണം അവളും പറഞ്ഞു, “മോനെ എനിക്കൊരു കെട്ടിയോനും മോളും ഉണ്ട്. ” എന്ന്.

പക്ഷേ,  പലപ്പോഴായി അവൾക്ക് മുന്നിൽ ഒരു തമാശരൂപേണ ആ ഇഷ്ട്ടം അവൻ അവതരിപ്പിക്കുമ്പോൾ അവൻ ഒന്നുകൂടി പറയുമായിരുന്നു, “നിനക്ക് ഭർത്താവും കുട്ടിയും ഉണ്ടെങ്കിലെന്താ..എനിക്ക് നിന്നെ പ്രേമിക്കാൻ പാടില്ലേ..ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ഒരു പെണ്ണിനെ നിന്നിൽ കണ്ടപ്പോ ഒരു ഇഷ്ട്ടം തോന്നി. അത് ഞാൻ തുറന്നു പറഞ്ഞു. നിനക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട..പക്ഷേ, എന്നോട് മിണ്ടുന്നിടത്തോളം കാലം ഞാൻ നിന്നെ പ്രണയിക്കും ” എന്ന്.

അവൾക്കവന്റെ ആ വാക്കുകൾ ഒരു അത്ഭുതമായിരുന്നു. തന്നെ കുറിച്ച് എല്ലാമറിഞ്ഞിട്ടും തിരിച്ചു കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് ഇഷ്ട്ടപ്പെടുന്ന ഒരാൾ..

“മോനെ,  ശരത്തെ, നിനക്ക് വട്ടാണ്… ” എന്ന് ചിരിയോടെ പറയുമ്പോൾ  അവൻ വളരെ ഗൗരവത്തോടെ ആയിരുന്നു അതിനെല്ലാം മറുപടി പറഞ്ഞത്, “നിന്നെ ഞാൻ സ്നേഹിക്കുന്നത് വട്ടാണെങ്കിൽ ആ വട്ടിനെയും ഞാൻ അത്രക്ക് ഇഷ്ട്ടപെടുന്നു. “

അവന്റെ വാക്കുകളും മാന്യമായ പെരുമാറ്റവും നിഷ്ക്കളങ്കമായ പുഞ്ചിരിയുമെല്ലാം പതിയെ അവളുടെ മനസ്സിലേക്ക് വല്ലാതെ ആകര്ഷിച്ചുതുടങ്ങുമ്പോൾ അവളും പ്രണയിക്കുകയായിരുന്നു അവനെ.

എല്ലാത്തിനും കൂടെ നിൽക്കുന്ന ഭർത്താവിന് മുന്നിൽ എല്ലാം മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട്.

ആ പ്രണയം വളർന്നത് വേരറുക്കാൻ കഴിയാത്ത പോലെ ആയിരുന്നു. രണ്ട് പേർക്കും മറക്കാൻ കഴിയാത്ത അത്ര ദൃഢമായി വളർന്ന ആ പ്രണയത്തെ അറിഞ്ഞവർ എല്ലാം അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ആര് പറയുന്നതും കേൾക്കാതെ മുന്നോട്ട് പോകുമ്പോൾ ഒന്നുമറിയാതെ അവളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടായിരുന്നു അവളുടെ വീട്ടിൽ…വിവേക്….

“അമ്പിളി, നീ ഇത് എന്ത് ഭാവിച്ചാണ്…ഇതൊന്നും ശരിയല്ല മോളെ” എന്ന്  അവൾ അഡ്മിനായ ഗ്രൂപ്പിലെ വിനീതയുടെ വാക്കുകൾക്ക് മുന്നിൽ അവൾ ഒന്നും പറയാതെ മൗനമായി ഇരിക്കുമ്പോൾ ആ അവസ്ഥയെ ഒരുപാട് കണ്ടിട്ടിയുള്ളത് കൊണ്ട് തന്നെ വളരെ ഗൗരവത്തിൽ തന്നെ ആയിരുന്നു വിനീത അവളോട് സംസാരിച്ചതും,

“അമ്പിളി,  നിനക്ക് തോന്നുന്നുണ്ടോ ഇത് ശരിയാണെന്ന്..ജീവിതത്തിൽ നിന്നെ വിശ്വസിച്ചു നിന്നെ സ്നേഹിക്കുന്ന ഭർത്താവും രണ്ട് വയസ്സുള്ള കുഞ്ഞുമുണ്ട് നിനക്ക്. അതൊന്നും ഓർക്കാതെ നിനക്ക് ഇന്നല്ലേ കണ്ട് ഒരുത്തനെ പ്രണയിക്കാൻ എങ്ങിനെ കഴിഞ്ഞു? പ്രണയിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല..പക്ഷേ, ഇപ്പോൾ നീ കാണിക്കുന്ന ഈ പ്രണയം തെറ്റാണ്..ഹൃദയത്തിൽ സ്നേഹം മാത്രം കൊണ്ടുനടക്കുന്ന ഒരുത്തന്റെ കൂടെ കിടന്ന് മറ്റൊരുത്തനെ മനസ്സിൽ കൊണ്ട് നടക്കുന്നത് നിന്നെ സ്നേഹിക്കുന്ന ആ മനുഷ്യനോടും കുഞ്ഞിനോടും കാണിക്കുന്ന ചതിയാണ്. മോളെ…ഈ ലോകം നമ്മൾ കരുതുന്നതിലും അപ്പുറമാണ്. അവിടെ നമുക്ക് മുന്നിൽ പലതും നടക്കും..അതിനെ തരണം ചെയ്‌തു മുന്നേറാനാണ് നമ്മുക്ക് കഴിയേണ്ടത്. അല്ലാതെ ഒരാൾക്ക് ഒരു ഇഷ്ട്ടം തോന്നിയെന്ന് പറയുമ്പോൾ  അതുവരെ ഉള്ളതെല്ലാം മറന്ന് അങ്ങോട്ട്‌ ചായുന്നത് ഒരു നല്ല പെണ്ണിന് ചേർന്നതാണെന്ന് തോണുന്നുണ്ടോ.?ഇതൊക്കെ നിന്റെ ഭർത്താവ് അറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും? അയാൾക്ക് ഇതൊക്കെ സഹിക്കാൻ കഴിയുമോ? നിന്റെ സന്തോഷത്തിനു വേണ്ടി അയാൾ സ്നേഹത്തോടെ ചെയ്തു തന്ന ഒരു കാര്യം അയാൾക്ക് ദുഃഖം സമ്മാനിക്കുമ്പോൾ അവരുടെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയോ മോള്?

ഒന്നും വേണ്ട, വളർന്നു വരുന്ന ഒരു മോളില്ലേ നിനക്ക്. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ആ മുഖം ഒന്നോർത്തോ നീ ?  ഇപ്പോൾ നിന്നെ സ്നേഹിക്കുന്നവനെ ഞാൻ കുറ്റം പറയുന്നില്ല. അവന് ഇതിൽ പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനും ഇല്ല. പക്ഷേ, നിനക്ക് ചിന്തിക്കാമായിരുന്നു നീ ആരാണെന്ന്….”

“പക്ഷേ, ചേച്ചി.. ഞാൻ…. “

വിനീതയുടെ വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ അവൾ ഇരിക്കുമ്പോൾ വിനീത ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പറയുന്നുണ്ടായിരുന്നു

“മോളെ, എടുത്തുചാടാൻ എളുപ്പമാണ്..പക്ഷേ, അങ്ങനെ നമ്മൾ ചാടുന്ന കുഴിയിൽ നിന്ന് കേറിവരാൻ ആണ് പ്രയാസം.. ജീവിതം എന്ന് പറയുന്നത് ഫേസ്ബുക് അല്ല. അത് വേറെ ആണ്..ആ ലോകം വേറെ ആണ്..അവിടെ ആണ് നമ്മുടെ സന്തോഷം. അല്ലാതെ ഇന്നലെ ചിരിച്ചു കാണിച്ച ഒരാൾ ഇന്ന് പ്രണയം പറഞ്ഞാൽ നാളെ അവനെ മറക്കാൻ കഴിയില്ലെന്ന് പറയുന്ന നിന്നെ പോലെ ഉള്ളവരോട് പുച്ഛം മാത്രമേ ഉളളൂ മോളെ..പരമപുച്ഛം. ഇനിയൊക്കെ നിനക്ക് തീരുമാനിക്കാം..ഇതൊന്നും പറയാൻ ഞാൻ ആരുമില്ലെന്ന് അറിയാം..പക്ഷേ, ഇതുപോലെ ഒരുപാട് കണ്ടിട്ടുണ്ട് ചേച്ചി..അങ്ങനെ തകർന്നുപോയ കുറെ ജീവിതങ്ങളും…അതുകൊണ്ട് ഇപ്പോഴും ചേച്ചി പറയുന്നു.. ഈ ഫേസ്ബുക് അല്ല ജീവിതം..ഇത് വെറുമൊരു ഫാസിനേഷനാണ്. അവിടെ നമ്മൾ നമ്മളായി നിൽക്കാൻ കഴിഞ്ഞാൽ ഇവിടം സുന്ദരമാണ്..അല്ലെങ്കിൽ ചിലപ്പോൾ ഒരു ഈയാംപാറ്റയുടെ ആയുസ്സ് പോലെ നമ്മൾ തകർന്നപോകും. ഇവിടെ ഒരുപാട് പ്രണയങ്ങൾ വളർന്നിട്ടുണ്ട്. അതുപോലെ പ്രണയമെന്ന വാക്കിൽ ഒരുപാട് ജീവിതങ്ങള പൊളിഞ്ഞിട്ടുമുണ്ട്…നിന്റെ എഴുത്തുകളിൽ നീ കാണിക്കുന്ന വൈഭവം നിന്റെ ജീവിതത്തിൽ കാണിക്കാൻ കഴിഞ്ഞാൽ മതി ഇതുപോലെ ഉളള വെറും ഭ്രമമായ ഇഷ്ട്ടങ്ങളോട്  “പോടാ പുല്ലേ ” എന്ന് പറയാൻ..എന്നിട്ട് നീ നിന്റെ ജീവിത്തിലേക്ക് ചെല്ല്…ഇതുവരെ ഉള്ളതെല്ലാം വെറും സ്വപ്‌നമാണെന്ന്‌ മനസ്സിനെ ബോധ്യപ്പെടുത്തി ഭർത്താവും കുട്ടിയുമായി സന്തോഷത്തോടെ ജീവിക്ക്…അതാണ്‌ മോളെ നിന്റെ ശരിയായ ജീവിതം..അതാണ്‌ നിന്റെ സ്വർഗ്ഗവും..

അല്ലാതെ തിരശീലക്കു മുന്നിൽ മുഖം മിനുക്കി, തിരശീലക്കു പിന്നിൽ മറഞ്ഞിരിക്കുന്ന നരകത്തേക്ക് ഇനിയും പോകാനാണ് നിന്റെ തീരുമാനം എങ്കിൽ  ഒന്നോർക്കുക, വളർന്നു വരുന്നത് നിനക്കും ഒരു മോളാണ് എന്ന്. അവൾ ഒരു തെറ്റ് ചെയ്യുമ്പോൾ നിനക്കത് തിരുത്താൻ കഴിയണമെങ്കിൽ ആദ്യം നീ നന്നാകണം…അല്ലെങ്കിൽ അന്ന് നീ ഒരു ചോദ്യചിന്ഹമാകും. നിന്റെ മകൾക്ക് മുന്നിൽ…

അതിനേക്കാൾ വലിയ ഒരു തോൽവി ഇല്ല..അത് മറക്കണ്ട “

ഒരു കിതപ്പോടെ വിനീത അത്രയും പറഞ്ഞ് നിർത്തിക്കൊണ്ട് അമ്പിളിയെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ  നിറഞ്ഞിരുന്നു. അവൾ മൗനമാണെങ്കിലും തെറ്റും ശരിയും മനസ്സിലാക്കാൻ അവൾക്ക് കഴിയുമെന്ന വിശ്വാസത്തിൽ വിനീത അമ്പിളിയോട് യാത്ര പറയുമ്പോൾ  അവൾ നിർവികാരതയോടെ ഒന്ന് തലയാട്ടി…

അന്നേരം അവൾക് മുന്നിൽ വിനീത ഇല്ലായിരുന്നു. ഉണ്ടായിരുന്നത് ഒരു ഭാഗത്ത് പുഞ്ചിരിയോടെ വിവേകും മോളും ആയിരുന്നു, മറുഭാഗത്ത്‌  ശരത്തും….

=====================

ഇവിടെ വിനീതയുടെ സ്ഥാനത് എന്റെ പ്രിയപ്പെട്ട വായനക്കാരും സുഹൃത്തുക്കളും ആണെങ്കിൽ…..? എന്തായിരിക്കും നിങ്ങളുടെ അഭിപ്രായം….

പ്രതീക്ഷയോടെ…..

✍️ ദേവൻ