ഞാൻ പോകുന്നു സെറിൻ..ഇനി ഇവിടെ നിന്നാൽ ഞാനെന്തെങ്കിലുമൊക്കെ പറഞ്ഞുപോകും….

കട്ട തേപ്പ് (തേപ്പ് ഒരു കലയാണ്)

Story written by Praveen Chandran

==================

“എന്നാലും നീ ആളു ഭാഗ്യമുള്ളവളാട്ടോ..അമേരിക്കക്കാരനെ തന്നെ കിട്ടിയില്ലേ? കൂട്ടുകാരികളുടെ ആ പുകഴ്ത്തൽ സെറിന് നന്നായി തന്നെ ബോധിച്ചു…

“നിങ്ങളെന്താ കരുതിയത് എന്നെക്കുറിച്ച്? ഇതു താൻ സെറിൻ സ്റ്റൈൽ”

അവളുടെ അഹങ്കാരത്തോടെയുളള ആ വർത്തമാനം ആ കൂട്ടത്തിലെ ഒരാൾക്ക് മാത്രം സഹിച്ചില്ല…സെറിന്റെ അടുത്ത കൂട്ടുകാരി ശാലിനായിരുന്നു അത്…

“ഹും എന്നാലും നീ അവനെ ചതിക്കുമെന്ന് ഞാനൊരിക്കലും കരുതിയതല്ല..” ശാലിൻ അല്പം ദേഷ്യത്തോടെ ആണ് അത് പറഞ്ഞത്…

“ഓ..കമോൺ മാഡം..നീ ഇപ്പോഴും ഈ പൈങ്കിളി പ്രേമത്തിൽ വിശ്വസിച്ചു നടന്നോ..എടീ ലൈഫിലേക്കു വരുമ്പോൾ നമ്മൾ കുറച്ചൂടെ പ്രാക്ടിക്കൽ ആവണം..നീ ഒന്ന് ചിന്തിച്ച് നോക്ക്, ജിനോയ് വെറും സെയിൽസ് എക്സിക്യുട്ടിവ് ആണ്..റോയ് അകട്ടെ സോഫ്റ്റ് വെയർ എൻജിനീയറും. അതും സ്റ്റേറ്റ്സിൽ..നമ്മൾ ഭാവി കൂടെ നോക്കണ്ടെ മോളേ”

അത കേട്ട് ശാലിന് പുച്ഛമാണ് അവളോട് തോന്നിയത്…

“നീയെന്താ ഈ പറയുന്നത് സെറിൻ..നിനക്കുവേണ്ടിയല്ലെ അവൻ പഠിത്തം പോലും മുഴുവനാക്കാതെ ജോലിക്കു പോയ്ക്കൊണ്ടിരുന്നത്..ഇപ്പോഴത്തെ അവന്റെ അവസ്ഥയെ പറ്റി നീ ചിന്തിച്ചിട്ടുണ്ടോ? അവൾ ചോദിച്ചു..

“ഐ ഡോൺട് കെയർ..താടി വളർത്തി മാനസ മൈനേ പാടുന്നുണ്ടാവും!…അല്ലാതെ    അവനെന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ അതും നടക്കാൻ പോകുന്നില്ല!..കാരണം റോയിയോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്..അവനതൊക്കെ സില്ലിയായിട്ടാണ് എടുത്തിരിക്കുന്നത്..” അവൾ അഹങ്കാരത്തോടെ പറഞ്ഞു

“സെറിൻ..റോയ് എന്റെ ഒരു റിലേറ്റീവ് കൂടിയാണ്…എന്നിട്ട് പോലും ഞാനവനോട് ഒന്നും പറയാതിരുന്നത് നീയെന്റെ ഫ്രണ്ട് ആയതു കൊണ്ട് മാത്രമാണ്, അത് നീ മറക്കണ്ട”

“ഓ..സ്വീറ്റി..എനിക്കറിയാം നീയത് ചെയ്യില്ലാന്നു…നീ പേടിക്കണ്ട റോയിയെ ഞാൻ ആത്മാർത്ഥ മായി തന്നെയാണ് സ്നേഹിക്കുന്നത്…അവനെന്നേയും…വി ആർ ഇൻ ലൗവ് മോളേ..”

“ഹും..ഞാൻ പോകുന്നു സെറിൻ..ഇനി ഇവിടെ നിന്നാൽ ഞാനെന്തെങ്കിലുമൊക്കെ പറഞ്ഞുപോകും..ബൈ”

“ഡീ..പിണങ്ങല്ലെ..നാളെ കല്ല്യാണത്തിനു വരാതിരിക്കല്ലെ ഇതിന്റെ പേരിൽ”

ശാലിൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു….

അവൾ പോയതും കൂട്ടത്തിലൊരാൾ സെറിനോട് ചോദിച്ചു..

“നീ ആളൊരു ഭയങ്കരി തന്നെ..അവനേം തേച്ചല്ലേ? ഇതെത്രാമത്തെയാടി?”

അത് കേട്ട് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

“നീ എന്തു വിചാരിച്ചു..റോയിയെ എനിക്കു പണ്ടു മുതൽക്കേ ഇഷ്ടമാണ്..ഇവളായിരുന്നു പാര..ആ സമയത്ത് പറ്റിയൊരു ബുദ്ധിമോശമാണ് ജിനോയ്..അവനിത്ര സീരിയസ് ആവുമെന്ന് ഞാൻ വിചാരിച്ചില്ല..ആ സമയത്താ നിർമ്മലാന്റി റോയിയുടെ ആലോചനയുമായ് വരുന്നത്..വിട്ടുകളയാൻ പറ്റോ മോളേ..”

“അമ്പടി കേമി..എന്നിട്ട് നീ ജിനോയിയെ എങ്ങിനെ ഒഴിവാക്കി?”

“ഹോ ഒന്നും പറയണ്ട മോളേ..രണ്ടു വർഷം കൊണ്ട് ഞാനവന്റെ അസ്ഥിക്കുപിടിച്ചിരുന്നത്രെ അവസാനം ഞാൻ ചത്തുകളയും എന്നു പറഞ്ഞപ്പോൾ പിടി വിട്ടു..പക്ഷെ റോയ് ആണ് എന്റെ അസ്ഥിക്കു പിടിച്ചിരിക്കുന്നതെന്ന് അവനറിയില്ലല്ലോ..ഒരു ഇൻവിറ്റേഷൻ അവനും അയച്ചിട്ടുണ്ട്… ” സെറിൻ വളരെ ലാഘവത്തോടെയാണത് പറഞ്ഞത്…

ആ സമയത്താണ് സെറിന്റെ മമ്മി അവിടേക്ക് വന്നത്..

“മോളേ താഴെ ജോസ് അങ്കിൾ നിന്നെ അന്വേഷിക്കുന്നു..”

“ഓക്കെ അയാം ഗോയിംഗ് ഡൗൺ..ഫുഡ്ഡടിച്ചിട്ടേ പോകാവൂട്ടോ എല്ലാരും” അതും പറഞ്ഞ് അവൾ  ഉത്സാഹത്തോടെ താഴേക്കു പോയി..

“ഏന്നാലും ഇവളാള് കൊളളാം..എത്ര പേരെയാ തേച്ചിരിക്കുന്നത് ഇങ്ങനത്തെ തേപ്പുകാരികൾക്കൊക്കെ നല്ല ചെക്കൻമാരേ കിട്ടൂ..” കൂട്ടുകാരികൾ അടക്കം പറഞ്ഞു..

പിറ്റെ ദിവസം രാവിലെ വില കൂടിയ വസ്ത്രങ്ങളണിഞ്ഞ്, മെയ്ക്കപ്പും ഇട്ട് വളരെയധികം സന്തോഷവതിയായി സെറിൻ തന്റെ ജീവിതത്തിലെ ആ പ്രധാന ദിവസത്തെ വരവേൽക്കാനായി ഒരുങ്ങി ഇറങ്ങി..

കാറിൽ കയറാനായി ഒരുങ്ങിയതും മുമ്പിൽ തന്നെ ചിരിച്ച് കൊണ്ട് നിൽക്കുന്നു ജിനോയ്..

അവനെ കണ്ടതും സെറിൻ ഒന്നമ്പരന്നു..

അവൻ അവളുടെ അടുത്തേക്ക് വന്നു..കൂടെ സുന്ദരിയായ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു..

അവളുടെ തൊണ്ട വരളാൺ തുടങ്ങി…

“പേടിക്കേണ്ട സെറിൻ..ഞാൻ പ്രശ്നമുണ്ടാക്കാൻ വന്നതല്ല. നീ വിളിച്ചതനുസരിച്ച് നിന്റെ കല്ല്യാണം കൂടാൻ വന്നതാ” അവൻ പറഞ്ഞു..

അത് കേട്ടതോടെയാണ് അവൾ കുറച്ച് റിലാക്സ് ആയത്..

“ഓ..വെൽക്കം ജിനോയ്..” സന്തോഷത്തോടെ അവൾ അവനെ സ്വീകരിച്ചു..

“താങ്ക്സ് സെറിൻ..പിന്നെ ഞാൻ മാത്രമല്ലാട്ടോ..ഇതെന്റെ വൈഫ് മിയ..അറിയിക്കാൻ പറ്റിയില്ല..പെട്ടന്നായിരുന്നു എല്ലാം”…

ജിനോയ് പറഞ്ഞത് കേട്ട് അവൾ ഒന്നു ഞെട്ടിയെങ്കിലും അതു മറച്ചു പിടിച്ചുകൊണ്ട് അവൾ സംസാരം തുടർന്നു..

“ഓ..ദാറ്റ്സ് ഗ്രേറ്റ്.. നൈസ് ടു മീറ്റ് യൂ ബോത്ത്..കൺഗ്രാറ്റ്സ്..ഓക്കെ..ഞങ്ങൾ ഇറങ്ങാറായി..പള്ളിയിലേക്ക് വന്നോളോ രണ്ടു പേരും ” അവൾ പറഞ്ഞു.

അവൾക്കത് താങ്ങാനാവുമായിരുന്നില്ലെങ്കിലും അതിന് പകരം തന്റെ കഴുത്തിൽ റോയ് മിന്നുകെട്ടുന്നത് അവനെ കാണിക്കാൻ അവൾക്ക് തിടുക്കമായി…

അങ്ങനെ അവർ ഇറങ്ങാൻ നേരം അവളുടെ അങ്കിൾ കിതച്ച് കൊണ്ട് അവിടേക്ക് വന്നു..

“എന്താ ജോയ് എന്ത് പറ്റി?” അവളുടെ പപ്പയാണ് അത് ചോദിച്ചത്..

എല്ലാവരും അയാളെ തന്നെ നോക്കി…

സെറിന്റെ പപ്പയെ മാറ്റി നിർത്തി അങ്കിൾ കാരൃം പറഞ്ഞതും പപ്പ തലചുറ്റി വീണതും ഒരുമിച്ചായിരുന്നു..

അത് കണ്ടതും എല്ലാവരും ഓടിക്കൂടി..

“എല്ലാവരും ഒന്നുമാറി നിൽക്ക്..കുറച്ച് കാറ്റ് കൊളളട്ടെ ” ജോയ് അങ്കിൾ പറഞ്ഞു..

“എന്ത് പറ്റി പപ്പാ..എന്താ അങ്കിൾ സംഭവിച്ചത്? ആരെങ്കിലും ഒന്നു തെളിച്ച് പറ..” സെറിൻ ടെൻഷനോടെ ചോദിച്ചു…

“അത്..അത്..ആ റോയ് നമ്മളെ ചതിച്ചു മോളേ..അങ്കിൾ വിഷമത്തോടെ അറിയിച്ചു..

“എന്താ അങ്കിൾ ഈ പറയുന്നത്? റോയ് ചതിച്ചെന്നോ?”

“അതെ മോളെ അവനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു..അവളേയും കൊണ്ട് അവൻ ഒളിച്ചോടി…” ഒറ്റ ശ്വാസത്തിൽ അങ്കിൾ അതു പറഞ്ഞതും സെറിൻ തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു..

അത് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു…അവളുടെ അഹങ്കാരത്തിന് കിട്ടിയ ആദ്യത്തെ അടിയായിരുന്നത് കൊണ്ട് അതിൽ നിന്ന് പുറത്ത് വരാൻ അവൾ നന്നേ വിഷമിച്ചു…

കുറച്ച് ദിവസം കഴിഞ്ഞ് സെറിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു..

“ഹലോ ഡിയർ..ഹൗ ആർ യൂ? ഇത് ഞാനാഡാ ശാലിൻ..”

“ഹോ നീയായിരുന്നോ..അറിഞ്ഞില്ലേ നീ സംഭവങ്ങളൊക്കെ” അവൾ വിഷമത്തോടെ അറിയിച്ചു..

“പിന്നെ അറിയാതെ..” ശാലിൻ പറഞ്ഞു..

“എന്നാലും അവൻ എന്നോടിത് ചെയ്തല്ലോ?.. എനിക്ക് മറക്കാനാവുന്നില്ലെടീ..സെറിൻ വിതുംമ്പി..

“ഏയ് നീയിങ്ങനെയായാലോ? കുറച്ചൂടെ ഗഡ്സ് നിനക്കുണ്ടെന്നാ ഞാൻ കരുതിയത്..ഇപ്പോൾ മനസ്സിലായില്ലേ നിനക്ക് കൊടുത്താൽ കൊല്ലത്തും കിട്ടും തേപ്പെന്ന്.. “

ശാലിൻ എന്തോ മനപ്പൂർവ്വം സെറിനെ വേദനിപ്പിക്കാൻ പറഞ്ഞ പോലെ അവൾക്ക് തോന്നി…

“നീ കൂടെ എന്നെ ഇങ്ങനെ കുത്താതെ ഞാനാകെ തളർന്നിരിക്കാ..നീ പിന്നെ വിളിക്കൂ..

“ശരി..ഞാൻ ശല്ല്യമാവുന്നില്ല പക്ഷെ നീ ഇതൂടെ കേട്ടോ..റോയ് എന്റെ കൂടെയാ ഒളിച്ചോടി വന്നിരിക്കുന്നത്..ഞങ്ങളുടെ മാര്യേജ് കഴിഞ്ഞു..നെസ്റ്റ് വീക്ക് ഞങ്ങൾ യു.എസിലേക്ക് പോകും. ഇനി എന്നെങ്കിലും കാണാതിരിക്കട്ടെ..എന്നെന്നും നിനക്ക് ഓർമ്മിക്കാനായി എന്റെ  വക ഇരിക്കട്ടെ നിനക്ക് ഒരു കട്ട തേപ്പ്…ബൈ ബൈ സ്വീറ്റി…..”

അതും പറഞ്ഞ് ശാലിൻ ഫോൺ കട്ട് ചെയ്തു..

സ്തംഭിച്ചിരുന്നുപോയി അവൾ….

ഇതിനേക്കാൾ വലിയൊരു തേപ്പ് അവൾക്ക് ഇനി കിട്ടാനില്ലായിരുന്നു..നല്ല കട്ട തേപ്പ്…

~പ്രവീൺ ചന്ദ്രൻ