തന്നെ ഒരു മുൻ പരിചയം പോലും ഇല്ലാത്ത പോലെ അവൾ ഏട്ടൻ കണ്ണന് നേരെ കപ്പ് നീട്ടുമ്പോൾ അവന്റെ മുട്ട് കാലുകൾ കൂട്ടി ഇടിച്ചു…

ചേട്ടൻ്റെ വധു

Story written by Kannan Saju

=================

ഏട്ടന് വേണ്ടി പെണ്ണ് കാണാൻ ഇരിക്കുമ്പോൾ തന്റെ മുൻ കാമുകി തന്നെ ചായയുമായി വരും എന്ന് ഉണ്ണി ഒരിക്കലും പ്രതീക്ഷിച്ചില്ല. അച്ഛനും ഏട്ടനും അമ്മയ്ക്കും ഒപ്പം ഇരിക്കുമ്പോ തന്നെ ഒരു മുൻ പരിചയം പോലും ഇല്ലാത്ത പോലെ അവൾ ഏട്ടൻ കണ്ണന് നേരെ കപ്പ് നീട്ടുമ്പോൾ അവന്റെ മുട്ട് കാലുകൾ കൂട്ടി ഇടിച്ചു.

ഒരു നിമിഷം അവൻ ഏട്ടനെ ഒന്ന് നോക്കി…ആ മുഖത്തെ പ്രസാദം അവനെ വല്ലാതെ വേദനിപ്പിച്ചു. അച്ഛനും അമ്മായിയും സന്തോഷത്തിൽ ആണ്…അതാ ചിരിയിൽ തന്നെ അറിയാം.

ഒരു കൂസലും ഇല്ലാതെ, പഴമക്കാർ പറയുംപോലെ ‘ ആലുവ മനപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാതെ ‘വൈഷ്ണവി ഉണ്ണിക്കു നേരെയും ചായ നീട്ടി.

അതെടുക്കുമ്പോൾ കൈകൾ വിറക്കാതെ ഇരിക്കാൻ അവൻ ശ്രദ്ധിച്ചു…

“അനിയനും മോൾടെ പ്രായം ആണല്ലേ??? ” പെണ്ണിന്റെ അച്ഛൻ കണ്ണനോട് അത് ചോദിക്കുമ്പോൾ ഉണ്ണിയുടെ ഉള്ളിൽ നീറ്റൽ ആയിരുന്നു.

“ഈശ്വരാ! ഏട്ടൻ എത്ര ഇടത്തു പെണ്ണ് കണ്ടു ! എല്ലാം മുടങ്ങി…അല്ലേലും പട്ടാളക്കാരന് പെണ്ണ് തരാൻ മടി ആണല്ലോ !…പക്ഷെ ഇന്ന് ഏട്ടന്റെ മുഖത്ത് കണ്ട ആ പുഞ്ചിരി….ദൈവമേ…എന്റെ കൂടെ കി ടന്നവളെ ഞാൻ ഏടത്തിയമ്മ എന്ന് വിളിക്കേണ്ടി വരുമോ??? “

ചിന്തകൾ കാട് കയറവേ കണ്ണൻ മറുപടി പറഞ്ഞു ” അതെന്നു തോന്നണു…ഇവനും 96 ലു ഉള്ളതാ “

“ആഹാ ! ഉണ്ണീ ഇനി എന്നാ തിരിച്ചു പോവുന്നെ ??? “

പെണ്ണിന്റെ അച്ഛൻ ഉണ്ണീടെ മുഖത്ത് നോക്കി ചോദിച്ചു

“ഞാൻ..ഞാൻ..ഞാനൊരു രണ്ടു മാസം കാണും “

“ആഹാ..എന്നാ പിന്നെ അതിനു മുന്നേ നമുക്കങ്ങു നടത്തിയാലോ??? “

ബ്രോക്കർ അവസരം നോക്കി ഡയലോഗ് ഇട്ടു.

പെണ്ണിന്റെ അച്ഛൻ കണ്ണനെയും വൈഷ്ണവിയെയും നോക്കി ” അത് കുട്ടികൾ അല്ലെ തീരുമാനിക്കണ്ടേ ??? അവർ തമ്മിൽ സംസാരിക്കട്ടെ “

“അത് വേണ്ടാ ” അറിയാതെ എടുത്തടിച്ച പോലെ ഉണ്ണി മറുപടി പറഞ്ഞു പോയി

“എന്താ ??? ” കണ്ണൻ ഞെട്ടലോടെ ഉണ്ണിയെ നോക്കി

“സോറി ഏട്ടാ…ഞാൻ എന്തോ ആലോചിച്ചു..അറിയാതെ “

“മം..ഈയിടെയായി നിനക്കിച്ചിരി ആലോചന കൂടുന്നുണ്ട് “

“ഹാ പിള്ളേരല്ലേ…വിട്ടുകള..നിങ്ങൾ മാറി നിന്നു എന്നാന്നു വെച്ച സംസാരിക്കു ” പെണ്ണിന്റെ അച്ഛൻ ഇടപെട്ടു.

കണ്ണനും വൈഷ്ണവിയും പറമ്പിലൂടെ നടന്നു…ഉണ്ണി വിറയലോടെ അവരെ ചുറ്റി പറ്റി ഫോൺ വിളിക്കുമ്പോലെ നടന്നു…

“ഹാ മോൻ എന്നാ ഈ നോക്കണേ ??? ” പെണ്ണിന്റെ അച്ഛൻ പരുങ്ങുന്ന ഉണ്ണിയെ കണ്ടു ചോദിച്ചു

“അല്ല ഞാനീ പറമ്പോക്കെ ” ഉണ്ണി തല ചൊറിഞ്ഞു

“അതൊന്നും നോക്കാൻ ഇല്ല.. എല്ലാം അവൾക്കുള്ളതാ “

ഉണ്ണി ചിരിച്ചു

“അല്ല…ആൾക്ക് കല്യാണത്തിനു സമ്മതം ആണോ ?? “

ഉണ്ണിയുടെ ചോദ്യം കേട്ടു അച്ഛൻ അവനെ ഒന്ന് ഇരുത്തി നോക്കി

“ഏതു ആൾക്ക് ?? “

ചേർത്ത് പിടിച്ചവളെ ചേച്ചി എന്ന് വിളിക്കാനോ ഏടത്തി എന്ന് വിളിക്കാനോ ഉണ്ണിയുടെ നാവു പൊങ്ങിയില്ല “വൈഷ്ണവിയുടെ? “

“ഹാ…ഇപ്പോഴേ പേര് വിളിച്ചു തുടങ്ങിയോ ??? ഒരേ പ്രായം ആണേലും നിന്റെ ഏട്ടന്റെ ഭാര്യ സ്ഥാനത്തു വന്നാൽ ഏടത്തിയമ്മ അല്ലെ ??? “

“അല്ല ഞാൻ… “

“മം…സാരില്ല…അല്ല ഉണ്ണി കല്യാണം ഒന്നും നോക്കണില്ലേ? അതോ ആരേലും കണ്ടു വെച്ചിട്ടുണ്ടോ??? ഉണ്ടങ്കിൽ പറഞ്ഞോളൂ…ഇവര് ഒരുമിക്കാൻ തീരുമാനിച്ചാൽ ഒറ്റ പന്തലിൽ നമുക്കത്തങ്ങു നടത്താലോ ! “

“ഏയ്‌.. അങ്ങനാരും ഇല്ല! “

“മം “

“അതെ..പെണ്ണിന്റച്ചോ…കാര്യങ്ങൾ ഏറെക്കുറെ ഒത്ത മട്ടാ… ഇനി പെണ്ണും ചെറുക്കനും ഓക്കേ പറഞ്ഞ മതി..അപ്പൊ ബാക്കി കാര്യങ്ങൾ എങ്ങനാ??? ” ബ്രോക്കർ ഇടയ്ക്കു കയറി

“എനിക്കുള്ളതെല്ലാം അവൾക്കാ…പക്ഷെ ചെക്കന് സ്ത്രീധനം വേണ്ട എന്നാണല്ലോ അവന്റെ അമ്മായി പറഞ്ഞെ ? “

“അത്..അവൻ അങ്ങനാ..ഒരു പ്രത്യേക ടൈപ്പാ… “

“എന്തായാലും ഇതെല്ലാം എന്റെ മോൾക്ക്‌ തന്നാ “

കണ്ണനും വൈഷ്ണവിയും ചേർന്ന് നിന്നു സംസാരിക്കുന്നതു കണ്ടു ഉണ്ണി മുഷ്ടി ചുരുട്ടി.

അവിടന്ന് പോന്നത് മുതൽ കണ്ണൻ മറ്റൊരു ലോകത്താണ്…ഉണ്ണി ആകെ അസ്വസ്ഥനും…അതിനിടയിൽ അച്ഛന്റെ വേർപാടും

“പഴയ നമ്പർ തന്നെ ആയിരിക്കുമോ ???” ഉണ്ണി ചിന്തിച്ചു.. ഒടുവിൽ സർവ്വ ധൈര്യവും എടുത്തു ഡയൽ ചെയ്തു

“ഹെലോ “

“ആ…ഞാൻ ആണ് “

“ആര് ?? “

“ഞാൻ തന്നെ “

“ഞാനെന്നു പറഞ്ഞാൽ പേരില്ലേ ??? “

“ഉണ്ണി ആണ് ” ദേഷ്യം കടിച്ചമർത്തി അവൻ പറഞ്ഞു നിർത്തി.

“ഓ മനസ്സിലായി…എന്താ വിളിച്ചേ ??? “

“ദേ, നീ വെറുതെ ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ….എന്നോടുള്ള പ്രതികാരം തീർക്കാൻ എന്റെ ചേട്ടനെ കരുവാക്കരുത് “

“മനസ്സിലായില്ല “

“എന്നെ പൊട്ടൻ കളിപ്പിക്കാൻ നോക്കല്ലേ…എന്റെ ഏട്ടൻ പാവാണ്‌…ഏട്ടന്റെ ജീവിതം തകർക്കാൻ ഞാൻ സമ്മതിക്കില്ല “

“നിങ്ങള് വന്നു പെണ്ണ് കണ്ടു പോയി….ഇതിൽ ഞാൻ എന്ത് ചെയ്യാനാ ??? അങ്ങേർക്കു എന്നെ ഇഷ്ടമായി..അങ്ങേരെ എനിക്കും ഇഷ്ടമായി…അതിനിപ്പോ ഞാൻ എന്ത് തെറ്റാ ചെയ്തേ ??? “

“നിനക്ക് നാണവില്ലെടി അനിയന്റെ കൂടെ കിടന്നിട്ടു ചേട്ടനെ കെട്ടാൻ ??? “

“അതിനു ഞാൻ പിടിച്ചു കിടത്തിയതല്ലല്ലോ ??? രണ്ടു പേരും ഒരുമിച്ചു കിടന്നതല്ലേ???? അതും വിശുദ്ധ പ്രണയത്തിന്റെ പേരിൽ..പിന്നെ സംശയം മൂത്തു വേണ്ടെന്നു പറഞ്ഞു പോയതല്ലേ ??? ഇന്ന് നീയും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല..പിന്നെ നിനക്കെന്നാ ??? “

“ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന നോക്കു…നിന്നെ എന്റെ ചേട്ടന്റെ ഭാര്യ ആയി കാണാൻ എനിക്ക് പറ്റില്ല.. പറ്റില്ല “

“നീ കാണണ്ട… അദ്ദേഹം കണ്ടോളും “

“എടി “

“ഒന്ന് പോടാ ചെറുക്കാ..നിന്നോടിനി സംസാരിക്കാൻ എനിക്ക് താല്പര്യം ഒന്നും ഇല്ല..അദ്ദേഹം എന്നെ കെട്ടാൻ തയ്യാറാണെൽ ഞാൻ കെട്ടും..നീ പോയി നിന്റെ പണി നോക്കു “

അവൾ ഫോൺ വെച്ചു…

ഉണ്ണി വട്ടു പിടിച്ച പോലെ ആയി…ഉടൻ അവളുടെ മെസ്സേജ് വന്നു ” ഈ കുഞ്ഞി പിള്ളേർക്ക് ഒരു സ്വഭാവം ഉണ്ട്..കളിപ്പാട്ടങ്ങൾ ആവശ്യമില്ലാതെ വലിച്ചെറിയും..എന്നാലോ വേറെ പിള്ളേര് ആരേലും അതെടുത്തു കളിക്കുന്ന കണ്ടാൽ അപ്പൊ വേണം..സഹിക്കില്ല..അങ്ങനെ ഒരു കളിപ്പാട്ടം. ആയി എന്നെ നീ കാണണ്ട..ഒരിക്കൽ വലിച്ചെറിഞ്ഞതാ..അതോടെ തീർന്നു…സ്നേഹിച്ച ആണിനെ വിശ്വസിച്ചത് കൊണ്ട് മാത്രം ഒരു പെണ്ണും ചീത്ത ആവില്ല..എനിക്ക് അങ്ങനൊരു തോന്നലും ഇല്ല! “

ദിവസങ്ങൾ കടന്നു പോയി.. കണ്ണൻ ഉത്സാഹത്തിൽ ആയി..ഒടുവിൽ വിവാഹം നിശ്ചയിച്ചു..അങ്ങനെ ഒരു രാത്രി കണ്ണൻ ഉമ്മറത്ത് ആകാശവും നോക്കി ഇരിക്കുമ്പോൾ ഉണ്ണി വന്നു.

“കണ്ണേട്ടാ “

“പറയടാ “

“ഈ കല്യാണം നമുക്കു വേണ്ട കണ്ണേട്ടാ”

കണ്ണൻ ഞെട്ടലോടെ എണീറ്റു. “നീയെന്താ പറഞ്ഞെ ??? “

“അത്…ആ പെണ്ണിനെ പറ്റി ഞാൻ അന്വേഷിച്ചു…അവൾക്കു കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നു “

“ആഹാ! അത് കൊള്ളാം മനുഷ്യന്മാരായാൽ പ്രേമിക്കില്ലേ ??? അതൊക്കെ അവളെന്നോട് പറഞ്ഞിട്ടുണ്ട്..ഇതാണോ ഇത്ര വലിയ കാര്യം  ??? “

“അവർ തമ്മിൽ പല ബന്ധങ്ങളും ഉണ്ടായിരുന്നു “

“ദേ ഉണ്ണി..ഇതൊക്കെ ഞങ്ങളുടെ പേർസണൽ കാര്യങ്ങളാ…ഇതെല്ലാം അവൾ എന്നോട് പറഞ്ഞിട്ടുണ്ട്…നീ നിന്റെ കാര്യങ്ങൾ നോക്കു “

“എന്ത് പറഞ്ഞുന്നാ..??? ഏട്ടന് ഒന്നും അറിയില്ല..ഏട്ടനെ അവൾ പറ്റിക്കാ “

“ഇനി ഒരക്ഷരം അവളെ പറ്റി മിണ്ടിയ ചെക്കിക്കല്ലടിച്ചു ഞാൻ പൊട്ടിക്കും “

“അടിച്ചോ… കൊ ന്നോ… എന്നാലും അവളെ ഏടത്തി അമ്മ ആയി കാണാൻ എനിക്ക് കഴിയില്ല..അവളെ കാണുമ്പോ അവളുടെ തു ടയിലെ മറുകും മണവും ഒക്കെ എന്നെ ഓർമ്മകൾ വരുന്നേ…അവൾ എന്നോടുള്ള പ്രതികാരം തീർക്കുവാ “

കണ്ണൻ അവനെ ഒന്ന് നോക്കി…കരണത്തിന്നിട്ടു ഒന്ന് പൊട്ടിച്ചു

“നീ എന്റെ അപ്പന്നുണ്ടായതു തന്നെ ആണോടാ ??? “

ഉണ്ണി കവിൾ പൊത്തി നിന്നു

“ആവശ്യം കഴിഞ്ഞു ആറു മാസം മുന്നേ വലിച്ചെറിഞ്ഞിട്ട് പോയതല്ലേ നീ അവളെ ??? എന്റെ മുന്നിൽ വന്നു കരഞ്ഞതാ അവള്..അറിയോ??? സമനില തെറ്റി..ഈ പെണ്ണ് കാണലും പോക്കും ഒക്കെ വെറും നാടകം മാത്രം ആയിരുന്നു…അവളേം കൊണ്ട് ഞങ്ങൾ കേറാത്ത മാനസിക ആശുപത്രികൾ ഇല്ല…എത്ര പാട് പെട്ടു എന്നറിയോ അവളെ ഇങ്ങനെ ആക്കി എടുക്കാൻ ??? അന്ന് പെണ്ണ് കാണാൻ ചെന്നൂപ്പോ കുറച്ചെങ്കിലും കുറ്റബോധം ഉള്ളിൽ ഉണ്ടാവോന്നറിയാനാ ഞാൻ കാത്തിരുന്നെ..അതില്ല..ഇപ്പോഴും അവളുടെ മണം അല്ലെ ??? അതിന്റെ പേര് പ്രേമം അല്ല..കാ മം… “

“ഏട്ടാ “

“വിളിക്കരുത് എന്നെ അങ്ങനെ….നീ നോക്കിക്കോ നിന്റെ മുന്നിൽ അവൾ ജീവിച്ചു കാണിക്കും…അവളെ മനസ്സിലാക്കി കൂടെ കൂട്ടുന്നവന്റെ കൂടെ…അത് ചിലപ്പോ ഞാനും ആയിന്നു വരാം…പക്ഷെ നിന്നെ പോലെ ഒരു നാറിക്ക് വേണ്ടി ഒരു നിമിഷം പോലും കരഞ്ഞു ജീവിക്കാൻ അവളെ ഞാൻ അനുവദിക്കില്ല…അത് നിന്നെ ഉണ്ടാക്കിയ എന്റെ അപ്പനോടുള്ള കടപ്പാടാണെന്നു കൂട്ടിക്കോ “

ഉണ്ണി ഒന്നും മിണ്ടാതെ നിന്നു

“ആന കൊടുത്താലും ആശ കൊടുക്കരുതെന്നാ….ആശയും കൊടുത്തു പറഞ്ഞു പറ്റിച്ചിട്ടു ഇറങ്ങി പോവാൻ എളുപ്പമാ…ഒന്ന് ചേർത്ത് പിടിക്കാനാ പാട്….ചേർത്ത് പിടിക്കാൻ…അവളെ ഒഴിവാക്കിയതിനു പറയാൻ നീതികരിക്കാവുന്ന ഒരു കാരണം എങ്കിലും ഉണ്ടോ നിന്റെ കയ്യിൽ ? “

ഉണ്ണി മിണ്ടാതെ നിന്നു….

“ഈ ഒരു നിമിഷത്തിന് വേണ്ടിയാ ഞാൻ കാത്തു നിന്നത്..ഇനി കണ്ടു പോവരുത് എന്റെ മുന്നിൽ..പൊയ്ക്കോ…എങ്ങോട്ടാന്നു വെച്ച പൊയ്ക്കോ “

അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ കത്തി നിൽക്കുന്ന ദീപത്തിൽ നോക്കി നിറ കണ്ണുകളോടെ കണ്ണൻ അകത്തേക്ക് നടന്നു.

~Kannan Saju അഥർവ്വ്  ❣️