ദാക്ഷു
Story written by Ajeesh Kavungal
==========
“ഏട്ടാ…ഏട്ടനൊരു കാൾ “എന്ന ഗൗരിയുടെ വിളി കേട്ടാണ് ഞാൻ പത്രം വായന നിറുത്തി എഴുന്നേറ്റത്.
ഇന്നു ഞായറാഴ്ച ആയതു കാരണം കുറെ പരിപടികളുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ ഗൗരിക്കൊപ്പം ഉണ്ടാവും എന്നു വാക്കു കൊടുത്തതാണ്. ഇനി വാക്കുപാലിക്കാൻ കഴിയാതെ വരുമോ എന്ന ശങ്കയിലാണ് ഫോൺ എടുക്കാൻ ചെന്നത്. സാധാരണ എല്ലാവരും മൊബൈലിൽ വിളിക്കാറാണ് പതിവ്. ലാൻഡ് ഫോൺ ആയതു കൊണ്ട് മനസ്സിൽ ഉറപ്പിച്ചു. ഒരു പാട് കാലം മുമ്പ് അറിയുന്നവരായിരിക്കും. അവർക്ക് മാത്രമേ ലാൻഡ് ഫോൺ നമ്പർ അറിയൂ.
ഫോൺ എടുത്തു ചെവിയിൽ വെച്ചതും പതിനേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ശബ്ദം എന്റെ ചെവിയിൽ വീണു.
എടാ..കവി നീ ജീവനോടെ ഉണ്ട് ലെ എന്ന പഴയ പ്ലസ് ടു ക്കാരൻ ചങ്ങാതി സുഭാഷിന്റെ ശബ്ദം. സത്യത്തിൽ കരച്ചിലാണ് വന്നത്. സുഭാഷിനെ മാത്രമല്ല ആ പ്ലസ് ടു ജീവിതം തന്നെ മറവി എന്ന ചിതൽ തിന്നു തീർത്തിരുന്നു.
അവൻ ഗൾഫിൽ ആണ്. അടുത്ത ആഴ്ച കല്യാണമാണ്. പ്രവാസി ആയതു കൊണ്ട് പെണ്ണുകിട്ടാൻ വൈകി. കല്യാണം വിളിക്കാൻ വേണ്ടി അന്നു കൊടുത്ത ഫോൺ നമ്പർ തപ്പിയെടുത്തു വിളിച്ചതാണ്. തിരിച്ചും എന്റെ വിശേഷങ്ങൾ പറഞ്ഞു.പെട്ടെന്ന് അവൻ ചോദിച്ചു.
എടാ നിനക്ക് അനൂപിനെ ഓർമയില്ലേ..
മറന്നിട്ടില്ല എന്ന് ഞാൻ മറുപടി പറഞ്ഞു.
ആരെ മറന്നാലും നീ അവനെ മറക്കില്ലാലൊ എന്ന് അവൻ പറഞ്ഞപ്പോൾ ഒരു നിമിഷം മനസ്സൊന്നു പിടഞ്ഞു. കാരണം അവന്റെ വീടിനടുത്തായിരുന്നു. ദാക്ഷു വിന്റെ വീട്.
ദാക്ഷു അവൾ പ്ലസ് വണ്ണിന് ആദ്യത്തെ ദിവസം വന്ന ദിവസം എന്റെ ഓർമയിൽ തെളിഞ്ഞു…
പൂച്ചക്കണ്ണുള്ള ഒരു സുന്ദരി. തലമുടി പെൺകുട്ടികൾക്ക് എത്ര അഴകാണെന്ന് അവളെ കണ്ടാൽ മനസ്സിലാകുമായിരുന്നു. അവളുടെ നോട്ടവും ഭാവവും നടത്തവും അങ്ങനെ എല്ലാം കണ്ടാൽ ആരും ഒരു നിമിഷം അറിയാതെ അവളെ നോക്കിപ്പോവും. തുടർന്നുള്ള പരിചയപ്പെടലിൽ ആണ് മനസ്സിലായത്. അവളുടെ മുത്തശ്ശിയുടെ പേര് ദാക്ഷായണി എന്നാണ്. അവളുടെ അച്ഛന് അയാളുടെ അമ്മയോടുള്ള ഇഷ്ടം കാരണം ആ പേര് അവൾക്കും വെക്കുകയായിരുന്നു. അറിയാതെ തന്നെ എന്റെ മനസ്സ് അവളിലേക്ക് ചായുകയായിരുന്നു. ആ പ്രായത്തിൽ തോന്നുന്നത് പ്രണയമാണോ എന്നൊന്നും അറിയില്ല. പക്ഷേ അവളെ കാണുന്നതിനും സംസാരിക്കുന്നതിനും വേണ്ടി മനസ്സ് എപ്പോഴും കൊതിച്ചിരുന്നു.
യൂനിഫോം നിർബന്ധമില്ലാത്ത ദിവസം അവൾ വന്നത് ഒരു പട്ടുപാവാട ഉടുത്തായിരുന്നു. ഒരു പെൺകുട്ടിയുടെ സൗന്ദര്യം എന്താണെന്ന് അന്ന് ഞാൻ അറിയുകയായിരുന്നു. വരാന്തയിൽ നിന്നും അവളെ ഞാൻ എത്ര നേരം നോക്കി നിന്നെന്ന് എനിക്ക് അറിയില്ല. ഞാൻ എന്നെ തന്നെ മറന്നിരുന്നു. തോളിൽ ആരോ പിടിച്ചപ്പോഴാണ് എനിക്ക് പരിസരബോധം ഉണ്ടായത്. നോക്കിയപ്പോൾ പ്ലസ് വണ്ണിനു പഠിക്കുന്ന ഒരു സുന്ദരൻ പയ്യൻ. അവനെ കണ്ടാൽ തന്നെ ഒരു ഓമനത്തം തോന്നുമായിരുന്നു.
എന്താണ് അഭിലാഷേട്ടാ കുറേ നേരമായല്ലോ ആലോചിക്കുന്നത് എന്നവൻ ചോദിച്ചപ്പോൾ അറിയാതെ ദാക്ഷു എന്ന് പറഞ്ഞു പോയി.
പിന്നെ കേട്ടത് അവന്റെ ഒരു പൊട്ടിച്ചിരിയാണ്. എന്നിട്ടവൻ പറഞ്ഞു എനിക്ക് ദിവസവും ചോക്ളേറ്റും ഐസ്ക്രീമും വാങ്ങിത്തരാണെങ്കിൽ ചേട്ടന്റെ കാര്യം ഞാൻ ശരിയാക്കി തരാം.
ഞാൻ ചോദിച്ചു നിനക്കവളെ എങ്ങനെ അറിയാം…
വളരെ നന്നായി അറിയാം കാരണം അവളെന്റെ ചേച്ചിയാണ്. ചേച്ചിന്നു പറഞ്ഞാൽ ഒരു മിനിറ്റു മാത്രം മൂത്ത ചേച്ചി. ഞങ്ങൾ ഇരട്ടകളാണ് ചേട്ടാ..ഈ കാര്യം ഇവിടെ പലർക്കും അറിയാം എന്നു അവൻ പറഞ്ഞപ്പോൾ സത്യത്തിൽ ചൂളിപ്പോയി.
ഒന്നും മിണ്ടാതെ അവനൊരു പുഞ്ചിരി സമ്മാനിച്ചു തിരിഞ്ഞു നടക്കുമ്പോൾ അവൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. എന്റെ പേര് ഗോപാലകൃഷ്ണൻ എന്നാണു ട്ടോ..ചേട്ടൻ എന്നെ ഗോപുന്നു വിളിച്ചാ മതി. അവനു നേരെ കൈ ഉയർത്തിക്കാട്ടി നടന്നകന്നു. പറ്റിയ അബദ്ധം ഞാൻ സുഭാഷിനോട് പറഞ്ഞു.
ടാ കവി നിനക്ക് അവളെ ഇഷ്ടമാണോ ഇനി ആ ചെക്കൻ വീട്ടിൽ പറഞ്ഞു വല്ല പ്രശ്നം ഉണ്ടാകുമോ..എന്നൊക്കെ ആയി അവന്റെ ചോദ്യങ്ങൾ. കുറച്ചു കഴിഞ്ഞു അവൻ പറഞ്ഞു. നമ്മുടെ അനുപില്ലേ പാട്ടു പാടുന്നവൻ അവന്റെ വീട് ദാ ക്ഷു ന്റെ വീടിനടുത്താണ്. നിന്റെ കവിത പാടിട്ടല്ലേ അവൻ ഇവിടെ പെൺപിള്ളേരുടെ മുമ്പിൽ ഷൈൻ ചെയ്യുന്നത്. അവനോട് പറഞ്ഞാൽ അവൻ നിന്നെ ഉറപ്പായും സഹായിക്കും.
അത് കേട്ടപ്പോ ചെറിയ ഒരു ആശ്വാസം തോന്നി. അനൂപ് എന്തോ അസുഖം കാരണം ഹോസ്പിറ്റലിൽ ആണ്. രണ്ടു ദിവസം കഴിഞ്ഞേ വരൂ എന്നാണ് സാറ് പറഞ്ഞത്. എന്തായാലും അവൻ വരുന്നവരെ കാത്തിരിക്കാം എന്നു വിചാരിച്ചു.
പക്ഷേ അന്നുതൊട്ട് അഭിലാഷ് എന്ന ഞാൻ ശരിക്കും മാറുകയായിരുന്നു. പുഴയേയും കാറ്റിനേയും മഴയേയും പറ്റി എഴുതിയിരുന്ന എന്നെ തൂലികയിൽ നിന്നും പ്രണയാക്ഷരങ്ങൾ ഒഴുകാൻ തുടങ്ങി. എഴുതുന്ന വരികളിലൊക്കെയും ദാക്ഷുവും അവളോടുള്ള എന്റെ ഇഷ്ടവും ഒരു നിറദീപമായി നിറഞ്ഞുനിന്നു.എന്റെ കവിത വായിച്ച ഒരാൾക്കും ദാക്ഷുവിനെ നേരിൽ കാണണ്ട ആവശ്യം ഇല്ല എന്നു പറഞ്ഞു സുഭാഷ് ഇടക്കുകളിയാക്കുമായിരുന്നു.
എന്തായാലും സുഭാഷ് പറഞ്ഞിട്ടാവണം അനൂപ് എന്റെ അടുത്തുവന്നു. എന്നോട് ബഹുമാനം ഉള്ളതുകൊണ്ടാവണം ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പേ അവൻ പറയാൻ തുടങ്ങി…
ദാക്ഷു വും കുടുംബവും അവന്റെ വീടിനടുത്തു താമസിക്കാൻ വന്നിട്ട് മൂന്നു മാസമേ ആയുള്ളൂ..തമിഴ്നാട്ടിൽ എവിടെയോ ആയിരുന്നു. അച്ഛൻ ടൗണിൽ ഇപ്പോ എന്തോ ഒരു കട തുടങ്ങിയിട്ടുണ്ട്. സാമ്പത്തികമായി വലിയ കുഴപ്പം ഒന്നുല്ലാ..പക്ഷേ എന്നെ ഏറെ വിഷമിപ്പിച്ച കാര്യം ദാക്ഷുവിനും ഗോപുവിനും അമ്മയില്ല എന്നതായിരുന്നു. ഒരു വർഷം മുമ്പ് മരിച്ചു പോയി ക്യാൻസർ ആയിരുന്നത്രെ. അനൂപിന്റെ അമ്മ പറയുമത്രെ..പെൺമക്കളുണ്ടാവണെങ്കിൽ അതു ദാക്ഷു നെ പോലെ ആവണട്ടെ…അവളുടെ അമ്മ ഇല്ലാത്ത കുറവ് ആ വീട്ടിൽ പോയാ അറിയാൻ കഴിയില്ല. എന്തൊരു കാര്യ വിവരമാണ് ആ കുട്ടിക്ക്. സ്നേഹത്തോടെ അല്ലാതെ അതിന് സംസാരിക്കാനറിയില്ല. ഇങ്ങനെ ഏറെ ദാക്ഷു നെ പറ്റി കേട്ടങ്കിലും മനസ്സിൽ തട്ടിയത് ഗോപുവിനെ കുറിച്ചു കേട്ടപ്പോഴാണ്.
വന്നു ഒരു മാസം കൊണ്ടു തന്നെ ആ നാട്ടിലെ മുഴുവൻ ആൾക്കാരെയും കൈയിലെടുത്തവൻ. മുഖത്തെപ്പോഴും പുഞ്ചിരിയുമായി നടക്കുന്നവൻ. അവനോട് സംസാരിക്കാനും കൂട്ടുകൂടാനും ആ നാട്ടിലെ വയസ്സായ ആൾക്കാരു പോലും മത്സരമാണ്. വൈകുന്നേരം വന്നാ ആ നാട്ടിലെ സകല വീട്ടിലും കയറിയാലെ അവനു ഉറക്കം വരുള്ളൂ. വയസ്സ് 17 ആയെങ്കിലും പോക്കറ്റിലെന്നും ചോക് ലേറ്റു കാണും. ഐസ് ക്രീമും ചോക് ലേറ്റും കൊടുത്താ അവരുടെ പുറകേ അവൻ പോവും. ശരിക്കും പറഞ്ഞാ ദാക്ഷുവിനെ കണ്ടിട്ടില്ലെങ്കിലും ഞാൻ ഗോപുവിനോട് കൂട്ടുകൂടുമായിരുന്നു. അന്നു തൊട്ടു അവരു രണ്ടാളുമായ് കൂടുതൽ അടുക്കാൻ ഞാൻ തീരുമാനിച്ചു. അതിൽ ഒരു പരിധി വരെ ഞാൻ വിജയിക്കുകയും ചെയ്തു. ഒഴിവു കിട്ടുമ്പോളൊക്കെ ഞങ്ങൾ മൂന്നു പേരും ഒത്തുകൂടി. അതിനിടയിൽ ദാക്ഷുവിന് മാത്രം മനസ്സിലാകുന്ന തരത്തിൽ ഞാൻ എന്റെ ഇഷ്ടം കവിതയുടെ രൂപത്തിൽ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
ദാക്ഷുവും ഗോപുവും തമ്മിലുള്ള ആ സ്നേഹം പലപ്പോഴും എന്റെ കണ്ണു നിറയിപ്പിച്ചിട്ടുണ്ട്. അവൾ അവന് ചേച്ചി മാത്രം ആയിരുന്നില്ല. അമ്മ അനിയത്തി കൂട്ടുകാരി അമ്മൂമ്മ ഇങ്ങനെ എല്ലാ ഭാവവും ഗോപുവിനോട് സംസാരിക്കുമ്പോൾ അവളുടെ മുഖത്തു ഉണ്ടാവുമായിരുന്നു. നല്ല വെളുത്ത തുടുത്ത എന്നും ക്ലീൻ ഷേവ് ചെയ്ത് സിനിമാനടൻമാരെ പോലെ ഇരിക്കുന്ന അവന്റെ മുഖം വല്ലപ്പോഴും ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുന്നതും ദാക്ഷു വിന്റെ നേർക്കു മാത്രം ആയിരുന്നു.
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു….
ഗോപു ആയി കൂട്ടുകൂടിയ ശേഷം കോളേജിൽ എല്ലാ ദിവസവും സന്തോഷം നിറഞ്ഞതായിരുന്നു. സങ്കടത്തോടെ ഇരിക്കുന്ന ഒരാളുടെ മനസ്സിനെ നിമിഷങ്ങൾക്കുള്ളിൽ സന്തോഷിപ്പിക്കാനുള്ള ഗോപുവിന്റെ അത്ര കഴിവ് ഇന്നുവരെയും ഞാൻ ആരിലും കണ്ടിട്ടില്ല.
ഒരു ദിവസം ദാക്ഷു എന്നോട് പറഞ്ഞു. അഭി എനിക്കൊരു കവിത എഴുതിത്തരോ..അഭിഎന്നോട് എന്തെങ്കിലും പറയുന്ന പോലെ ആയിരിക്കണം.
എനിക്കു ചിരി വന്നു. അവളോട് പറയാൻ എനിക്ക് ഒന്നേ ഉള്ളൂ. അത് അവൾക്ക് നന്നായി അറിയുകയും ചെയ്യാം..എന്തായാലും ഞാൻ എഴുതി അവളോട് പറയുന്ന പോലെ…അതിന്റെ അവസാന വരികൾ മാത്രം ഓർമയിലുണ്ട്.
ഇനി വരുമോരോ നിമിഷങ്ങളിലും നമുക്കായ് മാത്രം വിരിയുമാ സ്വപനങ്ങളിലും ദുഃഖത്തിൻ പേമാരിയിലും കൂടെയൊരു നിഴലായ് നിന്നോട് ഞാൻ ചേർന്നിടട്ടെ…
പിറ്റേ ദിവസം രാവിലെ ആ കവിത വായിച്ച് അവൾ കുറച്ചു നേരം എന്റെ മുഖത്തേക്കു നോക്കി നിന്നു. എന്നിട്ടു പറഞ്ഞതെല്ലാം ഒരു പതിനേഴു വയസ്സുള്ള പെൺകുട്ടിയുടെ വാക്കുകളായിരുന്നില്ല.
“അഭിക്ക് ഇതു തന്നെ ആവും പറയാനുണ്ടാവുക എന്നെനിക്കറിയാമായിരുന്നു. അടുത്ത ആഴ്ച പരീക്ഷ തുടങ്ങുകയാണ്. ഇപ്പോ എല്ലാം മറന്ന് അഭി നന്നായി പഠിക്കുക. പരീക്ഷ കഴിഞ്ഞാൽ നമ്മൾ തമ്മിൽ കാണുമോ എന്നു തന്നെ അറിയില്ല. എനിക്ക് ഈ ലോകത്തിൽ ഏറ്റവും വലുത് എന്റെ ഗോപുവാണ്. അവനും അങ്ങനെ തന്നെ ആണ്. അമ്മയില്ലാത്ത വിഷമം അവനറിയാൻ ഞാൻ സമ്മതിക്കില്ല. അവന്റെ നല്ലൊരു ഭാവി മാത്രമാണ് ഇനിയുള്ള കാലം മുഴുവൻ എന്റെ ലക്ഷ്യം. അവന്റെ വിവാഹം കഴിഞ്ഞേ ഞാൻ എന്നെ പറ്റി തന്നെ ചിന്തിക്കൂ..എന്റെ മനസ്സ് ഗോപുവിൽ നിന്ന് മാറാനുള്ള ഒരവസരവും ഞാൻ ഉണ്ടാക്കുകയില്ല. ഏതൊരു പെൺകുട്ടിയും ഇഷ്ടപ്പെട്ടു പോകുന്ന എല്ലാ യോഗ്യതയും അഭിക്കുണ്ട്. അതിനായി എവിടെയോ ഒരു പെൺകുട്ടി കാത്തിരിക്കുന്നുണ്ട്. അഭി ഇനിയും എഴുതണം. നാലാളു അറിയുന്ന ആളാവണം. അഭിയെ ഇഷ്ടമല്ലാ എന്നു ഞാൻ പറഞ്ഞിട്ടില്ല. ഇഷ്ടമാണെന്ന് പറയാനും എനിക്ക് കഴിയില്ല.അഭി എന്നോട് ക്ഷമിക്കണം.”
രണ്ടു തുള്ളി കണ്ണുനീർ ഭൂമിക്ക് സമ്മാനിച്ചിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ ഇടം കൈയിൽ എന്റെ വലം കൈപിടുത്തമിട്ടു. മെല്ലെ തിരിഞ്ഞ അവൾ എന്റെ മുഖത്തെ പുഞ്ചിരി കണ്ട് ഒന്നു ഞെട്ടി. മെല്ലെ നേഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് അവളോടുള്ള എന്റെ ഇഷ്ടം മുഴുവൻ ഒരു ചുംബനമാക്കി അവളുടെ മൂർദ്ധാവിൽ മുകർന്നു. ഒന്നുo പറയാതെ ഏങ്ങലടികളോടെ കുറച്ചു നേരം അവളങ്ങനെ നിന്നു. അവളെ മെല്ലെ അടർത്തിമാറ്റി ഞാൻ പറഞ്ഞു.
“ദാക്ഷു എനിക്ക് സങ്കടമാകും എന്നു കരുതി വിഷമിക്കരുത്. പ്രണയം എന്നു പറയുന്നത് കല്യാണം എന്ന ഒറ്റവാക്കിൽ അവസാനിക്കുന്നതല്ല. ഞാൻ ആഗ്രഹിച്ചത് ദാക്ഷു വിന്റെ ഈ നല്ല മനസ്സിലെ സ്നേഹമായിരുന്നു. അത് നീ ഇപ്പോ എനിക്ക് തരുകയും ചെയ്തു. എനിക്കു നിന്നെ മനസ്സിലാവും. പൊയ്ക്കോളൂ…ഒരു കാര്യം മറക്കണ്ടാ എനിക്കും ഇപ്പോ ഗോപുവിനെ ഭയങ്കര ഇഷ്ടമാണ്. “
പോകാൻ നേരത്ത് അവളൊരു കാര്യം കൂടി പറഞ്ഞു. “അഭി ഇന്നെന്റെ പിറന്നാളാണ്..ഇപ്പോ അഭി തന്ന ഈ ഉമ്മയാണ് എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയ സമ്മാനം. ഇതിനേക്കാൾ നല്ലൊരു സമ്മാനം ഇനി എനിക്കു കിട്ടാനും പോവുന്നില്ല.”
നടന്നകലുന്ന അവളുടെ മുടിയഴക് നോക്കി അവൾ മറയുന്നതു വരെ ഞാൻ നോക്കി നിന്നു.
ടാ നമുക്ക് ഗോപുനെ കാണാൻ പോവണ്ടെ എന്ന സുഭാഷിന്റെ ചോദ്യമാണ് എന്നെ ഓർമയിൽ നിന്നുണർത്തിയത്. വേണം എന്നു ഞാൻ മറുപടി പറഞ്ഞു.
നീ ഭാര്യയെയും കൂട്ടി ബുധനാഴ്ച വീട്ടിൽ വരൂ. അനൂപിനോട് ഞാൻ ഇവിടെ വരാൻ പറയാം എന്നിട്ട് നമുക്ക് എല്ലാവർക്കും കൂടി പോവാം എന്നു അവൻ പറഞ്ഞപ്പോൾ സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.
മനസ്സിൽ ഒന്നു വെറുതെ സങ്കൽപിച്ചു നോക്കി. ദാ ക്ഷു വിന്റെയും ഗോപുവിന്റെയും കല്യാണം കഴിഞ്ഞിട്ടുണ്ടാവണം. കുട്ടികളും ആയിട്ടുണ്ടാവും. ഇനി ഞാൻ മറന്നതു പോലെ അവളും മറന്നിട്ടുണ്ടാവുമോ എന്നെ.
ഗൗരിയെയും കൊണ്ടുപോവുമ്പോൾ ഈ കഥയെല്ലാം അവളറിയണം എന്നെനിക്കു തോന്നി. സൗഹൃദമായിരുന്നു തുടക്കമെങ്കിലും വിവാഹത്തിൽ അവസാനിച്ചതാണ് ഗൗരിയുമായുള്ള ബന്ധം. എന്നോടുള്ള ഇഷ്ടം കാരണം ഒരുപാട് സുഖ സൗകര്യങ്ങൾ വേണ്ടാന്നു വെച്ച് കൂടെ വന്നവൾ. ഇതു വരെ ഇതൊന്നും ഗൗരിയോട് പറയാതിരുന്നത് മനപൂർവ്വം ആയിരുന്നില്ല. പഴയ പ്രണയം ഓർത്ത് നെടുവീർപ്പിടാൻ തക്ക കാരണമൊന്നും ഗൗരി വരുത്തിയിട്ടില്ല എന്നതാണ് സത്യം.
എന്തായാലും ഗൗരിയെ വിളിച്ചു എല്ലാം പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവളെന്റെ കണ്ണിൽ നോക്കി പറഞ്ഞു.
“ഏട്ടനെ എനിക്ക് നന്നായി അറിയാം. എങ്കിലും ഒന്നു ചോദിച്ചോട്ടെ അന്ന് ദാക്ഷുവിനെ സ്നേഹിച്ചതിന്റെ നൂറിൽ ഒരു ഭാഗമെങ്കിലും എന്നെ സ്നേഹിച്ചിട്ടില്ലേ.”
ഒന്നും പറയാതെ അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു ചെറുതായി വലുപ്പം വെച്ചു വരുന്ന അവളുടെ വയറ്റിൽ ഒരു ഉമ്മ കൊടുത്തു. അവളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി അതിലുണ്ടായിരുന്നു.
ബുധനാഴ്ച രാവിലെ തന്നെ ഞാനും ഗൗരിയും ഇറങ്ങി. പകുതി വഴിയിൽ വെച്ചു കുറെ ചോക്ളേറ്റ് വാങ്ങി ഗൗരിയുടെ ബാഗിൽ ഇട്ടു. ഇതു വരെ കാണാത്തതിലുള്ള ഗോപുവിന്റെ പിണക്കം ഈ ചോക്ളേറ്റു തീർക്കും എന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. സുഭാഷിന്റെ വീട്ടിൽ എത്തിയപ്പോൾ അനുപും ഉണ്ടായിരുന്നു. വൈകാതെ തന്നെ ഞങ്ങൾ പുറപ്പെട്ടു. എന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു. അതറിഞ്ഞതുകൊണ്ടാവണം ഗൗരി എന്നോട് ചേർന്നിരുന്ന് തോളിലേക്കു ചാഞ്ഞു. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന സുഭാഷ് പോലും മൗനമായി ഇരിക്കുന്നതു കൊണ്ട് ഞാൻ അമ്പരുന്നു. എങ്കിലും ഞാൻ ഒന്നും ചോദിച്ചില്ല.
കാർ പെട്ടെന്നു ഒരു വീട്ടിനകത്തേക്ക് കയറി. ആൾ താമസം ഇല്ലാന്നു തോന്നിക്കുന്ന ഒരു വീട്. ഇറങ്ങിയപ്പോൾ തന്നെ കണ്ടു. വെളുത്ത താടിയുമായി നെഞ്ചു തടവി ഇരിക്കുന്ന ഒരു വൃദ്ധ രൂപം. കണ്ടതും അടുത്തേക്കു വന്ന് അഭിലാഷ് ആണല്ലേ..വരുംന്ന് അനൂപ് പറഞ്ഞായിരുന്നു. മോൻ ഇരിക്ക് എന്നും പറഞ്ഞ് അകത്തേക്ക് ക്ഷണിച്ചു.
കസേരയിൽ ഇരിക്കാൻ തുടങ്ങുമ്പോഴാണ് ഭിത്തിയിൽ തൂക്കിയ ഒരു ബ്ലാക്ക് ആൻറ് വൈറ്റ് ഫോട്ടോ യിൽ ദൃഷ്ടി പതിഞ്ഞത്. മാല ചാർത്തിയ ആ ഫോട്ടോ യിൽ ഒന്നേ നോക്കിയുള്ളൂ. കണ്ണിൽ ഒരു വെള്ളിടി വെട്ടി. അതു ദാക്ഷു ആയിരുന്നു. അവിടെ ഇരുന്ന രാമായണത്തിന്റെ ഉള്ളിൽ നിന്നും ആ വൃദ്ധൻ ഒരു പഴക്കം ചെന്ന കടലാസ് എടുത്തു എന്റെ നേർക്ക് നീട്ടി. പരിസരം മറന്നവനെ പോലെ വിറയാർന്ന കൈ കൊണ്ട് അത് വാങ്ങി നിവർത്തി
അത് എന്റെ കവിത ആയിരുന്നു. ദാക്ഷുവിന് ഞാൻ നൽകിയ പിറന്നാൾ സമ്മാനം. വിതുമ്പുന്ന ആ മനുഷ്യന്റെ ചുണ്ടുകൾക്കിടയിൽ നിന്നും വീഴുന്ന ഓരോ വാക്കുകളും കൂടം പോലെ എന്റെ നെഞ്ചിൽ ആഞ്ഞു പതിച്ചു കൊണ്ടിരുന്നു.
“മോൻ ഒരിക്കൽ അവളെ തേടി വരുംന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. അന്ന് ഈ കടലാസ് നൽകണം എന്നാണ് അവളെന്നോട് അവസാനമായി പറഞ്ഞത്. അവളുടെ അമ്മക്ക് അവളെ ഒരുപാടിഷ്ടമായിരുന്നു.അതു കൊണ്ടായിരിക്കണം അതേ അസുഖം തന്നെ നൽകി അവളെയും കൂട്ടികൊണ്ടുപോയത്. ഇരുപത്തിരണ്ട് വയസ്സുവരെയേ എന്റെ കുട്ടിയെ എനിക്കു കാണാൻ പറ്റിയുള്ളൂ”
പിന്നീട് പറഞ്ഞതൊന്നും എന്റെ കാതിൽ വീണില്ല. മനസ്സു മുഴുവൻ അന്നത്തെ യാത്ര പറച്ചിലായിരുന്നു. വാ നമുക്ക് ഗോപുവിനെ കാണാം എന്നു പറഞ്ഞു അനൂപ് കൈപിടിച്ചപ്പോൾ യാന്ത്രികമായി അവരുടെ പുറകേ നടന്നു. വീടിനു തൊട്ടായി ഒരു ചെറിയ കെട്ടിടം. അകത്തു കയറിയതു കണ്ടു ഇരുമ്പ് അഴികൾ പിടിപ്പിച്ച ഒരു വാതിൽ. വാതിലിനടയിലൂടെ കണ്ടു ഒരു അടിവസ്ത്രം മാത്രം ധരിച്ച യുവാവ്. വർഷങ്ങളായ് വടിക്കാത്ത മുടിയും താടിയും. തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തേക്കു നോക്കി എന്തൊ കെയോ വിളിച്ചു കൂവുന്നുണ്ട്. ആളനക്കം കേട്ടു തിരിഞ്ഞ ആ രൂപം ഗോപുവായിരുന്നു. പഴയ ഗോപുവിന്റെ സുന്ദരരൂപം മനസ്സിൽ വന്നതും അതുവരെ കടിച്ചു പിടിച്ച സങ്കടങ്ങളൊക്കെയും അണപൊട്ടിയൊഴുകി. അലറിക്കരയുന്നതിനിടക്ക് ഗൗരിയുടെ ഏട്ടാ എന്നുള്ള ഒരു വിളി കേട്ടിരുന്നു.
പിന്നീട് ബോധം തെളിഞ്ഞപ്പോൾ എല്ലാവരും ചുറ്റും നിൽപുണ്ടായിരുന്നു. ആരും ഒന്നും സംസാരിക്കാതായപ്പോൾ ഗൗരി മെല്ലെ എഴുന്നേറ്റു ഗോപുവിന്റെ അടുത്തേക്കു നടന്നു. അരുത് എന്നു പറഞ്ഞ അനൂപിന്റെ വാക്ക് കേൾക്കാതെ അവൾ അവനടുത്തെത്തി. അവന്റെ മുടിയിഴകളിൽ വിരലോടിച്ച് ബാഗിൽ ഉണ്ടായിരുന്ന ചോക്ളേറ്റ് എടുത്തു നീട്ടി. അവൻ ആ ചോക്ളേറ്റുവാങ്ങി ഗൗരിയോട് ചേർന്നു നിന്നു. അവനേയും ചേർത്ത് പിടിച്ച് പുറത്തേക്കു വരുന്ന ഗൗരിയുടെ രൂപം ശരിക്കും ദാക്ഷു വിന്റെ തന്നെ ആയി എനിക്കു തോന്നി. ആ പാവം അച്ഛന്റെ മുന്നിൽ വെച്ച് ഗോപുവിനെ ചേർത്തു പിടിച്ചു അവൾ പറഞ്ഞ വാക്കുകളിൽ ഞാൻ എന്റെ ഗൗരിയെ പൂർണ്ണമായും മനസ്സിലാക്കുകയായിരുന്നു.
“ദാക്ഷു പോയിട്ടില്ല എവിടെയും..ഗോപു പഴയതുപോലെ ആവുന്നവരെ ഞാൻ ഇനിയും ചോക്ളേറ്റുകളുമായി വരും. അച്ഛന്റെ മകളായി ഗോപുവിന്റെ ചേച്ചിയായി എന്നും ഈ ഗൗരി നിങ്ങളോടൊപ്പം ഉണ്ടാവും….
~Ajeesh Kavungal